അലീന : ഭാഗം 9
എഴുത്തുകാരി: സജി തൈപ്പറമ്പ്
ഇന്നെന്താ കുടിക്കുന്നില്ലേ? പതിവ് കോട്ടക്കുള്ള സമയം കഴിഞ്ഞിട്ടും ,കണക്ക് ബുക്കിൽ കുത്തിക്കുറിച്ച് കൊണ്ടിരിക്കുന്ന സിബിച്ചനോട്, അലീന ചോദിച്ചു. ഇല്ലഡീ… ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ? എൻ്റെ മദ്യപാനം കൊണ്ടാണ്, എനിക്കീ അവസ്ഥയുണ്ടായതെന്ന്, അത് കൊണ്ട് ,മദ്യപാനം പൂർണ്ണമായും ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു ങ്ഹേ..സത്യമാണോ സിബിച്ചാ പറയുന്നത് ? അത്ഭുതത്തോടും, അതിലേറെ സന്തോഷത്തോടും അവൾ ചോദിച്ചു. അതെ സത്യമാണ് ,എനിക്കും ഒരച്ഛനാകണം ,അതിന് വേണ്ടി മറ്റെന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്, ഡോക്ടർ പറഞ്ഞത് പോലെ ,നമുക്ക് ചികിത്സ തുടരാം ഒരച്ഛനാകുക എന്നതിലുപരി, എനിക്ക് വേണ്ടി നീ, മറ്റുള്ളവരുടെ പഴി കേൾക്കാനിടയാകരുത്,
അതാണ് എൻ്റെ ഏറ്റവും വലിയാഗ്രഹം ഹോ, എനിക്കിത് കേട്ടാൽ മതി, ഞാൻ നിർബന്ധിക്കാതെ തന്നെ കുടി നിർത്തണമെന്ന്, നിങ്ങൾക്ക് സ്വയം തോന്നിയല്ലോ ,ഈശോ എൻ്റെ പ്രാർത്ഥന കേട്ടു ഉം അതിരിക്കട്ടെ, നീ വീട്ടിലേക്ക് വിളിച്ചോ? അവിടെ എന്തൊക്കെയുണ്ട് വിശേഷം, നമ്മൾ ഡോക്ടറെ കണ്ട കാര്യം നീ പറഞ്ഞോ? ഉം അത് പറയാനാ ഞാനിങ്ങോട്ട് വന്നത് ,ഡോക്ടറെ കണ്ട കാര്യമൊക്കെ ഞാൻ പറഞ്ഞു, പക്ഷേ അവിടെയും ഞാൻ, എൻ്റെ കുറവിനെ കുറിച്ച് തന്നെയാ പറഞ്ഞത് ,എൻ്റെ വീട്ടുകാരാണെങ്കിലും, സിബിച്ചനെയവർ വില കുറച്ച് കാണുന്നത് എനിക്ക് സഹിക്കില്ല നീയെന്നെ സ്നേഹിച്ച്,തോല്പിക്കുകയാണല്ലോ പെണ്ണേ ,നീയിങ്ങോട്ടിരിക്ക് സിബിച്ചൻ, താനിരുന്ന ചെയറിൻ്റെ കൈപിടിയിൽ, അലീനയെ പിടിച്ചിരുത്തി. പിന്നെ ,സിബിച്ചാ… അമ്മച്ചി മറ്റൊരു പ്രധാനപ്പെട്ട കാര്യം പറഞ്ഞിരുന്നു എന്താടീ.. നീ പറ?
നമ്മുടെ ആൻസിക്ക് ഒരാലോചന വന്നിട്ടുണ്ടെന്ന് ,ചെറുക്കൻ താലൂക്കിലെ ലാസ്റ്റ് ഗ്രേഡ് സർവ്വൻ്റാ, ആൻസിയെ പള്ളിയിൽ വച്ചെങ്ങാണ്ട് കണ്ടിട്ട്, ഇഷ്ടപ്പെട്ട് വന്ന് പെണ്ണ് ചോദിച്ചതാ, നല്ല കുടുംബക്കാരാണെന്നാ അമ്മച്ചി പറഞ്ഞത് അതെങ്ങനാടീ.. അവള് പഠിക്കുവല്ലേ? കല്യാണം കഴിഞ്ഞാലും ,അവര് പഠിപ്പിച്ചോളാമെന്ന് പറഞ്ഞു ആങ്ഹാ.. എങ്കിൽ ആലോചിക്കാൻ പറയെടീ… നമുക്കത് നടത്താം പക്ഷേ ,എങ്ങനാ സിബിച്ചാ.. സർക്കാരുദ്യോഗസ്ഥനെന്ന് പറയുമ്പോൾ ,അവരൊന്നും ചോദിച്ചില്ലെങ്കിലും, തെറ്റില്ലാത്തൊരു സ്ത്രീധനം നമ്മളറിഞ്ഞ് കൊടുക്കണ്ടേ? അമ്മച്ചി പറയുന്നത്, നമ്മുടെ കൊക്കിലൊതുങ്ങുന്ന വല്ല കൂലിപ്പണിക്കാരനും വരട്ടേന്നാ അത് കൊള്ളാമല്ലോ, ഇത്രയും പഠിപ്പുള്ളൊരു കൊച്ചിനെ, ഒരു കൂലിപ്പണിക്കാരന് കൊടുക്കാനോ? അത് വേണ്ട കൊച്ചേ … ആൻസിയും ആമിയും മാളിയേക്കലെ സിബിച്ചൻ്റെ അനുജത്തിമാരാ ,അവർക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാക്കി കൊടുക്കേണ്ടത്,
എൻ്റെ കടമയാ നീ അമ്മച്ചിയെ വിളിച്ച് പറ , അത് തന്നെ ഉറപ്പിച്ചോളാൻ,സത്രീധന മെത്രയായാലും ,സിബിച്ചൻ കൊടുക്കുമെന്നും ,അമ്മച്ചി അതോർത്ത് വിഷമിക്കണ്ടെന്നും പറ ഓഹ് എൻ്റെ സിബിച്ചാ.. നിങ്ങളെൻ്റെ മാത്രമല്ല, എൻ്റെ കുടുംബത്തിൻ്റെയും കൂടി രക്ഷകനാ ,ഈ നല്ല മനസ്സുള്ളയാൾക്ക് വേണ്ടി, മറ്റുള്ളവരുടെ എത്ര പഴി കേൾക്കുന്നതിലും എനിക്കഭിമാനമേയുള്ളു ഉത്തരവ് തമ്പുരാട്ടീ .. ,അങ്ങ് പോയി ഭോജനമെടുത്ത് വയ്ക്കു, നോമിന് വിശപ്പ് കലശലാവുണുണ്ട് ട്ടോ, പ്രിയതമേ … സിബിച്ചൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു. ഉവ്വ് പ്രഭോ ,അവിടുത്തെ ഇംഗിതം പോലെയാവട്ടെ ചിരിച്ച് കൊണ്ടവന് മറുപടി കൊടുത്തിട്ട് ,അലീന താഴേക്ക് പോയി.
#############$#$###### ങ്ഹാ ഡാഡീ.. അലീനയുടെ അനുജത്തി, ആൻസിക്കൊരു ആലോചന വന്നിട്ടുണ്ട്, ചെറുക്കൻ സർക്കാരുദ്യോഗസ്ഥനാ, എല്ലാവർക്കും ഇഷ്ടപ്പെട്ടത് കൊണ്ട്, അതങ്ങ് ഉറപ്പിച്ചേക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത് , അതിനായ്, അടുത്ത ഞായറാഴ്‌ച ചെറുക്കൻ്റെ വീട്ടുകാര് ,അലീനയുടെ വീട്ടിൽ വരും, ആ ചടങ്ങിൽ ഡാഡി ഉറപ്പായിട്ടും ഉണ്ടാവണമെന്ന്,അലീനയുടെ അപ്പനും അമ്മയ്ക്കും ഒരേ നിർബന്ധം ഞായറാഴ്ച ദിവസം, എല്ലാവരും ചേർന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിൽ, സിബിച്ചൻ സ്കറിയാ മാഷിനോട് പറഞ്ഞു. അടുത്ത ഞായറാഴ്ച, ബിഷപ്പ് ഹൗസിൽ വച്ച്, ഇടവകയുമായി ബന്ധപ്പെട്ടൊരു മീറ്റിംങ്ങുണ്ടല്ലോ മോനേ.. പ്രസിസിഡൻ്റായത് കൊണ്ട് ഡാഡിക്ക് ഒഴിഞ്ഞ് നില്ക്കാനും പറ്റില്ല ,അത് സാരമില്ലഡാ , നീയുണ്ടല്ലോ ?……………….
അവറാച്ചനോട് പറഞ്ഞാൽ മതി, ഡാഡിക്ക് അർജൻറ് മീറ്റിംഗുള്ള കാര്യം, ഇതിപ്പോൾ ഉറപ്പിക്കുന്ന ചടങ്ങ് മാത്രമല്ലേയുള്ളു? അയ്യോ ഡാഡീ… അങ്ങനെ പറയല്ലേ ?ഇവിടെ ചിലരൊക്കെ അനുജത്തിക്ക്, സർക്കാർ ജോലിക്കാരനെ തന്നെ ആലോചിച്ചത്, മാളിയേക്കലെ സ്വത്ത് കണ്ടിട്ടാ ,ഡാഡി പോയില്ലെങ്കിൽ, ചെറുക്കന് കൊടുക്കാനുള്ള സ്ത്രീധനകാശിൻ്റെ കണക്ക്, അവരെങ്ങനെ പറയും ,ഡാഡിയല്ലേ അത് കൊടുക്കേണ്ടത് പരിഹാസത്തോടെ റെയ്ച്ചൽ പറഞ്ഞത് കേട്ട് ,അലീനയുടെ മുഖം താഴ്ന്നു. അതിന് മറ്റുള്ളർക്കെന്താ … തോട്ടുവാക്കലെ തോമാച്ചൻ സ്പിരിറ്റ് വിറ്റുണ്ടാക്കിയ കാശെടുത്തല്ല, ഞാനെൻ്റെ അനുജത്തിക്ക് കൊടുക്കുന്നത്, എൻ്റെ അപ്പച്ചൻ മാളിയേക്കലെ സ്കറിയാ മാഷിൻ്റെ കാശാ, അതിനിവിടെ ആർക്കും നോവണ്ട കാര്യമില്ല റെയ്ച്ചലിന് ,സിബിച്ചൻ മറുപടി കൊടുത്തു. ഹാ നീയതെന്ത് വർത്തമാനമാണ് പറയുന്നത് സിബിച്ചാ..
മാളിയേക്കലെ സ്കറിയാ മാഷിന് നീയൊരുത്തൻ മാത്രമല്ല മകനായിട്ടുള്ളത് ,വേറെ മൂന്ന് മക്കള് കൂയുണ്ട്, മാളിയേക്കലെ സ്വത്തിന് ,ഞങ്ങളും കൂടി അവകാശികളാ, അപ്പോൾ അതിൽ നിന്നൊരു ചില്ലിക്കാശ് എടുക്കണമെങ്കിൽ, ഞങ്ങളുടെ കൂടെ അനുവാദം വേണം ഭാര്യയ്ക്ക് സപ്പോർട്ടുമായി ബിനോയി ഇടയ്ക്കിടപെട്ടു. നിർത്തെടാ… നിൻ്റെയൊക്കെ കണക്ക് പറച്ചിൽ, എൻ്റെ സ്വത്തിന് നിങ്ങൾ നാല് മക്കളും തുല്യ അവകാശികളാ ,എന്ന് വച്ച് അത് ഞാൻ ആരുടെ പേരിലും എഴുതി വച്ചിട്ടൊന്നുമില്ല, സമയമാകുമ്പോൾ എല്ലാവർക്കും അവകാശപ്പെട്ടത് തരും ,പിന്നെ , സിബിച്ചൻ കാശ് ചിലവാക്കാൻ പോകുന്നത്, ഒരു പാവപ്പെട്ട പെണ്ണിൻ്റെ വിവാഹത്തിന് വേണ്ടിയാ, മുൻപും മാളിയേക്കലുള്ളവർ, സമൂഹ വിവാഹം നടത്തി ഒരു പാട് പെൺകുട്ടികൾക്ക് ജീവിതമുണ്ടാക്കി കൊടുത്തിട്ടില്ലെ? ഇതും അങ്ങനെ കണ്ടാൽ മതി ,അലീനയുടെ അനുജത്തിക്ക് സത്രീധനമായി കുറച്ച് കാശ് കൊടുത്തെന്ന് വച്ച്,
മാളിയേക്കൽ തറവാടിൻ്റെ കണക്കില്ലാത്ത സ്വത്ത് വകകൾക്ക്, യാതൊരു കോട്ടവും വരാൻ പോകുന്നില്ല, നാം കൊയ്തെടുക്കുന്നതൊന്നും കളപ്പുരയിൽ നിറച്ച് വയ്ക്കുമ്പോഴല്ല, അത് അർഹതപ്പെട്ടവൻ്റെ കൈയ്യിൽ എത്തിക്കുമ്പോഴാണ്, തറവാടിന് അന്തസ്സും യശസ്സുമൊക്കെയുണ്ടാവുന്നത്, എൻ്റെ പൂർവ്വികർ സമ്പാദിച്ചതിലധികവും ദാനം ചെയ്തിട്ട് തന്നെയാണ് ,മാളിയേക്കൽ തറവാടിന് ഈ കാണുന്ന പേരും പ്രശസ്തിയുമൊക്കെയുണ്ടായത് ,ആ പാരമ്പര്യം എനിക്ക് പിന്തുടർന്നേ പറ്റു ,കൊടുക്കുന്തോറും നമ്മുടെ പത്തായം നിറഞ്ഞ് കൊണ്ടിരിയ്ക്കത്തേയുള്ളു , തീർന്ന് പോകുമെന്ന് കരുതി, കൂട്ടി വച്ച ലുബ്ധൻ്റെ മുതല് തുരുമ്പെടുത്ത കഥ നിങ്ങൾക്കറിയാമല്ലോ? അത് കൊണ്ട് ,എൻ്റെ മക്കൾ ഭക്ഷണത്തിന് മുന്നിൽ കിടന്ന് കണക്ക് പറയാതെ, മിണ്ടാതിരുന്ന് കഴിച്ചിട്ട് എഴുന്നേറ്റ് പോകാൻ നോക്ക് സ്കറിയാ മാഷിൻ്റെ ദൃഡമായ തീരുമാനത്തിൽ പിന്നെയാരും ഒന്നും ശബ്ദിച്ചില്ല.
ഡാഡിയുടെ പിന്തുണ കൂടി കിട്ടിയപ്പോൾ സിബിച്ചന് ഉത്സാഹം കൂടി. പിന്നീട് കാര്യങ്ങളൊക്കെ വളരെ സ്പീഡിലാണ് മുന്നോട്ട് പോയത്, സ്കറിയാ മാഷിൻ്റെയും സിബിച്ചൻ്റെയും മേൽനോട്ടത്തിൽ ആൻസിയുടെയും പ്രിൻസിൻ്റെയും വിവാഹം ഭംഗിയായ് നടന്നു. കല്യാണപ്പിറ്റേന്ന് ,അനുജത്തിയെ കാണാൻ അലീനയും സിബിച്ചനും കൂടി ആൻസിയുടെ വീട്ടിലേക്ക് ചെന്നു. പ്രിൻസും വീട്ടുകാരും ഹാർദ്ദവമായി അവരെ സ്വീകരിച്ചിരുത്തി. മാളിയേക്കല് കാരെക്കുറിച്ച് ഞങ്ങള് ഒത്തിരി കേട്ടിട്ടുണ്ട് ,നിങ്ങടെ ബന്ധുക്കളാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്കഭിമാനവുമുണ്ട് പ്രിൻസിൻ്റെ അപ്പൻ സിബിച്ചനോട് സന്തോഷം പങ്ക് വച്ചു. ശരിയാ സിബിച്ചാ…
ഞാൻ പണ്ട് സ്കൂളിൽ പോയിട്ട് വരുമ്പോൾ നിങ്ങടെ ബംഗ്ളാവിൻ്റെ വലിയ ഗേറ്റിൻ്റെ വിടവിലൂടെ അകത്തേയ്ക്ക് നോക്കുമായിരുന്നു, ഈ നാട്ടിലെ ഏറ്റവും വലിയ തറവാട്, ഞാനന്ന് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ,പക്ഷേ ഒരിക്കൽ പോലും അതിനകമൊന്ന് കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇനിയിപ്പോൾ ഞങ്ങൾക്കവിടെ,വിരുന്ന്കാരായിവരാമല്ലോ? അതോർത്ത് എനിക്കിപ്പോൾ സന്തോഷം തോന്നുന്നു പ്രിൻസ് ചിരിയോടെ പറഞ്ഞു. അതിനെന്താ നിങ്ങൾക്കെപ്പോൾ വേണമെങ്കിലും വരാമല്ലോ? ഇനി നമ്മളൊക്കെ ബന്ധുക്കളല്ലേ? സിബിച്ചനത് പറഞ്ഞ് ചിരിച്ചപ്പോൾ മറ്റുള്ളവരും ആ ചിരിയിൽ പങ്ക് ചേർന്നു. ഈ സമയം അലീന ,അകത്തെ മുറിയിലിരുന്ന് , അനുജത്തിയോട് വിശേഷങ്ങൾ ചോദിച്ചറിയുകയായിരുന്നു.
ഇവിടെ എല്ലാവർക്കും എന്നോട് വലിയ കാര്യമാണ് ,പിന്നെ നമ്മള് കൊടുത്ത സത്രീധനപ്പൈസ കൊണ്ടാണ് ,പ്രിൻസിൻ്റെ അളിയൻ്റെ ബാധ്യത തീർത്തത്, അത് കൊണ്ട് അമ്മായി അമ്മയ്ക്കും എന്നോട് നല്ല സ്നേഹമാ ആൻസി പറഞ്ഞു . എല്ലാം മാളിയേക്കലെ സ്കറിയാ മാഷിൻ്റെയും സിബിച്ചൻ്റെയും നല്ല മനസ്സ് കൊണ്ടാണ് ,അവരൊക്കെ അതറിഞ്ഞ് കാണുമല്ലേ? അലീന, അനുജത്തിയോട് ചോദിച്ചു . ഹേയ് അതാരുമറിഞ്ഞിട്ടില്ല, ഞാനാരോടും പറയാനും പോയില്ല, മറ്റുള്ളവരുടെ ഔദാര്യം കൊണ്ടാണ്, എനിക്കീ ജീവിതം കിട്ടിയതെന്നറിഞ്ഞാൽ ,ഈ വീട്ടിൽ പിന്നെയെനിക്ക്, യാതൊരു വിലയുമുണ്ടാവില്ല,
ആ പേരും പറഞ്ഞ് വേണമെങ്കിൽ, പ്രിൻസ് പോലും, ഭാവിയിൽ എന്നെ ഹരാസ് ചെയ്യും അനുജത്തിയുടെ വായിൽ നിന്ന് വന്ന നന്ദികേട് കേട്ട്,അലീനയ്ക്ക് അവളോട് അവമതിപ്പുണ്ടായി. ഉം കൊള്ളാം മോളെ.. നിനക്കെന്തായാലും നല്ലത് വരട്ടെ, നീയിവിടെയൊന്നുറിയിച്ചില്ലെങ്കിലും സിബിച്ചനോട്, നീ ഒരിക്കലും നന്ദികേട് കാണിക്കരുത് അനുജത്തിയെ ഉപദേശിച്ച് അനുഗ്രഹിച്ച് കൊണ്ട് ,അലീന മുറി വിട്ട് പുറത്തിറങ്ങി. അപ്പോഴും, പ്രിൻസിൻെറയും വീട്ടുകാരുടെയുമൊപ്പം ,കളിതമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന സിബിച്ചൻ്റെ നിഷ്കളങ്ക ഭാവം കണ്ടപ്പോൾ, അലീനയുടെ ഉള്ളിലൊരു നൊമ്പരമുടലെടുത്തു.
തുടരും