Tuesday, December 17, 2024
Novel

അനാഥ : ഭാഗം 26

എഴുത്തുകാരി: നീലിമ

റോയി സാർ !!!! എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മഹിയെട്ടന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ആളും പെട്ടെന്ന് റോയി സാറിനെ കണ്ടു അദ്‌ഭുതത്തിൽ നോക്കി നിൽക്കുകയാണ്. എന്റെ ശ്രദ്ധ ആ കാലുകളിലേയ്ക്കായി. ആരോഗ്യവാനായിരിക്കുന്നു അദ്ദേഹം… കാലുകളുടെ തളർച്ചയൊക്കെ പൂർണമായും മാറിയിരിക്കുന്നു. പഴയ റോയി സാറിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു അദ്ദേഹം. എനിക്ക് തന്നെ സംശയമായി… റോയി സാറാണോ അതോ അദ്ദേഹത്തോട് രൂപ സാദൃശ്യം ഉള്ള മറ്റാരെങ്കിലുമോ?

റോയി അല്ലേ നിമ്മീ ഇത്? മഹിയേട്ടൻ എന്റെ ചെവിയോരം ചോദിച്ചു. അതേ എന്ന് ഞാൻ തലയാട്ടി… പക്ഷെ അപ്പോഴും അത് റോയി സാറാണെന്നു എനിക്ക് തന്നെ ഉറപ്പുണ്ടായിരുന്നില്ല. അത്രയ്ക്കുണ്ടായിരുന്നു മാറ്റം… അദ്ദേഹം ഞങ്ങളുടെ അരികിൽ എത്തി… അപ്പോഴും ആ മുഖത്ത് നിറഞ്ഞ ചിരി ഉണ്ടായിരുന്നു. ശ്രേയ എപ്പോ വന്നു?  കുറച്ചു ദിവസമായി കാണാനേ ഇല്ലായിരുന്നല്ലോ?  ഞാൻ കരുതി ഇയാള് പോയിട്ടുണ്ടാകുമെന്നു… എവിടെ പോയാലും ഞാൻ ഇങ്ങോട്ടേക്ക് തന്നെ വരും.

എനിക്ക് അച്ഛനെയും അമ്മയെയും ഏട്ടനേയും ഒക്കെ തിരികെ കിട്ടി… ആ സന്തോഷ വാർത്ത പറയാനാ ഇപ്പൊ കാണാൻ വന്നത്. വിളിച്ചു പറയാം എന്ന് കരുതി… പിന്നെ ആലോചിച്ചു നേരിട്ട് പറയാമെന്നു. ആഹാ… സന്തോഷ വർത്തയാണല്ലോ?  ആ സന്തോഷം തന്റെ മുഖത്ത് കാണാനുണ്ട്. അപ്പോഴാണ് ആള് ഞങ്ങളെ ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. ഇതാരാ ശ്രേയ? ആള് എന്നെ നോക്കി അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആകെ വിഷമാവസ്ഥയിൽ ആയി… അപ്പൊ റോയി സാർ അല്ലേ ഇത്?  ഇത്രയും സാമ്യം?

ഒരു നൂറു ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു. ഞാൻ പറഞ്ഞിട്ടില്ലേ?  നിമ്മിയേച്ചി… ഓർഫനേജിൽ എന്നൊടൊപ്പം ഉണ്ടായിരുന്നു… ഇത് ചേച്ചിടെ ഹസ്ബൻഡ് മഹേഷ്‌. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. മഹിയെട്ടന് നേരെ കൈ നീട്ടി. മഹിയേട്ടൻ യാന്ത്രികമായി ഷേക്ക്‌ ഹാൻഡ് നൽകി. ആളിന്റെ കണ്ണുകൾ അദ്ദേഹത്തിൽ തറഞ്ഞു നിൽക്കുകയാണ്. എന്റെയും… ഞാൻ ശ്രേയയുടെ കൈ പിടിച്ചു… മോളേ.. എന്റെ കൂടെ വാ.. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. ഞാൻ മഹിയേട്ടനെ നോക്കി.

ഞങ്ങൾ ഇപ്പൊ വരാം മഹിയേട്ടാ… നിങ്ങൾ സംസാരിക്കു… പറഞ്ഞിട്ട് ശ്രേയയുടെ കൈ പിടിച്ചു തിരിഞ്ഞ് നടന്നു. എന്താ നിമ്മിയേച്ചി?  എന്ത് പറ്റി? മോൾക്ക് രഞ്ജിത്തിനെ എങ്ങനെയാ പരിചയം? ഞാൻ 4 വർഷമായി ഇവിടെ വന്നിട്ട്. ഞാൻ വരുമ്പോൾ ആള് ഇവിടെ ഉണ്ട്. അന്ന് ഹോസ്പിറ്റൽ ചാർജ് ക്രിസ്റ്റഫർ എന്ന് പേരുള്ള ഒരു ഡോക്ടറിനായിരുന്നു. അയാളുടെ അറിവോടെയാണ് രഞ്ജിത് ഈ ഹോസ്പിറ്റലിൽ എത്തിയതെന്നാണ് തോന്നുന്നത്.. വല്ലാത്ത അവസ്ഥയിലായിരുന്നു ആളപ്പോൾ…

ശരിക്കും പറഞ്ഞാൽ വെറും ഒരസ്ഥികൂടം ! കണ്ടു ഞാൻ കരഞ്ഞു പോയി… പിന്നെ നടക്കാനൊന്നും  കഴിയില്ലായിരുന്നു. വീൽ ചെയറിൽ ആയിരുന്നു ആള്. ഭ്രാന്തു ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ,, ആരുടെയോ നിർദ്ദേശപ്രകാരം ഷോക്ക് ട്രീറ്റ്മെന്റ് വരെ കൊടുത്തിട്ടുണ്ടെന്നാണ് പിന്നീടെനിക്ക് അറിയാൻ കഴിഞ്ഞത്. എന്തായാലും ഞാൻ അവിടെ എത്തുമ്പോൾ ആള്  വെറും ഒരു ജീവച്ഛവം ആയിരുന്നു. ആളിന് പഴയ കാര്യങ്ങളൊന്നും ഓർമ ഉണ്ടായിരുന്നില്ല. ഒത്തിരി തവണ ഷോക്ക് കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു… അനാവശ്യാമായി.. അതാവും അങ്ങനെ സംഭവിച്ചത്.

രണ്ട് മാസം കഴിഞ്ഞപ്പോൾ ഡോക്ടർ ട്രാൻസ്ഫർ കിട്ടി അവിടെ നിന്നും പോയി… പകരം വന്നത് ഡോക്ടർ ഗംഗാധരൻ ആണ്. ഒരു സാധു ഡോക്ടർ… അദ്ദേഹത്തിന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി ആളിന് രോഗമൊന്നും ഇല്ല എന്ന്. എനിക്ക് ആളിനോട് ഒരു സിമ്പതി അന്നേ തോന്നിയിരുന്നു. അതാവും ആളിന്റെ കാര്യങ്ങൾ നോക്കാൻ എന്നെ ഏൽപ്പിച്ചു. വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു അദ്ദേഹം.. എഴുന്നേൽക്കാൻ പോലും പരസഹായം വേണം… ആരും കണ്ടാൽ വിഷമിച്ചു പോകും.. എത്ര ദിവസം ഞാൻ ആ മുൻപിൽ നിന്നു കരഞ്ഞിട്ടുണ്ടെന്നോ? ആളിന്റെ ഒരു ഡീറ്റെയിൽസും  അറിയാൻ കഴിഞ്ഞില്ല.

ഞാൻ ഇവിടെ വരുമ്പോൾ  പേര് പോലും ഓർമ ഉണ്ടായിരുന്നില്ല. ഹോസ്പിറ്റലിൽ  കൊടുത്ത അഡ്രസ്സിൽ പേര് രഞ്ജിത് എന്ന് കണ്ടു. ആരാണെന്ന് അറിയാൻ ഗംഗാധരൻ ഡോക്ടർ ഇടയ്ക്ക് ക്രിസ്റ്റഫർ ഡോക്ടറെ പോയി കണ്ടു. അയാൾ ഒന്നും പറയാൻ തയാറായില്ല. പിന്നെ അയാളുടെ പേരിൽ കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. അയാൾ ഒരു പേടിത്തൊണ്ടൻ ആയിരുന്നോട് എല്ലാം പറഞ്ഞു. അയാൾക്ക് കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു. ആളിനെ ഹോസ്പിറ്റലിൽ എത്തിച്ചത് ഒരു അരുൺ ആണെന്ന് മാത്രം അറിയാം.

അയാളുടെ കോൺടാക്ട് നമ്പർ ഒന്നും ഉണ്ടായിരുന്നില്ല. വിവരങ്ങൾ അരുൺ ,ക്രിസ്റ്റഫർ ഡോക്ടറിനെ വിളിച്ചു തിരക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. കുറേ നാളായി ഒരു കോൺടാക്ടും  ഇല്ലായിരുന്നു എന്ന് പറഞ്ഞു. ഇനി വിളിക്കുമ്പോൾ രഞ്ജിത് മരിച്ചു പോയി എന്നും അരുണിനെ അറിയിക്കാൻ കഴിയാത്തതു കൊണ്ട് അടക്കം ചെയ്തു എന്നും പറയാൻ ഡോക്ടർ അയാളെ  പറഞ്ഞേൽപ്പിച്ചു. വീണ്ടും അവൻ ആളിനെ അന്വേഷിച്ചു വരാതിരിക്കാൻ ഡോക്ടർ പറഞ്ഞ ഒരു നുണയായിരുന്നു അത്. വിരട്ടി നിർത്തിയിരുന്നത് കൊണ്ട് ക്രിസ്റ്റഫർ ഡോക്ടറും സമ്മതിച്ചു.

അരുണിന് സംശയം ഉണ്ടാകുമോ എന്നായിരുന്നു ഭയം. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അരുണിന്റെ കാൾ വന്നു. അവനും അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചൊരിക്കുകയായിരുന്നു എന്നാണത്രെ പറഞ്ഞത്. അത് കൊണ്ട് അവൻ പിന്നെ ആളിനെ അന്വേഷിച്ചു വന്നില്ല. പിന്നെ ഡോക്ടറിന്റെ സഹായത്തോടെ ഞങ്ങൾ അദ്ദേഹത്തിന്റെ  ട്രീറ്റ്മെന്റ് തുടങ്ങി…. ആളും  ഡോക്ടറും തമ്മിൽ പെട്ടെന്ന് അടുത്തു.  മകനെപ്പോലെയാ ഡോക്ടർ ആളിനെ നോക്കിയത്. ഒത്തിരി ചികിത്സകൾ ചെയ്തു… മറ്റെല്ലാ അസുഖങ്ങളും ഭേദമായി… പക്ഷെ,,, അദ്ദേഹത്തിന്റെ ഓർമ മാത്രം തിരികെ കിട്ടിയില്ല.

പഴയ ആൾക്കാരെയോ ജീവിച്ച സ്ഥലമോ സംഭവങ്ങളോ ഒക്കെ കൊണ്ട് ഓർമ തിരികെ കിട്ടാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. പക്ഷെ,,, ആരാണെന്നോ എന്താണെന്നോ അറിയാതെ എവിടെ അന്വേഷിക്കും?  ഒരു ന്യൂസ്‌ പോലും കൊടുക്കാനാകില്ല. അരുണിനെ പേടിച്. ” അത് റോയി സാർ തന്നെ എന്ന് എനിക്ക് ഉറപ്പായി. മനസ്സിൽ ഒരു കുളിർ മഴ പെയ്ത അനുഭൂതി ആയിരുന്നു.. എല്ലാം കലങ്ങി തെളിയുകയാണ്… എല്ലാരേം എനിക്ക് തിരികെ ലഭിക്കുകയാണ്.. ഇപ്പൊ റോയി സാറിനെയും…. ഒരിക്കൽ എന്റെ ആരൊക്കെയോ ആകുമെന്ന്  കരുതിയയാൾ…. ഇന്ന് എനിക്ക് എന്റെ ഏട്ടന്റെ സ്ഥാനത്താണ്…. എന്റെ സ്വന്തം സഹോദരൻ…. മനസ്സിൽ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ആകാത്തതയായിരുന്നു.

റോയി സാറാണെന്നു പറഞ്ഞപ്പോൾ ശ്രേയക്കും ആദ്യം വിശ്വസിക്കാനായില്ല.  റോയി സാറും രഞ്ജിത്തും ഒരാളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം…. ഹൊ ! നിലാവ് ഉദിച്ചത് പോലെ ആയിരുന്നു അപ്പോൾ അവളുടെ മുഖം…. റോയി സാറിനോട് എല്ലാം പറഞ്ഞപ്പോൾ അദ്ദേഹം നിർവികാരനായാണ് കേട്ടത്. അമിതമായ സന്തോഷ പ്രകടനങ്ങൾ ഒന്നും ഉണ്ടായില്ല. പണ്ടും ആൾ അങ്ങനെ തന്നെ ആയിരുന്നല്ലോ? എനിക്ക് അദ്ദേഹത്തോട് ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളു. സാർ ഞങ്ങളോടൊപ്പം വരണം… വർഷങ്ങളായി സാറിനെ മാത്രം വിചാരിച്ച്,, സാറിന്റെ വരവിനായി കാത്തിരിക്കുന്നു ഒരാൾ ഉണ്ടവിടെ… സാർ മരിച്ചു എന്ന് എല്ലാരും പറഞ്ഞപ്പോഴും ഒരല്പം പോലും വിശ്വസിക്കാതെ സാറിനായി കാത്തിരുന്ന ഒരാൾ…. സാറിന്റെ അച്ഛൻ !!

ഞാൻ കണ്ടിരുന്നു ഒന്ന് രണ്ട് തവണ… സാറിന്റെ ഫോട്ടോയും നെഞ്ചോട്‌ ചേർത്ത് എന്റെ റോയി വരും എന്ന് പറഞ്ഞു ഹൃദയം പൊട്ടി കരഞ്ഞ ആ മനുഷ്യന്റെ മുഖം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹത്തെ ഓർമയില്ല എന്ന് മാത്രം സാർ പറയരുത്. സഹിക്കാനാകില്ല ആ വൃദ്ധ ഹൃദയത്തിനത്. നമുക്ക് അദ്ദേഹത്തെ പതിയെ എല്ലാം പറഞ്ഞു മനസ്സിലാക്കം… അച്ഛനെ ഓർമയില്ലാതിരുന്നിട്ട് കൂടി ആ കണ്ണുകളിൽ നീർ തിളക്കം ഞാൻ കണ്ടു. അത് എന്റെ ഉള്ള് പൊള്ളിച്ചു… ഞാൻ കാരണം അദ്ദേഹം അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ ഓർമ പോലും എന്റെ ഹൃദയത്തെ കീറിമുറിച്ചു.

💥💥💥💥💥💥 ഞാൻ കിരണിനെ വിളിച്ചു റോയിയെ കണ്ടെത്തിയതിനെക്കുറിച്ചൊക്കെ സംസാരിച്ചു. ഇനി എനിക്ക് വേണ്ടത് അവനെയാണ്… അരുണിനെ… അവനുള്ളത്‌ കൊടുക്കാൻ സമയമായി. അതിന് ഒരു വഴി തെളിഞ്ഞിട്ടുണ്ട്. നിയമത്തിന്റെ വഴിയിൽ പോയാൽ അവൻ എല്ലാ പഴുതുകളും അടച്ചു രക്ഷപെടും. നമുക്ക് അത് അനുഭവമുള്ളതാണല്ലോ? മ്മ്.. ശരിയാ… എനിക്ക് അവനെ ഒറ്റയ്ക്ക് കിട്ടണം… വീൽ ചെയറിൽ ഇരിക്കുന്ന അവനെ തല്ലാനോ കൊല്ലാനോ അല്ല… അത് ആണുങ്ങൾക്ക് ചേർന്നതല്ലല്ലോ ?

അവനോട് മുഖത്ത് നോക്കി രണ്ട് വാക്ക് പറയാൻ… എന്റെ നിമ്മിയോട്‌ അവൻ ചെയ്ത് കൂട്ടിയതൊന്നും ഞാൻ മറക്കില്ല… എനിക്ക് അവനെ കാണണം…. ടാ… അവനും 4-5 കൂട്ടുകാരും എല്ലാ ഞായറാഴ്ചയും ഇവിടെ അടുത്ത ഒരു വീട്ടിൽ ഒത്തു കൂടാറുണ്ട്. കുറച്ചു ഉള്ളിലേക്കാണ്… . വീട് അരുണിന്റെ തന്നെയാ… ഇപ്പോഴും അവൻ ആ പതിവ് തുടരുന്നുണ്ട്. ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടാകു… പിന്നെ അവന്റെ കൂട്ടുകാരും.. സെക്യൂരിറ്റിയെ ഞാൻ ചാക്കിട്ടിട്ടുണ്ട്…. നമുക്ക് ഈ സൺ‌ഡേ അവനെ അവിടെ പോയി ഒന്ന് കണ്ടേക്കാം….

💥💥💥💥💥💥💥💥💥 സൺ‌ഡേ ഞങ്ങൾ റോയിയെയും ഒപ്പം കൂട്ടി. റോയിക്ക് അവനോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞു. സെക്യൂരിറ്റിയുടെ സഹായത്തോടെ അവന്റെ കൂട്ടുകാരെ പുറത്തേയ്ക്ക് വിളിച്ചു. ഒരു കാൾ വന്ന് പുറത്തേയ്ക്ക് പോകാൻ തുടങ്ങിയ അരുണിന്റെ കൂട്ടുകാരൻ അവനോട് പറഞ്ഞു. അരുൺ… ഇവിടെ തന്നെ ഉണ്ടാകണം നീ… ബാൽകെണിയിൽ ഒന്നും പോകരുത്. അതിന്റെ വലതു വശം പൊളിഞ്ഞു കിടക്കുകയാണെന്ന് അറിയാല്ലോ നിനക്ക്? നിനക്ക് അവിടെ വിചാരിച്ച പോലെ വീൽ ചെയർ ഉരുട്ടാൻ കഴിയില്ല.

തുടരും

അനാഥ : ഭാഗം 25