അനാഥ : ഭാഗം 17
എഴുത്തുകാരി: നീലിമ
നാളെ ഞാൻ എറണാകുളത്തേക്ക് പോവുകയാണ്… രണ്ട് ദിവസം കഴിഞ്ഞേ തിരികെ വരികയുള്ളു… വിവാഹ ശേഷം ആദ്യമായാണ് രണ്ട് ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുന്നത്. നിമ്മിക്ക് നല്ല വിഷമമുണ്ടെന്നു തോന്നുന്നു. പക്ഷെ പോകാതിരിക്കാൻ നിർവാഹമില്ല…. ഞാൻ റൂമിലേയ്ക്ക് ചെല്ലുമ്പോൾ നിമ്മീ ബെഡിൽ ചാരി ഇരുന്ന് എന്തോ ആലോചനയിലായാണ്. ഞാൻ വന്നതൊന്നും ആള് അറിഞ്ഞില്ല… എന്താടോ? കണ്ണ് തുറന്നിരുന്നു സ്വപ്നം കാണുകയാണോ? അവൾക്ക് അരികിലായി ഇരുന്നു.
എന്ത് പറ്റിയെടോ? രണ്ട് ദിവസമായി താൻ ആകെ ഗ്ലൂമി ആണല്ലോ? ഒന്നുമില്ല മഹിയേട്ടാ… അവളുടെ മുഖത്തെ വിഷമവും ചുണ്ടിൽ വിരിഞ്ഞ വരണ്ട ചിരിയും കണ്ടപ്പോൾ തന്നെ അവൾ ആരെക്കുറിച്ചാണ് ഓർത്തിരുന്നത് എന്ന് മനസ്സിലായി. താൻ വിഷമിക്കണ്ട. അപ്പു ഉടനെ തന്റെ മുന്നിൽ എത്തും.. അവൾ വിഷാദത്തോടെ തല കുനിച്ചു. ഒന്നും മിണ്ടാതെ ഇരുന്നു. … അവളുടെ ആ പ്രതീക്ഷകളോക്കെ അസ്തമിച്ചു കഴിഞ്ഞിരുന്നു എന്ന് തോന്നി… മാഹിയെട്ടനും ഉണ്ടാവില്ലല്ലോ രണ്ട് ദിവസം…
അതാണോ കാര്യം? ഞാൻ പെട്ടെന്ന് ഇങ്ങു വരില്ലേ? രണ്ട് ദിവസമല്ലേ ഉള്ളൂ? അവളുടെ ഉള്ളിലെ വിഷമം ആ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. വിഷയം മാറ്റാനായി ഞാൻ പറഞ്ഞു. താൻ വാ… പാക്ക് ചെയ്യാനുണ്ട്… അതൊക്കെ ഞാൻ ചെയ്യാം മഹിയേട്ടാ… അവൾ എഴുന്നേറ്റു. നമുക്ക് ഒരുമിച്ച് ചെയ്‌യാടോ… iron ചെയ്യാനുള്ള ഡ്രസ്സ് ഒകെ അവൾ തന്നെ എടുത്ത് വച്ചു. ഞാൻ എല്ലാം നോക്കി ഇരുന്നതേ ഉള്ളൂ… ⭐️⭐️⭐️⭐️⭐️⭐️⭐️ നാളെ മഹിയേട്ടൻ എറണാകുളത്തു പോവുകയാണ്. ബാങ്കിന്റെ ആവശ്യത്തിനാണ്.
എന്തോ മീറ്റിംഗോ ഫങ്ക്ഷനോ ഒക്കെ ഉണ്ട്. രണ്ട് ദിവസം കഴിഞ്ഞേ വരുള്ളൂ… തിരികെ എത്തുന്ന ദിവസമാണ് ഞങ്ങളുടെ wedding ആനിവേഴ്സറി. അദ്ദേഹം എന്തൊക്കെയോ പ്ലാൻ ചെയ്‌തിരുന്നതാണ്. എല്ലാ പ്ലാനും പൊളിഞ്ഞു… പാവം നല്ല വിഷമമുണ്ട്… രണ്ട് ദിവസം മഹിയേട്ടനെ പിരിഞ്ഞിരിക്കാൻ വല്ലാത്ത വിഷമം തോന്നി.. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരിക്കൽ പോലും പിരിഞ്ഞിരുന്നിട്ടില്ല… രണ്ട് ദിവസം രണ്ട് യുഗങ്ങൾ പോലെയാകും എനിക്ക്… എന്നെക്കാൾ വിഷമം മഹിയെട്ടനുണ്ടെന്നറിയാം..
അത് കൊണ്ട് വിഷമമൊക്കെ കടിച്ചമർത്തി, മുഖത്ത് ഒരു ചിരിയൊക്കെ വരുത്തി നിന്നു. മഹിയേട്ടന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ആള് വിഷമം മറയ്ക്കാൻ നന്നായി പാടുപെടുന്നുണ്ടായിരുന്നു…. പാവം…. പിറ്റേന്ന് പോകുന്നതിനു മുന്നേ എന്റെ നെറുകയിൽ ചുംബിച്ചു. തലയിൽ തഴുകി നിറകണ്ണുകളോടെ പറഞ്ഞു… താൻ ആഹാരമൊക്കെ കഴിക്കണം കേട്ടോ… രണ്ട് ദിവസമായി കഴിപ്പൊക്കെ കണക്കാ.. ഞാൻ ശ്രദ്ധിക്കുന്നുണ്ട്… ഞാൻ കഴിച്ചോളാം മഹിയേട്ടാ… പിന്നെ എത്തിയാലുടൻ വിളിക്കണേ…
മ്മ്… വിളിക്കാം… കാറിൽ കയറിയപ്പോ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല… അത് നന്നായി ഇല്ലെങ്കിൽ ഞാൻ കരഞ്ഞു പോയേനെ… അത്‌കൊണ്ടാവും മഹിയെട്ടനും നോക്കാത്തത്. റൂമിൽ പോയിരുന്നു കുറച്ചു കരഞ്ഞപ്പോൾ ഇത്തിരി ആശ്വാസം കിട്ടി… വൈകിട്ട് അവിടെ എത്തിയെന്നു മഹിയേട്ടൻ വിളിച്ചു പറയുന്നത് വരെ വല്ലാത്ത ഒരാധിയായിരുന്നു മനസ്സില്… തീരെ വിശപ്പ് തോന്നിയില്ല. അമ്മയുടെ നിർബന്ധം കാരണം ഒരു ദോശ കഴിച്ചു. നല്ല ക്ഷീണം തോന്നി… ഒന്ന് കിടന്നാൽ മതിയെന്ന് തോന്നി…
മോൾക്ക് നല്ല ക്ഷീണമുണ്ട്. പോയി കിടന്നോ…. എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ അമ്മ പറഞ്ഞു. ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ മോൾക്ക്? ഇല്ലമ്മേ… എന്നാൽ മോള് പൊയ്ക്കോ… സാധാരണ അമ്മ അങ്ങനെ പറഞ്ഞാലും അടുക്കളയിൽ ചുറ്റിപറ്റി നിൽക്കുന്നതാണ്… ഇന്ന് ഒന്നിനും തോന്നിയില്ല.. പെട്ടന്ന് റൂമിലേയ്ക്ക് പോന്നു… മഹിയേട്ടനെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു… ഉടനെ തന്നെ കിടന്നു… ⭐️⭐️⭐️⭐️⭐️⭐️⭐️ രാവിലെ അമ്മ വന്നു വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. ഒത്തിരി നേരമായിന്നു തോന്നുന്നു… മോളേ ഫ്രഷ് ആയി വാ…
അമ്മ ചായ എടുക്കാം… എനിക്ക് നല്ല ക്ഷീണം തോന്നുന്നു അമ്മേ… ഇന്നലെയും നല്ല ക്ഷീണം ഉണ്ടായിരുന്നു. അതാ ഉറങ്ങിപ്പോയത്. അമ്മ ചിരിച്ചു …. സാരമില്ല… മോള് വാ…. എഴുന്നേറ്റു വാഷ് റൂമിൽ പോയി ഫ്രഷ് ആയി താഴേയ്ക്ക് ചെന്നു… അമ്മ ചായ കൈയിൽ തന്നു… ഒരു വാ കുടിച്ചതേയുള്ളു വാഷ്‌ബേയ്‌സിനടുത്തേയ്ക്ക് ഓടി…. കുടിച്ചത് അത് പോലെ പുറത്തേയ്ക്ക് വന്നു… അമ്മ വന്നു പുറം തടവി തന്നു… നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകാം മോളേ… എനിക്ക് കുഴപ്പൊന്നും ഇല്ല അമ്മേ…
ഉണ്ടെന്നാ അമ്മയ്ക്ക് തോന്നുന്നത്… അമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു… അമ്മ ഉദ്ദേശിച്ചതെന്താണെന്നു എനിക്ക് അപ്പോൾ മനസ്സിലായില്ല. ഹോസ്പിറ്റലിൽ പോയി ഡോക്ടറിനെ കണ്ടു… അമ്മയുടെ സംശയം സത്യമായി…. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം… ഞാൻ ഒരു അമ്മയാകാൻ പോകുന്നു… പെണ്ണായി പിറന്നതിൽ ഓരോ സ്ത്രീയും അഭിമാനിക്കുന്ന നിമിഷം. താൻ ഒരമ്മയാകാൻ പോകുന്നു എന്നറിയുന്ന നിമിഷം… ഓരോ സ്ത്രീയും അപ്പോൾ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷം ആണ്…
എനിക്ക് തുള്ളിച്ചാടാൻ തോന്നി… ജീവിതത്തിലെ സന്തോഷത്തിന്റെ ദിനങ്ങൾക്ക് തുടക്കമായി എന്ന് തോന്നുന്നു… അമ്മയും വലിയ സന്തോഷത്തിലാണ്. വീട്ടിൽ എത്തിയുടനെ മുത്തശ്ശിയെ വിളിച്ചു പറഞ്ഞു… മുത്തശ്ശി ഇന്ന് ഈവനിംഗ് തന്നെ എത്തുമെന്ന് അറിയിച്ചു… ഇപ്പൊ ഞാൻ ആഗ്രഹിക്കുന്നത് മഹിയേട്ടന്റെ പ്രെസൻസ് ആണ്… ആ സാമീപ്യം ഞാൻ അത്രയേറെ കൊതിക്കുന്നുണ്ട്… പക്ഷെ ആളിനോട് ഇപ്പോൾ പറയണ്ടാന്നു തീരുമാനിച്ചു… അറിയുമ്പോഴുള്ള സന്തോഷം ആ കണ്ണുകളിൽ എനിക്ക് നേരിട്ട് കാണണം…..
ഇതാകട്ടെ മഹിയേട്ടനുള്ള എന്റെ wedding ആനിവേഴ്സറി ഗിഫ്റ്റ് ! ഇത് വരെ സ്നേഹമല്ലാതെ മറ്റൊന്നും കൊടുക്കാനായിട്ടില്ല…. അദ്ദേഹത്തിന്റെ പിറന്നാളിന് പോലും ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല. … അത് കൊണ്ട് ഇത്തവണ എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കണമെന്നു തീരുമാനിച്ചിരുന്നതാണ്… ഇതിനേക്കാൾ വലിയ ഗിഫ്റ്റ് വേറെ എന്താണ്??? അമ്മയോടും പറഞ്ഞു മഹിയെട്ടനോട് ഇപ്പോൾ പറയണ്ട എന്ന്…. സർപ്രൈസ് ആയിക്കോട്ടെ എന്ന് പറഞ്ഞപ്പോൾ അമ്മയും സമ്മതിച്ചു…. … അങ്ങനെ മഹിയേട്ടനെ കാത്തിരുന്നു.. ഈ സന്തോഷ വാർത്ത അറിയിക്കാൻ…
നാളെ മഹിയേട്ടൻ എത്തും… ഇന്ന് ആള് രാവിലെ വിളിച്ചതേ ഉള്ളു… ഇപ്പൊ സമയം 9 ആയി… ഇത് വരെ വിളിച്ചില്ല… ഞാൻ വിളിച്ചിട്ട് എടുത്തുമില്ല… സാധാരണ 2-3 തവണ വിളിക്കുന്നതാണ്… എനിക്ക് വല്ലാത്ത ഭയം തോന്നി… മഹിയേട്ടനെ വിളിക്കാനായി ഫോൺ കയ്യിൽ എടുത്തപ്പോഴാണ് ആളിന്റെ കാൾ വന്നത്. … മഹിയേട്ടാ… എന്താ വിളിക്കാത്തെ??? ഞാൻ എത്ര നേരമായി നോക്കിയിരിക്കുവാണെന്നോ…?? കുറച്ചു ബിസി ആയിപ്പോയെടോ… പ്രധാനമായും നാളെ തനിക്ക് തരാനുള്ള ഒരു ഗിഫ്റ്റ് വാങ്ങാൻ പോയതാ…
അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. ഗിഫ്റ്റോ?? എന്ത് ഗിഫ്റ്റ്?? ഒത്തിരി കാശൊന്നും കളയല്ലേ മഹിയേട്ടാ… അതൊക്കെയുണ്ട്… സസ്പെൻസ് ! വാങ്ങിയോ?? മ്മ്.. പാർസൽ ചെയ്ത് വച്ചിട്ടുണ്ട്… നാളെ വരുമ്പോ കൊണ്ട് വരാം… മഹിയെട്ടനും ഞാൻ ഒരു ഗിഫ്റ്റ് കരുതിയിട്ടുണ്ട്… എന്താ അത്?? അതും സസ്പെൻസ് തന്നെയാ… മ്മ്.. അപ്പൊ നാളെ കാണാട്ടോ.. … ഇപ്പൊ എന്റെ മോള് നല്ല കുട്ടിയായി ഉറങ്ങാൻ നോക്കു… ഗുഡ് നൈറ്റ്… ഗുഡ് നൈറ്റ് മഹിയേട്ടാ… മഹിയെട്ടനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത തണുപ്പു തോന്നി. നാളെ ഇങ്ങു വരട്ടെ… ഒട്ടും പ്രതീക്ഷിക്കാത്ത ഗിഫ്റ്റ് അല്ലേ ഞാൻ കരുത്തിയേക്കുന്നത്.. ശരിക്കും ഞെട്ടും !
പിറ്റേന്ന് പറഞ്ഞതിലും നേരത്തെ മഹിയേട്ടൻ എത്തി… കാറിന്റെ ശബ്ദം കേട്ടു ഞാൻ മുറ്റത്തേയ്ക്ക് ഓടി… പതിയെ പോ മോളേ.. ഈ സമയത്ത് ഇങ്ങനെ ഓടാതെ… മുത്തശ്ശിയാണ്… ഞാൻ മുത്തശ്ശിയെ നോക്കി ഒന്ന് ചിരിച്ചു… പിന്നെ പതിയെ മുൻ വശത്തേയ്ക്ക് പോയി… മഹിയെട്ടനോടൊപ്പം മറ്റൊരാളും കൂടി ഉണ്ടായിരുന്നു. കാറിനുള്ളിൽ വച്ചു തന്നെ നല്ല പരിചയം തോന്നി… ആദ്യം മഹിയേട്ടനാനിറങ്ങിയത്… കാറിന്റെ കോ ഡ്രൈവിംഗ് സീറ്റിനടുത്തേയ്ക്ക് വന്നു കാറിനുള്ളിലേയ്ക്ക് നോക്കി പറഞ്ഞു… ഇറങ്ങേടോ…
കാറിൽ നിന്നും ഇറങ്ങിയ ആളിനെ കണ്ട് ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി… അത്.. അതെന്റെ അപ്പു ആയിരുന്നു…. എന്റെ മനസ്സിൽ സന്തോഷത്തിന്റെ ആയിരം പൂത്തിരി ഒരുമിച്ചു കത്തി…. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു…. ഞാൻ പോലും അറിയാതെ ഞാൻ അവന്റെ അരികിലേക്ക് ഓടി… മോളേ പതിയെ… അമ്മ വിളിച്ചു പറഞ്ഞു… ഞാൻ ഒന്നും ശ്രദ്ധിച്ചില്ല… സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു ഞാൻ… ഇത്ര നാളും ഞാൻ കാത്തിരുന്ന നിധി ! എന്റെ പൊന്നനിയൻ ! എന്റെ അപ്പു….
അവനും എന്റെ അരികിലേക്ക് ഓടി എത്തി.. ഇച്ചേയിന്നു വിളിച്ചു എന്നെ കെട്ടിപിടിച്ചു… കുറേ നേരം അങ്ങനെ തന്നെ നിന്നു. എന്റെ കണ്ണുനീരിൽ അപ്പൂസിന്റെ ഉടുപ്പൊക്കെ കുതിർന്നു. വിതുമ്പി കരയുകയായിരുന്നു ഞാൻ… എങ്ങനെ സന്തോഷിക്കാതിരിക്കും? ഇനി ഒരിക്കലും കാണാനാകില്ലന്നു കരുതിയ ആളാണ് മുന്നിൽ നിൽക്കുന്നത്…. സന്തോഷം കണ്ണുനീരായാണ് പുറത്ത് വന്നതെന്ന് മാത്രം ! മോനേ അപ്പുസേ… എവിടാരുന്നെടാ നീ ഇത് വരെ? എന്താ നീ ഇച്ചേയിയെ കാണാൻ വരാത്തെ?
എന്തിനാ നീ എന്നെ ഒറ്റയ്ക്കാക്കി പോയെ? പോകുന്നതിനു മുൻപ് എന്നോട് ഒരു വാക്കെങ്കിലും നിനക്ക് പറഞ്ഞൂടാരുന്നോ? ഇത് വരെ നീ എന്താ എന്നേ അന്വേഷിക്കാത്തെ? എന്റെ പോന്നു നിമ്മി ഇങ്ങനെ എല്ലാം കൂടി ഒരുമിച്ചു ചോദിച്ചാൽ അവൻ എങ്ങനെ മറുപടി പറയാനാ?? മഹിയേട്ടൻ ചിരിച്ചു കൊണ്ട് അടുത്തേയ്ക്ക് വന്നു …. അപ്പൂനെ നോക്കിയപ്പോൾ അവൻ ചിരിയോടെ എന്നേ തന്നെ നോക്കി നിൽക്കുവാണ്… .. ഇച്ചേയീടെ സ്വഭാവത്തിന് ഇപ്പോഴും മാറ്റമൊന്നും ഇല്ലല്ലേ?? അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
എവിടെ മാറാനാ?? നിന്റെ ഇച്ചേയി ഇപ്പോഴും ആ പഴയ അയ്യോ പാവം തന്നെയാ…. മഹിയേട്ടൻ അപ്പുന്റെ പിടിച്ചു കൈ എന്റെ കയ്യിലേക്ക് വച്ചു തന്നിട്ട് പറഞ്ഞു…. ഇതാണ് തനിക്കുള്ള എന്റെ wedding ആനിവേഴ്സറി ഗിഫ്റ്റ്… താൻ ഏറെ കാണാൻ ആഗ്രഹിച്ച തന്റെ അനിയൻ… നിർമൽ കൃഷ്ണ ips… (എന്ത് പറയണമെന്നറിയാതെ ഞാൻ മഹിയേട്ടനെ നോക്കി… ഇതിനേക്കാൾ വലിയ ഒരു ഗിഫ്റ്റ് എനിക്ക് കിട്ടാനില്ല മഹിയേട്ടാ…. അതിനേക്കാളേറെ അദ്‌ഭുതമായിരുന്നു ) ips???? ഇച്ചേയിയും ഇച്ചേയിടെ ആഗ്രഹങ്ങളും എന്നും എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു…
ഒരുപാട് കഷ്ടപ്പെട്ടു ഇച്ചേയിടെ ആഗ്രഹം നേടിയെടുക്കാൻ… വന്ന കാലിൽ തന്നെ നിൽക്കാതെ കുട്ടികളെ. ബാക്കി ഒക്കെ വീട്ടിൽ കയറീട്ടു സംസാരിക്കാം… മുത്തശ്ശി മുറ്റത്തേയ്ക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു.. അപ്പൂനെ നീ വീട്ടിനു പുറത്തു തന്നെ നിർത്തുവാണോ? ബാക്കി വീടിനകത്തു പോയി സ്നേഹിക്കാം… വാ… ഞാൻ ചിരിച്ചു കൊണ്ട് കണ്ണുകൾ തുടച്ചു… മഹിയേട്ടൻ വീട്ടിനുള്ളിലേക്ക് കയറി. എന്റെ കൈ പിടിച്ചു കൊണ്ട് അപ്പുവും… നിമ്മീ… താൻ അപ്പൂന് റൂം കാണിച്ചു കൊടുക്ക് ..
അവൻ ഒന്ന് ഫ്രഷ് ആയി വരട്ടെ. യാതയൊക്കെ കഴിഞ്ഞു വന്നതല്ലേ? ഞാനും ഒന്ന് ഫ്രഷ് ആയി വരാം. മഹിയേട്ടൻ റൂമിലേയ്ക്ക് പോയി. ഞാൻ അപ്പുവുമായി ഗസ്റ്റ് റൂമിലേയ്ക്ക് പോയി. മോൻ ഫ്രഷ് ആയിട്ട് വാ… ഇച്ചേയി… ഇച്ചേയിക്ക് എന്നോട് ദേഷ്യമുണ്ടോ? ദേഷ്യമോ? എന്റെ കുഞ്ഞിനോടൊ?? എന്താ മോനേ നീ ഈ പറയുന്നത്? നിന്നെ കണ്ടപ്പോ എനിക്കുണ്ടായ സന്തോഷം…അത് നിനക്ക് ഊഹിക്കാവുന്നതിനേക്കാൾ അധികമാണ്.. പിന്നെ അന്ന് നീ പോയപ്പോ… ഞാൻ ഒത്തിരി വിഷമിച്ചു…
എനിക്ക് സ്വന്തമെന്നു പറയാൻ നീയല്ലാതെ വേറെ ആരാ മോനേ ഉണ്ടായിരുന്നത്? നീ ആയിരുന്നില്ലേ എന്റെ ജീവൻ.. നിന്നെ ഒരു ips കാരനായി നല്ല നിലയിൽ കാണണമെന്ന മോഹത്തിന്റെ പുറത്താണ് ഞാൻ ജീവിച്ചത് തന്നെ… പെട്ടെന്ന് നീ എന്റെ അരികിൽ നിന്ന് പോയപ്പോ… എല്ലാം നഷ്ടമായത് പോലെ തോന്നി… ജീവിതത്തിനു ഒരു അർത്ഥവും ഇല്ലാത്തതു പോലെ… ആർക്കു വേണ്ടി എന്തിന് വേണ്ടി ജീവിക്കണം എന്ന് തോന്നിപ്പോയി… ചുറ്റുമുള്ളതിലൊന്നും എനിക്ക് സന്തോഷം കണ്ടെത്താനായില്ല…
എല്ലാം ശൂന്യമായത് പോലെ… 7 വയസുകാരി നിമ്മിയ്ക്ക് ആ പ്രായത്തിൽ വീട്ടു ജോലിക്കാരിയായപ്പോൾ പോലും ഇത്രയേറെ ഒറ്റപ്പെടൽ തോന്നിയിട്ടില്ലായിരുന്നു. എനിക്ക് ഭയമായിരുന്നു… നീ അച്ഛനൊപ്പം പോയതിൽ… അച്ഛൻ നിന്നെ അപായപ്പെടുത്തുമോ എന്നുള്ള ഭയം ! ഫാദർ പറഞ്ഞു. അച്ഛന് നല്ല മാറ്റം ഉണ്ടെന്ന്…. പക്ഷെ എനിക്ക് വിശ്വസിക്കാനായില്ല… പെട്ടെന്ന് മറക്കാവുന്നതൊന്നുമല്ലല്ലോ അച്ഛൻ നമുക്ക് തന്നിട്ടുള്ളത്? ഒരച്ഛനും മക്കളോട് ചെയ്യാൻ പാടില്ലാത്ത ക്രൂരതയല്ലേ അച്ഛൻ നമ്മളോട് ചെയ്തത്??
ആ അച്ഛനെ ഞാൻ എങ്ങനെ വിശ്വസിക്കും? നിന്നെക്കുറിച്ചോർത്തു കരയാത്ത ദിവസങ്ങൾ ചുരുക്കമായിരുന്നു.. ഉറക്കം പോലും ഇല്ലാതെ കരഞ്ഞു നേരം വെളുപ്പിച്ചിട്ടുണ്ട് പലപ്പോഴും. അച്ഛന്റെ സ്വഭാവം അതിന് പെട്ടെന്നൊരു മാറ്റം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛൻ നിന്നെ അപായപ്പെടുത്തുമോയെന്നു ഞാൻ അത്രയേറെ ഭയപ്പെട്ടിരുന്നു അപ്പു…… പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു…. അപ്പു എന്നെ ചേർത്തു പിടിച്ചു… എന്റെ കണ്ണുനീര് തുടച്ചു… ഞാൻ എന്റെ ഇച്ചേയിയെ ഒത്തിരി വേദനിപ്പിച്ചു അല്ലേ? ഒന്നും മനപ്പൂർവം ആയിരുന്നില്ല.
അച്ഛൻ കാണാൻ വന്നിട്ടുണ്ടെന്ന് ഫാദർ വന്നു പറഞ്ഞപ്പോൾ ഒന്ന് പോയി കാണാൻ പോലും ഞാൻ കൂട്ടാക്കിയില്ല. ഫാദർ ഒത്തിരി നിർബന്ധിച്ചപ്പോഴാണ് കാണാൻ ഞാൻ തീരുമാനിച്ചത്. അപ്പോഴും ഇച്ചേയിയെ ഒപ്പം കൂട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. പക്ഷെ അച്ഛനെ കണ്ടപ്പോൾ എനിക്ക് അതുവരെ ഉണ്ടായിരുന്ന ദേഷ്യവും വിരോധവുമൊക്കെ ഉരുകി ഇല്ലാതായിപ്പോയി ഇച്ചേയി… വല്ലാത്ത രൂപമായിരുന്നു… വെറും അസ്ഥിപഞ്ജരം…. കീറിത്തുടങ്ങിയ വസ്ത്രം… ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി എന്ന് തോന്നി..
അച്ചനൊപ്പം ഏകദേശം ഒരു 10 വയസ്സ് തോന്നിക്കുന്ന ഒരു പയ്യനും ഉണ്ടായിരുന്നു. അവന്റെ അവസ്ഥയും മോശമായിരുന്നില്ല…. എന്നേ കണ്ട ഉടനെ ഓടി വന്നെന്റെ കാലിൽ വീണു… എന്റെ അച്ഛൻ! എത്ര ക്രൂരനായാലും ഒരച്ഛൻ മകന്റെ കാലിൽ വീഴുകയെന്നു പറഞ്ഞാൽ… താങ്ങാനായില്ല എനിക്ക്… നമ്മളോട് ദ്രോഹങ്ങൾ മാത്രമേ ചെയ്‌തിട്ടുള്ളു… അമ്മ പോയ ശേഷം ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ല… എങ്കിലും അച്ഛനല്ലേ ഇച്ചേയി… ആ അവസ്ഥയിൽ… കണ്ട് കരഞ്ഞു പോയി ഞാൻ… അച്ഛന്റെ പറഞ്ഞ കാര്യങ്ങൾ അതിനേക്കാൾ വിഷമിപ്പിക്കുന്നതായൊരുന്നു…
അപ്പു കരയുകയായിരുന്നു… അച്ഛനെ തെറ്റിദ്ധരിച്ചു പോയതോർത്തു ഞാനും… ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ അച്ഛൻ നമ്മുടെ പഴയ വീട്ടിലേക്കാണ് പോയത്. അവിടെ ചെറിയമ്മ ഉണ്ടല്ലോ? പക്ഷെ അച്ഛന്റെ എല്ലാ പ്രതീഷകളും തെറ്റി. അച്ഛൻ അവിടെ എത്തിയപ്പോൾ ആട് കിടന്നിടത്തു പൂട പോലും ഇല്ല എന്ന അവസ്ഥയിൽ ആയിരുന്നു കാര്യങ്ങൾ . വീട്ടിൽ ചെറിയമ്മ പോയിട്ട് ഉണ്ടായിരുന്ന സാധനങ്ങൾ പോലും ഇല്ല! അയൽക്കാരാണ് പറഞ്ഞത് അച്ഛൻ ജയിലിൽ ആയ ശേഷം ചെറിയമ്മ വേറെ ഒരാളുടെ കൂടെ പോയീന്നു.
അയാൾക്ക് വേണ്ടാത്തൊണ്ടു അവരുടെ കുഞ്ഞിനെ അടുത്തുള്ള അനാഥാലയത്തിൽ ആക്കിയെന്നും… എന്റെ അപ്പുന്റെ മുഖച്ഛായയുള്ള ഒരു സുന്ദരൻ വാവയുടെ മുഖം എന്റെ മനസ്സിൽ തെളഞ്ഞു വന്നു… അവനും അച്ഛന്റെ മകൻ തന്നെ ആയിരുന്നല്ലോ?? അച്ഛൻ അനാഥാലയത്തിൽ പോയി അവനെയും ഒപ്പം കൂട്ടി.. കേശവ്… കേശുന്ന് വിളിക്കും… പക്ഷെ, വിധി വീണ്ടും ക്രൂരത കാട്ടി… അച്ഛന് ഒരു മേജർ അറ്റാക്ക് ! നാട്ടുകാരാണ് ഹോസ്പിറ്റലിൽ എത്തിച്ചതത്രെ ! ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണെന്നാണ് അച്ഛൻ പറഞ്ഞത്.
നാട്ടുകാരാണ് ചികിത്സയ്ക്കുള്ള കാശൊക്കെ കൊടുത്തത്.. അതും കേശുനെ കരുതി. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയെങ്കിലും അച്ഛന് ജോലി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ആയിരുന്നു.. ഒന്ന് രണ്ട് മാസം എങ്ങനെയൊക്കെയോ തള്ളി നീക്കി. നിവർത്തിയില്ലാതായപ്പോഴാണ് എന്നെയും ഇച്ചേയിയെയും തിരക്കി വന്നത്. അതും കേശുനെ നമ്മളെ ഏൽപ്പിച്ചു തിരികെ പോകാൻ. അങ്ങനെ അച്ഛനെ ഒറ്റയ്ക്ക് വിടാൻ എനിക്ക് തോന്നിയില്ല. നമ്മളോട് ചെയ്ത തെറ്റിനുള്ള ശിക്ഷയെല്ലാം അതിനോടകം കിട്ടിക്കഴിഞ്ഞിരുന്നു.
ഓർഫനേജിൽ നമ്മളോടൊപ്പം കൂടാൻ പറഞ്ഞിട്ട് കേട്ടില്ല. ഒടുവിൽ ഞാൻ ഒപ്പം പോകാൻ തീരുമാനിച്ചു. അച്ചൻ കുറേ എതിർത്തു. ഇനിയും വിഷമിപ്പിക്കാൻ വയ്യ എന്നൊക്കെ പറഞ്ഞു. പക്ഷെ, ഒറ്റയ്ക്ക് വിടാൻ മനസ്സ് അനുവദിച്ചില്ല. എത്രയായാലും അച്ഛനല്ലേ? ഇതൊക്കെ ഇച്ചേയി അറിഞ്ഞാൽ ഒപ്പം വരാനായി വാശി പിടിക്കും എന്നറിയാമായിരുന്നു. മാത്രമല്ല അച്ഛന്റെ ആ അവസ്ഥ ഇച്ചേയിക്ക് താങ്ങാനാകില്ല എന്നും. അതാണ് പറയാതെ പോയത്. എല്ലാം ശരിയായിക്കഴിഞ്ഞു തിരികെ വന്നു ഇച്ചേയിയേയും കൂട്ടാമെന്നു കരുതി…..
കൂടാതെ ഫാദറിനടുത്തു ഇച്ചേയി safe ആയിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. അദ്ദേഹം, ഞാൻ തിരികെ വരുന്നത് വരെ ഇച്ചേയിക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല എന്നെനിക്കു വാക്ക് തന്നിരുന്നു. ഞാൻ നാട്ടിൽ എത്തിയപ്പോഴാണറിഞ്ഞത് എന്നോടൊപ്പം 10thil പഠിച്ച എന്റെ best friend ശിവയുടെ വീട് അതിനടുത്താണെന്ന്. അവർ ചെന്നൈയിലേക്ക് താമസം മാറാൻ പോകുവാണെന്നും അവന്റെ അമ്മാവൻ ഫേമസ് കാർഡിയോളജിസ്റ്റാണെന്നും ചികിത്സാ ചിലവൊക്കെ ഇളവ് ചെയ്ത് തരാമെന്നുമൊക്കെ പറഞ്ഞപ്പോൾ ഞങ്ങൾ ചെന്നൈയിലേക്ക് പോകാൻ തീരുമാനിച്ചു.
വീടും വസ്തുവും വിറ്റു. ചെന്നൈയിൽ പോയി കുറച്ചു സ്ഥലവും ഒരു കൊച്ചു വീടും വാങ്ങി. ബാക്കി കാശ് കൊണ്ട് അച്ഛന്റെ ചികിത്സ നടത്തി. വീടിനോട് ചേർന്ന് ബേക്കറി പോലെ ഒരു ചെറിയ കട തുടങ്ങി. ആദ്യമൊക്കെ നഷ്ടത്തിൽ ആയിരുന്നു. ഞാൻ പല പല ജോലികൾ ചെയ്തു. മൂന്ന് പേര് പട്ടിണി ഇല്ലാതെ കഴിയണ്ടേ? കേശുനെ സ്കൂളിൽ ചേർത്തു. അവൻ മിടുക്കനാ… 10thil എല്ലാ വിഷയത്തിനും A plus ഉണ്ടായിരുന്നു . ഇപ്പൊ ആള് പ്ലസ് two ആണ്. ഞാൻ ഡിസ്റ്റൻസ് ആയിട്ട് ഡിഗ്രിക്ക് ജോയിൻ ചെയ്തു. അച്ഛന് ഇടയ്ക്ക് ചെറിയ സ്ട്രോക്ക് വന്നു…
വീണ്ടും ഹോസ്പിറ്റലും ചികിത്സയും… അയ്യോ … മോനേ…. അച്ഛൻ??? ഇപ്പൊ almost ഭേദമായി… ഒരു കാലിനു ചെറിയ സ്വാധീനക്കുറവുണ്ട്. നടക്കാൻ വാക്കറിന്റെ ചെറിയ സപ്പോർട്ട് വേണം. വേറെ കുഴപ്പമൊന്നുമില്ല. വീണ്ടും ഞാൻ കേൾവിക്കാരിയായി. പതിയെ ഞങ്ങളുടെ ബേക്കറി പച്ച പിടിച്ചു. എനിക്ക് ഒരു ചെറിയ കമ്പനിയിൽ താത്കാലിക ജോലി കിട്ടി. വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ട് പോകും എന്നുള്ള അവസ്ഥ എത്തിയപ്പോൾ ഞാൻ ഇച്ചേയിയെയും ഒപ്പം കൂട്ടാമെന്നു കരുതി. ജീവിതം ഒരു കരയ്‌ക്കെത്തിക്കാനുള്ള ഓട്ടത്തിനിടയിൽ എപ്പോഴോ ഫാദറിന്റെ നമ്പർ എന്റെ കയ്യിൽ നിന്നും miss ആയിരുന്നു.
ഇച്ചേയിയെ അന്വേഷിച്ചു ഞാൻ ഓർഫനേജിൽ എത്തി.. പക്ഷെ അപ്പോഴേയ്ക്കും ഓർഫനേജിന്റെ പ്രവർത്തനം അവസാനിപ്പിച്ചു ഫാദർ അമേരിക്കയിലേയ്ക്ക് പോയിരുന്നു. അദ്ദേഹം അന്ദേവാസികളെ മാറ്റിയ സ്ഥലത്തു ഞാൻ ഇച്ചേയിയെ തിരക്കി ചെന്നു.. അവിടെ ഇച്ചേയി ഇല്ല എന്നറിഞ്ഞു. ഞാൻ ഇച്ചേയിയെ ഒരുപാട് അന്വേഷിച്ചു…. നിരാശ ആയിരുന്നു ഫലം… ഇച്ചേയിടെ ഓർമകളും സ്വപ്നങ്ങളും എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു… ഇച്ചേയിയായിരുന്നു എനിക്കെന്നും എല്ലാം… അത് കൊണ്ട് തന്നെ ഇച്ചേയിടെ സ്വപ്നം എന്റെയും സ്വപ്നമായി കണ്ടു.. ഒരു ips കാരനാകാൻ ഞാൻ ഊണിലും ഉറക്കത്തിലും പരിശ്രമിച്ചു…
ഒടുവിൽ ഞാൻ അത് നേടി.. ചെന്നൈയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ips ഓഫീസർ ആയിരുന്നു നിർമൽ കൃഷ്ണ എന്ന ഇച്ചേയിടെ ഈ അപ്പു ! ആ സന്തോഷ വാർത്ത ആദ്യം അറിയിക്കാൻ ഞാൻ ആഗ്രഹിച്ചത് ഇച്ചേയിയെയാണ്… പക്ഷെ….. അപ്പു ഒന്ന് നിർത്തി. അവന്റെ കണ്ണുകളൊക്കെ ചുവന്നു കലണ്ടിയിരുന്നു. ഇച്ചേയിക്കറിയാമോ? ഇച്ചേയി എന്റെ അടുത്തുണ്ടായിരുന്നില്ല എന്നേ ഉള്ളൂ… ഇച്ചേയിയെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
അന്വേഷിക്കാത്ത സ്ഥലങ്ങളും ഇല്ല. ips ട്രെയിനിങ് കഴിഞ്ഞുള്ള എന്റെ ഫസ്റ്റ് അപ്പോയ്ന്റ്മെന്റ് എറണാകുളം ആയിരുന്നു. ജോയിൻ ചെയ്ത് കഴിഞ്ഞ് കേശുവിന്റെ ആദ്യത്തെ ആവശ്യം എന്തായിരുന്നു എന്നോ? അവനു അവന്റെ ചേച്ചിയമ്മയെ കണ്ടെത്തി കൊടുക്കണമെന്ന്…. ഇച്ചേയിയെ അവൻ അങ്ങനെയാ വിളിക്കുന്നത്. ഞാനും അച്ഛനും പറഞ്ഞു അവനു ഇച്ചേയിയെ നന്നായി അറിയാം. ഇച്ചേയി ഉണ്ടായിരുന്നെകിൽ ഇച്ചേയി അവനു ചേച്ചിയും അമ്മയും ആയെനേന്ന് അവൻ എപ്പോഴും പറയും… പാവമാ… ഇച്ചേയിയെ വലിയ ഇഷ്ടമാ…
ചേട്ടൻ ഇപ്പൊ പോലീസിൽ അല്ലേ അത് കൊണ്ട് ഇനി വേഗം ചേച്ചിയമ്മയെ കണ്ടെത്താമല്ലോ എന്ന് പറഞ്ഞു ആകെ പ്രതീക്ഷയിലാണ് ആള്… അവന്റെ സ്വന്തം അമ്മയെക്കുറിച്ച അവൻ ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. ഇച്ചേയിയെക്കുറിച്ച് ചോദിക്കാനും പറയാനുമെ അവനു സമയം ഉള്ളൂ… ഞാൻ ഇച്ചേയിയെ കണ്ടെത്താനുള്ള ശ്രമങ്ങളൊക്കെ തുടങ്ങിയപ്പോഴാണ് ചേട്ടായിയെ കണ്ടത്.. പിന്നെ നേരെ ഇങ്ങു പോന്നു… ട്രിവാൻട്രത്ത് ഒരു മീറ്റിംഗ് ഉണ്ടെന്നാണ് അച്ഛനോട് പറഞ്ഞത്. അവിടെ അച്ഛനു കൂട്ട് കേശു ഉള്ളോണ്ട് എനിക്ക് ടെൻഷൻ ഇല്ല. ചെന്നിട്ട് വേണം എല്ലാം വിശദമായിട്ട് പറഞ്ഞു അച്ഛനെയും കേശുവിനെയും കൂടി കൂട്ടിക്കൊണ്ട് വരാൻ…
ഇച്ചേയിയെ തിരക്കി ഫാദറിന്റെ അടുത്ത എത്തുന്നത് വരെ എനിക്ക് ചെറിയ ഒരാശ്വാസം ഉണ്ടായിരുന്നു. ഇച്ചേയി അവിടെ safe ആയിരിക്കും എന്നറിയാവുന്നത് കൊണ്ട്. പക്ഷെ, അവിടെ ഇച്ചേയി ഇല്ല എന്നറിഞ്ഞപ്പോൾ ഞാനും ആകെ തകർന്നു പോയി… എന്ത് ചെയ്യണമെന്നറിയാതെ അവസ്ഥ!. അന്ന് ഇച്ചേയിയെ അവിടെ ആക്കി പോകാൻ തീരുമാനിച്ച നിമിഷത്തെ ശപിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. അതോർത്തു കരഞ്ഞു കരഞ്ഞു ഉറക്കമില്ലാതായ രാത്രികളായിരുന്നു കൂടുതലും… ചേട്ടായിയെ കണ്ടെത്തുന്നത് വരെ ഇച്ചേയി മനസ്സിൽ ഒരു നീറ്റൽ തന്നെയായിരുന്നു….
അറിയാം മോനേ… നീ എന്നെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്. പക്ഷെ, എനിക്ക് സ്വന്തമെന്നു പറയാൻ നീയല്ലേടാ ഉണ്ടായിരുന്നുള്ളു… ആ നീ കൂടി ഇല്ലാതായപ്പോൾ…. തകർത്തു പോയി ഞാൻ… അപ്പോഴും നിന്നെക്കുറിച്ചോർത്തായിരുന്നു എനിക്ക് വിഷമം… നീ എവിടെയെങ്കിലും സന്തോഷത്തോടെ ഉണ്ടെന്നറിഞ്ഞിരുന്നെങ്കിൽ ഞാനും ഹാപ്പി ആയേനേ… പക്ഷെ……… നിന്നെ മഹിയേട്ടൻ ഒരുപാട് അന്വേഷിച്ചു.. എനിക്ക് വേണ്ടി… കണ്ടെത്താനായില്ല… ഇച്ചേയി… ഇച്ചേയീടെ ഭാഗ്യമാണ് ചേട്ടായിയെപ്പോലെ ഒരാളെ കിട്ടിയത്.
എന്തിഷ്ടമാണെന്നോ ആളിന് ഇച്ചേയിയെ? നൂറു നാവാ ഇച്ചേയിയെക്കുറിച്ച് പറയുമ്പോ… ഇത്ര നാളും ഇച്ചേയിക്ക് തന്ന വിഷമങ്ങൾക്ക് പകരമായി ദൈവം തന്ന സമ്മാനമാണ് അദ്ദേഹം… എനിക്കറിയാം മോനേ… അദ്ദേഹം ഉള്ളത് കൊണ്ടാണ്.. ആ സ്നേഹവും കെയറും ആണ് ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകാൻ തന്നെ കാരണം… നിന്നെ കണ്ടപ്പോൾ ഉള്ള സന്തോഷത്തിൽ ഞാൻ മഹിയേട്ടനെ ശ്രദ്ധിച്ചു പോലുമില്ല… ആളിപ്പോ ഫ്രഷ് ആയി കാണും… ഞാൻ ഒന്ന് പോയി കാണട്ടെ… മോൻ ഫ്രഷ് ആയിട്ട് വാ….എന്നിട്ടു ഫുഡ് കഴിക്കാം….
എങ്ങനെയാ എവിടെനിന്നാ നിന്നെ കിട്ടിയതെന്നൊക്കെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കിക്കൊള്ളാം…. ശരി ഇച്ചേയി… ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത, എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്ന, എനിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ഒരു സമ്മാനം എനിക്ക് ഇന്നു തന്നതിന് നന്ദി പറയാനും… ഒപ്പം മഹിയേട്ടൻ ഒത്തിരി മോഹിക്കുന്ന ഒരു സമ്മാനം അദ്ദേഹത്തിന് നൽകാനും വേണ്ടി ഞാൻ റൂമിലേയ്ക്ക് നടന്നു… . തുടരും