ഭാര്യ : ഭാഗം 1
എഴുത്തുകാരി: ആഷ ബിനിൽ
“ഹരിയെട്ടാ.. ഒന്നിങ്ങു വരൂ..!” കല്യാണ വീട്ടിൽ അഥിതികളോട് സംസാരിച്ചുകൊണ്ടിരുന്ന ഹരിപ്രസാദ്, ഭാര്യ സുമിത്രയുടെ വിളി കേട്ട് തിരിഞ്ഞു നോക്കി. പുറകെ അനിയൻ ശിവപ്രസാദും. സുമിത്രയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നി ഹരിക്ക്. അയാളുടെ മുഖം മാറി എങ്കിലും അത് സമർഥമായി മറച്ചു. അഥിതികൾക്ക് സംശയത്തിന് ഇട നൽകാതെ തന്നെ അനിയനെ ഒന്നു നോക്കിയ ശേഷം അകത്തേക്ക് വലിഞ്ഞു. “എന്താ സുമി? എന്താ നിന്റെ മുഖം വല്ലാതെ?”
“ഏട്ടാ അത്.. തനുമോളെ ഇവിടെങ്ങും കാണുന്നില്ല.” “കാണുന്നില്ലന്നോ. നീ എന്ത് ഭ്രാന്താ ഈ പറയുന്നത്? മോള് എവിടെ പോകാൻ ആണ്?” “എനിക്കറിയില്ല ഏട്ടാ. ഞാനും ഗീതയും കൂടി നോക്കാൻ ഇനി ഒരിടവും ബാക്കിയില്ല. കാവിന്റെ അവിടേക്ക് മോള് പോയെന്ന് കേട്ട് കുട്ടികൾ അവിടേക്ക് പോയിട്ടുണ്ട്.” ശിവപ്രസാദിന്റെ ഭാര്യയാണ് ഗീത. “നാളെ കല്യാണം നടക്കേണ്ട വീടാണ്. പെണ്ണിനെ കാണാൻ ഇല്ലന്ന് നാട്ടുകാരറിഞ്ഞാൽ..!”
“ഇപ്പോ അതാണോ ഇവിടെ വിഷയം ഗീതേ? മോളെവിടെ പോയി എന്നറിയണ്ടേ? കുഞ്ഞിന് വല്ല അപകടവും ഉണ്ടാകും മുൻപ് ഇങ്ങെത്തിക്കണ്ടേ അവളെ? ഇപ്പോഴത്തെ കാലം ആണ്. ഒന്നും വിശ്വസിക്കാൻ പറ്റില്ല.” അവിടേക്ക് വന്ന ശിവൻ ഭാര്യയെ ശകാരിച്ചു. “ഞാൻ എന്തായാലും കാശിയെ ഒന്നു വിളിക്കട്ടെ. അവൻ വന്നിട്ടു തീരുമാനിക്കാം ബാക്കി” “അത് വേണോ ഏട്ടാ? കാശി അറിഞ്ഞാൽ എന്തു വിചാരിക്കും? അത് മാത്രമല്ല കേസൊക്കെ ആയാൽ നാളെ കല്യാണം…” “അതൊന്നും സാരമില്ല ഗീതേ.
മോളെ കണ്ടുപിടിച്ചിട്ടല്ലേ കല്യാണം ഒക്കെ” ഹരി പറഞ്ഞത് എല്ലാവരും ശരിവച്ചു. ശിവൻ ഫോണെടുത്തു ഡയൽ ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി. അന്നാട്ടിലെ അറിയപ്പെടുന്ന തറവാട്ടുകാർ ആണ് ഇവരുടെ ചെമ്പമംഗലം കുടുംബം. പഴയ ജന്മികൾ ആയിരുന്നു അവർ. ഹരിയുടെയും ശിവന്റെയും അച്ഛൻ പ്രസാദമേനോന്റെ കാലത്താണ് തറവാടിന്റെ പതനം തുടങ്ങിയത്. തറവാട്ടുസ്വത്തായ നിലവും മറ്റും വിറ്റ് ബിസിനസിലേക്ക് തിരിഞ്ഞ അദ്ദേഹം, ചില തകർച്ചകൾ വന്നതോടെ ആത്മഹത്യ ചെയ്തു. കടക്കാർ വന്ന് ഭാര്യ ലതയെയും മൂന്നു മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. പക്ഷെ ലത തളർന്നില്ല.
ആകുന്ന ജോലിയെല്ലാം ചെയ്ത് മക്കളെ പഠിപ്പിച്ചു, വളർത്തി. മൂന്നുപേരും സർക്കാർ ജോലി നേടി. മരുമക്കൾ ആയി വരുന്ന പെണ്കുട്ടികൾക്കും നല്ല വിദ്യാഭ്യാസം വേണം എന്നവർ നിർബന്ധം പിടിച്ചു. എങ്കിലും മക്കളുടെ കുടുംബജീവിതം കാണും മുൻപ് അവർ കണ്ണടച്ചു. മൂത്തയാൾ ഹരിപ്രസാദ്, വില്ലേജ് ഓഫീസർ ആയിരുന്നു. കഴിഞ്ഞ വർഷം റിട്ടയർ ആയി. ഭാര്യ സുമിത്ര അദ്ധ്യാപികയായിരുന്നു. അവർക്ക് ആദ്യം ഉണ്ടായത് ഒറ്റ പ്രസവത്തിൽ മൂന്നു മക്കളാണ്. അതോടെ സുമി ജോലി ഉപേക്ഷിച്ചു വീട്ടമ്മയായി.
മക്കളിൽ ആദ്യത്തെയാൾ തരുണ്, ഫെഡറൽ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആണ്. പിന്നെ ഉള്ളത് താരയും തനയ്യും. താര വിവാഹിതയാണ്. MBBS കഴിഞ്ഞു MD ചെയ്യുന്നു. ഭർത്താവ് രാജീവും ഡോക്ടർ ആണ്. ന്യൂറോസർജൻ. ഒരു വയസുള്ള മകൾ തൻവിയാണ് ഇപ്പോൾ അവരുടെ ലോകം. തനയ് അമ്മയുടെയും ചെറിയച്ഛന്റെയും ചെറിയമ്മയുടെയും പാത പിന്തുടർന്ന് കോളേജ് അദ്ധ്യാപകനായി. ഇളയ മകൾ തനു എന്ന തനിമയുടെ വിവാഹം ആണ് നാളേ. അതിന്റെ ഒരുക്കങ്ങൾ ആണ് ഇപ്പോൾ തറവാട്ടിൽ കാണുന്നത്.
ശിവനും ഭാര്യ ഗീതയും ഹയർ സെക്കണ്ടറി ആദ്ധ്യാപകരാണ്. ഒറ്റ മകൾ, നീലിമ എന്ന നീലു. തനുവും നീലുവും ദിവസങ്ങളുടെ വ്യത്യാസത്തിൽ ആണ് പിറന്നുവീണത്. ഓർമ വച്ച നാൾ മുതൽ രണ്ടു ശരീരവും ഒരു ആത്മാവും ആണ് അവർ. പ്ലസ് ടു വരെ ഒരേ മുറിയിൽ ആയിരുന്നു പഠിപ്പും കിടപ്പും എല്ലാം. പ്ലസ് ടു കഴിഞ്ഞ് തനു മെഡിസിന് ചേർന്നു. നീലു എഞ്ചിനീറിങ്ങിനും. അപ്പോഴാണ് രണ്ടുപേരും രണ്ടു റൂമിലേക്ക് മാറിയത് പോലും. ഇപ്പോൾ തനു ഫോർത്ത് ഇയർ കഴിഞ്ഞു. നീലു ബി ടെക് കഴിഞ്ഞു ബാങ്ക് ടെസ്റ്റും PSCയും എഴുതിക്കൊണ്ടിരിക്കുന്നു.
തത്കാലം പ്രൈവറ്റായി ജോലിക്ക് ശ്രമിക്കുന്നും ഉണ്ട്. ശിവനും ഹരിക്കും ഒരു സഹോദരി ആണ്. മാലതി. അവർ വാട്ടർ അതോറിട്ടിയിലെ ഉദ്യോഗസ്ഥയായിരുന്നു. ഇടക്കൊരു മേജർ സർജറി വേണ്ടി വന്നതുകൊണ്ട് VRS എടുത്തു. ഭർത്താവ് കൃഷ്ണൻ പ്ലാന്ററാണ്, ബിസിനസുകാരനും. രണ്ടു മക്കൾ. മൂത്തയാൽ കാശി എന്നു വിളിക്കുന്ന കൈലാസ് നാഥ്, IPS ആണ് ആൾ. സിറ്റിയിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ. തനുവിന്റെ ഭാവി വരൻ. മകൾ കാവ്യ. ഫൈനൽ ഇയർ ബി കോം സ്റ്റുഡന്റ്. “അമ്മാവാ.. എന്താ ഉണ്ടായത്..? തനു എവിടെ പോയി?” കാശി കിതച്ചുകൊണ്ടാണ് വന്നത്. അവനോട് എന്തു സമാധാനം പറയും എന്നറിയാതെ എല്ലാവരും പരുങ്ങി.
“എനിക്കറിയില്ല മോനെ.. മോള് കാവിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടു എന്നു ഭാനുവേടത്തി പറയുന്നത് കേട്ടു. വേറൊന്നും എനിക്കറിയില്ല” സുമിത്ര അപ്പോഴും കരയുകയായിരുന്നു. “ആ ആകാശവാണിയോ? അപ്പോൾ ഇവിടെ എല്ലാവരും അറിഞ്ഞോ?” “ഇല്ല മോനെ.. നമ്മൾ സംസാരിക്കുന്നത് കേട്ട് വന്നതാ ഭാനു.” ഹരിയുടെയൊക്കെ ഒരു അകന്ന ബന്ധുവാണ് ഭാനുമതി. ചെറിയൊരു റേഡിയോ ആണ് കക്ഷി. “എന്നിട്ടു കാവിന്റെ ഭഗത് പോയി നോക്കിയോ ആരെങ്കിലും?” “ഞങ്ങൾ അവിടുന്നാണ് വരുന്നത് കാശി” അവിടേക്ക് വന്ന തരുണ് പറഞ്ഞു.
അവനും തനയ്‌യും രാജീവും കൂടി കാവിന്റെ പരിസരത്തെല്ലാം നോക്കിയെങ്കിലും ആരെയും കണ്ടെത്താൻ ആയില്ല. “ഭാനുവമ്മയെ ഇങ്ങോട്ടൊന്നു വിളിക്കു” കർത്തവ്യനിരതനായ പോലീസുകാരൻ ആയി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും കാശി. “ഭാനുവമ്മ എപ്പോഴാ തനു കാവിലേക്ക് പോകുന്നത് കണ്ടത്?” “ഒരു മൂന്നര മണി ആയിക്കാണും കുഞ്ഞേ” “അത്ര ഉറപ്പ് പറയാൻ എന്താ കാരണം?” “നമ്മുടെ തുണി മില്ലിലെ സൈറണ് അടിക്കുന്ന ശബ്ദം കേട്ട പുറകെ ആണ് തനുക്കുഞ്ഞു പോകുന്നത് ഞാൻ കണ്ടത്.” “ഹ്മ്മ.. ഭാനുവമ്മ പോയ്‌കൊളു.”
അവർ പോകാൻ തുടങ്ങിയപ്പോൾ കാശി തിരികെ വിളിച്ചു. “പിന്നെ ഇതെങ്ങാനും പുറത്തു ആരെങ്കിലും അറിഞ്ഞാൽ, ജയിലിൽ പോയി ഉണ്ട തിന്നും. ഭാനുവമ്മയല്ല, അമ്മയുടെ തലതെറിച്ച മോൻ മഹി. അറിയാലോ കാര്യങ്ങൾ. പല തവണ കേസിൽ നിന്ന് ഞാൻ ഒഴിവാക്കി വിട്ടതാ അവനെ.” “എനിക്കറിയാം മോനെ. ഞാൻ ആരോടും ഒന്നും പറയില്ല. സത്യം” കാശി ഒന്നു മൂളി. പിന്നെ ഹരിയുടെ നേരെ തിരിഞ്ഞു: “അമ്മാവാ.. തനു പോയത് ഏകദേശം മൂന്നരയോടു കൂടിയാണ്. ഇപ്പോ സമയം നാലര. അധികം ദൂരമൊന്നും പോകാൻ വഴിയില്ല. കേസാക്കിയാൽ ബുദ്ധിമുട്ടാണ്. നാളെ കല്യാണം നടക്കാൻ ഉള്ളതല്ലേ..
അതുകൊണ്ട് ഞാൻ അണ്ഒഫീഷ്യലായി അന്വോഷിക്കാൻ ഉള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. എന്തായാലും ഞാൻ തനുവിന്റെ മുറി ഒന്നു നോക്കിയിട്ട് വരാം.” അതു കേട്ടപ്പോൾ അതുവരെ ഒരു മൂലക്ക് മിണ്ടാതിരുന്നു നീലുവിന്റെ മുഖം ഒന്നു മാറി. അതു കാശി ശ്രദ്ധിക്കുകയും ചെയ്തു. അവൻ മുകളിലേക്ക് കയറിപ്പോയി. തനുവിന്റെ മുറിയിൽ ആകമാനം നോക്കിയെങ്കിലും ഗുണമുള്ളത് ഒന്നും കണ്ടെത്താൻ കാശിക്ക് കഴിഞ്ഞില്ല. തനുവിന്റെ ഡയറിയും ബുക്കുകളും എല്ലാം പരിശോദിച്ചിട്ടും നിരാശ ആയിരുന്നു ഫലം. തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് മേശപ്പുറത്തിരുന്ന തനുവിന്റെ മൊബൈൽ ഫോൺ കണ്ടത്.
അതിലെ വാൾപേപ്പർ കണ്ട കാശി ഒരു നിമിഷം അതിൽ തന്നെ നോക്കി നിന്നു. ലാസ്റ്റ് കോൾ പരിശോധിച്ച അവന്റെ മുഖം വലിഞ്ഞുമുറുകി. “നീലൂ…!” താഴേക്ക് വന്ന കാശിയുടെ അലർച്ചകേട്ട് എല്ലാവരും വിറച്ചുപോയി. നീലു പേടിച്ചു കരയുമെന്ന അവസ്ഥയായി. “പറയു നീലു. തനു എവിടേക്കാ പോയത്?” “അത്.. എനിക്കറിയില്ല കാശിയേട്ടാ” കൈ വീശി ഒറ്റ അടിയായിരുന്നു കാശി. നീലൂ വേച്ചു നിലത്തുവീണു പോയി. “കാശി.. എന്താ നീയീ കാണിക്കുന്നത്? തനു മിസ്സിങ് ആയതിന് നീലൂ എന്തു ചെയ്തുവെന്നാ?” തനയ് അവളെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് ചോദിച്ചു.
“തനയ്… ഇവൾ.. ഇവൾക്കറിയാം തനു എവിടേക്കാണ് പോയതെന്ന്. അവളുടെ ഫോണിലേക്ക് വന്ന ലാസ്റ്റ് കോൾ വിളിച്ചത് ഇവളാണ്. അതും തനു മിസ്സിങ് ആകുന്നതിനു അഞ്ചുമിനിറ്റ് മുൻപ്.” കാശി നീലുവിന്റെ നേരെ വന്നു. അവളുടെ മുഖത്തേക്ക് നോക്കി. നീലൂ അടികൊണ്ട പാടിൽ തടവിക്കൊണ്ട് മുഖം കുനിച്ചുനിന്നതേയുള്ളൂ. “പറയു നീലൂ. തനു എവിടെ?” അതോടെ എല്ലാ കണ്ണുകളും നീലൂവിലേക്കായി. അവൾക്ക് പിടിക്കപ്പെട്ടു എന്ന് ബോധ്യമായികഴിഞ്ഞിരുന്നു. എന്തു പറയുമെന്നറിയാതെ അവൾ കുഴങ്ങി. തുടരും