Wednesday, January 22, 2025
Novel

അനു : ഭാഗം 5

നോവൽ
എഴുത്തുകാരി: അപർണ രാജൻ


പുറത്ത് കാളിംഗ് ബെൽ അടിക്കുന്നത് കേട്ട് അനുവാണെന്ന് വിചാരിച്ചാണ് ഷാന വാതിൽ തുറന്നത് .

ഇന്ന് നേരത്തെയാണല്ലോ ???

ഒമ്പതര അടിച്ച ക്ലോക്കിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു കൊണ്ട് ഷാന വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന മഹിയെ കണ്ട് അവളൊന്ന് ഞെട്ടി .

ഇങ്ങേരോ ???

ഇങ്ങേരെന്താ ഇവിടെ ???

“അനു ??? ”

വാതിലും തുറന്നു തന്നെ തന്നെ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്ന ഷാനയെ നോക്കി ചിരിച്ചു കൊണ്ട് മഹി ചോദിച്ചു .

മഹിയുടെ വായിൽ നിന്ന് അനുവിന്റെ പേര് കേട്ടതും ഷാന വീണ്ടും ഞെട്ടി .

അനു !!!!!

അവളെ തപ്പി വന്നതാണോ ???

അതിന് അവൾ സിത്താരയെന്നല്ലേ പേര് പറഞ്ഞത് ????

പിന്നെ ഇപ്പോൾ ……

ഒരെത്തും പിടിയും കിട്ടാതെ ഷാന മഹിയെ തുറിച്ചു നോക്കി .

“ഞാൻ മഹി ….. അനുവിന്റെ കസിൻ ചേട്ടനാണ് …… ”

അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് കൊണ്ടോ എന്തോ അവൻ സ്വയം പരിചയപ്പെടുത്തി .

“ഓഹ് …… ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല …… അതാണ് മനസ്സിലാവാത്തത് ……. ”

മഹി ആരെന്ന് അറിഞ്ഞതും ഷാന പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .

“അവൾക്ക് എന്റെ അമ്മ ഒരു പാഴ്സൽ തന്നു വിട്ടായിരുന്നു അത് ഏല്പിക്കാൻ വന്നതാ …… ഇതൊന്ന് അകത്തു വയ്ക്കാൻ സമ്മതിച്ചുവെങ്കിൽ എന്റെ കൂട്ടുക്കാരന്റെ കൈ ഒന്ന് ഫ്രീയായേനെ …… ”

പെട്ടിയും പിടിച്ചു നിൽക്കുന്ന ശബരിയെ ചൂണ്ടി മഹിയത് പറഞ്ഞപ്പോഴാണ് ഷാന അവന്റെ പുറകിൽ ഇപ്പോൾ ഞാൻ ഇവിടെ ചത്തു വീഴുമെന്ന ഭാവത്തിൽ നിൽക്കുന്ന ശബരിയെ കണ്ടത് .

“അയ്യോ !!!! സോറി ഞാൻ കണ്ടില്ല ….. ”

വാതിൽക്കൽ നിന്നും വേഗം മാറി കൊണ്ട് ഷാന പറഞ്ഞതും മഹിയും ശബരിയും കൂടി പെട്ടി ചുമന്നു അകത്തേക്ക് വച്ചു .

“പെങ്ങളെ ഇത്തിരി വെള്ളം …… ”

പെട്ടി ഇറക്കി വച്ചതും ശബരി സോഫയിലേക്ക് വീണുക്കൊണ്ട് കിതപ്പോടെ പറഞ്ഞു .

“അഹ് …… ഞാൻ കൊണ്ട് വരാം …… ”

അതും പറഞ്ഞു ഷാന അകത്തേക്ക് പോയി .

“അനു ഇവിടെ ഇല്ലേ ?? ”

വെള്ളവുമായി വന്ന ഷാനയെ നോക്കി കൊണ്ട് മഹി ചോദിച്ചു .

“ഇല്ല അവൾ ഇവിടെ ഇല്ല …… പുറത്ത് പോയേക്കുവാ …… ”

കൈയിൽ ഇരുന്ന ജ്യൂസ്‌ ഗ്ലാസ്സ് അവരുടെ നേരെ നീട്ടി കൊണ്ട് ഷാന പറഞ്ഞു .

“നിങ്ങൾ രണ്ട് പേരെ ഒള്ളോ ?? ”

അവളുടെ കൈയിൽ നിന്ന് ഗ്ലാസ്സ് വാങ്ങുന്നതിനിടയിൽ ശബരി ചോദിച്ചു .

“അല്ല , ഞങ്ങൾ മൂന്ന് പേര് ഇപ്പോൾ ഇവിടെ താമസിക്കുന്നുണ്ട് ….. ബാക്കി ഒരാൾ നാളെ വരും …….. ”

“എന്നിട്ട് തന്നെ മാത്രം ആണല്ലോ കണ്ടത് …… ”

അകത്തേക്ക് ഒന്ന് പാളി നോക്കി കൊണ്ട് ശബരി ചോദിച്ചു .

“അഹ് , ഇപ്പോൾ വിളിക്കാം …. കരണെ …… ”

അകത്തേക്ക് നോക്കി കരണെന്ന് വിളിക്കുന്ന ഷാനയെ കണ്ട് ശബരി കണ്ണും മിഴിച്ചു മഹിയെ നോക്കി .

ഇവിടെ ഒരു ആണ് ഉള്ള കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോടാ ???

ഞാനും അറിഞ്ഞില്ലടാ ……

ശബരിയുടെ കണ്ണും മിഴിച്ചുള്ള നോട്ടം കണ്ട് മഹി കൈ മലർത്തി .

“ഹായ് ഗായ്‌സ് …. ”

ഏതോ പെണ്ണിന്റെ ശബ്ദം കേട്ടാണ് ശബരി തലയുയർത്തി നോക്കിയത് .

നോക്കിയതും അവന്റെ കണ്ണുകൾ ഉടക്കിയത് , അവളുടെ സ്വർണ നിറത്തിലുള്ള മൂക്കുത്തിയിലാണ് .

✨️✨️✨️✨️✨️

“സാറെ ….. ”

ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന വിശ്വയെ നോക്കി കോൺസ്റ്റബിൾ രഖുറാം വിളിച്ചതും വിശ്വാ അയാളെ നോക്കി .

“വണ്ടിക്ക് ബുക്കും ഇല്ല പേപ്പറും ഇല്ല , ഓടിച്ച ആൾക്ക് ലൈസൻസും ഇല്ല , പോരാത്തതിന് നല്ല ഫിറ്റും ….. ”

“ആഹാ കൊള്ളാല്ലോ ?? എവിടെ അവൻ ??? ”

സീറ്റിൽ നിന്നും എഴുന്നേറ്റു കൊണ്ട് വിശ്വാ ചോദിച്ചു .

“അവൻ അല്ല സാറെ അവളാണ് …….. ”

ജീപ്പിന്റെ പുറകിലേക്ക് നോക്കി കൊണ്ട് രഖുറാം പറഞ്ഞതും , ങേ എന്ന രീതിയിൽ വിശ്വ തല ചെരിച്ചു അയാളെ നോക്കി .

അപ്പോഴാണ് രഖുറാമിന്റെ പുറകിലായി റോഡ് സൈഡിൽ പിടിച്ചു നിർത്തിയിരിക്കുന്ന ഏതൊക്കെയോ ചെറുക്കന്മാരായി സംസാരിക്കുന്ന അനുവിനെ അവൻ കണ്ടത് .

അവളെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു .

ഇവളെ ഞാൻ എവിടെയോ ????

നെറ്റി തടവി കൊണ്ട് അവൻ അവളെ തന്നെ നോക്കി .

അഹ് ……

അങ്ങനെ പറ …..

ഇത് അന്ന് ആ മാളിൽ വച്ചു കണ്ടവൾ അല്ലെ , മഹിയോട് ഇഷ്ടം പറഞ്ഞു വന്നത് …..

അപ്പോൾ മോൾക്ക് കാണുന്ന ചെക്കന്മാരെ ഇഷ്ടമാണെന്ന് പറയുന്നത് മാത്രം അല്ല പണി , ഇങ്ങനെയും കുറച്ചു പരിപാടികളൊക്കെ കൈയിൽ ഉണ്ടല്ലോ ……

ഇപ്പോ ശരിയാക്കി തരാം …….

“ഒക്കെണ്ണത്തിനെയും പിടിച്ചു ജീപ്പിൽ ഇടടോ ……. ”

അനുവിനെ നോക്കി പറഞ്ഞു കൊണ്ട് അവൻ തിരികെ വണ്ടിയിൽ കയറി ഇരുന്നു .

“അല്ല സാറെ അതൊരു പെൺകൊച്ചല്ലേ ??? ”

തല ചൊറിഞ്ഞു കൊണ്ട് രഖു ചോദിച്ചതും വിശ്വ അയാളെ കടുപ്പിച്ചൊന്ന് നോക്കി .

✨️✨️✨️✨️✨️

“അവൾ ഇനി ഇപ്പോൾ വരാനാ ??? ”

വാച്ചിലേക്ക് നോക്കി കൊണ്ട് ചെറിയയൊരു ഈർഷ്യയോട് കൂടി മഹി ചോദിച്ചു .

മഹിയുടെ ചോദ്യം കേട്ടതും ഷാനയും കരണും പരസ്പരം നോക്കി .

ഞങ്ങൾക്ക് എങ്ങനെ അറിയാന ചേട്ടാ ….

ഇപ്പോൾ വല്ലോടത്തും ബോധമില്ലാതെ കിടക്കുന്നുണ്ടാവും .

ഷാന മനസ്സിൽ പറഞ്ഞു കൊണ്ട് മഹിയെ നോക്കി .

“അവൾ ചിലപ്പോൾ വൈകുമെന്ന് പറഞ്ഞായിരുന്നു ……. ”

കരണിനെ നോക്കി നീയും കൂടി എന്തെങ്കിലും പറയടി തെണ്ടിയെന്ന രീതിയിൽ ഒന്ന് നോക്കി കൊണ്ട് ഷാന പറഞ്ഞു .

“എങ്കിൽ ശരിയടോ , ഞങ്ങൾ ഇറങ്ങുവാ …… അവളോട് വന്നൂന്ന് പറഞ്ഞേക്ക് ……. ”

ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു കൊണ്ട് മഹി പറഞ്ഞു .

“അപ്പോൾ ശരി , ഹോസ്പിറ്റലിൽ വച്ചൊക്കെ കാണാം ….. ”

ഷാനയെ നോക്കി ചിരിച്ചു കൊണ്ട് ശബരി പറഞ്ഞു .

ഷാനയോട് യാത്ര പറഞ്ഞെങ്കിലും ശബരി കരണിന്റെ അടുത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല .

മഹിയും ശബരിയും പോയതും ഷാന കരണിനെ നോക്കി .

ഈ കാലമാടത്തി എവിടെ പോയി കിടക്കുവാണോ എന്തോ ??

✨️✨️✨️✨️✨️

“സാർ , ”

പുറത്ത് നിന്നും രഖുവിന്റെ വിളി കേട്ടതും എന്തൊക്കെയോ എഴുതി കൊണ്ടിരുന്ന വിശ്വ തലയുയർത്തി നോക്കി .

“ആ കൊച്ച് ഫോൺ നമ്പർ തരുന്നില്ല , സാറിനെ കാണണമെന്ന് ……. ”

“എന്നെയോ ?? ”

രഖു പറഞ്ഞതും വിശ്വ മനസ്സിലാവാത്തപ്പോലെ ചോദിച്ചു .

“അവിടെ ഇരുന്നിട്ട് ചൂടെടുക്കുവാണെന്ന് …… ഇവിടെ ഇരിക്കണമെന്ന് …… ”

ഓ നാശം ….

“ആ ചെക്കൻ എന്ത്യേ ??? ”

“ഇവിടെ ഇരിക്കുന്നുണ്ട് ….. ”

“മ്മ് …. അവളെ ഇങ്ങ് അകത്തേക്ക് വിട് ….. ”

എഴുതി കൊണ്ടിരുന്നത് അടച്ചു വച്ചു കൊണ്ട് ഗൗരവത്തിൽ വിശ്വ പറഞ്ഞതും അയാൾ തലയാട്ടി കൊണ്ട് പോയി .

“ഹാ ….. സാറായിരുന്നോ സാറെ സാറ് ……. ”

മുന്നിൽ നിന്നും കുഴഞ്ഞ ശബ്ദം കേട്ട് തല പൊക്കിയ വിശ്വ കണ്ടത് തന്റെ മുന്നിലെ കസേരയിൽ കയറി അവനെ തന്നെ നോക്കി ചിരിക്കുന്ന അനുവിനെയാണ് .

അവളെ കണ്ടതും അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി .

ബ്ലാക്ക് ഷർട്ടും ബ്ലാക്ക് ജീൻസുമാണ് വേഷം .

കാതിൽ കമ്മലില്ലാ , പകരം ഇരു കാതിലും ഒരു ബ്ലാക്ക് സെക്കന്റ്‌ സ്റ്റഡ് .

പൊട്ടില്ല , കണ്ണെഴുതിയിട്ടില്ല , കൈയിൽ വളയോ ചരടോ മോതിരമോ ഒന്നും തന്നെ ഇല്ല .

ആകെ ആഭരണമെന്ന് പറയാനായി കഴുത്തിൽ കെട്ടിയിരിക്കുന്ന ഏലസാണ് , പിന്നെ ഒരു കറുത്ത കുഞ്ഞി കടുകു മണിയുടെ അത്രയുള്ള ഒരു മൂക്കുത്തിയും .

അന്ന് കണ്ടപ്പോൾ അഴിച്ചിട്ടിരുന്ന മുടി ഒക്കെ ഇന്ന് മുനിയമ്മ സ്റ്റൈലിൽ പൊക്കി കെട്ടി വച്ചിരിക്കുന്നു .

കണ്ടാൽ തന്നെ അറിയാം , ആളിത്തിരി തണ്ടുള്ള കൂട്ടത്തിലാണെന്ന്

കണ്ടാൽ കള്ള് കുടിച്ചതാന്ന് മനസ്സിലാവില്ല ….

പക്ഷേ വാ തുറന്നാൽ മനസ്സിലാവും …..

ഓഹ് , ഇങ്ങനെ ഒക്കെ ഒരു മോളുള്ള ഇവളുടെ അച്ഛനും അമ്മയും ഒക്കെ എങ്ങനെ ആൾക്കാരുടെ മുഖത്ത് നോക്കണോ എന്തോ ???

“വിച്ചേച്ചർ …… ”

അവന്റെ മുന്നിലിരിക്കുന്ന നെയിം പ്ലേറ്റിലേക്ക് നോക്കി കണ്ണുകൾ ചുരുക്കി കൊണ്ട് അവൾ വായിക്കാൻ ശ്രമിച്ചതും വിശ്വ ദേഷ്യത്തിൽ അവളെ നോക്കി .

” വിശ്വേശ്വർ ”

അവളെ ഒന്ന് നോക്കി അമർഷത്തോടെ അവൻ പറഞ്ഞതും അവൾ കണ്ണും മിഴിച്ചു അവനെ നോക്കി .

“രഖു ……. ”

അകത്ത് നിന്നും വിശ്വയുടെ വിളി കേട്ടതും രഖു കേൾക്കാൻ കാത്തിരുന്നപ്പോലെ അകത്തേക്ക് കയറി വന്നു .

“ഇവളുടെ ഡീറ്റെയിൽസ് ഒക്കെ എടുക്ക് ….. ”

കസേരയിൽ ഇരിക്കുന്ന അനുവിനെ നോക്കി കൊണ്ട് വിശ്വ രഖുവിനോട് പറഞ്ഞു .

“Yes സാർ …… ”

രഖു വേഗം തന്നെ ഒരു പേപ്പറും പേനയും എടുത്തു കൊണ്ട് വന്നു .

“പേരെന്താ ??? ”

രഖുവിന്റെ ചോദ്യം കേട്ടതും അനു ആലോചിക്കുന്നപ്പോലെ മുകളിലേക്ക് നോക്കി .

“ആ ….. അനു ……. ”

നെഞ്ചിൽ കൈ വച്ചു ഞാനാ അനു എന്ന് കാണിച്ചു കൊണ്ട് പറഞ്ഞതും വിശ്വ അതല്ലല്ലോ അന്ന് പറഞ്ഞ പേര് എന്ന രീതിയിൽ അവളെ നോക്കി .

“അച്ഛന്റെ ഫോൺ നമ്പർ ……. ”

രഖു ചോദിച്ചതും അനു തല മാന്തി ….

“അഹ് ….. 9856 ……. ”

“ബാക്കി …… ”

“അല്ലല്ല ….. 9568 …… അതോ , 9658 …. ”

തലയും ചൊറിഞ്ഞു കൊണ്ട് എന്തോ വലിയ പരീക്ഷയ്ക്ക് ഉത്തരം കണ്ടെത്താനെന്ന പോലെ ഇരിക്കുന്ന അനുവിനെ കണ്ട് രഖു വിശ്വയെ നോക്കി .

അവന്റെ മുഖം ഇപ്പോഴേ തന്നെ ചുവന്നു തുടുത്തിട്ടുണ്ടെന്ന് കണ്ടതും രഖു സഹതാപത്തോടെ അനുവിനെ നോക്കി .

“നിനക്ക് ആരുടെ എങ്കിലും നമ്പർ അറിയാവോ ??? ”

ഇനിയും മിണ്ടാതെ ഇരുന്നാൽ ശരി ആവില്ലന്ന് തോന്നിയതും വിശ്വ ചോദിച്ചു .

“അഹ് …… അറിയാലോ …. ”

കണ്ണുകൾ വിടർത്തി കൊണ്ട് അനു പറഞ്ഞതും വിശ്വ ഒരു ദീർഘ നിശ്വാസത്തോടെ കണ്ണുകളടച്ചു .

ഭാഗ്യം , ഒന്നെങ്കിലും അറിയാമല്ലോ ?????

“9940630001 ”

അനു പറയുന്നതിന്റെ ഒപ്പം വിശ്വ വേഗം തന്നെ തന്റെ ഫോണിൽ നിന്നും ആ നമ്പർ ഡയൽ ചെയ്തു .

If I drink , If I smoke
I keep up with the guys
And you see me holding up my middile finger to the world
**** your ribbons and your pearls
Cause I’m not just a pretty girl …….

ഫോൺ റിങ്ങ് ചെയുന്നത് കേട്ട് വിശ്വ ചുറ്റും നോക്കിയപ്പോഴാണ് , പോക്കറ്റിൽ നിന്നും ഫോൺ എടുക്കുന്ന അനുവിനെ അവൻ കണ്ടത് .

വേഗം തന്നെ അവൻ ഫോൺ കട്ട് ചെയ്തു .

“ആ സാറാ വിളിച്ചേയ് …… ”

അവനെ നോക്കി നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് അനു ചോദിച്ചതും തന്റെ സമനില കൈ വിട്ട് പോകാതെ ഇരിക്കാൻ വിശ്വ കണ്ണുകളടച്ചിരുന്നു .

എന്റെ വിനായക ……
ഏത് നേരത്താണോ എന്തോ , ഇവളെ ഇങ്ങോട്ടേക്ക് കെട്ടി എഴുന്നള്ളിക്കാൻ തോന്നിയത് .

ഇനിയിപ്പോ പറഞ്ഞു വിടാനും പറ്റില്ല ….

പോരാത്തതിന് അവളുടെ മറ്റേടത്തെ ഒരു പാട്ടും , അതും അവളുടെ സ്വഭാവത്തിന് പറ്റിയത് …..

ഇതിനൊക്കെ കെട്ടുന്നവന്റെ ഒരു വിധി .

ഉള്ളിൽ അവളെ പ്രാകി കൊണ്ട് വിശ്വ തലയുയർത്തി രഖുവിനെ നോക്കി .

അയാൾ ആണെങ്കിൽ ചിരിക്കണോ കരയണോ എന്നറിയാതെ അനുവിനെയും വിശ്വയെയും മാറി മാറി നോക്കി .

“ടോ അവളുടെ കൈയിൽ നിന്ന് ആ ഫോൺ വാങ്ങിയെ …… ആരെങ്കിലെയും ഒന്ന് വിളിച്ചു പറഞ്ഞു ഈ മാരണത്തെ ഇവിടെ നിന്ന് കൊണ്ടോവാൻ പറയട്ടെ …… ”

തലയ്ക്കു കൈ കൊടുത്തു കൊണ്ട് വിശ്വ പറഞ്ഞതും രഖു അനുവിന്റെ നേരെ കൈ നീട്ടി .

“കുട്ടി ആ ഫോണോന്ന് തന്നേ ?? ”

“മ്മ്ങ് ….. തർല്ല ….. ”

പുറകിലേക്ക് എങ്ങി ഇരുന്നു കൊണ്ട് ഫോൺ നെഞ്ചോട് ചേർത്തു കൊണ്ട് അനു നിഷേധാർത്ഥത്തിൽ തലയാട്ടിയതും രഖു ചിരിച്ചു .

“അതെ ആ സാറിന് സാറിന്റെ അമ്മയെ വിളിക്കാനുണ്ടെന്ന് അത് കഴിഞ്ഞു തരാട്ടോ …… ”

രഖു വിശ്വയെ ചൂണ്ടി പറഞ്ഞതും ആണോ എന്ന രീതിയിൽ വിശ്വയെ നോക്കി കൊണ്ട് രഖുവിന്റെ നേരെ ഫോൺ നീട്ടി .

“അതെ സാറെ , ബോധം ഇല്ലാത്തത് കൊണ്ട് അല്ലെ , പോരാത്തതിന് പെണ്ണും …. ഒന്ന് അഡ്ജസ്റ്റ് ചെയ്ത് സംസാരിച്ചാൽ മതി …… ”

ഫോൺ വിശ്വയ്ക്ക് കൊടുക്കുന്നതിനിടയിൽ രഖു അവന് നേരെ ചെറു ചിരിയോടെ പറഞ്ഞതും വിശ്വ അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി .

അവന്റെ നോട്ടം കണ്ടതും കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ രഖു തിരികെ കസേരയിൽ വന്നിരുന്നു .

ഇല്ലെങ്കിൽ പിന്നെ ആ പെൺകൊച്ചിനോടുള്ള കലിപ്പ് തന്റെ നെഞ്ചത്തേക്ക് തീർക്കുമെന്ന് അയാൾക്കറിയാം ….

കുറഞ്ഞത് അഞ്ചു മാസമായില്ലേ താൻ കാണാൻ തുടങ്ങിയിട്ട് .

“ഇതിന്റെ പാസ്‌വേഡ് എന്താടി ??? ”

ഫോൺ അനുവിന്റെ നേരെ നീട്ടി കൊണ്ട് ദേഷ്യത്തിൽ വിശ്വ ചോദിച്ചതും അനു മേല്പോട്ട് നോക്കി .

“അയ്യോ !!!! ഞ്യാൻ ന്റെ ഫ്രി ….. ഫ്രി …… ഫ്രിങ്കർ പ്രിന്റ് മന്ന് പോയി…… ”

ചുണ്ടുകൾ മലർത്തി കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അനു പറഞ്ഞതും വിശ്വ പല്ലിറുമി …..

“അവളുടെ ആ കൈ എടുത്തു ഇതിലോട്ട് വച്ചേ ….. ”

തികട്ടി വരുന്ന ദേഷ്യം മുഴുവൻ തന്റെ കൈയിൽ ഇരിക്കുന്ന പേനയിൽ തീർത്തു കൊണ്ട് അവൻ ഫോൺ രഖുവിനു കൊടുത്തു .

തന്റെ കൈ പിടിച്ചു ഫോൺ അൺലോക്ക് ചെയ്യുന്നത് കണ്ട് അനുവിന്റെ കണ്ണുകൾ വിടർന്നു .

“ഹായ് ,, സാറിന് ന്റെ ഫ്രിങ്കർ അറിയോ ??? ”

ഇതാ പറയുന്നത് , പെണ്ണുങ്ങള് കള്ള് കുടിക്കരുതെന്ന് ..

എന്നാലും ഇതൊക്കെ പെണ്ണ് തന്നെ ആണോ എന്തോ???

ശവം !!!!

പല്ല് മുഴുവൻ പുറത്ത് കാട്ടി രഖുവിനെ നോക്കി ഊളം പാറയിൽ സ്വന്തമായി ഒരു മുറിയുള്ള ആളെ പോലെ ചിരിച്ചോണ്ട് ഇരിക്കുന്ന അനുവിനെ കണ്ട് വിശ്വ പിറുപിറുത്തു .

ഫോൺ ഓപ്പൺ ആയതും വിശ്വ കാൾ ലോഗ് എടുത്തു നോക്കി .

അച്ഛന്റെയോ അമ്മയുടെയോ അമ്മാവന്മാരുടെയോ ആരുടെയെങ്കിലും നമ്പർ കാണണെ ……

ഇനിയും ഇതിനെ സഹിക്കാൻ എനിക്ക് വയ്യ ……

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ലിസ്റ്റ് നോക്കി .

നാലേ നാല് നമ്പർ ….

കരൺ , സരൂ , ഷാന , ശങ്കർ …..

കാൾ ലിസ്റ്റ് കണ്ടതും അവൻ ഞെട്ടി അനുവിനെ നോക്കി .

ഇത് എന്തോന്നടെയ് എന്ന ഭാവത്തിലുള്ള വിശ്വയുടെ നോട്ടം കണ്ടതും രഖു അവനെ നോക്കി .

ഹ്മ്മ് ……

ഏറ്റവും കൂടുതൽ ആരെയാണോ വിളിച്ചത് അയാളെ വിളിക്കാം ….

അല്ലാതെ ഇപ്പോൾ വേറെ വഴിയില്ല ….

റീസെന്റിൽ നോക്കിയപ്പോൾ ഏറ്റവും കൂടുതൽ കോളുകൾ പോയേക്കുന്നത് ശങ്കറെന്ന നമ്പറിലേക്കാണ് .

ഇത്ര മാത്രം വിളിക്കാൻ ഇനി ഇയാള് ഇവളുടെ കാമുകനെങ്ങാനും ആണോ ???

അനുവിനെ ഒന്ന് പാളി നോക്കി കൊണ്ട് വിശ്വ നമ്പറിലേക്ക് വിളിച്ചു .

“ഹലോ മിസ്റ്റർ ശങ്കർ അല്ലെ ??? ”

അപ്പുറത്ത് കാൾ കണക്ട് ആയെന്നു കണ്ടതും അവൻ സംസാരിച്ചു തുടങ്ങി .

ശങ്കറെന്ന പേര് കേട്ടതും അത്രയും നേരം ഉറക്കം തൂങ്ങിയിരുന്ന അനു വേഗം ചാടി എഴുന്നേറ്റു .

“ശങ്കരനാ ??? ”

വിശ്വയുടെ മുന്നിലേക്ക് കയറി നിന്നുക്കൊണ്ട് അനു ചോദിച്ചതും അവൻ അറിയാതെ തലയാട്ടി പോയി .

“ഇങ്ങ് താ ….. ”

ചോദിക്കലും അവന്റെ കൈയിൽ നിന്ന് ഫോൺ തട്ടി പറിച്ചു വാങ്ങലും ഒന്നിച്ചു കഴിഞ്ഞു .

“ശങ്കരാ …… ”

ഫോൺ കൈയിൽ കിട്ടിയതും അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന അനുവിന്റെ മുഖം മാറി , പകരം അവിടെ കരച്ചിൽ സ്ഥാനം പിടിച്ചു .

“ശങ്കരാ ….. ”

കീഴ് ചുണ്ട് മലർത്തി നിറഞ്ഞ കണ്ണുകളോടെ അനു വിളിച്ചതും ഇതെന്തു കഥ എന്ന രീതിയിൽ വിശ്വ രഖുവിനെ നോക്കി .

അയാളും ഒരെത്തും പിടിയും ഇല്ലാതെ നിൽക്കുകയാണെന്ന് കണ്ടതും അവൻ തിരികെ അനുവിനെ നോക്കി .

അനുവിന്റെ ശങ്കരായെന്ന വിളി കേട്ടതും ശങ്കറിന് മനസ്സിലായി മകളിന്ന് നല്ല തണ്ണിയാണെന്ന് .

ഇങ്ങനെ കള്ള് കുടിച്ചു മലക്കം മറയുമ്പോൾ മാത്രമാണ് അവളുടെ വായിൽ നിന്ന് ശങ്കരായെന്ന വിളി കേൾക്കോളൂ …..

“എന്നെ ഇവര് പിച്ചോണ്ട് വന്നേക്കുവാ ശങ്കരാ ……. ഞാൻ ഒന്നും ചെയ്യില്ല , മുന്തിരി ജ്യൂസ്‌ മാതേ കുടിച്ചോള് …… എന്നിട്ട് ഇവര് എന്നെ പിടിച്ചോണ്ട് വന്ന് …. ”

വിതുമ്പി കൊണ്ട് ഫോണിൽ സംസാരിക്കുന്ന അനുവിനെ കണ്ട് വിശ്വ എപ്പാ എന്ന ഭാവത്തിൽ രഖുവിനെ നോക്കി .

പെണ്ണാള് കൊള്ളാലോ ???

വിട്ടാൽ ഇവിടെ ഇനി പീഡനം വരെ നടന്നെന്ന് പറയുലോ ???

“ശങ്കരാ പെട്ടന്ന് ഇങ്ങ് വാ കേട്ടോ …… അഹ് അല്ലെൽ വേണ്ട ….. പയ്യനെ വന്നാതി …… എനിക്ക് ആ ചുന്ദരൻ സാറിനെ കണ്ടോണ്ട് ഇരിക്കണം …… ”

അനു പറയുന്നത് കേട്ടതും രഖു പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു .

ഓ പെണ്ണായി പോയി …….

ഇല്ലെങ്കിൽ ഇപ്പോൾ തന്നെ തൂക്കി എടുത്തു ആ ലോക്കപ്പിലിട്ട് നിന്റെ ആ എക്സ്ട്രാ എല്ല് ഞാൻ ഊരി എടുത്തേനേടി കള്യാങ്കാട്ട് നീലി ……

അവൻ പിറുപിറുത്തു കൊണ്ട് എഴുന്നേറ്റു പുറത്തേക്ക് പോയി .

“ശരി ശങ്കരാ ഞാൻ വയ്ക്കുവാണെ ….. പയ്യനെ വരണേ …… ”

പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടാണ് അനു ഫോൺ കട്ട് ആക്കിയത് .

“അയ്യോ ആ സാറെന്ത്യേ ??? ”

കസേരയിൽ ഇരിക്കുന്ന വിശ്വയെ കാണാതെ അനു ചുറ്റും നോക്കി കൊണ്ട് ചോദിച്ചു .

“പുറത്തേക്ക് പോയി …… കുട്ടി ഇവിടെ ഇരുന്നോ …… പുറത്തേക്ക് ഒന്നും പോവണ്ട ….. കേട്ടോ ….. ”

അവളെ നോക്കി പറഞ്ഞു കൊണ്ട് രഖുവും പുറത്തേക്ക് ഇറങ്ങി .

ഒരു പത്ത് പതിനഞ്ചു മിനിറ്റിന് ശേഷമാണ് പിന്നെ അവൻ അകത്തേക്ക് കയറി വന്നത് .

വന്നപ്പോൾ തന്നെ കണ്ടത് കസേരയിൽ കിടന്നു കൊണ്ട് മുകളിലെ കറങ്ങുന്ന ഫാനിലേക്ക് തന്നെ ഒരു പോള പോലും കണ്ണ് ചിമ്മാതെ പാപ്പി അപ്പച്ചയിൽ ദീലീപ് കിടക്കുന്നപ്പോലെ കിടക്കുന്ന അനുവിനെയാണ് .

വിനായക വടിയായോ ??

പോകുന്ന പോക്കിൽ അവളുടെ നേരെ ഒന്ന് കണ്ണെറിഞ്ഞു കൊണ്ടവൻ കസേരയിൽ വന്നിരുന്നു .

ഇടയ്ക്ക് ഇടയ്ക്ക് ഓരോന്നും ചെയുന്നതിന്റെ ഇടയിൽ അവൻ അവളെ നോക്കുമ്പോഴൊക്കെയും അവൾ അതെ പോലെ തന്നെ ഇരിക്കുന്നുണ്ടാവും .

ഉയർന്നു താഴുന്ന അവളുടെ നെഞ്ചാണ് ഇടയ്ക്ക് ചത്തോ ഇല്ലയോ എന്നറിയാൻ നോക്കുന്ന അവനെ ചത്തിട്ടില്ല മോനെയെന്ന് അവനെ ഓർമിപ്പിച്ചു കൊണ്ടിരുന്നത് .

. . . .

“സാർ ….. ”

ആരോ അകത്തേക്ക് വരുന്നത് കണ്ട് വിശ്വ നോക്കിയപ്പോൾ കണ്ടത് സാമാന്യം കുറച്ചു പ്രൗഢി തോന്നിപ്പിക്കുന്ന ഒരു മധ്യ വയസ്കനെയാണ് .

“ഇരിക്കൂ …… ”

അടുത്ത് ഇരിക്കുന്ന കസേരയിലേക്ക് ചൂണ്ടി കൊണ്ട് വിശ്വ പറഞ്ഞതും ശങ്കറിന്റെ നോട്ടം ചെന്നത് , തൊട്ടടുത്ത കസേരയിൽ ഇരുന്നു കൊണ്ട് മേപ്പോട്ട് നോക്കി ഇരിക്കുന്ന അനുവിലാണ് .

“അതൊരു വട്ട് കേസാ …. വീട്ടുക്കാരൊക്കെ ഇതിനെ ഇങ്ങനെ അഴിച്ചു വിട്ടേക്കുവാണെന്ന് തോന്നുന്നു ….. അല്ലെങ്കിൽ പിന്നെ ഈ നേരമില്ലാത്ത നേരത്ത് ഈ കോപ്രായം ഒക്കെ കാണിച്ചു കൊണ്ട് നടക്കോ ???? ”

വിശ്വ അമർഷത്തോടെ അവളെ നോക്കി പറഞ്ഞതും ശങ്കർ ചിരിച്ചു കൊണ്ട് അതെയെന്ന് തലയാട്ടി .

“അഹ് താങ്കൾ വന്ന കാര്യം പറഞ്ഞില്ല ….. ”

അനുവിൽ നിന്ന് നോട്ടം മാറ്റി കൊണ്ട് വിശ്വ പറഞ്ഞതും ശങ്കർ ഒന്ന് ചിരിച്ചു .

“ഞാൻ ഈ ഇരിക്കുന്നവളെ കൊണ്ട് പോവാൻ വന്നതാ ….. ഞാനാണ് നിങ്ങൾ ഫോണിൽ വിളിച്ച ശങ്കർ ….. അവളുടെ അച്ഛൻ !!! ”

ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞതും വിശ്വ വിളറി വെളുത്തു പ്പോയി .

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4