Wednesday, January 22, 2025
Novel

അനുരാഗം : ഭാഗം 2

എഴുത്തുകാരി: അഞ്ജലി അഞ്ജു


പാറു വിളിച്ചപ്പോളാണ് ആ മായാലോകത്തിൽ നിന്ന് ഞാൻ ഉണർന്നത്.

“നീ എന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കുന്നത്.”
“മുത്തേ ആ ചേട്ടനെ എനിക്ക് ഇഷ്ടായി.”

“ഏത് ചേട്ടൻ? ”
“ദേ ഡാൻസ് കളിച്ച ചേട്ടനെ..”

“അവരൊക്കെ പോയിട്ട് എത്ര നേരായി. അല്ല അതിൽ ഏത് ചേട്ടനെയാ ഇഷ്ടായത്?”
“ഏഹ് അതിൽ കുറേ പേരുണ്ടായിരുന്നാ?”

“ഉണ്ടായി. എന്തേ നീ കണ്ടില്ലേ?”
“സത്യായിട്ടും കണ്ടില്ല. എന്റെ പാറു നീ കണ്ണിങ്ങനെ മിഴിക്കല്ലേ അത് താഴെ വീഴും.”
“പിന്നെ കണ്ണു മിഴിക്കാതെ.

അവർ അഞ്ചോ ആറോ ചേട്ടന്മാർ ഉണ്ടായിരുന്നു.നീ അവരെയൊന്നും കണ്ടില്ലെന്നു പറഞ്ഞാൽ എങ്ങനാ..”
“അതിൽ ഒരു സൂപ്പർ ചേട്ടൻ ഇല്ലായിരുന്നോ.. നീളൻ മുടി ഒക്കെ ഉള്ള..”

“അതിലെ എല്ലാ ചേട്ടന്മാരും പൊളിയായിരുന്നു. നീ പറഞ്ഞ നീളൻ മുടി ഒന്നും ഞാൻ കണ്ടില്ല.”

“ശോ…കഷ്ടായില്ലോ.എന്താണെങ്കിലും എന്റെ ഗിരിയേട്ടനെ കണ്ടു പിടിക്കാതെ ഇനി എനിക്ക് വിശ്രമം ഇല്ല.”
“ഗിരിയേട്ടനോ?”

“അതേ ഗിരിയേട്ടൻ ! ഓം ശാന്തി ഓശാനയിലെ പൂജയുടെ ഗിരിയേട്ടൻ ഇല്ലേ അത് പോലെ അനുവിന്റെ ഗിരിയേട്ടൻ ആണ് അത്.”

“അതൊക്കെ തീരുമാനിക്കാം ഇപ്പോ നമുക്ക് ഹോസ്റ്റലിൽ പോവാം.”

ഹോസ്റ്റലിലേക്ക് പോകുമ്പോളും ആ പേരറിയാത്ത ഏട്ടനെ പറ്റി പറഞ്ഞ് പറഞ്ഞ് ഞാൻ എല്ലാരേയും വെറുപ്പിച്ചു. രാത്രി ഞങ്ങൾ സിനിമ കണ്ടില്ല എല്ലാവരും ചേർന്ന് ആ ചേട്ടനെ കണ്ടു പിടിക്കാൻ പ്ലാൻ ഇടുവായിരുന്നു.

“ഇവൾ പറഞ്ഞ ലക്ഷണം വെച്ച് ആളെ എനിക്ക് മനസിലായി.”തസ്സ് ആണ്

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ഒരാൾക്കെങ്കിലും കത്തിയല്ലോ.അല്ലെങ്കിലും തസ്സ് പൊളിയാ.

കണ്ടാൽ സൂപ്പർ ഡീസന്റ് ലുക്ക്‌ ആണെങ്കിലും ഫുൾ സ്കാൻ ചെയ്ത് പ്രിന്റ് കയ്യിൽ തരും. CCTV ഇല്ലെങ്കിലെന്താ നമ്മുടെ മുത്ത് മതിയല്ലോ 😍

“പറ മുത്തേ ആരാ അത്?”
“ആളുടെ ഡീറ്റെയിൽസ് ഒന്നും അറിയില്ല.നീ പറയുന്ന ചേട്ടനെ കാണാൻ ഒരു ബംഗാളി ലുക്ക്‌ അല്ലേ? ”
സത്യം പറയാല്ലോ ആ ലുക്ക്‌ ആണ്. അവൾക്ക് ആളെ മനസിലായി.

“അതേ അത് തന്നെ. പക്ഷെ അത്രക്ക് ബംഗാളി ലുക്ക്‌ അല്ല ഹിന്ദി നടൻ ഇല്ലേ നമ്മടെ ഷാഹിദ് കപൂർ അത് പോലെ ആണ്.”

“ഷാഹിദോ അത് പോലെ ആണോ. എന്നാ ആ ഏട്ടനെ എനിക്കും കാണണം.”

റോസ് ആണ് അവൾക് ഷാഹിദ് എന്ന് പറഞ്ഞാൽ പ്രാന്ത് ആണ് അത് ഓർക്കാതെ ഞാൻ പറഞ്ഞും പോയല്ലോ.

“അത്രക്ക് ഷാഹിദിനെ പോലെ അല്ല എന്നാലും ബംഗാളിയെ പോലെ അല്ല.”

“അത് എന്തെങ്കിലും ആകട്ടെ. ഏതായാലും അത് സീനിയർ ചേട്ടനാണ്. ചേച്ചിമാർക്ക് അറിയാമായിരിക്കും.” വൈഗ ആണ്.

“അവരോട് അങ്ങോട്ട് ചെന്ന് ചോദിച്ചാൽ മതി ഇപ്പോ തന്നെ പറഞ്ഞ് തരും.
ഒന്നാമത്തെ റാഗിങ് പോലും മര്യാദക്ക് തീർന്നിട്ടില്ല.”

“അത് ശെരിയാ സീനിയർ ചേട്ടനെ വളക്കാൻ നോക്കിയെന്ന് പറഞ്ഞാവും അടുത്ത പ്രശ്നം. നമുക്ക് തന്നെ കണ്ടു പിടിക്കാം.”

“അല്ല അനു നിനക്ക് പുള്ളിയെ ഇഷ്ടം ആണോ? ചുമ്മാ തപ്പി നടന്നു ആരുടേയും ഇടി കൊല്ലണ്ടല്ലോ അതാ ചോദിച്ചത്.”

“എനിക്ക് ഇഷ്ടം ആണ് നിങ്ങൾ എന്നെ സഹായിച്ചില്ലെങ്കിലും ഞാൻ കണ്ടു പിടിക്കും.”
“പിണങ്ങാതെ മുത്തേ ഞങ്ങൾ ഒന്നു ചോദിച്ചെന്നല്ലേ ഉള്ളൂ.”

കുറേ പ്ലാൻ ഒക്കെ ചെയ്ത് ഞങ്ങൾ കിടന്നു. എനിക്ക് ആണേൽ അങ്ങേരെ പറ്റി ഓർത്തിട്ട് ഉറക്കം വരണില്ല. ഞാനും പാറുവും ഒന്നിച്ചാണ് കിടക്കുന്നത്.

“പാറു..”

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു പയ്യെ വിളിച്ചു.
“എന്താണ്?”
“നീ ഉറങ്ങിയോ?”

“അത് അറിയാനാണോ നീ എന്നെ വിളിച്ചത്.”
“അതില്ലേ എനിക്ക് ഉറക്കം വരുന്നില്ല.”

“അതെന്താ വരാത്തത്? ”
“അറിയില്ല.ഗിരിയേട്ടനെ പറ്റി ഓർത്തിട്ടാവും.”

“ഒരു ഗിരിയേട്ടൻ! എന്തൊക്കെ കേൾക്കണം.”
“പാറു എനിക്ക് ശെരിക്കും ഇഷ്ടം തോന്നിയത് കൊണ്ടല്ലേ..”

“പൊട്ടി ഇഷ്ടം തോന്നാൻ നിനക്ക് ആ ചേട്ടനെ പറ്റി വല്ലതും അറിയുമോ?സ്വഭാവം അറിയുമോ? ഇതൊന്നും അറിയാതെ എങ്ങനെ ഇഷ്ടപെടും.”

“അതൊന്നും അറിയില്ല കുറച്ചു നേരമേ കണ്ടുള്ളൂ എങ്കിലും അറിയാവുന്ന പോലെ തോന്നുവാ.നിക്ക് ആ ചേട്ടനെ ഇഷ്ടായി.

പ്രണയം ഉണ്ടാവാൻ ഒരു നിമിഷം മതി എന്നൊക്കെ പറയുന്നത് സത്യം ആണെന്ന് എനിക്ക് ഇപ്പോ മനസിലായി.”
“നീ സീരിയസ് ആയാണോ പറയുന്നത്?”
“അതേന്നെ”

“നീ വിഷമിക്കാതെ കിടന്ന് ഉറങ്ങിക്കോ നമ്മൾ പുള്ളിയെ കണ്ടെത്തിയിരിക്കും. നീ പൊളി അല്ലേ നമുക്ക് ഗിരിയേട്ടനെ കറക്കി വീഴ്ത്തിയേക്കാം.”

“ലവ് യൂ മുത്തേ…” ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
അവളോട് സംസാരിച്ചപ്പോ ആശ്വാസം തോന്നി. എപ്പോളോ ഉറങ്ങി.

രാവിലേ നേരത്തെ എണീറ്റ് റെഡി ആയി.
ആദിയെ കൊണ്ട് മുടി കെട്ടിപ്പിച്ചു റോസിനെ കൊണ്ട് കണ്ണും എഴുതിപ്പിച്ചു.

എന്തെങ്കിലും പ്രോഗ്രാം ഒക്കെ ഉള്ളപ്പോൾ ഞങ്ങളെ ഒക്കെ ഒരുക്കുന്നത് ആദിയും റോസും ആണ്.ഇന്ന് സുന്ദരി ആയി പോയേക്കാം. ഏട്ടനെ കണ്ടു പിടിക്കേണ്ടത് അല്ലേ.
“ഞാൻ ഇപ്പോ സുന്ദരി ആയില്ലേ??”

എല്ലാവരും സൂപ്പർ എന്ന് പറഞ്ഞപ്പോ എന്തോ വല്ലാത്ത ആത്മവിശ്വാസവും സന്തോഷവും തോന്നി.

അങ്ങനെ ആദ്യമായി ഞങ്ങൾ കോളേജിൽ നേരത്തെ വന്നു.ഏറ്റവും മുകളിൽ ആണ് ഞങ്ങളുടെ ക്ലാസ്സ്‌. ക്ലാസ്സിൽ പോകും വഴി നാലുചുറ്റും നോക്കി ആളെ കണ്ടില്ല.

മിസ്സ്‌ വരും വരെ ക്ലാസ്സിന് പുറത്തു നിന്ന് ഞാൻ എന്റെ ചേട്ടനെ തപ്പി. ബ്രേക്ക്‌ സമയം ഞാനും പാറുവും സ്റ്റോറിലും ക്യാന്റീനിലും ഓഫീസ് റൂമിലും കയറി ഇറങ്ങി.

ആ മനുഷ്യനെ ഒഴിച്ച് കോളേജിലെ എല്ലാരേയും കണ്ടു. എന്നിട്ടും ഞങ്ങൾ പിന്മാറിയില്ല വൈകിട്ട് നേരത്തെ തന്നെ റൂമിൽ എത്തി ജനലിന്റെ അടുത്തു നിന്നും ഞങ്ങൾ നിരീക്ഷിച്ചു.എല്ലാരും പോയി കഴിഞ്ഞപ്പോൾ ഞങ്ങൾ വെറുതെ ATM ലും പോയി.

എവിടെയെങ്കിലും കാണാൻ പറ്റുമെന്ന് ആയിരുന്നു എന്റെ പ്രതീക്ഷ.അവസാനം നിരാശ ആയിരുന്നു ഫലം.

മൂന്നു ദിവസം ഞങ്ങൾ ഇതേ പോലെ അലഞ്ഞു നടന്നു. എല്ലാവരും മടുത്തു.

“അല്ല അനു ഇനി ഈ ചേട്ടൻ കോളേജിൽ വരാറില്ലായിരിക്കും. വരുമെങ്കിൽ നമ്മൾ കാണില്ലേ.”
“ഞാനും അതാ ഓർക്കുന്നത്.ആളുടെ ക്ലാസ്സ്‌ അറിയാമെങ്കിൽ അവിടെ മാത്രം തപ്പിയാൽ മതിയായിരുന്നു.”

“നീ ആതിര ചേച്ചിയോട് ഒന്നും ചോദിച്ചു നോക്ക്. ഇനി അല്ലാതെ വേറെ വഴി ഇല്ല.നമ്മളായിട്ട് കണ്ടുപിടിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.”

ഞാൻ ഒരു ചേച്ചിയും ആയി കമ്പനി ആണ്. ആതിര ചേച്ചി, ആളൊരു പാവം ആണ് തൃശൂരുകാരി.
ഞാൻ രാത്രി ചേച്ചിയോട് കാര്യം പറഞ്ഞു.

“നീ പറഞ്ഞത് വെച്ച് നോക്കുമ്പോ ശ്രീഹൻ ആവും. അവൻ കണ്ണട വെച്ചിട്ടില്ലേ?”
“കണ്ണട വെച്ചിട്ടില്ല.”

“ഡാൻസ് കളിക്കുമ്പോ വെക്കാഞ്ഞത് ആവും.
അവനെ കാണാൻ ഒരു ഹാരി പോട്ടർ ലുക്ക്‌ അല്ലേ.”

സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ വിടർന്നു.
ചേച്ചി പറഞ്ഞത് ശെരിയാണ് ഹാരി പോട്ടർ ലുക്ക്‌ ഉണ്ട് ഞാൻ അത് ഇപ്പോളാണ് ഓർത്തത്.
“ഉണ്ട്..” ഞാൻ പറഞ്ഞു.

“ആ അവനെ എല്ലാരും കളിയാക്കി ഹാരി എന്നാ വിളിക്കുന്നത്.

അവൻ രണ്ടാം വർഷം ആണ്. ഞങ്ങളുടെ കൂടെ.അല്ല അനു നിനക്ക് വേറെ ആരെയും കിട്ടിയില്ലേ?”
“അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്?”

“നിങ്ങളുടെ രണ്ടു പേരുടെയും സ്വഭാവം അറിയാവുന്ന കൊണ്ട് പറയുവാ വേറെ ആരെയെങ്കിലും നോക്കുന്നതാ നല്ലത്.”

ഞാൻ ആകെ വല്ലാതെ ആയി.
“കണ്ടിട്ട് ഒന്നും തോന്നിയില്ലല്ലോ?” ആകാംഷയോടെ ഞാൻ ചോദിച്ചു.

“അത് നിനക്ക് അറിയാത്ത കൊണ്ടാണ്. അവൻ ഒരു പേടിതൊണ്ടനാണ്.

ക്ലാസ്സിന് പുറത്ത് ഇറങ്ങില്ല. ആരോടും മിണ്ടാറില്ല. ആകെ കമ്പനി ഉള്ളത് അവരുടെ ക്ലാസ്സിലെ കാർത്തിയോടാണ്. അതും കണക്കാണ്.പെൺപിള്ളേരെ കണ്ടാലേ ആള് സ്ഥലം കാലിയാക്കും.

അവർ പിന്നെ മെക്ക് ആയത് കൊണ്ട് കൊള്ളാം.വേറെ ഒന്നും എനിക്കും അറിയില്ല.ഞങ്ങളുടെ ക്ലാസ്സിലെ അഖില ഇല്ലേ അവൾക്ക് കൂടുതൽ അറിയാൻ പറ്റും.

ഫസ്റ്റ് ഇയർ ആയിരുന്നപ്പോ അവൻ അവളോട് മിണ്ടുമായിരുന്നു. അവൾക്ക് അവനെ ഇഷ്ടം ആയിരുന്നു അവൾ അത് പറഞ്ഞു കഴിഞ്ഞ് പിന്നെ അവൻ മിണ്ടിയിട്ടില്ല.”

അത് നന്നായി പുഞ്ചിരിയോടെ ഞാൻ മനസ്സിൽ പറഞ്ഞു.

“ഞാൻ അവളോട് ചോദിച്ചിട്ട് നാളെ എല്ലാം പറഞ്ഞു തരാം.ചെലവ് ചെയ്യണം.”
“താങ്ക്സ് ചേച്ചി.എന്ത് വേണേലും ചെയ്യാം.”

ഒരുപാട് സന്തോഷം തോന്നി. ആളുടെ സ്വഭാവം ഒക്കെ എനിക്ക് ഇഷ്ടമായി. വേറെ ആരും ഇഷ്ടപ്പെടെണ്ട എന്റെ ശ്രീയേട്ടനെ ഞാൻ മാത്രം ഇഷ്ടപ്പെട്ടോളാം. ചിരിച്ചു കൊണ്ടാണ് ഞാൻ റൂമിലേക്ക് ചെന്നത്.

എന്നെ കണ്ടതും എല്ലാവരും എന്റെ ചുറ്റുമുള്ള കൂടി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.

“അടിപൊളി ഇവൾക്ക് ആണേൽ ഒടുക്കത്തെ ധൈര്യവും അയാൾ പേടി തൊണ്ടനും നല്ല കോമ്പിനേഷൻ. അലുവയും മത്തി കറിയും പോലെ” വൈഗയുടെ കമന്റ്‌ ആണ്.

“അല്ലെങ്കിലും വിപരീത സ്വഭാവം ഉള്ളവർക്കാണ് ചേർച്ച കൂടുതൽ” പാറു എന്നെ സപ്പോർട്ട് ചെയ്തു.
കുറേ നേരം സംസാരിച്ചിട്ട് ഞങ്ങൾ കിടന്നു.

അന്ന് രാത്രിയിലും ഞാനും പാറുവും കുറേ സംസാരിച്ചു. ഇനി ഏതായാലും അവരുടെ ക്ലാസ്സിന് അടുത്ത കൂടെ കറങ്ങിയാൽ മതിയല്ലോ എന്ന് ഓർത്തപ്പോൾ ഒരു ആശ്വാസം തോന്നി.

സന്തോഷം കൊണ്ടാണോ പേടി കൊണ്ടാണോ എന്നറിയില്ല ഉറക്കം വരുന്നില്ലായിരുന്നു…

തുടരും………

അനുരാഗം : ഭാഗം 1