അനു : ഭാഗം 1
നോവൽ
എഴുത്തുകാരി: അപർണ രാജൻ
അപ്പുറത്ത് നിച്ഛയത്തിനുള്ള കലാപരിപാടികൾ മുറുകുന്നത് കണ്ടതും അനുവിന്റെ നെഞ്ചൊന്ന് പിടഞ്ഞു .
നാളെയാണ് നിച്ഛയം !!!!
കണ്ണ് നിറയരുതെന്ന് വിചാരിച്ചിട്ടും അറിയാതെ നിറഞ്ഞു പോകുന്നു .
മനസ്സ് കൈ വിട്ടു പോകുമെന്ന് തോന്നിയ നിമിഷം അവൾ ജനാലകൾ വലിച്ചടച്ചു , ദീർഘമായി ഒന്ന് നിശ്വസിച്ചു .
പാടില്ല ……
കണ്ണ് നിറയരുത് , മനസ് കൈ വിടരുത് ……
ഇത്രയും നാളും എങ്ങനെയായിരുന്നോ അത് മതി …..
ഇല്ലെങ്കിൽ ചിലപ്പോൾ തന്റെ ഈ കണ്ണീരു കണ്ടു സന്തോഷിക്കാൻ കാത്തു നിൽക്കുന്നവർക്ക് മനസിലാകും , പഴയ അനു ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ടെന്ന് ….
അത് വേണ്ട ……
അനു ഇനി വേണ്ട , അനസ്വല അത് മതി …..
അതാണ് തന്റെ അച്ഛന്റെയും ആഗ്രഹം ……..
ഇത്രയും നാളും കരഞ്ഞത് മതി ……
ഇനി തൊട്ട് കരയരുത് , തോറ്റുവെന്ന് പറഞ്ഞു കൈ അടിച്ചവരുടെ മുന്നിൽ നന്നായി തന്നെ ജീവിച്ചു കാണിക്കണം …….
അവൾ സ്വയം പറഞ്ഞു കൊണ്ട് എഴുന്നേറ്റതും ശങ്കർ അങ്ങോട്ടേക്ക് കടന്നു വന്നതും ഒന്നിച്ചായിരുന്നു .
“ആഹാ ….. നീ ഇങ്ങനെ ഇവിടെ ഇരിക്കാണോ ??? റെഡിയാവാൻ പറഞ്ഞു വിട്ടിട്ട് …….. ”
ശങ്കറിന്റെ ചോദ്യം കേട്ടതും അനു അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി .
എന്താണ് മോനെ ഉദ്ദേശം എന്ന രീതിയിൽ ……
“ഓ നീ ഇനി കണ്ണുരുട്ടി പേടിപ്പിക്കേണ്ട ……. ആ സുശീലനാ ദഹണ്ണക്കാരൻ …… നല്ല സാമ്പാറും പപ്പടവും കൂട്ടി ഒരു പിടി പിടിക്കണേൽ എന്റെ മോളിപ്പോ ഈ നിരാശ കാമുകി റോളൊന്ന് അഴിച്ചു വച്ചിട്ട് വെക്കം വാ ……. ഞാൻ താഴെ വെയിറ്റ് ചെയ്യാം ……. ”
അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് ശങ്കർ പറഞ്ഞതും അനു അന്തം വിട്ടു അച്ഛനെ നോക്കി .
ഒന്ന് സെന്റി അടിച്ചു ഇരിക്കാന്ന് വച്ചാൽ കാർന്നോർ സമ്മതിക്കുല്ലല്ലോ ഭഗവാനെ …….
വാടി !!!!!
എന്ന ഭാവത്തിൽ നിൽക്കുന്ന ശങ്കറിനെ കണ്ടു അവൾ ചിരിച്ചു കൊണ്ട് തന്റെ കണ്ണുകൾ ചുഴറ്റി .
“ഒരഞ്ചു മിനിറ്റ് …… ഇപ്പോ വരാം …… ”
അതും പറഞ്ഞു അവൾ വേഗം മുറിയിൽ കയറി വാതിലടച്ചു .
ഇട്ടിരുന്ന നിക്കർ ഊരി മാറ്റി ഒരു ജീൻസ് എടുത്തിട്ടു , ബനിയന് മീതെ ഒരു ജീൻസിന്റെ ഷർട്ടും എടുത്തിട്ടു , മുട്ടറ്റം നീണ്ട മുടി എല്ലാം തൂത്ത് വാരി നെറുകയിൽ വച്ചു കെട്ടി .
ഇത്രേം തറയായിട്ടെ എനിക്ക് വരാൻ പറ്റു …..
ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറ്റില്ലേയ് …..
കണ്ണാടിയിൽ തന്റെ കോലം കണ്ടു അവൾ സ്വയം പറഞ്ഞു കൊണ്ട് വെളിയിലേക്ക് ഇറങ്ങി .
“എന്തുവാടി ഇത് ??? ഒരു നല്ല കോലത്തിൽ ഒക്കെ വന്നൂടെ ???? ”
ഇറങ്ങി വരുന്ന തന്റെ മകളുടെ കോലം കണ്ട് ശങ്കർ തലയിൽ കൈ വച്ചു കൊണ്ട് ചോദിച്ചു .
“പിന്നെ അണിഞ്ഞൊരുങ്ങിപ്പോവാൻ ഇതെന്റെ നിച്ഛയം അല്ല …… എന്നെ തേച്ചവന്റെയാ ……. ”
ശങ്കറിന് നേരെ മുഖം വെട്ടിച്ചു കൊണ്ട് അവൾ മുന്നിൽ കയറി നടന്നു .
മുന്നിൽ നടന്നു പോകുന്ന അനുവിനെ കണ്ട് ശങ്കറിന്റെ നെഞ്ചൊന്ന് നീറി .
ഒന്നും ഇല്ലന്ന് പുറമെ പറഞ്ഞു നടക്കുന്നുതെങ്കിലും അവളുടെ ഉള്ളു പിടയുന്നത് തനിക്കറിയാം ……
അല്ലെങ്കിലും തനിക്ക് മാത്രേ അവളെ മനസ്സിലായിട്ടുള്ളൂ , സ്നേഹിച്ചിട്ടുള്ളൂ …..
വേറെയാരും തന്നെ അവളെ അറിയാൻ ശ്രമിച്ചിട്ടില്ല ……
എല്ലാവർക്കും അവൾ ഒരു അധിക പറ്റായിരുന്നല്ലോ ???
കഴിഞ്ഞു പോയ ഓരോന്നും ഓർക്കുന്തോറും അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു .
“അച്ഛാ ……. വരുന്നുണ്ടോ ???? ”
മുറ്റത്ത് നിന്നും അനുവിന്റെ ശബ്ദം കേട്ടതും നിറഞ്ഞു വന്ന കണ്ണുകൾ ഒപ്പിക്കൊണ്ട് അയാൾ വേഗം നടന്നു .
. . . .
ഒരുവിധം പേര് കേട്ട തറവാടാണ് മാളികത്തേഴ് .
അവിടുത്തെ കാർന്നോരായ ഭാർഗവന്റെയും ദേവിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകനാണ് ശങ്കർ .
ആൾ ഒരു ബാങ്ക് മാനേജറായിരുന്നു .
ഇപ്പോൾ റിട്ടയറായി .
ഭാര്യ സീത …….
ഒരു സ്കൂൾ ടീച്ചറായിരുന്നു …..
പേര് പോലെ തന്നെ ….
മുട്ടറ്റം മുടിയും , നീളൻ കരി മഷി കണ്ണുകളും , ചിരിക്കുമ്പോൾ തെളിയുന്ന മുടമ്പല്ലും , ചുണ്ടിന് താഴെയുള്ള ചെറിയ കാക്കപ്പുള്ളിയും എല്ലാം ചേർന്നു ഒരു നാടൻ പെൺകുട്ടി .
സീതയെ പോലെ തന്നെയായിരുന്നു അനസ്വലയും കാണാൻ .
അതെ മുടിയും , പല്ലും കാക്കപ്പുള്ളിയും .
എന്നാൽ കണ്ണുകൾ മാത്രം കാപ്പിയായിരുന്നു .
ഇളം കാപ്പി നിറത്തിൽ , ചെറിയ കണ്ണുകൾ ……
കല്യാണം കഴിഞ്ഞു പുതിയ ഒരു ജീവിതം തുടങ്ങും മുന്പേ അവർ അവരെ വിട്ടു പോയി .
അന്ന് അനുവിന് അഞ്ചു വയസ്സേയുള്ളൂ .
സീതയുടെ മരണ ശേഷം ശങ്കറിന്റെ ലോകം അനുവിലേക്കായി ചുരുങ്ങി .
സീത ആഗ്രഹിച്ചപ്പോലെ അവളെ ഒരു ഡോക്ടറാക്കണം അതായിരുന്നു അയാളുടെ ചിന്ത മുഴുവൻ .
തറവാട്ടിൽ തന്നെയായിരുന്നു ശങ്കർ താമസിച്ചത് .
മൂത്ത ചേച്ചി ശ്രുതി കുടുംബസമേതം ഡൽഹിയിലായത് കൊണ്ട് തറവാട്ടിൽ അച്ഛനും ഇളയ സഹോദരൻ ശേഖരനും അയാളുടെ ഭാര്യ നിർമലയും മകളായ അനുരാഗയും മാത്രമാണ് ഉണ്ടായിരുന്നത് .
ബാങ്കിൽ പോകുമ്പോൾ ശങ്കർ അനുവിനെ നിർമലയുടെ കൈയിൽ ഏല്പിച്ചായിരുന്നു പോയിരുന്നത് .
അനുരാഗയും അനുവും ഒരേ പ്രായമെന്നതായിരുന്നു അങ്ങനെ ചെയ്യാൻ ഉള്ള ഒരു കാരണം .
അവരുടെ ഒപ്പം അവൾ സുരക്ഷിതയായിരിക്കുമെന്ന് കരുതി .
എന്നാൽ ആ വിചാരം മാറാൻ അധികം നാളുകളൊന്നും തന്നെ വേണ്ടി വന്നില്ല .
ഒരുനാൾ ഉച്ചക്ക് എന്തോ വയ്യായിക തോന്നി തറവാട്ടിലെത്തിയ ശങ്കർ കണ്ടത് ഉച്ചത്തിൽ കരയുന്ന അനുവിനെയാണ് .
എന്താണ് കാര്യമെന്ന് മനസ്സിലാ
കും മുന്നേ അയാൾ കണ്ടത് ” പിഴച്ചവൾ ” എന്നും പറഞ്ഞു അനുവിനെ തല്ലാൻ വരുന്ന നിർമലയെയാണ് .
അന്ന് അയാൾ തന്റെ വീട്ടിൽ നിന്നുമിറങ്ങിയതാണ് .
നേരെ പോയത് , തൊട്ടപ്പുറത്ത് അനുവിന്റെ പേരിൽ വാങ്ങി ഇട്ടിരിക്കുന്ന വീട്ടിലേക്കാണ് .
പിന്നീട് അനുവിന്റെ ഒരു കാര്യവും പറഞ്ഞു കൊണ്ട് അയാൾ അവരെ സമീപിച്ചിട്ടില്ല .
എങ്കിലും ഇടയ്ക്കിടയ്ക്ക് അയാൾ അച്ഛനെ കാണാൻ വേണ്ടി തറവാട്ടിൽ പോകും , ഒപ്പം അനുവിനെയും , അല്ലാതെ ഒറ്റയ്ക്കു അവളെ തറവാട്ടിലേക്ക് വിടാൻ ശങ്കറിന് ഭയമായിരുന്നു .
. . . .
തറവാടിന്റെ മുറ്റത്തെത്തിയതും അനു തിരിഞ്ഞു അച്ഛനെ നോക്കി .
“മ്മ് എന്ത്യേ ??? ”
അവളുടെ അന്തിച്ചുള്ള നിൽപ്പ് കണ്ടതും ശങ്കർ ചോദിച്ചു .
ഒന്നും മിണ്ടാതെ ശങ്കറിന്റെ മുഖത്തേക്ക് നോക്കി നിൽക്കുക മാത്രമായിരുന്നു അവൾ ചെയ്തത് .
അവളുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകൾ ഒക്കെയും മനസ്സിലായത് കൊണ്ടാവണം ശങ്കർ അവളുടെ അടുത്തേക്ക് വന്നു കൈയിൽ പിടിച്ചു .
“മറക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാവും , ഇവിടെ ഉള്ളവരുടെ കുത്തു വാക്കുകളും നോട്ടങ്ങളും ഒക്കെ ഉണ്ടാവും …… എന്റെ മോൾ അതൊന്നും കാര്യമാക്കണ്ട …… എന്റെ മോൾ അനു ആകാതെ അനസ്വലയായി വന്നാൽ മതി …… പിന്നെ ആരേലും കേറി എന്റെ മോളെ ചൊറിയാൻ നോക്കിയാൽ നീ അങ്ങ് കേറി മാന്തിക്കൊ …… കേട്ടോ ……… ”
അവളുടെ കവിളത്തു തട്ടി കൊണ്ട് ശങ്കർ പറഞ്ഞതും അനു ചിരിച്ചു .
മനസ്സറിഞ്ഞു …..
അച്ഛനാണ് അച്ഛാ അച്ഛൻ …..
“എങ്കിൽ അനസ്വല ശങ്കർ ബാ…… പപ്പടം പഴം പായസം …… കഴിക്കണ്ടേ ……. ”
അവളെ നോക്കി കണ്ണിറുക്കി കൊണ്ട് ശങ്കർ ചോദിച്ചതും അവൾ ഒന്നിളിച്ചു .
“പിന്നല്ല ബാ…… ”
അയാളുടെ തോളത്തു കൂടി കൈ ഇട്ടുക്കൊണ്ട് അനു അകത്തേക്ക് നടന്നു .
അകത്തേക്ക് കയറാൻ തുടങ്ങിയതും അനു കണ്ടു , അകത്തളത്തിൽ കൂട്ടം കൂടി നിന്നു സംസാരിക്കുന്ന അപ്പച്ചി , പിന്നെ അവരുടെ ഭർത്താവ് ചന്ദ്രനെ ……
പിന്നെ അവരുടെ മകൻ അനുമോദെന്ന അനി ….
അനിയേട്ടൻ ……
ഏയ് , അല്ല അനുരാഗയുടെ അനിയേട്ടൻ ……
ഇനി തൊട്ട് അങ്ങനെയാണല്ലോ ……
പലതും മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങിയതും അനു കണ്ണുകളടച്ചു ഒന്ന് ദീർഘ ശ്വാസമെടുത്തു .
ഇപ്പോൾ കുഴപ്പമില്ല ……
അവൾ ഒരു ചിരിയും മുഖത്തണിഞ്ഞു അവൾ അകത്തേക്ക് കയറി .
അവളെ കണ്ടതും എല്ലാവരുടെയും നോട്ടം അവളിലേക്ക് തിരിഞ്ഞു .
ചിലരുടെ കണ്ണിൽ അവളെ ഓർത്തുള്ള സഹതാപമായിരുന്നു തെളിഞ്ഞു നിന്നത് , ചിലരിൽ പുച്ഛം ……
തന്നെ കണ്ടതും വെറുപ്പിൽ മുഖം തിരിച്ചു കളഞ്ഞ അപ്പച്ചിയെയും പുച്ഛം നിറഞ്ഞ ഒരു ചിരിയുമായി ഇരിക്കുന്ന അനിയെയും അവരുടെ അടുത്ത് നിസ്സഹായതയോടെ തന്നെ നോക്കി നിൽക്കുന്ന വല്യച്ഛനെ …….
അല്ലെങ്കിലും ഈ കുടുംബത്തിൽ തന്നോട് സ്നേഹത്തോടെ ഒന്ന് നോക്കിയിട്ടുള്ളത് വല്യച്ഛൻ മാത്രമാണ് ……
ചന്ദ്രനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് അവൾ കുറച്ചപ്പുറത്തേക്ക് മാറി നിന്നു .
“നീ ഇവിടെ നിന്നോ , ഞാനെ കലവറയിലൊന്ന് പോയിട്ട് വരാം ……. ”
അനുവിന്റെ കൈ തന്റെ കൈയിൽ നിന്നും വിടുവിച്ചുക്കൊണ്ട് ശങ്കർ പറഞ്ഞതും അനു ഞെട്ടി .
“ങേ !!!! എങ്ങോട്ട് ??? ഞാനും വരും ……. ”
അവൾ തിരികെ ശങ്കറിന്റെ അടുത്തേക്ക് ചെല്ലാൻ തുടങ്ങുന്നതിന് മുന്നേ തന്നെ ശങ്കർ മുങ്ങിയിരുന്നു .
അപ്പോഴാണ് അച്ഛൻ തന്നെ പെടുത്തിയതാണെന്ന് അവൾക്ക് മനസ്സിലായത് .
തന്തെ !!!!!!!
എന്നെ ഈ മറുതകളുടെ ഇടയിൽ ഒറ്റയ്ക്ക് ഇട്ടിട്ടു പോയി ലെ ???
വീട്ടിൽ എത്തട്ടെ ഞാൻ വച്ചിട്ടുണ്ട് …….
ഹും !!!!!
അതും പറഞ്ഞു അവൾ നേരെ നോക്കിയതും കണ്ടത് പടികൾ ഇറങ്ങി വരുന്ന അനുരാഗയെയാണ് .
ചുവപ്പും പച്ചയും നിറത്തിൽ സ്വർണ നൂലുകൾ കൊണ്ട് അലങ്കരിച്ച ധാവണിയായിരുന്നു അവളുടെ വേഷം .
കട്ടയ്ക്ക് വാലിട്ടെഴുതിയ കണ്ണുകൾ , ചുണ്ടിൽ തിളങ്ങി നിൽക്കുന്ന ചുവന്ന ലിപ് സ്റ്റിക്കും , കൈയിൽ നിറയെ വളകളും ….
മ്മ് ……
കൊള്ളാം !!!!!
അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞതും കണ്ടത് തന്റെ നേരെ പുച്ഛ ചിരിയോടെ നടന്നടുക്കുന്ന നിർമലയെയാണ് .
അഹ് തള്ള വന്നുലോ ….
അവൾ മനസ്സിൽ ഓർത്ത് കൊണ്ട് അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു .
“കണ്നിറയെ കാണാൻ വന്നതായിരിക്കും ലെ ??? ”
അവളുടെ നേരെ ഒന്ന് പുച്ഛിച്ചു കൊണ്ട് നിർമല ചോദിച്ചു .
“ഓ അല്ലെന്റെ ചെറിയമ്മേ …… ഇവിടെ സുശീലൻ ചേട്ടന്റെ പാചകമാണെന്ന് അച്ഛൻ പറഞ്ഞു …… അതോണ്ട് വന്നതാ ……. അഹ് പിന്നെ പറഞ്ഞു വരുമ്പോൾ എന്റെ അനിയത്തിയുടെ കല്യാണമല്ലേ ? ചേച്ചി മുഖം കാണിച്ചില്ലെങ്കിൽ അത് അനിയത്തിക്ക് മോശം അല്ലെ …… ”
അവരെ നോക്കി ഒന്നിളിച്ചു കാണിച്ചുക്കൊണ്ട് അനു പറഞ്ഞതും നിർമലയുടെ രക്തം തിളച്ചു .
“അല്ലേലും തള്ളയുടെ അതെ സ്വഭാവമാണല്ലോ നിനക്കും …… ഒരു നാണവുമില്ലാതെ വലിഞ്ഞു കയറി വരാൻ ….. ”
സീതയെ പറഞ്ഞാൽ അനുവിന് കൊള്ളുമെന്ന് നിർമലയ്ക്ക് നന്നായി തന്നെ അറിയാം .
മിക്കപ്പോഴും അനുവിനെ തോൽപ്പിക്കാൻ വേണ്ടി നിർമല പയറ്റുന്ന അവസാനയടവാണ് സീതയെ കൊള്ളിച്ചു പറയുകയെന്നത് .
ഒന്നും മിണ്ടാതെ തന്നെ തുറിച്ചു നോക്കുന്ന അനുവിനെ കണ്ട് നിർമല ഉള്ളാലെ ചിരിച്ചു .
“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ ? അനി എന്റെ മോൾക്കുള്ളതാണെന്ന് …… അന്നേരം നീ എന്താ പറഞ്ഞത് ??? അഹ് അനിയേട്ടന് എന്നെയാണ് ഇഷ്ടമെന്ന് , ഏട്ടൻ നിന്നെയെ കെട്ടുവെന്ന് …… ഇപ്പോൾ എന്തായി ??? ഞാൻ പറഞ്ഞപ്പോലെ തന്നെ നടന്നില്ലേ ?? ”
ആറി തുടങ്ങിയ മുറിവിൽ വീണ്ടും വീണ്ടും വെട്ടി കൊണ്ട് നിർമല പറയാൻ തുടങ്ങിയതും അനുവിന്റെ ക്ഷമ നശിച്ചു .
“അഹ് ….. ഇപ്പോഴാ ഒരു കാര്യം ഓർത്തത് …… ചെറിയമ്മക്ക് സെക്കന്റ് ഹാൻഡിനോട് ഭയങ്കര അട്ട്രാക്ഷനാന്ന് അച്ഛൻ പണ്ട് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് …… അതാണ് ശേഖരനങ്കിളിനെ കെട്ടിയതെന്നും മറ്റും ……. എന്നാലും സ്വന്തം മോൾക്കും ഒരു സെക്കന്റ് ഹാൻഡ് ചെക്കനെ തന്നെ ഒപ്പിച്ചു കൊടുക്കും ഞാൻ വിചാരിച്ചില്ല ….. അഹ് അത് പോട്ടെ …… സെക്കന്റ് ഹാൻഡെന്ന് ഞാൻ പറഞ്ഞുവെന്ന് കരുതി ചെറിയമ്മ കൂടുതൽ ഒന്നും ചിന്തിച്ചു കൂട്ടണ്ടാട്ടോ ……. ഒന്ന് രണ്ട് ഉമ്മ …… പിന്നെ കുറച്ചു കെട്ടിപ്പിടുത്തം …… അത്രേ ഉള്ളു …… അയ്യോ പിന്നെ ഉമ്മ ഫ്രഞ്ച് ഒന്നും അല്ലായിരുന്നുട്ടോ …… കവിളത്തായിരുന്നു ……. ഞാനാ പറഞ്ഞത് ഇപ്പോൾ അതൊന്നും വേണ്ടന്ന് ….. ശോ എങ്ങാനും ഞാൻ സമ്മതിച്ചായിരുന്നെങ്കിൽ ….. എന്റെ ഹിസ്റ്ററി …… ”
അനു തന്റെ വയറ്റിൽ കൈ വച്ചുക്കൊണ്ട് ദീർഘമായി ഒന്ന് ശ്വസിച്ചുക്കൊണ്ട് നിർമലയെ നോക്കി .
വിളറി വെളുത്തു ഇനിയെന്ത് പറയണമെന്നറിയാതെ നിൽക്കുന്ന അവരെ കണ്ടു അവൾക്ക് ചിരി വന്നു .
വേണ്ടാ വേണ്ടാന്ന് ഞാൻ അപ്പോഴേ പറഞ്ഞതല്ലേടി പരട്ട് തള്ളെ ????
“ഓഹ് , നീ വന്നോ …… ഞാൻ കരുതി നീ ഇന്ന് മുഴുവനും നിന്റെ മുറിയിൽ കൂനിക്കൂടി ഇരുന്ന് കരയുകയാവുമെന്ന് …… ”
പരിഹാസത്തോടെയുള്ള അനുരാഗയുടെ ശബ്ദം കേട്ടതും നിർമല ദയനീയമായി അനുവിനെ നോക്കി .
ഇപ്പോൾ തന്നോട് പറഞ്ഞപ്പോലെ എങ്ങാനും അനു തന്റെ മകളോട് പറഞ്ഞാൽ അത് അവൾക്ക് താങ്ങാൻ പറ്റിയെന്ന് വരില്ല .
നിർമലയുടെ നോട്ടം കണ്ടതും അനു ഒന്ന് ചിരിച്ചു , എന്നിട്ട് അനുരാഗയുടെ നേരെ തിരിഞ്ഞു .
” ഇപ്പോൾ മോൾ ചോദിച്ചതിന് ഉത്തരം ഞാൻ കുറച്ചു നേരം മുമ്പ് നിന്റെ തള്ളയോട് പറഞ്ഞു നിർത്തിയെ ഒള്ളു ……. മോള് ഫ്രീയാകുമ്പോൾ സ്വസ്ഥമായി അമ്മയോട് ചോദിച്ചാൽ മതി കേട്ടോ …….. അമ്മ വിശദമായി തന്നെ പറഞ്ഞു തരും ……. ”
അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് അനു , നേരെ നിർമലയെ നോക്കി .
“അപ്പോൾ ഞാൻ പോവട്ടെ ചെറിയമ്മേ …… അഹ് പിന്നെ ….. ഭാവിയിൽ മോളുടെ കുടുംബ ജീവിതത്തിന് വല്ല കോട്ടം തട്ടിയാൽ , എന്റെ അടുത്ത് വന്നാൽ മതി ….. ഫാവി മരുമോന്റെ മുൻ ക്യാമുകിയല്ലായിരുന്നോ ….. എല്ലാം കിറുകൃത്യമായി ഞാൻ പറഞ്ഞു തന്നേക്കാം ……. ഫീസ് ഒന്നും വേണ്ട ……. ഫ്രീയാ …… ”
നിർമലയുടെ കാതോരം പറഞ്ഞു കൊണ്ട് അവൾ അനുരാഗയെ നോക്കി ചിരിച്ചു .
“അപ്പോൾ സരി …… ഞാൻ പോട്ടെ ……. ചെറിയമ്മേ ……. ”
നിർമലയുടെ കവിളത്തു തട്ടിക്കൊണ്ട് അനു പുറത്തേക്ക് നടന്നു .
. . . .
“ഓ……. ആ രണ്ട് ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോൾ ഉണ്ടല്ലോ അച്ഛേ , ആ തള്ളയുടെ മോന്ത ഒന്ന് കാണണമായിരുന്നു ……… ഒരു വക ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ……. ”
കൈയിൽ ഇരുന്ന ബിയർ കുപ്പി വായിലേക്ക് കമഴ്ത്തിക്കൊണ്ട് അനു പറഞ്ഞതും ശങ്കർ ചിരിച്ചു .
“ഓ എന്റെ അച്ഛേ …… ഇപ്പോൾ എന്തൊരു റിലാക്സേക്ഷൻ ആണെന്ന് അറിയോ ???? എവറസ്റ്റ് കീഴടക്കിയപ്പോലെ ……. ”
നിലത്തേക്ക് മലർന്നു കിടന്നുക്കൊണ്ട് അനു പറയുന്നത് ഓരോന്നും കേട്ട് ശങ്കർ പുഞ്ചിരിച്ചു കൊണ്ടിരുന്നു .
“എന്നാലും ആ തേപ്പനോട് ഒന്നും പറയാൻ പറ്റിയില്ല …… അഹ് സാരോല്ല ……. ടൈം ഉണ്ടല്ലോ …… ”
ചെറിയ ഒരു നഷ്ടബോധത്തോടെ അനു പറഞ്ഞതും ശങ്കർ അവളെ തല ചെരിച്ചു നോക്കി .
“അച്ഛേ …… അച്ഛേ …… ”
അവൾ നിലത്തു നിന്നും എഴുന്നേറ്റു അയാളുടെ ഒപ്പം സോഫയിൽ കയറി ഇരുന്നുക്കൊണ്ട് കുലുക്കി വിളിച്ചു .
“അച്ഛ എന്ത് ആലോചിക്കുവാ ??? ”
“അല്ലടി മോളെ …… നീ ശരിക്കും ഉമ്മ വച്ചോ ?? ”
അത്രയും നേരം ഒന്നും മിണ്ടാതെ നിന്ന ശങ്കർ ചോദിച്ച ചോദ്യം കേട്ട് അനുവിന്റെ കണ്ണ് തള്ളി താഴെ വീണില്ലന്നെയുള്ളൂ .
“അയ്യേ , ഒരു തന്ത സ്വന്തം മോളോട് ചോദിക്കുന്ന ചോദ്യണോ ഇത് ?? ”
അനുവിന്റെ ചോദ്യം കേട്ടതും ശങ്കർ തല ചൊറിഞ്ഞു .
“എന്ത്യേ പാടില്ലേ ??? ”
“അത് ഞാൻ ചെറിയമ്മയുടെ നാക്ക് ഒന്ന് കുറയ്ക്കാൻ വേണ്ടി തട്ടി വിട്ടതല്ലേ ? ”
ഒന്നിളിച്ചു കാണിച്ചുക്കൊണ്ട് അനു പറഞ്ഞതും ശങ്കർ പൊട്ടി ചിരിച്ചു .
“എന്ത്യേ കിണിക്കണെ ??? ”
“അല്ല … നാല് വർഷത്തെ പ്രണയം കൊണ്ട് ഒരുമ്മ പോലും നിനക്ക് കിട്ടിയില്ലന്ന് ഓർത്തപ്പോൾ ചിരിച്ചു പോയതാ ……. ”
ശങ്കർ പറഞ്ഞത് കേട്ട് അനു ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു .
“ആഹാ …… അപ്പോൾ ഞാൻ ഉമ്മ വയ്ക്കാത്തതാണോ അച്ഛന് പ്രശ്നം ??? എങ്കിൽ ശരി …… ഉമ്മ വച്ചിട്ട് തന്നെ കാര്യം …… ”
അതും പറഞ്ഞു എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞ അനുവിനെ ശങ്കർ പിടിച്ചു വലിച്ചു സോഫയിൽ ഇരുത്തി .
“എന്റെ പൊന്ന് മോളെ ഞാൻ ചുമ്മാ പറഞ്ഞതാ ….. ”
അവളുടെ നേരെ കൈ കൂപ്പിക്കൊണ്ട് ശങ്കർ പറഞ്ഞതും അനു ചിരിച്ചു .
“മതി കുടിച്ചത് …… പോയി കിടക്കാൻ നോക്ക് …… ”
മേശ പുറത്ത് കിടക്കുന്ന ബിയർ കുപ്പികൾ പെറുക്കി കൊണ്ട് ശങ്കർ പറഞ്ഞതും അവൾ വേണോയെന്ന രീതിയിൽ നോക്കി .
“പോയി കിടക്കടി കൊച്ചേ …… ”
“അപ്പോൾ ശരി …… ഗുഡ് നൈറ്റ് ……. ”
ശങ്കറിന്റെ കവിളിലൊന്ന് മുത്തിക്കൊണ്ട് അനു തിരികെ മുറിയിലേക്ക് കയറി പോയി .
കുടിച്ചു മേശ പുറത്ത് വച്ച കുപ്പികളും ചിതറി കിടക്കുന്ന മിച്ചറും ഒക്കെ തൂത്ത് വാരി ക്ലീനാക്കിയിട്ടാണ് ശങ്കർ മുറിയിലേക്ക് പോയത് .
അനു മുറിയിലേക്ക് ചെന്നതും ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന കലണ്ടറിലേക്ക് നോക്കി .
അടുത്ത മാസം തൊട്ട് അനസ്വല ശങ്കർ ഡോക്ടർ അനസ്വല ശങ്കറാണ് .
അവൾ ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന തന്റെ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി .
അമ്മയുടെ ആഗ്രഹം പോലെ തന്നെ പഠനം പൂർത്തിയാക്കി ……
ഇനി ഞാൻ ഡോക്ടറാണ് …….
അവൾ സ്വയം ഒന്ന് ചിരിച്ചു .
കുടിച്ച ബിയറിന്റെ കെട്ട് കൊണ്ടാണോ എന്തോ കിടന്നപ്പോൾ തന്നെ അവൾ ഉറക്കം തുടങ്ങി .
പിറ്റേന്ന് എന്നത്തെയും പോലെ ശങ്കറിന്റെ അലർച്ച കേട്ടാണ് അനു എഴുന്നേറ്റത് .
“എന്താ അച്ഛേ ??? ”
കണ്ണും തിരുമി എഴുന്നേറ്റു വന്ന അനു കണ്ടത് , കുളിച്ചു റെഡിയായി കുറിയും തൊട്ട് നിൽക്കുന്ന ശങ്കറിനെയാണ് …
“മ്മ് ഇതെങ്ങോട്ടാ ….. രാവിലെ തന്നെ ???? ”
അഴിഞ്ഞു തൂങ്ങിയ മുടി വാരി കെട്ടിക്കൊണ്ട് അനു ചോദിച്ചതും മറുപടിയായി ഒരു കണ്ണുരുട്ടലാണ് കിട്ടിയത് .
ശങ്കറിന്റെ കണ്ണുരുട്ടൻ കണ്ടപ്പോഴെ അനുവിന് മനസ്സിലായി , അച്ഛൻ പറഞ്ഞ ഏതോ ഒരു പ്രധാനപ്പെട്ട കാര്യം താൻ മറന്നു പോയിയെന്ന് …….
എന്താ കാര്യം??????
മ്മ്മ്മ് …….
കിട്ടണില്ലല്ലോ ……
നെറ്റി ചുളിച്ചുക്കൊണ്ട് നിൽക്കുന്ന അനുവിനെ കണ്ടതും ശങ്കറിന് മനസ്സിലായി , മകൾ കഷ്ടപ്പെട്ട് മറന്നുപ്പോയ കാര്യം ചിക്കി ചികയുകയാണെന്ന് .
“നീ ഇങ്ങനെ ആലോചിക്കോന്നും വേണ്ട ….. അമ്പലത്തിൽ പോവാനാ ……. ഇനി ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് പൊക്കോളാം …… ”
മുഖത്ത് ദയനീയ ഭാവം വരുത്തി നിൽക്കുന്ന അനുവിനെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് ശങ്കർ പുറത്തേക്ക് ഇറങ്ങി നടന്നു .
പെട്ട് സിവനെ ……
ഫാദർ ജി കലിപ്പിലാണ് !!!!!
വേഗം റെഡിയാക്കി എടുത്തില്ലെങ്കിൽ …….
അങ്ങനെ ഒരു വിചാരം വന്നതും ഇട്ട നിക്കറിന് മീതെ ഒരു ജീൻസും വലിച്ചു കയറ്റി അവൾ ഇറങ്ങി ഓടി .
നേരെ ചെന്ന് നിന്നത് സന്തത സഹച്ചാരിയായ ബുള്ളറ്റിന്റെ മുന്നിലാണ് .
വേഗം കയറി സ്റ്റാർട്ടാക്കി അവൾ ശങ്കറിന്റെ അടുത്തേക്ക് ബുള്ളറ്റ് പായിച്ചു .
പുറകിൽ നിന്നും നിർത്താതെയുള്ള ഹോണടി കേട്ടപ്പോഴെ ശങ്കറിന് മനസ്സിലായി , അത് അനുവാണെന്ന് .
“വാ വന്നു കയറ് …… ”
ശങ്കറിന്റെ മുന്നിൽ വണ്ടി നിർത്തിക്കൊണ്ട് അനു പറഞ്ഞതും , അയാൾ ചിരിച്ചു കൊണ്ട് പുറകിൽ കയറി .
അല്ലെങ്കിലും അയാൾക്ക് അറിയാമായിരുന്നു അവൾ പുറകെ വരുമെന്ന് .
അമ്പലത്തിലെത്തിയതും ശങ്കർ തിടുക്കത്തിൽ അകത്തേക്ക് കയറിപ്പോയി .
അച്ഛന്റെ ഓട്ടം കണ്ടതും ഇങ്ങനെ ഓടി പോകണ്ട , ഭഗവാൻ അവിടെ തന്നെ ഉണ്ടാകുമെന്ന് പറയാനാണ് അനുവിന് തോന്നിയത് .
പിന്നെ പബ്ലിക്കായി ശങ്കറിന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടല്ലോന്ന് കരുതി അവൾ ഒന്നും മിണ്ടിയില്ല .
അമ്പലത്തിലേക്ക് അനു കയറില്ലന്ന് ശങ്കറിന് അറിയാമായിരുന്നു , അത് കൊണ്ട് തന്നെ അവളെ വിളിക്കാതെയാണ് അയാൾ അമ്പലത്തിലേക്ക് കയറിയത് …
കഴിഞ്ഞ രണ്ട് വർഷമായി അവൾ അമ്പലത്തിലേക്ക് വന്നിട്ട് .
തന്റെ ഒപ്പം വന്നാലും അവൾ അകത്തേക്ക് കയറില്ല .
പുറത്ത് നിൽക്കും …..
രണ്ടര വർഷമായി അവൾ അങ്ങനെയാണ് .
ഈ അച്ഛനെന്താ വരാത്തത് ????
ഇതിപ്പോൾ കുറെ നേരമായല്ലോ …..
ഇതിനും മാത്രം എന്തോന്നാ ഈ പറയാൻ ഉള്ളത് …..
അനുവിന് ആകെ ഭ്രാന്ത് പിടിക്കുന്നപ്പോലെ തോന്നി .
ഇനി മേലാൽ ഞാൻ അച്ഛന്റെ ഒപ്പം അമ്പലത്തിലേക്ക് വരില്ല ….
പടികൾ ഇറങ്ങി വരുന്ന ശങ്കറിനെ കണ്ടപ്പോഴാണ് അവൾക്ക് പാതി ആശ്വാസമായത് .
“മനുഷ്യനെ ഇങ്ങനെ പോസ്റ്റ് ആക്കരുത് അച്ഛാ …… ”
ഇലക്കീറിൻ നിന്നും തണുത്ത ചന്ദനം ചൂണ്ടു വിരലിലെടുത്ത് തൊട്ട് തരുന്ന ശങ്കറിനെ നോക്കി മുഖം വീർപ്പിച്ചുക്കൊണ്ട് അനു പറഞ്ഞു .
“പിന്നെ , പറയാൻ ഉള്ളത് ഒക്കെ പറയണ്ടേ ?? ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ വന്ന് ഓർമിപ്പിച്ചില്ലങ്കിൽ പുള്ളി നമ്മുടെ കാര്യം മറന്നു പോകും …… ”
ശങ്കറിന്റെ ന്യായികരണം കേട്ടതും അനുവിന്റെ കണ്ണ് തള്ളി താഴെ വീണില്ലന്നെയുള്ളൂ .
കൊള്ളാം ……
കണ്ടാൽ ആരേലും പറയോ വട്ടാണെന്ന് !!!!
വീട്ടിൽ ചെന്നതും ശങ്കർ തന്നെ അവളെ ഉന്തി തള്ളി കുളിക്കാൻ വിട്ടു .
ഇല്ലെങ്കിൽ പിന്നെ അവൾ കുളിക്കാതേം നനയ്ക്കാതേം നിച്ഛയം കൂടാൻ വരും .
എന്നെ പോലെ സഹന ശക്തി ഉള്ളവർ ആയിരിക്കില്ല അവർ …..
വെറുതെ നാട്ടുക്കാർക്ക് മെനക്കേട് ഇണ്ടാക്കുന്നതിലും ഭേദം അവളെ കുളിപ്പിക്കുന്നതാ …..
അനു റെഡിയായി വന്നതും , അവർ ഒന്നിച്ചു തറവാട്ടിലേക്കിറങ്ങി .
അവളെ കണ്ടതും പലരുടെയും കണ്ണിൽ വിരിഞ്ഞത് അത്ഭുതമായിരുന്നു .
ഇന്നലെ അവളെ ഇവിടെ തറവാട്ടിൽ കണ്ടിരുന്നുവെങ്കിലും പലർക്കും അവൾ ഇന്ന് വരുമോയെന്ന കാര്യത്തിൽ സംശയമായിരുന്നു .
ഒന്നുമില്ലെങ്കിലും കുറച്ചു നാൾ സ്നേഹിച്ച പുരുഷനല്ലേ ??
നിറയെ കസവുകൾ തുന്നിയ ഒരു സെറ്റ് സാരിയായിരുന്നു രാഗയുടെ വേഷം .
അവളുടെ സാരിക്ക് ചേരാനായി അതെ നിറത്തിൽ തന്നെയുള്ള ഒരു കുർത്തയും സ്വർണക്കരയുള്ള മുണ്ടുമായിരുന്നു അനുമോദിന്റെ വേഷം …..
നിച്ഛയത്തിനുള്ള മുഹൂർത്തമായതും രാഗയുടെ കണ്ണുകൾ ആദ്യം തേടിയത് അനുവിനെയായിരുന്നു .
ആൾ കൂട്ടത്തിൽ ഒതുങ്ങി മാറി നിൽക്കുന്ന അനുവിനെ കണ്ടതും , അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു .
ജയിച്ചവളുടെ ചിരി …….
. . . .
പാതി രാത്രിയായതും അനു കണ്ണുകൾ തുറന്നു ചുറ്റും നോക്കി .
എങ്ങും ഇരുട്ടാണ് …..
കുറ്റാ കൂരിരുട്ട് !!!!!
സമയം നോക്കിയപ്പോൾ ഒരു മണി ….
അതെ സമയമായി ….
കരൺ ഇപ്പോൾ പുറത്ത് വന്നു നിൽക്കുന്നുണ്ടാവും …….
ഇനി വൈകാൻ പാടില്ല …..
അനുവിന്റെ കൈകൾ നേരെ പോയത് കട്ടിലിന്റെ അടിയിൽ പാക്ക് ചെയ്തു വച്ചിരിക്കുന്ന ബാഗിലേക്കായിരുന്നു .
അത്യാവിശം കുറച്ചു ഡ്രെസ്സും പണവുമായിരുന്നു അതിൽ …..
കരൺ വരുമെന്ന് പറഞ്ഞപ്പോൾ തന്നെ എല്ലാം ഒരുക്കി വച്ചിരുന്നു …..
ഇല്ലെങ്കിൽ ചിലപ്പോൾ അച്ഛൻ ചോദിക്കും ……
ചോദിച്ചാൽ പിന്നെ പറയാതെയിരിക്കാൻ എനിക്കാവില്ല ….
പറഞ്ഞു പോകും …..
പറഞ്ഞാൽ പിന്നെ , അച്ഛന് അത് താങ്ങാൻ കഴിയില്ല …..
അതിലും നല്ലത് ഇതാണ് ……
ഇതാകുമ്പോൾ ആദ്യത്തെ ഒന്ന് രണ്ട് ദിവസത്തെ ബുദ്ധിമുട്ടെ കാണൂ …..
അവൾ സ്വയം ആശ്വാസിച്ചുക്കൊണ്ട് ബാഗും എടുത്ത് പുറത്തേക്ക് നടന്നു .
ശബ്ദം ഉണ്ടാക്കാതെ വാതിൽ ചാരി ഹാളിലെത്തി ….
മുന്നിലെ വാതിൽ തുറക്കാൻ ഒരുങ്ങിയതും അവളുടെ നോട്ടം ശങ്കറിന്റെ മുറിയിലേക്ക് പാളി ..
തന്നെ ഇത്രയും നാളും നോക്കി വളർത്തിയ അച്ഛനല്ലെ ???
കാണിക്കുന്നത് നന്ദിക്കേടാണ് , എങ്കിലും പറയാതെ പോകുന്നത് മോശം അല്ലെ ????
ഇനി നാളെ എന്നെ കാണാതെയാകുമ്പോൾ ആധി കയറി അച്ഛന് എന്തെങ്കിലും സംഭവിച്ചാലോ ???
അങ്ങനെ ഒന്ന് ഓർത്തതും അനു അറിയാതെ തന്നെ ഒന്ന് ഞെട്ടി .
വേണ്ട , പറഞ്ഞിട്ട് പോകാം ……
അതും മനസ്സിൽ പറഞ്ഞു കൊണ്ടവൾ ഒരു പേപ്പറും പേനയും എടുത്ത് എഴുതാൻ തുടങ്ങി .
അച്ഛാ ……
അച്ഛൻ എന്നോട് ക്ഷമിക്കണം …..
ഞാൻ പോകുവാണ് ……
ഞാൻ അച്ഛനോട് പറഞ്ഞിട്ടില്ലെ , കരണിനെ പറ്റി …..
കരണിന്റെ ഒപ്പമാണ് ഞാൻ പോകുന്നത് ……
സോറി അച്ഛേ ……
അത്രയും എഴുതി ആ കത്ത് ശങ്കർ കാണാൻ പാകത്തിന് മേശപ്പുറത്ത് വച്ചുക്കൊണ്ട് അനു പുറത്തേക്കിറങ്ങി …..
അവളെ കാത്ത് നിൽക്കുന്ന കരണിന്റെ അടുത്തേക്ക് …..
(തുടരും ……..
✍️അപർണ രാജൻ
വേറെ ഒരു കഥയാണ് ……
ചുമ്മാ ഇരിപ്പ് അല്ലെ , കിടക്കട്ടെന്ന് വിചാരിച്ചു …
മിഴിയകലെ എഴുതാൻ കുറച്ചു ടൈം വേണം ….
വേറെ ഒന്നും അല്ല എന്തോ ആ കഥ എഴുതാൻ ഒരു ബുദ്ധിമുട്ട് പോലെ …..
ഒരു ഫ്ലോ കിട്ടുന്നില്ല …..
എന്തൊക്കെയോ വശപ്പിശക്ക് പോലെ …..
അപ്പോൾ മേൽ പറഞ്ഞ സാധനം കിട്ടുന്നതിനനുസരിച്ചു ഞാൻ മിഴിയകലെ പോസ്റ്റ് ചെയ്തേക്കാം …..