Saturday, January 18, 2025
Novel

അനാഥ : ഭാഗം 9

എഴുത്തുകാരി: നീലിമ

ഇക്കാലത്തു കുറച്ചു കൂടി ബോൾഡ് ആകണം… എന്തും നേരിടാനുള്ള കരുത്തു വേണം. കുഴപ്പമില്ല… ഞാൻ ശെരിയാക്കിയെടുത്തോളാം. അദ്ദേഹം എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു… എന്നാൽ പിന്നെ നിനക്ക് കീർത്തിയെ കെട്ടിയാ പോരായിരുന്നോ? അവളാകുമ്പോ നല്ല ബോൾഡല്ലേ???… മുത്തശ്ശി ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് നല്ല ദേഷ്യം…. ദേ മുത്തശ്ശി.. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ ? ഞാൻ കീർത്തി ആരാണെന്നുള്ള അർത്ഥത്തിൽ മുത്തശ്ശിയെ നോക്കി…

കീർത്തി ആരാന്നാവും മോള് ചിന്തിക്കുന്നതല്ലേ? കീർത്തി ഇവന്റെ മുറപ്പെണ്ണാണ്… അന്നിവിടെ വന്നില്ലേ? എന്നെ കൊണ്ട് വിടാൻ… എന്റെ മകൻ, ശ്രീ രാമൻ.. എന്റെ മോനായോണ്ട് പറയുകയല്ല കേട്ടോ ? അത്യാഗ്രഹത്തിനു കയ്യും കാലും വച്ച സാധനമാ… അവന്റെ മകളാണ് കീർത്തി .. രണ്ട് മക്കളാ അവനു. കീർത്തിയും കാർത്തിക്കും.. കീർത്തി എഞ്ചിനീയറിംഗ് കഴിഞ്ഞ് ടെക്നോപാർക്കിൽ വർക്ക്‌ ചെയ്യുന്നു. കാർത്തികിനും മഹിയെ പോലെ ബാങ്കിലാണ് ജോലി… കീർത്തിയെ ഇവനെക്കൊണ്ട്‌ കെട്ടിക്കണം എന്നായിരുന്നു രാമന്…

പക്ഷെ ഇവന് അതിഷ്ടമല്ലായിരുന്നു… ഭയങ്കര മോഡേൺ ആണ്.. മുടി തോളറ്റം വെട്ടി, മുട്ടോളം എത്തുന്ന ഒരു കുഴലും ഇട്ടോണ്ട് നടക്കും…..എനിക്ക് കാണുമ്പഴേ ഓക്കാനം വരും. ഇവന് ഇഷ്ടമല്ലന്നു പറഞ്ഞതിന്റെ വാശിയില് അവൾക്ക് ഒരു ഡോക്ടർ ചെറുക്കനെ രാമൻ കണ്ടുപിടിച്ചു. ഇവനോടുള്ള വാശി ! അവര് ചോദിച്ച 101 പവനും കാറും പൈസേം ഒന്നും കൊടുക്കാൻ രാമന്റെ കയ്യിൽ ഇല്ലായിരുന്നു. അതിനും അവൻ വഴി കണ്ടെത്തിയിരുന്നു. കാർത്തിടേ ബാങ്കിലെ മാനേജർക്ക് അവനെ വലിയ ഇഷ്ടമായിരുന്നു.

മോൾക്ക് വേണ്ടി അവനെ ചോദിക്കുകേം ചെയ്തു. അവരാണെങ്കിൽ വലിയ പണച്ചാക്കുകൾ… പണം കണ്ടാൽ അല്ലെങ്കിലും മാമൻ മൂക്കും കുത്തി വീഴും…. മഹിയേട്ടൻ ചിരിച്ചു ഞാനാണെങ്കിൽ ഒരു കഥ കേൾക്കുന്ന സുഖത്തിൽ കേട്ടിരിക്കുകയാണ്. വേണിന്നാ ആ കുട്ടീടെ പേര്. കാർത്തികിന് കിട്ടുന്ന സ്ത്രീധനം കൊണ്ട് മകളുടെ കല്യാണം നടത്താം എന്നായിരുന്നു രാമന്റെ പ്ലാൻ. കീർത്തിടേ കല്യാണത്തിന് 2 മാസം മുന്നേ കാർത്തി മോന്റെ കല്യാണം നടത്തി. അതിന് താങ്ങാൻ വയ്യാത്ത അത്ര ആഭരണങ്ങളും കൊണ്ടാണ് ആ കുട്ടി വന്നത്.

വന്നു കയറി 1മാസം ആകുന്നേനു മുന്നേ അവളുടെ കുറേ ആഭരണങ്ങളും കാശും ഒക്കെ വാങ്ങി… കീർത്തിടേ കല്യാണത്തിന് വേണ്ടിയാണെന്ന് പറഞ്ഞപ്പോ അത് സന്തോഷത്തോടെ കൊടുത്തു.. കീർത്തിടേ കല്യാണത്തിന്റെ മുഴുവൻ ചിലവും ആ കുട്ടിടെന്നു പിടിച്ചു വാങ്ങാൻ നോക്കിയപ്പോ അതിന് മനസിലായിട്ടുണ്ടാവും കാശായിരുന്നു , പെണ്ണല്ല ഇവർക്ക് വേണ്ടിയിരുന്നതെന്ന്…..എന്നിട്ടും ആ കുട്ടി ക്ഷമിച്ചു. പിന്നേം പിന്നേം പലതും പറഞ്ഞു കാശ് വാങ്ങാൻ തുടങ്ങി… ചോദിച്ചു കാശ് കിട്ടാതാകുമ്പോ ദേഷ്യപ്പെടാൻ തുടങ്ങി.

എല്ലാത്തിനും കാർത്തിക്കും മൗന സമ്മതം കൊടുത്തപ്പോൾ ആ കൊച്ചു തകർന്നു പോയിക്കാണും….അവനെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ ആ കുട്ടി പോകില്ലായിരുന്നു…. അവനാണെങ്കിൽ അച്ഛൻ പറഞ്ഞാൽ അതിനപ്പുറമില്ല… അത് നല്ലതാ. മാതാപിതാക്കൾ പറയുന്നത് മക്കൾ അനുസരിക്കണം. പക്ഷെ, പറയുന്ന കാര്യം നല്ലതാണോ എന്ന് കൂടി നോക്കണ്ടേ? 1 1/2 മാസം തികയും മുൻപേ ആ കുട്ടി അതിന്റെ വീട്ടിൽ പോയി ഡിവോഴ്സ് ആവശ്യപ്പെട്ടു. ഇതൊക്കെ എങ്ങനെയോ അറിഞ്ഞു കീർത്തിയുടെ കല്യാണോം മുടങ്ങി…

അച്ഛന്റെ അത്യാഗ്രഹോം കുരുട്ടു ബുദ്ധീം കാരണം രണ്ട് മക്കളുടേം ഭാവി തുലാസിൽ ആയീന്നു പറഞ്ഞാ മതിയല്ലോ? സ്ത്രീധനമൊക്കെ നിർത്തലാക്കിയില്ലെങ്കിൽ ഇത് പോലുള്ള രാമന്മാർ കുറേ പെൺമക്കളുടെ ജീവിതം കൂടി തുലയ്ക്കും…. ശരിയാണെന്നുള്ള അർത്ഥത്തിൽ അമ്മ തലയാട്ടുന്നത് കണ്ടു. കീർത്തിക്ക് ഇപ്പോഴും ഇവന്റെ മേലൊരു കണ്ണുണ്ടെന്നാ എനിക്ക് തോന്നുന്നത്… അച്ഛൻ കള്ളച്ചിരിയോടെ പറഞ്ഞു. മഹിയേട്ടൻ ദേഷ്യത്തിൽ അച്ഛനെ നോക്കി ദേ അച്ഛാ, രാവിലെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.

അതിനെ കാണുന്നതേ എനിക്ക് കാലിയാ.. മുഖം കണ്ടാൽ വീടിനു വെള്ള അടിച്ചത് പോലിരിക്കും. (അതെന്തൊന്നു? എന്ന ഭാവത്തിൽ നിൽക്കുന്ന എന്നോട് മുത്തശ്ശി പറഞ്ഞു.. ) മേക്കപ്പിന്റെ കാര്യമാ മോളെ…. ഓഹ്… ഞാൻ ചിരിച്ചു. ഡാ… മുത്തശ്ശിടെ പൊട്ട കഥേം കേട്ടോണ്ടിക്കാതെ പോയി കുളിക്ക്.. വാ മോളെ.. അമ്മ എന്നെ വിളിച്ചു. ഇന്ന് പോകണ്ടാന്നു വിചാരിക്കയാണമ്മേ… അതെന്താ? എന്തായാലും ലേറ്റ് ആയി. എനിക്ക് ഒരാളിനെ കാണാനുണ്ടായിരുന്നു. ഈ സാറ്റർഡേ ബാങ്ക് അവധി അല്ലേ?

അന്ന് പോകാമെന്നാ കരുതിയെ… ഇനിയിപ്പോ ഇന്ന് പോകാം… ബ്രേക്ഫാസ്റ് കഴിച്ചിട്ട് ഇറങ്ങാം…. അദ്ദേഹം മുകളിലേയ്ക്ക് പോയി.. ഞങ്ങൾ അടുക്കളയിലേയ്ക്കും… ബ്രേക്ഫാസ്റ് കഴിഞ്ഞ്, പാത്രങ്ങൾ ഒക്കെ കഴുകി വയ്ച്ചു കഴിഞ്ഞ് ഞാൻ വാഷ് ചെയ്യാനുള്ള ഡ്രസ്സ്‌ എടുക്കാൻ റൂമിലേയ്ക്ക് പോയി… മഹിയേട്ടൻ പുറത്തു പോകാനായി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു നിൽക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെന്നു. മഹിയേട്ടാ…. മ്മ്… എന്താടോ? റോയി സാറിനെക്കുറിച്ച് ഇനി ഒന്നും അറിയാൻ കഴിയില്ല അല്ലേ?

അദ്ദേഹം കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല . പിന്നെ എന്നെ കട്ടിലിൽ പിടിച്ചിരുത്തി. എന്റെ കൈ ആ കൈക്കുള്ളിൽ വയ്ച്ചു മുറുകെ പിടിച്ചു… നിമ്മീ… ഞാൻ പറയുന്നത് താൻ ക്ഷമയോടെ കേൾക്കണം. റോയി ജീവനോടെയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല…. റോയിയെ ജീവനോടെ നിർത്തേണ്ട എന്താവശ്യമാണ് അരുണിനുള്ളത്? അവന്റെ ലക്ഷ്യം തന്റെ കണ്ണീരായിരുന്നു… അതിനു ഏറ്റവും നല്ല മാർഗം റോയിയുടെ ജീവനെടുക്കുക എന്നുള്ളതാണ്. റോയിയുടെ ബോഡി, അത് മാത്രമായിരുന്നു എന്റെ സംശയം…

പിന്നെ ആലോചിച്ചു അത് പുറത്തു കാണിക്കാതിരിക്കുന്നതല്ലേ അവനു സേഫ്? അത് അവൻ നശിപ്പിച്ചിട്ടുണ്ടാവും… മിസ്സിംഗ്‌ കേസ് വരെ അവൻ ഒതുക്കിയതല്ലേ? തന്നോട് ഇതൊക്കെ പറയാൻ ഞാൻ പല തവണ ആലോചിച്ചതാണ്… തന്റെ പ്രതീക്ഷ കണ്ടപ്പോ പറയാനായില്ല. അരുണിൽ നിന്നും താൻ എല്ലാം നേരിട്ട് കേൾക്കട്ടെന്നു കരുതി. അതിനും കഴിഞ്ഞില്ല. ഇപ്പൊ ഞാൻ ഇത് പറയുന്നത് താൻ ഇനിയും പ്രതീക്ഷ വച്ചു പുലർത്താതിരിക്കാനാണ്. സത്യം താൻ ഉൾക്കൊണ്ടേ മതിയാകൂ….

മഹിയേട്ടന്റെ വാക്കുകൾ കേട്ട് മരവിച്ചിരിക്കുകയായിരുന്നു ഞാൻ…. താൻ കാരണമാണ് റോയിക്ക് ആപത്തുണ്ടായതെന്ന ചിന്തയാണ് തന്നെ വിഷമിപ്പിക്കുന്നത്.. അങ്ങനെ ചിന്തിക്കേണ്ടടോ… എല്ലാം ഈശ്വര നിശ്ചയമാണ്… റോയിയുടെ വിധി അതായൊരുന്നു… അയാൾക്ക് അത്രേ ആയുസ്സുള്ളൂ…..അങ്ങനെ ആശ്വസിക്കു… താൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്‌തിട്ടില്ല… എന്നാലും മഹിയേട്ടാ???? ഞാൻ കരഞ്ഞു പോയി…. മഹിയേട്ടൻ എന്നെ ചേർത്തു പിടിച്ചു … മുടിയിൽ പതിയെ തടവി…. കരയല്ലേ നിമ്മീ… സത്യം പലപ്പോഴും ക്രൂരമാണ്…. പക്ഷെ നമ്മൾ അത് ഉൾക്കൊണ്ടല്ലേ പറ്റുള്ളൂ….

ഇനിയും പ്രതീക്ഷിക്കുന്നതിൽ അർഥമില്ല അതാ ഞാൻ ഇത്രയും തന്നോട് പറഞ്ഞത്… (ശരിയാണ് മഹിയേട്ടൻ പറഞ്ഞത്… പക്ഷെ, റോയി സർ… എനിക്കത് ഓർക്കാനേ കഴിയുന്നില്ല. അദ്ദേഹം ജീവനോടെയില്ല എന്നുള്ള തിരിച്ചറിവ് തെല്ലൊന്നുമല്ല എന്നെ വേദനിപ്പിച്ചത്… ഞാൻ കാരണം ആ നല്ല മനുഷ്യൻ ജീവിതം പകുതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നില്ലേ? എന്തൊരു പാപിയാണ് ഞാൻ…??? ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ) മഹിയേട്ടന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കരയുമ്പോൾ എന്റെ മനസ്സിൽ റോയി സാറിന്റെ രൂപം തെളിഞ്ഞു വന്നു…

അതിന് ക്രിസ്തു ദേവന്റെ മുഖമായിരുന്നു… ക്രൂശിലേറ്റപ്പെടുമ്പോഴും മറ്റുള്ളവർക്കായി പ്രാർത്ഥിച്ച ആ വിശുദ്ധന്റെ മുഖം ! ഇല്ല… റോയി സാർ മരിച്ചിട്ടില്ല…. അദ്ദേഹം തിരികെ വരും… അപ്പോഴും അങ്ങനെ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം… എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല… മഹിയേട്ടൻ എന്റെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു. എന്തൊക്കെയോ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുന്നുണ്ട്… അതൊന്നും എന്റെ മനസിന്‌ ആശ്വാസം തന്നില്ല എന്ന് മാത്രം. കരയുകയായിരുന്നു ഞാൻ…. നിശബ്ദമായി…. നിമ്മീ….. ഈറൻ മിഴികളോടെ ഞാൻ അദ്ദേഹത്തെ നോക്കി… കരയരുത്….

ഇനി ഈ കണ്ണുകൾ നിറയരുത്… ഞാൻ അതിന് അനുവദിക്കില്ല…. മഹിയേട്ടൻ എന്റെ കണ്ണുകൾ തുടച്ചു. താൻ എന്താ എന്നെ കുറിച്ച് ആലോചിക്കാത്തത്? താൻ കരയുമ്പോൾ ഞാൻ എത്ര വിഷമിക്കുന്നുന്നു തനിക്ക് അറിയാമോ? അതോ ഞാൻ സന്തോഷിക്കുന്നുണ്ടെന്നു കരുതുന്നുണ്ടോ? ഞാൻ തല കുനിച്ചിരുന്നു… റോയിയും അപ്പുവും തനിക്ക് തീരാ വേദന തന്നെയാണെന്ന് എനിക്കറിയാം… എനിക്കും അങ്ങനെ തന്നെയാണ്…. തന്റെ വിഷമങ്ങൾ എന്റേത് കൂടിയല്ലേ? അത് കൊണ്ടാണ് എങ്ങനെയും അവരെ കണ്ടെത്താൻ നോക്കുന്നത്…

റോയിയെ കണ്ടെത്താനാകും എന്നെനിക്ക് തോന്നുന്നില്ല… പക്ഷെ അപ്പു, അവനെ ഞാൻ കണ്ടെത്തും… എങ്ങനെയും…. അദ്ദേഹം എന്റെ കൈ പിടിച്ചു എനിക്ക് വാക്ക് തരും പോലെ പറഞ്ഞു. താൻ അവരെക്കുറിച്ച് മാത്രം ചിന്തിച്ചാൽ പോരാ… തന്റെ ചുറ്റുമുള്ള ഞങ്ങളെക്കുറിച്ചു കൂടി ചിന്തിക്കണം. താൻ കരയുമ്പോൾ ഞങ്ങളൊക്കെ എത്ര വിഷമിക്കുന്നുന്നു തനിക്കറിയുമോ? മഹിയേട്ടൻ എന്റെ മുഖം പിടിച്ചുയർത്തി… തന്റെ ഈ കണ്ണുനീര് എന്റെ ഹൃദയത്തിലാണ് കൊള്ളുന്നത്… അതെന്നെ വല്ലാതെ പൊള്ളിക്കുന്നുണ്ട്….. ആ കണ്ണുകൾ നിറഞ്ഞു വന്നു…. ഞാൻ ആ കണ്ണുകളിലേയ്ക്ക് നോക്കി.

കണ്ണുനീരിനിടയിൽ ആ കണ്ണുകളിൽ ഞാൻ കണ്ടത് എന്നെ തന്നെ ആയിരുന്നു… ആ ഹൃദയം മുഴുവൻ ഞാനാണെന്ന് തോന്നി… എന്റെ എല്ലാ വിഷമങ്ങളെയും ഇല്ലാതാക്കാൻ ശക്തിയുണ്ടായിരുന്നു ആ തോന്നലിനു…….. ഞാൻ അദ്ദേഹത്തിനെ നോക്കി പുഞ്ചിരിച്ചു…. അദ്ദേഹം എന്നെ ചേർത്ത പിടിച്ചു… എന്നും ഈ ചിരി ഉണ്ടാകണം… അതാണെനിക്കിഷ്ടം…. ഞാൻ ഒരു നിമിഷം കണ്ണുകളടച്ചു ദൈവത്തിനു നന്ദി പറഞ്ഞു… എന്നെ ഇത്രയധികം മനസിലാക്കുന്ന മഹിയെട്ടനെ എനിക്ക് തന്നതിന്…..

ഞാൻ ഇന്നൊരു ഭാര്യയാണ്… മരുമകളാണ്… ഒരു നിമിഷം പോലും അത് മറന്നു പോകരുത്… എന്റെ വിഷമങ്ങൾ ചുറ്റുമുള്ളവരെ വേദനിപ്പിക്കരുത്… ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു…. ഡോ…. മ്മ്… താൻ എന്തിനാ ഇങ്ങോട്ട് വന്നത്..??? വാഷ് ചെയ്യാൻ ഡ്രസ്സ്‌ എടുക്കാൻ.. എന്നിട്ട് എടുത്തോ??? ഞാൻ ചമ്മിയ ചിരിയോടെ അദ്ദേഹത്തെ നോക്കി ഇല്ല എന്ന് തലയാട്ടി…. മിടുക്കി… അതിന് കരച്ചില് തീർന്നിട്ട് വേണ്ടേ? അല്ലേ? എന്നാലേ എന്റെ നിമ്മീ മോള് വേഗം തുണികളൊക്കെ അലക്കു… വൈകിട്ട് നമുക്ക് പുറത്തു പോകാനുള്ളതാ…

അതിന് മുൻപ് പണിയൊക്കെ തീർക്കണം കേട്ടോ? ഞാൻ ചിരിയോടെ തലയാട്ടി… പോകാനായി എഴുന്നേറ്റു… ഡോ… തന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്…. ഇപ്പോഴാണ് ഓർത്തത്… എന്താ മഹിയേട്ടാ.? എന്റെ ഒരു സുഹൃത്ത് ips ആണെന്ന് പറഞ്ഞില്ലേ? അവനെ കാണാനാ ഞാൻ പോകുന്നത്. സാറ്റർഡേ പോകാമെന്നാ കരുതിയെ. പിന്നെ ഇന്നാകാമെന്നു തോന്നി…. ശുഭസ്യ ശീഘ്രം എന്നാണല്ലോ?? ഒന്ന് നിർത്തി വീണ്ടും പറഞ്ഞു.. ഞാൻ അവനെ കാണാൻ പോകുന്നത് അപ്പുനെക്കുറിച്ച് സംസാരിക്കാനാ….

ഞാൻ കണ്ണ് മിഴിച്ചു അദ്ദേഹത്തെ നോക്കി…. അപ്പുനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ? ഇല്ല.. അത് സംസാരിക്കാനാ പോകുന്നത്. തന്റെ അച്ഛനോടൊപ്പമാണ് അപ്പു പോയതെന്നല്ലേ പറഞ്ഞത്? അതേ… അങ്ങനെയാണ് ഫാദർ പറഞ്ഞത്… മ്മ്… തന്റെ നാട്ടിലേക്കാവും… അല്ലേ? അറിയില്ല മഹിയേട്ടാ… അച്ഛനെ എനിക്ക് ഇപ്പോഴും വിശ്വാസമില്ല… മ്മ്… ശരിക്കും നിങ്ങളുടെ നാടെവിടെയാ? തൃപ്പൂണിത്തുറ… അവിടെ? കൃത്യമായി പറയാൻ എനിക്കറിയില്ല… അവിടെ പൂർണത്രയേശന്റെ അമ്പലമുണ്ട്.

ഇടയ്ക്ക് ഞങ്ങൾ അവിടെ തൊഴാൻ പോകുന്നത് ഓർമ്മയുണ്ട്.അത്രേ അറിയൂ മഹിയേട്ടാ… ഞാൻ കുഞ്ഞായിരുന്നില്ലേ? ഇപ്പൊ ഒന്നും ഓർമ്മയില്ല. അമ്പലത്തിനു വളരെ അടുത്താണോ? അല്ല, ബസ്സിലാണ് സാധാരണ പോകാറ്. കുറച്ചു ദൂരെയാണെന്നാണ് ജാനമ്മ പറഞ്ഞത്. എത്ര ദൂരമാണെന്ന് അറിയില്ല… ജാനമ്മ? ഞാൻ ആദ്യം ജോലിക്ക് നിന്നിരുന്ന വീട്ടിലെ ജോലിക്കാരി… മ്മ് ….അത് മനസിലായി. അവർക്കെങ്ങനെ തന്റെ വീടറിയാം? ഞാൻ പറഞ്ഞില്ലേ മുത്തിയമ്മ? മുത്തിയമ്മേടെ മകളെ കല്യാണം കഴിച്ചത് ജാനമ്മേടെ മകനാണ്.. ഒരിക്കൽ ഓർഫനേജിൽ എന്നെ കാണാൻ വന്നപ്പോ ആ ചേച്ചിയെയും കൊണ്ട് വന്നു..

അങ്ങനെയാ അറിയാൻ കഴിഞ്ഞത്… ആ ചേച്ചിയാണ് എന്റെ കാര്യങ്ങൾ മുഴുവൻ ജാനമ്മേ അറിയിച്ചത്. ആഹാ… അവരിപ്പോ എവിടെയുണ്ട്? അവരോടു ചോദിചാൽ തന്റെ പഴയ അഡ്രസ് കറക്റ്റ് ആയി അറിയാൻ കഴിയും അല്ലേ?? അവരിപ്പോ നാട്ടിൽ ഇല്ല മഹിയേട്ടാ… ജാനമ്മേടെ മകന് കുവൈറ്റിൽ ജോലി കിട്ടി.. ചേച്ചിക്കും കൂടെ പോയെ തീരു.. അവരാണെങ്കിൽ പ്രെഗ്നന്റും…. ഒറ്റയ്ക്ക് വിടാൻ പറ്റാത്തൊണ്ട് ജാനമ്മേം കൂടെ പോയി… ഇടയ്ക്ക് നാട്ടിൽ വരുമ്പോ വരാമെന്ന പറഞ്ഞിരുന്നേ.. അപ്പോഴല്ലേ അരുണിന്റെ പ്രശ്നം ഉണ്ടായേ. ഞാൻ ടീച്ചറമ്മേടെ അടുത്ത് വന്നേ… പിന്നെ കാണാൻ പറ്റീല്ല.

ഒഹ് ! അപ്പൊ ആ പ്രതീക്ഷേം പോയി…. മഹിയേട്ടൻ നിരാശയോടെ താടിക്ക് കയ്യും കൊടുത്തിരുന്നു. പഴയ കാര്യങ്ങൾ ഓർക്കാൻ തന്നെ എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് കൂടുതലൊന്നും ഞാനും അന്വേഷിച്ചില്ല… അന്ന് ആ ചേച്ചി എന്തൊക്കെയോ പറയാൻ തുടങ്ങിയതാ ഞാനാണ് വിലക്കിയത്… വേണ്ടായിരുന്നു എന്ന് തോന്നുവാ ഇപ്പൊ.. അതൊക്കെ അന്ന് അറിഞ്ഞിരുന്നെങ്കിൽ ഇന്ന് എന്റെ അപ്പുനെ കണ്ടെത്താൻ ഉപകാരപ്പെട്ടേനെ…. എനിക്ക് വല്ലാത്ത നിരാശ തോന്നി… നിങ്ങൾ തൃപ്പുണിത്തുറ വന്നു താമസിച്ചതാണോ?

അതോ അച്ഛന്റെയോ അമ്മയുടേയോ തറവാട് അവിടെ ആയിരുന്നോ?? അങ്ങനെ എന്തെങ്കിലും തനിക്ക് അറിയുയോ? അച്ഛന്റേം അമ്മേടേം വീട് തിരുവനന്തപുരത്തു ആയിരുന്നു.. എവിടെയാണ് എന്ന് അറിയില്ല. അമ്മേടെ തറവാട്ടുകാര് പഴയ ജന്മിമാരായിരുന്നു അത്രേ… അമ്മേടെ തറവാട്ടിൽ മുത്തച്ഛന്റെ ഡ്രൈവർ ആയിട്ട് വന്നതാ അച്ഛൻ…..അമ്മയും മുത്തശ്ശിയും സ്ഥിരമായി കാറിൽ ആണ് അമ്പലത്തിൽ പോകുമായിരുന്നത്. അങ്ങനെ അമ്മേം അച്ഛനും ഇഷ്ടത്തിലായി……

മുത്തച്ഛൻ എങ്ങനെയോ കാര്യങ്ങൾ അറിഞ്ഞു.. അച്ഛനെ പറഞ്ഞു വിട്ടു… ആയിടയ്ക്കാണ് മുത്തച്ഛൻ അറ്റാക്ക് വന്നു മരിക്കുന്നത്. അതോടെ തറവാടിന്റെ ഭരണം ചിറ്റപ്പനായി…. സ്വത്തുക്കൾ സ്വന്തമാക്കുകയായി ചിറ്റപ്പന്റെ ലക്ഷ്യം. അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം ചിറ്റപ്പൻ അറിഞ്ഞു.. അമ്മയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് അച്ഛനോടൊപ്പം വിട്ടു. അമ്മ ഒറ്റ മകളായിരുന്നു. അമ്മ പോയാൽ സ്വത്തുക്കൾ മുഴുവൻ ചിറ്റപ്പന് കിട്ടുമല്ലോ?

ആദ്യം അച്ഛനോടൊപ്പം വീട്ടുകാരെ വിഷമിപ്പിച്ചു പോകാൻ അമ്മ വിസമ്മതിച്ചൂന്നും ചിറ്റപ്പൻ എന്തൊക്കെയോ പറഞ്ഞു കൊടുത്തു മനസ്സ് മാറ്റിയാണ് അമ്മയെ പറഞ്ഞു വിട്ടതെന്നും ഒക്കെ മുത്തിയമ്മ പറഞ്ഞു…. ഈ കഥകളൊക്കെ മുത്തിയമ്മയാ എന്നോട് പറഞ്ഞത്…. എനിക്ക് 6-7വയസുള്ളപ്പോൾ…. പിന്നെ അമ്മ അച്ഛനോടൊപ്പമായിരുന്നു. അച്ഛന് സ്വന്തമായി കുറച്ചു സ്ഥലം ഉണ്ടായിരുന്നുന്നും അച്ഛൻ അവിടെ ഒറ്റയ്ക്കായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. കൂടുതലൊന്നും അച്ഛനെക്കുറിച്ച് അറിയില്ല.

പിന്നെ എന്തൊക്കെയോ കേസിൽ പെട്ട് ആ സ്ഥലം വിറ്റു. അച്ഛന്റെ ഒരകന്ന ബന്ധു തൃപ്പുണിത്തുറ ഉണ്ടായിരുന്നോണ്ട് അവിടെ പോയി കുറച്ചു സ്ഥലം വാങ്ങി. വീടും വയ്ച്ചു. അവിടെ ഡ്രൈവർ പണി ഒന്നും കിട്ടിയില്ല .അങ്ങനെ ആണ് റബ്ബർ ടാപ്പിങ് തുടങ്ങിയത് . ഒഹ് അപ്പൊ അങ്ങനെയാണ്… കൂടുതൽ ഒന്നും അറിയാൻ ഒരു മാർഗ്ഗവും ഇല്ല അല്ലേ? ഇതൊക്കെത്തന്നെ എനിക്ക് മുത്തിയമ്മയും മകളും പറഞ്ഞുള്ള അറിവാണ്. എത്രത്തോളം സത്യമുണ്ടെന്നറിയില്ല.

മുത്തിയമ്മ പറഞ്ഞത് കുറെയൊക്കെ എനിക്ക് ഓർമയുമില്ല…. മ്മ്… ഇതൊക്കെ വച്ചു വീട് കണ്ടെത്താനാകുമെന്നു എനിക്ക് തോന്നുന്നില്ല… പിന്നെ കിരൺ പോലീസ് അല്ലേ? അവനോട് പറയാം… അവന്റെ പോലീസ് ബുദ്ധി നമ്മൾ ചിന്തിക്കുമ്പോലെ അല്ലല്ലോ ചിന്തിക്കുക… എന്തായാലും ഞാൻ ഇറങ്ങുവാണ്… താൻ നന്നായി പ്രാർത്ഥിക്കു…. എപ്പോഴും എന്റെ പ്രാർത്ഥന അതല്ലേ ഉള്ളു മഹിയേട്ടാ…. എനിക്കറിയാടോ… എന്നാലും പറഞ്ഞുന്നെ ഉള്ളു… ഞാൻ വാഷ് ചെയ്യാനുള്ള ഡ്രെസ്സും എടുത്ത് പോകാൻ തുടങ്ങിയതും മാഹിയേട്ടന്റെ ഫോൺ ശബ്ദിച്ചു…

ഡിസ്പ്ലേ യിലെ നമ്പർ നോക്കി അദ്ദേഹം എന്നോട് നിൽക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് കാൾ എടുത്തു… റാമേ.. പറയെടാ… ………… ആണോ? അപ്പോൾ പ്രതീക്ഷയ്ക്ക് വകയുണ്ട്?? ……….. അവനെ എങ്ങനെയും രക്ഷിക്കണമെടാ…..റോയി ജീവനോടെ ഉണ്ടോ എന്നറിയില്ല.. എന്നാലും അവനെക്കുറിച്ചു അറിയാനുള്ള ഒരേ ഒരു വഴി അരുൺ മാത്രമാണ്… അത് കൊണ്ട് അവൻ മരിക്കാൻ പാടില്ല… ………. അതൊക്കെ ശരിയാടാ…

മരിക്കണമെന്നു തന്നെയാണ് എന്റെയും ആഗ്രഹം.. പക്ഷെ റോയി… ………. ആഹ്… ok. ടാ…. ഞാൻ മഹിയേട്ടനെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു… അരുണിനെക്കുറിച്ചാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി …. മഹിയേട്ടൻ കാൾ അവസാനിപ്പിച്ചു അടുത്തേയ്ക്ക് വന്നു . അദ്ദേഹത്തിന്റെ മുഖത്തെ ഭാവം എനിക്ക് തെല്ലും മനസിലായില്ല …..

തുടരും….

അനാഥ : ഭാഗം 8