Monday, November 25, 2024
Novel

ശ്യാമമേഘം : ഭാഗം 29

എഴുത്തുകാരി: പാർവതി പാറു

ഇല്ല… ഞാൻ ഇത് വിശ്വസിക്കില്ല… എന്റെ മനു എന്നെ ചതിക്കില്ല… എനിക്ക് ഉറപ്പാണ്… ശ്യാമ അനിയോട് ആദ്യമായി കയർത്ത് സംസാരിക്കുകയായിരുന്നു അന്ന്… പറ.. എവിടെ ആണ് എന്റെ മനു എനിക്ക് കാണണം എന്റെ മനുവിനെ…. അവൾ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകകയായിരുന്നു…. എന്നാൽ ചെല്ല്… പൂജപ്പുര സെൻട്രൽ ജയിലിൽ ഉണ്ട്… കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ ഒരു വർഷം ആയി ശിക്ഷ അനുഭവിക്കാ… ഇനി പറ…. എന്താ പോണോ നിനക്ക് അവന്റെ അടുത്തേക്ക് പറ..

അനിയുടെ ശബ്ദം പൊങ്ങി… മേഘ അവനെ പിടിച്ചു വെച്ചു… ഇല്ല.. ഞാൻ ഇത് വിശ്വസിക്കില്ല…. എന്റെ മനു അങ്ങനെ ഒന്നും ചെയ്യില്ല… അവൾ വീണ്ടും വീണ്ടും അലറി പറഞ്ഞുകൊണ്ടിരുന്നു… നിനക്ക് ഭ്രാന്ത്‌ ആണ് ശ്യാമേ… അവനോടുള്ള പ്രണയം മൂത്ത് നിനക്ക് ഭ്രാന്ത്‌ പിടിച്ചിരിക്കുന്നു.. നീ ഇപ്പോഴും ജീവിക്കുന്നത് ഒരു സ്വപ്നലോകത്ത് ആണ്.. അവൻ നിനക്ക് ചുറ്റും തീർത്ത കപടപ്രണയത്തിന്റെ ലോകത്ത്…. അനി.. മതി.. നിർത്ത്…. കാര്യം മുഴുവൻ അറിയാതെ ഒരാളെ കുറ്റം പറയുന്നത് ശരി അല്ല… മേഘ അവനെ പിടിച്ചു മാറ്റികൊണ്ട് പറഞ്ഞു…. അറിഞ്ഞു… എല്ലാം അറിഞ്ഞു… അവൻ പിച്ചിച്ചീന്തി എറിഞ്ഞ ആ പെൺകുട്ടിയെ കണ്ടിട്ടാണ് ഞാൻ വരുന്നത്….

ഒന്ന് അനങ്ങാൻ പോലും കഴിയാതെ കഴിഞ്ഞ ഒന്നര വർഷം ആയി ഒറ്റ കിടപ്പ് ആണ് ആ കുട്ടി…. അവനെ വിശ്വസിച്ചു എന്നൊരു തെറ്റ് ആണ് അവൾ ചെയ്തത്…വീട്ടുകാരെ വെറുപ്പിച്ചു അവന്റെ കൂടെ ഇറങ്ങി പോയവൾ ആണ്… പിന്നെ ആ വീട്ടുകാർ കാണുന്നത് ദിവസങ്ങൾക്ക് ശേഷം പാതിച്ചത്ത അവളെ ആണ്…. ശ്യാമ കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ നിലത്തേക്ക് ഇരുന്നു…. ഒന്നര വർഷം മുൻപ് ഒരു ക്ലാസ്സിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് പോയ എന്നെ പോലീസ് പിടിച്ചു… അവനാണെന്ന് തെറ്റ് ധരിച്ചു ഒരു ദിവസം എന്നെ അവർ ജയിലിൽ ഇട്ടു.. ഒടുവിൽ സത്യം അറിഞ്ഞപ്പോൾ എന്നെ വെറുതെ വിട്ടു…

അന്ന് തൊട്ട് എനിക്ക് അറിയാമായിരുന്നു എന്റെ അതേ രൂപത്തിൽ മറ്റൊരാൾ ഉണ്ടെന്ന്… നീ അന്ന് മനുവിനെ കുറിച്ച് പറഞ്ഞപ്പോൾ അത് അവൻ അവരുതേ എന്ന് ഉള്ളുകൊണ്ട് ഞാൻ പ്രാർത്ഥിച്ചിരുന്നു… പക്ഷെ അത് അവൻ തന്നെ ആണ്.. മനുശങ്കർ…. എല്ലാം കേട്ടു നിന്ന അച്ഛൻ ശ്യാമക്ക് അരികിൽ ചെന്നിരുന്നു… അവളെ ചേർത്ത് പിടിച്ചു…. ഇല്ലച്ഛാ.. എന്റെ മനു അങ്ങനെ ഒന്നും ചെയ്യില്ല.. അച്ഛന് തോന്നുന്നുണ്ടോ അച്ഛന്റെ മകൻ അങ്ങനെ ചെയ്യും എന്ന്… ശ്യാമ പറഞ്ഞത് കേട്ടപ്പോൾ അനിയും മേഘയും അച്ഛനെ നോക്കി… ഇല്ല മോളേ… ഇല്ല.. എന്റെ മകന് അങ്ങനെ ചെയ്യാൻ ആവില്ല…. അച്ഛാ.. അച്ഛൻ എന്താ പറഞ്ഞത്.. അനി സംശയത്തോടെ അച്ഛന് അരികിൽ ഇരുന്നു..

അതേ അനി.. മനു നിന്റെ സഹോദരൻ ആണ്…. ഒരു നടുക്കത്തോടെ ആണ് അവൻ എല്ലാം കേട്ടത്….. അവനെന്തു പറയണം എന്നറിയില്ലായിരുന്നു… സ്വന്തം സഹോദരനെ കുറിച്ച് അറിഞ്ഞതെല്ലാം അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു… ……. അറിഞ്ഞതൊന്നും സത്യം ആവരുതേ എന്ന പ്രാർത്ഥനയോടെ ആണ് അനിയും അച്ഛനും ടോമിയെ കാണാൻ ചെന്നത്…. നിങ്ങൾ അറിഞ്ഞതൊന്നും മുഴുവൻ സത്യം അല്ല…. പക്ഷെ തെളിവുകൾ എല്ലാം മനുവിന് എതിരായിരുന്നു… അഞ്ജലി അതായിരുന്നു ആ കുട്ടിയുടെ പേര്…അഞ്ജലി മനു ഞാൻ രാഹുൽ ഞങ്ങൾ നാലുപേരും കോളേജില് ഒരുമിച്ച് ആയിരുന്നു….

അഞ്ജലിയും മനുവും ഒരുമിച്ച് ഒരു ഐ. ടി കമ്പനിയിൽ വർക്ക്‌ ചെയ്യുകയായിരുന്നു…. അഞ്‌ജലിയും രാഹുലും പഠിക്കുന്ന സമയത്ത് തന്നെ പ്രണയത്തിൽ ആയിരുന്നു… അത് എനിക്കും മനുവിനും മാത്രമേ അറിയുള്ളൂ…. പഠനം കഴിഞ്ഞതും രാഹുലിന് ഒരു ജോലി കിട്ടി അവൻ ബാംഗ്ലൂരിലേക്ക് പോയി.. ആ സമയത്ത് അഞ്‌ജലിക്ക് വീട്ടിൽ കല്യാണ ആലോചനകൾ നടക്കുന്ന സമയം ആയിരുന്നു… വീട്ടിൽ വിവാഹത്തിന് നിർബന്ധിക്കുന്നത് സഹിക്കാൻ വയ്യാതെ ആയപ്പോൾ അവൾ ഒ വീട്ടിൽ നിന്ന് ഇറങ്ങി ബാംഗ്ലൂരിലേക്ക് പോവാൻ തീരുമാനിച്ചു.. മനുവാണ് അവളെ വീട്ടിൽ നിന്നും ഇറക്കി ട്രെയിൻ കയറ്റി വിട്ടത്…

അതിന് ശേഷം ഞാനും അവനും ശ്യാമയുടെ നാട്ടിലേക്ക് പോയി… അതിനിടക്ക് അഞ്‌ജലിയെ കാണാൻ ഇല്ലെന്ന് പറഞ്ഞു വീട്ടുകാർ പരാതി കൊടുത്തു.. മനുവും ഓഫീസിൽ ലീവ് ആയതിനാൽ അവൾ അവന്റെ കൂടെ പോയെന്ന് എല്ലാവരും തെറ്റുധരിച്ചു… രാഹുലിനെയും അഞ്ജലിയെയും ഞങ്ങൾ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് കിട്ടിയതും ഇല്ല.. വീട്ടുകാരെ പേടിച്ചു ഫോൺ ഓഫാക്കിയതാവും എന്ന് ഞങ്ങളും വിചാരിച്ചു… പിന്നീട് ഞാൻ അവിടെ നിന്ന് തിരിച്ചെത്തത്തിയപ്പോൾ ആണ് കാര്യങ്ങൾ എല്ലാം മനുവിന് എതിരാണെന്ന് അറിയുന്നത്… പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് അഞ്ജലിയെ ബാംഗ്ലൂരിലെ ഒരു ഹോട്ടലിൽ നിന്നും കണ്ടു കിട്ടുന്നത്….

രാഹുൽ മിസ്സിംഗ്‌ ആയിരുന്നു… അങ്ങനെ കേസ് മനുവിന് എതിരെ തിരിഞ്ഞു… പക്ഷെ അവന് ഇതൊന്നും അറിയില്ലായിരുന്നു… അവൻ ശ്യാമക്കൊപ്പം പുതിയ ഒരു ജീവിതം സ്വപനം കണ്ട് തുടങ്ങിയിരുന്നു…. സത്യം തെളിയിക്കാൻ വേണ്ടി ഞാൻ ആണ് അന്ന് രാത്രി അവനോട് തിരിച്ചു വരാൻ പറഞ്ഞത്… രാഹുലിനോപ്പം ആയിരുന്നു അഞ്ജലി എന്നതിന് തെളിവുകൾ ഇല്ലാത്തത് കൊണ്ട് പോലീസിന് മുന്നിൽ മനു കുറ്റക്കാരൻ ആയി… ഇപ്പോഴും കേസ് നടക്കുന്നുണ്ട്.. അഞ്ജലിക്ക് സംസാരിക്കാൻ ആയാലേ ഇനി സത്യങ്ങൾ അറിയാൻ കഴിയൂ.. അതുവരെ മനു ജയിലിൽ കിടന്നേ പറ്റൂ….

ടോമി പറഞ്ഞതെല്ലാം വേദനയോടെ ആണ് അനി കേട്ടത്… സ്വന്തം സഹോദരനെ തെറ്റുധരിച്ച വേദന അവനിൽ നീറി കിടന്നു…. മനു ഈ ലോകത്ത് ആകെ സ്നേഹിച്ചത് ശ്യാമയെ മാത്രം ആണ്.. എന്റെ വാക്കുകളിലൂടെ ആണ് അവൻ അവളെ അറിഞ്ഞത്… മനുവിനെ വളർത്തിയ അച്ഛനും അമ്മയും അവൻ അവരുടെ മകൻ അല്ലെന്നും അവനൊരു സഹോദരൻ ഉണ്ടെന്നും അവനോട് പറഞ്ഞിരുന്നു… അവൻ കണ്ടുപിടിച്ചിരുന്നു നിങ്ങളെ.. നിങ്ങൾ അറിയാതെ ഇടക്ക് അവൻ നിങ്ങളെ കാണാൻ വരുമായിരുന്നു… അവന് വലിയ ഇഷ്ടം ആയിരുന്നു അനിയെ… അനിയെ പോലെ പാവം ആവാൻ തനിക്ക് പറ്റുന്നില്ലലോ എന്നവൻ എപ്പോഴും പറയുമായിരുന്നു… ശ്യാമയെ വിവാഹം ചെയ്ത് നിങ്ങളെ വന്ന് കാണണം എന്ന് അവൻ പറഞ്ഞിരുന്നു…

ഒരു നിമിത്തം എന്ന പോലെ ശ്യാമ നിങ്ങൾക്കരികിൽ തന്നെ എത്തി… ടോമി അനിയുടെ തോളിൽ കൈ വെച്ച് പറഞ്ഞു.. അനി വേദനയോടെ എല്ലാം കേട്ട് നിന്നു… അവന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു പൊങ്ങി.. എല്ലാം അറിഞ്ഞു അവിടെ നിന്ന് തിരിച്ചു പോരുമ്പോൾ അനിയുടെ കൂടെ ലച്ചുവും ഉണ്ടായിരുന്നു… ശ്യാമയുടെ അനുജത്തിയെ സ്വന്തം അനിയത്തി ആയി സ്വീകരിച്ചു അവൻ ചേർത്ത് പിടിച്ചു…. ലച്ചുവിന്റെ ഓപ്പറേഷനും പഠനവും എല്ലാം ഒരു കുറവും ഇല്ലാതെ അനി തന്നെ നോക്കി…. ……ഒന്നരവർഷങ്ങൾക്ക് ശേഷം…….. മഴയും മഞ്ഞും വേനലും ആഘോഷമാക്കി കാലചക്രം വീണ്ടും ഒരു വേനൽകാലത്തെ വരവേറ്റു…

സെൻട്രൽ ജയിലിന്റെ മുന്നിലെ ഇല്ലാഞ്ഞിമരത്തിന്റെ ചുവട്ടിൽ അവളിരുന്നു….. നാളുകൾ ആയുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം ആണ്…. അഞ്ജലിക്ക് രോഗം ബേധം ആയതോടെ മനു തെറ്റുകാരൻ അല്ലെന്ന് കോടതി വിധി എഴുതി…. ഇന്നവനെ വെറുതെ വിടുകയാണ്… ഈ ഒന്നര വർഷത്തിന് ഇടയിൽ ഒരിക്കൽ പോലും ശ്യാമയും കണ്ണനും അവനെ കാണാൻ പോയിരുന്നില്ല.. എല്ലാ മാസവും മുടങ്ങാതെ അനിയും മേഘയും ലച്ചുവും അച്ഛനും അവനെ കാണുമായിരുന്നു.. എന്തോ ജയിലഴികൾക്കിടയിലൂടെ അവന്റെ മുഖം കാണാൻ അവൾ ഇഷ്ടപ്പെട്ടില്ല… അനിച്ചാ… അനിച്ചാ..മ്പി.. മ്പി . അനിയുടെ കൈകളിൽ ഇരുന്ന് ചുറ്റും പറക്കുന്ന തുമ്പിയെ ചൂണ്ടി കണ്ണൻ ശബ്ദം ഉണ്ടാക്കി…

അനി അവനെ എടുത്തു തുമ്പിക്ക് പുറകേ ഓടി… ഒരിക്കലും പിരിക്കാൻ കഴിയാത്ത വിധം അവർ ഇരുവരും അടുത്തിരുന്നു…. അനിയും മേഘയും അവന് അനിഅച്ഛനും . മേഘമ്മയും ആണ്….. അവനിപ്പോൾ രണ്ടു വയസ് ആവുകയായി…. അവനെല്ലാം അവരാണ്…. അവൻ ആദ്യമായി ഇന്ന് അവന്റെ അച്ഛനെ കാണാൻ പോവുകയാണ്…. ശ്യാമയുടെ ഹൃദയം അതോർത്തപ്പോൾ ശക്തമായി മിടിച്ചു…. ഇരുമ്പ് ഗേറ്റുകൾ തുറന്ന് മനു പുറത്തേക്കിറങ്ങി.. രണ്ടരവർഷത്തെ ജയിൽ വാസം അവനിൽ ക്ഷീണം ഉണ്ടാക്കിയിരുന്നു… ശ്യാമ അവനെ കണ്ണെടുക്കാതെ നോക്കി…. മനു അവളേയും.. ആ പഴയ കള്ളനോട്ടം ഇപ്പോഴും അവന്റെ കണ്ണുകളിൽ ഉണ്ടെന്ന് അവൾക്ക് തോന്നി…

അവൾ ഓടി ചെന്നവനെ കെട്ടിപിടിച്ചു.. ആ കൈകളിലെ സുരക്ഷിതത്വം നാളുകൾക്ക് ശേഷം അവളെ പൊതിഞ്ഞു… അവന്റെ നെഞ്ചിലെ ചൂടിൽ അവൾ വീണ്ടും വീണ്ടും ചുരുണ്ടു കൂടി…. ശ്യാമേ…. അവൻ അലിവോടെ വിളിച്ചു മ്മ്.. അവൾ അവന്റെ നെഞ്ചിൽ തലവെച്ചു വിളികേട്ടു…. സുഖം ആണോ എന്റെ പെണ്ണിന്… മ്മ്…. അവൾ അവന്റെ മുഖത്തേക്ക് നോക്കി… അപ്പോഴേക്കും അനി കണ്ണനെ എടുത്ത് അവർക്കരികിലേക്ക് വന്നു… ശ്യാമ അനിയിൽ നിന്ന് കണ്ണനെ വാങ്ങി… കണ്ണൻ അനിയേയും മനുവിനേയും മാറി മാറി നോക്കി… മനു കണ്ണനെ തന്നെ നോക്കി…. നമ്മുടെ മോനാ… അവൾ അവനോട് പറഞ്ഞു… മനുവിന്റെ കണ്ണുകൾ നിറഞ്ഞു… അവൻ സന്തോഷത്തോടെ കണ്ണനെ വാങ്ങി ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു..

കണ്ണൻ വീണ്ടും അനിയെ നോക്കി…. അനി ചിരിച്ചു കൊണ്ട് കൈനീട്ടി… അവൻ സംശയത്തോടെ വീണ്ടും മനുവിനെ നോക്കി…. കണ്ണാ.. ഇതാരാ….. കണ്ണന്റെ അച്ഛൻ..അച്ഛൻ അനി കണ്ണനോട് പറഞ്ഞപ്പോൾ അവൻ മനുവിനെ വീണ്ടും നോക്കി… മനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അ……ച്ഛാ.. അവൻ മനുവിനെ നോക്കി വിളിച്ചു മനു അവനെ കെട്ടിപിടിച്ചു… ശ്യാമയുടേയും അനിയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു… മനു കണ്ണനെ ശ്യാമയുടെ കൈകളിൽ നൽകി അനിയുടെ തോളിൽ കൈവെച്ചു…. എങ്ങനെ നന്ദി പറയണം എന്നറിയില്ല അനി..എല്ലാത്തിനും…. അനി മനുവിന്റെ വായ പൊത്തി…. തലകൊണ്ട് വേണ്ടെന്ന് കാണിച്ചു… മനു അവനെ കെട്ടിപിടിച്ചു….

അന്ധവിശ്വാസങ്ങൾക്ക് ഇടയിൽ പെട്ട് പിരിയേണ്ടിവന്നവരാണ് നമ്മൾ…. അതിന് ബലികൊടുക്കേണ്ടി വന്നത് നമ്മുടെ അമ്മയുടെ ജീവൻ ആണ്… വിധി ആയിരുന്നു എല്ലാം…. ഇനിയുള്ള ഈ ജന്മം മുഴുവനും നമ്മൾ ഒന്നിച്ചു വേണം.. മറ്റൊരു ലോകത്ത് ഇരുന്നു നമ്മുടെ അമ്മ അത് കണ്ട് സന്തോഷിക്കട്ടെ….. ശ്യാമയും കണ്ണനും പോലെ തന്നെ ഇനി ഒന്നിന് വേണ്ടിയും നിന്നെയും വിട്ട് കൊടുക്കാൻ എനിക്ക് വയ്യ… അനി മനുവിനെ കെട്ടിപിടിച്ചു പറഞ്ഞു…. …….. മലമുകളിലെ ആ വീട്ടിൽ അന്ന് സന്തോഷത്തിന്റെ രാത്രി ആയിരുന്നു… ആ അച്ഛന്റെ മടിയിൽ ഇരുവശത്തായി അനിയും മനുവും കിടന്നു… ശ്യാമയും മേഘയും സന്തോഷത്തോടെ അത് നോക്കി നിന്നു… ആ അച്ഛന്റെ ഹൃദയം നിറഞ്ഞിരുന്നു…

ഉറക്കം വന്ന് കണ്ണൻ കരയാൻ തുടങ്ങിയതും അനി എഴുന്നേറ്റു അവനെ എടുത്ത് മുറിയിലേക്ക് നടന്നു.. പുറകെ മേഘയും…. അച്ഛനും കിടക്കാനായി എഴുന്നേറ്റു… അനിയാണ് എന്നും കണ്ണനെ ഉറക്കാ… അവന്റെ ചൂടിലെ കണ്ണൻ ഉറങ്ങൂ.. ശ്യാമ മനുവിന് അരികിൽ ചെന്നിരുന്നു പറഞ്ഞു… എനിക്ക് അനിയോട് അസൂയ തോന്നുന്നു ശ്യാമേ… മനു അവളുടെ മടിയിൽ കിടന്നുകൊണ്ട് പറഞ്ഞു… ശ്യാമ ചിരിച്ചു സാരല്യ അവർക്ക് ഒരു കുഞ് ഉണ്ടാവുമ്പോൾ അവനെ മനു ഉറക്കിക്കോ…. അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആയില്ലേ.. എന്തേ ഇതുവരെ… മനു സംശയത്തോടെ ചോദിച്ചു.. . വിവാഹം കഴിഞ്ഞു… പക്ഷെ അവർ ഇതുവരെ ജീവിച്ചു തുടങ്ങിയിട്ടില്ല… അവന്റെ മുടിയിൽ തലോടി പറഞ്ഞു ..

മനു അത്ഭുതത്തോടെ അവളെ നോക്കി…. മേഘ അവൾ വല്ലാത്തൊരു പെണ്ണാണ്.. ഇടക്ക് തോന്നും അവൾക്ക് വട്ടാണെന്ന്… മനു എന്നിലേക്ക് വന്നിട്ട് മതി അവൾക്കും സന്തോഷം എന്നായിരുന്നു അവളുടെ തിരുമാനം…. വിവാഹം കഴിഞ്ഞു എന്നല്ലാതെ അവർ ഒരുമിച്ച് ഒരു മുറിയിൽ കിടന്നിട്ട് പോലും ഇല്ല…. എന്നും എന്നെ കെട്ടിപിടിച്ചു അവൾ ഉറങ്ങും… നിന്നെ ഓർത്തു ഞാൻ കരയുമ്പോൾ എന്റെ കണ്ണീര് തുടക്കും… കണ്ണനെ എന്നേക്കാൾ ഏറെ സ്നേഹിക്കുന്നത് അവളാവും… അവനൊരു പനി വന്നാൽ.. അവനൊന്നു വീണാൽ അവളുടെ കണ്ണുകൾ എന്നേക്കാൾ ഏറെ ഒഴുകും… പലപ്പോഴും എനിക്ക് തന്നെ കുശുമ്പ് തോന്നും അവളോട്… അവളെപ്പോലെ സ്നേഹിക്കാൻ അവൾക്ക് മാത്രമേ കഴിയൂ…

മനു എഴുന്നേറ്റ് അനിയുടെ മുറിയിലേക്ക് നടന്നു…. കട്ടിലിന്റെ ഓരത്ത് മേഘയുടെ മടിയിൽ തലവെച്ചു അനി കിടക്കുന്നുണ്ട്… അവന്റെ നെഞ്ചിൽ കിടന്ന് കണ്ണൻ ഉറങ്ങിയിരുന്നു…. മനു അനിയുടെ നെഞ്ചിൽ നിന്ന് കണ്ണനെ എടുത്ത് തോളിൽ ഇട്ടു…. അവൻ മേഘക്ക് അരികിൽ ചെന്നു… എത്രയും വേഗം എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങാൻ ഒരു കുഞ്ഞിനെ തരണം ഞങ്ങൾക്ക്.. കണ്ണന് കൂട്ടായി….എനിക്ക് വേണ്ടി കാത്തിരിക്കാൻ ശ്യാമക്ക് കൂട്ടിരുന്നത് ഇനി മതി… നിന്നെ ഇത്രയും സ്നേഹിക്കുന്ന നിന്റെ അനിയും ആഗ്രഹിക്കുന്നത് അതാണ്…. അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ മനു മുറിവിട്ട് ഇറങ്ങി…

ശ്യാമ അവളുടെ നെറ്റിയിൽ ചുംബിച്ചു… മേഘയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. ശ്യാമ മുറിവിട്ട് ഇറങ്ങിയപ്പോൾ അവൾ അനിയെ നോക്കി… അനി എഴുന്നേറ്റ് ഇരുന്ന് അവളുടെ മുഖം കൈകളിൽ കോരി എടുത്തു…. എന്തിനാ എന്റെ വെള്ളാരംകല്ലിന്റെ കണ്ണ് നിറഞ്ഞത്…. സന്തോഷം കൊണ്ടാ… അവൾ കണ്ണീർ തുടച്ചു പറഞ്ഞു…. പണ്ടൊരിക്കൽ പാതിക്ക് വെച്ച് ഞാൻ നിർത്തി പോയ ഒരു ചുംബനം ഉണ്ടായിരുന്നു….

ഇനി എന്റെ സ്വന്തം ആയാൽ മാത്രം തരാമെന്ന് പറഞ്ഞു എടുത്തു വെച്ച ചുംബനം… എന്റെ പെണ്ണിന് വേണ്ടേ…. അത്…. അവൻ ഒരു കുസൃതിയോടെ പറഞ്ഞു… അവളുടെ മറുപടിക്ക് കാക്കാതെ അവൻ അവളുടെ ചുണ്ടുകൾ കവർന്നു….. അവൾ കാത്തിരുന്ന ആ നിമിഷം അവളിലേക്ക് കടന്നു വരുമ്പോൾ ആ മലമുകളിൽ വേനൽ മഴ മണ്ണിനെ ചുംബനങ്ങൾ കൊണ്ട് പൊതിയുകയായിരുന്നു….

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 28