Thursday, December 19, 2024
Novel

ഭാര്യ : ഭാഗം 4

എഴുത്തുകാരി: ആഷ ബിനിൽ

തനുവിന്റെ ചെരിപ്പും കയ്യിലെടുത്ത കാശി ഒന്നു ചുറ്റിലും നോക്കി. കുറച്ച് അപ്പുറത്തേക്ക് മാറി അധികം ആരുടെയും ശ്രദ്ധയിൽ പെടാതെയുള്ള ഒരു പഴയ കെട്ടിടം കണ്ടതും അവന്റെ മുഖം ഒന്നു കുറുകി. അവൻ അവിടേക്ക് വേഗത്തിൽ നടന്നടുത്തു. അക്ഷരാർത്ഥത്തിൽ, കാശി നടക്കുകയല്ല, ഓടുകയായിരുന്നു. ആ കെട്ടിടത്തിന്റെ തിണ്ണയിൽ ഇരുന്നു മദ്യപിക്കുന്ന രണ്ടു പേരെ കണ്ടതോടെ അവന്റെ കണ്ണുകൾ കത്തി. ഒറ്റ നോട്ടത്തിൽ തന്നെ ഒരു പോലീസുകാരൻ ആണെന്ന് മനസിലാക്കുന്ന രീതിയിൽ ഉള്ള ശരീരഘടന ആയിരുന്നു കാശിയുടേത്.

ആറടിയിൽ അധികം പൊക്കവും ഉറച്ച ശരീരവും വെട്ടിയൊതുക്കിയ മീശയും എല്ലാം കൂടി അവനൊരു പക്കാ പോലീസ് ലുക്ക് നല്കി. അവനെ കണ്ടതോടെ രണ്ടുപേരും ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. അവരുടെ മുഖത്ത് ഭയം നിറയുന്നത് അവൻ കണ്ടു: “എവിടെടാ അവൾ?” കാശി അലറുകയായിരുന്നു. അതിനു മറുപടി എന്നോണം അവർ അടഞ്ഞു കിടന്ന വാതിലിനു നേർക്ക് നോക്കി. ശരവേഗത്തിൽ വാതിൽ തള്ളി തുറന്ന് അകത്തേക്ക് ചെന്ന കാശിയുടെ ഹൃദയം നിലച്ചുപോകുന്ന കാഴ്ചയാണ് അവൻ അവിടെ കണ്ടത്.

വിവസ്ത്രയായി, ബോധരഹിതയായി വെറും നിലത്തു കിടക്കുകയാണ് തനു. നഗ്നനായ ഒരു പുരുഷൻ അവളിലേക്ക് പടർന്നു കയറുന്നത് ഒരു വിറയലോടെ അവൻ കണ്ടു. കാശിയുടെ കണ്ണുകളിൽ ഇരുട്ടു കയറി. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അയാളും കണ്ടു, തന്നെ കൊല്ലാനുള്ള പകയുമായി തുറിച്ചുനോക്കുന്ന കാശിയെ. അപകടം മണത്ത അയാൾ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴേക്കും കാശി അയാളെ ചവിട്ടിമാറ്റിയിരുന്നു. വാടിയ പൂവുപോലെ കിടക്കുന്ന തനുവിനെ അവനൊന്നു നോക്കി.

അവളുടെ അടികൊണ്ടു വീങ്ങിയ കവിളിലേക്കും പൊട്ടിയ ചുണ്ടുകളിലേക്കും രക്തം ഒഴുകിയിറങ്ങുന്ന കാലുകളിലേക്കും ഒന്നേ നോക്കാനായുള്ളൂ. കാശിയുടെ ഉള്ളു നീറി. പെട്ടന്ന് തന്നെ അവൻ സമചിത്തത വീണ്ടെടുത്തു. നിലത്തു കിടന്ന തനുവിന്റെ സരിയെടുത് അവൻ അവളെ പുതപ്പിച്ചു. അവളെ കൈകളിൽ കോരിയെടുത്തു പുറത്തേക്കോടി. പോകുന്ന പോക്കിൽ തനുവിനെ ഉപദ്രവിച്ചവന്റെ അടിനാഭി നോക്കി ഒരു ചവിട്ടുകൊടുക്കാനും അവൻ മറന്നില്ല. അയാൾ വയറുപൊത്തി നിലത്തേക്ക് വീണു.

അയാളെയും കൂടെ ഉണ്ടായിരുന്നവരെയും കൊന്നാലും തീരാത്തയത്ര ദേഷ്യം ഉണ്ടായിരുന്നു എങ്കിലും തനുവിന്റെ ജീവൻ രക്ഷിക്കുന്നതിനാണ് അവൻ പ്രാധാന്യം നൽകിയത്. തനുവിനെ ബാക് സീറ്റിൽ കിടത്തിയ ശേഷം കാശി വണ്ടിയെടുത്തു. ഓടിക്കുന്നതിന്റെ ഇടയിൽ തന്നെ സ്ഥലം SIയെ വിളിച്ചു അവന്മാരെ കസ്റ്റഡിയിൽ എടുക്കാനും സ്റ്റേഷനിൽ അല്ലാതെ മറ്റൊരിടത്ത് താമസിപ്പിക്കാനും ഏർപ്പാട് ചെയ്തു. കാശിയുടെ സുഹൃത്തായ ഡോക്ടർ ബിലാലും ഭാര്യ ഷാഹിനയും നടത്തുന്ന ഹോസ്പിറ്റലിലേക്കാണ് അവൻ തനുവിനെയും കൊണ്ടു പോയത്.

അവൻ വിളിച്ചുപറഞ്ഞത് അനുസരിച്ചു ബിലാലും ഷാഹിനയും ക്യാഷ്വാലിറ്റിയുടെ മുൻപിൽ തന്നെ ട്രോളിയുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. തനുവിനെ അകത്തേക്ക് കൊണ്ടുപോയ ശേഷം കാശി തളർച്ചയോടെ ഒരു കസേരയിലേക്ക് ഇരുന്നു. എന്തൊക്കെയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്റെ ജീവിതത്തിൽ സംഭവിച്ചത്..! തനുവിന്റെ മുഖം മനസിലേക്ക് വന്നപ്പോൾ ഉള്ളിൽ നിറയുന്ന വേദന അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

തോളിൽ ഒരു കരസ്പര്ശം തോന്നിയപ്പോൾ കാശി കണ്ണു തുറന്നു. ബിലാൽ..! “നീ വാ. എന്റെ കൺസൾട്ടിങ് റൂമിലേക്ക് ഇരുന്നു സംസാരിക്കാം.” ബിലാൽ മുന്നേ നടന്നു. കാശി യാന്ത്രികമായി അവനു പിന്നാലെ പോയി. തന്റെ റൂമിലെ ചെയറിൽ ബിലാൽ ഇരുന്നു. പുറകെ കാശിയും. “കാശി.. ആം സോറി ടു സെയ് ബട് യൂ നോ നാ.. ദാറ്റ് വാസ് ഏ റേപ്പ്.. ഏ ബ്രൂട്ടൽ വൺ. ഒരു പോലീസുകാരൻ ആയ നിനക്ക് ഞാൻ പറഞ്ഞുതരേണ്ട കാര്യം ഇല്ലല്ലോ.”

പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു എങ്കിലും ബിലാലിനെ വാക്കുകൾ കാശിയെ വീണ്ടും വീണ്ടും കുത്തി മുറിവേല്പിച്ചു. “ടാ.. അവൾക്ക്… അവൾക്ക് എങ്ങനെ ഉണ്ട്?” “ഞാൻ ജസ്റ് നോക്കിയിട്ട് ഇങ്ങു പോന്നു. ഷാഹി അവിടെ ഉണ്ട്. അവൾ പറയും ഡീറ്റൈൽ ആയി” കാശി പ്രതീക്ഷയോടെ അവനെ നോക്കി. “നീ പേടിക്കേണ്ട. ആ കുട്ടി ഭയന്നപ്പോൾ ബോധം പോയത് ആകാനെ വഴിയുള്ളൂ.. ” കാശിയെ ഒന്നു നോക്കിയ ശേഷം അവൻ തുടർന്നു: “കാശി.. നാളെയല്ലേ നിങ്ങളുടെ കല്യാണം പറഞ്ഞിരുന്നത്.

ഇനിയിപ്പോ എന്താ നിന്റെ തീരുമാനം?” കാശി ചോദ്യ ഭാവത്തിൽ അവനെ നോക്കി. “അതല്ല. കല്യാണത്തിന് മുമ്പ് തന്നെ ഇങ്ങനെയൊക്കെ സംഭവിച്ച സ്ഥിതിക്ക്..” ബിലാലിനെ പൂർത്തിയക്കാൻ സമ്മതിക്കാതെ കാശി കസേരയിൽ നിന്ന് എഴുന്നേറ്റു: “നീ ഉദ്ദേശിക്കുന്നത് എനിക്ക് മനസിലായി ബിലാൽ. കല്യാണത്തിന് മുന്നേ അവളെ മറ്റൊരുത്തൻ സ്വന്തമാക്കിയത് കൊണ്ട് ഞാനവളെ ഉപേക്ഷിക്കുമോ. അതല്ലേ നിനക്കറിയേണ്ടത്?” ബിലാൽ കുറ്റവാളിയെ പോലെ തല കുനിച്ചു. “ഞാനൊന്ന് ചോദിക്കട്ടെ..

എന്റെ അമ്മക്കാണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ നീ ഈ ചോദ്യം എന്നോട് ചോദിക്കുമോ?? സഹോദരിക്കാണെങ്കിലോ? ഇല്ല. പകരം എന്നെ അശ്വസിപ്പിക്കും. ചേർത്തുനിർത്താൻ പറയും. പക്ഷെ ഭാര്യക്ക്, അല്ല ഭാര്യയാകാൻ പോകുന്നവർക്ക് ഇങ്ങനൊരു അനുഭവം ഉണ്ടായപ്പോൾ ഒരു നിമിഷത്തേക്ക് എങ്കിലും നിന്റെ പിടിവിട്ടു പോയി അല്ലേ? കാരണം എന്താ? ഈ ഭാര്യ എന്നു പറയുന്നത് ഭർത്താവിന്റെ പ്രൈവറ്റ് പ്രോപ്പർട്ടി ആണ്. അവന്റെ വണ്ടി പോലെ, അവൻ വാങ്ങിയ വീടുപോലെ അവൻറെയൊരു സ്വത്ത്.

അവളുടെ ശരീരത്തിൽ മറ്റാരെങ്കിലും തൊട്ടാൽ, അതോടെ അവൾ ചീത്തയാകും, അവളുടെ സ്വഭാവത്തിലെ നന്മകളും നമ്മൾ മറക്കും. എന്നിട്ട് അതിന്റെ എല്ലാം സ്ഥാനത്ത് ആ ഒരു കാര്യം എടുത്തു പ്രതിഷ്ഠിച്ചു വയ്ക്കും. പലപ്പോഴും ഒരു പെണ്ണിനെ തോല്പിക്കാൻ, ഇഷ്ടത്തിന് കൊണ്ടുവരാൻ ഉള്ള ഏറ്റവും നല്ല മാർഗം ആണ് അവളെ കീഴ്പ്പെടുത്തുക എന്നത്. ഈ പരിശുദ്ധി എന്ന വാക്കുപോലും സ്ത്രീകൾക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ.. മനസിന്റെ ശുദ്ധിയേക്കാളും പവിത്രമായ സ്നേഹത്തെക്കാളും എന്തു മേന്മയാണ് കന്യകയാണ് എന്ന ഒറ്റ കാരണം കൊണ്ട് ഒരു പെണ്ണിന് ഉണ്ടാകുന്നത് എന്നെനിക്ക് മനസിലാകുന്നില്ല..”

കാശിയുടെ വാക്കുകളിൽ അവന്റെ ആത്മരോക്ഷം വ്യക്തമായിരുന്നു. തന്റെ അനിയന്റെ വാക്കുകളിൽ കൂടി അറിഞ്ഞ അവന്റെ കോളേജ് യൂണിയൻ ചെയർമാൻ ആയ, തീപ്പൊരി സഖാവായ കൈലാസ് നാഥിനെ നേരിൽ കാണുകയായിരുന്നു ബിലാൽ. അവനുമുന്നിൽ, അവന്റെ മൂല്യങ്ങൾക്ക് മുന്നിൽ താൻ ഒരുപാട് ചെറുതായ പോലെ തോന്നി അയാൾക്ക്. കാശിയുടെ മുന്നിൽ നിൽക്കാൻ പോലും യോഗ്യതയില്ലാത്ത തന്റെ ഇടുങ്ങിയ ചിന്താഗതി അവനെ ലജ്ജിപ്പിച്ചു. അപ്പോഴേക്കും ഷാഹിന വാതിൽ തുറന്ന് അകത്തേക്ക് വന്നു.

“ഷാഹി.. എങ്ങനെ ഉണ്ട് തനുവിന്? അവൾ ഓക്കെ അല്ലെ.. കുഴപ്പം ഒന്നുമല്ലല്ലോ?” കാശിയുടെ ഉള്ളിലെ ഭയം അവന്റെ മുഖ ഭാവത്തിലും വാക്കുകളിലും പ്രകടമായിരുന്നു. “ഹേയ്.. കാശി.. കൂൾ. ഇരിക്ക്. നമുക്ക് ഇരുന്നു സംസാരിക്കാം” കാശി അസ്വസ്ഥതയോടെ കസേരയിലേക്ക് ചാഞ്ഞു. പുറകെ ബിലാലും ഷാഹിനയും. “ബിലാൽ പറഞ്ഞില്ലേ തന്നോട് കാര്യങ്ങൾ. അല്ലെങ്കിലും കാശിയോട് കാര്യങ്ങൾ വ്യക്തമാക്കി തരേണ്ട കാര്യം ഇല്ലല്ലോ.” കാശി ഒന്നു മൂളി. ഷാഹിന തുടർന്നു: “തനിമയോടെ ബോഡി വല്ലാതെ വീക് ആയിട്ടുണ്ട്. പിന്നെ ശരീരത്തിൽ ആകമാനം മുറിവുകൾ ഉണ്ടായിട്ടുണ്ട്.

പ്രത്യേകിച്ചു പെൽവിക് റീജിയൺ. ഞാൻ ഉദ്ദേശിച്ചത് നാളെ നിങ്ങളുടെ വിവാഹം അല്ലെ.. സോ…” ഷാഹിന പാതി വഴിയിൽ നിർത്തി. കാശി അവരെ ഒന്നു നോക്കിയ ശേഷം മനസിലായി എന്ന ഭാവത്തിൽ തലയാട്ടി. ഷാഹി തുടർന്നു: “പോലീസിൽ അറിയിക്കേണ്ട കാര്യം ഇല്ല. കാശി ഇവിടെ ഉണ്ടല്ലോ. പക്ഷെ ആ കുട്ടിയുടെ ഫാമിലിയിൽ അറിയിക്കേണ്ട?” അപ്പോഴാണ് കാശിയും അതിനെ കുറിച്ചു ചിന്തിക്കുന്നത്. ഫോൺ എടുത്തു നോക്കിയപ്പോൾ മുപ്പതിൽ അധികം മിസ്ഡ് കോൾസ്..! “തനിമയെ ഒരു വൺ അവറിനുള്ളിൽ റൂമിലേക്ക് മാറ്റാം. അപ്പോഴേക്കും ആ കുട്ടിക്ക് ഒരു ഡ്രസ് വാങ്ങി കൊണ്ടുവരൂ.

പിന്നെ രാത്രി കഴിക്കാൻ കഞ്ഞി പോലെ ലഘുവായി എന്തെങ്കിലും കരുതണം.” “ഹോസ്പിറ്റൽ രേഖകളിലും മെഡിക്കൽ റെക്കോർഡ്സിലും BP കുറഞ്ഞു തലകറങ്ങി വീണും അങ്ങനെയേ വരാൻ പാടുള്ളൂ. നമ്മൾ ഇത്രയും പേരല്ലാതെ മറ്റാരും അറിയരുത് ഒന്നും.” കാശി ഒരു താക്കീതോടെ പറഞ്ഞു. ബിലാൽ തലയാട്ടി. ഷാഹിനയും. കാശി പുറത്തേക്ക് പോയി. തനുവിന്റെ അച്ഛന്റെയും ചെറിയച്ഛന്റെയും അമ്മമാരുടെയും ഏട്ടന്മാരുടെയും എല്ലാം മുഖം ഉള്ളിലേക്ക് വന്നെങ്കിലും ആരെയും വിളിക്കാൻ തോന്നുന്നില്ല. അവർക്ക് ആർക്കും താങ്ങാൻ കഴിയുന്നതല്ല തനുവിന് സംഭവിച്ചത്.

നീലുവിന്റെ കാര്യം ആലോചിച്ചപ്പോൾ കാശിയുടെ ഉള്ളിൽ പകയെരിഞ്ഞു. അറിഞ്ഞുകൊണ്ട് അല്ലെങ്കിലും അവളും തനുവിന്റെ ഈ അവസ്ഥക്ക് കാരണക്കാരിയാണ്. അവൻ കുറെ ആലോചിച്ചു. ഒടുവിൽ ഒരു പേരിൽ വന്നു നിന്നു: തരുൺ..! കാശി ഫോണെടുത്തു തരുണിനെ വിളിച്ചു തനുവിനെ കണ്ടുപിടിച്ചെന്നും BP കുറഞ്ഞു ഇലാഹിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നും അവൾക്ക് ഒരു ഡ്രെസ്സും രാത്രി കഴിക്കാനുള്ള ഭക്ഷണവും ആയി വരാനും പറഞ്ഞു. വീട്ടിൽ ആരോടും വരണ്ട എന്ന് പ്രത്യേകം പറഞ്ഞു ഏൽപ്പിച്ചു. നാളെ കല്യാണം നടക്കാൻ ഉള്ള വീടല്ലേ..! തരുണ് ഓടിപ്പിടഞ്ഞു വരുന്നത് കണ്ടപ്പോഴേ കാശിയുടെ ഉള്ളം വിങ്ങി.

“എന്താടാ.. എന്താ പറ്റിയെ തനുവിനു? എവിടെയാ അവൾ? എനിക്ക് കാണാൻ പറ്റുമോ?” ഒറ്റ ശ്വാസത്തിൽ കിതച്ചുകൊണ്ടാണ് ചോദ്യം. കാശിക്കു പാവം തോന്നി. കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു കൊച്ചു കുഞ്ഞിനെപോലെ നിലവിളിക്കുകയായിരുന്നു തരുൺ. ആണുങ്ങൾ കരയില്ല എന്നൊക്കെ ആരാണ് പറഞ്ഞത്? ചോരയും നീരുമുള്ള മനുഷ്യരാണ് അവരും. അവരും കരയും..! പരസ്പരം എന്തു പറഞ്ഞു അശ്വസിപ്പിക്കണം എന്നുപോലും അറിയാതെ അവർ മുഖത്തോടുമുഖം നോക്കി ഇരുന്നു.

വീട്ടിൽ ആർക്കും സംശയം തോന്നാതെ ഇരിക്കാൻ കാശി അവനെ തിരികെ പറഞ്ഞുവിട്ടു. അപ്പോഴേക്കും തനുവിനെ റൂമിലേക്ക് മാറ്റിയിരുന്നു. കാശി അവൾക്ക് അരികിലേക്ക് ചെന്നു. കവിളിൽ അടികൊണ്ട പാട് ഇപ്പോഴും തിണർത്തു കിടപ്പുണ്ട്. ചുണ്ട് പൊട്ടിയിട്ടുണ്ട്. കഴുത്തിൽ നഖം കൊണ്ടതിന്റെയും കടിച്ചതിന്റെയും പാടുകൾ. കൈകളിൽ നഖം ആഴ്ന്ന മുറിവുകൾ ഒരുപാടുണ്ട്. അമർത്തി പിടിച്ചതിന്റെ പാടുകൾ നിലച്ചു കിടക്കുന്നു. പക്ഷെ എല്ലാത്തിലും വലിയ മുറിവേറ്റത് അവളുടെ മനസിനാണ്. കാശിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

തുടരും

ഭാര്യ : ഭാഗം 3