അനു : ഭാഗം 44
എഴുത്തുകാരി: അപർണ രാജൻ
രാവിലത്തെ തണുപ്പും കൊണ്ടുള്ള യാത്ര അനുവിന് വളരെ ഇഷ്ടമായി . കോളേജിൽ നിന്നും ഇറങ്ങിയതിന് ശേഷം , ഇതാദ്യമായാണ് , ഇത്രയും രാവിലെ വണ്ടിയിൽ ഒരു യാത്ര …. അതും ഒറ്റയ്ക്ക് ……. മിക്കപ്പോഴും കരണിന്റെ ഒപ്പമാണ് യാത്ര . രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ….. ഇങ്ങനെ കറങ്ങി നടക്കുമായിരുന്നു ….. കോളേജിൽ വച്ചു അവളുടെ ഒപ്പമാണ് എന്റെ യാത്രകളെല്ലാം ….. നാട്ടിൽ വരുമ്പോൾ അച്ഛന്റെ ഒപ്പവും ……
മുഴുവൻ നേരം സസ്പെൻഷനിലായിരുന്നത് കൊണ്ട് തന്നെ കുറഞ്ഞ സമയം കൊണ്ട് ഇന്ത്യ മുഴുവനും ചുറ്റി കണ്ടു . കാർന്നോർക്കും യാത്ര ഒക്കെ ഇഷ്ടമായിരുന്നത് കൊണ്ട് എവിടെ പോയാലും എന്റെ ഒപ്പം കാണും . ട്രാവൽ മേറ്റ് …. ആലിൻ ചുവടെത്തിയതും അനു വണ്ടി തിരിച്ചു . അവിടെ ഉള്ളവർ ഒക്കെ എഴുന്നേറ്റിട്ടുണ്ടോ ആകോ ??? മാധവി തമ്പ്രാട്ടി എഴുന്നേറ്റിട്ടുണ്ടാകും , കാക്കിയും എഴുന്നേറ്റിട്ടുണ്ടാകും ഗൗര്യയേച്ചി എഴുന്നേറ്റിട്ടുണ്ടാവില്ല . ഈ ഇടയായി ആൾക്ക് ഭയങ്കര ക്ഷീണമാണ് .
ഞാൻ വന്നപ്പോൾ കണ്ട പ്രസരിപ്പൊന്നും ഇപ്പോൾ ഇല്ല . കാലൊക്കെ നീര് വച്ചു , ഉറക്കം ഒന്നും ഇല്ലാതെ , എപ്പോഴും കിടക്കയിൽ തന്നെ . ഗൗരിയുടെ കാര്യമോർത്തതും അനു തന്റെ ബുള്ളറ്റ് റോഡരുകിലേക്ക് ഒതുക്കി നിർത്തി . ബുള്ളറ്റ് റോഡരുകിൽ തന്നെയായി നിൽക്കുന്ന ഒരു വാകയുടെ കീഴിലായി നിർത്തി കൊണ്ട് , അനു തലയിൽ നിന്നും തന്റെ ഹെൽമെറ്റൂരി വയലിലേക്ക് നോക്കി . സൂര്യൻ പൂർണ്ണമായും ഉദിച്ചിട്ടില്ലാത്തത് കൊണ്ട് , വയലിന് മുകളിലായി ഇപ്പോഴും മഞ്ഞു തങ്ങി നിൽക്കുന്നുണ്ട് , ഒരു പുതപ്പെന്നപ്പോലെ ..
ഒരു തണുത്ത തെന്നൽ വന്നു അവളുടെ മുഖത്ത് തഴുകാൻ തുടങ്ങിയതും അനു തന്റെ കണ്ണുകൾ പതിയെ അടച്ചു . എന്തോ മനസ്സിന് ഒരു കുളിർമ പോലെ . മുകളിൽ മേഘങ്ങൾക്കിടയിലൂടെ പറന്നു പോകുന്ന പക്ഷികളെ നോക്കി അവൾ വെറുതെ നിന്നു . വീശിയകലുന്ന കാറ്റിന് കുതിർന്നു കിടക്കുന്ന ചേറിന്റെയും നെൽ കതിരിന്റെയും ഗന്ധം …… അമ്മയ്ക്കും ഇതേ ഗന്ധമായിരുന്നു …. പുഴുങ്ങിയ നെല്ലിന്റെ ഗന്ധം ….. ഓരോ ദിവസവും അമ്മയുടെ ഗന്ധം മാറുമായിരുന്നു .
ഇടയ്ക്ക് കർപ്പൂരത്തിന്റെ ഗന്ധം …. ഇടയ്ക്ക് രാമ തുളസിയുടെ ഗന്ധം ….. മരിച്ചപ്പോൾ മാത്രം ഇതുവരെ ഞാൻ അമ്മയിൽ കാണാത്ത ഗന്ധമായിരുന്നു , അന്ന് അമ്മയ്ക്ക് ചുറ്റും …. ഭസ്മത്തിന്റെ , ചന്ദനത്തിരിയുടെ , അഷ്ടഗന്ധത്തിന്റെ ……. അത്രയും നാളും അമ്മയുടെ ചൂടെറ്റ് ഉറങ്ങിയ താൻ ഒരൊറ്റ രാത്രി കൊണ്ട് , ഇരുട്ടു നിറഞ്ഞ മുറിയിൽ , കൂട്ടിന് ആരുമില്ലാതെ ……. ആരും കൂട്ടിനായി ഇല്ലന്ന് തോന്നിയ ദിവസങ്ങൾ … അച്ഛനെ പോലും അവഗണിച്ചു , ഒറ്റയ്ക്ക് , ഒരേ മുറിയിൽ , ഇരുട്ടിൽ തന്നെ ……
എന്നും വന്നു തന്നോട് സംസാരിക്കാൻ ശ്രമിച്ചു , അത് നടക്കാതെ സങ്കടപ്പെട്ടു തിരിച്ചു പോകുന്ന അച്ഛനെ കണ്ടപ്പോഴാണ് , താനെന്താണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ഓർത്തത് …. അമ്മ ഉണ്ടായിരുന്നുവെങ്കിൽ അച്ഛൻ ഇങ്ങനെ ക്ഷീണിച്ചു , ഒന്നിനും കൊള്ളാത്ത പൊയ് കോലം പോലെ നടക്കുമോ എന്ന ചിന്ത … അമ്മയില്ലങ്കിൽ ഞാനുണ്ടല്ലോ എന്ന ചിന്ത …… അവിടെ നിന്നാണ് അച്ഛനുമായി താൻ കൂടുതൽ അടുത്തത് …. ഒരു ആറ് വയസുക്കാരിയെ കൊണ്ടാകുന്ന വിധത്തിലൊക്കെ ഞാൻ പരിശ്രമിച്ചു , അച്ഛനെയും എന്നെയും ഒരു പോലെ സന്തോഷിപ്പിക്കാൻ .
എന്നിട്ടും തളർന്നു കരഞ്ഞിട്ടുള്ളത് ചെറിയമ്മയുടെ മുന്നിലാണ് . ഇപ്പോഴും തന്നെ കരയിക്കാൻ അവർക്ക് പ്രത്യേക കഴിവാണ് … തന്നെ താഴ്ത്തി കെട്ടാൻ അവരുപയോഗിക്കുന്ന ആ വഴി ……. ചെറുപ്പം തൊട്ട് അവർ എന്നെ ഒളിഞ്ഞും തെളിഞ്ഞും വിളിച്ച പേരുകൾ …. എല്ലാം ഞാനായി തന്നെ ഒന്നും വേണ്ടന്ന് വച്ചാലും എന്റെ പുറകെ തന്നെ ഉണ്ടാകും ….. ഇതിന്റെ എല്ലാത്തിന്റെയും നടുവിൽ തന്റെ മറുപടിയും നോക്കി ഇരിക്കുന്ന വിശ്വ . കല്യാണം മുടങ്ങുലോന്നോർത്ത് പ്രേമിക്കാനും പറ്റണില്ല ….
ദിവസവും കാണുന്നത് കൊണ്ട് വിട്ട് കളയാനും പറ്റണില്ല ….. നാശം!!!!! ദേഷ്യത്തിൽ തന്റെ അടുത്ത് കിടക്കുന്ന സർവ്വേ കല്ലിനിട്ടൊരു ചവിട്ട് കൊടുത്തു കൊണ്ട് അനു ഫോൺ എടുത്തു ശങ്കറിന്റെ നമ്പർ ഡയൽ ചെയ്തു . സ്ക്രീനിൽ അനുവിന്റെ പേര് കണ്ടതും , ശങ്കറിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി . അവളാ ചെക്കനെ തല്ലി കൊന്നോ ആവോ ???? “ശങ്കരാ…!!!! ” ഫോണെടുത്തു ചെവിയിൽ വച്ചില്ല അതിന് മുന്നേ തന്നെ അനുവിന്റെ നീട്ടിയുള്ള വിളി അയാളുടെ കാതിലെത്തിയതും , ശങ്കർ പതിയെ പുഞ്ചിരിച്ചു .
” എന്താണ് എന്റെ മോൾടെ പ്രശ്നം ????? ” ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി , നനഞ്ഞ കൈ രണ്ടും തോളത്തു കിടന്ന തോർത്തിൽ തുടച്ചു കൊണ്ട് ശങ്കർ ചോദിച്ചു . “അച്ഛേ ……. ഞാൻ ഒന്നുകൂടി ഒന്ന് ഇരുത്തി ചിന്തിച്ചു …… കാര്യം അങ്ങേർക്ക് ഇത്തിരി നിറം കുറവാണെങ്കിലും , നല്ല ലുക്കാണ് …… സ്വഭാവവും നല്ലതാണ് ……. എന്നെ ഇഷ്ടപ്പെടുന്നുമുണ്ട് ……. പക്ഷേ ….. ” ഇനി ഉള്ളത് പറയണോ വേണ്ടയോ എന്ന രീതിയിൽ അനു തന്റെ നഖം കടിച്ചു കൊണ്ട് ബുള്ളറ്റിലേക്ക് ഇരുന്നു . “പക്ഷേ , …. ബാക്കി ….. ” “പക്ഷേ ……. ഞാൻ അങ്ങേരെ അങ്ങനെ ഒന്നും ഇതുവരെ കണ്ടിട്ടില്ലന്നെ ……. ഞാൻ ഇനി ശരിക്കും അങ്ങേരെ ഇഷ്ടപ്പെടുന്നില്ലങ്കിലോ ????
ഒരു ക്രഷ് മാത്രം ആണെങ്കിലോ ???? പക്ഷേ അങ്ങേര് വേറെ ആരെയെങ്കിലും കെട്ടി പോയാലോ എന്ന് ചിന്തിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട് ……. അപ്പോൾ അത് പ്രേമമാണോ ???? ആണോ അച്ഛേ ???? ” അനുവിന്റെ ചോദ്യം കേട്ടതും ശങ്കറിന്റെ കണ്ണ് തള്ളി…. എന്റെ പരമശിവാ ….. “എടി ,,, എടി കുരുത്തം കെട്ടതെ!!!!!!! ഇതിനാണോടി ഞാൻ കാശ് മുടക്കി നിന്നെ കളരിക്കും കരാട്ടെയ്ക്കും വിട്ട് നിന്റെ ധൈര്യം കൂട്ടിയത് ……. എടി , നാട്ടിലെ ചെക്കന്മാരെ തല്ലാൻ മാത്രം ചങ്കൂറ്റം പോരടി ……. മര്യാദക്ക് ആ ചെക്കനോട് പോയി ഇഷ്ടമാണെന്ന് പറഞ്ഞോളണം ……
അവനെ തന്നെ കെട്ടിക്കോളണം ….. അല്ലാതെ എങ്ങാനും ഈ വീടിന്റെ പടി കയറാമെന്ന് എന്റെ മോള് വിചാരിച്ചാൽ ……. ഈ ശങ്കർ M. ഭാർഗവൻ ആരാണെന്നു നീ അറിയും ….. ആ …… ” പറഞ്ഞു കഴിഞ്ഞതും ശങ്കർ അപ്പോൾ തന്നെ കാൾ കട്ട് ചെയ്തു , തല തിരിച്ചു സീതയെ നോക്കി . അവള് ചോദിച്ചത് നീ കേട്ടില്ലേ ???? ഈ സമയം അവളോട് ഒരുത്തനെ തല്ലി കൊണ്ട് വരാൻ പറഞ്ഞാൽ അവൾ അപ്പോൾ തന്നെ ചാടി ഇറങ്ങി ഓടും …… എന്നിട്ട് ഇപ്പോൾ ഒരു ചെക്കനോട് ചെന്നു ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞപ്പോൾ , അങ്ങനെയാണോ അച്ഛേ , ഇങ്ങനെയാണോ അച്ഛേ …….
ഇവള് എന്റെ മാനം കളയുമെന്ന തോന്നുന്നത് .. പിറുപ്പിറുത്തുക്കൊണ്ട് ശങ്കർ കസേരയിൽ നിന്നും എഴുന്നേറ്റു തിരികെ അടുക്കളയിലേക്ക് നടന്നു . ശങ്കറിന്റെ വായിൽ നിന്ന് കേൾക്കാനുള്ളത് കേട്ടതും , അനു ദീർഘമായി ഒന്ന് നിശ്വസിച്ചു . ഗുഡ് മോട്ടിവേഷ്ണൽ സ്പീച്ച് …… ഫോൺ തിരികെ പോക്കറ്റിലേക്ക് വച്ചു കൊണ്ട് അനു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു . I’m coming…..!!!!! ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ “നിശ്ചയം എന്ന് വയ്ക്കാനാ താല്പര്യം ???? ” മനോഹറിന്റെ ചോദ്യം കേട്ടതും ഷീല ധീരജിനെ നോക്കി .
“അതിപ്പോൾ അച്ഛാ , ആ കുട്ടി ഡോക്ടർ അല്ലെ ??? അതിന്റെ സമയം കൂടി നോക്കി വേണ്ടേ നിശ്ചയത്തിനു സമയം കുറിക്കാൻ ???? ” ചേട്ടന്റെ ചോദ്യം കേട്ടു കൊണ്ടാണ് ധീരജ് ഹാളിലേക്ക് വന്നത് . കല്യാണത്തിനു സമ്മതിച്ചു കൊണ്ട് സൗപർണികയുടെ വീട്ടിൽ നിന്ന് വിളിച്ച അന്ന് തൊട്ട് തുടങ്ങിയ ചർച്ചയാണ് . ചർച്ച കൊണ്ട് പിടിച്ചു ഒരാഴ്ച കഴിഞ്ഞെങ്കിലും , ഇതുവരെ നിശ്ചയം എറണാകുളത്ത് വച്ചു നടത്തണോ എന്ന് . രണ്ടു കൂട്ടരിൽ ഏതെങ്കിലും ഒരു കുടുംബം എന്തായാലും യാത്ര ചെയ്യണം . “ആദ്യം അച്ഛൻ ഒരു ജോത്സ്യനെ കണ്ടു മുഹൂർത്തം നോക്ക് …… എന്നിട്ട് ആ കുട്ടിയുടെ വീട്ടിൽ കൂടി വിളിച്ചു അന്വേഷിക്ക് …….
അല്ലാതെ നമ്മൾ ഒറ്റയ്ക്കു തീരുമാനിച്ചു അവർക്കത് ഇഷ്ടമായില്ലങ്കിലോ ???? ” സ്വാതി പറഞ്ഞത് കേട്ടതും , മനോഹർ തന്റെ ഭാര്യയേയും മക്കളെയും നോക്കി , സമ്മതമാണോയെന്ന രീതിയിൽ . “ശരി എങ്കിൽ ……. ഞാൻ ആ കുട്ടിയുടെ അച്ഛനെ വിളിച്ചു സംസാരിക്കാം …….. ” എല്ലാവരുടെയും അഭിപ്രായമറിഞ്ഞതും മനോഹർ തന്റെ ഫോണും എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു . കാര്യങ്ങളെല്ലാം താൻ ആഗ്രഹിച്ചപ്പോലെ തന്നെ യാതൊരു പ്രശ്നങ്ങളുമില്ലാതെ മുന്നോട്ട് പോകുന്നത് കണ്ടതും ധീരജിന്റെ പാതി പരിഭ്രമം കുറഞ്ഞു .
താനും അനസ്വലയും തമ്മിലുള്ള ബന്ധം സൗർണികയ്ക്ക് ആദ്യമേ തന്നെ അറിയാവുന്നത് കൊണ്ട് ആൾക്ക് എന്നോട് വല്ല ഇഷ്ടക്കേടും ഉണ്ടാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു . താൻ കല്യാണം കഴിക്കാൻ പോകുന്ന ആൾക്ക് തന്റെ കൂട്ടുക്കാരിയെയായിരുന്നു ആദ്യം ഇഷ്ടം , പിന്നെ അവൾ വേണ്ടന്ന് വച്ചതു കൊണ്ടാണ് തന്നെ പെണ്ണ് കാണാൻ വന്നത് എന്ന ഒരു ചിന്ത ഉണ്ടാകുമോയെന്ന് വിചാരിച്ചു . പക്ഷേ , അങ്ങനെ പേടിക്കണ്ട ആവിശ്യം ഒന്നും ഉണ്ടായിരുന്നില്ല എന്ന് മനസ്സിലായത് , സൗർണിക തന്നെ അതിനെ പറ്റി തുറന്നു സംസാരിച്ചപ്പോഴാണ് .
വീട്ടുക്കാർ തമ്മിൽ ഉറപ്പിച്ചു വച്ചത് കൊണ്ട് ഇപ്പോൾ സംസാരിക്കുന്നതിനൊന്നും യാതൊരു പ്രശ്നവും ഇല്ല .. ഇടയ്ക്ക് ഒക്കെ വിളിക്കാറുണ്ട് …… മണിക്കൂറുകൾ ഒന്നും നീളമില്ലങ്കിലും നന്നായി തന്നെ സംസാരിക്കരുണ്ട് …. നാട്ടിലേക്ക് വരുന്നതിന് മുന്നേ ഹോസ്പിറ്റലിൽ പോയി കണ്ടിരുന്നു , സ്റ്റഡി ലീവാണ് നാട്ടിലേക്ക് പോകുവാണെന്ന് പറയാൻ , രണ്ടാഴ്ച കഴിഞ്ഞു വരുമെന്ന് പറയാൻ …… ഞങ്ങൾ തമ്മിൽ വാ തോരാതെ ഒന്നും സംസാരിക്കാറില്ലങ്കിലും , ഇതുവരെ ചിലവിട്ട സമയം കൊണ്ട് ഞാൻ മനസ്സിലാക്കിയത് ഞങ്ങൾക്ക് ഒരേ ഇഷ്ടങ്ങളാണെന്നാണു .
സരൂവിനെ പറ്റി ഓർത്തതും , അവനു എന്തോ പെട്ടെന്ന് അവളോട് സംസാരിക്കണമെന്ന് തോന്നി . വിളിച്ചു നോക്കണോ ???? ഇനിയിപ്പോൾ ഹോസ്പിറ്റലിൽ ആണെങ്കിലോ ???? തിരക്കിനിടയിൽ ഞാൻ വിളിച്ചത് ഇഷ്ടമായില്ലങ്കിലോ ???? വിളിക്കണോ വേണ്ടയോ എന്ന രീതിയിൽ ഫോണിലേക്ക് നോക്കി കൊണ്ടവൻ വെറുതെ നിന്നു . എങ്കിൽ വേണ്ട … ഫ്രീയാണോ എന്ന് ചോദിച്ചു ഒരു മെസ്സേജ് അയക്കാം , ആണെന്ന് പറയുകയാണെങ്കിൽ അപ്പോൾ തന്നെ വിളിക്കാം ……. മെസ്സേജ് നോട്ടിഫിക്കേഷൻ കേട്ടതും സരൂ തന്റെ ഫോണിലേക്ക് നോക്കി . ധീരജെന്ന് കണ്ടതും , അവളുടെ മുഖം തിളങ്ങി . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ബുള്ളറ്റ് നേരെ പോർച്ചിലിട്ടു കൊണ്ട് അനു പൂന്തോട്ടത്തിലേക്ക് നടന്നു . സാധാരണ കാക്കി എന്നും രാവിലെ ഉരുണ്ട് മറിയുന്നതും , ചാട്ടവും ഓട്ടവും ഒക്കെ പൂന്തോട്ടത്തിലാണ് . നേരം വെളുത്തു കഴിഞ്ഞാൽ അപ്പോൾ കാണാo ചെവിയിൽ ഒരു ഹെഡ് സെറ്റും തിരുകി വച്ചു , കൈയില്ലാത്ത ഒരു പാള ബനിയനും ഒരു ട്രാക്ക് സൂട്ടും ഇട്ടുക്കൊണ്ട് അങ്ങോട്ടോടുന്നു , ഇങ്ങോട്ടോടുന്നു , നിൽക്കുന്നു മറയുന്നു , കിടക്കുന്നു …… പൂന്തോട്ടത്തിലേക്ക് കടന്നതും ഊഹം തെറ്റിയില്ല … ആൾ അവിടെ തന്നെയുണ്ട് ….. ജോഗ്ഗിങ്ങാണ് …….
കട്ട പാകിയ വഴിയിലൂടെ കിതച്ചു കൊണ്ട് ഓടുന്ന വിശ്വയെ നോക്കി അനു കുറച്ചു നേരം അവിടെ തന്നെ നിന്നു . തന്റെ മേത്തു എന്തോ വന്നു വീണതും വിശ്വ ഞെട്ടി തിരിഞ്ഞു താഴേക്ക് നോക്കി . മച്ചിങ്ങയോ ???? കാലിന്റെ ചോട്ടിൽ കിടക്കുന്ന മച്ചിങ്ങ കണ്ടതും അവൻ തലയുയർത്തി ചുറ്റും നോക്കി . ഇതാരാ ???? എന്നെ മച്ചിങ്ങ കൊണ്ട് എറിഞ്ഞത് ???? ചുറ്റും നോക്കിയപ്പോഴാണ് പൂന്തോട്ടത്തിന്റെ അങ്ങേ അതിരിലായി നിൽക്കുന്ന തെങ്ങിന്റെ ചോട്ടിൽ തന്നെ തന്നെ നോക്കി കൊണ്ട് നിൽക്കുന്ന അനുവിനെ വിശ്വ കണ്ടത് .
അത്രയും ദൂരെ നിന്നുക്കൊണ്ട് കറക്റ്റ് എന്റെ തല നോക്കി എറിഞ്ഞോ ???? അമ്പോ!!!!! ഭയങ്കര ഉന്നം ആണല്ലോ ???? വിശ്വ തന്നെ കണ്ടെന്നുറപ്പായതും അവൾ അവനെ കൈ കൊണ്ട് വിളിച്ചു . “എന്താടോ , രാവിലെ തന്നെ ????? ” നെറ്റിയിൽ പൊടിഞ്ഞു വന്ന വിയർപ്പു തുള്ളികൾ ബനിയനിൽ തുടച്ചു കൊണ്ട് വിശ്വ അവളെ നോക്കി . “ഫോൺ ഉണ്ടോ കൈയില് ??? ” കൈയിലിരിക്കുന്ന പുല്ലിന്റെ തണ്ട് വായിലിട്ട് കടിച്ചു കൊണ്ട് അവൾ ചോദിച്ചത് കേട്ട് വിശ്വയുടെ നെറ്റി ചുളിഞ്ഞു . “താ …….. ” കാര്യമെന്തെന്ന് മനസ്സിലായില്ലെങ്കിലും തന്റെ നേരെ കൈ നീട്ടി നിൽക്കുന്ന അനുവിനെ കണ്ടതും അവൻ ഫോണെടുത്തു അവളുടെ കൈയിലേക്ക് വച്ചു .
ലോക്കഴിച്ചു കൈയിൽ കൊടുത്തതും എന്തൊക്കെയോ എടുത്തു , എന്തൊക്കെയോ ചെയ്യുന്ന അനുവിനെ കണ്ടു അവൻ തല ചൊറിയാൻ തുടങ്ങി . അവളുടെ ഫോണെടുക്കാതിരിക്കാൻ പാകത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടായോ ആവോ ???? അല്ല ,,, രാവിലെ ആളെ ഇവിടെ എവിടെയും കണ്ടില്ലായിരുന്നു .. പിന്നെ പെട്ടെന്ന് എവിടെയോ പോയിട്ട് വരുന്നപ്പോലെ നേരെ വന്നു തന്റെ ഫോൺ ചോദിക്കുക ……. എന്തോ എവിടെയോ തകരാറ് പോലെ ….. “ഇന്നാ …… ” തന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി പോക്കറ്റിലിടുമ്പോഴും , അവന്റെ ചുളിഞ്ഞിരിക്കുന്ന നെറ്റി കണ്ടു അവൾക്ക് ചിരി വന്നു .
നോട്ടം കണ്ടാൽ തോന്നും , ഞാൻ എന്തോ വൈറസ് കയറ്റിയിട്ട് ഫോൺ തിരിച്ചു കൊടുത്തതാണെന്ന് …… “വിശ്വാ ……. ” അനുവിന്റെ വിളി കേട്ടതും , വിശ്വയുടെ കിളി മൊത്തം പറന്നു . ഇത്രയും നാളും തന്നെ എടൊ , പോടോ , കാക്കി എന്നൊക്കെ വിളിച്ചു കൊണ്ട് നടന്ന എന്റെ നീലി തന്നെയാണോ ഇത് ????? “തന്റെ ഓഫറിനെ പറ്റി ഞാൻ നന്നായി തന്നെ ആലോചിച്ചു ……. കാര്യം ഇതുവരെ എനിക്ക് ഒരു നല്ല കുട്ടി ആകണമെന്നൊന്നും വലിയ ആഗ്രഹം ഒന്നുംമില്ലായിരുന്നു ……. തന്റെ പ്രോപ്പോസ് കേട്ട് കഴിഞ്ഞപ്പോൾ ഉറപ്പിച്ചു , ഞാൻ ഇനി ഒരു കാലത്തും നന്നാവാൻ പോകുന്നില്ലന്ന് …….
പിന്നെ എന്നെ ജാമ്യത്തിലെടുക്കാനും താൻ തന്നെ വന്നാൽ മതി …… അപ്പോൾ വിളിക്കാൻ എളുപ്പത്തിനു വേണ്ടി ഞാൻ നമ്പർ സേവ് ചെയ്തിട്ടുണ്ട് കേട്ടോ ……. ” അവനെ നോക്കി കണ്ണിറുക്കിക്കൊണ്ട് അനു തിരിഞ്ഞു നടന്നു . അങ്ങേര്ടെ പന്തം കണ്ട പെരുച്ചാഴിയെ പോലുള്ള നിൽപ്പ് കണ്ടാലറിയാം പറഞ്ഞതോന്നും കത്തിയില്ലന്ന് …… താൻ പോയി കഴിഞ്ഞിട്ടും , അവിടെ തന്നെ കണ്ണും മിഴിച്ചു ശില പോലെ നിൽക്കുന്ന വിശ്വയെ കണ്ടു അനു നെടുവീർപ്പിട്ടുക്കൊണ്ട് അകത്തേക്ക് കയറി .
അനു വിചാരിച്ചപ്പോലെ തന്നെയായിരുന്നു വിശ്വയുടെ അവസ്ഥ . അവൾ പോയി കഴിഞ്ഞു ഒന്ന് രണ്ടു നിമിഷങ്ങൾക്ക് ശേഷമാണ് , എന്താണ് അവിടെ നടന്നതെന്ന് മനസ്സിലായതും , വിശ്വ ഞെട്ടി പിടഞ്ഞു കൊണ്ട് തന്റെ ഫോൺ കൈയിലെടുത്തു . നടന്നതോന്നും സ്വപ്നമല്ലല്ലോ അല്ലെ ??? ഫോണിൽ അനു തന്നെ സേവ് ചെയ്തിട്ടിരിക്കുന്ന അവളുടെ നമ്പർ കണ്ടപ്പോഴാണ് നടന്നതൊന്നും സ്വപ്നമല്ല എന്ന അവനുറപ്പായത് . ഫ്യുച്ചർ വൈഫ് അനസ്വല എന്ന കിടക്കുന്ന നമ്പർ കണ്ടതും വിശ്വയുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു . അനസ്വല അല്ല നീലി …….
(തുടരും ….. ആ കടമ്പ കഴിഞ്ഞു കിട്ടി ….. വെറും പത്തു പന്ത്രണ്ടു partil തീരുമെന്ന് വിചാരിച്ച കഥയാണ് 😪 എന്തായാലും കുഴപ്പമില്ല ….. അടുത്ത അഞ്ചാറു പാർട്ട് കൊണ്ട് ഞാൻ കർട്ടൻ ഇടുന്നതാണ് …. (ആഗ്രഹം … ട്വിസ്റ്റ് ഒന്നും കിട്ടിയില്ലങ്കിൽ …… എന്താവോ എന്തോ ???? )