Saturday, January 18, 2025
Novel

സുൽത്താൻ : ഭാഗം 25

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

എന്തോ ശബ്ദം കേട്ടാണ് ആദി ഉണർന്നത്… കട്ടിലിൽ ഭിത്തിയിലേക്ക് ചാരിയിരുന്നു ഉറങ്ങുകയായിരുന്നു അവൻ… നേരം പുലരുന്നതേയുള്ളു… ജനാല ചില്ലുകളിലൂടെ അകത്തേക്ക് പുതു വെട്ടം അരിച്ചരിച്ചു കയറി വരുന്നു… ആദിയുടെ കണ്ണുകൾ ആദ്യം പോയത് നിലത്തേക്കാണ്… ഫിദ അവിടെ ഉണ്ടോന്നു അറിയാൻ…. അവൾ എഴുന്നേറ്റു പോയിരുന്നു …. കട്ടിലിൽ നിലത്തു വിരിച്ചു കിടന്ന ബെഡ്ഷീറ്റ് മടക്കി വെച്ചിട്ടുണ്ട്… ആദിക്ക് വല്ലാതെ മനസ് നൊന്തു…. വേണ്ടിയിരുന്നില്ല…. ഒന്നും വേണ്ടിയിരുന്നില്ല.. അവനോർത്തു…

മുൻപ് അവളിൽ നിന്നു ഒരു സൗഹൃദപുഞ്ചിരി എങ്കിലും കിട്ടുമായിരുന്നു… ഇപ്പോൾ അതും പ്രതീക്ഷിക്കണ്ട…. ജനലഴികളിൽ പിടിച്ചു ഏറെ നേരം ആദി പുറംകാഴ്ചകളിൽ കണ്ണ് നാട്ടി…. പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ … ഒരു കപ്പ് ചായ കൊണ്ടു വന്നു മേശപ്പുറത്ത് വെച്ചിട്ട് ഒന്ന് നോക്കിയിട്ട് ഫിദ താഴേക്ക് പോകുന്നത് കണ്ടു … ആദി ആ ചായയെടുത്ത് ഒന്ന് രുചിച്ചു നോക്കി… രുചിവ്യത്യാസം വല്ലതും ഉണ്ടോന്നറിയാൻ… “ഇല്ല… വ്യത്യാസമൊന്നുമില്ല… ഉമ്മച്ചിയുടെ ചായ തന്നെ… ”

നിക്കാഹ് പ്രമാണിച്ച് ഒരാഴ്ച ലീവ് എടുത്തിരുന്നു… അതുകൊണ്ട് തന്നെ പ്രത്യേകിച്ച് പണിയൊന്നുമില്ല… അവൻ കുളിച്ചു വേഷം മാറി താഴേക്ക് ഇറങ്ങുമ്പോൾ ഫിദ മുകളിലേക്കു കയറി വരുന്നുണ്ടായിരുന്നു… ആദിയുടെ മിഴികൾ അവളിലേക്ക് ചെന്നെങ്കിലും അവളിൽ നിന്നും ഒരു നോട്ടം അവനിലേക്ക് ഉണ്ടായില്ല…. …………………………. ❣️ രണ്ടു മൂന്ന് ദിവസങ്ങൾ കൂടി കഴിഞ്ഞു….ഒരു ഉച്ച കഴിഞ്ഞ നേരം… താഴെ നിന്നു ഉമ്മച്ചി വിളിക്കുന്നത്‌ കേട്ടാണ് ആദി താഴേക്കു ചെന്നത്… ഫിദ മുകളിൽ തന്നെ ഉള്ള ലൈബ്രറിയിൽ ഇരുന്നു എന്തോ വായിക്കുന്നുണ്ടായിരുന്നു… ആദി മുകളിൽ നിന്നു നോക്കിയപ്പോഴേ കണ്ടു…

ഡാഡിയും മമ്മിയും നിദയും വന്നിട്ടുണ്ട് …. അവൻ ഫിദ ഇരുന്ന റൂമിന്റെ അടുത്തേക്ക് ചെന്നു ഡോറിൽ തട്ടി… അവൾ പിന്തിരിഞ്ഞു നോക്കിയപ്പോൾ താഴേക്കു വരാൻ പറഞ്ഞു കൊണ്ടു അവൻ താഴേക്കു പോയി… അവൾ വരാൻ അൽപ നേരം കൂടി കാത്തുനിന്ന ശേഷം അവളൊപ്പം എത്തിയപ്പോൾ അവളോടൊന്നിച്ചാണ് ആദി താഴെക്കിറങ്ങിയത് … മുകളിൽ നിന്നും ഇറങ്ങി വരുന്ന ആദിയെയും ഫിദയെയും ഡാഡി കണ്ണെടുക്കാതെ നോക്കി… പരമാവധി സന്തോഷം മുഖത്ത് വരുത്തിയാണ് ഫിദ ഡാഡി യുടെ അടുത്തേക്ക് ചെന്നത്… ഡാഡിയുടെ മനസ് നിറഞ്ഞു.. അയാൾ അല്പം അഭിമാനത്തോടെ തന്നെ ഭാര്യയെ നോക്കി..

മമ്മിയും സന്തോഷത്തിലായിരുന്നു… ഒടുവിൽ എല്ലാം കലങ്ങി തെളിഞ്ഞല്ലോ എന്ന സന്തോഷത്തിൽ…. ചായകുടിയും കാര്യങ്ങളും ഒക്കെ കഴിഞ്ഞപ്പോൾ ഡാഡി വന്ന കാര്യത്തിലേക്കു കടന്നു… ഫിദക്ക് ഒരു ക്ലിനിക് ഇട്ടു കൊടുക്കുന്നതിനെക്കുറിച്ചും നിദയുടെയും റിഹുവിന്റെയും നിക്കാഹിന്റെ കാര്യവും.. ആദിയുടെ വാപ്പിച്ചി തിരികെ പോയിട്ടില്ലാത്തതിനാൽ വാപ്പിച്ചി പോകുന്നതിനു മുൻപ് അതും കൂടി അങ്ങ് നടത്തിയേക്കാം എന്നായിരുന്നു ഡാഡിയുടെ തീരുമാനം… ഒരു തിയതിയും കുറിച്ചാണ് ഡാഡി വന്നതും… പറഞ്ഞപ്പോൾ ആർക്കും എതിർപ്പുണ്ടായിരുന്നില്ല….

റിഹു സ്ഥലത്ത് ഇല്ലായിരുന്നു… തൃശൂർ ആയിരുന്നു… അങ്ങനെ ആ നിക്കാഹും തീരുമാനമായി…. ആദിയുടെ വീടിനോട് ചേർന്ന് തന്നെയുള്ള ഒരു പോർഷൻ ക്ലിനിക്കായി ഉപയോഗിക്കാം എന്ന് തീരുമാനമായി… അതൊന്നു ഫർണീച്ചർ ചെയ്തെടുത്താൽ മതിയാവും… കുറേനേരം കൂടി ഇരുന്നതിന് ശേഷമാണ് അവർ മടങ്ങി പോയത്.. വീട്ടിലെത്തിയതും നിദ റിഹുവിനു ഫോൺ ചെയ്തു… കോൾ എടുത്തയുടനെ “അറിഞ്ഞെടി പെണ്ണേ… “എന്ന അവന്റെ പറച്ചിൽ കേട്ട് അവൾ ചിരിച്ചു… “അപ്പൊ റെഡിയായി ഇരുന്നോ കൂടെ പോരാൻ… ഇനി രണ്ടാഴ്ച കൂടിയേ ഉള്ളൂട്ടോ… “റിഹു ചിരിയോടെ പറയുന്നത് കേട്ടവളും ചിരിച്ചു മനസ് നിറഞ്ഞ്…

അവളുടെ കണ്ണിൽ പൊടിഞ്ഞ ആ നീർക്കണം വീഡിയോ കോളിൽ ആയിരുന്നെങ്കിലും റിഹുവിന്റെ കന്നിൽ പെട്ടു … “എന്തേ ഇപ്പൊ കണ്ണ് നിറയാൻ… “അവൻ അനുകമ്പയോടെ ചോദിച്ചു… “ശരിക്കും… ശരിക്കുമിഷ്ടമായിട്ടാണോ റിഹു ഇത്…അതോ സഹതാപം കൊണ്ടോ… അതോ മറ്റെന്തെങ്കിലുമാണോ കാരണം കൊണ്ടാണോ ..” അവളുടെ ചോദ്യം അവനെയൊന്നു ഞെട്ടിച്ചു…. എന്നെങ്കിലും താൻ ഡാഡിയുടെ മുന്നോട്ട് വെച്ച ഡിമാന്റ് ഇവളറിഞ്ഞാൽ.. പാവം തകർന്നു പോകും എന്ന് റിഹുവിനു തോന്നി.. മനസിലെ വ്യാകുലത പുറമെ കാണിക്കാതെ അവൻ ചിരിച്ചു കൊണ്ടു തന്നെ അവൾക്കു മറുപടി നൽകി..

“അത്‌.. അവിടെ വരുമ്പോൾ പറഞ്ഞ് തരാം… ഇപ്പൊ എന്റെ മോൾ പോയി കിടന്നുറങ്ങു കേട്ടോ… ” സന്തോഷത്തോടെയാണ് നിദ ഫോൺ വെച്ചത്… നല്ല നല്ല സ്വപ്‌നങ്ങൾ കണ്ടുറങ്ങാൻ അവൾ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു… ……………………………..❣️ വൈശു പാലക്കാട് തന്നെയുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് പോകുന്നുണ്ട്…. ഉച്ചവരെയേ ഉള്ളൂ ഡ്യൂട്ടി… തിരികെ ആക്റ്റിവയിൽ വീടിനു മുറ്റത് വന്നിറങ്ങുമ്പോൾ ആരോ വന്നിട്ടുണ്ടെന്നു വൈശുവിനു മനസിലായി… പുറത്തു കിടക്കുന്ന ചെരുപ്പ് കണ്ടപ്പോൾ തന്നെ മനസിലായി… തേജൂട്ടൻ ആണ്… തുള്ളിച്ചാടിയാണ് അവൾ അകത്തേക്ക് ചെന്നത്…

അകമുറിയിൽ മുത്തശ്ശനൊപ്പം എന്തോ ഗൗരവമായ ചർച്ചയിൽ ആണ് തേജു… അവൾ അവിടെ നിന്നൊന്നു മുരടനക്കി… മുത്തശ്ശനും തേജുവും ഒന്നിച്ചാണ് അവളുടെ മുഖത്തേക്ക് നോക്കിയത്… “ആഹ്… ദാ വന്നല്ലൊ… തേജു തന്നെ പറഞ്ഞോ കാര്യങ്ങളൊക്കെ … എനിക്ക് വയ്യ അവളുടെ വായിലിരിക്കുന്ന ചീത്ത കേൾക്കാൻ…” മുത്തശ്ശൻ എഴുന്നേറ്റ് അകത്തേക്ക് പോയി… അവൾ കാര്യം മനസിലാവാതെ അവനെ തുറിച്ചു നോക്കി.. എന്നിട്ട് എന്താ കാര്യം എന്ന് ആംഗ്യ രൂപേണ ചോദിച്ചു… അവൻ അവളുടെ അടുത്തേക് ചെന്ന് പുഞ്ചിരിയോടെ ആ കൈകൾ കവർന്നു… “ഏട്ടൻ ഒരു കാര്യം പറഞ്ഞാൽ എന്റെ പെണ്ണ് അനുസരിക്കുവോ.. “അവന്റെ ചോദ്യം കേട്ട് സംശയത്തോടെ അവൾ അവനെ നോക്കി… ”

ഏട്ടന് ഒരു വിസ ശരിയായിട്ടുണ്ട്… ഗൾഫിലേക്ക് പോകാൻ… ഈ മാസം തന്നെ പോകണം…നീ സന്തോഷത്തോടെ ഏട്ടനെ യാത്രയാക്കണം… ഏട്ടൻ പോയിട്ട് വരട്ടെ… കുറച്ചുനാൾ കൂടി ഒന്ന് കാത്തിരിക്കുവോ… വന്നിട്ട് കല്യാണം നടത്താം… “മടിച്ചു മടിച്ചാണ് തേജു കാര്യം പറഞ്ഞത്… അവൾ സമ്മതിക്കില്ല എന്നവന് ഉറപ്പായിരുന്നു… കേട്ടതും കണ്ണ് നിറച്ചു സങ്കടവുമായി അവൾ പറഞ്ഞു… “പൊയ്ക്കൊ… എവിടെ വേണെങ്കിലും പൊയ്ക്കോ… എന്നോടെന്തിനാ പറയുന്നേ… ഇനി എന്നെ കാണാൻ പോലും വരണമെന്നില്ല…. അനിയത്തിയെ പഠിപ്പിച്ചില്ലേ… കല്യാണം കഴിച്ചു വിട്ടില്ലേ… തേജുവേട്ടന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ അതായിരുന്നില്ലേ…

അതൊക്കെ കഴിഞ്ഞല്ലൊ… ഇനിയിപ്പോ എങ്ങനെയാണെങ്കിലും കുഴപ്പമൊന്നുമില്ലല്ലോ… “അവൾ കരഞ്ഞു കൊണ്ടു വേഗത്തിൽ തന്റെ മുറിയിലേക്ക് കടന്നു വാതിൽ അടക്കാൻ ഒരുങ്ങി… അവളുടെ ഒപ്പം നടന്നെത്തിയ തേജു ബലമായി വാതിൽ തുറന്നു അകത്തേക്ക് കയറി… അവളെ പിടിച്ചു തന്റെ നെഞ്ചിലേക്കിട്ടുകൊണ്ട് അവൻ ആ മുടിയിഴകൾ തഴുകി കൊണ്ടിരുന്നു… “എന്റെ കയ്യിൽ ഒന്നുമില്ലെടി… ഓട്ടോ ഓടിച്ചും ടാക്സി ഓടിച്ചും ഒക്കെ സ്വരുക്കൂട്ടി വെച്ചിരുന്നതൊക്കെ തനുവിന്റെ പഠിപ്പിനും കല്യാണത്തിനുമൊക്കെയായി ചെലവായി തീർന്നു… കുറച്ചു കടങ്ങൾ മാത്രം ബാക്കിയുണ്ട്…

മുത്തശ്ശൻറെ പ്രൈവറ്റ് ഫിനാൻസ് നോക്കാൻ മുത്തശ്ശൻ പറഞ്ഞു.. പക്ഷെ അത് കൊണ്ടൊന്നും ആകൂല്ല… തന്നേമല്ല… എന്റെ ഭാര്യ ഒരു ഡോക്ടർ ആകുമ്പോൾ ഞാനിങ്ങനെ നടന്നാൽ മതിയോ… നിന്നേ ആ കൊച്ചു വീട്ടിലേക്കു കൊണ്ടുപോകാൻ എനിക്ക് താൽപര്യമില്ല… നമുക്ക് നല്ലൊരു വീടൊക്കെ വെയ്ക്കണ്ടേ..ഒരു രണ്ടു വർഷം കൂടി നീ ഏട്ടന് വേണ്ടി കാത്തിരിക്ക്… പ്ലീസ്… ” വൈശു അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു… ഒടുവിൽ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ചു തേജു അവളെ കൊണ്ടു സമ്മതിപ്പിച്ചു… അന്നത്തെ ദിവസം അവിടെ തങ്ങിയിട്ട് പിറ്റേ ദിവസമാണ് അവൻ മടങ്ങിയത്… …………………..❣️

രണ്ടാഴ്ച കൂടി കഴിഞ്ഞു… റിഹുവിന്റെയും നിദയുടെയും നിക്കാഹായിരുന്നു…. എല്ലാം മംഗളമായി കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഇരു കുടുംബങ്ങളും…. നിക്കാഹ് കഴിഞ്ഞു രണ്ടാമത്തെ ദിവസം അവർ ഉമ്മച്ചിയുടെ വീട്ടിൽ വിരുന്നിനു പോകാനായി തയ്യാറെടുക്കുകയായിരുന്നു… ആദിയും ഫിദയും കൂടി അവരോടൊപ്പം ചെല്ലാൻ ഉമ്മച്ചി പറഞ്ഞിട്ടുണ്ടായിരുന്നു…. അതിൻ പ്രകാരം റൂമിലേക്ക് ഒരുങ്ങാൻ വന്ന ആദി പോകാനുള്ള ഒരു തയാറെടുപ്പുമില്ലാതെ വെറുതെയിരിക്കുന്ന ഫിദയെ കണ്ടു അമ്പരന്നു… “നീ റെഡി ആകുന്നില്ലേ…? ” “ഞാൻ വരുന്നില്ല… ”

“ഉമ്മച്ചി പറഞ്ഞതല്ലേ നമ്മൾ കൂടി പോകണമെന്ന് ….പിന്നെന്താ…? ” “പ്ലീസ് ആദി..എന്നെ നിർബന്ധിക്കരുത്.. എനിക്കിതിനൊന്നും ഒരു മൂഡുമില്ല… ” “ഫിദാ.. നോക്ക്.. നിനക്ക് ഈ നിക്കാഹിന് ഇഷ്ടമില്ലാതിരുന്ന കാര്യം ഞാനറിഞ്ഞാൽ മതി.. അത്‌ ഈ വീട്ടിലുള്ള മറ്റുള്ളവരെ അറിയിച്ചു വെറുതെ അവരെ കൂടി വിഷമിപ്പിക്കരുത് ….. ” “ഞാൻ പറഞ്ഞതല്ലായിരുന്നോ എനിക്ക് ഒന്നിനും കഴിയില്ല എന്ന്… ഇതിൽ നിന്നും പിന്മാറണം എന്ന് പറഞ്ഞതല്ലേ നിന്നോട്.. അപ്പോ നീ പറഞ്ഞു നീയല്ലാതെ ആരും എന്നെ നിക്കാഹ് കഴിക്കില്ലാന്ന്… “ഫിദ ദേഷ്യത്തോടെ പറയുന്നത് കേട്ട് ആദി അവളുടെ അടുത്തേക്ക് ചെന്നു.. “നിന്റടുത്ത് എന്തിനെങ്കിലും ഞാൻ വന്നോ…

നിന്നെ ഏതെങ്കിലും രീതിയിൽ ഈ നാളിനുള്ളിൽ ഞാൻ ശല്യപ്പെടുത്തിയോ…ഇതിപ്പോ മറ്റുള്ളവർ അറിയണ്ടാ എന്നല്ലേ പറഞ്ഞുള്ളു… ” “എനിക്ക് പറ്റില്ല ആദി…എനിക്ക് സന്തോഷിച്ചു നടക്കാനൊന്നും തോന്നുന്നില്ല… മനസ് വേദനിക്കുമ്പോൾ പുറമെ സന്തോഷം അഭിനയിക്കാൻ എനിക്ക് പറ്റില്ല…. “അവൾ കട്ടിലിലേക്ക് കയറിയിരുന്നു “ഫിദാ .. ലോകത്ത് ആദ്യമായി പ്രണയിച്ചവൾ ഒന്നുമല്ല നീ.. പ്രണയനഷ്ടമൊക്കെ ഒട്ടുമിക്ക പേരുടെയും ജീവിതത്തിൽ ഉണ്ടാകുന്നതാ.. ചിലർക്ക് ഇഷ്ടപെട്ട ആളെ കിട്ടും മറ്റു ചിലർക്ക് നഷ്ടപ്പെടും… ഇതൊക്കെ നമ്മൾ ചുറ്റിനും കാണുന്നതല്ലേ… നമുക്ക് വിധിക്കപ്പെട്ട ജീവിതവുമായി പൊരുത്തപ്പെടുകയാണ് വേണ്ടത്… അല്ലാതെ എന്തിനും പാസ്റ്റ് ഓർത്തിരുന്നു വിഷമിക്കുകയല്ല…

“ആദി ശാന്തമായി പറഞ്ഞു… “നഷ്ടപ്പെട്ടതല്ലല്ലോ… നഷ്ടപ്പെടുത്തിയതല്ലേ…. നല്ല ഒന്നാന്തരം കളി കളിച്ച്… “തികട്ടി വന്ന ദേഷ്യത്തിൽ ബാക്കി പറയാൻ വന്നത് പറയാതെ ഫിദ നിർത്തി… “ആര് നഷ്ടപ്പെടുത്തി… എന്ത് കളി… “ആദി സംശയത്തോടെ ഫിദയെ നോക്കി… “വെറുതെ പൊട്ടൻകളിക്കല്ലേ ആദി… “ഫിദ ദേഷ്യത്തോടെ ആദിയെ നോക്കി… ആദിയുടെ ക്ഷമ നശിച്ചിരുന്നു… “എന്തുവാന്നു പറയെടി നീ… “അലറി വിളിച്ചതിനു ശേഷമാണ് ഒച്ച ഒരുപാട് ഉയർന്നുപോയി എന്ന് ആദി മനസിലാക്കിയത്… വെറുതെ ചാരിയിട്ടിരുന്ന വാതിൽ തുറന്നു താഴേക്കു നോക്കിയപ്പോൾ കണ്ടത് മുകളിലേക്കു കയറണോ… വേണ്ടയോ എന്ന ശങ്കയിൽ പകുതിയോളം കയറിയ പടികളിൽ നിന്നു മുകളിലേക്കു നോക്കുന്ന റിഹുവിനെയാണ്…. തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 24