Thursday, December 19, 2024
Novel

കൗസ്തുഭം : ഭാഗം 6

എഴുത്തുകാരി: അഞ്ജു ശബരി


നവനീത് പോയതുനോക്കി ശ്രീനി നിന്നു…

“ശ്രീനി.. ”

പുറകിൽ നിന്നും അനുവിന്റെ ശബ്ദം കേട്ട് ശ്രീനി തിരിഞ്ഞ് നോക്കി…

“അനുവോ?? എന്തെ?? ”

“എന്തേയ് കൂട്ടുകാർ തമ്മിൽ അടിയായോ?? ”

“ഏയ്‌ അങ്ങനൊന്നുമില്ല… ഞാൻ ചോദിച്ച ചില കാര്യങ്ങൾ അവനിഷ്ടായില്ല അതാണ്.. കുറച്ചു കഴിഞ്ഞു ഇങ്ങു വന്നോളും… ”

“ഓഹ് ഒരു വല്ലാത്ത കാരക്ടർ തന്നെ… ഇതിന്റെ വീട്ടുകാർ ഇതിനെയെങ്ങനെ സഹിക്കുമോ ആവോ?? ”

“അനു.. വേണ്ട…. അങ്ങനൊന്നും പറയരുത്..നവി നിങ്ങൾ വിചാരിക്കുന്ന പോലൊരാളല്ല.. ”

“പിന്നെ.. ഞാൻ കാണുമ്പോൾ മുതൽ ഇങ്ങനാ ആദ്യായിട്ട് കാണുമ്പോ തന്നെ എന്നോട് ദേഷ്യം തോന്നാൻ ഞാനെന്തു ചെയ്ത്.. അപ്പൊ അതൊന്നുമല്ല കാരണം ഇതിന്റെ സ്വഭാവം തന്നെ.. ”

“അല്ല അനു അങ്ങനല്ല.. ”

“ഞാൻ ആദ്യമായ് കാണുമ്പോൾ അവനൊരു പാവമായിരുന്നു പഞ്ചപാവം.. ഒരുറുമ്പിനെ പോലും നോവിക്കാൻ കഴിയാത്ത ഒരാളോട് പോലും ദേഷ്യപ്പെടാത്ത നവനീതിനെ ആയിരുന്നു എനിക്ക് പരിചയം.. ”

“ആര് നവിയോ എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുനില്ല ശ്രീനി.. ”

“അനു.. ഞങ്ങൾ ആദ്യമായ് കാണുന്നത് രണ്ടായിരത്തി പന്ത്രണ്ടിൽ ആണ്… എഞ്ചിനീയറിംഗ് കഴിഞ്ഞു പ്ലേസ്മെന്റ് കിട്ടിയ സമയം.. ”

എനിക്ക് ട്രെയിനിങ്ങിനായി കിട്ടിയത് ഹൈദെരാബാദിലേക്കാണ്… സ്വന്തം വീട് വിട്ട് വേറൊരു വീട്ടിലേക്ക് പോലും പോയിട്ടില്ലാത്ത ഞാൻ അങ്ങനെ ആദ്യമായ് തനിച്ചു ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു…

ഭാഷ പോലും അറിയാതെ വല്ലാത്തൊരു ഭയം എനിക്കുണ്ടായിരുന്നു..

അവിടെ വെച്ച് ആദ്യമായി ഞാൻ പരിചയപ്പെടുന്നത് നവനീതിനെയാണ്… അവനെന്നെ ഒരുപാട് സഹായിച്ചു.. എനിക്ക് താമസിക്കാൻ അവൻ താമസിക്കുന്ന വീട്ടിൽ തന്നെ സൗകര്യം ഉണ്ടാക്കി തന്നു..

എല്ലാവരോടും ചിരിച്ചു കളിച്ചും ആർക്ക് എന്താവശ്യമുണ്ടെങ്കിലും ഏത് പാതിരാത്രിക്ക് വേണമെങ്കിലും അതും ആൺപെൺ വ്യത്യാസം ഇല്ലാതെ വിളിക്കാൻ പറ്റുന്നൊരു സുഹൃത്ത് ആയിരുന്നു നവി..

പല പ്രൊജക്റ്റും സമയത്ത് തീർക്കാനാവാതെ നിൽക്കുമ്പോൾ അവൻ സഹായിക്കുമായിരുന്നു…

അത്രയ്ക്ക് ബുദ്ധിയും കഴിവും ആയിരുന്നു അവന്‌..

കമ്പനിയുടെ ബെംഗലൂരു ഉള്ള മെയിൻ ബ്രാഞ്ചിലേക്ക് അവനെ മാറ്റണം എന്ന് കമ്പനിയുടെ തലപ്പത്തു ഇരിക്കുന്നവർക്ക് ഉണ്ടായിരുന്നു പക്ഷെ ആ ബ്രാഞ്ചുമായി അവന്‌ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു… അതുകൊണ്ട് തന്നെ അവൻ അവിടെ വിട്ടു പോകില്ലായിരുന്നു…

ഞങ്ങൾ തമ്മിൽ നല്ല അടുപ്പം ഉണ്ടെങ്കിലും അവന്റെ വീട്ടുകാരെ കുറിച്ച് അവനൊരു വാക്കുപോലും പറഞ്ഞിട്ടില്ല..

അവന്റെ ഈ ഒരു സ്വഭാവം കൊണ്ട് തന്നെ കൂട്ടത്തിൽ ഉള്ള പല പെൺകുട്ടികൾക്കും അവനോട് പ്രണയം തോന്നിയിരുന്നു…

ഒരിക്കൽ ഞാനവനോട് ചോദിച്ചു.. എന്താണ് അവനാരോടും പ്രണയം തോന്നാത്തത് എന്ന്..

അന്നവനെന്നോട് പറഞ്ഞത്..

“എനിക്ക് പ്രണയം തോന്നിട്ടില്ല എന്നാരാ പറഞ്ഞത്… ഞാൻ പ്രണയിക്കുന്നു അവളെ ഒരുപാടൊരുപാട്.. ”

“ആരെ… പറയെടാ… നവി.. ”

“മ്മ്.. ഇല്ല.. തല്ക്കാലം മോൻ അതറിയേണ്ട.. സമയമാകട്ടെ പറയാം.. ”

“എന്നാലും നവി.. അറ്റ്ലീസ്റ്റ് നിന്റെ ആള് ഇവിടെയാണോ അതോ നാട്ടിലാണോ എന്നങ്കിലും പറയ്‌.. ”

“അതൊക്കെ പറയാം സമയമാകട്ടെ.. ഇപ്പൊ എന്റെ മോൻ കിടക്കാൻ നോക്ക്.. ”

അങ്ങനെ നാളുകൾ കടന്നു പോയി.. രണ്ടുമൂന്നു വർഷം ഞങ്ങളൊന്നിച്ചു അവിടെ ജോലി ചെയ്തു…

അങ്ങനെയിരിക്കെ ഒരു ദിവസം…

നവി ഓടിക്കിതച്ചു കൊണ്ട് എന്റെ ക്യാബിനിലേക്ക് വന്നു..

“ശ്രീനി… ”

“എന്താ നവി എന്തുപറ്റി.. ”

“എനിക്ക് ഇന്ന് വൈകിട്ടത്തെ ബസിൽ നാട്ടിലേക്ക് പോകണം.. ”

“എന്താ നവി പെട്ടെന്ന്.. ”

“വിശദമായി ഒന്നും പറയാനുള്ള സമയമില്ല ശ്രീനി.. ഞാൻ എത്തിയിട്ട് വിളിക്കാം.. ”

അന്ന് വൈകിട്ട് ഞാനവനെ നാട്ടിലേക്കുള്ള വോൾവോ കയറ്റി വിട്ട് പിന്നെ അവൻ ഹൈദരാബാദിലേക്ക് തിരികെ വന്നില്ല..

അവിടെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് നവി ആയിരുന്നു… അവൻ പോയതിനു ശേഷം വല്ലാത്തൊരു ഒറ്റപ്പെടൽ എനിക്ക് തോന്നി…

അവൻ വരാനായി ആറേഴു മാസം ഞാൻ കാത്തിരുന്നു പക്ഷെ അവൻ തിരിച്ചു വന്നില്ല..

ആർക്കും അവന്റെ വീടോ നാടൊ ഒന്നുമറിയില്ല.. അവന്റെ വീട്ടുകാരെക്കുറിച്ചു അവനാരോടും ഒന്നും പറഞ്ഞിട്ടില്ല…

എന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ട് കൂടി എന്നോട് പോലും പറഞ്ഞിട്ടില്ല..

രണ്ട് കൊല്ലം അങ്ങനെ കടന്നു പോയി..

അങ്ങനൊരു ഓണത്തിന് ലീവിന് നാട്ടിലേക്ക് വന്നതായിരുന്നു ഞാൻ…

നാട്ടിലുള്ള സുഹൃത്തുക്കൾ എല്ലാം കൂടി രണ്ടു ദിവസം അവധി ആഘോഷിക്കാനായി കുമളി എത്തി…

അവിടെ വെച്ച് പച്ചക്കറിയും നിറച്ചു ഒരു ടെമ്പോയുമായി മാർക്കറ്റിൽ വെച്ച് ഞാൻ നവനീതിനെ കണ്ടു…

ഒരു കള്ളിമുണ്ടും ഉടുത്തു വണ്ടിയുടെ ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങി വരുന്ന നവനീതിനെ കണ്ടപ്പോ ഞാനാകെ തരിച്ചു നിന്നു പോയി..

ഞാനോടി അവന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവൻ വണ്ടിയുമായി പോയിരുന്നു..

പിന്നെ അവിടെ ഉള്ളവരോടൊക്കെ അന്വേഷിച്ചു പിടിച്ചു ഞാൻ തോട്ടത്തിൽ
എത്തി…

“നവി… ”

പെട്ടെന്ന് ആരോ പുറകിൽ നിന്ന് വിളിച്ചപ്പോൾ നവി തിരിഞ്ഞു നോക്കി..

ഒട്ടും പ്രതീക്ഷിക്കാതെ എന്നെ അവിടെ കണ്ടപ്പോൾ നവി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നുപോയി..

ഞാനോടി ചെന്ന് അവനെ കെട്ടിപിടിച്ചു..

അപ്പോഴും അവൻ അനങ്ങാതെ ഒരു പാറ പോലെ നിന്നു..

” നവി.. നീയെവിടെയായിരുന്നു.. നിന്നെ അന്വേഷിച്ചു ഞങ്ങൾ എവിടെയൊക്കെ നടന്നു.. നാട്ടിലെ നിന്റെ അഡ്രസോ ഫോൺനമ്പറോ ആരുടേയും കയ്യിൽ ഇല്ലാരുന്നല്ലോ.. ഇതാണോ നിന്റെ നാട്.. നിന്റെ വീടെവിടെയാ.. വീട്ടുകാരൊക്കെ.. ”

“നിനക്കെന്താ വേണ്ടത്.. ”
മുഖത്തു ഒരു ചിരി പോലുമില്ലാതെ നവി അത് ചോദിച്ചപ്പോൾ ഞാൻ അവനെ ചുറ്റിപിടിച്ച എന്റെ കൈകൾ അയച്ചു..

“നവി.. നീയെന്താ ഇങ്ങനെ പെരുമാറുന്നെ.. നിനക്കെന്നെ മനസ്സിലായില്ലേ.. ഞാൻ ശ്രീനിധ് ആണ് നമ്മൾ ഒന്നിച്ചു രണ്ടുവർഷം ഒരേറൂമിൽ താമസിച്ചതല്ലേ.. ”

“എനിക്ക് മറവിയൊന്നുമില്ല… എന്താ വേണ്ടത്.. ”

നവിയുടെ പെരുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു…

“സോറി എനിക്കൊന്നും വേണ്ട.. എനിക്ക് ആളുമറിയതാവും.. സോറി… ”

അത്രയും പറഞ്ഞിട്ട് ഞാൻ പുറത്തേക്കിറങ്ങി…

അപ്പോഴേക്കും നവി പുറകിൽ കൂടി ഓടി വന്നു എന്നെ കെട്ടിപിടിച്ചു..

“ശ്രീനി.. എന്നോടൊന്നും ചോദിക്കല്ലേ…ഇപ്പൊ എനിക്കൊന്നും പറയാൻ പറ്റില്ല… ”

“നവി നീ ഇവിടെ ഈ കോലത്തിൽ.. എന്താ ഇതൊക്കെ… ”

“നീ വാ.. വീട്ടിലേക്ക് പോകാം.. ”

അങ്ങനെ അവനെന്നെയും കൂട്ടി കൌസ്തുഭത്തിലേക്ക് വന്നു…

എനിക്ക് ഇവിടം വല്ലാതിഷ്ടായി അങ്ങനെ ഞാനും ജോലി റിസൈൻ ചെയ്തു അവന്റെ കൂടെ പാർട്ണർ ആയി കൂടി..

ഇത്രക്ക് നല്ല സ്വഭാവം ആണെങ്കിൽ പിന്നെ നവനീതിന് എന്താ പറ്റിയത്..

അറിയില്ല അനു.. അവനൊന്നും പറയില്ല.. അനുവിന് അറിയുമോ രണ്ടുദിവസം മുന്നേ അവന്റെ അമ്മ വിളിച്ചിരുന്നു…

അവനവരോട് സംസാരിച്ചിട്ട് വർഷം നാലായി.. മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും മോന്റെ ശബ്ദം കേൾക്കണം എന്ന് കരഞ്ഞു പറയുന്ന ആ അമ്മയോട് ഞാനെന്താ പറയേണ്ടത്… നീ പറയ്‌..

പക്ഷേ ശ്രീനി അതിന് നമ്മളെന്തു ചെയ്യും.. ഇന്നിപ്പോ ശ്രീനി സംസാരിച്ചപ്പോൾ നവിയുടെ പെരുമാറ്റം ഞാനും കണ്ടതാ..

അതാണ് അനു ഞാനും ആലോചിക്കുന്നത്.. ഞാനിപ്പോ എന്താ ചെയ്യുന്നത്.. എനിക്കറിയില്ല.. ആ അമ്മയുടെ കരച്ചിൽ കേട്ടപ്പോൾ എനിക്കെന്റെ അമ്മയെ ഓർമ്മ വന്നു..

വളരെ ചെറുപ്പത്തിൽ എനിക്കെന്റെ അച്ഛനെ നഷ്ടപെട്ടതാ അമ്മ ഒത്തിരി കഷ്ടപ്പെട്ട് എന്നെ വളർത്താനും പഠിപ്പിക്കാനും.. അമ്മക്കെന്നെ ജീവനാണ് അതുപോലെ ആകില്ലേ ആ അമ്മക്ക് നവിയോടും…

പെട്ടെന്ന് ശ്രീനിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു ശ്രീനി അതെടുത്തു നോക്കിയിട്ട് ഫോൺ വെച്ചു.. പെട്ടന്നാണ് എന്തോ ഓർത്തത് പോലെ ഫോണിന്റെ കാൾ ലിസ്റ്റ് നോക്കി..

അനു.. നവിയുടെ അമ്മയുടെ നമ്പർ ഞാനെടുത്തു വെച്ചിട്ടുണ്ടാരുന്നു.. ആ നമ്പറിലേക്ക് ഒന്ന് വിളിച്ചു നോക്കിയാലോ..

വിളിച്ചു നോക്ക് ശ്രീനി…

“ഇപ്പൊ വിളിക്കണോ രാത്രിയായില്ലേ ഏകദേശം ഒൻപതു മണി ആയിക്കാണും..”

“അതൊന്നും സാരമില്ല നീ വിളിച്ചു നോക്ക്.. ”

ശ്രീനി ആ നമ്പറിലേക്ക് വിളിച്ചു…

അപ്പുറത്ത് നിന്നും കാൾ അറ്റൻഡ് ചെയ്തത് ഒരു പുരുഷ സ്വരമാണ്..

“ഹെലോ ആരാ ”

“അത്.. ഞാൻ.. നവനീതിന്റെ അമ്മയുണ്ടോ?? ”

കുറച്ചു സമയം അവിടം നിശബ്ദമായി

“ഹലോ.. ഹലോ..കേൾക്കുന്നുണ്ടോ?? ”

“നിങ്ങളാരാ?? ”

“ഞാൻ നവനീതിന്റെ ഫ്രണ്ടാണ്… ”

“നിങ്ങൾക്ക് നമ്പർ തെറ്റി.. ഇത് നിങ്ങളുദ്ദേശിച്ച വീടല്ല.. ”

അത്രയും പറഞ്ഞിട്ട് ആ ഫോൺ കട്ടായി..

“ശ്രീനി സംശയത്തോടെ ഫോണിലേക്ക് നോക്കി നിന്നു.. ”

“എന്താ ശ്രീനി… ”

“അനു ഇങ്ങോട്ട് വന്ന നമ്പറിലേക്ക് ആണ് ഞാൻ വിളിച്ചത് പക്ഷെ നമ്പർ മാറിപ്പോയെന്ന് പറയുന്നു.. ”

“ചിലപ്പോൾ സേവ് ചെയ്തപ്പോൾ ഒരു നമ്പറോ മറ്റോ മാറിയതാവും ശ്രീനി.. ”

“ഇനിയെന്ത് ചെയ്യും.. ”

“എന്തെങ്കിലും ഒരു വഴിയുണ്ടാവും ശ്രീനി താൻ വിഷമിക്കല്ലേ.. ”

“അനു പോയി കിടന്നോ… സമയം ഒരുപാടായി.. ”

“ഓക്കേ ശ്രീനി.. ഗുഡ്‌നൈറ്.. ”

“ഗുഡ്‌നൈറ് അനു.. ”

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാത്രിയിൽ ദൂരയോട്ടം കഴിഞ്ഞ് വീട്ടിലേക്ക് വരുവായിരുന്നു നൗഫൽ..

പെട്ടന്നാണ് വണ്ടിയുടെ മുന്നിലത്തെ ഗ്ലാസിൽ എന്തോ വന്നു വീണത്..

നൗഫൽ വൈപ്പർ ഇടാൻ തുടങ്ങിയപ്പോഴാണ് അത് മുട്ടയാണെന്ന് മനസ്സിലായത്…

മുന്നിലത്തെ കാഴ്ചകൾ മറഞ്ഞപ്പോൾ നൗഫൽ വണ്ടി നിർത്തി.. അകത്തു നിന്നും ഒരു തുണിയെടുത്തു ഗ്ലാസ്‌ തുടച്ചു…

അപ്പോഴേക്കും നൗഫലിന്റെ പുറത്ത് ഹോക്കി ബാറ്റ് കൊണ്ട് ആരോ ശക്തമായി അടിച്ചു..

നൗഫൽ തിരിഞ്ഞപ്പോഴേക്കും അടുത്ത അടി തോളിലേക്ക് വീണിരുന്നു..

“നിങ്ങളാരാ.. എന്താ നിങ്ങൾക്ക് വേണ്ടത്?? ”

“ഇനി മേലാൽ നീ അക്ഷയിയുടെ വീട്ടിൽ കയറരുത്.. ”

“ഓഹ് അപ്പൊ അവന്റെ ആളുകളാണോ നിങ്ങൾ.. ടാ അക്ഷയ്.. നട്ടെല്ലുള്ള ആണാണെങ്കിൽ ഒളിച് നിൽക്കാതെ മുന്നോട്ട് വാടാ.. ഞാനൊന്ന് കാണട്ടെ നിന്നെ.. ”

പുറകിൽ കിടന്ന വണ്ടിയിൽ നിന്നും അക്ഷയ് ഇറങ്ങി വന്നു..

“നീയെന്താടാ നൗഫലെ കരുതിയത്.. അക്ഷയ് പേടിച്ച് ഒളിച്ചിരിക്കുവാണെന്നോ.. ”

“ഓഹ് ഒരു ധൈര്യശാലി.. നിനക്ക് നാണമുണ്ടോടാ ഭാര്യവീട്ടിൽ അട്ടിപ്പേറി കിടന്നിട്ട് തിന്നതൊക്കെ എല്ലിൽ കുത്തുമ്പോൾ സ്വന്തം അമ്മയുടെയും പെങ്ങളുടെയും നേരെ തിരിയാൻ.. ”

നൗഫൽ അക്ഷയിയുടെ നേരെ പുച്ഛത്തോടെ പറഞ്ഞു..

“സ്വന്തം അമ്മയും പെങ്ങളും.. ത്ഫൂ… ”

“നീ കുറച്ചു കാലം എന്റെ കൂട്ടുകാരൻ ആയിരുന്നു ആ അടുപ്പം വെച്ചു പറയുവാ… ഇനി മേലാൽ നീ ഇലഞ്ഞിമറ്റത്തു കാല് കുത്തരുത്.. ” അക്ഷയ് പറഞ്ഞു..

“അത് പറയാൻ നീയാരാ.. ആ അമ്മയുടെ വയറ്റിൽ പിറന്നില്ലങ്കിലും ഞാനും സുമിത്രാമ്മയുടെ മകനാണ്.. ആ അമ്മക്കോ എന്റെ പെങ്ങൾക്കോ എന്തെങ്കിലും ആവശ്യം വന്നാൽ ഞാനുണ്ടാകും… ”

“ഓഹ് പെങ്ങൾ.. നീ അവളെ വേറെവിടെക്കോ മാറ്റി താമസിപ്പിച്ചേക്കുവല്ലേ.. ആർക്കറിയാം അങ്ങള ആണ് പെങ്ങളാണ് എന്നൊക്കെ പറഞ്ഞ് നീയവളെയും കൂടെ.. #%&&* ”

“ടാ &*$##% മോനെ എന്ത് പറഞ്ഞ് നീ.. അനു എനിക്ക് എന്റെ നാദിയെപോലെയാണ് ”

അങ്ങനെ പറഞ്ഞുകൊണ്ട് നൗഫൽ അക്ഷയിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു..

“ടാ അടിച്ചു കൊല്ലിവനെ.. “അക്ഷയ് അലറി..

എല്ലാവരും കൂടെ നൗഫലിനെ തല്ലിത്തകർത്തു..

അപ്പോഴേക്കും ഏതോ വണ്ടി വരുന്നത് കണ്ട് അവർ അവനെ അവിടിട്ടിട്ട് ഓടി..

ആ വണ്ടിയിൽ വന്നവർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന നൗഫലിനെയാണ്..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ ഇരുന്നപ്പോൾ അനുവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു…

“ഫോണിൽ കൂടെ വന്ന വാർത്ത കേട്ട് അനു വിശ്വാസം വരാതെ ഇരുന്നുപോയി.. ”

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5