മിഴിനിറയാതെ : ഭാഗം 18
എഴുത്തുകാരി: റിൻസി പ്രിൻസ്
രാത്രിയിലെപ്പോഴോ കതകിൽ തട്ടി കേട്ടാണ് ആദി ഉണർന്നത്, അവൻ വാച്ചിൽ നോക്കി സമയം രണ്ടു മണി ആയിരിക്കുന്നു , അവൻ വാതിൽ തുറന്നു, മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ആദി ശരിക്കും ഞെട്ടി “വിജയ്” “ഇതെന്താടാ എന്നെ കണ്ട് ഭയന്നു നിൽക്കുന്നത്? ഒരുമാതിരി പ്രേതത്തെ കണ്ടതുപോലെ, വിജയ് ചിരിയോടെ ചോദിച്ചു “നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ , ഒന്ന് വിളിച്ചു പോലും ഇല്ലല്ലോ “ആരു പറഞ്ഞു വിളിച്ചില്ല എന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ , ഞാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് “എങ്കിലും എന്നാണ് വരുന്നത് എന്നൊന്നും നീ പറഞ്ഞില്ലല്ലോ , ”
അതാണ് വിജയ്, ലേറ്റ് ആയി വന്താലും ലേറ്റസ്റ്റാൽ വരുവാ “അത് വിജയ് അല്ല രജനീകാന്ത് ആണ് ഡയലോഗ് മാറിപ്പോയി ആദി ചിരിയോടെ പറഞ്ഞു “അതൊക്കെ പോട്ടെ ഈ അഡ്രസ്സും വീടും ഒക്കെ എങ്ങനെ കണ്ടുപിടിച്ചു ? “എൻറെ കയ്യിൽ ഗൂഗിൾമാപ്പ് ഉണ്ടായിരുന്നു, പിന്നെ ബാലൻ ചേട്ടനെ നമ്പർ, സ്വർഗ്ഗപുരം വരെ ഗൂഗിൾ മാപ്പ് നോക്കി വന്നു, പിന്നെ ബാലൻ ചേട്ടനെ വിളിച്ചു ഈ വീടിൻറെ അഡ്രസ്സ് എടുത്തു, നിന്നെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി, പിന്നെ നിനക്ക് ഒരു സർപ്രൈസ് തരാം എന്നു കരുതി ,
“ശരിക്കും സർപ്രൈസ് ആയി പോയി, നീ കേറി വാ ഇവിടെ നല്ല തണുപ്പാ , വെറുതെ മഞ്ഞു കൊള്ളേണ്ട, വിജയ് അകത്തേക്ക് കയറി , “നീ വല്ലതും കഴിച്ചിട്ടാണോ വന്നത് “ഞാൻ ഇടയ്ക്ക് നിർത്തി കഴിച്ചായിരുന്നു ഇനി ഒന്ന് ഫ്രഷ് ആവണം കിടന്നുറങ്ങണം ” ഫ്രഷ് ആയി വാ അതാണ് ബാത്റൂം, വിജയ് ഫ്രഷ് ആകാൻ പോയി രാവിലെ പതിവുപോലെ ഉണർന്ന് കുളിയെല്ലാം കഴിഞ്ഞ് പതിവ് ജോലികളെല്ലാം തീർത്തശേഷം സ്വാതി പാലുമായി പോകാൻ തയ്യാറായി, ആദ്യം പാല് ആദിയുടെ വീട്ടിൽ കൊണ്ടുപോകാനായി അവൾ എടുത്തു,
വീടിനു മുൻപിൽ ആരും ഇല്ല എന്ന് ഉറപ്പു വരുത്തി അവൾ ആദിയുടെ വീടിനു മുന്നിലേക്ക് നടന്നു, കതക് തുറന്നു കിടക്കുന്നതിനാൽ ആദി ഉണർന്നു എന്ന് അവൾക്ക് മനസ്സിലായി, അവൾ കതക് തുറന്ന് അകത്തേക്ക് കയറി, ആദി ഉണർന്ന് കുളിക്കാനായി ബാത്റൂമിൽ കയറിയപ്പോഴാണ് , പല്ല് തേച്ചു കഴിഞ്ഞ് വിജയ് കണ്ണാടിക്ക് മുൻപിലേക്ക് വന്നു മുടി ചീകി ഒതുക്കാൻ തുടങ്ങി, സ്വാതി മുറിക്ക് അകത്തേക്ക് കയറുമ്പോൾ കണ്ണാടിക്ക് മുൻപിൽ നിൽക്കുന്ന വിജയ് ആണ് കാണുന്നത്,
വിജയ് പുറംതിരിഞ്ഞുനിൽക്കുന്നതുകൊണ്ട്, അവൾക്ക് മുഖം വ്യക്തമായിരുന്നില്ല, വിജയൂം ആദിയും ഏകദേശം മുഖഭാവത്തിലും ശരീരത്തിലും ഒരു പോലെയാണ് ഇരിക്കുന്നത്, തിരിഞ്ഞു നിൽക്കുന്നത് ആദിയാണ് എന്ന് വിചാരിച്ച് സ്വാതി അവന് അരികിലേക്ക് ചെന്ന് അവന്റെ കണ്ണുകൾ അവളുടെ ഇരുകൈകൾകൊണ്ടും പൊത്തി, “ആദിയേട്ടൻ ഇന്ന് നേരത്തെ ഉണർന്നോ ? അധികാരത്തോടെ അവൾ ചോദിച്ചു , എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വിജയ് അവളുടെ കൈകൾ വിടാൻ ശ്രമിച്ചുകൊണ്ടിരുന്നു, ഇത് കണ്ടു കൊണ്ടാണ് ആദി പുറത്തേക്കിറങ്ങി വന്നത്, സംഭവം കയ്യിൽ നിന്ന് പോയി എന്ന് ആദിക്ക് മനസ്സിലായി,
വിജയ് താൻ ആണെന്ന് കരുതിയാണ് സ്വാതി വിജയുടെ കണ്ണുകൾ പൊത്തിപ്പിടിച്ച് എന്ന് ആദിക്ക് മനസ്സിലായി, “സ്വാതി ,,,,,, ആദി അവളെ വിളിച്ചു ആദിയെ കണ്ടതും സ്വാതി ഞെട്ടി, ഈ സമയം വിജയ് തിരിഞ്ഞു സ്വാതിയെ നോക്കുകയായിരുന്നു, ഒരു കണിക്കൊന്ന കളറിലെ കോട്ടൺ ചുരിദാർ ആയിരുന്നു അവളുടെ വേഷം, തനി നാടൻ സൗന്ദര്യം,ആരും ആഗ്രഹിച്ചു പോകുന്ന തരത്തിൽ സൗന്ദര്യമുള്ള ഐശ്വര്യമുള്ള ഒരു പെൺകുട്ടി വിജയ് കണ്ണെടുക്കാതെ സ്വാതിയെ തന്നെ നോക്കി, “സ്വാതി ഇത് എൻറെ കൂട്ടുകാരനാണ്,
തിരുവനന്തപുരത്തുനിന്നും എന്നെ കാണാൻ ഇന്നലെ രാത്രി വന്നതാണ് ചമ്മൽ മറച്ചുകൊണ്ട് ആദി സ്വാതിയേ വിജയിക്കു മുൻപിൽ പരിചയപ്പെടുത്തി സംഭവിച്ച അബദ്ധം മറച്ചുവച്ച് സ്വാതി വിജയിക്കു മുമ്പിൽ കൈകൂപ്പി നമസ്കാരം പറഞ്ഞു , “ഇത് ഇവിടുത്തെ ഹൗസ് ഓണറുടെ വീട്ടിലെ കുട്ടിയാ സ്വാതി, ആദി വിജയ് യുടെ പറഞ്ഞു ” മ്മ് ….മ്മ്….. സ്വാതി നല്ല പേര് വിജയ് ഒന്ന് ആക്കി പറഞ്ഞു “ഞാൻ പോട്ടെ പാല് കൊടുക്കാനുണ്ട്, ചമ്മൽ മറിച്ച് സ്വാതി പറഞ്ഞു “കുട്ടി പൊയ്ക്കോളൂ ആദി പറഞ്ഞു സ്വാതി പോയിക്കഴിഞ്ഞപ്പോൾ ആദി ആകെ ചമ്മി നിൽക്കുന്നത് കണ്ട് വിജയ് അവൻറെ അരികിലേക്ക് വന്നു,
“നീ ഇവിടെ ഒറ്റക് ഇരിക്കേണ്ട ഞാനും ലീവ് ആക്കാം എന്ന് വിചാരിച്ചു, ലീവിൽ പോയിരുന്ന ഡോക്ടർ വന്നിട്ടുണ്ട്, നമുക്ക് ഈ നാട് ഒക്കെ ചുറ്റി കാണാം, അവൻറെ മുഖത്ത് നോക്കാതെ ആദി പറഞ്ഞു, “അതൊക്കെ അവിടെ നിൽക്കട്ടെ, ഇതെന്താ സംഭവം ? വിജയ് അവൻറെ മുഖത്ത് നോക്കി ചോദിച്ചു “എന്ത് സംഭവം ? ആദി നിഷ്കളങ്കത നടിച്ചു “നിനക്കൊന്നും അറിയില്ല അല്ലേ “എന്താടാ നീ പറയുന്നത് തെളിച്ചു പറ , “ആ പെൺകൊച്ച് എന്നെ കേറി ആദിയേട്ടാ എന്നാ വിളിച്ചത് നിന്നെ ആദിയേട്ടാ എന്ന് വിളിക്കാനും മാത്രമെന്ത് അധികാരമാണ് അവൾക്കുള്ളത്,
“ഞാൻ ആ കുട്ടിയേക്കാലും ഒരുപാട് മൂത്തത് ആണ്, അതുകൊണ്ട് ആദിയേട്ടാന്ന് വിളിക്കുന്നു, ബഹുമാനം തരുന്നത് ആണ്, അല്ലാതെന്താ “ഓഹോ ഈ നാട്ടിലൊക്കെ പുറകിൽ കൂടി വന്നു കണ്ണ് പൊത്തിയാണോ ബഹുമാനം തരുന്നത്? ഈ വട്ടം മറുപടി പറയാൻ ഇല്ലാതെ ആദി കുഴഞ്ഞു, “മോനെ ആദി കുട്ടാ ഇതിൻറെ സത്യമറിയാതെ ഇന്ന് വിജയ് ഇവിടെ നിന്ന് എഴുന്നേൽക്കില്ല, അടുത്തുള്ള ഒരു കസേരയിൽ കയറി ഇരുന്നു കൊണ്ട് വിജയ് പറഞ്ഞു “പറയാം ഞാൻ എല്ലാം നിന്നോട് പറയാം,
ആദി സ്വാതിയെ കണ്ടത് മുതൽ ഉള്ള സംഭവങ്ങൾ എല്ലാം വിജയ്യോട് തുറന്നുപറഞ്ഞു ” ആദി അപ്പോ നീ സീരിയസ് ആണോ? “പിന്നെ നീ എന്താ കരുതിയത്? ഒരു നേരമ്പോക്കിനു വേണ്ടി ഞാൻ അവളെ സ്നേഹിക്കുന്നു എന്നൊ? ഞാൻ അങ്ങനെ ഒരാളാണ് എന്നാണോ നീ വിചാരിച്ചിരിക്കുന്നത്? “അങ്ങനെയല്ല , ഇത് എത്രത്തോളം പോസിബിൾ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ, “അവൾക്കും അവളുടെ മുത്തശ്ശിക്കും സമ്മതമാണ് പിന്നെന്താണ് പ്രശ്നം,എൻറെ വീട്ടിൽ അമ്മയും സമ്മതകുറവ് ഒന്നും പറയാൻ പോകുന്നില്ല ,
“അതൊക്കെ ഞാൻ സമ്മതിച്ചു, പക്ഷേ അവളുടെ വല്യച്ഛൻ ഇല്ലേ അയാൾ ഒരു നടക്ക് പോകും എന്ന് എനിക്ക് തോന്നുന്നില്ല, “അയാൾ ഒരു നടക്കോ ഇരു നടക്കോ പോട്ടേ,അത് എൻറെ വിഷയമല്ല, ഞാൻ സ്വാതിയെ സ്വന്തമാക്കും, ആദിയുടെ വാക്കുകൾ ഉറച്ചതായിരുന്നു , “നീ ഹിമയെ മറന്ന് പുതിയൊരു ജീവിതം കണ്ടുപിടിക്കുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ്, വിജയ് ചിരിയോടെ പറഞ്ഞു ” ഈ പെൺകുട്ടിയിൽ നീയെന്താ ഇഷ്ടപ്പെട്ടത് സൗന്ദര്യം ആണോ ?
അതോ അവളുടെ സിറ്റുവേഷൻ? “ഇതൊന്നുമല്ല “പിന്നെ ? “ഒരുപാട് പേരിൽ സന്തോഷവും സമാധാനവും ഒക്കെ കണ്ടെത്തുന്ന ഒരാളുടെ ആരെങ്കിലും ആവുന്നതിലും നല്ലത് ,നമ്മളിൽ മാത്രം സമാധാനവും സന്തോഷവും കണ്ടെത്തുന്ന ഒരാളുടെ വിശ്വാസവും പ്രതീക്ഷയും തെറ്റിക്കാതെ അവരുടെ ഒരേയൊരാൾ ആവുക എന്നതാണ് , ചോയ്സുകൾ ഇല്ലാതെ ഒരാളാൽ സ്നേഹിക്കപ്പെടുക എന്നത് തന്നെ ഭാഗ്യം ഉള്ള കാര്യമാണ് ,അല്ലാത്തവർക്ക് ഒക്കെ ഒരാൾ പോയാൽ മറ്റൊരാൾ ഉണ്ടാവും ,
ഒന്നിൽ മാത്രം നിലയുറപ്പിച്ച അവർ ആ ഒരാളെ നഷ്ടപ്പെടാതെ നോക്കും, നഷ്ടങ്ങളുടെ വില നന്നായി അറിയുന്നതും അവർക്കായിരിക്കും, ഈ ഒരൊറ്റ കാരണമേ അവളെ സ്നേഹിക്കുന്നതിന് എനിക്കുള്ളൂ “ശരിക്കും ആ കുട്ടിക്ക് നീ നന്നായി സ്നേഹിക്കാൻ കഴിയും , അവളെ കാണുമ്പോൾ തന്നെ മനസ്സിലാകും, ***** കാലത്തുതന്നെ ശ്രീ മംഗലത്തിന് പടിയിൽ ഒരു കാർ വന്നത് കൊണ്ടാണ് പാർവതി അമ്മ വാതിൽ തുറന്നത് , നോക്കിയപ്പോൾ മുൻപിൽ പ്രിയ, കറുത്ത കരയുള്ള സെറ്റും മുണ്ടും ആണ് അവളുടെ വേഷം,
ബ്ലാക്ക് കോൺട്രാസ്റ്റ് ബ്ലൗസ്, സ്ട്രെെറ്റ് ചെയ്യുന്ന മുടി വെറുതെ അഴിച്ചിട്ടിരിക്കുകയാണ്,കെെയ്യിലെ താലം കാണുമ്പോൾ അമ്പലത്തിൽ പോയിട്ട് വന്നതാണെന്ന് അറിയാൻ സാധിക്കും, പ്രിയയെ കണ്ട് കണ്ട് നിറഞ്ഞ പുഞ്ചിരിയോടെ പാർവതിയമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നു, പ്രിയയും ഹൃദ്യമായ പുഞ്ചിരിയോടെ അവരെ വരവേറ്റു, “മോൾ എന്താ പതിവില്ലാതെ ഇങ്ങോട്ട് ? “അമ്പലത്തിൽ പോയപ്പോൾ ഇവിടെ കേറളം എന്ന് തോന്നി, ആദി ഇല്ലെങ്കിലും എനിക്ക് അമ്മയെ വന്ന് കാണാമല്ലോ പ്രിയ പറഞ്ഞു “അതിനെന്താ മോളെ അകത്തേക്ക് കയറി വാ “മോള് വല്ലതും കഴിച്ചായിരുന്നോ ”
കഴിച്ചു അമ്മേ, അമ്മ കഴിച്ചോ? “കഴിച്ചു എന്ന് വരുത്തി, ആദി ഇല്ലാത്തതുകൊണ്ട് ഒക്കെ കണക്കാ മോളെ, അവനുള്ള എന്തെങ്കിലും പലഹാരം രാവിലെ നിർബന്ധം ഉണ്ടാകും , അവൻ ഇല്ലാത്തതുകൊണ്ട് ഒന്നിനും ഒരു ഉഷാർ ഇല്ല, “സാരമില്ല അമ്മേ അവൻ കുറച്ചുനാൾ കൂടി കഴിയുമ്പോൾ വരുമല്ലോ “ഞാൻ മോൾക്ക് ചായ എടുക്കാം “ഒന്നും വേണ്ട അമ്മേ, ഞാൻ അമ്മയോട് ഒരു കാര്യം പറയാൻ വേണ്ടി വന്നതാ , “എന്താ മോളെ ? “അമ്മയോട് ഞാൻ ഫ്രാങ്ക് ആയിട്ട് പറയാം, ഇത് പറയാൻ എനിക്ക് ചെറിയ ചമ്മൽ ഉണ്ട്, ചിലപ്പോൾ സ്വന്തം വിവാഹക്കാര്യം പറയാൻ വന്ന ഒരു പെണ്ണിൻറെ ചമ്മൽ ആയിരിക്കാം,
“മോളെ എന്തൊക്കെയാ ഈ പറയുന്നേ, എന്താണെന്നുവെച്ചാൽ തെളിച്ചു പറ , “അമ്മേ ആദിയെ എനിക്ക് ഇഷ്ടമാണ്, ഒരുപാട് ഒരുപാട് ഇഷ്ടമാണ്, ഇന്നോ ഇന്നലെയോ തുടങ്ങിയ ഇഷ്ടവുമല്ല പഠിക്കുന്ന കാലം മുതലേ എനിക്ക് ഇഷ്ടമാണ്,അത് അവനോട് പറയാൻ ഉള്ള ധൈര്യം അന്നുണ്ടായിരുന്നില്ല, ഇന്നും ഉണ്ടായിട്ടില്ല, പക്ഷേ ഇത് അമ്മയോട് പറയണം എന്ന് എനിക്ക് തോന്നി ഞാൻ ഈ കാര്യം ഇതുവരെ ആദിയോട് സൂചിപ്പിച്ചിട്ടില്ല, “മോള് ഈ പറയുന്നത് സത്യമാണോ ? “കള്ളം പറയേണ്ട കാര്യമാണോ അമ്മേ ഇത്, മാത്രമല്ല എൻറെ വീട്ടിൽ എനിക്ക് വിവാഹാലോചനകൾ ഒക്കെ പറയുന്നുണ്ട്,
അതുകൊണ്ട് ആണ് ഞാൻ ഇത് അമ്മയോട് പറയാൻ വിചാരിച്ചത്, ആദി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ അവനോട് പറയുമായിരുന്നു ഉള്ളൂ , അവൻറെ മറുപടി അറിഞ്ഞിട്ട് വേണം അച്ഛനോടും അമ്മയോടും സംസാരിക്കാൻ, “ഒരിക്കൽ സ്നേഹിച്ച ആവോളം ദുഃഖം കിട്ടിയ ആളാണ് എൻറെ കുഞ്ഞ്, ഇനി അങ്ങനെ ഒരു അവസ്ഥ അവന് ഉണ്ടാകരുത്, മോളെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല,ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും , “ഞാൻ ആദിയെ ചതിക്കും എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ? പ്രിയ വേദനയോടെ ചോദിച്ചു “അങ്ങനെയല്ല ഞാൻ പറഞ്ഞത് “അമ്മയുടെ പേടി എനിക്ക് മനസ്സിലാവും
“മോൾ ഏതായാലും ആദിയോട് നേരിട്ട് സംസാരിക്ക്, അമ്മയും സംസാരിക്കാം, മോള് സംസാരിച്ചതിനുശേഷം, അമ്മ അവനെ ഇങ്ങോട്ട് വിളിക്കുന്നുണ്ട്, അപ്പോൾ അവനോട് നേരിട്ട് സംസാരിക്കാം, “അതുതന്നെയാണ് നല്ലത് ,ഞാൻ അവനോട് നേരിട്ട് സംസാരിക്കാം,അവന് താല്പര്യം ഇല്ല എന്നാണ് പറയുന്നതെങ്കിൽ പ്രിയയുടെ ജീവിതത്തിൽ ഇനി ഒരു വിവാഹം ഉണ്ടായിരിക്കില്ല, അത്രയ്ക്ക് ഞാൻ ആദിയെ സ്നേഹിച്ചിട്ടുണ്ട് അമ്മേ “അങ്ങനെയൊന്നും മോള് പേടിക്കേണ്ട അമ്മ എന്താണെങ്കിലും ആദിയെകൊണ്ട് സമ്മതിപ്പിക്കാം, അമ്മയുടെ വാക്കിനപ്പുറം ഒന്നും ആദിക്കില്ല, അവർ പ്രിയക്ക് ഉറപ്പുനൽകി,
സ്കൂൾവിട്ട് സ്വാതി വരുന്ന സമയമായപ്പോൾ വിജയ് അകത്ത് കുളിക്കുന്ന സമയം നോക്കി ആദി പുറത്തിറങ്ങി നിന്നു, സ്കൂൾ വിട്ടു വരുന്ന സ്വാതി ആദിയെ കണ്ടു, വലിയ മാവിന് ഓരം ചേർന്ന് കൽപടവുകൾക്ക് അടുത്തേക്ക് വരാൻ ആദി അവളോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു, അവൾ അവിടേക്ക് ചെന്നു, ” രാവിലെ എനിക്ക് ശരിക്കും അറിയില്ലായിരുന്നു അത് കൂട്ടുകാരൻ ആണെന്ന്, ഞാൻ കരുതി ആദിയേട്ടൻ ആണെന്ന്, എന്തെങ്കിലും പ്രശ്നമുണ്ടോ അവൾ പേടിയോടെ തിരക്കി ,
“എന്ത് പ്രശ്നം? “അല്ല കൂട്ടുകാരൻ അറിഞ്ഞാൽ എന്തെങ്കിലും പ്രശ്നം…. “എന്നാണെങ്കിലും എല്ലാവരും അറിയേണ്ടതല്ലേ, ആരുമറിയാതെ ഞാൻ രഹസ്യത്തിൽ കൊണ്ടുപോകുന്ന ബന്ധമൊന്നുമല്ല ഇത് ഞാൻ അവനോട് പറഞ്ഞു എല്ലാം , രാവിലെ നിന്നെ കാണാൻ പറ്റിയില്ലല്ലോ അതുകൊണ്ട് ആണ് ഇവിടെ ഇറങ്ങി നിന്നത് , അവൻ ബാഗിൽ നിന്നും ഒരു ഡയറി എടുത്ത് അവന് നൽകി “ഇത് തരാനാ ഞാൻ രാവിലെ വന്നത്, അച്ഛൻറെ ഡയറിയാണ് ഓർഫനേജിലെ അഡ്രസ്സ് ഇതിലുണ്ട് , ആദി അത് അവൻറെ കയ്യിൽ മേടിച്ചു “ഞാൻ തിരക്കി കൊള്ളാം “എന്താണ് നിൻറെ മുഖത്ത് ഒരു സങ്കടം പോലെ,
“ഇന്ന് വല്യച്ഛൻ വരും ഞാൻ വേണിയുടെ വീട്ടിൽ പോയാലോ എന്ന് ആലോചിക്കുകയാണ്, “എന്തിന് നീ അയാളെ പേടിച്ച് ഇങ്ങനെ ഓടാൻ തുടങ്ങിയാൽ അതിനു മാത്രമേ സമയം ഉണ്ടാവുകയുള്ളൂ, ഇനി എന്നെങ്കിലും നിന്നോട് മോശമായി പെരുമാറി ആണെങ്കിൽ നന്നായി പ്രതിരോധിക്കണം, കയ്യിൽ കിട്ടുന്നത് എന്താണെങ്കിലും അത് വെച്ച് അയാളെ ഉപദ്രവിക്കണം, സ്വയരക്ഷയ്ക്ക് വേണ്ടി നീ എന്ത് ചെയ്താലും അതൊരു കോടതിയിലും ഒരു കുറ്റവുമല്ല, ഒന്നും പറ്റിയില്ലെങ്കിൽ ഉറക്കെ ശബ്ദം ഉണ്ടാക്കണം, ബാക്കി കാര്യം ഞാൻ നോക്കിക്കോളാം അതുകൂടി പറയാനാ ഞാൻ നിന്നെ കാത്തു നിന്നത് ,
സ്വാതി തലകുലുക്കി “എന്താ റൊമാൻസ് ആണോ? പിന്നിൽ നിന്നും വിജയുടെ ശബ്ദം കേട്ട് രണ്ടുപേരും അവിടേക്ക് നോക്കി “എൻറെ പെങ്ങളെ ഞാൻ നിങ്ങളുടെ റൊമാൻസ് സിന് ഒരു തടസ്സമാവില്ല അതിലേറെ ഇവൻ ഒരു ഇഷ്ടം ഉണ്ടാവുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും, സ്വാതി ചിരിച്ചു “ഇന്നുമുതൽ താൻ എൻറെ സ്വന്തം സിസ്റ്റർ ആണ് കേട്ടോ വിജയ് പറഞ്ഞു “എങ്കിൽ ഞാൻ പോട്ടെ അവിടെ അന്വേഷിക്കും, “ആയിക്കോട്ടെ അവൾ ആദിയെ ഒന്നുകൂടി നോക്കി വീട്ടിലേക്ക് നടന്നു, വൈകുന്നേരം കുളി ഒക്കെ കഴിഞ്ഞ് ആദ്യം വിജയം സിറ്റൗട്ടിൽ സംസാരിക്കുമ്പോഴാണ് വണ്ടി വന്നത് ”
ആരാടാ ആയാൾ ദത്തനെ നോക്കി വിജയ് ചോദിച്ചു, “അതാണ് ഞാൻ പറഞ്ഞ സ്വാതിയുടെ വല്യച്ഛൻ “ഇയാൾ ആണ് അല്ലേ “അതെ കിടക്കുന്നതിനു മുൻപ് ഒരിക്കൽ കൂടി സ്വാതിയെ കാണണം എന്ന് ആദിക്ക് തോന്നി, വിജയ് ഫോണിൽ സിനിമ കാണുകയാണ്, അവൻ കാണാതെ പുറത്തിറങ്ങി ആദി അടുക്കളവാതിൽ മുന്നിൽ എത്തി ,പശുത്തൊഴുത്തിലെ ലൈറ്റും കെടുത്തി വീടിനുള്ളിലേക്ക് കയറാൻ പോകുന്ന സ്വാതിയുടെ കയ്യിൽ പിടിച്ച് വലിച്ചു, സ്വാതി ഒരു വിറയലോടെ ശബ്ദമുണ്ടാക്കാൻ തുടങ്ങിയതും അവൻ അവളുടെ വായ പൊത്തിപ്പിടിച്ചു,
“കിടന്ന് ശബ്ദമുണ്ടാക്കല്ലേ പെണ്ണേ ഞാനാ ആദിയുടെ ശബ്ദം കേട്ട് അവളുടെ കണ്ണുകളിൽ ഒരു ആശ്വാസം നിഴലിക്കുന്നത് അവൻ കണ്ടു “ആദി ഏട്ടൻ എന്താ ഈ സമയത്ത് “എനിക്കെന്തോ കിടന്നിട്ട് ഉറക്കം വന്നില്ല നീ പേടിക്കണ്ട എന്ന് പറയാൻ വേണ്ടി വന്നതാ, ഇന്നത്തെ രാത്രി ഞാൻ ഉറങ്ങില്ല, എന്തുണ്ടെങ്കിലും ഒന്ന് ശബ്ദം വെച്ചാൽ മാത്രം മതി ഞാൻ പുറത്ത് ഉണ്ട്, ഞാൻ ഉള്ളപ്പോൾ നിനക്ക് ഒന്നും സംഭവിക്കില്ല വിശ്വാസത്തോടെ ഇരിക്ക്, പേടിക്കണ്ട കേട്ടോ ഞാൻ പുറത്തുണ്ട് , കരുതലോടെ അവളുടെ മുടിയിഴകൾ തഴുകി അവൻ പറഞ്ഞു , അവൾ സ്വയമറിയാതെ അവൻറെ നെഞ്ചിലേക്ക് ചേർന്നു അവൻ ഇരുകൈകൾകൊണ്ടും അവളെ ചേർത്തു പിടിച്ചു , ഒരു ഭിത്തിക്ക് അപ്പുറം ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ദത്തന്റെ കണ്ണുകളിൽ പക എരിഞ്ഞു,
(തുടരും ) റിൻസി