Saturday, January 18, 2025
Novel

അനാഥ : ഭാഗം 15

എഴുത്തുകാരി: നീലിമ

പിറ്റേന്ന് രാവിലെ ന്യൂസ്‌ പേപ്പർ വായിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛൻ അരികിൽ വന്നിരുന്നു… മോനേ മഹി… ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുകയാണ്. നിനക്ക് എന്തോ വിഷമമുള്ളത് പോലെ.. എന്ത് പറ്റിയെടാ… ഒരു നിമിഷം ഞാൻ ആലോചിച്ചു. ആ കാലിനെക്കുറിച്ചു അച്ഛനോട് പറയുന്നതാണ് നല്ലതെന്നു തോന്നി… സംസാരിച്ചു കഴിഞ്ഞപ്പോൾ അച്ഛനും വല്ലാത്ത ഭയം… നിന്നോട് സംസാരിച്ചത് അപ്പു തന്നെ ആണെന്ന് നിനക്ക് ഉറപ്പുണ്ടോ?? ഇല്ലച്ഛാ .. ഞാൻ എങ്ങനെ ഉറപ്പിക്കും? ഞാൻ ഇത് വരെ അവനെ കണ്ടിട്ടില്ല..

ശബ്ദം പോലും കേട്ടിട്ടില്ല… നിമ്മിയോടാണെങ്കിൽ ഇതൊന്നും പറയാനും വയ്യ… അവളോട് സംസാരിച്ചിരുന്നു എങ്കിൽ അപ്പുവാണോ എന്ന് ഉറപ്പിക്കാമായിരുന്നു. ആരെങ്കിലും കളിപ്പിക്കുന്നതാണോ എന്നു പോലും എനിക്ക് സംശയമാണ്… പിന്നെ നമ്മൾ എന്ത് ചെയ്യും മോനേ? അവൻ സാധാരണ രാവിലെ 8 നും 9 നും ഇടയിലാണ് വിളിക്കാറ്… ഇനിയുള്ള ദിവസങ്ങളിൽ ആ സമയം അച്ഛന്റെ ഫോൺ കൂടി എനിക്ക് വേണം. അവൻ വിളിച്ചാൽ ഉടനെ കിരണിനെ അറിയിക്കാൻ പറഞ്ഞിട്ടുണ്ട്.

ആ കാൾ ട്രാക്ക് ചെയ്യാനുള്ള എല്ലാ ഏർപ്പാടും അവൻ ചെയ്‌തിട്ടുണ്ട്….അവൻ വിളിക്കുമ്പോൾ അച്ഛന്റെ ഫോണിൽ നിന്നും കിരണിനു മിസ്സ്‌ കൊടുക്കാനാണ് അവൻ പറഞ്ഞത്.. അഛനോട്‌ സംസാരിച്ചിരിക്കുന്നതിനിടയിൽ വീണ്ടും എനിക്ക് ആ നമ്പറിൽ നിന്നും കാൾ വന്നു… അവനാണ്.. അച്ഛന്റെ ഫോണിൽ നിന്നും കിരണിനെ വിളിക്കു… അച്ഛൻ ഫോണിൽ നിന്നും കിരണിനെ വിളിച്ചു. അവൻ ഉടൻ തന്നെ കാൾ അറ്റൻഡ് ചെയ്തു എന്ന് തോന്നുന്നു…. അവര് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ അച്ഛൻ എന്നോട് കാൾ അറ്റൻഡ് ചെയ്യാൻ ആംഗ്യം കാണിച്ചു.

പക്ഷെ അറ്റൻഡ് ചെയ്യുന്നതിന് മുന്നേ കാൾ കട്ട്‌ ആയി. ഉടനെ തന്നെ വീണ്ടും അതേ നമ്പറിൽ നിന്നും കാൾ വന്നു… ഹലോ.. മഹേഷ്‌… എന്ത് തീരുമാനിച്ചു?? ആദ്യം നിങ്ങൾ ആരാണെന്ന് പറയൂ… എന്നിട്ടു ബാക്കി സംസാരിക്കാം… ഞാൻ പറഞ്ഞല്ലോ മഹേഷ്‌… നേരിൽ കാണുമ്പോൾ അറിയാമെന്നു…. നിമ്മിക്ക് എന്നെ നന്നായി അറിയാം. അവൾക്ക് വേണ്ടപ്പെട്ട ഒരാളാണെന്ന് കൂട്ടിക്കോളൂ…. ഹാ… അത്രയ്ക്കും വേണ്ടപ്പെട്ട ആളാണെങ്കിൽ ഇങ്ങോട്ട് വരൂ… നമുക്ക് ഇവിടെ വച്ചു സംസാരിക്കാല്ലോ?

അതിലൊരു ത്രില്ല് ഇല്ല മാഷേ…. അതുമല്ല നിമിഷ അവിടെ ഒറ്റയ്ക്കായിരിക്കില്ലല്ലോ? എനിക്ക് നിമിഷയെ ഒറ്റയ്ക്ക് കിട്ടണം… കുറച്ചു കാര്യങ്ങൾ എനിക്ക് അവളോട് മാത്രമായി സംസാരിക്കാനുണ്ട്. നിങ്ങൾക്ക് നിമ്മിയോട്‌ ഒറ്റയ്ക്ക് സംസാരിച്ചാൽ പോരെ? അതിനുള്ള അറേഞ്ച്മെന്റ്സ് ഞാൻ ഇവിടെ ചെയ്തു തരാം.. എന്താ?? എന്റെ സ്വരത്തിലെ ദേഷ്യവും പരിഹാസവും അവന് മനസിലായിട്ടുണ്ടാവും. ടാ… ഇത്ര നേരം ഞാൻ മര്യാദയുടെ ഭാഷയിൽ സംസാരിച്ചു… കളിക്കല്ലേ നീ… കളി പഠിപ്പിക്കാൻ എനിക്കറിയാം…

നീ വരും അവളേം കൊണ്ട്.. ഇല്ലെങ്കിൽ നിന്റെ അളിയന്റെ ഡെഡ് ബോഡി ഞാൻ പാർസൽ ആക്കി വീട്ടിലേയ്ക്ക് അയച്ചേക്കാം. ചൂടാകാതെ… നിങ്ങളോടൊപ്പം അപ്പു ഉണ്ടോന്നു പോലും എനിക്ക് ഉറപ്പില്ല. എന്നോട് സംസാരിച്ചത് അപ്പു ആണെന്നതിനു എന്താണ് തെളിവ്?? എനിക്ക് അപ്പൂനെ അറിയില്ലല്ലോ? നീ നിമിഷേടെ കയ്യിൽ ഫോൺ കൊടുക്ക്…. അവളോട് അവൻ നേരിട്ട് സംസാരിക്കട്ടെ. അവൾക്ക് അറിയാതിരിക്കില്ലല്ലോ അവളുടെ അനിയന്റെ ശബ്ദം?? എന്നിട്ടും നിനക്ക് സംശയം ആണെങ്കിൽ നീ വരണ്ട..

അവന്റെ ബോഡി വീട്ടിൽ എത്തുമ്പോൾ അറിയാല്ലോ അവൻ എന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നോ ഇല്ലയോ എന്ന്?? എന്തായാലും എനിക്ക് വിഷയമല്ല. ഇതല്ലെങ്കിൽ മറ്റൊരു വഴി.. അവളെ കാണണമെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ കണ്ടിരിക്കും… മാർഗം എനിക്ക് വിഷയമേ അല്ല. എന്റെ ലക്ഷ്യം ആണെനിക്ക് പ്രധാനം… ഇനി നീ തീരുമാനിക്ക്… പെട്ടെന്ന് പറയണം… എന്താ നിന്റെ തീരുമാനം…??? എനിക്ക് സമ്മതം… ഞാൻ വരാം… നിമ്മിയെയും കൊണ്ട്… നല്ല തീരുമാനം..

അപ്പൊ നിനക്ക് ബുദ്ധിയുണ്ട്… (ഉണ്ടല്ലോ… അത് നിനക്ക് വഴിയേ മനസിലായിക്കോളും. നിന്നെ ഞാൻ പൂട്ടിക്കോളാം… ) എവിടെ വരണം? നിങ്ങളെ ഞാൻ അങ്ങനെ ബുദ്ധിമുട്ടിക്കുമോ?? അത് മോശമല്ലേ? വണ്ടി അവിടെ എത്തും… നിന്റെ വീട്ടിൽ… നിങ്ങൾ അതിൽ കയറി ഇങ്ങു വന്നാൽ മാത്രം മതി. പിന്നെ വണ്ടിയിൽ എന്റെ ചില കൂട്ടുകാരുണ്ടാവും.. അവരെ ദേഷ്യം പിടിപ്പിക്കാതെ നോക്കണം. ദേഷ്യം വന്നാൽ അവന്മാർ എന്ത് ചെയ്യും എന്ന് എനിക്ക് പറയാനൊക്കില്ല. ഇവിടെ വന്നിട്ട് നമുക്ക് തമ്മിൽ കാണാം. എന്ന്??

എന്റെ നിമിഷ മോളേ കാണാൻ എനിക്ക് കൊതിയാവുന്നു… അത് കൊണ്ട് നാളെ തന്നെ… നാളെ വൈകിട്ട്… സമയം ഞാൻ പിന്നീട് പറയാം… അവനെ അപ്പൊ കയ്യിൽ കിട്ടിയാൽ കൊന്നുകളയാനുള്ള ദേഷ്യമാണെനിക്ക് തോന്നിയത്. അവന്റെ ഒരു നിമിഷ മോള് ! വൃത്തികെട്ടവൻ ! ഞാൻ പല്ല് കടിച്ചു പിടിച്ചു എന്റെ ദേഷ്യം നിയന്ത്രിച്ചു. നിങ്ങൾ എവിടെ വച്ച് കാണാമെന്നാ പറയുന്നത്? സ്ഥലം പറഞ്ഞില്ല. മോനേ മഹേഷേ.. നിനക്ക് ഞാൻ സ്ഥലം പറഞ്ഞു തരണം അല്ലേ? ഇപ്പൊ പറഞ്ഞു തരാം..

ടാ.. നീ പഠിച്ച കോളേജിലെ പ്രിൻസിപ്പൽ ആണ് ഞാൻ… ആ എന്നോടാ… പറഞ്ഞത് പോലങ്ങ് കേട്ടാൽ മതി… ഇല്ലെങ്കിൽ അറിയാല്ലോ??? അപ്പോ ടൈം നാളെ… അവൻ കാൾ അവസാനിപ്പിച്ചു. ടാ.. മഹി.. നീ എന്തോന്നോക്കെയാടാ അവനോട് പറഞ്ഞത്? നീ പറയുന്ന സ്ഥലത്ത് അവൻ വരുമെന്ന് നീ കരുതിയോ? അതോ സ്ഥലം പറഞ്ഞു തരുമെന്ന് നീ കരുതിയോ??? ഇല്ലേയില്ല… അങ്ങനെ കരുതാൻ ഞാൻ മണ്ടനല്ല… പിന്നെ??? പിന്നെ നീ എന്തൊക്കെയാ അവനോട് പറഞ്ഞത്? അവനെക്കൊണ്ട് കുറച്ചു കൂടുതൽ സമയം സംസാരിപ്പിക്കണമെന്ന് കിരൺ പറഞ്ഞിരുന്നു. അവൻ എന്നെ വിളിക്കുന്ന സമയം മാത്രമേ ഫോൺ സ്വിച്ച് ഓൺ ചെയ്യുള്ളു.

ബാക്കി മുഴുവൻ സമയവും ഓഫ്‌ ആയിരിക്കും. അത് കൊണ്ട് അവന്റെ നമ്പർ ട്രേസ് ചെയ്ത് ലൊക്കേഷൻ കണ്ടു പിടിക്കുക പ്രയാസമാണ്…അവൻ എന്നെ വിളിക്കുമ്പോഴേ അത് സാധിക്കു. പിന്നെ അവന്റെ ലൊക്കേഷൻ മാത്രം അറിഞ്ഞാൽ പോരല്ലോ.. അവനെ കറക്റ്റ് ആയിട്ട് സ്പോട്ട് ചെയ്യണ്ടേ? അതിനു വേണ്ടിയാണ് അവൻ വിളിക്കുമ്പോ കുറഞ്ഞത് ഒരു 2-3മിനിറ്റ് എങ്കിലും സംസാരിക്കണം എന്ന് കിരൺ പറഞ്ഞത്. ഒപ്പം അവന്റെ കാൾ വരുമ്പോൾ അച്ഛന്റെ നമ്പറിൽ നിന്നും അവനെ വിളിക്കണമെന്നും പറഞ്ഞിരുന്നു.

അതാണ്‌ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്… ഇനി അവന്റെ അടുത്ത കാൾ പ്രതീക്ഷിച്ചു ഇരിക്കണം… എന്റെ ഉള്ളിലെ പേടി ശബ്ദത്തിൽ പ്രതിഫലിച്ചിരുന്നു… അച്ഛന് അത് മനസ്സിലായെന്നു തോന്നുന്നു… വിഷമിക്കണ്ട മോനേ.. കിരൺ എന്തെങ്കിലും വഴി കാണും… അത് തന്നെയാണച്ഛാ എന്റെയും പ്രതീക്ഷ.. 💥💥💥💥💥💥💥 വൈകുന്നേരത്തോടെ വീണ്ടും അവന്റെ കാൾ എത്തി. നാളെ കൃത്യം 4 മണിയോടെ വാഹനവുമായി അവന്റെ ചില സുഹൃത്തുക്കൾ വീടിനു മുന്നിൽ എത്തും. ഞാനും നിമ്മിയും അതിൽ അവൻ തീരുമാനിച്ച സ്ഥലത്തെത്തണം.

സമ്മതിക്കുകയല്ലാതെ വേറെ തരമുണ്ടായിരുന്നില്ല. കാരണം അപ്പു അവന്റെ കസ്റ്റഡിയിൽ ഉണ്ടെന്നുള്ളത് സത്യമാണോ കളവാണോ എന്നു അപ്പോഴും എനിക്ക് ഉറപ്പിക്കാനാവുന്നുണ്ടായിരുന്നില്ല. 💥💥💥💥💥💥💥💥 ഞാൻ ക്ലോക്കിൽ നോക്കി… സമയം നാലിനോടടുക്കുന്നു… ഞാനും നിമ്മിയും സിറ്റ്ഔട്ടിൽ അവർക്കായി വെയിറ്റ് ചെയ്യുകയാണ്. കൃത്യം നാല് മണിക്ക് ഫ്രണ്ട് ഗേറ്റിനു മുന്നിൽ ഒരു കാർ വന്നു നിന്നു. ഒരു വൈറ്റ് കളർ മാരുതി സ്വിഫ്റ്റ് dezire… അതിന്റെ കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ പുറത്തേയ്ക്കിറങ്ങി. മുഖം കവർ ചെയ്ത് mask ധരിച്ചിരുന്നതിനാൽ ആരാണെന്ന് വ്യക്തമായിരുന്നില്ല.

അയാൾ കാറിൽ ചാരി കൈകൾ നെഞ്ചിൽ കുറുകെ കെട്ടി ഞങ്ങളെ നോക്കി നിന്നു. ഉടനെ എനിക്ക് കാൾ വന്നു. അത് ഞങ്ങൾക്കുള്ള വണ്ടിയാണെന്നുള്ള അറിയിപ്പ്…. ഞാനും നിമ്മിയും കാറിനടുത്തേക്ക് നടന്നു. അയാൾ ഞങ്ങൾക്കായി ബാക്ക് ഡോർ തുറന്ന് തന്നു. പുറകിലും ഉണ്ടായിരുന്നു mask ധരിച്ച ഒരാൾ. അയാൾ ഞങ്ങളുടെ കൈകൾ ബന്ധിച്ചു. കണ്ണ് കറുത്ത തുണി കൊണ്ട് മൂടി… നിമ്മീ ഭയന്നു വിറച്ചു എന്നോട് ചേർന്നിരുന്നു. കുറച്ചു സമയത്തെ യാത്ര. കാർ നിന്നു. അവർ ഞങ്ങളെ പുറത്തിറക്കി. അല്പസമയം വീണ്ടും നടന്നു കാണും…

കണ്ണിലെ തുണി ആരോ അഴിച്ചു മാറ്റി. ഒപ്പം കൈകളും സ്വതന്ത്രമാക്കി. നിമ്മിയുടെ കണ്ണിലെ തുണിയും അഴിച്ചു മാറ്റിയിരുന്നു. അവൾ ആകെ പേടിച്ചു നിൽക്കുന്നുണ്ട്. സിനിമകളിൽ ഒക്കെ കാണുന്നത് പോലെ ഒരു വലിയ ഗോഡൗൺ. എന്തൊക്കെയോ ബോക്സുകളിലാക്കി അടുക്കി വച്ചിട്ടുണ്ട്. നടുവിലായി ഒരു ടേബിൾ. അതിന് മുകളിൽ അവൻ ഇരിപ്പുണ്ട്… ഞാൻ പ്രതീക്ഷിച്ച ആള് തന്നെ. അവന്റെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി…. അവന്റെ കണ്ണുകൾ നിമ്മിയിൽ ആണെന്നുള്ളത് എനിക്ക് ആ സ്വസ്തത ഉണ്ടാക്കി. അവന്റെ അടുത്തായി ചെയറിലേയ്ക്ക് വരിഞ്ഞു കെട്ടിയ നിലയിൽ അപ്പുവും ഉണ്ടായിരുന്നു.

അപ്പുവിനെ അവൻ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. ശരീരത്തിൽ അവിടവിടെയായി മുറിവുകൾ. മുറിവുകളിൽ നിന്നും രക്തം പൊടിയുന്നു. അവൻ അടുത്ത് നിന്ന ആളിനോട് കണ്ണ് കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. അയാൾ അപ്പുവിനടുത്തേയ്ക്ക് ചെന്നു അവന്റെ വായ മൂടിയിരുന്ന തുണി അഴിച്ചു മാറ്റി…. നീ അളിയന്റെ ശബ്ദം കേട്ടിട്ടില്ലാന്നല്ലേ പറഞ്ഞത്.. കേട്ടോ… അപ്പു സംസാരിച്ചു….അല്ല,,, അവൻ നില വിളിക്കുകയായിരുന്നു. ഇച്ചേയീ… എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ.. രക്ഷപ്പെട്ടോ… ഇവൻ കൊല്ലും എന്റെ ഇച്ചേയിയെ..

മഹിയേട്ടാ ഇച്ചേയിയേയും കൊണ്ട് രക്ഷപെട്ടോ… ഇച്ചേയീ… പൊയ്ക്കോ…. അപ്പു ഉറക്കെ അലറി… ടാ…. ഒറ്റ അലർച്ചയായിരുന്നു. അവൻ കാറ്റ് പോലെ പാഞ്ഞു വന്നു അപ്പുവിന്റെ കവിളിൽ ആഞ്ഞടിച്ചു… അപ്പുന്നു വിളിച്ചു അവന്റെ അരികിലേക്ക് ഓടാൻ തുടങ്ങിയ നിമ്മിയെ ഞാൻ പിടിച്ചു നിർത്തി…. പെട്ടെന്നാണ് കതക് തകർത്തു ഒരു പോലീസ് ജീപ്പ് ഉള്ളിലേയ്ക്ക് വന്നു നിന്നത്. അതിൽ നിന്നും കിരണും കുറച്ചു പോലീസുകാരും ഇറങ്ങി. കിരൺ പതിയെ അവന്റെ അടുത്തേയ്ക്ക് നടന്നു. പെട്ടെന്നാണ് അവന്റെ കയ്യിൽ ഒരു കത്തി പ്രത്യക്ഷപ്പെട്ടത്. അതവൻ അപ്പുന്റെ കഴുത്തിനോട് ചേർത്ത് വച്ചു.

കിരണിനോട് മുന്നോട്ട് വരരുതെന്ന് ആംഗ്യം കാണിച്ചു. കിരൺ വീണ്ടും മുന്നിലേയ്ക്ക് ചുവടു വച്ചു. അടുത്തേയ്ക്ക് വരരുത് എന്നവൻ തല വെട്ടിച്ചു കാണിച്ചു… വല്ലാത്തൊരു മുഖഭാവമായിരുന്നു അവനപ്പോൾ… കിരൺ രണ്ടു ചുവടു കൂടി മുന്നിലേയ്ക്ക് വച്ചു. പെട്ടെന്നാണ് കത്തിയിൽ പിടിച്ചിരുന്ന അവന്റെ കൈ ചലിച്ചത്.. രക്തം നാലുപാടും ചീറ്റി…അപ്പുവിൽ നിന്നും വികൃതമായ ഒരു ശബ്ദം പുറത്തേയ്ക്ക് വന്നു. ഞാൻ ഭയന്ന് വിറച്ചു പോയി. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ കണ്ണുകൾ ഇറുക്കി അടച്ചു ഞാൻ നിന്നു… . മോനേ അപ്പൂ …… അലറിക്കരഞ്ഞുകൊണ്ട് നിമ്മീ കുഴഞ്ഞു വീണു. ഞാൻ അവളെ താങ്ങി…

തുടരും….

അനാഥ : ഭാഗം 14