Sunday, December 22, 2024
Novel

ആനന്ദ് കാരജ് : ഭാഗം 3

നോവൽ
എഴുത്തുകാരി: തമസാ


രാവിലെ എണീറ്റു ഹാളിൽ ചെന്നപ്പോൾ അമ്മയുടെ വക അർത്ഥം വെച്ചൊരു നോട്ടം..

“ഇന്നലെ രാത്രി നിനകെന്തായിരുന്നു പരിപാടി.. മുറിയിൽ നിന്ന് സൗണ്ട് കേട്ടല്ലോ ”

‘എപ്പോ ‘

‘നിന്റെ പനി നോക്കാൻ വന്നായിരുന്നു ഞാൻ..അന്നേരം ഉള്ളിൽ നീ ഏതാണ്ടൊക്കെ പറയുന്ന കേട്ടു…പിന്നെ ഞാൻ ഇങ്ങോട്ട് തിരിച്ചു പോന്നു ‘

“അത് ഞാൻ പഠിച്ചതാ ”

‘ഇപ്പോഴാണോ പഠിക്കുന്നത്.. ജോലിക്ക് കേറിയിട്ട് വർഷം 2 ആയി.. എന്നിട്ട് ഇപ്പോഴും പഠിക്കുമോ.. ‘

“ഞാൻ ഡോക്ടർ അല്ലേ.. എപ്പോഴും റെഫർ ചെയ്യണം ”

‘ഇടയ്ക്ക് എന്നിട്ടോ എന്നിട്ടോ എന്നൊക്കെ കേട്ടല്ലോ.. അങ്ങനെയും റെഫർ ചെയാനുണ്ടോ ‘

“എന്നിട്ടോ എന്നല്ല.. എർഗോട് എന്നാ പറഞ്ഞത്.. മൈഗ്രൈൻ ഒക്കെ മാറാൻ എർഗോട്ടമൈൻ ഉപയോഗിക്കാറുണ്ട്.. അത് പഠിച്ചതാ.. ”

‘അതിന് നീ കാർഡിയോ അല്ലേ.. ഹൃദയത്തിനും മൈഗ്രൈൻ വരുമോ ‘

“കൊച്ചുകളളി.. രാവിലെ തമാശ ആയിട്ട് ഇറങ്യേക്കുവാ…. പോയി ചായ എടുത്ത് വെക്ക്.. അച്ഛനെവിടെ? ”

‘ഡാ ചെക്കാ.. വല്ല പ്രേമം ഉണ്ടേൽ പറഞ്ഞേരെ നേരത്തേ.. വെറുതേ കിടന്ന് ഉരുളരുത്… ‘

“ഇത് പ്രേമം ഒന്നുമല്ല അമ്മേ…വേറെ എന്തോ ആണ് ”

‘പിന്നെന്താ… ‘

“ഏഹ്.. പഠനം.. അത് മാത്രം… ”

‘മ്മ്… മൊത്തത്തിൽ ഒരു അവലക്ഷണം ആണ്.. സാരമില്ല… എന്താണെങ്കിലും അവസാനം ഈ പടി ചവിട്ടണമെങ്കിൽ ഞാനും നിന്റെ അച്ഛനും സമ്മതിക്കണമല്ലോ…

പിന്നെ ഒറ്റപ്പുത്രൻ ആണെന്ന് കരുതി എല്ലാം വളം വെച്ച് തരുമെന്ന് വെറുതേ മോഹിക്കണ്ട.. എനിക്ക് ഇഷ്ടപ്പെട്ടില്ലേൽ ഏതവളാണേലും ഞാൻ ഇങ്ങോട്ട് കേറ്റില്ല ‘

കേറ്റാതെ പറ്റില്ലമ്മച്ചിയേ… ഉത്തര ആസാദ്‌ പണിക്കർ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഈ മുറ്റത്ത്‌ ലാൻഡ് ചെയ്യും.. (എന്റെ ആത്മഗതം വിത്ത്‌ ദീർഘനിശ്വാസം )

അച്ഛനോടും സംസാരിച്ചു കഴിഞ്ഞു നേരെ ഹോസ്പിറ്റലിൽ എത്തിയിട്ടും എന്തോ ഒരു ആകാംക്ഷ.. എന്തൊക്കെയോ അവളോട് ചോദിക്കാനും പറയാനും ഉള്ളപോലെ…

ഇടക്ക് ഫ്രീ ടൈം കിട്ടിയപ്പോൾ വിളിച്ചു നോക്കി.. പക്ഷേ കോൾ എടുത്തില്ല..

വൈകിട്ട് നാല് മണി ആയപ്പോൾ പുറത്ത് രവി ഡോക്ടർ ആയിട്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സ്നേഹ സിസ്റ്റർ വന്നു പറഞ്ഞ് ഫോണിൽ കോൾ ഉണ്ടെന്ന്…

” സ്നേഹ, ഫോൺ എടുത്തിട്ട് ഞാൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞേരെ.. അർജെന്റ് ആണെങ്കിൽ ഇങ്ങോട്ട് കൊണ്ടുവന്നാൽ മതി ”

വീണ്ടും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഫോണുമായിട്ട് സ്നേഹ വന്നത്..

“ഡോക്ടറുടെ വൈഫ്‌ ആണ്.. അതുകൊണ്ട് ഞാൻ എടുത്തില്ല.. ” (സ്നേഹ )

അതിന് ആസാദ്‌ മാരീഡ് അല്ലല്ലോ.. പിന്നെ ഏത് ഭാര്യ..?… വൈഫ്‌ എന്ന് തന്നല്ലേ സ്നേഹേ പറഞ്ഞത്.. (രവി ഡോക്ടർ )

” ആ… അത് ചിലപ്പോൾ വേറെ വല്ലവരുടെയും ഭാര്യയും ആവും.. ”

വല്ലവരുടെയും ഭാര്യ എങ്ങനെയാടോ തന്റെ ഫോണിൽ വിളിക്കുന്നത്..?

(എന്റെ നാനാക്കേ.. നീ എന്റെ അണ്ണാക്കിൽ തന്നെ ആണി അടിച്ചല്ലേ )

“രവി ഡോക്ടറേ, അത് മിക്കവാറും ട്രൂ കോളറിൽ ആരെങ്കിലും വൈഫ്‌ എന്ന് സേവ് ചെയ്തതാവും.. അതായിരിക്കും സ്നേഹ കണ്ടത്… ”

പെട്ടെന്ന് തന്നെ സംസാരം അവസാനിപ്പിച്ചു ഞാൻ കോറിഡോറിലേക്ക് നീങ്ങി നിന്ന് ഉത്തരയെ വിളിച്ചു.. പെട്ടെന്ന് തന്നെ ഫോൺ എടുത്തു..

” എന്താണ് ഉത്തര? ഇന്നും കവിളിൽ വല്ലതും കിട്ടിയോ??

‘ഇല്ല, പക്ഷേ ആരും മിണ്ടുന്നില്ല എന്നോട്. എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടർ? ‘

‘ഞാൻ തന്റെ ബാബയെ ഇന്നലെ രാത്രി വിളിച്ചിരുന്നു… തന്നെ എന്റെ കൂടെ കൂട്ടികൊണ്ട് പോരുമെന്നും തല്ലരുതെന്നും ഞാൻ പറഞ്ഞിരുന്നു ”

‘എന്തിനാ ഡോക്ടർ വെറുതെ വിളിക്കാൻ പോയത്… അവർക്ക് ദേഷ്യം കൂടിയിട്ടുണ്ടാവില്ലേ ‘

”അപ്പോൾ ഞാൻ വിളിക്കേണ്ടിയിരുന്നില്ലേ? ”

‘ വേണ്ടിയിരുന്നില്ല…. പ്രതീക്ഷ കൊടുക്കരുത് ആർക്കും…ഡോക്ടർ വരുമെന്നോർത്താവും അവരിപ്പോൾ ഇരിക്കുന്നത് .. വരാതാവുമ്പോൾ എന്നെ പിന്നെയും തല്ലില്ലേ ‘

” ഞാൻ വരില്ലെന്ന് ഉത്തരയ്ക്ക് ഉറപ്പുണ്ടോ? ”

‘ ഇനി ഇങ്ങോട്ടേക്കില്ലെന്ന് പറഞ്ഞിട്ടല്ലേ പോയത്.. പിന്നെങ്ങനെയാ ”

” ഒരിക്കൽ കൂടി വരും ഞാൻ തന്നെ കാണാൻ…താൻ വരണ്ട എന്ന് പറഞ്ഞാൽ വരില്ലട്ടോ… ”

‘ വിശ്വസിച്ചോട്ടെ ഞാൻ, ഡോക്ടർ വരുമെന്ന്? ‘

”വരും… ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം.. എനിക്ക് കുറേ സംസാരിക്കാനുണ്ട് ”

‘മ്മ് ‘

ചിരിയോടെ ഫോൺ വെയ്ക്കുമ്പോൾ മറുവശത്തു ചിരിയോടെ അവളും നിൽക്കുന്നുണ്ടായിരിക്കാം എന്ന് നിനച്ചു ഞാൻ…

🕖🕖🕖🕖🕖🕖🕖🕖🕖🕖🕖🕖🕢🕖🕖

ബഹുത് പ്യാർ കർത്തി ഹേ തും കോ സനം…
ബഹുത് പ്യാർ കർത്തി ഹേ….. തും കോ സനം……

‘ ആരോടാഡാ മോനേ ഇത്രേം ബഹുത് പ്യാർ? ‘
“അത് ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴിക്ക് കാറിലെ എഫ് എമ്മിൽ നിന്ന് കേട്ടതാ..അല്ലാതെന്താ…അച്ഛന് ഈ ട്യൂൺ ഒക്കെ കേട്ടാൽ ഹിന്ദിപ്പാട്ടൊക്കെ മനസിലാകുവോ? ”

‘ എനിക്ക് എന്തായിരുന്നു ഡാ മോനേ ജോലി? ‘
” പട്ടാളത്തിൽ… ‘

‘ആ അതോർത്താൽ മതി… ഹിന്ദി കുറച്ച് മനസിലാവുന്നവർ വരെ ഹിന്ദി പാട്ട് ശ്രദ്ധിക്കും.. പിന്നല്ലേ ഹിന്ദി അരച്ച് കലക്കി കുടിച്ച ഞാൻ… ഒന്ന് പോടാ ചെക്കാ ‘

” അച്ഛാ, മോന് നല്ല ഇളക്കം ഉണ്ട്ട്ടോ.. ഒന്നെങ്കിൽ തളം വെക്കേണ്ടി വരും.. അല്ലേൽ പിടിച്ചു കെട്ടിക്കേണ്ടി വരും… ഓരോ കൂത്തൊക്കെ കാട്ടി തുടങ്ങിയിട്ടുണ്ട് ചെക്കൻ.. രാത്രി കൊഞ്ചലൊക്കെ കേൾക്കുന്നുണ്ടോ എന്ന് എനിക്കൊരു സംശയം “(അമ്മ )

” ഞാൻ ഇനി ഏതായാലും പെണ്ണ് കെട്ടില്ലമ്മേ… എനിക്ക് ഇത് മതി.. ”
( ‘ഇനി ‘ കെട്ടില്ല എന്നാ ഉദ്ദേശിച്ചത്.. ഓൾറെഡി കെട്ടിപ്പോയില്ലേ… ഈഈഈഈഈ)

‘ ഏത് മതിയെന്നാ ഡാ മോനേ? ‘(അച്ഛൻ )

“ഒന്നുല്ല… സമാധാനായിട്ട് കഴിക്കാനും സമ്മതിക്കൂലേ നിങ്ങളൊന്നും.. ഞാൻ പോവാ.. അർജെന്റ് ആയി ഒരു കോൾ വിളിക്കാനുണ്ട്.. ഗുഡ് നൈറ്റ്‌ ”

🕘🕘🕘🕘🕘🕘🕘🕘🕘🕘🕘🕘🕘🕘🕘

‘ഉത്തരാ..ഞാൻ വിളിക്കാം.. ഫോൺ എടുക്കണം.. ‘

മലയാളി ചോര ഉണ്ടോ.. രണ്ടു Mm മെസ്സേജ് ഉറപ്പാണ്…

📞ഉത്തരാ….

പറയ് ഡോക്ടർ…

📞കഴിച്ചോ ഡാ….

ഉവ്വ്.. ഡോക്ടർ വിളിക്കും എന്ന് എന്റെ മനസ് പറഞ്ഞു.. അതുകൊണ്ട് ഞാൻ നോക്കി ഇരിക്കുവായിരുന്നു…

📞വിളിച്ചില്ലായിരുന്നെങ്കിലോ….?

അറിയില്ല….

📞 പറയടോ… തന്റെ ജാൻ അല്ലേ ചോദിക്കുന്നത്…

ഡോക്ടർ എന്നെ അംഗീകരിക്കുമോ എന്നെങ്കിലും?..

📞 അംഗീകരിച്ചില്ലായിരുന്നെങ്കിൽ എന്റെ കോൾ നിന്നെ തേടി വരില്ലായിരുന്നു ഒരിക്കലും.. എന്റെ ഉള്ളിൽ ഇനി ഒരാൾക്ക് കൂടി സ്ഥാനമുണ്ടെങ്കിൽ അത് നിനക്ക് മാത്രമായി ഞാൻ ഒഴിച്ചിട്ട ഇടമാണ്..

എന്നെ സ്വീകരിക്കുവാൻ ഡോക്ടറുടെ വീട്ടുകാർക്ക് പറ്റുമോ?

📞ഞാൻ തനിക്കൊരു കഥ പറഞ്ഞു തരട്ടെ….

മ്മ്..

📞 പണ്ട് മുസി നദിക്കരയിലെ ഒരു ഗ്രാമത്തിലൂടെ നടന്നു പോകുമ്പോൾ ആ നാട്ടിലെ ഇസ്ലാം ആയ രാജാവ് ഒരു സുന്ദരിയെ കണ്ടുമുട്ടി..

ഒറ്റ നോട്ടത്തിൽ തന്നെ രാജാവിന് അവളെ ഇഷ്ടമായി.. പതിയെ അവളും രാജാവിനെ സ്നേഹിച്ചു തുടങ്ങി… അവർ പരസ്പരം വിവാഹം കഴിക്കാൻ ആഗ്രഹിച്ചു..

പക്ഷേ അവളൊരു സാധാരണ ഹിന്ദു കുടുംബത്തിലെ കുട്ടി ആയിരുന്നു.. അക്കാലത്തു ഹിന്ദുക്കളെ സംബന്ധിച്ച് ആറും കടലും കടക്കുന്നത് മരണതുല്യമായ ഒന്നാണ്..

അവർ ആ മതം ഉപേക്ഷിച്ചു വീടുമായി ഒരു ബന്ധവുമില്ലാത്തവരായി മാറുന്ന അനാചാരം…
രാജാവ് എന്ത് ചെയ്തും അവളെ വിവാഹം കഴിക്കാൻ തയ്യാറായിരുന്നു…

അവളുടെ ഗ്രാമത്തിനു ചുറ്റും മുസി നദിക്കരയിൽ ഒരു നഗരം തന്നെ അദ്ദേഹം വാർത്തെടുത്തു…

അവർ വിവാഹം ചെയ്തു… ശേഷം അവളെ ഹൈദർ മഹൽ എന്ന് സ്നേഹത്തോടെ വിളിച്ചു…

ആ നഗരം അവളുടെ പേരിൽ അറിയപ്പെടുന്നു ഇന്നും.. ഹൈദരാബാദ് .. .. പ്രണയത്തിനു വേണ്ടി ഇത്രയും ചെയ്ത അവർ ആരൊക്കെ ആണെന്ന് അറിയുമോ ഉത്തരയ്ക്ക്?

‘ മ്മ്.. കേട്ടിട്ടുണ്ട്… ഖുലി കുത്തബ് ഷായും ഭാഗമതിയും അല്ലേ… ‘

📞അതേ.. പെട്ടെന്ന് വീട്ടിൽ റാണി ആക്കി സ്വീകരിക്കും എന്നൊരു ഉറപ്പ് തരില്ല ഞാൻ…എങ്കിലും എന്റെ ഇടംകൈയ്യോട് ചേർത്ത് പിടിച്ചു നിന്നെ മാത്രമേ ഞാൻ ഈ വീട്ടിലേക്ക് കൊണ്ട് വരുള്ളൂ…

‘ഡോക്ടർ…… ‘

📞പറയ് ഉത്തരാ

എനിക്കൊന്ന് കാണണം…

📞എപ്പോൾ..

ഇപ്പോൾ എന്ന് പറയണമെന്നുണ്ട്… പക്ഷേ പറ്റില്ലല്ലോ.. എത്രയും പെട്ടന്ന്….

📞ലീവ് ഒക്കെ ശരിയാക്കിയിട്ട് ഞാൻ വരാം.. കുറച്ച് കൂടി ഒന്ന് ക്ഷമിക്കാൻ പറ്റില്ലേ…

‘ മ്മ്…. ‘

(ബാക്കി ഞാൻ കേട്ടില്ല.. ഇത് തന്നെ ഒളിഞ്ഞു കേട്ടതാ )

🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞

രാവിലെ എണീറ്റത് തന്നെ അവളുടെ ഒരു ഓഡിയോ മെസ്സേജ് സൗണ്ട് കേട്ടിട്ടാണ്..
അവളുടെ അമ്മ വെളുപ്പിന് മുറിയിൽ വന്ന് അവളോട് പറഞ്ഞത്രേ എന്നെ സൂക്ഷിക്കണം എന്ന്.. അവർക്ക് ജീവിതത്തിൽ പറ്റിയ അബദ്ധം മകൾക്ക് കൂടി വരരുതെന്ന്..

അവളുടെ അമ്മ ബാബയെ ഡൽഹിയിൽ വെച്ച് പഠിക്കുന്ന കാലത്ത് പരിചയപ്പെട്ടതാണത്രേ…

പ്രണയം പടർന്നു പന്തലിച്ചു രണ്ടു പേരും കൂടി ഒളിച്ചോടി.. അയാളുടെ വീട്ടിൽ ചെന്നു കയറിയപ്പോൾ ആണ് അമ്മ അറിയുന്നത് അയാൾക്ക് വേറൊരു ഭാര്യ ഉണ്ടെന്നും..

അതിൽ വേറെ മക്കളുണ്ടെന്നും… വീട്ടുകാരെ ഉപേക്ഷിച്ചു വന്നതായത് കൊണ്ട് തിരിച്ചു ചെല്ലാൻ അവർക്കൊരു ഇടം ഉണ്ടായിരുന്നില്ല..

ആ വലിയ വീട്ടിൽ രണ്ടാം ഭാര്യയായിട്ടാണ് കഴിഞ്ഞ വർഷം ആദ്യ ഭാര്യ മരിക്കും വരെ അവർ ജീവിച്ചത്…അവരുടെ അനുജൻ ആയിട്ടായിരുന്നു ഉത്തരയുടെ വിവാഹം ഉറപ്പിച്ചത്…

അയാൾ നല്ലതല്ലെന്ന് പലവട്ടം ഉത്തരയുടെ അമ്മ ബാബയോട് പറഞ്ഞതാണത്രേ.. പക്ഷേ ആദ്യ ഭാര്യയുടെ ആഗ്രഹം നിറവേറ്റാതിരിക്കാൻ അയാൾക്ക് മനസ് വന്നില്ല..

അയാൾക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അവൾ പറഞ്ഞിട്ട് പോലും അവർ അംഗീകരിക്കാതിരുന്നത് അതാണ്‌…

പിന്നെ ആദ്യത്തെ പെൺകുട്ടി ആയത് കൊണ്ട് തന്നെ ഉത്തരയ്ക്ക് ശേഷം ഇനി ഒരു കുഞ്ഞു വേണ്ടെന്ന് ബാബാ തീരുമാനിച്ചത്രെ…

പെൺകുട്ടികൾ ഉണ്ടാവുന്നത് കുടുംബം നശിച്ചു തുടങ്ങുമ്പോൾ ആണെന്ന് ആൺകുട്ടികളെ പ്രസവിച്ച ആദ്യ ഭാര്യയുടെ സാരാംശം..

അതുകൊണ്ട് അവളുടെ അമ്മയ്ക്ക് ആ വീട്ടിൽ അവകാശപ്പെട്ടത് എന്ന് പറയാൻ അവൾ മാത്രേ ഉള്ളു…

ഞാൻ അവളുടെ കാമുകൻ ആണെന്ന് അറിഞ്ഞു സന്തോഷിച്ചിരുന്നു അവർ…

പക്ഷേ ഞാൻ ചെല്ലാതിരുന്നപ്പോൾ ഭയം കൂടി അവർക്ക്, മകളും ചതിക്കുഴിയിൽ വീണോ എന്നോർത്ത്…

ദുഃഖപുത്രി എന്നൊക്കെ പറഞ്ഞാൽ ഉത്തരയാണെന്ന് എനിക്ക് തോന്നി.. എല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാൻ വിധി ഉണ്ടാകാത്തവൾ…

പക്ഷേ എനിക്ക് അവളുടെ നാട്ടിൽ, അവളെ കരയിച്ചവരുടെ മുന്നിലൂടെ അവളെ ചേർത്തു പിടിച്ചു നടക്കണം…സന്തോഷം കൊണ്ട് അവളുടെ അധരവും വദനവും നിറയ്ക്കണം..

” നീയൊരാമ്പലായി, എൻ മുന്നിൽ വിരിഞ്ഞു നില്കുമെങ്കിൽ പുലരുവോളം നിനക്ക് ചുറ്റും എന്നെ നിറച്ച് നിലാവായ് ഞാൻ തളരാതിരിയ്ക്കാം… ”

നിമിഷാർദ്ധങ്ങൾ പോലും വേണ്ട പ്രണയം ഉടലെടുക്കാൻ…

എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവ്..

അവൾക്കായി ഓഡിയോക്ക് പകരമായൊരു ഓഡിയോ തന്നെ അയച്ചു…

” എനിക്കും എന്റെ വീട്ടുകാർക്കും പെൺകുട്ടികൾ ഒരു ശകുനപ്പിഴ അല്ല ഉത്തരാ… അവിടെ ഉള്ളവരെ പോലെ അല്ല ഇവിടെ ഞങ്ങളാരും…

അമ്മിയോട്‌ പറയണം ഞാൻ വരുമെന്ന്.. എന്നെ വിശ്വസിക്കരുതെന്ന് പറഞ്ഞ നാവ് കൊണ്ട് തന്നെ ആസാദ് അത് തിരുത്തിക്കും… അതിനായി വരുന്നുണ്ട് ഞാൻ… കാത്തിരിക്കൂ… ”

എന്നിൽ പ്രണയത്തിന്റെ പൂപ്പന്തൽ തീർത്തവളേ… നിന്നിലേക്ക് ആസാദ്‌ വരും, നീ പോലും പ്രതീക്ഷിക്കാത്ത നേരത്ത്, നിനക്കായ്… സിഖ് മണ്ണിലേക്ക്… നിന്നെ സ്വന്തമാക്കാൻ…

അവളുടെ ബാബാ ഇടഞ്ഞു നിൽക്കുന്ന സ്ഥിതിക്ക് അതൊരു ഗോദ തന്നെ ആയിരിക്കും എന്നറിഞ്ഞുകൊണ്ട് തന്നെ..

ഇനി പഞ്ചാബിൽ വെച്ച് കാണാം.

തുടരും….

ആനന്ദ് കാരജ് : ഭാഗം 1

ആനന്ദ് കാരജ് : ഭാഗം 2