Sunday, January 5, 2025
Novel

അനാഥ : ഭാഗം 24

എഴുത്തുകാരി: നീലിമ

ഇവനാ… ഇവനാ എന്റെ മോളെ കൊണ്ട് പോയത്… അദ്ദേഹത്തിന്റെ ശബ്ദം വിറച്ചു… അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല… കിരൺ സാറിന്റെ അവസ്ഥയിലായിരുന്നു ഞങ്ങളും… നടക്കുന്നതെന്താണെന്ന് മനസ്സിലാകാതെ ഞങ്ങളും നിന്നു… അങ്കിൾ വീണ്ടും ശ്രേയയുടെ ചിറ്റപ്പന്റെ നേർക്ക് തിരിഞ്ഞു… പറയെടാ…. എവിടെടാ എന്റെ മോള്.. അവളെ നീയെന്തു ചെയ്തു??? ജീവനോടെ ഉണ്ടോ അതോ…. അങ്കിൾ വീണ്ടും അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു… ഒരടി കൂടി കൊടുത്തു…

നിന്നു കത്തുകയായിരുന്നു അങ്കിൾ… ആ മുഖത്തെ ദേഷ്യം ഞങ്ങളെയെല്ലാം ഭയപ്പെടുത്തി… എന്താ അച്ഛാ ഇത്??? അയാളെ വിട്… ഇനി തല്ലിയാൽ അയാള് ചത്തു പോകും…. ഇല്ലെടാ… ഞാൻ ഇവനെ വിടില്ല… ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് മനസ്സിലായില്ലേടാ കിച്ചു… ഇവനാ… ഇവനാ നമ്മുടെ കീർത്തി മോളെ കൊണ്ട് പോയത്… ഇത്തവണ ഞങ്ങൾ എല്ലാരും ഞെട്ടി… അച്ഛൻ എന്താ പറഞ്ഞത്??? ഇയാള്… ഇയാളാണോ????? കിരൺ സാറിന്റെ ശബ്ദം വിറച്ചു… അതേടാ മോനേ…. ഇവൻ തന്നെയാ…. കൊല്ലണ്ടേടാ ഇവനെ???

അച്ഛന് ഉറപ്പുണ്ടോ??? ഉറപ്പുണ്ടോന്നോ??? മറക്കില്ലെടാ ഞാൻ ഇവനെ…. ഒരിക്കലും മറക്കില്ല… ഇവന്റെ മുഖം.. എത്ര വർഷങ്ങൾ കഴിഞ്ഞാലും.. എത്ര മാറിയാലും ഒരു നോക്കു കൊണ്ട് തിരിച്ചറിയും ഞാൻ ഇവനെ… അത്രയ്ക്കും ഞാൻ മനസ്സിൽ പതിപ്പിച്ചിട്ടുണ്ട് ഇവന്റെ മുഖം.. അയാൾക്കിട്ട് ഒന്ന് കൂടി പൊട്ടിച്ചു… ഇത്തവണ കൊടുത്തത് കിരൺ സാറാണ്… വീണ്ടും അടിക്കാൻ കൈ ഓങ്ങിയപ്പോൾ ശ്രേയ ഇടയിൽ കയറി… മതി… എന്തിനാ നിങ്ങൾ എന്റെ ചിറ്റപ്പനെ ഇങ്ങനെ തല്ലുന്നത്??? അറ്റ്ലീസ്റ്റ് കാരണം എങ്കിലും ഒന്ന് പറ…..

മുന്നിൽ നിന്നു മാറ്… ഇല്ല.. കാരണം അറിയാതെ ഞാൻ മാറില്ല… ഛെ… കിരൺ സാർ പുറകിലേക്ക് മാറി… പെണ്ണുങ്ങളെ ഞാൻ തല്ലില്ല.. ഇല്ലെങ്കിൽ അടിച്ചു കാരണം പുകയ്ച്ചേനെ… അങ്കിൾ മുന്നിലേയ്ക്ക് വന്നു… മോള് മാറ്… എന്തിനാ എന്റെ ചിറ്റപ്പൻ തല്ലുന്നതെന്നു പറയൂ… എന്നിട്ടു മാറാം… ചീ.. മാറെഡീ… അങ്കിൾ അടിക്കാൻ കൈ ഉയർത്തി… തറയിൽ ഇരിക്കുകയായിരുന്ന ചിറ്റപ്പൻ അങ്കിളിന്റെ കാലിൽ പിടിച്ചു… അവളെ തല്ലല്ലേ സാറേ…. അയാള് പ്രയാസപ്പെട്ടു എഴുന്നേറ്റു… ശ്രേയ അയാളെ താങ്ങി…

അയാൾ ശ്രെയയെ അങ്കിളിന്റെ മുന്നിലേയ്ക്ക് നീക്കി നിർത്തി… ഇവളാ… ഇവളാ സാറിന്റെ മോള് !!!! ഇത്തവണ ശ്രേയയും അങ്കിളും ഉൾപ്പെടെ എല്ലാരും ഞെട്ടി…. നീ എന്താ പറഞ്ഞത്??? അതേ സാറേ… പറ്റിപ്പോയി… സാർ എന്നോട് ക്ഷമിക്കണം… ഇവള് സാറിന്റെ മകളാണ്… അന്ന് ഞാൻ സാറിന്റെ വീട്ടിൽ നിന്നും മോഷ്ടിച്ച സാറിന്റെ കുഞ്ഞ്… അങ്കിൾ ശ്രേയയേ നോക്കി…. അവൾ വല്ലാത്ത ഒരവസ്ഥയിലാണ്.. എന്താണ് നടക്കുന്നതെന്ന് അവൾക്കും മനസ്സിലായില്ല… അങ്കിൾ ശ്രേയയുടെ അടുത്തേയ്ക്ക് നീങ്ങി..

ആ കണ്ണുകളിൽ ഒരച്ഛന്റെ സ്നേഹവും വാത്സല്യവും കരുതലും എല്ലാം ഉണ്ടായിരുന്നു… ശ്രേയ ഭയന്ന് പിറകിലേക്ക് നീങ്ങി ചുവരിൽ തട്ടി നിന്നു… അദ്ദേഹം ശ്രേയയുടെ തലയിൽ തഴുകി… മോളേ…. നിറ കണ്ണുകളോടെ അദ്ദേഹം പതിയെ അവളെ വിളിച്ചു… അവൾ കരഞ്ഞു കൊണ്ട് കൈ കൂപ്പി… ക്ഷമിക്കണം… എനിക്ക്… എനിക്കൊന്നും അറിയില്ല. ഇവിടെ നടക്കുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. അവൾ പൊട്ടിക്കരഞ്ഞു… ചിറ്റപ്പൻ അവൾക്ക് അരികിലേക്ക് വന്നു. എന്റെ മോള് എന്നോട് പൊറുക്കണം… ഇദ്ദേഹമാണ് നിന്റെ അച്ഛൻ !

ഞാൻ… ഞാൻ നിന്റെ ആരുമല്ല… തട്ടിയെടുത്തതാ ഞാൻ നിന്നെ.. ഇദ്ദേഹത്തിൽ നിന്നും… എന്താ ഇതൊക്കെ??? അവൾ കരച്ചിലോടെ ചോദിച്ചു… ഞാൻ പറയാം… കിരൺ സാർ മുന്നിലേയ്ക്ക് വന്നു… എനിക്ക് ഒരു കുഞ്ഞനുജത്തി ഉണ്ടായിരുന്നു… ഞങ്ങളുടെ കീർത്തി മോള്… സ്നേഹിച്ചു തുടങ്ങുന്നതിനു മുന്നേ അവളെ ഞങ്ങൾക്ക് നഷ്ടമായി… ഒരാള് തട്ടിയെടുത്തു… എന്താ ഉണ്ടായതെന്ന് ഞങ്ങൾക്കും അറിയില്ല… അന്ന് അവൾക്ക് ഒരു വയസ്സായിരുന്നു പ്രായം… അകത്തു കളിപ്പാട്ടങ്ങൾ വച്ചു കളിച്ചു കൊണ്ടിരുന്ന അവളെ സെർവന്റിനെ ഏല്പിച്ചാണ് അമ്മ കുളിക്കാൻ പോയത്…

തിരികെ വന്നപ്പോൾ മോളേ കാണുന്നില്ല… എല്ലാ സ്ഥലത്തും നോക്കി.. പുറത്തിറങ്ങി വന്നപ്പോൾ കാണുന്നത് തല പൊട്ടി ബോധം മറഞ്ഞു കിടക്കുന്ന അച്ഛനെയാണ്… ബാക്കി പറഞ്ഞത് അങ്കിളാണ്.. അന്ന് ഞാൻ ASI ആയിരുന്നു. വീട്ടിൽ എത്തുന്നതിനു കുറച്ചു മുൻപ് എന്റെ ബൈക്ക് പഞ്ചർ ആയി. വീട്ടിൽ എത്തിയിട്ട് ഏതെങ്കിലും മെക്കാനിക്കിനെ വിളിക്കാമെന്ന് കരുതി നടന്നാണ് വീട്ടിൽ എത്തിയത്. ഗേറ്റ് കടന്നപ്പോൾ കണ്ടത് എന്റെ കീർത്തി മോളെയും കയ്യിൽ പിടിച്ചു ഓടി രക്ഷപെടാൻ തുടങ്ങുന്ന ഇവനെയാണ്.

ഓടിച്ചെന്നു രണ്ടെണ്ണം പൊട്ടിച്ചു മോളേ വാങ്ങി…. പെട്ടെന്നാണ് ഇവൻ തറയിൽ കിടന്ന ഒരു മരക്കഷ്ണം എടുത്ത് തലയിൽ ആഞ്ഞടിച്ചത്…. ബോധം മറയുന്നതിനു മുൻപ് എന്റെ പോന്നു മോളെയും അടക്കിപ്പിടിച്ചു ഓടുന്ന ഇവനെയാണ് കണ്ടത്… പിന്നീട് ഞാൻ ഇവനെയും എന്റെ കുഞ്ഞിനേയും ഒരുപാട് അന്വേഷിച്ചു. കണ്ടെത്താനായില്ല…. നിറ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു നിർത്തി…. പിന്നീട് ഇപ്പോഴാണ് ഇവനെ കാണുന്നത്… ഈ കുട്ടിയാണ് എന്റെ മകളെന്ന് ഇവൻ പറയുന്നു…..നീ എന്തിനാണ് ഇവളെ തട്ടിയെടുത്തതെന്നെനിക്കറിയണം….

എങ്ങോട്ടാണ് ഇവളെ കൊണ്ട് പോയതെന്നറിയണം… ഇത്ര നാളും എവിടെയായിരുന്നു എന്നറിയണം…. പറയെടാ നീ ഓരോന്നായി…. അങ്കിൾ വീണ്ടും രണ്ട് കൈ കൊണ്ടും അയാളുടെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു. ഇത്തവണ ശ്രേയ നിശ്ശബ്ദയായിരുന്നു…. ഞാൻ പറയാം… എല്ലാം പറയാം… ഞാൻ ചെയ്തത് തെറ്റാണ്.. നിങ്ങളോടും ഇവളോടുമെല്ലാം…. ഒരനാഥനായിരുന്നു ഞാൻ… ആരുമില്ലാത്തവൻ… അച്ഛനെയും അമ്മയെയും കണ്ട ഓർമ ഇല്ല. അകന്ന ഒരു ബന്ധുവാണ് വളർത്തിയത്. 14 ആമത്തെ വയസ്സിൽ ആയാളും പോയി… ഞാൻ ഒറ്റയ്ക്കായി… ജീവിക്കാൻ വേണ്ടി പലതും ചെയ്തു.

ഞങ്ങളുടെ അയൽക്കാരൻ ദയ തോന്നി ഡ്രൈവിംഗ് പഠിപ്പിച്ചു. അയാൾ തന്നെ ഒരു വീട്ടിൽ കാർ ഡ്രൈവർ ആക്കി തരികയും ചെയ്തു. ആയിടയ്ക്കാണ് ഞാൻ ഇവളെ പരിചയപ്പെടുന്നത്… എനിക്കിവളെ ഇഷ്ടമായി.. ഇവൾക്ക് എന്നെയും. വീട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ എല്ലാം ഉപേക്ഷിച്ചു ഇവൾ എന്നോടൊപ്പം വന്നു. പിന്നെ ഇവൾ ആയിരുന്നു എന്റെ ലോകം.. 2 വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ ദൈവം ഞങ്ങൾക്ക് തന്നില്ല… ഡോക്ടറിനെ കണ്ടു… കുഴപ്പം എനിക്കായിരുന്നു…. ചികിത്സിച്ചാൽ കുഞ്ഞുണ്ടാകാൻ ചെറിയ സാധ്യത ഉണ്ടെന്ന് മാത്രം ഡോക്ടർ പറഞ്ഞു.

5 വർഷം കാത്തിരുന്നു… ഫലമുണ്ടായില്ല. കുഞ്ഞിന് വേണ്ടിയുള്ള ഇവളുടെ ആഗ്രഹത്തിന് മുന്നിൽ ഞാൻ തളർന്നു പോയി… ഒടുവിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്നു കരുതി. പക്ഷെ ഒരു സ്ഥിരം ജോലിയോ ഒരു തുണ്ട് ഭൂമിയോ ബാങ്ക് ബാലൻസോ ഒന്നും ഇല്ലാത്ത ഞങ്ങൾക്ക് കുഞ്ഞിനെ തരാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു അനാഥാലയത്തിന്റെ അധികൃതരും കൈ മലർത്തിയപ്പോൾ തകർന്നു പോയി ഞാൻ… പിന്നെ പേടിയായി… ഇവൾ എന്നെ വിട്ടു പോകുമോയെന്ന്… ജീവിതത്തിൽ വീണ്ടും ഒറ്റയ്ക്കായിപ്പോകുമോയെന്നുള്ള ഭയം എന്റെ ഉറക്കം കളഞ്ഞു.

അതിനിടയിൽ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. ഭ്രാന്തിന്റെ വക്കോളമെത്തി നിൽക്കുമ്പോഴാണ് സാറിന് ഒരു ഡ്രൈവറിനെ വേണമെന്ന് ഒരു സുഹൃത്ത്‌ വഴി അറിഞ്ഞത്. അങ്ങനെ ഞാൻ സാറിന്റെ വീട്ടിൽ എത്തി. ഗേറ്റ് തുറന്ന് ഉള്ളിൽ കടന്നപ്പോൾ മുൻ വാതിലിലെ ചെറിയ വിടവിലൂടെ മുട്ടിലിഴഞ് വെളിയിലേക്ക് വരുന്ന ഒരു കുഞ്ഞ് വാവയെയാണ് കണ്ടത്. ഭംഗിയുള്ള ഒരു ചെറിയ പാവക്കുട്ടിയെപ്പോലെ തോന്നി. അവൾ എന്നെ നോക്കി ചിരിച്ചു… മുന്നിലെ നാല് കുഞ്ഞിപ്പല്ലുകൾ കാട്ടിയുള്ള ചിരി….

തുടരും

അനാഥ : ഭാഗം 23