Thursday, December 19, 2024
Novel

ശ്യാമമേഘം : ഭാഗം 22

എഴുത്തുകാരി: പാർവതി പാറു

മഴക്ക് മുന്നെ കറുത്തിരുണ്ട ആകാശങ്ങൾ കണ്ടിട്ടില്ലേ… എപ്പോഴും ആകാശം അങ്ങനെ ഇരുണ്ടു പോയാലോ… മങ്ങിയ പകലുകൾ.. നിറം നഷ്ടമായ പകലുകൾ… അവക്കെന്ത് ഭംഗി ആണല്ലേ… ജീവിതം അങ്ങനെ ആയാലോ…. അച്ഛനിലൂടെ വെളിച്ചം നഷ്ടപ്പെട്ട ജീവിതം ആയിരുന്നു ശ്യാമയുടേതും…. അച്ഛന്റെ കാഴ്ചകൾ മങ്ങി മങ്ങി ഒടുവിൽ അന്ധകാരത്തിലേക്ക് അച്ഛൻ കൂപ്പുകുത്തുമ്പോൾ അവൾക്ക് ആറുവയസായിരുന്നു പ്രായം… അന്ന് മുതൽ കാണാൻ തുടങ്ങിയതാണ് അവൾ തന്റെ അമ്മയുടെ കണ്ണിലെ കണ്ണുനീർ…

ഒന്നുപറഞ്ഞാൽ രണ്ടാമത് മച്ചിലെ ഭാഗവതിയെ വിളിച്ചു കണ്ണീർപൊഴിക്കുന്ന അമ്മയെ കണ്ടു വളർന്നത് കൊണ്ടാവാം കരയാൻ അവൾക്കിഷ്ടമല്ലായിരുന്നു… കുരുടന്റെ കറുമ്പി എന്നതിനെ ചുരുക്കി കുരുടികറുമ്പി എന്ന് സുഹൃത്തുക്കൾ കളിയാക്കി വിളിക്കുമ്പോഴും ഒരിക്കലും അതോർത്തവൾ കരഞ്ഞിട്ടില്ല… കേൾക്കാൻ ഇഷ്ടമല്ലാത്തത് കേൾക്കാതിരിക്കാനും കാണാൻ ഇഷ്ടമല്ലാത്തത് കാണാതിരിക്കാനും ആ ചെറു പ്രായത്തിൽ തന്നെ ശീലിച്ചു തുടങ്ങിയിരുന്നു… തന്റെ അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ തുടിക്കുന്നുണ്ടെന്ന് അറിഞ്ഞ അന്ന് മുതൽ അവൾക്ക് ഒരൊറ്റ പ്രാർഥന മാത്രം ആയിരുന്നു…

ആ കുഞ്ഞു.. മാലാഖായെ പോലെ വെളുത്തിരിക്കണേ എന്ന്… അവളിലെ കുഞ്ഞു ഹൃദയം അന്ന് മുതൽക്കേ തന്റെ നിറത്തെ വെറുത്ത് തുടങ്ങിയിരുന്നു… അവളുടെ ആഗ്രഹം പോലെ തന്നെ മഞ്ഞുതുള്ളി പോലെ വെണ്മയുള്ള ഒരു തങ്കകുടം അവൾക്ക് അനുജത്തി ആയി പിറന്നു… പക്ഷെ ദൈവം അവൾക്ക് നിറം നൽകിയപ്പോൾ മറ്റൊന്ന് അവളിൽ നിന്നും തട്ടി എടുത്തു…. ആ കുഞ്ഞു ഹൃദയത്തിന് ചെറിയൊരു ശേഷി കുറവ്… ജനനസമയത്ത് തന്നെ ഒരു ഓപ്പറേഷൻ നടത്തിയാൽ തീരാവുന്ന പ്രശ്നം ആയിരുന്നിട്ടും അവർക്ക് അത് നടത്താൻ സാധിച്ചില്ല..

അന്ധനായ ആ അച്ഛൻ നിസ്സഹായാനായി നിന്ന നിമിഷം…. അവർ അവൾക്ക് ലക്ഷ്മി എന്ന് പേരിട്ടു എല്ലാവരുടെയും ലച്ചു…. ശ്യാമയുടെ അമ്മ അടുത്തുള്ള കരിങ്കൽ കോറിയിൽ പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനവും അന്ധനായ അച്ഛൻ നിർമ്മിക്കുന്ന കുടകൾ വിറ്റുകിട്ടുന്ന പണവും ആയിരുന്നു അവരുടെ ഏക വരുമാന മാർഗം…. ശ്യാമ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവൾക്ക് എൽ. എസ്.എസ് സ്കോളർഷിപ്പ് കിട്ടുന്നത്… സമ്മാനത്തുക കൊണ്ട് കൂട്ടുക്കാർ പുതിയ സൈക്കളും കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങിയപ്പോൾ ശ്യാമ വാങ്ങിയത് പത്ത് കോഴികളെയും അവക്കുള്ള കൂടും ആണ്…

അവിടെ നിന്ന് തുടങ്ങുകയായിരുന്നു ആ കൊച്ചു സംരംഭകയുടെ ജീവിതം… കോഴിമുട്ട വിറ്റു കിട്ടുന്ന ഓരോ നാണയത്തുട്ടുകളും അവൾ പെറുക്കി പെറുക്കി വക്കും.. വലിയ സമ്പാദ്യം ആയല്ല.. മാസവസാനം ലച്ചുവിന് മരുന്ന് വാങ്ങാൻ…. അങ്ങനെ പത്ത് വയസ് മുതൽ അവൾ ആ വീടിന് വേണ്ടി അധ്വാനിച്ചു തുടങ്ങിയതാണ്… അച്ഛന് വെളിച്ചമായി അമ്മക്ക് താങ്ങായി അനുജത്തിക്ക് തണലായി ശ്യാമയെന്ന ആ കൊച്ചു പൂമരം തളിരിട്ടു പന്തലിച്ചു…. യഥാസ്ഥിതീകരായ വളരെ വിദ്യാഭ്യാസം കുറഞ്ഞ ആളുകൾ താമസിക്കുന്ന ഒരു കർഷക ഗ്രാമം ആയിരുന്നു ശ്യാമയുടേത്….

പട്ടണത്തിന്റെ യാതൊരു കൃത്രിമതയും ഇല്ലാതെ…. വളരെ ലളിതം ആയി ആളുകൾ ജീവിക്കുന്ന ഒരു ഉൾനാടൻ ഗ്രാമം…… ഭൂപരിഷ്കരണ നിയമത്തിന്റെ ബാക്കിയെന്നോണം പതിച്ചു കിട്ടിയ മിച്ചഭൂമിയിൽ വീട് വെച്ചു താമസിക്കുന്നവരായിരുന്നു അവിടെ അധികവും.. സമൂഹത്തിന്റെ താഴെ തട്ടിൽ ഉള്ള ജനങ്ങൾ…. എന്നാൽ ശ്യാമയുടെ അച്ഛനും അമ്മയും ജനിച്ചതും വളർന്നതും അവിടെ ആയിരുന്നില്ല…. ഒരു പ്രണയവിവാഹത്തിന്റെ സമാപനം എന്നോണം അവർ അവിടെ വന്നു പെട്ടതാണ്… ബന്ധുക്കളോ കുടുംബമോ ഇല്ലാത്ത അവർക്ക് എല്ലാം ആ നടായിരുന്നു…

ശ്യാമയും ലച്ചുവും വളർന്നു.. ഒപ്പം ശ്യാമയിലെ കറുപ്പും ലച്ചുവിലെ വയായ്കയും…. ശ്യാമക്ക് വിവാഹപ്രായം അതിക്രമിച്ചു തുടങ്ങി…. ശ്യാമയുടെ നിറവും.. അച്ഛന്റെ അന്ധതയും ലച്ചുവിന്റെ അസുഖവും എല്ലാം ഓരോ വിവാഹലോചനകൾക്കും വിലങ്ങു തടികൾ ആയി…. ശ്യാമക്ക് അതിലൊരിക്കലും വേദന തോന്നിയില്ല.. തന്റെ കുറവുകളെ കുറിച്ചോർത്തു കരയാൻ അവൾക്ക് സമയം ഇല്ലായിരുന്നു… പശുക്കളും.. കോഴികളും… വീടും.. പറമ്പും അതായിരുന്നു അവളുടെ ലോകം….

അവിടെ നിന്ന് ഒരു പറിച്ചു നടൽ അവളും ആഗ്രഹിച്ചിരുന്നില്ല എന്നായിരുന്നു വാസ്തവം…. ഒരു പെൺകുട്ടി സ്വപ്‌നങ്ങൾ കണ്ടു തുടങ്ങുന്ന കാലങ്ങളിൽ എല്ലാം അവൾ യഥാർദ്ധ്യത്തിന് പുറകെ ആയിരുന്നു….. ഏതൊരു പെണ്ണും സ്വപ്നങ്ങളിൽ ജീവിക്കുമ്പോൾ അവൾ സത്യങ്ങളിൽ ജീവിച്ചു… കഴിഞ്ഞു പോയ 22വർഷങ്ങളിൽ ഇഷ്ടമാണെന്ന് ആരും പറയാഞ്ഞത് കൊണ്ടോ.. ..ആരെയും ഇഷ്ടപ്പെടാൻ സമയം ഇല്ലാഞ്ഞിട്ടോ ആവോ.. പ്രണയം എന്തെന്ന് പോലും അവൾ അറിഞ്ഞില്ല…. അവൻ അവളിലേക്ക് എത്തും വരെ….. ……….. ശ്യാമേ….. ഇന്ന് തൊട്ട് ഒരു നാഴി പാല് അധികം കറന്നോ….

നമ്മുടെ ടോമി മോൻ വന്നിട്ടുണ്ട്…. രാവിലെ പൂവലിയുടെ അകിടിൽ നിന്നും കുഞ്ഞി കുറുമ്പിയെ മാറ്റി പാല് കറന്നെടുക്കുമ്പോൾ അമ്മ അവളോട് വിളിച്ചു പറഞ്ഞു…. ന്റെ അമ്മേ… ഇങ്ങനെ ഓരോ ദിവസം ഓരോ നാഴി പാല് കൂട്ടിയാൽ ന്റെ കുറമ്പിക്ക് കുടിക്കാൻ ഒന്നും ഉണ്ടാവില്ല്യാട്ടോ…. അല്ലെങ്കിലേ പച്ചപ്പുല്ലിന് ക്ഷാമം.. വൈകോലിന് ഒക്കെ എന്താപ്പോ വില… കടലപിണ്ണാക്ക് പിന്നെ ആലോചിക്കേ വേണ്ടാ…. ന്റെ ശ്യാമേ ആ ടോണിടെ വീട്ടിക്ക് ഒരു നാഴിപാല് കൊടുത്തു ന്ന് വെച്ചിട്ട് നിന്റെ കുറുമ്പി വിശന്നു ചത്തൊന്നും പോവില്ല്യ…. ദേ അമ്മേ..

ദൈവദോഷം പറയല്ലേ ട്ടോ…. കുത്തിവെച്ചു കുത്തി വെച്ച് അഞ്ചാമത്തെ വട്ടാ എന്റെ പൂവലി ഒന്ന് ചെന പിടിച്ചത്.. എന്നിട്ട് ഉണ്ടായ എന്റെ കൺമണി കുറുമ്പി ആണ്.. അതിനെ പറ്റി വല്ലതും പറഞ്ഞാലുണ്ടല്ലോ… ഓ.. നീയും നിന്റെ പശുക്കളും കൊറേ കോഴിക്കളും.. വന്ന് വന്ന് അവൾക്ക് വീട്ടിൽ ഉള്ളവരേക്കാൾ വേണ്ടപ്പെട്ടത് അവരൊക്കെയാ. ഇനി എന്നാണാവോ.. തൊഴുത്തിൽ കിടന്ന് ഉറങ്ങാൻ തുടങ്ങാ… ഈ വീട്ടിൽ ഉറങ്ങുന്നതും ആ തൊഴുത്തിൽ ഉറങ്ങുന്നതും ഒരുപോലെ തന്നെയാ…. രാവിലെ തുടങ്ങിയോ അമ്മേം മോളും…..

ശ്യാമേ നിനക്ക് എന്നും പാല് കറക്കുമ്പോൾ അമ്മയും ആയി താറുതല പറഞ്ഞില്ലേൽ ശരിയാവില്ലേ… അച്ഛൻ ഉമ്മറത്തെ ചാരുപടിയിൽ ഇരുന്ന് പറഞ്ഞു… എന്താണ് എന്നറിയില്ല രാവിലെ തന്നെ അമ്മേടെ വായിന്ന് രണ്ട് പുളിച്ചത് കെട്ടില്ലേൽ മനസിന് ഒരു ഉഷാറില്ലെന്നേ…. അല്ലേ അമ്മേ…. അവൾ പശുവിനെ കറന്നു എഴുന്നേറ്റു അമ്മക്കരികിൽ ചെന്ന് ചേർത്ത് പിടിച്ചു പറഞ്ഞു.. പോടീ കിണുങ്ങാതെ… അപ്പൊ നാഴി പാല്… നമ്മുടെ ടോമിച്ചായന് അല്ലേ കൊടുത്തേക്കാം.. അല്ല പാല് മാത്രം മതിയോ മുട്ട വേണ്ടേ… നീ തന്നെ ചോദിച്ചോ….

അമ്മ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി…. ശ്യാമയുടെ വീടിന്റെ മുകളിൽ പരന്നു കിടക്കുന്ന ഏലത്തോട്ടം ആണ്…. കോട്ടയത്തുള്ള ഒരു പാണക്കാരനായ അച്ചായന്റെ തോട്ടം ആണത്… അതിന് നടുവിൽ അവരുടെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട് ഉണ്ട്.. ഇടക്ക് അച്ചായനും കുടുംബവും അവിടെ വന്ന് താമസിക്കും.. അവരുടെ ഏക മകൻ ആണ് ടോണി… സ്ഥിരമായി പാല് നൽകുന്ന വീടുകളിൽ എല്ലാം പോയി കഴിഞ്ഞു അവൾ ഒരു തൂക്കുപാത്രത്തിൽ പാലും നാലു മുട്ട കടലാസിൽ പൊതിഞ്ഞും എടുത്തു ഏലത്തോട്ടത്തിന് നടുവിലൂടെ ആ വീട്ടിലേക്ക് നടന്നു…..

നല്ല ഭംഗിയിൽ പണി കഴിപ്പിച്ച ഒരു ഇഷ്ടിക വീടാണത്.. ആ വീട് പോലൊരു കൊച്ചു വീട് അവളുടെ വലിയ മോഹം ആണ്… അതുകൊണ്ട് തന്നെ ആ വീടിനോട് അവൾക്ക് ഒരു പ്രത്യേക ഇഷ്ടം ആണ്.. വീടിന് മുന്നിൽ ടോമിച്ചായന്റെ ബുള്ളറ്റ് കിടക്കുന്നുണ്ട്… അവൾ അതിന്റെ കണ്ണാടിയിൽ കൂടി അവളുടെ പ്രതിബിംബം ഒന്ന് നോക്കി… കറുമ്പി… … . അവൾ മനസിൽ പറഞ്ഞു ചിരിച്ചു പിന്നെ നേരെ അടുക്കളവശത്തെ ഗ്രില്ല് തുറന്നു…. ആ അടുക്കള വഴി അകത്തേക്ക് കയറാൻ അവളുടെ കൈയിൽ ഒരു താക്കോൽ ഉണ്ട്…

ഇടക്ക് വന്ന് അടിച്ചു വാരാനായി ഏൽപ്പിച്ചതാണ്.. അച്ചായന് ശ്യാമയെ വലിയ ഇഷ്ടം ആയിരുന്നു വിശ്വാസവും.. ടോമിക്ക് അവളും ലച്ചുവും സ്വന്തം കൂടപ്പിറപ്പുകളെ പോലെ പ്രിയപ്പെട്ടവരും… അവൾ നേരെ അടുക്കളയിൽ കയറി പാല് കാച്ചി ചായ ഉണ്ടാക്കി… ചായ മേശപ്പുറത്ത് വെച്ച് അവൾ അവന്റെ മുറിയുടെ വാതിലിൽ ചെന്ന് മുട്ടി വിളിച്ചു അവനെ ഉണർത്തി …. നേരെ അടുക്കളയിൽ ചെന്ന് അടുത്ത പണി തുടങ്ങി.. മുറിയുടെ വാതിൽ തുറന്ന് അവൻ പുറത്ത് വരുന്ന ശബ്ദം അവൾ അടുക്കളയിൽ നിന്നും കേട്ടു… ഇച്ചായാ..

ചായ മേശപ്പുറത്ത് വെച്ചിട്ടുണ്ട്.. ഇന്നലെ എപ്പോളാ വന്നേ.. വണ്ടീന്റെ ശബ്ദം ഒന്നും കേട്ടില്ലല്ലോ…. ഇത്തവണ അച്ചായനോട് എന്തും പറഞ്ഞു പിണങ്ങി ഉള്ള വരവാ…. ഏതായാലും മാസത്തിൽ ഒരിക്കലെങ്കിലും ഒരു പിണക്കം നിർബന്ധം ആയിട്ടുണ്ടല്ലോ ഇപ്പോ.. സത്യം പറ.. ഈ നാട്ടിൽ വല്ല അച്ചായത്തി പെണ്ണുങ്ങളെയും കണ്ട് വെച്ചിട്ടുണ്ടോ… അവന്റെ മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ശ്യാമ തിരിഞ്ഞു നോക്കി അടുക്കള വാതിലിൽ തന്നെ നോക്കി നിൽക്കുന്ന ഇതുവരെ കാണാത്ത ആ മുഖത്തിൽ അവളുടെ കണ്ണുകൾ ഉടക്കി….

ആ നോട്ടം അവളെ കൊത്തി പറിക്കുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു…. അവളിൽ നിന്ന് കണ്ണുകൾ പിൻവലിക്കാതെ അവൻ ചായ കപ്പ് ചുണ്ടോട് അടുപ്പിച്ചു വലിച്ചു കുടിച്ചു…അവളെ നോക്കി അവന്റെ കട്ടി മീശ ഒന്ന് പിരിച്ചു….. . ഒരു നിമിഷം അവൾക്ക് ഉള്ളിൽ മരവിപ്പ് അനുഭവപ്പെട്ടു …… എന്താ ശ്യാമേ ഇങ്ങനെ നോക്കുന്നത്… അവൻ താടിയിൽ തടവികൊണ്ട് ചോദിച്ചു… ആരാ.. അവൾ ധൈര്യം സംഭരിച്ചു ചോദിച്ചു…. അതല്ലല്ലോ ഞാൻ ചോദിച്ചതിനുള്ള മറുപടി… അവൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു….

ശ്യാമക്ക് അവന്റെ ദേഷ്യത്തോടെ ഉള്ള ശബ്ദം കേട്ടപ്പോൾ ഉള്ളിൽ പേടി തോന്നി… അവളുടെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി.. വാക്കുകൾ തൊണ്ടകുഴിയിൽ കുടുങ്ങി.. ഡാ മനു നിന്റെ വിരട്ടൊന്നും എന്റെ പെങ്ങളുടെ അടുത്ത് വേണ്ട… പുറകിൽ നിന്ന് ടോണിയുടെ ശബ്ദം കേട്ടപ്പോൾ ആണ് ശ്യാമക്ക് ശ്വാസം നേരെ വീണത്… അവൾ ഓടിച്ചെന്ന് ടോണിക്ക് പുറകിൽ ഒളിച്ചു… അപ്പോഴും അവന്റെ നോട്ടം ശ്യാമയിൽ തന്നെ ആയിരുന്നു..

ശ്യാമേ പേടിക്കേണ്ട ഇത് എന്റെ ഫ്രണ്ട് ആണ് മനു…. നമ്മുടെ നാടൊക്കെ ഒന്ന് കാണാൻ എന്റെ കൂടെ വന്നതാ… ഞാൻ പോവാ ഇച്ചായാ പിന്നെ വരാം… ശ്യാമ കൂടുതൽ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി…. കുറച്ചു മുന്നിലേക്ക് ഓടി അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കി…. അപ്പോഴും അവളിൽ തന്നെ കണ്ണുകൾ ഉറപ്പിച്ചു അവൻ അവിടെ തന്നെ ഉണ്ടായിരുന്നു…. ആ നോട്ടത്തിന് വല്ലാത്ത ഒരു ശക്തി ഉണ്ടെന്ന് അവൾക്ക് തോന്നി

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 21