Sunday, December 22, 2024
Novel

അനാഥ : ഭാഗം 12

എഴുത്തുകാരി: നീലിമ

കിരൺ സാറിന്റെ മുഖം ! ഞാൻ ഞെട്ടി ഉണർന്നു…. അതേ കിരൺ സാറിനും അദ്ദേഹത്തിനും ഒരേ മുഖമായിരുന്നു… പക്ഷെ എങ്ങനെ????? ഞാൻ മഹിയേട്ടനെ കുലുക്കി വിളിച്ചു… മഹിയേട്ടാ… എഴുന്നേൽക്ക്… മഹിയേട്ടാ…. എന്താ നിമ്മീ…. നേരം വെളുത്തോ??? ഇത്ര പെട്ടെന്നൊ??? ആള് ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി എഴുന്നേറ്റു… ക്ലോക്കിലേയ്ക്ക് നോക്കി… പിന്നെ എന്നെ നോക്കി കണ്ണുരുട്ടി…. സമയം 2.30 അല്ലേ ആയുള്ളൂ? എന്തിനാ താനിപ്പോ എന്നെ വിളിച്ചുണർത്തിയെ?? അപ്പോഴാണ് എനിക്കും ബോധം ഉണ്ടായത്…

ആ സ്വപ്നം കണ്ടപ്പോ പെട്ടെന്നുള്ള ആവേശത്തിൽ വിളിച്ചതാണ്…. അത് പിന്നെ മഹിയേട്ടാ ഞാൻ…. ഈ പാതിരാത്രി വിളിച്ചിണർത്തേണ്ട എന്ത് അത്യാവശ്യം ആണെടോ??? അത് പിന്നെ കിരൺ സാറ്… എവിടെയാ കണ്ടിട്ടുള്ളതെന്നു എനിക്കറിയാം…. ഒഹ് !അത് പറയാനാണോ ഇപ്പൊ എന്റെ ഉറക്കം കളഞ്ഞത്??? നാളെയെങ്ങാനും പറയാം… കിടന്നുറങ്ങേടോ…. ആള് കിടന്നു കഴിഞ്ഞു… ശരിയാണ്… അത് പറയാൻ ഇത്ര അത്യാവശ്യം എന്താണ്??? പക്ഷെ, എന്തോ അങ്ങനെ ഒരു സ്വപ്നം കണ്ടപ്പോൾ…

ചില സംശയങ്ങൾ മനസ്സിൽ തോന്നി… ചോദിക്കാമെന്ന് കരുതി… പെട്ടെന്നുള്ള ആവേശത്തിൽ സമയം പോലും നോക്കിയില്ല…. ഞാനും കിടന്നു… പക്ഷെ ഉറക്കം വന്നില്ല… മനസ്സ് മുഴുവൻ ആ സ്വപ്നമായിരുന്നു…..ആ പോലീസുകാരന് കിരൺ സാറുമായുള്ള സാമ്യം ആയിരുന്നു…. എങ്ങനെ ഉണ്ടായി അവർ തമ്മിൽ ഇത്രയും സാമ്യം??? അതിനെക്കുറിച്ച് ആലോചിച്ചു കിടന്നപ്പോഴാണ് മഹിയേട്ടൻ വിളിച്ചത്… ഡോ… ഉറങ്ങിയോ?? ഞാൻ തല തിരിച്ചു നോക്കി… ആള് ബെഡിൽ എഴുന്നേറ്റിരിക്കുകയാണ്…

ഞാൻ ചാടി എഴുന്നേറ്റു. എന്ത് പറ്റി മഹിയേട്ടാ??? എന്ത് പറ്റീന്നോ?? മര്യാദയ്ക്ക് ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തി ഉറക്കം കളഞ്ഞിട്ട് ഇപ്പൊ എന്ത് പറ്റീന്നോ??? അത് പിന്നെ…. സോറി മഹിയേട്ടാ… ഞാൻ… സ്വപ്നം… കിരൺ സാറ്…. എന്താടോ?? താൻ എന്താ പിച്ചും പേയും ഒക്കെ പറയുന്നേ?? ഇരുന്നു ഉറങ്ങുവാണോ?? ആള് എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു…. അല്ല മഹിയേട്ടാ… ഞാൻ ഒരു സ്വപ്നം കണ്ടു…. അതിൽ.. അതിൽ കിരൺ സാറിനോട് സാദൃശ്യം ഉള്ള ഒരാൾ… വെറും സാദൃശ്യം അല്ല…

കിരൺ സാറിനെപ്പോലെ തന്നെ…. ഹാ… അത് പിന്നെ കിരണിനെ എവിടെയാ കണ്ടിട്ടുള്ളതെന്നു ആലോചിച്ചോണ്ടല്ലേ കിടന്നത്.. അതാവും… അങ്ങനെ അല്ല മഹിയേട്ടാ… മഹിയെട്ടന് കിരൺ സാറിന്റെ അച്ഛനെ അറിയുയോ? മ്മ് അറിയാം… എന്താ??? കിരൺ സാറിന്റെ അച്ഛൻ പോലീസ് ആണോ? അതേ… DYSP ആയിട്ടാ റിട്ടയർ ആയത്… കിരൺ സാറിനെപ്പോലെയാണോ കാണാൻ? ആണോന്നോ??? അങ്കിളിന്റെ ഡിക്‌റ്റോയാ കിരൺ.. ഇരട്ട പെറ്റ അച്ഛനും മകനും എന്ന് പറഞ്ഞാ എല്ലാരും കളിയാക്കുന്നത്.. അത്രയ്ക്ക് സാമ്യമാ….

അല്ല… ഇതൊക്കെ താനിപ്പോ എന്തിനാ ചോദിക്കുന്നത്??? അപ്പൊ എനിക്കറിയുന്നത് കിരൺ സാറിനെ അല്ല.. സാറിന്റെ അച്ഛനെയാ…. അങ്കിളിനെയോ???? എങ്ങനെ???? അത് മഹിയേട്ടാ… ഞാൻ പറഞ്ഞിട്ടില്ലേ എന്നെ ഉപദ്രവിച്ച ആ സ്ത്രീയുടെ കാര്യം… അവിടെ നിന്നും ജാനമ്മയും ഫാദറുമാണ് എന്നെ രക്ഷിച്ചത്… അന്ന് രണ്ട് മൂന്ന് പോലീസുകാരും ഉണ്ടായിരുന്നു. അതിൽ ഒരാൾ അവിടുത്തെ SI ആയിരുന്നു… കിരൺ സാറിന്റെ അതേ മുഖഛായ ആയിരുന്നു അദ്ദേഹത്തിന്. അത് കിരൺ സാറിന്റെ അച്ഛൻ ആണോ എന്ന് എനിക്ക് ഉറപ്പൊന്നും ഇല്ല.

ആണെന്നാണ് എന്റെ വിശ്വാസം. അദ്ദേഹം എന്നെ കാണാൻ ഹോസ്പിറ്റലിലും ഓർഫനേജിലും ഒക്കെ 3-4 തവണ വന്നിട്ടുണ്ട്. അവസാനമായി വന്നപ്പോൾ എന്നെയും അപ്പൂനേം ചേർത്ത പിടിച്ചു… ഓർഫനേജിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോന്നു ചോദിച്ചു… എന്നോട് വാത്സല്യത്തോടെ പറഞ്ഞു…നിന്നെ കാണുമ്പോഴൊക്കെ എന്റെ മോളെയാ എനിക്ക് ഓർമ വരുന്നത് എന്ന്… അവൾ ഇപ്പൊ എന്നോടൊപ്പം ഉണ്ടായൊരുന്നെങ്കിൽ ഏകദേശം നിന്റെ പ്രായം വന്നേനെന്ന്. അത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്… കിരൺ സാറിനു അനിയത്തി ഉണ്ടോ? മ്മ്… ഉണ്ടായിരുന്നു…

ഒരു വയസുള്ളപ്പോൾ ആരോ തട്ടിക്കൊണ്ടു പോയി… അയ്യോ… അതൊന്നും അദ്ദേഹം പറഞ്ഞില്ല… എന്നിട്ട് തിരികെ കിട്ടിയില്ലേ?? ഇല്ല… ഒരുപാട് അന്വേഷിച്ചു… പക്ഷെ കിട്ടിയില്ല. എനിക്ക് വല്ലാത്ത വിഷമം തോന്നി… കുറച്ചു മുൻപ് കണ്ട ആ സ്വപ്നമാണ് എന്നെ ഇതൊക്കെ ഓർമിപ്പിച്ചത്… പിന്നീട് അച്ഛനെ അറസ്റ്റ് ചെയ്ത കാര്യവും അച്ഛൻ ജയിലിലായതും ഒക്കെ അദ്ദേഹം തന്നെയാ പറഞ്ഞത്. അങ്കിൾ ആണോ തന്റെ അച്ഛനെ അറസ്റ്റ് ചെയ്തത്? ആണെന്നാ പറഞ്ഞത്….. മ്….അപ്പുനെ കണ്ടെത്താനുള്ള വഴി തെളിയുന്നുണ്ട്…. എങ്ങനെ?????

അതൊക്കെ നാളെ പറയാം… ഞാൻ കിരണിനോടൊന്നു സംസാരിക്കട്ടെ… എല്ലാം നിമിത്തമാടോ… അല്ലെങ്കിൽ പിന്നെ കിരൺ ഇവിടെ വരികയും താൻ അവനെ കാണുകയും ഒക്കെ ചെയ്യുമോ? താൻ പറഞ്ഞ ആൾ അങ്കിൾ തന്നെ ആകണമേ എന്നാണ് എന്റെ പ്രാർത്ഥന… ഇപ്പൊ താൻ സമാധാനമായി ഉറങ്ങു… അദ്ദേഹം ചിരിയോടെ പറഞ്ഞു കൊണ്ട് കിടന്നു.. പക്ഷെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… മനസ്സ് മുഴുവൻ അപ്പു ആയിരുന്നു… പെട്ടെന്ന് നേരം പുലർന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി…. ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

രാവിലെ ഞാൻ ചായയുമായി ചെല്ലുമ്പോൾ മഹിയേട്ടൻ റൂമിൽ ഉണ്ടായിരുന്നില്ല. ബാൽക്കണിയിൽ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടു. ടേബിളിൽ ചായ വച്ചിട്ട് തിരികെ പോകാൻ തുടങ്ങിയതാണ്. അപ്പോഴാണ് മഹിയേട്ടൻ റൂമിലേയ്ക്ക് വന്നത്… താൻ വന്നോ? ഞാൻ കിരണിനെ വിളിക്കുകയായിരുന്നു. കിരൺ സർ എന്ത് പറഞ്ഞെന്നറിയാൻ എനിക്ക് ആകാംക്ഷയായി… അങ്കിൾ വീട്ടിലില്ല. സഹോദരിയുടെ അടുത്തോ മറ്റോ പോയിരിക്കുകയാണ്… ഉച്ചയോടടുത്തു വരും..

അവൻ സംസാരിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു… എന്റെ മുഖം പെട്ടെന്ന് മങ്ങി…ഇനി ഉച്ച വരെ കാത്തിരിക്കണമല്ലോ??? താൻ വിഷമിക്കണ്ട… എല്ലാം ശരിയാകും. ഉച്ച വരെ wait ചെയ്‌താൽ മതിയല്ലോ? വേകുവോളം ക്ഷമിക്കാമെങ്കിൽ ആറുവോളം ക്ഷമിക്കണം എന്ന് കേട്ടിട്ടില്ലേ? ഇത്ര നാളും കാത്തിരുന്നില്ലേ? കുറച്ചു കൂടി ക്ഷമിക്കു…. അതല്ല മഹിയേട്ടാ… ഇനി അത് കിരൺ സാറിന്റെ അച്ഛനാണെന്നിരിക്കട്ടെ… എന്നാലും അപ്പുനെ എങ്ങനാ കണ്ടെത്തുക?? എടൊ തന്റെ അച്ഛനെ അറസ്റ്റ് ചെയ്‍തത് അങ്കിൾ ആണെങ്കിൽ സ്റ്റേഷനിൽ അതിന്റെ ഡീറ്റെയിൽസ് ഉണ്ടാകില്ലേ?

ഇനി അവിടെ ഇല്ലെങ്കിൽ കൂടി, തന്റെ അച്ഛൻ കുറച്ചു നാൾ ജയിൽ ശിക്ഷ അനുഭവിച്ചതല്ലേ? അപ്പൊ ഡീറ്റെയിൽസ് ജയിലിൽ ഉണ്ടാവും… പിന്നെ ഇത്രയും വർഷങ്ങൾ കഴിഞ്ഞത് കൊണ്ടാണ് ഒരു സംശയം.. എന്നാലും ഉണ്ടാവാതിരിക്കില്ല… അതിൽ നിങ്ങളുടെ അഡ്രസ്സും മറ്റും ഉണ്ടാകുമല്ലോ? പക്ഷെ മഹിയേട്ടാ… എനിക്കിപ്പോഴും പേടിയാണ്… അച്ഛനോടൊപ്പമാണ് അപ്പു പോയത്… അച്ഛൻ അവനെ…. കൂടുതൽ പറയാനാകാതെ ഞാൻ നിർത്തി…. കണ്ണുകൾ നിറഞ്ഞു വന്നു… ഞാൻ മുഖം കുനിച്ചു നിന്നു…. ഹേയ്… നിമ്മീ… ഡോ… താൻ കരയുകയാണോ???

മഹിയേട്ടൻ അടുത്ത് വന്നു മുഖം പിടിച്ചുയർത്തി.. കണ്ണുനീര് തുടച്ചു…. ഇങ്ങനെ എപ്പോഴും നെഗറ്റീവ് ആയി ചിന്തിക്കാതെ… പോസിറ്റീവ് ആയി ചിന്തിക്കേടോ…. അപ്പുനെ നമ്മൾ കണ്ടെത്തും…. താൻ വിഷമിക്കാതിരിക്കു… അപ്പു സേഫ് ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ ഫാദർ അവനെ അച്ഛനോടൊപ്പം വിട്ടത്? ശരിയാണ്… എന്റെ അപ്പു അവനൊന്നും സംഭവിക്കില്ല… അവൻ ഉടൻ എന്റെ മുന്നിലെത്തും… ഞാൻ ആശ്വാസത്തോടെ ഒന്ന് ദീർഘമായി നിശ്വസിച്ചു….

12 മണിക്ക് മുൻപ് ഉച്ചക്ക് ഊണിനു വേണ്ടതെല്ലാം ഒരുക്കിക്കഴിഞ്ഞു.. ഞാനും അമ്മയും മുത്തശ്ശിയും കൂടി ഹാളിൽ വന്നു ടി വി ടെ മുന്നിലിരുന്നു. അപ്പോഴാണ് മഹിയേട്ടൻ വന്നത്…. ആളിനെ കണ്ടു ഞാൻ എഴുന്നേറ്റു… നിമ്മീ… കിരൺ വിളിച്ചിരുന്നു.. അവനും അങ്കിളും കൂടി ഇങ്ങോട്ട് വരുന്നുന്നു.. അങ്കിളിനു തന്നെ കാണണമെന്ന് പറഞ്ഞുന്നു… അങ്കിൾ??? അങ്കിളിനു തന്നെ ഓർമയുണ്ടെന്നാ അവൻ പറഞ്ഞത്.. അപ്പൊ അങ്കിൾ തന്നെയാണോ…..???? അതല്ലെടി ട്യൂബ് ലൈറ്റെ ഞാൻ പറഞ്ഞത്?? എല്ലാരുടെ മുഖത്തും സന്തോഷം കണ്ടു… മഹിയെട്ടനും ഹാപ്പി ആയിരുന്നു… എന്റെ സന്തോഷം പിന്നെ പറഞ്ഞറിയിക്കാൻ വയ്യാത്ത അത്ര ഉണ്ടായിരുന്നു…. ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

അവര് വന്നപ്പോൾ 7 മണിയോളമായി…. അങ്കിളിനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി… മുടി കുറച്ചു നര വന്നിട്ടുണ്ടെന്നതൊഴിച്ചാൽ ഒരു മാറ്റവുമില്ല…. അങ്കിളിനു എന്നെയും മനസ്സിലായെന്നു തോന്നുന്നു… എന്റെ അടുത്തേയ്ക്ക് വന്നു കയ്യിൽ പിടിച്ചു…. മോളേ അന്ന് കണ്ടത് പോലെയൊക്കെത്തന്നെയുണ്ട്… വലിയ മാറ്റമൊന്നുമില്ല… ഒറ്റ നോട്ടത്തിൽ മനസിലാകും… ഞാൻ ചിരിച്ചു… മോള് വിഷമിക്കണ്ട… അപ്പുനെ നമുക്ക് കണ്ടു പിടിക്കാം… പക്ഷെ അങ്കിൾ… അച്ഛൻ??? കിച്ചു പറഞ്ഞു… (കിരൺ സാറിനെ അങ്കിൾ അങ്ങനെയാണ് വിളിക്കുന്നത് )

മോളുടെ അച്ഛൻ അപ്പുനെ എന്തെങ്കിലും ചെയ്തു കാണുമൊന്നു മോൾക്ക് പേടിയാണെന്ന്… അങ്ങനെ ചിന്തിക്കുകയേ വേണ്ട… ജയിലിൽ വച്ച് തന്നെ മോളുടെ അച്ഛൻ പുതിയ ഒരു മനുഷ്യനായിരുന്നു…. പഴയ നന്മ ആ മനസിലേയ്ക്ക് തിരിച്ചെത്തിയിരുന്നു… അവിടുത്തെ ജയിൽ സൂപ്രണ്ട് എന്റെ പരിചയക്കാരൻ ആയിരുന്നു.. ഞാൻ അവിടെ പോകുമ്പോഴൊക്കെ മോളുടെ അച്ഛനെക്കുറിച്ചു തിരക്കും… എല്ലാർക്കും നല്ലതേ പറയാനുണ്ടായിരുന്നുള്ളു… അയാൾ സ്വന്തം മക്കളോട് ഇങ്ങനൊക്കെ ചെയ്തു എന്നു പറഞ്ഞപ്പോൾ അവർക്കൊക്കെ അദ്‌ഭുതം ആയിരുന്നു…

അത്രയ്ക്കും മാറ്റമുണ്ടായിരുന്നു ആ മനുഷ്യന്… നിങ്ങളുടെ രണ്ടാനമ്മ അയാളെ ഉപേക്ഷിച്ചു എന്നാണ് എനിക്ക് തോന്നുന്നത്… ഒരു തവണ ഞാൻ അയാളെ കണ്ടു. അന്ന് അയാൾ തിരക്കിയതു മുഴുവൻ മോളെയും അപ്പൂനേം കുറിച്ചായിരുന്നു. അയാളുടെ തെറ്റുകൾ എണ്ണിപ്പറഞ്ഞു പൊട്ടിക്കരഞ്ഞു… നിങ്ങളെ ഒന്ന് കാണാനും തെറ്റുകൾ ഏറ്റു പറഞ്ഞു മാപ്പ് പറയാനും അയാള് ഒരുപാട് കൊതിച്ചിരുന്നു എന്ന് എനിക്ക് അന്നത്തെ സംസാരത്തിൽ നിന്നു മനസിലായി. ശിക്ഷ കഴിഞ്ഞു ഇറങ്ങിയ ശേഷം അയാള് എന്നെ കാണാൻ വന്നിരുന്നു…

നിങ്ങളെ ഒരൊറ്റ തവണ കാണണമെന്ന് പറഞ്ഞ് കരഞ്ഞു… എന്റെ കാലു പിടിച്ചില്ലെന്നേ ഉള്ളു… ഞാൻ അറസ്റ്റ് ചെയ്ത ആളായിരുന്നില്ല അത്… പുതിയ ഒരു മനുഷ്യൻ ! അയാൾക്ക് ആരെയും ഇനി ഉപദ്രവിക്കാനാകില്ല എന്ന് എനിക്ക് മനസിലായത് കൊണ്ട് ഞാൻ തന്നെയാണ് ഫാദറിന്റെ അഡ്രസ് അയാൾക്ക് കൊടുത്തത്… പിന്നീടുള്ള വിവരങ്ങൾ എനിക്കറിയില്ല. ഞാൻ അയാളെ കണ്ടിട്ടുമില്ല… മോള് വിഷമിക്കണ്ട. അപ്പു safe ആയിരിക്കും.നമ്മൾ അവനെ കണ്ടെത്തും…. തികട്ടി വന്ന സങ്കടം കണ്ണുനീരായി കവിൾ നനയിച്ചു ഒഴുകിക്കൊണ്ടിരുന്നു…. എന്റെ അച്ഛൻ ! പാവം…

ഞാൻ ഒത്തിരി സംശയിച്ചു…. ഇപ്പോൾ അപ്പുവിനൊപ്പം അച്ഛനെയും കാണാൻ തോന്നുന്നുണ്ട്… എത്രയും പെട്ടെന്ന് അവരുടെ അടുത്ത് എത്താൻ മനസ്സ് വെമ്പുന്നുണ്ട്…. കുഞ്ഞു നാളിൽ ഒത്തിരി സ്നേഹത്തോടെ നിമ്മി മോളേന്നു വിളിച്ചു അരികിലേയ്ക്ക് ഓടിയെത്തി എന്നെ പൊക്കിയെടുത്തു ഓരായിരം ഉമ്മകൾ കൊണ്ട് മൂടുന്ന അച്ഛന്റെ മുഖം മനസിലേയ്ക്ക് ഓടി എത്തി…. ഒരിക്കലും മറക്കാനാകാത്ത ഓർമകളിൽ ഒന്ന്…. അതെന്നെ കൂടുതൽ കൂടുതൽ വിഷമിപ്പിച്ചു. സെറ്റിയിൽ ഇരുന്നു മുഖം പൊത്തി കരഞ്ഞു…. അമ്മ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു…

എന്റെ പോന്നു മോള് കരയല്ലേ… ഇതൊക്കെ കേട്ടു സന്തോഷിക്കുകയല്ലേ വേണ്ടത്??? മോളുടെ അച്ഛനേം അപ്പൂനേം മോൾക്ക് ഉടനെ തിരികെ കിട്ടും… ഞാൻ നോക്കുമ്പോ എന്റെ സങ്കടം കണ്ട് എല്ലാരും വിഷമത്തിലാണ്… മഹിയേട്ടനാണെങ്കിൽ ഇപ്പൊ കരയും എന്ന മട്ടിൽ എന്നെ തന്നെ നോക്കി നിക്കുവാണ്… ആളിന് എന്നെ ആശ്വസിപ്പിക്കണമെന്നുണ്ട്.. അത് കഴിയാത്തതിന്റെ വിഷമമാണെന്നു എനിക്ക് മനസ്സിലായി… ഞാൻ കണ്ണുനീർ തുടച്ചു… കാര്യങ്ങൾ ശരിക്കും അറിയാതെ ഉള്ളിന്റെ ഉള്ളിൽ എനിക്ക് എപ്പോഴൊക്കെയോ അച്ഛനോട് ദേഷ്യം തോന്നിയിട്ടുണ്ടമ്മേ…

അതോർത്താണ് ഇപ്പൊ എന്റെ സങ്കടം… ഏയ്‌.. അതൊക്കെ മറന്നേക്കൂ മോളേ… സന്തോഷമായിട്ടിരിക്കു… അപ്പൊ മഹി നമുക്ക് നാളെ തന്നെ ജയിലിലേയ്ക്ക് പോകാം.. സൂപ്രണ്ടും ചില പോലീസ്കാരുമൊക്കെ എന്റെ പരിചയക്കാരാ… പിന്നെ ഇത്രേം വർഷങ്ങൾ മുൻപ് ഉള്ളതായോണ്ട് തപ്പിയെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.. അതൊക്കെ അവര് ആരും അറിയാതെ ചെയ്തോളും… അതിനുള്ള ഏർപ്പാടൊക്കെ ഞാൻ ചെയ്തോളാം…. അങ്കിൾ മാഹിയെട്ടനോട് പറഞ്ഞു… ശരി അങ്കിൾ.. നമുക്ക് നാളെ തന്നെ പോകാം… ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

പിറ്റേന്ന് രാവിലെ തന്നെ മഹിയേട്ടൻ പോയി… കിരൺ സാറും അങ്കിളും നേരിട്ട് ജയിലിൽ എത്തിക്കോളാമെന്നു പറഞ്ഞിരുന്നു…. മഹിയേട്ടൻ തിരികെ എത്തുന്നത് വരെ എനിക്ക് വല്ലാത്ത ആധി ആയിരുന്നു. രാവിലെയും ഉച്ചക്കും ഒന്നും കഴിക്കാൻ തോന്നിയില്ല… വെറുതെ ആഹാരത്തിന്റെ മുന്നിൽ പോയിരുന്നിട്ട് എഴുന്നേറ്റു വരികയാണ് ചെയ്‍തത്… അതിന് അമ്മ എന്നെ സ്നേഹത്തോടെ ശകാരിക്കുകയും ചെയ്തു.. മഹിയേട്ടൻ വന്നപ്പോൾ വൈകിട്ട് 4 മണിയോടടുത്തായി…

എന്തായി മഹിയേട്ടാ?? ജയിൽ സൂപ്രണ്ട് അങ്കിളിന്റെ അടുത്ത് സുഹൃത്താണ്. രണ്ട് ദിവസത്തിനകം അഡ്രസ് ഉം മറ്റ് ഡീറ്റൈൽസും എടുത്ത് തരാം എന്നാണ് പറഞ്ഞത്… ആരും അറിയാതെ ചെയ്യണ്ടേ? അതാണ്‌ 2 ദിവസം ചോദിച്ചത്… അപ്പൊ ഡീറ്റെയിൽസ് കിട്ടും അല്ലേ? മ്മ്… കിട്ടുമെടോ… ഇതൊക്കെ പറയാൻ തന്നെ ഞാൻ വിളിച്ചിരുന്നു.. താൻ എടുത്തില്ലല്ലോ? അത് പിന്നെ.. ഫോൺ റൂമിൽ ആയിരുന്നു. ഞാൻ അങ്ങോട്ടേയ്ക്ക് പോയതേ ഇല്ല… മ്മ്… ഞാൻ വരുന്ന വഴി ഹോസ്പിറ്റലിൽ ഒന്ന് കയറി.

റാമിനെ കാണാൻ.. അതാ ലേറ്റ് ആയത്. എന്നിട്ട്?? അരുണിന് ഇപ്പൊ എങ്ങനെ ഉണ്ട് മഹിയേട്ടാ? കുറച്ചു പ്രശ്നമാണ് നിമ്മീ… അവന്റെ ജീവന് ഇനി ആപത്തൊന്നും ഉണ്ടാകില്ല. പക്ഷെ അവനിൽ നിന്നും ഇനി റോയിയെക്കുറിച്ചു ഒന്നും അറിയാൻ കഴിയില്ല. അതെന്താ മഹിയേട്ടാ…???? പ്രതീക്ഷ നഷ്ടമായതിലുള്ള വിഷമം എന്റെ സ്വരത്തിൽ ഉണ്ടായിരുന്നു… അവനു സംസാര ശേഷി നഷ്ടമായി നിമ്മീ…. ഒപ്പം കാലുകളെ തളർച്ച ബാധിച്ചിട്ടുണ്ട്… എഴുന്നേറ്റു നടക്കാൻ കഴിയില്ലാന്നു… ഒക്കെ കേട്ട് ഞാൻ ഷോക്ക് ആയി ഇരിക്കുകയാണ്.

റോയിയെ ആക്‌സിഡന്റിലൂടെ അവൻ ഏത് വിധത്തിലാക്കിയോ അതേ അവസ്ഥയിലാണ് ഇന്നവൻ… അതാണ് ദൈവത്തിന്റെ കളി… മഹിയേട്ടൻ ചിരിച്ചു… പക്ഷെ മഹിയേട്ടാ… റോയി സാർ??? അതാണ്‌ ഇപ്പോൾ പ്രശ്നം… അവനു സംസാരിക്കാൻ കഴിയില്ല. അല്ലെങ്കിലും അവൻ റോയിയെക്കുറിച്ചു പറയുമെന്ന് എനിക്ക് മുൻപും പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല… എങ്കിലും എങ്ങനെ യും അവനെക്കൊണ്ട് പറയിക്കാമെന്നു കരുതി… ഇതിപ്പോ… മഹിയേട്ടൻ ഒന്ന് നിർത്തി എന്നെ നോക്കി…

അല്ലെങ്കിൽ റോയിയുടെ പഴയ മിസ്സിംഗ്‌ കേസ് ഒന്ന് കൂടി കുത്തിപ്പൊക്കണം… അത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്നറിയില്ല… എന്താ വേണ്ടതെന്നു നോക്കട്ടെ…. അരുൺ… അവൻ ഇനി എഴുന്നേൽക്കില്ലേ? അവനെ കൂടുതൽ നല്ല ട്രീറ്റ്മെന്റ് കിട്ടുന്ന മറ്റെങ്ങോട്ടെങ്കിലും മാറ്റണമെന്ന് അവന്റെ റിലേറ്റീവ്സ് ഒക്കെ പറയുന്നുണ്ടെന്നാണ് റാം പറഞ്ഞത്. അവനെ അവർ എങ്ങനെയും രക്ഷപെടുത്തും…. അരുണിൽ നിന്നും റോയി സാറിനെക്കുറിച്ച അറിയാമെന്നുള്ള പ്രതീക്ഷയും നഷ്ടമായി… എനിക്ക് വല്ലാത്ത നിരാശ തോന്നി…

തുടരും….

അനാഥ : ഭാഗം 11