Friday, January 17, 2025
HEALTHLATEST NEWS

സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കൽപ്പറ്റ: ആഫ്രിക്കൻ പന്നിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്.

അതേസമയം, ആഫ്രിക്കൻ പന്നിപ്പനിക്കെതിരെ കോഴിക്കോട് ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ ഗോപകുമാർ പറഞ്ഞു. രോഗവ്യാപനം തടയാൻ ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇതുവരെ ലഭ്യമല്ല. അതിനാൽ, ബയോ സെക്യൂരിറ്റി നടപടികൾ ശക്തമാക്കാനാണു നിർദേശം നൽ‍കിയിരിക്കുന്നത്.

ജില്ലയിലെ പന്നിവളർത്തൽ കേന്ദ്രങ്ങളിൽ പന്നികളിൽ രോഗലക്ഷണങ്ങളോ അസ്വാഭാവിക മരണങ്ങളോ ഉണ്ടായാൽ ശ്രദ്ധിക്കണം. അത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ പഞ്ചായത്തിലെ വെറ്ററിനറി സർജനെ ഉടൻ അറിയിക്കണം. പന്നി കർഷകർക്ക് ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകാൻ ഓരോ പ്രദേശത്തെയും വെറ്ററിനറി സർജൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൈവസുരക്ഷാ നടപടികൾ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ഫാമുകളിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കരുത്. ഫാമുകളും അണുവിമുക്തമാക്കണം.