Saturday, November 23, 2024
Novel

ലയനം : ഭാഗം 1

എഴുത്തുകാരി: ദുർഗ ലക്ഷ്മി

“എടി ലക്ഷ്മി…. നീ എവിടെ പോയി കിടക്കുവാ…ഇത്ര നേരം ആയിട്ടും പാല് വാങ്ങാൻ പോയില്ലേ…അവർ ഇപ്പോൾ ഇങ്ങ് എത്തും … ” രാവിലെ പതിവില്ലാതെ വല്യമ്മ അടുക്കളയിൽ വന്നു ദേഷ്യപ്പെടുന്നത് കണ്ട് ലക്ഷ്മിക്ക് അത്ഭുതപ്പെട്ടു.ഭക്ഷണം ആയോ എന്ന് നോക്കാൻ മാത്രം അടുക്കളയിൽ വരുന്ന ആൾ ആണ്.എന്നും രാധേച്ചി പാൽ ഇവിടെ കൊണ്ട് തരുന്നതാണ്. പിന്നെ എവിടെ പോയി വാങ്ങാൻ ആണ് പറയുന്നത്.

ആരാണ് എന്തോ വിരുന്ന്കാര്… ഇതെല്ലാം ആലോചിച്ചു കറിക്ക് അരക്കാൻ ആയി അമ്മിയിൽ ഇട്ടത് എല്ലാം വേഗം അരച്ചെടുത്ത് ലക്ഷ്മി അടുക്കളയിലേക്ക് ചെന്നു. “പാല് രാധേച്ചി രാവിലെ തന്നെ തന്നല്ലോ വല്യമ്മേ… അത് പോരെ “, “ഹോ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഇന്ന് അശ്വതിയെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് എന്ന്. പാല് ഞാൻ പരമു നായരുടെ കടയിൽ ഏൽപ്പിച്ചിട്ടുണ്ട്. സംസാരിച്ചു നില്കാതെ നീ പോയി അത് വാങ്ങി വാ “, തിരക്കായത് കൊണ്ട് അവളെ അധികം വഴക്ക് പറയാതെ വല്യമ്മ തിരിച്ചു പോയി.

പെണ്ണ് കാണലിന്റെ കാര്യം ആരും തന്നോട് പറഞ്ഞില്ല എന്ന് വല്യമ്മയോട് പറയണം എന്ന് ഉണ്ടായിരുന്നു അവൾക്ക്.പിന്നെ ഒന്നും മിണ്ടാതെ അവൾ പാല് വാങ്ങാൻ ആയി കടയിലേക്ക് ഓടി. തിരികെ വന്നപ്പോഴെക്കും മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന കാറുക്കൾ കണ്ട് ചെക്കനും കൂട്ടരും വന്നു എന്ന് അവൾക്ക് മനസിലായി.നേരെ കയറി ചെന്നാൽ ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾ അറിയുന്നത് കൊണ്ട് ഒരു നിമിഷം ആലോചിച്ചു ലക്ഷ്മി അവർ കാണാതെ അടുക്കളയിലേക്ക് പോകാൻ ആയി വേഗം തൊടിയിലേക്ക് ഇറങ്ങി.

ഇനിയും ചായക്ക് താമസം ഉണ്ടായാൽ വല്യമ്മയുടെ കൈയിൽ നിന്നുള്ള വഴക്കും തല്ലും ആലോചിച്ചു അവൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി.പുറത്തെങ്ങും ആരും ഇല്ല എന്നത് അവൾക്ക് വലിയ ആശ്വാസം ആയിരുന്നു. ആരും കണ്ടില്ല എന്ന് ആശ്വസിച്ച് അടുക്കളയിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് അശ്വതിയെ തൊടിയിലായി അവൾ കണ്ടത്.കൂടെ ഒരാളും ഉണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ അതാണ് ചെക്കൻ എന്ന് ലക്ഷ്മിക്ക് മനസിലായി.എന്നാൽ ആള് പുറം തിരിഞ്ഞ് നില്കുന്നത് കൊണ്ട് മുഖം കാണാൻ അവൾ കഴിഞ്ഞില്ല.

സന്തോഷത്തോടെ ചിരിച്ചു നിൽക്കുന്ന അശ്വതിയെ കണ്ട് അവൾക്ക് ആളെ നല്ലോണം ഇഷ്ടം ആയി എന്ന് ലക്ഷ്മിക്ക് മനസിലായി.ചെക്കന്റെ മുഖം കാണണം എന്ന് അതിയായ ആഗ്രഹം തോന്നി എങ്കിലും അവരെ കടന്ന് എങ്ങനെ അടുക്കളയിൽ എത്തും എന്ന് ആലോചിച്ചു അവൾക്കൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. എന്നാൽ വല്യമ്മയുടെയും അമ്മയുടെയും വഴക്കിന് മുന്നിൽ അതൊന്നും ഒരു പ്രശ്നമേ അല്ല എന്ന് ലക്ഷ്മി വേഗം തന്നെ തിരിച്ചറിഞ്ഞു.പിന്നെ ഒന്നും നോക്കാതെ അവൾ സ്പീഡിൽ നടന്നു.

പെട്ടന്ന് ആണ് അശ്വതിയും കൂടെയുള്ള ആളും ലക്ഷ്മിക്ക് ആഭിമുഖമായി നടന്നു വരാൻ തുടങ്ങിയത്.അശ്വതി ചേച്ചിയുടെ ചെക്കനെ തനിക്കും ഒന്ന് കാണാലോ എന്ന് കരുതി തല ഉയർത്തി നോക്കിയ ലക്ഷ്മി മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി…. “അർജുൻ സാർ…. “, അറിയാതെ തന്നെ അവൾ പറഞ്ഞു പോയി. അതെ സമയം അർജുനും ലക്ഷ്മിയെ അവിടെ കണ്ട ഞെട്ടലിൽ ആയിരുന്നു.എന്നാൽ പെട്ടന്ന് തന്നെ ആ ഞെട്ടൽ മാറി അവന്റെ മുഖത്തു പുച്ഛം നിറഞ്ഞു.

“നീ എന്താടീ ഈ വഴിക്ക്… നിനക്ക് അടുക്കളയിൽ പണി ഒന്നും ഇല്ലേ… “, അർജുനെ മുന്നിൽ കണ്ട ഷോക്കിൽ തറഞ്ഞു നിന്ന് പോയ അവളെ തട്ടി വിളിച്ചു കൊണ്ട് അശ്വതി ചോദിച്ചു. “അത്… ഞാൻ പാല് വാങ്ങാൻ…പോട്ടെ ചേച്ചി… നേരം വൈകി “, അശ്വതിയോടു വിക്കി വിക്കി എന്തൊക്കെയോ പറഞ്ഞു അർജുനെ നോക്കാതെ ലക്ഷ്മി ഓടി… “അത് ആരാ അശ്വതി “, അവൾ പോയി കഴിഞ്ഞു എന്ന് ഉറപ്പ് വരുത്തി അർജുൻ ചോദിച്ചു.അത് കേട്ട് അശ്വതിയിയുടെ മുഖം കറുക്കുന്നത് ശ്രദ്ധയിൽ പെട്ടു എങ്കിലും അവളെ പറ്റി അറിയേണ്ടത് ആവശ്യം ആയി തോന്നി അർജുന്.

കുറച്ചു സമയത്തെ നിശബ്ദതക്ക് ശേഷം ആണ് അശ്വതി സംസാരിച്ചു തുടങ്ങിയത്. “അർജുൻ നേരത്തെ എന്റെ അപ്പച്ചിയെ കണ്ടില്ലേ… ശ്രീദേവി… അവരുടെ മോൾ ആണ്.മോൾ എന്ന് വെച്ചാൽ കോളേജിൽ പഠിക്കുന്ന കാലത്ത് ആരോ അപ്പച്ചിക്ക് കൊടുത്ത സമ്മാനം. അവളുടെ അച്ഛൻ ആരാണ് എന്ന് അപ്പച്ചിക്ക് മാത്രമേ അറിയൂ… പക്ഷെ ഇത് വരെ ആരോടും അപ്പച്ചി അത് പറഞ്ഞിട്ടില്ല…” “ഓഹ്, അപ്പോൾ തന്റെ അനിയത്തി ആണ് ഇല്ലേ… എന്റെ കമ്പനിയിൽ ആണ് ആ കുട്ടി വർക്ക്‌ ചെയ്യുന്നത് “, അശ്വതി പറഞ്ഞത് കേട്ട് അത്ഭുതത്തോടെ അർജുൻ പറഞ്ഞു.

“ഹെ, സ്റ്റോപ്പ്‌ അർജുൻ… ഈ കുടുംബത്തിൽ ആർക്കും അവളുമായി ഒരു ബന്ധവും ഇല്ല.വയറ്റിൽ നിന്ന് തന്നെ കളയാൻ കരുതിയതാ അപ്പച്ചി അതിനെ. ബട്ട്‌ അന്ന് അത് നടന്നില്ല.പക്ഷെ ജനിച്ചു കഴിഞ്ഞ അന്ന് തന്നെ അപ്പച്ചി അവളെ ഒരു ആശ്രമത്തിൽ കൊണ്ട് വിട്ടു.ബട്ട്‌ എന്റെ അച്ഛന് അവളോടു തോന്നിയ ഒരു സോഫ്റ്റ്‌ കോർണർ… അത് കാരണം അവൾ പിന്നെയും വീട്ടിൽ തിരിച്ചെത്തി. അനിയത്തി എന്ന് പോയിട്ട് ഈ കുടുംബത്തിലെ ഒരു അംഗം എന്ന് പോലും അർജുൻ അവളെ കാണേണ്ട…. “,

വല്ലാത്ത ഒരു ഭാവത്തിൽ അശ്വതി പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ അർജുന്റെ മനസ്സിൽ അത് വരെ ഉണ്ടായിരുന്നു അവളോടുള്ള വെറുപ്പ് പതിൻ മടങ്ങായിരുന്നു. ഇതേ സമയം പാല് അടുപ്പിൽ വെച്ച് അർജുനെ കണ്ട കാര്യം ആലോചിക്കുകയായിരുന്നു ലക്ഷ്മി.ഒരേ സമയം സന്തോഷവും സങ്കടവും പേടിയും അവൾക്ക് അനുഭവപ്പെട്ടു.അർജുനെ പോലെ നല്ലൊരു ചെറുപ്പക്കാരനെ അശ്വതിക്ക് കിട്ടുന്നതിൽ ലക്ഷ്മിക്ക് വളരെ സന്തോഷം തോന്നി. എന്നാൽ കമ്പനിയിൽ ജോയിൻ ചെയ്ത അന്ന് മുതൽ അകാരണം ആയി അർജുൻ അവളോട് കാണിക്കുന്ന വെറുപ്പും ദേഷ്യവും ഇനി കൂടുമോ എന്ന് ആലോചിച്ചു അവൾക്ക് നല്ല പേടി തോന്നി.

ഒരുപക്ഷെ ജോലി തന്നെ പോയേക്കും എന്ന് അവൾ ഭയപ്പെട്ടു. വളരെ കഷ്ട്ടപ്പെട്ടു എഞ്ചിനീയറിംഗ് കഴിഞ്ഞ് എല്ലാവരുടെയും കാലു പിടിച്ചാണ് ജോലിക്ക് പോകാൻ സമ്മതിച്ചത്.അതും വീട്ടിലെ പണികൾ എല്ലാം തീർത്തു വൈകിട്ടു ചായ വെക്കാൻ ആവുമ്പോഴെക്കും തിരികെ വരണം എന്ന വ്യവസ്ഥയിൽ.ഇപ്പോൾ 6 മാസം ആയിരിക്കുന്നു അർജുന്റെ സോഫ്റ്റ്‌വെയർ കമ്പനിയിൽ പോകാൻ തുടങ്ങിയിട്ട്. സാലറി ഒക്കെ കുറവ് ആണെങ്കിലും കൈയിൽ വരുമാനം ഉള്ളപ്പോൾ ഒരു സമാധാനം ആണല്ലോ… ഏതു നിമിഷം വേണമെങ്കിലും ഈ വീടിന്റെ പടി ഇറങ്ങേണ്ടി വരും.

സ്വന്തം അമ്മ തന്നെ അത് ചെയ്യും. ആകെ ഉണ്ടായിരുന്ന ഒരു ആശ്വാസം വല്യച്ഛൻ ആയിരുന്നു. എന്നാൽ ഈ ഇടയായി അദ്ദേഹവും പോകാൻ തയാറായി ഇരിക്കണം എന്ന് പോലെ സംസാരിക്കുന്നു. ഓരോന്ന് ഓർത്തപ്പോൾ ലക്ഷ്മിക്ക് സങ്കടത്തിനെകാൾ ചിരിയാണ് വന്നത്. സിനിമയെ വെല്ലുന്ന കഥ പോലെ ആണല്ലോ തന്റെ ജീവിതം എന്ന് ഓർത്ത് അവളിൽ വേദന കലർന്നോരു പുഞ്ചിരി കടന്നു വന്നു. “പാലും അടുപ്പിൽ വെച്ച് ആരെ സ്വപ്നം കണ്ട് നിൽക്കുകയാണ് നീ… വെറുതെ കളയാൻ നിന്റെ അച്ഛൻ അല്ല ഇതിന്റെ പൈസ കൊടുക്കുന്നത് “, ശക്തിയായി അവളെ തല്ലി കൊണ്ട് ശ്രീദേവി അലറി.

അടിയുടെ വേദനയിൽ കണ്ണുകൾ നിറഞ്ഞു വന്നു എങ്കിലും അത് കാര്യമാക്കതെ തിളച്ചു മറിയുന്ന പാല് അവൾ വേഗം വാങ്ങി വെച്ചു.തിളക്കാൻ തുടങ്ങി എന്ന് അല്ലാതെ പാല് നഷ്ടപ്പെട്ടിട്ടോന്നും ഉണ്ടായിരുന്നില്ല.തുണി പോലും ഉപയോഗിക്കാതെ ചൂട് പാത്രം വാങ്ങി വെച്ചപ്പോൾ ലക്ഷ്മിയുടെ കൈ നന്നായി തന്നെ പൊള്ളി. അവളുടെ ചെയ്തികൾ രൂക്ഷമായി നോക്കി കൊണ്ട് ശ്രീദേവി അവിടെ തന്നെ നിന്നത് കൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ വേദന കടിച്ചു പിടിച്ചു ലക്ഷ്മി ചായ ഉണ്ടാക്കി.

ശ്രീദേവി ചായയും ആയി പോയ ഉടനെ തന്നെ അവൾ ഓടി ചെന്ന് കൈകൾ രണ്ടും പൈപ്പ് തുറന്ന് അതിനടിയിൽ പിടിച്ചു.വേദന കൊണ്ട് കണ്ണുനീർ നിർത്താതെ ഒഴുകി കൊണ്ടിരുന്ന സമയം ആണ് അശ്വതിയും അർജുനും തിരികെ അത് വഴി തന്നെ വന്നത്.ലക്ഷ്മിയെ കണ്ടതും അർജുന്റെ മുഖം പതിവിലും ഇരുണ്ടത് കണ്ട് അശ്വതി എല്ലാം അവനോട് പറഞ്ഞു എന്ന് അവൾക്ക് മനസിലായി. അവൾ വേഗം പൈപ്പ് പൂട്ടി അകത്തേക്ക് പോകാൻ തുടങ്ങവേ ആണ് അശ്വതി അവളെ വിളിച്ചത്…. “നിനക്ക് എന്താ ബോധം ഇല്ലേ… വെള്ളം വെറുതെ തുറന്ന് വെക്കാൻ… അപ്പച്ചി കാണേണ്ട… “,

അർജുനെ കാണിക്കാൻ ആയി തന്നെ അശ്വതി ലക്ഷ്മിയെ വഴക്ക് പറയാൻ തുടങ്ങി.ചുരുങ്ങിയ ആ സമയം കൊണ്ട് തന്നെ അവനും അവളോട് എന്തോ ദേഷ്യം ഉണ്ട് എന്ന് അശ്വതിക്ക് മനസിലായിരുന്നു. ലക്ഷ്മിക്ക് നിന്ന നിൽപ്പിൽ മരിച്ചു പോയാൽ മതിയായിരുന്നു എന്ന് പോലും തോന്നി പോയി അശ്വതിയുടെ പെരുമാറ്റം കണ്ട്. “കൈ കുറച്ചു പൊള്ളി… അതാ ഞാൻ… അമ്മയോട് പറയല്ലേ ചേച്ചി. പ്ലീസ് “, അർജുൻ ഉണ്ട് എന്ന് അറിഞ്ഞിട്ടും അശ്വതിയോട് അപേക്ഷിക്കാതെ ഇരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. കാരണം അമ്മ അറിഞ്ഞാൽ അർജുന്റെ വീട്ടുകാരുടെ മുന്നിൽ പോലും തന്നെ അപമാനിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.

“ഒരിത്തിരി പൊള്ളിയതിനാണോ നീ എങ്ങനെ. എവിടെ ഞാൻ കൂടി നോക്കട്ടെ നിന്റെ പൊള്ളൽ “, അശ്വതി ആവേശത്തോടെ ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു. അർജുന്റെ മുന്നിൽ അവളെ അപമാനിക്കുമ്പോഴും സങ്കടപ്പെടുത്തുമ്പോഴും വല്ലാത്ത ഒരു ത്രിൽ തോന്നി തുടങ്ങിയിരുന്നു അശ്വതിക്ക്. അശ്വതി പിടിച്ചു വലിച്ചു നോക്കുന്നതിന് മുന്നേ തന്നെ ലക്ഷ്മി രണ്ട് കൈകളും അവൾക്ക് നേരെ നീട്ടി പിടിച്ചു. ഒരു പക്ഷെ മറച്ചു പിടിച്ചാൽ അതിനും ഒരു സീൻ അവൾ ഉണ്ടാക്കും എന്ന് ലക്ഷ്മിക്ക് നല്ലത് പോലെ അറിയാമായിരുന്നു.

ലക്ഷ്മി ഒന്നും മിണ്ടാതെ കൈകൾ കാണിച്ചു തരും എന്ന് അശ്വതി ഒട്ടും തന്നെ വിചാരിച്ചിരുന്നില്ല. അർജുന്റെ മുന്നിൽ വെച്ച് ലക്ഷ്മി അവളെ അപമാനിച്ചത് പോലെ തോന്നി അശ്വതിക്ക്. എന്നാൽ നീട്ടി പിടിച്ചു നിൽക്കുന്ന ലക്ഷ്മിയുടെ കൈകൾ കണ്ടു അശ്വതിയും അർജുനും ഒരുപോലെ ഞെട്ടി. അത്രക്കും പൊള്ളിയിരുന്നു ഓരോ വിരലുകളും.പെട്ടന്ന് ഉള്ള ആ കാഴ്ചയിൽ അശ്വതിക്ക് എന്ത് പറയണം എന്ന് മനസിലായി. “ഹെ അശ്വതി. താൻ എന്തിനാ വെറുതെ ഒരു വഴക്കിനു പോകുന്നത്. വാ നമുക്ക് പോകാം.

എല്ലാവരും നമ്മളെ അന്വേഷിക്കുന്നുണ്ടാവും “, ഒട്ടും താമസിക്കാതെ അർജുൻ പറഞ്ഞത് കേട്ട് അശ്വതിക്കും ലക്ഷ്മിക്കും ഒരു പോലെ ആശ്വാസം തോന്നി. അവർ പോയിട്ടും ലക്ഷ്മി കുറച്ചു നേരം കൂടി ആ നിൽപ്പ് അങ്ങനെ തന്നെ നിന്നു.പിന്നെ എന്തോക്കെയോ പച്ച മരുന്നുകൾ പറച്ചു കൈയിൽ വെച്ചു കെട്ടി അവളുടെ പണികൾ തുടർന്നു.

പതിവ് പോലെ പണികൾ എല്ലാം തീർത്തു ഓഫീസിലേക്ക് ഓടുമ്പോൾ ലക്ഷ്മി ഒന്നും കഴിച്ചിരുന്നില്ല.ഇടക്ക് സമയം കിട്ടാതെ കഴിക്കാതെ വരും എങ്കിലും ഇന്ന് കൈകൾക്ക് സുഖം ഇല്ലാത്തത് കൊണ്ട് ആയിരുന്നു അവൾ കഴിക്കാതെ ഇരുന്നത്.പതിവില്ലാതെ ഇന്ന് കറികൾ ഒക്കെ കുറവായതിന്റെ ദേഷ്യം വല്യമ്മയുടെ മുഖത്തു കണ്ടു എങ്കിലും അവളെ വഴക്ക് ഒന്നും തന്നെ അവർ പറഞ്ഞില്ല.ആ ഒരു സന്തോഷത്തിൽ ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴെക്കും അഞ്ജലി അവളെ കാത്തു നേരത്തെ തന്നെ അവിടെ എത്തിയിരുന്നു. “ആഹാ വന്നോ കുഞ്ഞി പെണ്ണ്… ഇതെന്താ കൈക്ക് കെട്ടും ഒക്കെ ആയി “, ലക്ഷ്മിയെ കണ്ട ഉടനെ തന്നെ അഞ്ജലി ചോദിച്ചു. ലക്ഷ്മിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആണ് അഞ്ജലി.

ചെറിയ ക്ലാസ്സ്‌ മുതൽ എഞ്ചിനീയറിംഗ് വരെ ഒരുമിച്ച് പഠിക്കാൻ അവർക്ക് ഭാഗ്യം ഉണ്ടായി.ലക്ഷ്മിയുടെ എല്ലാ കാര്യങ്ങളും അറിയുന്ന അഞ്ജലി അവൾക് വലിയ ആശ്വാസം ആണ്.അഞ്ജലി തന്നെ ആണ് അവൾ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ ഒഴിവ് വന്നപ്പോൾ കുറച്ചു കഷ്ടപ്പെട്ടു ആണെങ്കിലും ലക്ഷ്മിയെ അങ്ങോട്ട് കൊണ്ട് വന്നത്. “അത് ഒന്നുല്ല അഞ്ചു, ഒന്ന് പൊള്ളിയതാ… “, അഞ്ജലിയുടെ ചോദ്യത്തിന് അലക്ഷ്യമായി മറുപടി പറഞ്ഞു അവൾ വേഗം തന്നെ സ്കൂട്ടിയിൽ കയറി.

പൊള്ളലും തല്ലും മുറിവും ഒന്നും ലക്ഷ്മിക്ക് പുതിയ സംഭവം അല്ലാത്തത് കൊണ്ട് അവൾ അങ്ങനെയെ പറയു എന്ന് അഞ്ജലിക്ക് നല്ലത് പോലെ അറിയാം.ഹൃദയം തകർന്നാലും പറയും “അത് സാരില്ല അഞ്ചു, കുഴപ്പം ഒന്നും ഇല്ല എന്ന് “, എല്ലാം ഉള്ളിൽ ഒതുക്കി എങ്ങനെയോക്കെയോ ജീവിച്ചു പോകുന്ന ലക്ഷ്മി അഞ്ജലിക്ക് എന്നും നോവ് ആണ്.ലക്ഷ്മിയുടെ മറുപടി ഇഷ്ടപ്പെട്ടില്ല എങ്കിലും ഓഫീസിൽ എത്താൻ താമസിക്കുന്നത് കൊണ്ട് അവളെ ചൂഴ്ന്ന് ഒന്ന് നോക്കി അഞ്ജലി വണ്ടി എടുത്തു. പോകുന്ന വഴിയിൽ ലക്ഷ്മി അർജുൻ അശ്വതിയെ കാണാൻ വന്ന കാര്യം അഞ്ജലിയോട് പറഞ്ഞു എങ്കിലും മറ്റൊന്നും അവൾ പറഞ്ഞില്ല.

(തുടരും )