Tuesday, December 17, 2024
Novel

അലീന : ഭാഗം 5

എഴുത്തുകാരി: സജി തൈപ്പറമ്പ്

കാഷ്വാലിറ്റിയിലെ പരിശോധനയ്ക്കുശേഷം , സിബിച്ചനെ ഐസിയുവിലേക്ക് മാറ്റി വാതിലടച്ചപ്പോൾ, പാതി ജീവനുമായി അലീന, നിശബ്ദമായ ഇടനാഴിയിലെ തണുത്തുമരവിച്ച ചാര് ബെഞ്ചിൽ, പ്രാർത്ഥനയോടെ കാത്തിരുന്നു. കുടിച്ച് കുടിച്ച് ലിവർ അടിച്ചു പോയിട്ടുണ്ടാവും, അല്ലാതെ ഇങ്ങനെ രക്തം ചർദ്ദിക്കാൻ വഴിയില്ല അടുത്ത ചെയറിൽ ഇരുന്ന, സിബിച്ചൻ്റെ ചേട്ടൻ ഡേവിസത് പറഞ്ഞപ്പോൾ, അലീനയുടെ ഉള്ളിലൂടെയൊരു കൊള്ളിയാൻ പാഞ്ഞു പോയി. സ്വന്തം കൂടപ്പിറപ്പിനെ കുറിച്ച് എത്ര ലാഘവത്തോടെയാണ് അയാൾ സംസാരിക്കുന്നതെന്ന് അലീന , അവജ്ഞയോടെയോർത്തു. ഐസിയുവിൽ നിന്ന് അകത്തേക്കും പുറത്തേക്കുമായി , നിരവധി തവണ ഡോക്ടേഴ്സും നേഴ്സുമൊക്കെ തൻ്റെ മുന്നിലൂടെ കടന്ന് പോകുമ്പോൾ, ഒരു ശുഭവാർത്ത കേൾക്കാനായി ആകാംക്ഷയോടെ ,അവൾ അവരുടെ മുഖത്തേയ്ക്ക് ഉറ്റ് നോക്കും.

പക്ഷേ, ഒന്നുമുരിയാടാതെ അവരൊക്കെ തന്നെ കടന്ന് പോയപ്പോൾ, അക്ഷമയോടവൾ ഒരു ജൂനിയർ ഡോക്ടറെ തടഞ്ഞ് നിർത്തി ,സിബിച്ചൻ്റെ വിവരങ്ങൾ തിരക്കി. ഒന്നും പറയാറായിട്ടില്ല ,പനി അല്പം കുറഞ്ഞിട്ടുണ്ട് ,പിന്നെ യൂറിനും ബ്ളഡ്ഡുമൊക്കെ ലാബിലേക്കയച്ചിട്ടുണ്ട് ,അതിൻ്റെ റിസൾട്ട് കൂടി വന്നാലേ എന്തെങ്കിലും പറയാൻ കഴിയു സർ, പിന്നീടദ്ദേഹം ഛർദ്ദിച്ചായിരുന്നൊ? അലീന ഉത്ക്കണ്ഠയോടെ ചോദിച്ചു. ഇല്ല, ഇവിടെ വന്നതിന് ശേഷം ഛർദ്ദിയൊന്നുമുണ്ടായിട്ടില്ല ഓകെ ,നിങ്ങൾ സമാധാനമായിട്ടിരിക്കു, ബാക്കിയെല്ലാം, രാവിലെ റിസൾട്ട് കണ്ടതിന് ശേഷം, ഷേണായി സാർ നിങ്ങളോട് സംസാരിക്കും താങ്ക് യു ഡോക്ടർ ഡോക്ടർക്ക് നന്ദി പറഞ്ഞിട്ട് വീണ്ടും ബഞ്ചിലേക്കമരുമ്പോൾ, എത്രയും വേഗമൊന്ന് നേരം പുലർന്നിരുന്നങ്കിലെന്ന് അവളാഗ്രഹിച്ചു.

മോളെത്ര നേരമായി, ഇങ്ങനെ ഒരേ ഇരിപ്പിരിക്കുന്നു, എഴുന്നേറ്റ് വാ മോളേ.. ഡാഡിക്കും മോൾക്കും ക്യാൻറീനിൽ പോയി, ഓരോ കാപ്പി കുടിച്ചിട്ട് വരാം മരുമകളുടെ കരഞ്ഞ് വീർത്ത മുഖം കണ്ട്, അലിവ് തോന്നിയ സ്കറിയാ മാഷ് അവളോട് പറഞ്ഞു. വേണ്ട ഡാഡീ.. എനിക്കിപ്പോൾ വിശപ്പും ദാഹവുമൊന്നുമില്ല, എങ്ങനെയെങ്കിലും റിസൾട്ട് വന്നിട്ട് സിബിച്ചന് ഒന്നുമില്ലെന്നറിഞ്ഞാലേ എനിക്ക് സമാധാനമാകു അവനൊന്നും വരില്ല മോളേ… കർത്താവ് നിന്നെ കൈവിടില്ല അയാൾ മരുമകളെ സമാധാനിപ്പിച്ചു. നിമിഷങ്ങളെണ്ണിയെണ്ണി ,അലീന ഒടുവിൽ നേരം വെളുപ്പിച്ചു. ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയ, സ്കറിയാ മാഷ് ഇത് വരെ തിരിച്ചെത്തിയിട്ടില്ല. തൊട്ടപ്പുറത്തിരുന്ന, ഡേവിസിൻ്റെ ആരോഹണ അവരോഹണ ക്രമത്തിലുള്ള കൂർക്കം വലി ,അവൾക്ക് അരോചകമായി തോന്നി.

സിബിസ്കറിയയുടെ ബന്ധുക്കളുണ്ടോ? ഒരു നഴ്സ് വന്ന് ചോദിച്ചപ്പോൾ അലീന ചാടിയെഴുന്നേറ്റു. നിങ്ങളെ , ഷേണായി സാർ അന്വേഷിക്കുന്നുണ്ട് ,ഇവിടുന്ന് ഇടത്തോട്ട് ചെല്ലുമ്പോൾ മൂന്നാമത്തെ മുറിയിലാണ് ഡോക്ടറുള്ളത് ജിജ്ഞാസയോടെ അലീന ഡോക്ടർ ഷേണായി എന്ന ബോർഡ് വച്ച ,റൂമിലേക്ക്, നോക്ക് ചെയ്തിട്ട്, കടന്ന് ചെന്നു. ഇരിക്കു, നിങ്ങൾ സിബിസ്കറിയയുടെ വൈഫാണോ? അതെ ഡോക്ടർ റിസൾട്ട് വന്നിട്ടുണ്ട് ,പേടിക്കാനൊന്നുമില്ല, അയാൾക്ക് കരളിൽ , SGOT യുടെ അളവ് കുറച്ച് കൂടുതലാണ്,അതിൻ്റെയാണ് വയറ് വേദനയും ഛർദ്ദിയുമൊക്കെ ഉണ്ടായത് ,ഫീവർ കുറഞ്ഞിട്ടുണ്ട്, നോർമലായി കഴിഞ്ഞാൽ ,വൈകിട്ടോടെ വാർഡിലേക്ക് മാറ്റും അല്ല ഡോക്ടർ, അദ്ദേഹം ഇന്നലെ കൊണ്ട് വരുന്ന വഴി രക്തം ഛർദ്ദിച്ചിരുന്നു, അതെന്ത് കൊണ്ടാവും? അലീന, ഉത്ക്കണ്ഠയോടെ ചോദിച്ചു.

ഹേയ്, അതോർത്ത് നിങ്ങൾ വറീഡാവണ്ട, LFT യും RFT യുമൊക്കെ നോർമലാണ്, പിന്നെ ഛർദ്ദിച്ചത് മുഴുവൻ രക്തമല്ല , ഛർദ്ദിയോടൊപ്പം ഇൻഫക്ഷനുണ്ടായിരുന്ന തൊണ്ടയിലെ, തൊലി പൊളിഞ്ഞ് വന്നത് കൂടി ,അതിൽ കലർന്നിട്ടുണ്ടാവാം, പക്ഷേ നഗറ്റീവായിട്ടുള്ള മറ്റൊരു കാര്യം ഞാൻ പറയാം, ബ്ളഡ്ഡിൽ ആൾക്കഹോളിൻ്റെ അതിപ്രസരമുണ്ടായിരുന്നു, അതിനർത്ഥം, അയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നല്ലേ? അങ്ങനെയെങ്കിൽ ,ഇനി മുതൽ അത് നിർത്തുന്നതാണുത്തമമെന്ന് അയാളോടൊന്ന് പറഞ്ഞോളു ,നിങ്ങളൊക്കെ ചെറുപ്പമല്ലേ ?ജീവിതമങ്ങ് നീണ്ട് കിടക്കുവാ, അത് മറക്കണ്ടാ ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടർ, താങ്ക് യു ഡോക്ടർ, താങ്ക് യുസോ മച്ച് തൻ്റെ പ്രാണൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ, അലീന ഡോക്ടറോട് നന്ദി പറഞ്ഞ് മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങി.

വൈകുന്നേരത്തോട് കൂടി സിബിച്ചനെ ഐ സി യു വിൽ നിന്നും പുറത്തിറക്കുമെന്നറിഞ്ഞപ്പോൾ, മാളിയേക്കൽ തറവാട്ടിലുള്ളവരെ കൂടാതെ, അന്നാമ്മയും, അലീനയുടെ നേരെ ഇളയ അനുജത്തി, ആൻസിയും അയാളെ കാണാൻ വന്നിട്ടുണ്ടായിരുന്നു. സിബിച്ചൻ്റെ വീട്ടുകാരുടെയൊപ്പം നില്ക്കാനുള്ള മടി കൊണ്ടാവാം, അമ്മയും അനുജത്തിയും ഒഴിഞ്ഞ് മാറി നില്ക്കുന്നതെന്ന്, അലീനയ്ക്ക് മനസ്സിലായി. കല്യാണത്തിന് ശേഷം, മോളെ കാണാൻ വരുന്ന കാര്യം അലീനയോട്, അന്നാമ്മ രണ്ട് മൂന്ന് പ്രാവശ്യം പറഞ്ഞെങ്കിലും , ചേട്ടത്തിമാരുടെ കുത്ത് വാക്കുകൾ, ഭയന്ന് , അമ്മയോടവൾ തത്ക്കാലം സിബിച്ചൻ്റെ വീട്ടിലേക്ക് വരേണ്ടെന്നും, തങ്ങൾ അങ്ങോട്ട് വന്നോളാമെന്നും പറഞ്ഞിരുന്നു.

ദൂരെ മാറി നിന്ന് തന്നെ വാത്സല്യത്തോടെ വീക്ഷിക്കുന്ന അമ്മയുടെ മുന്നിലേക്ക്, അലീന ഉത്സാഹത്തോടെ ഓടിച്ചെന്നു. സിബിച്ചനിപ്പോൾ എങ്ങനെയുണ്ട് മോളേ..? കുഴപ്പമില്ലമ്മേ .. ടെസ്റ്റ് റിസൾട്ടൊക്കെ നോർമലാണ്, പേടിക്കാനൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു ഓഹ്, എൻ്റെ പ്രാർത്ഥന കർത്താവ് കേട്ടു, കുരിശ് പള്ളിയിലേക്ക്, ഒരു കൂട് മെഴുക്തിരി ഞാൻ നേർന്നിട്ടുണ്ട് എനിക്കും ഒരു പാട് നേർച്ചകളുണ്ടമ്മേ… അതിരിക്കട്ടെ അപ്പനെങ്ങനുണ്ട്? കുഴപ്പമില്ല മോളേ ..പഴയത് പോലൊക്കെ തന്നെ …, ങ്ഹാ മോളേ… നീയാകെ ക്ഷീണിച്ചല്ലോ? അവിടെ നിനക്ക് ബുദ്ധിമുട്ട് വല്ലതുമുണ്ടോ ? അന്നാമ്മ മകളോട് ജിജ്ഞാസയോടെ ചോദിച്ചു. ഇല്ലമ്മേ.. സിബിച്ചനും വീട്ടുകാർക്കുമൊക്കെ എന്നെ വലിയ കാര്യമാ ,പിന്നെ അമ്മേ സിബിച്ചനിപ്പോൾ പഴയ ആളല്ല, മൊത്തത്തിൽ മാറിയിട്ടുണ്ട്, മദ്യപാനം വല്ലപ്പോഴും മാത്രമേയുള്ളു,

പിന്നെ ഇന്ന് രാവിലത്തെ കുർബ്ബാന കൂടാൻ, നമുക്കൊന്നിച്ച് പള്ളിയിൽ പോകാമെന്ന് പറഞ്ഞതായിരുന്നു, അപ്പോഴാ രാത്രിയിൽ സുഖമില്ലാതായത്, ഞാൻ വല്ലാതെ ഭയന്ന് പോയമ്മേ…അത് കൊണ്ടാണ് ,ഞാൻ ക്ഷീണിച്ചെന്ന് അമ്മയ്ക്ക് തോന്നുന്നത് അമ്മയെ കണ്ട സന്തോഷത്തിൽ അലീന വല്ലാതെ ചൈൾഡിഷായി. എങ്കിലും മോള് ആരോഗ്യം നോക്കണം, നമ്മുടെ വീട് പോലെയല്ലല്ലോ ,കറിയാമാഷിൻ്റെ വീട്ടിൽ തിന്നാനും കുടിക്കാനുമൊക്കെ എമ്പാടുമുണ്ടാവുമല്ലോ? മിക്ക ദിവസങ്ങളിലും, കറിയാ മാഷിൻ്റെ വീട്ടിലേക്ക് പോർക്കും ബീഫുമൊക്കെ വാങ്ങിച്ചോണ്ട് പോകാറുണ്ടെന്നാ ഇറച്ചിവെട്ടുകാരൻ അന്തോണിയുടെ പെണ്ണുമ്പിള്ള എന്നോട് പറഞ്ഞത്, നീയതൊക്കെ നന്നായി കഴിക്കണം കെട്ടോ? ഞാൻ കഴിച്ചോളാമമ്മേ .. ങ്ഹാ ചേച്ചീ … സിബിച്ചനുമായി നമ്മുടെ വീട്ടിലേക്ക് വരുമ്പോൾ കുറച്ച് ബീഫും പോർക്കുമൊക്കെ ഫ്റൈ ചെയ്ത് കൊണ്ട് വരണേ…

അന്ന് ചേച്ചീടെ കല്യാണത്തിനാണ് ,ഞങ്ങള് അവസാനമായി അതൊക്കെ കഴിച്ചത് ആൻസി കൊതിയോടെ പറഞ്ഞപ്പോൾ, അലീനയ്ക്ക് സങ്കടം തോന്നി. ഒന്ന് ചുമ്മാതിരിക്ക് കൊച്ചേ .. ആരെങ്കിലും കേട്ടാൽ നാണക്കേടാ അന്നാമ്മ അവളെ ശാസിച്ചു. സാരമില്ലമ്മേ.. അവളെന്നോടല്ലേ പറഞ്ഞത് ,ചേച്ചി കൊണ്ട് വരാം മോളേ … പിന്നെ നിൻ്റെ കോഴ്സിനി കണ്ടിന്യൂ ചെയ്യാൻ നോക്കണം കെട്ടോ ,ഞാൻ സിബിച്ചനോട് ,നീ നന്നായി പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ ,നിന്നെ വീണ്ടും പഠിക്കാൻ വിടണമെന്ന് സിബിച്ചനാ പറഞ്ഞത് മോളേ … ആമികുട്ടിക്ക് നിന്നോടൊപ്പം കുറച്ച് ദിവസം വന്ന് നില്ക്കണമെന്ന്, അവൾ പറഞ്ഞോണ്ടിരിക്കുവാ, ഞാൻ പറഞ്ഞു ,കോളേജടയ്ക്കുമ്പോൾ നോക്കാമെന്ന് ,അതാകുമ്പോൾ കുറച്ചധിക ദിവസം അവൾക്ക് നില്ക്കാൻ പറ്റുമല്ലോ ? അത് കേട്ടപ്പോൾ, എന്ത് മറുപടി പറയുമെന്നറിയാതെ അലീന കുഴങ്ങി. അതിനെന്താണമ്മേ …

വെക്കേഷനാവട്ടെ, അപ്പോൾ ഞാനങ്ങോട്ട് വന്ന് അവളെ കൂട്ടിക്കോളാം ,അമ്മ തത്ക്കാലം ചെന്ന് ഡാഡിയോട് സംസാരിച്ചിരിക്ക്, ഞാൻ സിബിച്ചനോടൊന്ന്, മിണ്ടിയേച്ച് വരട്ടെ ,ഇന്നലെ രാത്രി മുതൽ ഈ നേരം വരെ ,പരസ്പരം കാണാതെയും മിണ്ടാതെയുമിരുന്നിട്ട് എന്തോ പോലെ കുറച്ച് നേരത്തേക്കാണെങ്കിലും വിരഹമൊരു വേദനയാനെന്നവൾക്ക്, കഴിഞ്ഞ കുറേ മണിക്കൂറുകൾ കൊണ്ട് ബോധ്യമായിരുന്നു. ആ ഹോസ്പിറ്റലിലെ മുന്തിയ റൂമ് തന്നെ സ്കറിയാമാഷ് മകന് വേണ്ടി ബുക്ക് ചെയ്തിരുന്നു അലീന ചെല്ലുമ്പോൾ, വിശാലമായ റൂമിൽ മാളിയേക്കൽ തറവാട്ടിലെ എല്ലാവരുമുണ്ടായിരുന്നു. നീയിതെവിടെപോയതായിരുന്നു? ഞാൻ റൂമിലെത്തുമ്പോൾ, ആദ്യം നീയിവിടെയുണ്ടാവുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്, സിബിച്ചൻ പരിഭവത്തോടെ അലീനയോട് ചോദിച്ചു. അത് പിന്നെ… അമ്മയെ കണ്ടപ്പോൾ, ഞാനൊന്ന് സംസാരിച്ചവിടെ നിന്ന് പോയി ,അതാണ് താമസിച്ചത് ആഹാ.

അമ്മ വന്നിട്ടുണ്ടോ? എങ്കിൽ ഇങ്ങോട്ട് വിളിക്ക് എന്തിനാ വെറുതെ ?,എടാ ചെറുക്കാ …സന്ദർശകരെ അധികം അനുവദിക്കേണ്ടന്നാ ഡോക്ടർ പറഞ്ഞത് ,മാത്രമല്ല പുറത്ത് നിന്ന് വരുന്നവർക്കൊക്കെ, എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അത് നിനക്ക് വേഗം പകരും, ഇപ്പോൾ നിനക്ക് പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന സമയമാണ് റെയ്ച്ചല് വേഗം ചാടിക്കയറി തടസ്സം പറഞ്ഞു. ങ്ഹേ, അപ്പോൾ നിങ്ങള് പുറത്ത് നിന്ന് വന്നവരല്ലേ അസുഖങ്ങൾ നിങ്ങൾക്കുമുണ്ടാവില്ലേ? സിബിച്ചൻ തിരിച്ച് ചോദിച്ചു. ഓഹ് നിന്നെ ഉപദേശിക്കാൻ വന്ന എന്നെ വേണം പറയാൻ ,വരൂ ചേച്ചീ… നമുക്ക് പോകാം ,ഇനി അവൻ്റെ ഭാര്യ വീട്ടുകാര് വന്ന് നിക്കട്ടെ റെയ്ച്ചൽ മുഖം വീർപ്പിച്ച് കൊണ്ട് പുറത്തേയ്ക്കിറങ്ങിയപ്പോൾ കൂടെ ഡേവിസും, ബിനോയിയും ഒപ്പം ചെന്നു. അവര് പോകാൻ പറ, നീയിവിടെ എൻ്റെയടുത്ത് വന്നിരിക്ക് സിബിച്ചനവളെ അടുത്തേക്ക് വിളിച്ചു. കട്ടിലിൽ തലയിണ വച്ച് ചാരിയിരിക്കുന്ന ,സിബിച്ചൻ്റെയരികിൽ ചെന്ന് അലീന, അവൻ്റെ കണ്ണുകളിലേക്ക് പ്രണയാതുരമായി നോക്കി.

നീയെന്നെ ഇങ്ങനെ നോക്കല്ലേ? എനിക്ക് നിന്നെ കടിച്ച് തിന്നാൻ തോന്നും സിബിച്ചൻ കാതരമായി അവളോട് മൊഴിഞ്ഞു. എങ്കിൽ നിന്നെ ഞാൻ കൊല്ലും എന്നിട്ട് നിൻ്റെ രക്തം ഞാൻ ഊറ്റിക്കുടിക്കും നീയെന്താ കള്ളിയങ്കാട്ട് നീലിയാണോ? എൻ്റെ രക്തം കുടിക്കാൻ ദേ അപ്പോഴേക്കുമെന്നെ യക്ഷിയാക്കിയല്ലേ? അവൾ കൊഞ്ചലോടെ അവനെ മൃദുവായി നുള്ളി ,ആ തക്കത്തിന് സിബിച്ചൻ അവളെ വലിച്ച് തൻ്റെ നെഞ്ചിലേക്കിട്ടു. ഈ സമയം റൂമിലേക്ക് മരുന്നുമായി വന്ന ഡ്യൂട്ടിനഴ്സ്, ആ കാഴ്ച കണ്ട് ജാള്യതയോടെ ,തുറന്ന് കിടന്ന ഡോറ് ,മെല്ലെ വലിച്ചടച്ചിട്ട്, സ്റ്റാഫ് റൂമിലേക്ക് തിരിച്ച് പോയി.

തുടരും

അലീന : ഭാഗം 1

അലീന : ഭാഗം 2

അലീന : ഭാഗം 3

അലീന : ഭാഗം 4