Monday, November 25, 2024
Novel

അർച്ചന-ആരാധന – ഭാഗം 4

എഴുത്തുകാരി: വാസുകി വസു

ചെകുത്താൻ ഗ്രൂപ്പിനൊരു ഞെട്ടൽ ഉണ്ടായി.അക്ഷയ് നവാഗതനായി എത്തുമ്പോൾ റാഗിങ്ങിൽ നിന്ന് അവനെ ഒഴിവാക്കിയത് ആരാധനയാണ്.അതിന്റെയൊരു പിണക്കം ഇന്നും ചെകുത്താൻസിനും അവളോടുണ്ട്.അന്ന് രക്ഷിച്ചതിന്റെ നന്ദിയും സ്നേഹവും അക്ഷയിനും ഉണ്ട്. അതവൻ പ്രകടിപ്പിക്കാത്തത് ആരാധനയെ ഇഷ്ടപ്പെട്ടു പോകുമെന്ന ഭയത്താലാണ്… അക്ഷയ് ഒറ്റയാനാണ്.കൂസലില്ലാത്ത പ്രകൃതം.ചേരിയിലാണ് വളർന്നത്.കൊണ്ടും കൊടുത്തും തന്നെ. ഭയമെന്നത് ഒട്ടുമില്ല.. അവൻ പതിയെ ചെകുത്താൻ ഗ്രൂപ്പിനു മുമ്പിലേക്ക് ചുവടുകൾ വെച്ചു.. അവർ കരുതലോടെ നിന്നു…

പഴയൊരു കണക്ക് തീർക്കാൻ അവസരം ഇതാണെന്ന് അവർ കരുതി… തനിക്ക് നേരെ പാഞ്ഞ് വന്ന ചെകുത്താൻസ് ടീമിനെ വളരെ കരുതലോടെയാണ് അക്ഷയ് നേരിട്ടത്.ഒരുമിച്ച് സംഘം ചേർന്നുള്ള ആക്രമണത്തിൽ ഇടക്കൊന്ന് ശ്രദ്ധ പതറി.നല്ലത് പോലെ അടിയും തൊഴിയുമേറ്റു. (തുടരും കഴിഞ്ഞു താഴെ അതിന്റെ വിശദീകരണം നൽകിയിട്ടുണ്ട്. അതുകൂടി വായിക്കുക) അക്ഷയ് താഴെ വീഴുമെന്ന് മനസിലായതും ആരാധന അവരെ എതിരിട്ടു.അർച്ചനയും സഹായത്തിനെത്തി.തന്റെ ശരീരത്തിൽ തൊട്ടവരോടുളള പക മുഴുവനും അവരോട് തീർത്തു. മന സാന്നിധ്യം തിരിച്ച് പിടിച്ചു അക്ഷയ് വീണ്ടും തിരിച്ചടി തുടങ്ങി.

മൂന്നു പേരോടും എതിരിടാനാകാതെ ചെകുത്താൻസ് വെളിയിലേക്ക് ഓടി.പിറകെ അക്ഷയും. ക്യാമ്പസിൽ കൂടി മിന്നൽ വേഗത്തിൽ ഓടി വരുന്ന ചെകുത്താൻസിനെ കണ്ട് കൂട്ടമായി അവിടെയും ഇവിടെയും കൂടി നിന്നവർ വഴിമാറി കൊടുത്തു.ഇല്ലെങ്കിൽ അവരെ തട്ടിത്തെറിപ്പിച്ചേനേ. പിന്നാലെ അക്ഷയും കൂടി വന്നതോടെ ഏകദേശം കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായി.ഇനി കാരണം എന്താണെന്ന് അറിഞ്ഞാൽ മതി. അക്ഷയ് അവരുടെ പിന്നാലെ ഓടിയെങ്കിലും ചെകുത്താൻസ് വെളിയിലേക്ക് ഓടി കഴിഞ്ഞിരുന്നു. അക്ഷയ് കിതച്ച് അവശനായി കഴിഞ്ഞിരുന്നു.

അവൻ പതിയെ കിതപ്പടക്കാനായി നിന്നു.അർച്ചനയും ആരാധനയും പതിയെ നടന്ന് വരുന്നുണ്ടായിരുന്നു. കോളേജ് മുഴുവനും എല്ലാം പാട്ടായി കഴിഞ്ഞു. ചർച്ച മുഴുവനും ആരാധനയും ചെകുത്താൻ ഗ്രൂപ്പും തമ്മിലുള്ള ശത്രുതയാണ്.അറിയാവുന്ന ചിലർ മൂക്കത്ത് വിരൽ വെച്ചു. മറ്റ് ചിലരാകട്ടെ അവൾക്ക് അങ്ങനെ വേണമെന്ന് അഭിപ്രായപ്പെട്ടു. അർച്ചനയാകെ തകർന്നിരുന്നു.ഇങ്ങനെയൊരു പ്രതിസന്ധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ആരാധന അർച്ചനയെ ചേർത്തു പിടിച്ചിരുന്നു. “അക്ഷയ് ഞങ്ങൾ ഹോസ്റ്റലിലേക്ക് പോകുവാണ്” അക്ഷയോടായി ആരാധന പറഞ്ഞു.

അവളും ആകെ സങ്കടത്തിലായി.കൂടെ നിന്നവർ പണി തരുമെന്ന് കരുതിയില്ല.അവൾക്ക് സ്വയം നിന്ദ തോന്നി. “ഇതിങ്ങനെ വിട്ടാൽ പറ്റില്ല.പ്രിൻസിക്ക് പരാതി കൊടുക്കണം” ആരാധന ചുണ്ടുകൾ കോട്ടി.അവളോർക്കുക ആയിരുന്നു. രണ്ട് വർഷം മുമ്പ് കോളേജിൽ ഫങ്ഷന് ഗാനമേള നടന്നു.അന്നത്തെ സീനിയേഴ്സ് വർഷയെന്നുള്ളൊരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി.അതിനവൾ പ്രിൻസിക്ക് പരാതി നൽകിയെങ്കിലും അത് പിൻ വലിക്കാനാണ് അയാൾ ആവശ്യപ്പെട്ടത്. “കോളേജിന്റെ പേരിനെ ബാധിക്കുമെന്ന്.” “അപ്പോൾ ഒരു പെൺകുട്ടിയുടെ ജീവനും മാനത്തിനും വിലയില്ലേ” വർഷക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.അതിന് മറുപടിയൊരു വഷളൻ ചിരി ആയിരുന്നു.

കോളേജ് അധികൃതരിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ വർഷയും വീട്ടുകാരും പോലീസിൽ പരാതി നൽകി.പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് വർഷ.വീട്ടുകാരുടെ പ്രതീക്ഷ.പഠിക്കാൻ മിടുക്കിയായിരുന്ന വർഷയെ ലോൺ എടുത്തും വീടിന്റെ ആധാരം പണയം വെച്ച് കൊളളപ്പലിശക്ക് പണവും എടുത്താണ് വീട്ടുകാർ പഠിപ്പിക്കാൻ അയച്ചത്. സഹപാഠികൾ പലരും വർഷയെ പിന്തുണച്ചില്ല.ഇതൊക്കെ തങ്ങളെ ബാധിക്കുന്ന വിഷയം അല്ലെന്നാണ് ചിലരുടെ നിലപാട്. മറ്റ് ചിലരാകട്ടെ ഭയന്നും.നാളെ തങ്ങളെ ഓരോത്തരെയുമിത് ബാധിക്കുമെന്ന് ആരും ചിന്തിച്ചില്ല.

അല്ലെങ്കിൽ സൗകര്യം പോലെ മറന്നു. പോലീസിൽ പരാതി നൽകിയ വർഷക്ക് മേൽ പലവിധ സമ്മർദ്ദങ്ങളുണ്ടായി പരാതി പിൻ വലിക്കാനായി.ഒരുപാട് ഓഫറുകൾ.പണമൊഴുക്കൽ.എന്നിട്ടും അവൾ പതറാതെ പിടിച്ചു നിന്നത് നാളെ തനിക്കെന്നല്ല മറ്റൊരു പെൺകുട്ടിക്കും ഇതുപോലെയൊരു ഗതികേട് വരരുതെന്ന് ആഗ്രഹിച്ചു. ഒടുവിൽ സീനിയേഴ്സ് വർഷയെ തട്ടിക്കൊണ്ടു ഇരയാക്കി മാനഭംഗപ്പെടുത്തി.നീലച്ചിത്രങ്ങൾ നെറ്റിലൂടെ ഒഴുകി തുടങ്ങി. മാനവും നഷ്ടപ്പെട്ട വർഷ ആത്മഹത്യ ചെയ്തു. മകളുടെ വിയോഗം താങ്ങാനാകാതെ മാതാപിതാക്കളും വിഷം കഴിച്ചു മരിച്ചു. ഞെട്ടലോടെ ആരാധന ഓർത്തു.

വർഷയുടെ ഗതി അർച്ചനക്ക് വരാൻ പാടില്ല.ഇവൾ തന്റെ ഹൃദയത്തിന്റെ ഭാഗമായി കഴിഞ്ഞു. പപ്പയെ ഫോണിൽ വിളിച്ചു സംസാരിക്കുമ്പോൾ അർച്ചനയെ കുറിച്ച് പറയാനേ ആരാധനക്ക് സമയമുള്ളൂ. “അങ്ങനെയാണെങ്കിൽ ഇനി വരുമ്പോൾ അർച്ചനയെ കൂടി കൊണ്ട് വാ” അരവിന്ദ് നമ്പ്യാർ മകളെ ഓർമ്മിപ്പിച്ചു. ഈ പ്രാവശ്യം വീട്ടിലേക്ക് പോകുമ്പോൾ കൂടെ കൂട്ടാൻ അർച്ചനയുടെ സമ്മതവും വാങ്ങിയിരുന്നു. അർച്ചന വീട്ടിലെ ഒറ്റമകളാണ്.അവൾക്ക് ആകെയുളളത് അമ്മ മാത്രം. അച്ഛനെ കണ്ട ഓർമ്മയില്ല.അമ്മയോട് അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ മൗനമാണ് മറുപടി.അല്ലെങ്കിൽ കരച്ചിൽ.

അമ്മയെ കൂടുതൽ വിഷമിപ്പിക്കാൻ കഴിയില്ല.അതിനാൽ ഇപ്പോഴങ്ങനെ ചോദിക്കാറുമില്ല. അർച്ചന നന്നായി പഠിക്കുന്നതാണ്.അതാണ് അവളെ LJK കോളേജിൽ പഠിക്കാൻ അയച്ചത്.പ്രതീക്ഷയില്ലായിരുന്നു തുടർന്ന് പഠിക്കാൻ കഴിയുമെന്ന്. അത് സങ്കടവുമായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് അമ്മ അർച്ചനയോട് പറഞ്ഞത്. “പഠിക്കാൻ കഴിയില്ലെന്ന് കരുതി സങ്കടം വേണ്ടാ.അടുത്ത ആഴ്ച മുതൽ ക്ലാസിനു പോകാൻ റെഡിയായിക്കോളൂ” അർച്ചനയത് കേട്ട് അമ്പരന്നു പോയി. അവളത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖഭാവം വ്യക്തമായി. “പണം ഇല്ലെന്ന് പറഞ്ഞിട്ടിപ്പോൾ ഇപ്പോൾ എവിടെ നിന്നാണ്?” ആകാംഷയോടെയാണ് ചോദ്യം.

അമ്മ ദേവിയുടെ മുഖം വിളറിയെങ്കിലും അവരത് മറച്ചു പിടിച്ചു. “അത് നീയെന്താടീ അറിയുന്നത്.പഠിക്കാനാവശ്യമുളള പണം നിനക്ക് കിട്ടിയാൽ പോരേ” അർച്ചനയുടെ അമ്മ കൂലിപ്പണി ചെയ്തും അയൽ വീടുകളിൽ പാത്രങ്ങൾ മോറിയും അടുക്കളപ്പണിയും ചെയ്താണ് വളർത്തിയത്. അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടാണ് അവൾ വളർന്നതും.അതുകൊണ്ട് കൂടുതലായി അമ്മയെ ശല്യം ചെയ്യാറില്ല. അമ്മയെ പിരിഞ്ഞു ജീവിക്കുന്നത് സങ്കടമാണ്.ഒരിക്കലും അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല.പഠിച്ചു നല്ലൊരു ജോലി നേടണം.അമ്മയെ നല്ല രീതിയിൽ നോക്കണം.നല്ലൊരു വീട് വെക്കണം.

അതൊക്കെ ആണ് അർച്ചനയുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും. അർച്ചനയെ പരിചയമില്ലാത്ത സ്ഥലത്ത് അയക്കാൻ ദേവിയും ഭയപ്പെട്ടു. അങ്ങനെയാണ് കൂട്ടുകാരി ദേവൂനോട് പരിഭവം പറഞ്ഞത്.ചേരിയിലാണ് ദേവൂന്റെ താമസം.ഇരുവരും ഒരുമിച്ച് പത്താം ക്ലാസ് വരെ പഠിച്ചവർ. “എടീ എന്റെ മോൻ തമിഴ് നാട്ടിലെ കോളേജിലാ പഠിക്കുന്നത്.അവൻ നോക്കിക്കൊള്ളും അർച്ചന മോളേ” ദേവിക്ക് അതൊരു പുതിയ അറിവായിരുന്നു.രണ്ടു മക്കൾ ഉണ്ടെന്ന് അറിയാം.അതിലൊരുത്തൻ തല്ലിപ്പൊളിയാണെന്നും.രണ്ടും ഇരട്ടകൾ.അക്ഷയും അമലേഷും.അമലേഷാണ് നന്നായി പഠിക്കുന്നത്.

ആ അമലേഷാണ് തമിഴ് നാട്ടിലെ കോളേജിൽ പഠിക്കുന്നത്. അക്ഷയ് വഴക്കാളിയും തല്ലുകൊള്ളിയുമാണ്.വീട്ടുകാർ അവനെ ആന്ധ്രായിലേക്ക് ഒരു ബന്ധുവിന്റെ കൂടെ അവിടെ കമ്പിനിപ്പണിക്ക് അയച്ചു.അതുകൊണ്ട് ആൾ സ്ഥലത്തില്ല. ദേവിക്ക് പകുതി ആശ്വാസമായി. കൂട്ടുകാരിയുടെ മകനുണ്ട്.അങ്ങനെയാണ് അമലേഷിന്റെ കൂടെ അർച്ചനയെ അയക്കുന്നതും മകൾക്ക് അഡ്മിഷൻ എടുത്തിട്ട് ദേവി നാട്ടിലേക്ക് മടങ്ങുന്നതും. അമ്മ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അർച്ചന വിങ്ങിപ്പൊട്ടി കരഞ്ഞു.അവരും കരഞ്ഞാണ് ഇറങ്ങിയത്. “നിന്റെ ലക്ഷ്യം പഠിത്തമാണ്.എങ്ങനെയും കോഴ്സ് പൂർത്തിയാക്കുക.

നാളെ അമ്മ ഇല്ലാതായാലും നിന്റെ പഠനം മുടങ്ങില്ല.അതിനുള്ളതെല്ലാം അമ്മ ചെയ്തിട്ടുണ്ട്” ദേവി പറഞ്ഞത് പൂർണ്ണമായും അർച്ചനക്ക് മനസ്സിലായില്ല.എങ്കിലും അമ്മക്ക് ആപത്ത് വരുന്നത് കേൾക്കാൻ ഇഷ്ടപ്പെട്ടില്ല.അതവൾ തുറന്നു പറയുകയും ചെയ്തു. “അമ്മ ഒഴുക്കിനായി പറഞ്ഞതാണ്.. നീയത് കാര്യമാക്കേണ്ട” അവർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “ഒഴുക്കിനായാലും എന്തിനായാലും അങ്ങനെയൊന്നും പറയണ്ടാ” അർച്ചന അമ്മയെ ശ്വാസിച്ചു. “പിന്നേ പാവത്തെ പോലെ ഇരിക്കേണ്ട..നല്ല ബോൾഡായി നിന്നോളൂ” അമ്മയത് പറയേണ്ടതില്ലെന്ന് അവൾ ഓർമ്മിപ്പിച്ചു.

തന്റെ സ്വഭാവം ചിലപ്പോൾ തനിക്ക് തന്നെ പിടിക്കാറില്ല. അമ്മ യാത്ര പറഞ്ഞു ഇറങ്ങിപ്പോൾ പെട്ടെന്ന് തനിച്ചായ ഫീൽ അവൾക്ക് ഉണ്ടായി. പിന്നീട് അതുമായി പൊരുത്തപ്പെടാനും ശ്രമിച്ചു. “ഹും പരാതി കൊടുത്താലും പ്രയോജനമില്ല അക്ഷയ്..വർഷ തന്നെ ഉദാഹരണം” ആരാധന ചുണ്ടുകൾ കോട്ടി. വർഷയെ കുറിച്ച് അക്ഷയ് കേട്ടിട്ടുളള അറിവുള്ളൂ.അവളുടെ ആത്മാവ് ഇപ്പോഴും ക്യാമ്പസിൽ അലഞ്ഞ് തിരിഞ്ഞ് നടപ്പുണ്ടെന്നാണു കേട്ടു കേൾവി.കാരണം അവൾക്ക് നീതി ലഭിച്ചിട്ടില്ല.പിന്നെയെങ്ങനെ ആത്മാവിനു ശാന്തികിട്ടും. ക്യാമ്പസിൽ ചില സാമൂഹ്യ വിരുദ്ധർ രാത്രികളിൽ അവിടെ കൂടകൂടാറുണ്ടായിരുന്നു.ഇപ്പോൾ അങ്ങനെ ഇല്ല.കാരണം അവർ വർഷയെ അവിടെയൊക്കെ കണ്ടിട്ടുണ്ടത്രേ.

അതുകൊണ്ട് ഇപ്പോൾ ആരും ആ പരിസരത്ത് സന്ധ്യ ആയാൽ തിരിഞ്ഞ് നോക്കാറില്ല. “പിന്നെന്താ നമ്മൾ ചെയ്യുക” ചോദ്യത്തിനൊപ്പം ആരാധനയേയും അർച്ചനയേയും അക്ഷയ് മാറി മാറി നോക്കി. “കൊല്ലണം” പതിഞ്ഞതെങ്കിലും ദൃഢമായ വാക്കുകൾ അതുകേട്ട് അവരൊന്ന് ഞെട്ടി. “തനിക്കെന്താ വട്ടുണ്ടോടോ” അക്ഷയ് അമ്പരന്നു. “യെസ്…ഒരോരുത്തരായി ഇഞ്ചിഞ്ചായി കൊല്ലണം.സമയവും വഴിയും നമ്മുടെ മുന്നിൽ ധാരാളമുണ്ട്. പെണ്ണിന്റെ മാനത്തിന് വില നൽകാത്തവരെ,തൊടുന്നവനെ കൊല്ലുക തന്നെ വേണം” ക്രൂരമായി ആരാധന ചിരിച്ചു. കാരണം ചെകുത്താൻസിനെ കുറിച്ച് പൂർണ്ണമായും ആരാധനക്കേ അറിയൂ..അത്രതന്നെ…

“അർക്കും സംശയം തോന്നാത്ത രീതിയിലും നമ്മൾ പിടിക്കപ്പെടാൻ ചാൻസില്ലാത്ത വിധത്തിലുമാകണം കൊല്ലേണ്ടത്.. ” എങ്ങനെ?..” പിന്നെയും അവന് സംശയം.. ആരാധന പോം വഴി പറഞ്ഞു കൊടുത്തു. അതുകേട്ട് അർച്ചനയും അക്ഷയും ഞെട്ടി.അവരൊന്നും മനസിലാകാത്ത രീതിയിൽ അവളെ നോക്കി… “വർഷ….” (തുടരും) ചില സംശയങ്ങൾ ഉണ്ടെന്ന് അറിയാം.. അമലേഷ് എങ്ങനെ അക്ഷയ് ആയി.അർച്ചനയുടെ അച്ഛൻ ആരാണ്. അമ്മ ദേവി എന്തിനെയാണ് ഭയപ്പെടുന്നത്.അർച്ചനയും ആരാധനയും തമ്മിലുള്ള അടുപ്പത്തിന്റെ രഹസ്യം… തുടർന്നുള്ള പാർട്ടുകളിൽ വ്യക്തമാകും.. ഇതിലെ ഓരോ വരികൾക്കും വാക്കിനും കൂടുതൽ പ്രാധാന്യം ഉണ്ട്. അതിനാൽ ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ കഥ മനസ്സിലാകില്ല… സ്നേഹപൂർവ്വം ©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-3