Tuesday, December 17, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 11

എഴുത്തുകാരി: Anzila Ansi

പാർട്ടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു ബെൻസ് വന്നായിരുന്നു…. അതിന്റെ തൊട്ടു പുറകിലായി വേറെ ഒരു കാറുകൂടിവന്നു നിന്നു… ബെൻസിന്റെ കോഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് മാണിക്യ മംഗലത്തെ കാർണവർ ദേവദത്തൻ ഇറങ്ങി…. വണ്ടി ഓടിച്ചു കൊണ്ട് വന്നത് അദ്ദേഹത്തിന്റെ മൂത്ത മകൻ രാജേന്ദ്രനായിരുന്നു… പിന്നിൽ നിന്നും രാജേന്ദ്രന്റെ ഭാര്യയും കല്യാണിമ്മയും ഇറങ്ങി…

തൊട്ടു പുറകിലെ കാറിൽ നിന്നും രാജേന്ദ്രന്റെ മക്കളായ വിഹാനും വിശാഖും അവരുടെ ഭാര്യമാരും ഇറങ്ങി…. ശാരദാമ്മ ഓടിവന്ന് അച്ഛനെയും അമ്മയെയും വല്യേട്ടനെയും കുട്ടികളെയും അകത്തേക്ക് ക്ഷണിച്ചു…. നീ ഒരുപാട് അങ്ങ് ക്ഷീണിച്ചലോ മോളെ… ഒരു അമ്മയുടെ ആവലാതിയോടെ കല്യാണിയമ്മ തന്റെ മകളെ ചേർത്തുനിർത്തി പറഞ്ഞു…. അത് അമ്മയ്ക്ക് തോന്നുന്നത… അല്ല മഹി വന്നില്ലേ അമ്മേ…. അത് ചോദിച്ചതും കല്യാണിമ്മയുടെ മുഖം വാടി….

അവന് ഊരുതെണ്ടി നടന്ന് ഇപ്പോൾ വീട്ടിൽ കയറാൻ സമയമില്ല… അത് അങ്ങനെ ഒരു ജന്മം..ഹ്മ്മ്….അല്പം കടുപ്പിച്ചു തന്നെ ദേവദത്തൻ ശാരദമ്മയോട് പറഞ്ഞു… ഇനി സംസാരിച്ചാൽ ശരിയാകില്ലെന്ന് തോന്നിയ കല്യാണിയമ്മ തന്നെ വിഷയം മാറ്റാൻ മുൻകൈ എടുതു…. നീയെന്താ ശാരദേ ഞങ്ങളെ ഇവിടെ തന്നെ നിർത്താനാണോ ഉദ്ദേശം…. അയ്യോ അമ്മേ ഞാൻ അത് അങ്ങ് മറന്നു… വാ എല്ലാരും മക്കളെ കാണണ്ടേ… മുറ്റത്ത് ഒരുക്കിയ ഒരു കുഞ്ഞു സ്റ്റേജിൽ കിങ്ങിണി മോളെ എടുത്തുകൊണ്ട് അഞ്ജലി ഹരികൊപ്പം നിൽപ്പുണ്ടായിരുന്നു….

കുറഞ്ഞ സമയം കൊണ്ട് അഞ്ജലിയുടെ ലോകം കിങ്ങിണി മോള് മാത്രമായി ഒതുങ്ങിയിരുന്നു… ഹരി അവരുടെ കളിയും ചിരിയും സംസാരവും ഒക്കെ ആസ്വദിക്കുകയായിരുന്നു…. ശാരദാമ്മ അഞ്ജുവിനെ തന്റെ കുടുംബത്തിനു പരിചയപ്പെടുത്താനായി അങ്ങോട്ടേക്ക് കൊണ്ടു പോയി…. അഞ്ജലിയെ കണ്ട് അവരെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടി എന്നുപറയാം…. പണ്ട് തങ്ങളുടെ വീട്ടിൽ നിന്ന് ആട്ടിയോടിച്ച ആ 20 കാരി പെണ്ണ്….

അവർ പരസ്പരം നോക്കി….എല്ലാവരും അവളിൽ കൊച്ച് ജാനകിയെ കണ്ടപ്പോൾ… കല്യാണിയമ്മ അവളിൽ തന്റെ മഹിയെയാണ് കണ്ടത്…. അഞ്ജലി അവരെ കൈകൂപ്പി വണങ്ങി…. കിങ്ങിണി മോളെ നിലത്തു നിർത്തി ഹരിക്കൊപ്പം അവരുടെ അനുഗ്രഹം വാങ്ങാൻ തുടങ്ങി…. അഞ്ജലിയുടെ കൈ ആ വൃദ്ധന്റെ പാദത്തിൽ സ്പർശിച്ചപ്പോൾ പ്രതാപിയും പ്രമാണിയുമായ ദേവാദത്തന്റെ ശരീരം ഒന്ന് പൊള്ളി വിറച്ചു….. കല്യാണിയമ്മ അഞ്ജുവിനെ ചേർത്തുനിർത്തി നെറുകയിൽ ചുംബിച്ചു….

തന്റെ കയ്യിൽ നിന്നും ഒരു വള ഊരി അവളുടെ കയ്യിൽ അണിയിച്ചു…അഞ്ജു സ്നേഹപൂർവ്വം നിരസിക്കാൻ ശ്രമിച്ചെങ്കിലും അവർ അതൊന്നും ചെവിക്കൊണ്ടില്ല… രാജേന്ദ്രന്റെയും ഭാര്യ സീതാലക്ഷ്മിയുടെയും അനുഗ്രഹം വാങ്ങി…. അഞ്ജുവിനെ കണ്ടപ്പോൾ രാജേന്ദ്രന്റെ മനസ്സൊന്ന് പിടഞ്ഞു… തന്റെ കുഞ്ഞ് അനിയന്റെ ജീവിതം ഈ രീതിയിൽ തകരാൻ താനും ഒരു കാരണക്കാരനായല്ലോ എന്നോർത്ത് ആ മനസ്സ് വല്ലാതെ വേദനിച്ചു….. അവർക്കൊന്നും വിശ്വസിക്കാനായില്ല….

അഞ്ജലി ജാനകിയുടെ മകളാണോ….? എങ്കിൽ അവളുടെ അച്ഛൻ ആര്…?അവരുടെ ഉള്ളിൽ പലചോദ്യങ്ങളും കുമിഞ്ഞുകൂടി… ഹരിയുടെ അച്ഛൻ ശിവപ്രസാദിനെ അവർക്കെല്ലാം പരിചയപ്പെടുത്തി….. അഞ്ജു ശിവപ്രസാദിന്റെയും ജാനകിയുടെയും മകൾ ആണെന്നറിഞ്ഞപ്പോൾ കല്യാണിമ്മയ്ക്ക് അല്പം വിഷമം തോന്നി….. പുറത്തു കാണിച്ചില്ലെങ്കിലും ദേവാദത്താനും പേരറിയാത്തൊരു സങ്കടം തോന്നി…. കുറച്ചധികം യാത്ര ചെയ്യേണ്ടത് കൊണ്ട് ശിവപ്രസാദം കുടുംബവും ശ്രീ മംഗലത്ത് നിന്നും ഇറങ്ങി….

അവർ ഇറങ്ങാൻ നേരം അഞ്ജു ശിവപ്രസാദിനെ കെട്ടിപ്പിടിച്ച് കരഞ്ഞു…അവർ തമ്മിലുള്ള സ്നേഹവും ആത്മബന്ധവും ഒഴിച്ചാൽ രൂപത്തിലോ ഭാവത്തിലോ വേറെ ഒന്നിലും തന്നെ അവർ തമ്മിൽ യാതൊരുവിധ സാദൃശ്യവും തോന്നിയില്ല…. അത് രാജേന്ദ്രൻ ശ്രദ്ധിക്കുകയും ചെയ്തു…. അയാൾക്കുള്ളിൽ വീണ്ടും പല സംശയങ്ങളും ഉടലെടുത്തു…. നേരം ഇരുട്ടിയാതുകൊണ്ടു തന്നെ മാണിക്യ മംഗലത്തെ എല്ലാവരും ശ്രീ മംഗലത്ത് തന്നെ തങ്ങൻ തീരുമാനിച്ചു…. കല്യാണിമ്മയ്ക്ക് അഞ്ജുവിനെ എങ്ങോട്ടും വിടാൻ തോന്നിയില്ല….

എന്തോ അവർക്ക് അഞ്ജുവിനോട് പ്രത്യേകതരം വാത്സല്യം തോന്നി…. കിങ്ങിണി മോൾക്ക് അഞ്ജു തന്നെയാണ് ആഹാരം വാരി കൊടുത്തത്… അവളെ ഇന്ന് അമ്മയുടെയും അച്ഛന്റെയും കൂട്ടി കിടത്താം എന്ന് പറഞ്ഞെങ്കിലും അഞ്ജലി അത് സമ്മതിച്ചില്ല…. മോളെയും എടുത്ത് അവരുടെ മുറിയിലേക്ക് പോയി…. ഹരി മുറിയിലേക്ക് കയറി ചെന്നപ്പോൾ അഞ്ജു ബാൽക്കണിയിൽ കിങ്ങിണി മോളെ തോളിൽ കിടത്തി തട്ടി ഉറക്കുന്നതാണ് കണ്ടത്… ഒപ്പം അവൾ ഏതോ പാട്ടിന്റെ വരികൾ മൂളുന്നുണ്ടായിരുന്നു….

ഹരി കബോർഡിൽ നിന്നും ടവ്വലും എടുത് ബാത്റൂമിലേക്ക് കയറി….. തിരികെ വന്നപ്പോൾ അഞ്ജലി ഉറങ്ങിയ മോളെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ആലോചിച്ചു നിൽക്കുന്നതാണ് ഹരി കാണുന്നത്…. അവൻ പതിയെ അഞ്ജുവിന്റെ കയ്യിൽ നിന്ന് മോളെ വാങ്ങി ബെഡ്ഡിൽ കിടത്തി… ഒപ്പം അവനും കേറി കിടന്നു…. കുറച്ച് സമയം ആയിട്ടും അവളെ കാണാതെ ഹരി തിരിഞ്ഞു നോക്കി…. അതേ നിൽപ്പ് തന്നെ നിൽക്കുവാണ് കക്ഷി… നിനക്കെന്താ ഉറക്കം ഒന്നും ഇല്ലേ….?

ഗൗരവം ഒട്ടും കുറയ്ക്കാതെ തന്നെ ഹരി ചോദിച്ചു… അ..ല്ല ഞാ..ൻ എവി..ടെ കിട…ക്കും അവൾ വിക്കി വാക്കുകൾ കൂട്ടിച്ചേർത്ത് ചോദിച്ചു… അവളുടെ വിക്കലും വെപ്രാളവും കണ്ട് ഹരിയുടെ ചുണ്ടിൽ ഒരു ചിരി ഉണർന്നു… നിനക്കെന്താ വിക്കൽ ഉണ്ടോ… പിരുകം ഉയർത്തി അവൻ ചോദിച്ചു ഇല്ല…. അഞ്ജലി തലകുനിച്ച് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു… ഇവിടെ ഇത്രയും സ്ഥലം കിടക്കുന്നുണ്ടല്ലോ.. നിനക്ക് അതൊന്നും പോരേ കിടക്കാൻ… അതോ ഇനി നിന്നെ ഞാൻ എന്റെ തലയിൽ പിടിച്ചു കിടത്തനോ…?

അവനത് പറഞ്ഞുതീർന്നതും അഞ്ജലി കിങ്ങിണി മോളുടെ മറുവശത്ത് കേറി കിടന്നു… എന്തോ അഞ്ജലി കുറെ നാളിന് ശേഷം അന്ന് നന്നായി ഉറങ്ങി…. ശാരദേ ആ കുട്ടി…. അവളുടെ അമ്മ ജാനകി ആണോ….? ആണെങ്കിൽ ഇന്ന് കണ്ട അയാളാണോ ആ കുട്ടിയുടെ അച്ഛൻ….? അഞ്ജു ജാനകിയുടെ മകൾ തന്നെയാണ് അച്ഛാ…. എനിക്കും വലുതായിട്ടൊന്നും അറിയില്ല….പക്ഷേ കുറച്ച് സംശയങ്ങൾ ഉണ്ട്.. അതിപ്പം ആരോടാ ചോദിക്കിയ…. അഞ്ജു മോൾക്ക് എന്തായാലും ഒന്നും അറിയാൻ സാധ്യതയില്ല…

അവൾക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ജാനകി മരിക്കുന്നത്…. പിന്നെയുള്ളത് അവളുടെ അച്ഛനാണ്…. അതിപ്പോ എങ്ങനെയാണ് ആ മനുഷ്യനോട് ഇതൊക്കെ ചോദിക്കുന്നെ…. ആരോടും ഒന്നും ചോദിക്കേണ്ട…. എനിക്കറിയാം അത് എന്റെ മഹി മോന്റെ ചോരയ…. എനിക്ക് അവളെ കണ്ടപ്പോൾ എന്റെ മഹിയുടെ കുട്ടിക്കാലമാണ് ഓർമ്മ വന്നത്…. അവനെപ്പോലെ അവൾക്കും ഉണ്ട് ചിരിക്കുമ്പോൾ ഉണ്ടാകുന്ന ആരെയും മയക്കുന്ന ആ നുണക്കുഴി….. പിന്നെ അവർക്ക് ജാനകിയുടെ രൂപമാണെങ്കിൽ നിറം മഹിയുടെയാണ് കിട്ടിയത്….

കല്യാണിയമ്മ ആവേശത്തോടെ ഓരോന്ന് പറയാൻ തുടങ്ങി…. കല്യാണി…… ദേവദത്തൻ ശബ്ദമുയർത്തി…. എന്താ എല്ലാം മറന്നോ….?എനിക്ക് തോന്നിയ സംശയത്തിന്റെ പേരിലല്ലേ നിങ്ങളും ഈ നിൽക്കുന്ന നമ്മുടെ മൂത്ത മകനും കൂടി ഇതെല്ലാം ചെയ്തുകൂട്ടിയത്….. അന്ന് എനിക്ക് തോന്നിയ സംശയം ശരിയാണെങ്കിൽ അഞ്ജു മോള് നമ്മുടെ മഹിയുടെ കുഞ്ഞു തന്നെയാ… എന്തൊക്കെയാ അമ്മേ ഈ പറയുന്നേ… ശാരദ ആവലാതിയോടെ ചോദിച്ചു…. പിന്നീട് കല്യാണിയമ്മ പറഞ്ഞതൊക്കെ കേട്ട് ശാരദ തകർന്നുപോയി…

പതിവ് പോലെ നാലുമണിക്ക് തന്നെ അഞ്ജു എഴുന്നേറ്റു…. ശബ്ദമുണ്ടാക്കാതെ കബോർഡ് തുറന്ന് ഇടാൻ ഉള്ള വസ്ത്രം എടുത്ത് അവൾ പമ്മി ബാത്റൂമിൽ കയറി… ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് ഹരി ഉണർന്നു…. അവൻ ഫോണിൽ സമയം നോക്കിയപ്പോൾ നാലുമണി കഴിഞ്ഞതേയുള്ളൂ….. അധികം വൈകാതെ അഞ്ജു കുളിച്ച് ഇറങ്ങി… ശബ്ദമുണ്ടാക്കാതെ പമ്മി നടന്നു വരുന്ന അവളെ കണ്ടപ്പോൾ ഹരിക്ക് ചിരി വന്നു….. കണ്ണാടിക്ക് മുന്നിൽ ചെന്നുനിന്ന് വാരി ചുറ്റിയ സാരി അവൾ നന്നായി ഒന്നുകൂടി ഉടുത്തു..

ശേഷം അവൾ ബാൽക്കണിയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി തലയിലെ കെട്ട് അഴിച്ചു മുടി നന്നായി കൊതി ഒതുക്കി.. ബാൽക്കണി വാതിൽ അടച്ച് ബെഡിനരികിൽ വന്ന് കിങ്ങിണി മോളെയും ഹരിയെയും ഷീറ്റെടുത്ത് നന്നായി പുതപ്പിച്ചു കൊടുത്തു… യാതൊരുവിധ ചമയങ്ങളും അവളിൽ ഇല്ലായിരുന്നു….വേഗം മുടി കുളി പിന്നൽകെട്ടി പുറത്തേക്കിറങ്ങാൻ വാതിൽ തുറക്കാൻ ആഞ്ഞതും അവളുടെ കയ്യിൽ ഒരു പിടി വീണു….. അഞ്ജു ഞെട്ടി തിരിഞ്ഞു നോക്കിയതും പുറകിൽ ഹരി നിൽക്കുന്നു….

അവൾ ഉമിനീർ വിഴുങ്ങി മിഴിച്ച് അവനെ നോക്കി… നീ ഈ കൊച്ചുവെളുപ്പാകാലത്ത് ഇത് എവിടെ പോവാ…? അതുപിന്നെ അടുക്കളയിൽ… നിനക്കെന്താ വിശക്കുന്നുണ്ടോ….? അവൾ അവനെ അത്ഭുതത്തോടെ നോക്കി ഇല്ല എന്ന് അർത്ഥത്തിൽ തലയാട്ടി… പിന്നെ എന്തിനാ നീ ഈ നേരത്ത് അടുക്കളയിൽ പൊന്നേ… ഞാൻ അവിടുത്തെ വീട്ടിൽ നാലുമണിക്ക് എഴുന്നേറ്റ് അവിടുത്തെ അടുക്കള ജോലി എല്ലാം ഒതുക്കും… അതാ പതിവ്…. എങ്കിൽ ഇവിടെ ആ പതിവ് വേണ്ട… അടുക്കളയിൽ വല്ലോം വെച്ച് ഉണ്ടാക്കാൻ സരോജിനി ചേച്ചി ഉണ്ട്…

ഇവിടെ എല്ലാരും എണീക്കാൻ താമസിക്കും….കേട്ടോ… മ്മ്മ്… അവൾ ഒന്നു മൂളുക മാത്രം ചെയ്തു എങ്കിൽ നീ പോയി കിടക്ക് കുറച്ചുകുടി കഴിഞ്ഞിട്ട് എണീറ്റമതി…. അയ്യോ എനിക്കിനി കിടന്ന ഉറക്കം വരില്ല… ഞാൻ പൂജാമുറിയിൽ പോയി വിളക്ക് കത്തിച്ചോളാം… അവൻ അവളെ അടിമുടി ഒന്നു നോക്കി…. അത് അഞ്ജുവിൽ ഒരു ജാള്യത ഉളവാക്കി… നീ എന്തെങ്കിലും മറന്നോ…? അവൾ അവളെ തന്നെ നോക്കി അവന് ഇല്ലെന്നു മറുപടി നൽകി…. ഹരി അവളെ കയ്യിൽ പിടിച്ചു കണ്ണാടിക്കുമുന്നിൽ കൊണ്ട് നിർത്തി…..

ഇനി നോക്ക് എന്തെങ്കിലും മറനിട്ടുണ്ടോ…? അവൾ ഇല്ല എന്ന് പറയാൻ തുടങ്ങിയതും അഞ്ജുവിന്റെ ശ്രദ്ധ ഒഴിഞ്ഞുകിടക്കുന്ന അവളുടെ സീമന്തരേഖയിൽ പെട്ടു…. അവൾ ഹരിയെ ഒന്നു നോക്കി കുങ്കുമച്ചെപ്പ് എടുക്കാൻ ആഞ്ഞതും അവൻ അവളെ തടഞ്ഞു….. ഹരി ആ കുങ്കുമച്ചെപ്പ് കൈയിലാക്കി അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തി… അഞ്ജു കണ്ണുകൾ ഇറുകെ അടച്ച് ഉള്ളിലൊരു പ്രാർത്ഥനയോടെ ആ സിന്ദൂരം ഹൃദയത്തിലേക്ക് കൂടി ഏറ്റുവാങ്ങി….

അവൻ അവളുടെ കൈ സ്വതന്ത്രമാക്കി… ഹ്മ്മ്… ഇനി പൊയ്ക്കോ….. അവൾ തലയാട്ടി അവന് ഒരു പുഞ്ചിരി നൽകി പുറത്തേക്കിറങ്ങി….. ഹരി ഒരു ചിരിയോടെ വീണ്ടും കിങ്ങിണി മോളെ കെട്ടിപ്പിടിച്ചു കിടന്നു…. അഞ്ജു പൂജാമുറിയിൽ കയറി വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചു അവിടെ ഇരുന്ന താലത്തിൽ നിന്നും ഒരല്പം ഭസ്മം നെറ്റിയിൽ തൊട്ടു കൊണ്ട് തിരിഞ്ഞപ്പോൾ കല്യാണിയമ്മ അങ്ങോട്ടേക്ക് വന്നു…. ആഹാ.. മോള് ഇത്ര നേരത്തെ എഴുന്നേറ്റയിരുന്നോ…? ഞാൻ എന്നും ഈ സമയത്ത് എഴുന്നേൽക്കും അമ്മമ്മേ…

ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്ക് ഇങ്ങനെയൊക്കെ ഉള്ള ശീലം കാണാൻ വഴിയില്ല… സൂര്യപ്രകാശം മൂട്ടിൽ തട്ടിയാലല്ലേ എഴുന്നേൽക്കൂ…. അഞ്ജു ഒന്ന് ചിരിക്കുക മാത്രം ചെയ്തു…. കല്യാണിയമ്മ അഞ്ജുവിന്റെ തലയിൽ തലോടി അവളെ ചേർത്തു പിടിച്ചു… മോളുടെ അമ്മയ്ക്ക് എന്തു പറ്റിയതാ… എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാ അമ്മ മരിക്കുന്നത്….ക്യാൻസറായിരുന്നു… അവസാനഘട്ടത്തിലാണ് അറിയുന്നത്.. അതുകൊണ്ട് തന്നെ ഒരുപാട് വേദന ഒന്നും സഹിക്കേണ്ട വന്നില്ല അതിനുമുമ്പ് ഈശ്വരൻ അമ്മേ അങ്ങ് വിളിച്ചു….

ഇന്നലെ വന്ന മോളുടെ അനിയത്തിമാർ അച്ഛന്റെ രണ്ടാം ഭാര്യയിൽ ഉള്ളതാണോ..? മ്മ്മ്മ്.. അതേ….അമ്മയുടെ മരണശേഷം എല്ലാരുടെയും നിർബന്ധപ്രകാരമാണ് അച്ഛൻ ചെറിയമ്മേ വിവാഹം ചെയ്യുന്നത്… ചെറിയമ്മയ്ക്ക് അനു ജനിക്കുന്നത് വരെ എന്നോട് വലിയ കാര്യമായിരുന്നു…. പിന്നെ ആ സ്നേഹം എങ്ങോട്ട് പോയന്ന് അറിയില്ല… അങ്ങനെ കിട്ടിയ ശീലമാണ് ഈ നാലു മണിക്ക് എഴുനേൽക്കുന്നത്….. ഈ സമയത്ത് എഴുന്നേറ്റാലെ ജോലി എല്ലാം ഒതുക്കി കോളേജിൽ പോകാൻ പറ്റൂ…

അഞ്ജലി ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തി…. അവളുടെ ആ ചിരി വൃദ്ധയുടെ ഹൃദയത്തിലാണ് കൊണ്ടത്… അയ്യോ ഞാൻ ഓരോന്ന് പറഞ്ഞ് സമയം പോയല്ലോ… അമ്മാമ്മക്ക് എന്താ വേണ്ടേ…? ചായയാണോ…. വീട്ടിൽ അച്ഛൻ രാവിലെ കട്ടനാണ് കുടിക്കാറ്….ഇവിടെ എങ്ങനെയ….? എനിക്കറിയില്ലല്ലോ…? അഞ്ജു വിഷമത്തോടെ പറഞ്ഞു… അതിന് എന്തിനാകുട്ടി വിഷമിക്കുനെ അമ്മാമ്മ പറഞ്ഞു തരാമല്ലോ… സരോജിനി ചേച്ചിക്ക് വിശ്രമം നൽകി അഞ്ജവും കല്യാണിമ്മയും ചേർന്ന് രാവിലത്തേയ്ക്കുള്ള ആഹാരം തയ്യാറാക്കി….

കിങ്ങിണി മോൾക്ക് ഉള്ള പാല് തിളപ്പിച്ച് വെച്ച് ശ്രീഹരിക്കുള്ള കോഫിയുമായി അഞ്ജു മുറിയിലേക്ക് പോയി…. ശ്രീയേട്ടാ…..ശ്രീയേട്ടാ… അഞ്ജു മടിച്ച് അവന്റെ പുറത്ത് തട്ടി ഉണർത്തി…. ആയാസപ്പെട്ട് കണ്ണുതുറന്ന് ഹരി കാണുന്നത് കോഫിയുമായി നിൽക്കുന്ന അഞ്ജുവിനെയാണ് അവൻ കണ്ണെടുക്കാതെ അവളെ നോക്കിനിന്നു….. അമ്മേ….. കിങ്ങിണി മോള് ചിണുങ്ങി കൊണ്ട് എഴുന്നേറ്റു അഞ്ജുവിന് നേരെ കൈ ഉയർത്തി…. ഹരിയിൽ നിന്നും നോട്ടം മാറ്റി അഞ്ജു കിങ്ങിണി മോളെ എടുത് ബാത്ത്റൂമിലേക്ക് നടന്നു…..

ഡൈനിങ് ടേബിളിന് ചുറ്റും ആദ്യം പുരുഷന്മാർ എല്ലാവരും നിരന്നിരുന്നു… സ്റ്റെപ്പുകൾ ഇറങ്ങി വന്ന ഹരിയും അവർക്കൊപ്പം ഇരുന്നു…. ഹയ്….സാമ്പാർ കൊള്ളാല്ലോ…. നാവ് കൂടെ ഇറങ്ങിപ്പോന്നു….ദേവാദത്തൻ ദോശ മുറിച്ച് സാമ്പാറിൽ മുക്കി വായിൽ ഇട്ടു കൊണ്ട് പറഞ്ഞു… അഞ്ജു മോള് ഉണ്ടാക്കിയത… കല്യാണിയമ്മ ആവേശത്തോടെ പറഞ്ഞു…. ജാനകിയുടെ അതേ കൈപ്പുണ്യം…ആ വൃദ്ധന്റെ ഓർമ്മകൾ പത്തിരുപത്തിരണ്ട് കൊല്ലം പുറകോട്ട് പോയി… അതിന്റെ ഫലമായി രണ്ടു തുള്ളി കണ്ണുനീർ ആ കണ്ണിൽ തിളങ്ങി…

ഹരികുട്ടാ…. നാളെ അഞ്ജു മോളെ നീ അവളുടെ വീട്ടിൽ കൊണ്ടാക്കണം ഒപ്പം അവരുടെ ബന്ധുവീടുകളിലും നിങ്ങൾ രണ്ടുംകൂടി ഒന്ന് കേറണം ….. മോളെ അവിടെ നിർത്തിയിട്ട് നിനക്ക് തിരിച്ചു ഇങ്ങ് പോരാം…. അതെന്താ ശാരദേ അഞ്ജു മോളെ അവിടെ നിർത്തുന്നത്….?ദേവാദത്തൻ ചോദിച്ചു… അത് അച്ഛാ മോൾക്ക് അവസാന വർഷ പരീക്ഷ ഈ വരുന്ന 27 ന് തുടങ്ങും… ഇനി കഷ്ടിച്ച് 10 ദിവസം പോലുമില്ല…. ഇവിടുന്ന് ഒരുപാട് ദൂരം ഇല്ലേ മോള് പഠിക്കുന്ന കോളേജിലേക്ക്…

അവിടുന്ന് ആകുമ്പോൾ പോയിവരാൻ എളുപ്പമാണല്ലോ.. അതുകൊണ്ട് പരീക്ഷ തീരുന്നത് വരെ അവിടെ നിൽക്കട്ടെ എന്ന് കരുതി…പരീക്ഷ എല്ലാം കഴിഞ്ഞ് ഇങ്ങ് കൂട്ടിക്കൊണ്ടുവരാലോ… അമ്മേ കിങ്ങിണിക്ക് അഞ്ജലി ഇല്ലാതെ പറ്റില്ലല്ലോ… അതുകൊണ്ട് നാളെ പോയിട്ട് ഞങ്ങൾ രണ്ടും ഇങ്ങ് തിരിച്ചുപോരും… അഞ്ജലി ഇവിടെ തന്നെ നിൽക്കട്ടെ…. പരീക്ഷക്ക് രാവിലെ ഞാൻ കൊണ്ടു വിടാം.. തിരിച്ചു ഉണ്ണിയോ ഞാനോ തന്നെ വിളിച്ചു കൊണ്ടു വരുകയും ചെയ്യാം…. ഹരി ആഹാരത്തിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ പറഞ്ഞു…

അവിടെ ഇരുന്നവരെല്ലാം അത്ഭുതത്തോടെ ഹരിയെ നോക്കി….. ഉംഹം ഉംഹം…… ഹരി പറയുന്നത് കേട്ട് ആഹാരം ഉണ്ണിയുടെ നെറുകയിൽ കയറി അവൻ ചുമക്കാൻ തുടങ്ങി….ഹരി ആർക്കും മുഖം കൊടുക്കാതെ വേഗം എഴുന്നേറ്റു കൈകഴുകി മുറിയിലേക്ക് പോയി…. എന്നാലും എന്റെ ഏട്ടത്തി ഇനി ഒരു കല്യാണമേ വേണ്ട എന്നും പറഞ്ഞു നടന്ന ഈ കാട്ടുപോത്തിനെ അമ്മ നിരാഹാര സമരം വരെ നടത്തിയാണ് കല്യാണത്തിന് സമ്മതിപ്പിച്ചതുപോലും പിന്നെ എങ്ങനെ ഇതിനെ ഒരു ദിവസം കൊണ്ട് ഏട്ടത്തി മെരുക്കി എടുത്തു…..

ഉണ്ണി അൽഭുതത്തോടെ അഞ്ജുവിനോട് ചോദിച്ചു….. അവന്റെ ആ ചോദ്യത്തിന് അഞ്ജു ഒന്ന് ചിരിച്ചതേയുള്ളൂ…. ശാരദാമ്മ ഉണ്ണിയുടെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു…. നീ മിണ്ടാതിരുന്നു കഴിക്കുന്നുണ്ടോ ചെക്കാ വെറുതെ ഓരോന്ന് പറഞ്ഞ് നീ അവനെ ചൂട് പിടിപ്പിക്കല്ലേ…. ഹ്മ്മ്….. മോള് കഴിച്ചിട്ട് മുറിയിലോട്ട് ചെല്ല് അവന് ഇന്നെന്തോ സർജറി ഉണ്ടെന്ന് പറയുന്നത് കേട്ടയിരുന്നു…..പിന്നെ അവനോട് വൈകുന്നേരം അമ്പലത്തിൽ പോകേണ്ട കാര്യം പറയാൻ മറക്കണ്ട കേട്ടോ….

കിങ്ങിണി മോൾക്ക് ആഹാരം കൊടുത്ത് അവളും കഴിച്ച് മുറിയിൽ ചെന്നപ്പോൾ ഹരി ഹോസ്പിറ്റലിൽ പോകാൻ ഒരുങ്ങുകയായിരുന്നു… അതെ…. ശ്രീയേട്ടാ…വൈകുന്നേരം നേരത്തെ വരാൻ അമ്മ പറഞ്ഞു….. മ്മ്മ്മ്….എന്താ കാര്യം…. വൈകുന്നേരം അമ്പലത്തിൽ പോണം… മ്മ്മ്മ്… ഹരി ഒന്ന് മൂളുക മാത്രം ചെയ്തു…. മാണിക്യ മംഗലത്ത് ഉള്ളവരെല്ലാം രാവിലെ തന്നെ തിരികെ പോയി… ഹരി പോയതിനു ശേഷം അഞ്ജു കിങ്ങിണി മോൾടെ ഒപ്പമായിരുന്നു മുഴുവൻ സമയവും…..

ഹരി ഉച്ചകഴിഞ്ഞ് വീട്ടിലെത്തി…. വൈകുന്നേരം കുളിച്ച് അഞ്ജു കറുത്ത കരയുള്ള ഒരു സെറ്റ് സാരി ഉടുത്ത്… മുടി അഴിച്ചിട്ട് കുളിപ്പിന്നാൽ കെട്ടി….. നെറ്റിമേൽ ഒരു കറുത്ത കുഞ്ഞ് വട്ടപ്പൊട്ടും നെറുകയിൽ അല്പം സിന്ദൂരവും തൊട്ടു… കിങ്ങിണി മോൾക്ക് ഒരു പട്ടു പാവാടയും ഉടുപ്പും ഇട്ടു കൊടുത്തു…. ഹരി കറുത്ത കരയുള്ള മുണ്ടും കറുത്ത ഷർട്ടും ആയിരുന്നു വേഷം.. അവർ അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി…. അമ്പലത്തിൽ കയറി തൊഴുത് പ്രസാദം വാങ്ങി ഇറങ്ങി….

കിങ്ങിണി മോൾക്ക് ചന്ദനം തൊട്ടു കൊടുത്തു…..ഹരിക്ക് നേരെ അവൾ പ്രസാദം നീട്ടി പക്ഷേ അവൻ അത് ശ്രദ്ധിക്കാതെ വേറെ എങ്ങോട്ട് നോക്കി നിന്നു… അഞ്ജലി ഒരു ചെറുചിരിയോടെ മോതിരവിരലിൽ അല്പം ചന്ദ്രൻ എടുത്ത് അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു…. ഹരി വേഗം ഒന്നും പറയാതെ തിരിഞ്ഞ് കാറിനടുത്തേക്ക് നടന്നു…. ഇരുട്ട് വീഴുന്നതിനു മുമ്പ് തന്നെ അവർ വീട്ടിലെത്തി…. രാത്രി എല്ലാരും ചേർന്ന് അത്താഴം കഴിച്ചു….

അഞ്ജു മുറിയിൽ വന്നു കഴിഞ്ഞ ദിവസത്തെ പോലെ മോളെ ഉറക്കി ബെഡിൽ കിടത്തി…. പക്ഷേ കുറേ നേരമായിട്ടും ഹരിയെ കണ്ടില്ല…. അവൾ പുറത്തേക്കിറങ്ങി…. തൊട്ടടുത്തുള്ള മുറിയിൽ വെട്ടം കണ്ടപ്പോൾ അമ്മ രാവിലെ പറഞ്ഞത് അഞ്ജുവിന് ഓർമ്മ വന്നു… ഞങ്ങളുടെ മുറിയുടെ തൊട്ടടുത്തുള്ള മുറി ഏട്ടന്റെ സ്റ്റഡിറൂം ആണ്…. അങ്ങോട്ടേക്ക് ആർക്കും പ്രവേശനമില്ലത്രേ….

അഞ്ജു തിരികെ അവരുടെ മുറിയിലേക്ക് തന്നെ കേറി ഉറങ്ങുന്ന കിങ്ങിണി മോളെ കുറെ നേരം നോക്കി ഇരുന്നു…. മണി 12 കഴിഞ്ഞിട്ടും ഹരിയെ കാണാഞ്ഞിട്ട് അവൾ വീണ്ടും പുറത്തേക്കിറങ്ങി…. ആ മുറിക്കുള്ളിൽ ഇപ്പോഴും വെട്ടം ഉണ്ട്…അഞ്ജു അടുക്കളയിൽ പോയി ഒരു കപ്പ് കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു…. പക്ഷേ ഇതെങ്ങനെ ഹരിക്ക് കൊടുക്കണം എന്നറിയാതെ അവൾ മുറിക്കു പുറത്തു തന്നെ നിന്നു….

അല്പനേരത്തിനുശേഷം അഞ്ജു ധൈര്യം സംഭരിച്ച് മുറിയുടെ വാതിൽ മുട്ടി…. ഹരി വാതിൽ തുറന്നതും കാണുന്നത് കാപ്പിയും പിടിച്ചുനിൽക്കുന്ന അഞ്ജുവിനെയാണ്…. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി…. അഞ്ജു മുറിക്ക് പുറത്ത് നിന്ന് തന്നെ അവനുനേരെ കാപ്പി നീട്ടി…. അവൻ അത് വാങ്ങാതെ തിരികെ മുറിക്കുള്ളിലേക്ക് നടന്നു…. ഹരിയുടെ ആ പ്രവർത്തി അഞ്ജുവിന് വിഷമമായി…. അഞ്ജു പോകാൻ തിരിഞ്ഞതും ഹരി അവളെ വിളിച്ചു…കാപ്പി കൊണ്ടുവന്നിട്ട് തരാതെ പോകുവാണോ…?

അവന്റെ ആ വാക്കുകൾ അവളിൽ സന്തോഷം അലതല്ലി…. ഞാൻ തന്നതല്ലേ… വാങ്ങി ഇല്ലല്ലോ…. ആ പൊട്ടിപ്പെണ്ണ് സങ്കടത്തോടെ പറഞ്ഞു… ആഹാ അതു കൊള്ളാം….പടിക്കൽ നിന്നാണോ ഒരാൾക്ക് കാപ്പി കൊടുക്കുന്നേ…. നിങ്ങളുടെ ഒക്കെ നാട്ടിൽ അങ്ങനെയാണോ പതിവ്…. ഒരു കുസൃതി ചിരിയോടെ ഹരി ചോദിച്ചു…. അത്….അത് പിന്നെ…. അമ്മ പറഞ്ഞു… ഈ മുറിയിൽ ആരും കേറുന്നത് ശ്രീയേട്ടന് ഇഷ്ടമല്ലന്ന്…. അഹ് അമ്മ അങ്ങനെ പറഞ്ഞോ…. മ്മ്മ്മ്….

തുടരും…..

നെഞ്ചോരം നീ മാത്രം : ഭാഗം 10