Tuesday, December 17, 2024
Novel

നിയോഗം: ഭാഗം 8

രചന: ഉല്ലാസ് ഒ എസ്

 “അമ്മേ…… അച്ഛൻ പറഞ്ഞത് ഒക്കെ സത്യാ.. ഈ ഞായറാഴ്ച ഏട്ടന്റെ കല്യാണം ഉറപ്പിക്കാൻ പോകാ എല്ലാവരും. കാർത്തിയേട്ടൻ പോയി പെണ്ണിനെ കണ്ടിരുന്നു എന്ന് ..എന്നേ… എന്നേ വേണ്ട അമ്മേ…ചതിയ്ക്ക ആയിരുന്നു .”പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അമ്മയെ പുണർന്നു.. “മോളെ… നീയ്… എന്തൊക്കെ ആണ് കുട്ടി ഈ പറയുന്നത്…” “അതേ അമ്മേ…. ഞാൻ പറഞ്ഞത് സത്യം ആണ്…

കാർത്തിയേട്ടൻ എന്നോട് പറഞ്ഞു എല്ലാം ” “എന്ത്… എന്താണ് മോളെ പറഞ്ഞത് ” “ഏട്ടൻ കഴിഞ്ഞ ദിവസം ഒരു പെണ്ണ് കാണാൻ പോയിന്നു ” “ങ്ങേ… സത്യം ആണോ കുട്ടി ” കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കുക ആണ് പ്രഭ.. “അതേ അമ്മേ…. അച്ഛനോട്… അച്ഛനോട് എല്ലാ കാര്യങ്ങളും മാറരാരച്ചൻ പറഞ്ഞു. വിതുമ്പൽ അടക്കാൻ പാട് പെടുന്ന മകളെ വേദനയോടെ നോക്കി നിൽക്കാനേ ആ അമ്മയ്ക്ക് കഴിഞ്ഞുള്ളു.. “എന്നാലും ഏട്ടന് എങ്ങനെ തോന്നി അമ്മേ… എന്നെ ചതിക്കാൻ… ഞാൻ എന്ത് തെറ്റ് ആണ് ചെയ്തേ….”

“ന്റെ കുട്ടി ഇങ്ങനെ കരയല്ലേ… അമ്മ അവനെ ഒന്ന് വിളിക്കട്ടെ.. കാർത്തി ഒരിക്കലും ചതിക്കില്ല മോളെ… അവൻ പാവം അല്ലേ. ഇന്ന് വരെ നിന്റ കണ്ണ് ഒന്ന് നിറയാൻ അവൻ സമ്മതിച്ചിട്ടുണ്ടോ മോളെ ” “നിക്ക്… നിക്ക് ഒന്നും അറിയില്ല അമ്മേ… “. മുഖം പൊത്തി കരയുന്ന മകളെ നോക്കി ദേവനും വാതിൽപ്പടിയ്ക്കൽ നിൽക്കുകയാണ്.. വിനീത് അപ്പോളേക്കും കാർത്തിയുട വീട് ലക്ഷ്യം ആക്കി പോയിരുന്നു. ഇളം വരാന്തയിൽ നിൽക്കുന്ന മീനുട്ടി കണ്ടു വേഗത്തിൽ നടന്നു വരുന്ന വിനീതിനെ..

“ആഹ്… ആരിത് വിനീതേട്ടനോ.. എന്തേ വഴി തെറ്റി വന്നതാ ” നീളൻ മുടി മുഴുവൻ എടുത്തു ഉച്ചിയിൽ കെട്ടി വെച്ചു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു. “കാർത്തി എവിടെ ” ഉള്ളിലെ ക്ഷോഭം മറയ്ക്കാൻ ശ്രെമിച്ചു കൊണ്ട് അവൻ ചോദിച്ചു. “ഏട്ടൻ അകത്തുണ്ട്… വിനീതേട്ടൻ കയറി ഇരിക്കോ ” “വേണ്ട മീനുട്ടി.. പോയിട്ട് ലേശം തിരക്ക് ഉണ്ട്… നീ അവനെ ഒന്ന് വിളിക്കു ” മീനാക്ഷി തിടുക്കത്തിൽ തന്നെ അകത്തേക്ക് കയറിപ്പോയി.. വിനീത് കാണാൻ വന്നു എന്ന് അറിയിച്ചതും, കാർത്തി വെളിയിലേക്ക് ഇറങ്ങിവന്നു. ” കാർത്തി നീയൊന്ന് വരൂ..

എനിക്ക് ഒരു കാര്യം നിന്നോട് ചോദിക്കുവാൻ ഉണ്ട് ” മുടന്തിയ കാലടികളുടെ നടന്നു പോകുന്നവന്റെ പിന്നാലെ പോകുമ്പോൾ അവൻ എന്താണ് ചോദിക്കുവാൻ വന്നതെന്നു കാർത്തിക്കു നല്ല നിശ്ചയം ഉണ്ടായിരുന്നു. ” കാർത്തി മുഖവുര ഇല്ലാതേ തന്നെ പറയാം, പൊട്ടിക്കരഞ്ഞ് കൊണ്ട് അകത്തെ മുറിയിൽ കിടക്കുന്ന ദേവുവിനെ കണ്ടിട്ടാണ് ഞാനിപ്പോൾ നിന്റെ അടുത്തേക്ക് വന്നത്,,, അവൾ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണോ. നീ ഏതെങ്കിലും പെൺകുട്ടിയെ കാണാൻ പോയിരുന്നോ”

അവന്റെ ചോദ്യത്തിന്റെ മുന്നിൽ പതർച്ചയോടെ ഒരു നിമിഷം നിന്നുമെങ്കിലും എല്ലാ കാര്യങ്ങളും വിനീതിനോട് പറയാം എന്ന് കാർത്തി തീരുമാനിച്ചു.. “എടാ… ഞാൻ പോയി എന്നുള്ളത് നേര് തന്നെയാണ്…അത് ദേവൂട്ടിയോട് മറച്ചുവെച്ചത് സത്യവും… പക്ഷേ ഒന്നും എന്റെ ഇഷ്ടത്തോടെയും സമ്മതത്തോടെയും അല്ല” ” പിന്നെ ആരുടെ” “അത് അച്ഛൻ പറഞ്ഞിട്ടാണ്….” “ചുമ്മാ നുണ പറയരുത് കാർത്തി… ഒരിക്കലും മാരാരച്ചൻ നിന്നെ ഈ കാര്യം പറഞ്ഞു നിർബന്ധിക്കുകയില്ല…

കാരണം മറ്റാരെക്കാളും ദേവുവിനോട് ഈ കുടുംബത്തിൽ സ്നേഹം ഉള്ളത് മാരാരാച്ചനാണ്…”കയ്യെടുത്ത് വിലക്കിക്കൊണ്ട് വിനീത് കാർത്തിയോട് പറഞ്ഞു. “ഒക്കെ ശരിയാണ്… ചിലപ്പോൾ എനിക്കും തോന്നാറുണ്ട് അച്ഛന് ഞങ്ങളെ ക്കാൾ സ്നേഹം ദേവൂട്ടിയോടാണെന്ന്,, പക്ഷേ… പക്ഷേ അച്ഛനു എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല… യാതൊരു കാരണവശാലും അച്ഛൻ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുവാൻ തയ്യാറാകുന്നില്ല…ദേവമാമയെ ഞാൻ വിളിച്ചു വരുത്തിയതാണ്നിനക്കറിയോ വിനീതേ…. എന്നിട്ടും…”കാർത്തിയുടെ വാക്കുകൾ മുറിഞ്ഞു. ”

എന്റെ പെങ്ങളെക്കുറിച്ച് മോശമായി എന്തെങ്കിലും മോശമായി അറിഞ്ഞതുകൊണ്ടാണോ മാരാരച്ചൻ ഈ ബന്ധത്തിൽ നിന്നും പിന്മാറുന്നതു ” ഉള്ളിലുള്ള സംശയം വിനീത് നേരിട്ട് തന്നെ കാർത്തിയോട് ചോദിച്ചു. “എടാ എനിക്ക് സത്യമായിട്ടും ഒന്നും അറിയില്ല.. ദേവൻ മാമയെ നേരിട്ട് കണ്ടിട്ട് ഈ കാര്യങ്ങളൊക്കെ അവതരിപ്പിച്ചതിനു ശേഷം, അച്ഛനോട് തുറന്നു സംസാരിപ്പിക്കുവാൻ ആയിരുന്നു എന്റെ നീക്കം.. പക്ഷേ എനിക്ക് അതിനൊന്നും സാധിച്ചില്ല… ഞങ്ങൾ ഇവിടെ കോളേജിൽ നിന്നും എത്തിയപ്പോൾ മുറ്റത്ത് നിൽക്കുന്ന ദേവൂട്ടിയെയും, മാമനെയും ആണ് കാണുന്നത് ”

സത്യസന്ധമായി കാർത്തി അവനോട് പറഞ്ഞു.. ” മാരരച്ചൻ എവിടെ… ഞാൻ പോയി സംസാരിക്കാം ” ” അച്ഛൻ ആരെയോ കാണാൻ ഉണ്ടെന്നും പറഞ്ഞ് പോയത് ആണ് “… “ശരി… ഞാൻ ഫോൺ വിളിച്ചോളാം ” .. “വിനീത് ഒരു കാര്യം ഞാൻ പറയാം… ദേവൂട്ടിയെ ആത്മാർത്ഥമായാണ് ഞാൻ സ്നേഹിച്ചത്.. അവളെ ചതിച്ച് എനിക്ക് വേറൊരു ജീവിതം ഇല്ല… നിനക്കറിയാമല്ലോ അച്ഛനെ എതിർത്ത് ഇന്നോളം ഞാനും മീനൂട്ടിയും ഒന്നും സംസാരിച്ചിട്ടില്ല.. ഞങ്ങൾക്ക് ദോഷം ആകുന്നതൊന്നും അച്ഛൻ ഇതുവരെ പ്രവർത്തിച്ചിട്ടുമില്ല…

പക്ഷേ ഈ കാര്യത്തിൽ അച്ഛനെ എതിർത്താണെങ്കിലും ശരി, ഞാൻ ദേവൂട്ടിയെ സ്വന്തമാക്കും.. എന്റൊപ്പം ദേവന്മാമയും നീയും കാണണം ” കാർത്തിയത് പറയുകയും അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് വിനീത് മുടന്തി മുടന്തി മുന്നോട്ട് നടന്നു. “വിനീതെ… നീ നടന്നാണോ വന്നത്… നിൽക്ക് ഞാൻ കൊണ്ട് അയക്കാം..” . “വേണ്ട….. ഞാൻ പോയ്കോളാം..നീ പറ്റുമെങ്കിൽ ദേവുട്ടിയെ ഒന്ന് വിളിക്ക്… ആകെ തകർന്നിരിക്കുകയാണ് അവൾ “…. അതും പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കാതെ പോ കുന്നവനെ നോക്കി കാർത്തി വേദനയോടെ നിന്നു. എന്നിട്ട് വേഗത്തിൽ അവൻ വീട്ടിലേക്ക് കയറി പോയി..

ഫോണെടുത്ത് ദേവൂട്ടിയെ പലപ്രാവശ്യം വിളിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം… ദേവൂട്ടി…. മോളെ…ദയവുചെയ്ത് ഞാൻ പറയുന്നതൊന്നു കേൾക്കുമോ… പ്ലീസ് .. അവൻ അവളുടെ ഫോണിലേക്ക് വാട്സാപ്പിൽ ഒരു സന്ദേശം അയച്ചു…. എന്നിട്ട് ഒന്നൂടെ ഫോണിലേക്ക് വിളിക്കുകയും ചെയ്തു.. പക്ഷെ അവൾ അത് മനഃപൂർവം അറ്റൻഡ് ചെയ്തില്ല… അവന്റ കാൾ കാണും തോറും ദേവൂട്ടിയുടെ മിഴികൾ ഈറൻ അണിഞ്ഞു കൊണ്ടേ ഇരുന്നു.. കാരണം അത്രമേൽ താൻ സ്നേഹിച്ച തന്റെ പ്രാണന്റെ പാതിയായി മനസാൽ വരിച്ച തന്റെ കാർത്തിയേട്ടൻ മറ്റൊരു പെൺകുട്ടിയെ പോയി

പെണ്ണ് കണ്ടു എന്നും കുടുംബത്തിലെ വേണ്ടപ്പെട്ടവർ ചേർന്നു ഞായറാഴ്ച വിവാഹം ഉറപ്പിക്കാൻ പോകുക ആണെന്നും അച്ഛൻ പറഞ്ഞപ്പോൾ അത് തന്നെ കബളിപ്പിക്കാൻ ആവും എന്ന് ആയിരുന്നു അവൾ വിശ്വസിച്ചതു….. പക്ഷെ കാർത്തിയേട്ടന്റെ നാവിൽ നിന്നും അത് തന്നോട് പറഞ്ഞപ്പോൾ… ആ നിമിഷം….. തന്റെ ശ്വാസം നിലച്ചത് പോലെ ആയിരുന്നു അവൾക്ക് തോന്നിയത്.. “നീയ് ഇതു എവിടെ പോയത് ആയിരുന്നു മോനേ ” അമ്മ ചോദിക്കുന്നത് കേട്ട് കൊണ്ട് ദേവു കാതുകൾ കൂർപ്പിച്ചു. കാർത്തിയെ ഒന്ന് കാണാൻ പോയത് ആയിരുന്നു…

“എന്നിട്ട്… കണ്ടോ മോനേ “… “ഹ്മ്മ്….”.. അത് കേട്ടതും ദേവു ഓടി അവന്റെ അടുത്തേക്ക് വന്നു.. “കണ്ടിട്ട്…. കണ്ടിട്ട് കാർത്തിയേട്ടൻ എന്ത് പറഞ്ഞു ഏട്ടനോട്….” ഒഴുകിയൊലിച്ച, കണ്ണീര് വലം കൈയാൽ അമർത്തി തുടച്ചു കൊണ്ട് അവൾ വിനീതിനോട് ചോദിച്ചു.. “ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവന്റ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ദേവു മാത്രം ആയിരിക്കും എന്ന് പറഞ്ഞു…” . അതും പറഞ്ഞു കൊണ്ട് അവൻ അവിടെ കിടന്ന സെറ്റിയിൽ അമർന്നു ഇരുന്നു..ഒന്ന് പാളി നോക്കിയപ്പോൾ കണ്ടു ഒരു പനി നീർ പൂവ് പോലെ പ്രകാശിച്ചു നിൽക്കുന്ന ദേവൂട്ടിയെ……….തുടരും

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…