Sunday, December 22, 2024
Novel

അഖിലൻ : ഭാഗം 5

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


അന്ന് മുഴുവനും എന്റെ ഇഷ്ടം പറഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ.

വൈകിട്ട് കോളേജ് വിട്ടു പോരും മുൻപ് ഞാൻ ഒരിക്കൽ കൂടി സാറിന് മുൻപിൽ ചെന്നു. എന്റെ ഇഷ്ടം ഒരു തമാശയല്ലെന്ന് പറയാൻ. പക്ഷേ .

എന്നെ കണ്ടതും അയാളുടെ മുഖം മാറാൻ തുടങ്ങി. . വലിഞ്ഞു മുറുകിയ മുഖത്തു കണ്ണുകൾ രണ്ടും ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു.. പേശികൾ വലിഞ്ഞു ഇപ്പോൾ പൊട്ടുമെന്ന പോലെ..

എന്നെ വിറക്കാൻ തുടങ്ങി.ഡ്രാക്കുള ശെരിക്കും ചോര കുടിക്കാനുള്ള പുറപ്പാടിൽ ആയിരുന്നു

നീയാരാടി സി ഐ ഡി യോ … എന്നെ തിരക്കി ഇറങ്ങാൻ.. അവരോട് ഒക്കെ പോയി ചോദിച്ചാൽ അവരെല്ലാം നിനക്ക് മുൻപിൽ വിവരിക്കുമെന്ന് കരുതിയോ നീ..

അപ്പോൾ എന്റെ മുന്നിൽ ഞാൻ മുമ്പ് കണ്ട സാർ ആയിരുന്നില്ല… നെറ്റിയിൽ നിന്ന് രക്തമൊലിപ്പിച്ചു കൊണ്ട് ഉച്ചത്തിൽ അലറി വിളിച്ചു കലി തുള്ളുന്ന കോമരമായിരുന്നു…ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.

എന്റെ പിന്നാലെ നടക്കണ്ട…. അറിയില്ല നിനക്കെന്നെ…. കൊന്ന് കളയും ഞാൻ.

അടുത്ത്… എന്റെ തൊട്ടടുത്തു കാതോടു ചേർന്ന് മുരൾച്ചയോടെ ആ ശബ്ദം.കണ്ണ് തുറന്നു നോക്കുമ്പോഴേക്കും സാറിന്റെ കാർ അവിടം കടന്ന് പോയിരുന്നു. എനിക്ക് ചുറ്റും കുറേ കാഴ്ചക്കാരും.

വാടാ… പോവാം

ശാരിയുടെ കൈകളിൽ പിടിക്കുമ്പോഴും എന്റെ വിറയൽ മാറിയിട്ടുണ്ടായിരുന്നില്ല.

അയാൾ എന്തിനാ എന്നെ ഇങ്ങനെ….
സങ്കടം അണപൊട്ടി ഒഴുകാൻ തുടങ്ങി.

അയ്യേ … ഇത്രേ ഉള്ളോ എന്റെ നന്ദൂട്ടൻ… നിന്നെ കരയിച്ച അയാളെ കൊണ്ട് നിന്നേ ഇഷ്ടമാണെന്ന് പറയിക്കണം.. അതല്ലേ മോളെ വേണ്ടത് …

ഇല്ല… എപ്പോഴും അയാളുടെ മുന്നിൽ ഞാൻ തോറ്റു പോകുന്നു…. എനിക്കിനി വയ്യ ശാരി.

സാരമില്ല… വാ…. റൂമിൽ പോയി ഒന്ന് കുളിച്ചു ഫ്രഷ് ആകുമ്പോഴേക്കും ഈ മൂഡ് ഒക്കെ മാറും.

അവളുടെ മടിയിൽ തല വച്ചു കിടക്കുമ്പോഴും എന്റെ ഉള്ളു നിറയെ അയാളുടെ വാക്കുകൾ ആയിരുന്നു.

അത്രക്ക് വെറുക്കാൻ ഞാൻ എന്താണ് ചെയ്തത്.. ഓരോന്ന് ആലോചിച്ചു എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. ശാരി വന്നാണ് വിളിച്ചുണർത്തിയത്.

നിന്നെ കാണാൻ പ്രിൻസിപ്പൽ മാം വന്നിട്ടുണ്ട്

എന്നെ കാണാനോ.. എന്താ കാര്യം

ഹമ്… അറിയില്ല. നീ എന്തായാലും കുളിച്ചു താഴേക്കു വാ.

അധികം വൈകാതെ തന്നെ ഞാൻ താഴേക്കു ചെന്നു. ആദ്യം കണ്ണുടക്കിയത് ആ തടിച്ച ഫ്രെയിമിൽ ആണ്..പക്ഷേ അതിനടിയിലെ കണ്ണുകളിൽ വല്ലാതെ ദുഃഖം നിറഞ്ഞു നിന്നിരുന്നു.

കൃഷ്ണേന്ദു…. അല്ലേ..

ഹമ്..

ഇരിക്കു…ഞാൻ മാമിന് എതിരായി ഇരുന്നു.

അഖിലനെ കുറിച്ച് തിരക്കി പോയിരുന്നു അല്ലേ..

ഹമ്.

ഇനി പോകരുത് … അപേക്ഷയാണ്.. എന്റെ കുട്ടിയെ ഇനിയും ഉപദ്രവിക്കരുത് . അവൻ… അവൻ എങ്ങനെയെങ്കിലും കഴിഞ്ഞോട്ടെ.

പക്ഷേ … മാം ഞാൻ .. ഞാനൊന്നും.

വേണ്ട… കുട്ടിയുടെ നേരം പോക്കിനുള്ള കളിപ്പാവയല്ല അവൻ . ഇനി ഇതാവർത്തിച്ചാൽ…

താക്കീതിന്റെ സ്വരം ! മാം എന്നിൽ നിന്ന് എന്തോ മറക്കുന്നത് പോലെ ..എന്നിലെ വാശിക്കാരി തലപൊക്കി തുടങ്ങി.

സാറിന്റെ കാര്യത്തിൽ മാമിന് എന്താ ഇത്ര താല്പര്യം..?

അത് കുട്ടി അറിയേണ്ട കാര്യം അല്ല.

നിങ്ങളുടെ സാരി ആണോ അവിടെ കണ്ടത്… നിങ്ങളും സാറും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.?

എന്റെ ചോദ്യം അവരെ ഞെട്ടിച്ചുവെന്ന് മനസിലായി.

അവശ്യമില്ലാത്തതു പറയരുത്..

ഓഹ് .. ഞാൻ പറയുന്നത് ആണ് കുറ്റം.. അപ്പോൾ നിങ്ങൾ ചെയ്യുന്നതോ.. സാറിന്റെ ആരാ നിങ്ങൾ..
അമ്മയോ… പെങ്ങളോ… ഭാര്യയോ…. അതോ?

തിരിച്ചു മറുപടി ഒന്നും കിട്ടാതായപ്പോൾ എനിക്ക് വാശി കൂടി

ഒരു ബന്ധവും ഇല്ലാതെ നിങ്ങൾ അയാളുടെ പിന്നാലെ നടക്കില്ലല്ലോ… എന്നെ തേടി ഇവിടെ വരെ വരില്ലല്ലോ.. പറ…. നിങ്ങളുടെ ആരാ അയാള്.. പറയാൻ

എന്റെ മാം ആണ് മുന്നിൽ നിൽക്കുന്നത് എന്ന് ഞാൻ മറന്നു.. അതുവരെ ഉണ്ടായിരുന്ന ദേഷ്യവും സങ്കടവുമെല്ലാം അവർക്ക് മേൽ തീർക്കുകയായിരുന്നു ഞാൻ.

ഞാൻ അയാളെ തട്ടി കൊണ്ട് പോകുമെന്ന പേടി കൊണ്ടല്ലേ നിങ്ങൾ എന്നെ തേടി വന്നത്… നിങ്ങൾ തമ്മിൽ പുറത്തു പറയാൻ കൊള്ളാത്ത
ബന്ധം ഇല്ലേ.. ഞാൻ അത് കണ്ടു പിടിക്കാതെ ഇരിക്കാൻ അല്ലെ ഈ വരവ്… പറ… നിങ്ങളുട കാമുകൻ അല്ലെ സാറ്.

ഞാൻ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുമ്പോൾ ഒക്കെയും കേട്ട് കണ്ണീർ പൊഴിച്ചുകൊണ്ടിരിക്കുകയായിരുന്നു മാം.

ഇപ്പോൾ ഞാൻ എന്ത് പറഞ്ഞാലും കുട്ടിക്ക് മനസിലാകില്ല… ഒക്കെത്തിനും ഒരു സമയം ഉണ്ട്.

ഇതിൽ കൂടുതൽ ഇനി എന്ത് മനസിലാകാൻ ആണ്.. നിങ്ങളുടെ അവിഹിതബന്ധത്തിന് ഞാൻ തടസ്സം ആകില്ല ഇനി.

എല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ആണ് അഖിലൻ സാർ കയറി വരുന്നത് കണ്ടത്.

ഓഹ്.. കാമുകിയെ തിരക്കി വന്നത് ആവും അല്ലെ..

കരണം പുകയുന്ന ഒരടി ആയിരുന്നു മറുപടി.
സാർ മാമിനെ ചേർത്ത് പിടിച്ചു.

ഇതാരാണ്ന്ന് അറിയോഡി നിനക്ക്…. എന്റെ അമ്മയാ…ഈ വയറ്റിൽ ജനിച്ചത് അല്ലെങ്കിലും എനിക്ക് ഇവർ അമ്മ തന്നെയാ.. അതൊന്നും നിന്നെ പോലുള്ളവർക്കു മനസ്സിലാകില്ല.

വേണ്ട അഖിലാ .. നമുക്ക് പോകാം.
മാം സാറിനെ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി.

ഇനി നിന്നെ എന്റെ കണ്മുന്നിൽ കണ്ടാൽ….. ചൂണ്ടു വിരൽ നിവർത്തി എനിക്ക് താക്കീതു നൽകികൊണ്ടാണ് സാർ പോയത്.

ആ കണ്ണുകളിൽ ഞാൻ കണ്ടു എന്നോടുള്ള പകയും ദേഷ്യവും . ഇനി ഒരിക്കലും അടുക്കാൻ പറ്റാത്ത വിധം സാർ എന്നിൽ നിന്ന് അകന്ന് പോകുന്നത് ഞാൻ അറിഞ്ഞു.

ഒക്കെ നിന്റെ നാവിന്റെ പ്രശ്നാ… എന്തൊക്കെയാ നീ വിളിച്ചു പറഞ്ഞത്..

ശാരി എന്നെ വഴക് പറയാൻ തുടങ്ങി.

അപ്പോഴതെ ദേഷ്യത്തിനു പറഞ്ഞതാ ഞാൻ… എനിക്ക്…. എനിക്ക് അറിയില്ലായിരുന്നു…

നീ ഇത്രക് ചീപ്പായി സംസാരിക്കുമെന്ന് ഞാൻ കരുതിയില്ല.. ഷെയിം ഓൺ യു നന്ദു.

ശാരി . ഡാ .. ഞാൻ..

എന്റെ കൈ വിടുവിച്ചു അവൾ മുറി വിട്ടു പോയി.ആ മുറിയിൽ ഞാനും ഇരുളും മാത്രമായി.

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4