Thursday, December 26, 2024
Novel

ആനന്ദ് കാരജ് : ഭാഗം 4

നോവൽ
എഴുത്തുകാരി: തമസാ


ഞാനും നീയും….
ഊടും പാവും പോലെ ഇഴചേർന്ന രണ്ടാത്മാക്കൾ……

ഒന്നകന്നാൽ മറ്റൊന്നിന്റെ അസ്തിത്വത്തെ പോലും ബാധിക്കുന്ന രണ്ടു നാരുകൾ… നിന്നിലേക്കടുക്കേണ്ടത് ഇപ്പോൾ എന്റെ സ്ഥിതിയെ ബാധിക്കുന്ന ഒന്നാണ് ഉത്തരാ….

രണ്ടാഴ്ചത്തേക്ക് എമർജൻസി ലീവ് എടുത്ത് പഞ്ചാബിലേക്ക് പോവാൻ തീരുമാനിച്ചു… മൂന്ന് ദിവസം കഴിഞ്ഞാണ് എനിക്ക് പോവേണ്ടത്…

അപ്പോഴാണ് അവൾ പറഞ്ഞത്, അവൾ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സിലെ കുറച്ചു ഫ്രണ്ട്സിനും ഇവരുടെ ജൂനിയർ കുട്ടികൾക്കൊപ്പം ആഗ്ര കാണാൻ ചുമ്മാ ഇറങ്ങുന്നുണ്ടെന്ന്….

പഠിക്കുന്ന കാര്യം ഒക്കെ ഞാൻ ഇപ്പോഴാണ് അറിയുന്നത് തന്നെ…

ആകെ അവളെന്റെ ഭാര്യ ആണെന്ന് മാത്രം അറിയാം…. ആഗ്രയിലെ ഡോക്ടർ ഭീംറാവു അംബേദ്ക്കർ യൂണിവേഴ്സിറ്റിയിലെ അവസാന വർഷം MBA വിദ്യാർത്ഥിനി…

അതായത് ആഗ്ര യൂണിവേഴ്സിറ്റി… ആഴ്ചയിലൊരിക്കൽ മാത്രമേ വീട്ടിൽ വരാറുള്ളൂ… ശനിയാഴ്ച ഞാൻ അവരുടെ വീട്ടിലേക്ക് വരും എന്നും ആരോടും പറയരുതെന്നും ആയിരുന്നു നേരത്തെ പറഞ്ഞത്…

പക്ഷേ ആഗ്രയിൽ ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു സർപ്രൈസ് കൊടുക്കാനൊരു മോഹം തോന്നി..

പെട്ടെന്നൊരു പ്ലാൻ ഉണ്ടാക്കി..

വൈകിട്ട് തന്നെ ബുള്ളെറ്റ് ട്രെയിനിൽ കയറ്റി അമൃതസറിലേക്ക് അയച്ചു…കറക്റ്റ് ആയിട്ട് എനിക്ക് അറിയാവുന്ന സ്ഥലം അമൃതസർ മാത്രമാണ്..

അവിടെ നിന്ന് പിന്നെ അട്ടാരി വരെ വണ്ടിക്ക് പോയാലെ എനിക്ക് വഴി മനസിലാകുവോളൂ.. അതുകൊണ്ടാണ് അങ്ങോട്ട് വണ്ടി അയച്ചത്.. ..

ഇവിടത്തെ സ്റ്റേഷനിൽ നിന്ന് ഒരു റെസിപ്റ്റ് തരും.. അത് കാണിച്ചാൽ അവിടത്തെ സ്റ്റേഷനിൽ പോയി എനിക്ക് വണ്ടി എടുക്കാം..

അടുത്ത ദിവസം രാവിലെ അമ്മയോടും അച്ഛനോടും ചെറിയൊരു ആഗ്ര ട്രിപ്പ്‌ ഉണ്ട്..

ഒറ്റയ്ക്കാണ് യാത്ര എന്നൊക്കെ പറഞ്ഞു..

ഇറങ്ങിയതേ അമ്മ അടുത്ത വിവാഹാലോചനയുമായി വന്നു… സഹികെട്ടപ്പോൾ അവളുടെ ഒരു ഫോട്ടോ കാട്ടിക്കൊടുത്തിട്ട് എനിക്ക് ഈ കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞു..

പക്ഷേ അമ്മയും അച്ഛനും വിശ്വസിച്ചില്ല.. ഏതോ ഹിന്ദി സീരിയൽ നടി ആണെന്ന്.. പഞ്ചാബി ആണെന്നും പറഞ്ഞു നോക്കി ..

അവർക്കെന്തോ വിശ്വാസം വരുന്നില്ല.. കല്യാണം കഴിഞ്ഞെന്ന് പറയാൻ വയ്യാത്ത അവസ്ഥ ആയതിനാൽ ഇത്രയും കൊണ്ട് നിർത്തി..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

സന്ധ്യ ആയിരുന്നു ആഗ്ര എയർപോർട്ടിൽ ഞാൻ എത്തിയപ്പോഴേക്കും..
ഒരു ടാക്സി വിളിച്ച് താജ് മഹലിന്റെ അടുത്തുള്ള ഹോട്ടലിൽ തന്നെ എത്തി.. –
‘സരോവർ ‘..

ചുറ്റും കാണാൻ തന്നെ നല്ലൊരു രസമുണ്ട്.. കിടക്കുന്നതിനു മുൻപ് അവളെ വിളിച്ചു . ഞാൻ ആഗ്രയിലുള്ള കാര്യം പറഞ്ഞില്ല..

നാളെ സൺറൈസ് സമയത്ത് അവർ താജ്മഹൽ കാണാൻ വരുന്നുണ്ടത്രേ….. അവൾക്കു മുൻപേ അവിടെ എത്തണം എന്ന് ഞാനും തീരുമാനിച്ചു…

നാളെ അവളെ കാണുന്നത് സ്വപ്നം കണ്ടു നൂറായിരം പ്രതീക്ഷകളുമായി ഞാൻ മിഴിയടച്ചു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അവളെ എണീറ്റപ്പോൾ തന്നെ വിളിച്ചു നോക്കി…

എത്താറായി എന്ന് പറഞ്ഞു… കിഴക്കേ കവാടത്തിലൂടെ ഇരുന്നൂറ്റി അൻപത് രൂപയ്ക്ക് സ്വന്തമാക്കിയ എൻട്രി പാസ്സുമായി ഞാൻ ഉള്ളിലേക്ക് പ്രവേശിച്ചു..

ചെമ്മണ്ണ് നിറമാർന്ന സരായ് കടന്നു വേണം താജിലേക്ക് എത്താൻ .. താജ്മഹൽ പണിയുവാൻ കഷ്ടപ്പെട്ട അതിന്റെ ജോലിക്കാർ താമസിച്ചിരുന്നത് ഈ സരായിയിൽ ആണ്…

ഞാൻ അവിടെ നിന്ന് അവളെ പിന്നെയും വിളിച്ചു… ഏത് ഗേറ്റിൽ കൂടി കേറണം എന്ന് ഓർത്തു നില്കുവാണെന്ന്… മൂന്ന് കവാടങ്ങളുണ്ട് താജിന് – കിഴക്ക്, പടിഞ്ഞാറ്, തെക്ക്..

തെക്കിലൂടെ മാത്രമേ പുറത്തേക്കിറങ്ങാൻ പറ്റുള്ളൂ…

കിഴക്കേ ഗേറ്റിലൂടെ കേറിക്കോ, അതാണ്‌ നല്ലത് എന്ന് ” മുൻ പരിചയം ” ഉള്ള ഞാൻ പറഞ്ഞു… വേറെ ഗേറ്റിൽ കൂടി വന്നാൽ എന്റെ സകല പദ്ധതിയും അവതാളത്തിലാകും…..

കുറച്ചു നേരം കഴിഞ്ഞപ്പോൾ കണ്ടു അങ്ങ് നിന്ന് വാനരപ്പടയുടെ കൂടെ സൈഡിലായി, മഞ്ഞ ചുരിദാറിൽ സൈഡ് ചേർന്ന് അവൾ വരുന്നത്…

സൂര്യന്റെ ബാലതാപത്തിൽ അവളുടെ കഴുത്തിൽ കിടന്ന് ആസാദ് എന്ന നാലക്ഷരം തിളങ്ങുന്നുണ്ട്…. നെറുകയിൽ ഒരു കുഞ്ഞു സിന്ദൂരപ്പൊട്ട്….

നിന്റെ നെറുകയിലെ ചുമന്ന സൂര്യനായ് ഒരിക്കലും അസ്തമിക്കാതെ ജീവിക്കണം പെണ്ണേ എനിക്ക് …

അവൾ അടുത്തു വരുന്തോറും, എന്റെ ഹൃദയം ശക്തിയേറി മിടിക്കുന്നുണ്ടായിരുന്നു…

എന്റെ അടുത്ത് എത്തിയപ്പോഴേക്കും പുറത്തേക്ക് നോക്കി നോക്കി കൂട്ടുകാരിൽ നിന്നും ഇത്തിരി പുറകിലായ അവളെ, സരായിയുടെ ഭിത്തിയിൽ ചാരിനിന്ന് എന്നിലേക്ക് വലിച്ച് അടുപ്പിക്കുമ്പോഴും എന്റെ ശ്രദ്ധ ആ കഴുത്തിലെ ലോക്കറ്റിൽ ആയിരുന്നു…..

എന്റെ കഴുത്തിൽ കിടന്നപ്പോൾ പോലും ഞാൻ ഇതിന് ഇത്ര ഭംഗി കണ്ടിട്ടില്ല… കറങ്ങി വന്നെന്റെ നെഞ്ചിൽ തട്ടി നിന്ന അവൾക്ക് പ്രതിരോധിക്കാൻ പറ്റുന്നതിനു മുന്നേ എന്റെ ചുണ്ടുകൾ കുങ്കുമപ്പൊട്ട് കലർന്ന ആ അക്ഷരങ്ങളെ മുത്തിയിരുന്നു…

കണ്ണടച്ചെന്നെ തള്ളിമാറ്റാൻ ശ്രമിക്കുന്ന അവളുടെ കാതിൽ ഞാൻ മെല്ലെയോതി,

” നിന്റെ ജാൻ നിന്നെ കാണുവാനായി മാത്രം ഈ പ്രണയഭൂമിയിൽ വന്നിരിക്കുന്നു ഉത്തരാ ”

എന്റെ കുർത്തയിലെ പിടി മുറുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… മെല്ലെ കണ്ണ് തുറന്നെന്നെ നോക്കുമ്പോൾ ആ കൺപീലികളിലൂടെ ഒരു മഴമേഘം താഴേക്ക് പൊട്ടിവീണു….

രണ്ടു കൈകൾകൊണ്ടും എന്നെ വരിഞ്ഞു മുറുക്കി എന്റെ നെഞ്ചോട് ചേർന്നു കരയുന്ന എന്റെ മാത്രം ഉത്തര….

ആദ്യത്തെ ഒരു പകപ്പിൽ അവൾ ഒച്ചയെടുത്തത്‌ കേട്ടിട്ട് അപ്പോഴേക്കും അവളുടെ കൂട്ടുകാരൊക്കെ ഓടി വന്നു… ഹിന്ദി അറിയാമെങ്കിലും ആ നിമിഷം ഞാൻ വാക്കുകളില്ലാതെ നിന്നു…
അവർ വന്നു വിളിച്ചപ്പോൾ എന്നിൽ നിന്നടർന്നു മാറി, അവരോട് ” യേ മേരി പതി ഹേ ” എന്നവൾ പറയുമ്പോൾ ആ വാക്കുകളിൽ എവിടെയോ ഞാനൊരു ആശ്രയ ഭാവം കണ്ടു…

എല്ലാവരും വന്നെന്നെ പരിചയപ്പെട്ടു… ഞങ്ങളെ ഒരുമിച്ചു വിട്ടിട്ട് അവർ പോയി….മനസ്സിൽ ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു ..

കൈകൾ കോർത്തുപിടിച്ച് ഞങ്ങൾ തോളോട് തോൾ ചേർന്ന് ആ പ്രണയസൗധത്തിലേക്കടുത്തു …

“ഉത്തരാ, കാലത്തിന്റെ കവിൾത്തടത്തിൽ വീണ കണ്ണുനീർത്തുള്ളി എന്ന് താജ്മഹലിനെ കുറിച്ച് ടാഗോർ വെറുതേ പറഞ്ഞത് അല്ലല്ലേ…അനശ്വരമായൊരു ഓർമ തന്നെയാ ഇവരുടെ പ്രണയം…. ”

കണ്മുന്നിൽ താജ്മഹൽ കണ്ടു കൊണ്ട് ഇത്തിരി അകലേ ഒരു കോണിൽ ഭിത്തിയിൽ ചാരി ഞങ്ങൾ ഇരുവരും ഇരുന്നു.

‘ എനിക്ക് ഷാജഹാനെയും മുംതാസിനെയും പോലെ പ്രണയിക്കേണ്ട ഡോക്ടർ, എനിക്ക് പൃഥ്‌വിരാജ് ചൗഹാനെയും സംയുക്തയേയും പോലെ പ്രണയിക്കണം ‘

” എല്ലാവരും പറയുന്ന ഉദാഹരണം അല്ലേ ഷാജഹാനും മുംതാസും… പിന്നെന്താ വ്യത്യസ്തമായ ഒന്ന്?.. ”

‘ ഓരോരുത്തരുടെയും പ്രണയം വ്യത്യസ്തമാണ് ഡോക്ടർ … ‘

“ചൗഹാന്റേയും? ”

” മ്മ്…. ശത്രുരാജ്യത്തെ കുമാരിയെ പ്രണയിച്ചു.. പരസ്പരം ദൂതുകൾ കൈമാറിയ പ്രണയം… ഇതറിഞ്ഞ അവളുടെ അച്ഛൻ ജയചന്ദ്രൻ മകൾക്ക് സ്വയംവരം ഒരുക്കി…

ദ്വാരപാലകന്റെ സ്ഥാനത്ത് ചൗഹാന്റെ പ്രതിമ സ്ഥാപിച്ചു…അവിടെ എത്തിയ ചൗഹാൻ ആ പ്രതിമയ്ക്ക് പുറകിൽ ഒളിച്ചു നിന്നു…

എല്ലാ രാജ്യത്തെയും യുവാക്കൾ അവിടെ എത്തിയിരുന്നു.. പന്തലിൽ എത്തിയ സംയുക്ത, ചൗഹാന്റെ പ്രതിമയിൽ മാല്യം ചാർത്താനെത്തി..

അന്നേരം വെളിച്ചത്തു വന്ന ചൗഹാനെ കണ്ടു സന്തോഷത്തോടെ അയാളുടെ കഴുത്തിൽ മാല ചാർത്തി വിവാഹിതരായി …

അവർ പരസ്പരം എത്ര വിശ്വസിച്ചിരിക്കണം അല്ലേ… അല്ലെങ്കിൽ ഇങ്ങനെ പറയുവാൻ എനിക്കൊരു ചരിത്ര പ്രണയം ഉണ്ടാകുമായിരുന്നോ ഡോക്ടർ? ‘

” ഞാൻ മടങ്ങി വരുമെന്ന് നീ വിശ്വസിച്ചിരുന്നോ ഉത്തരാ? ”

‘ അറിയില്ല.. പക്ഷേ ആഗ്രഹിച്ചിരുന്നു.. ഒരിക്കലെങ്കിലും ഒന്ന് കാണാൻ വന്നിരുന്നെങ്കിൽ എന്ന് ‘

” ഞാൻ നിന്നെ തേടി വന്നില്ലായിരുന്നെങ്കിലോ, നാട്ടിൽ ഒരു പെണ്ണൊക്കെ കെട്ടി സന്തോഷത്തോടെ ജീവിച്ചിരുന്നെങ്കിലോ? ”

” മറ്റൊരാളുടെ കഴുത്തിൽ താലി കെട്ടുമ്പോഴെങ്കിലും ഡോക്ടർ എന്നെ ഓർക്കില്ലേ, എനിക്കത് മതി ”

” അങ്ങനെ കെട്ടിയാൽ പിന്നെ നിനക്കെന്ത് പ്രസക്തി ആണ് ഉത്തരാ ഉള്ളത്?….നീ വേറെ വിവാഹം ചെയ്യുമായിരുന്നോ? എന്ത് ചെയ്യും? ”

” ജൗഹർ……
എന്റെ ജീവൻ എന്റേതല്ലാതായി മാറുന്ന നിമിഷം നിന്നെക്കുറിച്ചു ഞാൻ കണ്ട കിനാവുകളുടെ തീജ്വാലയിൽ ഉത്തര ഒടുങ്ങും…”

” ഉത്തരാ, എനിക്കെന്നും നിന്റേത് മാത്രമായിരുന്നാൽ മതി..

നേർത്ത കൈവഴിയായ് നീയെന്ന മഹാനദിയിലേക്ക് ചേർന്ന്
പിന്നെ നീയായ്‌ ഒഴുകണം…
ഞാനും നീയും എന്ന് വേർതിരിയാതെ
നാമായ്…. നമ്മളായ്….. നീയെന്ന പേരിനോട് ചേർന്നൊഴുകണം… ”

നെറ്റികൊണ്ട് അവളുടെ നെറ്റിയിൽ തൊടുമ്പോഴും സംതൃപ്തിയുടെ ഒരു ചിരി ഞാനവളിൽ കണ്ടു, അന്ന് അവസാനം കണ്ടപ്പോൾ ഉണ്ടായിരുന്ന ചിരിയും ഈ ചിരിയും തമ്മിലുള്ള അന്തരം എനിക്കിന്ന് ആയിരുന്നു മനസിലായത്..

അവിടെ നിന്നെഴുന്നേറ്റ് താജ്മഹൽ മുഴുവനും എന്റെ ഹൃദയത്തിന്റെ പാതിയോടൊപ്പം കാണുമ്പോൾ ഞാൻ പറഞ്ഞറിയിക്കാൻ വയ്യാത്തൊരു സന്തോഷത്തിലായിരുന്നു…

പ്രണയ സൗധം തന്റെ നല്ലപാതിയുമായി കാണുക എന്ന് പറഞ്ഞാൽ അതും ഒരു ഭാഗ്യമാണ്….

താജിന്റെ വടക്കേ അറ്റത്തുള്ള മെഹ്താബ് ബാഖിൽ അവളോടൊപ്പം രണ്ടു മാസത്തെ പരിഭവം മുഴുവൻ കേട്ട് നടക്കുമ്പോഴാണ് പിന്നെ അവളുടെ കൂട്ടുകാരെ കാണുന്നത്..

അവളോട് അവരുടെ കൂടെ പൊയ്ക്കോ എന്ന് ഞാൻ പറഞ്ഞെങ്കിലും സന്മനസ്സുള്ള അവളുടെ സുഹൃത്തുക്കൾ എന്റെ കൂടെ പോരേ, നാളെ ഏതായാലും വീട്ടിൽ പോകുവാനുള്ളതല്ലേ എന്ന് പറഞ്ഞ് എന്നെ അവൾക്കൊപ്പം വിട്ടു…

ആഗ്ര ഫുൾ ഒരു കറക്കം കറങ്ങി, ബാക്കി ഭാവിയിലേക്ക് പ്ലാൻ ചെയ്തു വെച്ചിട്ട് ഒരു ടെക്സ്റ്റൈൽസിൽ കേറി അവൾക്ക് ഇടാൻ ഉള്ള ഒരു ജോഡി ഡ്രസ്സ്‌ വാങ്ങി ഞങ്ങൾ റൂമിലേക്ക് പോയി…

ഒന്ന് വിശ്രമിച്ചിട്ട് എണീറ്റപ്പോഴേക്കും സമയം വൈകിയിരുന്നു… സമയം 3 മണി കഴിഞ്ഞിരുന്നു.. പഞ്ചാബി സ്റ്റൈലിൽ ഒരുങ്ങാൻ അവളോട് പറയുമ്പോൾ ഞാൻ അതിൽ ഒരുപാട് ആകൃഷ്ടനാണെന്ന് എനിക്ക് തന്നെ മനസിലാവുകയായിരുന്നു..

കറുത്ത കുർത്തയുമിട്ട് ഞാൻ കുളിച്ചിറങ്ങി വരുമ്പോഴേക്കും അവൾ പഞ്ചാബി മോഡൽ ചുരിദാറിൽ സുമംഗലിയായി നിൽക്കുന്നുണ്ടായിരുന്നു…. ഉച്ചിവരെ നീട്ടി വരച്ച ചുവപ്പ് വെളുത്ത മുഖം കൂടുതൽ തുടുത്തതാക്കിയിരിക്കുന്നു…

4:15 ന് ആഗ്രയിൽ നിന്ന് അമൃതസറിലേക്ക് ട്രെയിൻ കേറുമ്പോൾ പലവട്ടം അവൾ ചോദിച്ചിട്ടും ബുള്ളറ്റിന്റെ കാര്യം ഞാൻ പറഞ്ഞില്ല…

ഈ ട്രെയിൻ യാത്ര ഞങ്ങൾക്കൊരുപാട് പറയാനുള്ളതായിരുന്നു… ഞാൻ എന്റെ വീടിനെയും വീട്ടുകാരെയും പരിചയപ്പെടുത്തിയപ്പോൾ അവൾ ആ നാട് മുഴുവൻ എനിക്ക് പരിചയപ്പെടുത്തിത്തന്നു…

അവളുടെ അമ്മയുടെ നാട് തിരുവനന്തപുരം ആണ്.. സ്ഥലം ഏതെന്ന്‌ അവൾക്കറിയില്ല… അവരായിട്ട് അവർക്ക് ഒരു ബന്ധവും ഇല്ലാതെ ആണ് ബാബാ അവളെ വളർത്തിയത്… ശെരിക്കും കൂട്ടിലടച്ച കിളി ആയിരുന്നോ ഉത്തര?….

ബാബയ്ക്ക് ഇഷ്ടമാണ് അവളെ, പക്ഷേ ആദ്യഭാര്യ മരിക്കും വരെ ആ സ്നേഹം എല്ലാവരുടെയും മുൻപിൽ വെച്ച് പ്രകടിപ്പിക്കാൻ അയാൾ മടിച്ചിരുന്നു..

സ്വന്തം മകളെ സ്നേഹിക്കാൻ പറ്റാതെ പോയ ഒരച്ഛനും, അനുഭവിക്കാൻ വിധിയില്ലാത്ത മകളും..

‘ഡോക്ടർക്ക് അറിയുമോ, ഞാൻ ആദ്യമായി ബൈക്കിൽ കേറുന്നത് ഡോക്ടറുടെ കൂടെയാ… ബയ്യാമാരുടെ കൂടെ കേറാൻ ബഡി അമ്മി ( അവരുടെ അമ്മ ) സമ്മതിക്കില്ലായിരുന്നു.. എനിക്ക് കൊതിയായിരുന്നു ബൈക്കിൽ ഒന്ന് കേറാൻ ‘

“അതിനെന്താ, റോയൽ എൻഫീൽഡിൽ റോയൽ ആയിട്ട് കേറിത്തന്നെ ആ മോഹം തീർത്തു തന്നില്ലേ ഞാൻ? ”

ഒരുപാട് സംസാരിച്ചു സംസാരിച്ച് ഒന്നുറങ്ങി എണീറ്റപ്പോഴേക്കും അമൃതസറിൽ എത്തിയിരുന്നു.. സമയം രാവിലെ 7 മണി ആയിരിക്കുന്നു…

സ്റ്റേഷനിൽ ഇറങ്ങി, ഫ്രണ്ടിൽ അവളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് ബുള്ളെറ്റുമായി അടുത്ത് ചെന്നു നിന്ന് ഹോൺ അടിക്കുമ്പോൾ ഞാൻ വീണ്ടും വീണ്ടും കൊടുക്കുന്ന സർപ്രൈസുകളുടെ ത്രില്ലിൽ തുള്ളിച്ചാടുന്നുണ്ടായിരുന്നു അവൾ..

പുറകിൽ എന്റെ നെഞ്ചിലേക്ക് കൈ ചേർത്തു വെച്ചിരിക്കുന്ന അവളുമായി അട്ടാരിയിലേക്ക് കുതിയ്ക്കുമ്പോൾ എന്റെ മനസും അവളുടെ മനസും കേരളം കാണാൻ കൊതിയ്ക്കുവായിരുന്നു…

പാടവരമ്പത്തു കൂടി ഒരു കുടയുടെ രണ്ടറ്റം പിടിച്ചു നടക്കാൻ.. ശിശിരം പൊഴിക്കുന്ന രണ്ടിലകളായി ഒരുമിച്ചു പറന്നു നടക്കാൻ….

പക്ഷേ കിലോമീറ്ററുകൾക്കപ്പുറം, ഈ ആസാദിന്റെ ചോര കൊതിയ്ക്കുന്നൊരു വാൾ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു…

അതറിയാതെ ഇതുവരെ പങ്കുവെച്ച പ്രണയം കൊണ്ട് കൊരുത്ത ഒരു ജീവിതം കൊതിച്ചു ഞങ്ങളും..

തുടരും….

ആനന്ദ് കാരജ് : ഭാഗം 1

ആനന്ദ് കാരജ് : ഭാഗം 2

ആനന്ദ് കാരജ് : ഭാഗം 3