Tuesday, December 17, 2024
Novel

കവചം 🔥: ഭാഗം 31

രചന: നിഹ

“വേണ്ട … ഇനിയും മറച്ചു വയ്ക്കാൻ പാടില്ല… അവരുടെ ജീവൻ ആപത്തിലാണ്. ഒളിച്ചു താമസിക്കുന്നതിലും നല്ലത് ജീവൻ രക്ഷിക്കുന്നതാ… എത്രയും പെട്ടെന്ന് അവിടത്തെ സാഹചര്യം ഇവരോട് പറയണം .. ഇനിയും അവർ അവിടെ നിന്നാൽ ശരിയാവില്ല… ഇപ്പോൾ തന്നെ പറയണം.. ആതീ ഏട്ടത്തി പറഞ്ഞത് കേട്ടാൽ ചിലപ്പോൾ ജീവൻ തന്നെ…” മനയിലെ കാര്യങ്ങൽ ഗൗരി വീട്ടിൽ ഉള്ളവരോട് പറയാൻ തന്നെ തീരുമാനിച്ചു.അവൾക്ക് വലുത് അവരുടെ ജീവനായിരുന്നു. അനിരുദ്ധ് നേരത്തെ ജോലിക്ക് പോകുന്നത് കൊണ്ട് ഫുഡ് ഉണ്ടാക്കാൻ നാരായണിയും ആര്യയും നേരത്തെ തന്നെ അടുക്കളയിൽ കയറും .

ഇപ്പോൾ അവർ അടുക്കളയിൽ കയറി കാണുമെന്നും അവൾക്ക് അറിയാം. എല്ലാം തുറന്നു പറയാൻ തീരുമാനിച്ച് അവൾ താഴേയ്ക്ക് പോയി. നേരം വെളുത്ത് വരുന്നതെയുള്ളൂ , എല്ലാം തുറന്നു പറയണോ വേണ്ടയോ എന്ന് അവൾ ഒരിക്കൽ കൂടി ആലോചിച്ചു. ” നീ നേരത്തെ ഉണർന്നോ…? ” നോക്കി ചിരിക്കുന്ന ആര്യയെ നോക്കി അവളും തിരിച്ചു പുഞ്ചിരിച്ചു. ” പനി വന്നതോടെ എന്റെ കുട്ടിയാകെ ക്ഷീണിച്ചു പോയി. ഇപ്പോൾ കോലം കണ്ടാൽ മതി…” നാരായണി അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പരിഭവിച്ചു. ഗൗരി അതൊന്നും ശ്രദ്ധിക്കാതെ നിന്നു.

അവളുടെ മനസ്സിൽ യുദ്ധം നടക്കുകയായിരുന്നു. ആതിരയ്ക്ക് നൽകിയ വാക്കും അവരുടെ ജീവൻ രക്ഷിക്കാനുള്ള ഗൗരിയുടെ ആഗ്രഹവും തമ്മിലുള്ള പോരാട്ടം . ” നീ എന്താ പെണ്ണേ … മിണ്ടാതെ നിൽക്കുന്നത് ? ഇന്നലെ മുതൽ ചോദിക്കാൻ ഓർത്തതാ.. എന്താ നിനക്ക് പറ്റിയത് ? ” നാരായണി ഗൗരിയെ പിടിച്ച് തിരിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. ” ഗൗരി… മോളേ….” അവൾക്ക് എന്താണ് സംഭവിച്ചത് എന്നറിയാത്തത് കൊണ്ട് രണ്ടുപേർക്കും വെപ്രാളമായി. ” അമ്മേ…” ” നിനക്ക് വീണ്ടും പനി ആണോ?” നാരായണി അവളെ തൊട്ടു നോക്കി. ” ആണോ അമ്മേ ? ” ആകാംക്ഷയോടെ ആര്യ ചോദിച്ചു.

” ഇല്ലല്ലോ.. ഇവൾക്ക് കുഴപ്പമൊന്നുമില്ല പക്ഷേ എന്തോ പറ്റിയിട്ടുണ്ട്…” ” ഇല്ല അമ്മേ …എനിക്ക് കുഴപ്പമില്ല.” പെട്ടെന്ന് തന്നെ ഗൗരി പറഞ്ഞു. ” എന്താടീ.. പറ….” ” ഒന്നുമില്ല … ഞാൻ പിന്നെ വരാം..” ഒരിക്കൽ കൂടി ആതിരയുടെ മുഖം മനസ്സിൽ വന്നപ്പോൾ ഗൗരി സത്യം പറയാൻ കഴിഞ്ഞില്ല. അവർ കൂടുതൽ ചോദിക്കുന്നതിനു മുന്നെ തന്നെ ഗൗരി അടുക്കളയിൽ നിന്നും പോയിരുന്നു. തനിക്ക് ഒന്നും തുറന്ന് പറയാൻ കഴിയുകയില്ലെന്ന് അവൾക്ക് മനസ്സിലായി. അവളുടെ മനസ്സ് നിറയെ കുറച്ച് മുന്നേ കണ്ട സ്വപ്നത്തിന്റെ ഭീകരതയായിരുന്നു. ” ആര്യേ… ഗൗരിയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. … നീ കണ്ടില്ലേ ..?”

ഗൗരിയുടെ പെരുമാറ്റം കണ്ടിട്ട് നാരായണിയ്ക്ക് ആധിയായി. ” നമ്മുക്ക് ചോദിക്കാം അവൾ ഇവിടെ തന്നെയുണ്ടല്ലോ .. അമ്മ വിഷമിക്കണ്ട..” ” അവൾക്ക് വല്ല പ്രേമവും ഉണ്ടോ ഇനി …?മൊത്തത്തിൽ അവൾക്ക് എന്തോ മാറ്റമുണ്ട്… എന്റെ കുഞ്ഞ് വഴിതെറ്റി പോയോ ദേവി ..,” മനസ്സിൽ വന്ന കാര്യം നാരായണി ആര്യയോട് പറഞ്ഞു. ” ഇല്ല അമ്മേ … ഗൗരിക്ക് അങ്ങനെ ഒന്നും ഉണ്ടാവില്ല. അമ്മ വെറുതെ അങ്ങനെയൊന്നും ഓർക്കണ്ട. അവൾക്ക് എന്താ സംഭവിച്ചതെന്ന് ആതിരയെ വിളിച്ചു ചോദിച്ചാൽ പോരെ..” നാരായണിയെ സമാധാനിപ്പിച്ചു കൊണ്ട് ആര്യ പറഞ്ഞു.

അവളുടെ മനസ്സിലും അങ്ങനെ ഒരു സംശയമുണ്ടായിരുന്നു. നേരം വെളുക്കാൻ കാത്തിരിക്കുകയായിരുന്നു ഗൗരി. മനസ്സിൽ എരിയുന്ന കനലിൽ അവളുടെ മനസ്സ് വെന്തുരുകയായിരുന്നു. 🌿🌿🌿♥️♥️🌿🌿♥️♥️🌿🌿🌿♥️♥️🌿 അനന്തന്റെ നെഞ്ചിൽ മേൽ തലവച്ചു കൊണ്ടാണ് ആതിര കിടന്നുറങ്ങിയത്. അവന്റെ കൈകൾ അവളെ ചേർത്തു പിടിച്ചിട്ടുണ്ട്. വീട്ടിൽ ദേവകി എത്തിയിട്ടില്ലായിരുന്നു. സൂര്യ കിരണങ്ങൾ വെളിച്ചം വീശി തുടങ്ങിയിട്ടുണ്ടായിരുന്നു. അനന്തന്റെ ഫോൺ റിംങ്ങ് ചെയ്യുന്നത് കേട്ടാണ് ആതിര ഉണർന്നത്. ശബ്ദം കേട്ട് അവൻ തിരിഞ്ഞു കിടന്നു.

ആതിര എഴുന്നേറ്റ് ഫോൺ എടുത്തു. ” ഗൗരിയാണല്ലോ …. ഇവൾ എന്താ ഇത്ര നേരത്തേ ? അച്ഛനോ അമ്മയ്ക്കോ എന്തെങ്കിലും … അതോ പോലീസ് വല്ലോം …. ” ആതിര പെട്ടെന്ന് കാടു കയറി ചിന്തിച്ചു. അതിന്റെ ഇടയിൽ ഫോൺ റിംങ്ങ് ചെയ്ത് നിന്നു . ” ഏട്ടൻ ഫോണേടുത്തില്ലല്ലോ ? എന്റെ സ്വപ്നം പോലെ ….. എന്റെ കൃഷ്ണാ …” അവളുടെ ഉള്ള് പിടഞ്ഞു. ഓരോന്നും ഓർത്തു കൊണ്ട് നിന്നപ്പോഴേക്കും ആതിര തിരിച്ചു വിളിച്ചു. ” ഹലോ… ഏട്ടാ…” അവൾ ധ്യതിയോടെ ഫോൺ എടുത്തു. ” ഏട്ടനല്ല….. ഞാനാ …. ” ” ആതിയേടത്തി ….. ” ഗൗരി അവളെ വിളിച്ച് ഒറ്റ കരച്ചിലായിരുന്നു. ” എന്താടീ … ഗൗരി നീ എന്തിനാ കരയുന്നത് ? ” ആതിര പേടിയോടെ ചോദിച്ചു.

” ഗൗരി …. ഗൗരി. .. ” അവളുടെ സമാധാനം നഷ്ട്ടപ്പെട്ടു. ” ഏട്ടൻ എവിടെയാ …?” ” അനന്തേട്ടൻ ഇവിടെ ഉണ്ട്….. ഉറങ്ങുവാ.. നിനക്ക് ന്താ പറ്റിയേ?” ആതിരയുടെ മറുപടി കേട്ടപ്പോൾ ഗൗരി സമാധാനമായി . ഒപ്പം അവൾക്ക് ആശ്വാസം തോന്നി. ” ഏട്ടന് കുഴപ്പമൊന്നും ഇല്ലല്ലോ …?” സംശയം മാറാതെ അവൾ ഒരിക്കൽ കൂടി ഉറപ്പിക്കാനായി ചോദിച്ചു. ഇല്ലടീ … ഏട്ടന് ഒരു കുഴപ്പവുമില്ല.. നീ എന്താ ഇത്ര രാവിലെ വിളിച്ചത് ? ” ഞാൻ ഒരു സ്വപ്നം കണ്ടു. എനിക്ക് പറയാൻ തന്നെ ധൈര്യമില്ല ഏട്ടത്തി.. ഏട്ടനെ…. ഏട്ടനെ… ” ഗൗരിയുടെ സ്വരം പതറി . ബാക്കി പറയാൻ അവൾക്ക് കഴിഞ്ഞില്ല. അപ്പോൾ തന്നെ ഗൗരി സ്വപ്നം കണ്ടതാണെന്നു ആതിരയ്ക്ക് മനസ്സിലായി.

” മോളേ .. ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല നീ വെറുതെ ഓരോന്നും ഓർത്ത് വിഷമിക്കണ്ട … നീ നോർമലായി പെരുമാറിയില്ലങ്കിൽ എല്ലാവർക്കും സംശയമാകും … ആരോടും ഒന്നും പറയരുത് … ” ഒരിക്കൽ കൂടി ആതിര ഓർമ്മിപ്പിച്ചു. “എത്രയും പെട്ടെന്ന് അവിടെ നിന്നും മാറണം …. അല്ലെങ്കിൽ ഞാൻ എല്ലാവരോടും പറയും …. ” ഗൗരി സങ്കടത്തോടെ പറഞ്ഞു. ” മോളേ … ഏടത്തി പറഞ്ഞില്ലേ ? പൂജ കഴിഞ്ഞ ഉടൻ ഞങ്ങൾ മാറും. മോള് എല്ലാരെയും അറിയിച്ച് പ്രശ്നമാക്കരുത്. ഏട്ടത്തി പറഞ്ഞാൽ നീ അനുസരിക്കില്ലേ ? ” ഗൗരിയെ എങ്ങനെ പറഞ്ഞ് സമ്മതിക്കണമെന്ന് ആതിരക്ക് അറിയാമായിരുന്നു. ” കുഞ്ഞി എഴുന്നേറ്റോ ? അവള് കരഞ്ഞോ… മോള് എന്തിയേ?”

മോളുടെ വിവരങ്ങൾ അറിയാൻ ആതിരയുടെ മനസ്സ് വെമ്പി . കുഞ്ഞിയെ ഒരു നോക്ക് കാണാൻ മനസ്സ് കൊതിച്ചു. ആതിരയും ഗൗരിയും കുറെ നേരം കുട്ടിയുടെ കാര്യം സംസാരിച്ചു. ” ദേവകി ചേച്ചി വന്നോ …? ” ” വന്നില്ല … വരുന്നതെ ഉള്ളൂ…” ” അവരെ ഒന്ന് സൂക്ഷിക്കണം.. അവരെ വിശ്വസിക്കാൻ പാടില്ല…. ” അവരുടെ സംസാരം പിന്നെയും നീണ്ടു പോയി. ആതിരയോട് സംസാരിക്കുമ്പോൾ ഗൗരിക്ക് വല്ലാത്ത ആശ്വാസം തോന്നി. കുറച്ച് നേരം കൂടി കഴിഞ്ഞപ്പോൾ പതിവ് പോലെ ദേവകി മനയിൽ വന്ന് ജോലികൾ ആരംഭിച്ചിരുന്നു. അവരെ സഹായിച്ചു കൊണ്ട് ആതിരയും ഒപ്പം ഉണ്ടായിരുന്നു. ഗൗരി പറഞ്ഞത് കൊണ്ട് മാത്രം ആതിര ചെറിയ ഒരു അകലം അവരിൽ നിന്നും പാലിച്ചു.

എന്നത്തേയും പോലെ ഒരുപാട് മിണ്ടാനും നിന്നില്ല. എങ്കിലും ദേവകിയെ സംശയിക്കാനും ആതിരയ്ക്ക് കഴിഞ്ഞില്ല. ആതിരയെ വിഷമിപ്പിക്കണ്ടെന്ന് വിചാരിച്ച് ഗൗരി തന്റെ സ്വപ്നം എന്തെന്ന് പറഞ്ഞില്ല. ജോലികളെല്ലാം തീർത്ത് ആതിരയും അനന്തനും പൂമുഖത്ത് പൂജയുടെ കാര്യങ്ങളും കേസിന്റെ കാര്യങ്ങളും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദൂരെ നിന്നും മൂന്നു ചെറുപ്പക്കാർ നടന്നു വരുന്നത് അവർ കണ്ടു. കാര്യം അറിയാത്തത് കൊണ്ട് അവർക്ക് ആകാംക്ഷ തോന്നി . കീഴാറ്റൂർ മനയിലേയ്ക്ക് കടന്നു വരാൻ ധൈര്യം കാണിച്ച ആ ചെറുപ്പക്കാർ ആരാണ് ? അവർ നടന്നടുത്തതും ആതിരയും അനന്തനും പരസ്പരം നോക്കി..… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…