Thursday, November 28, 2024
Novel

ഹരിബാല : ഭാഗം 6

നോവൽ
എഴുത്തുകാരി: അഗ്നി


അങ്ങനെ അവർ കാത്തിരുന്ന ആ ദിവസം വന്നെത്തി..

വിഷ്ണുദത്തൻ 💞 ഇന്ദുബാല..
അവരുടെ വിവാഹസുദിനം…

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ഇന്ദു രാവിലെ തന്നെ എഴുന്നേറ്റു..കൂടെ ഏടത്തിയും..നേരെ കുളിച്ച് ഫ്രഷ് ആയി ആകാശ നീല നിറത്തിലുള്ള ഒരു ബ്ലൗസോഡ് കൂടിയ നീലക്കരയുള്ള ഒരു സെറ്റും മുണ്ടും ആയിരുന്നു വേഷം.

മുടി കുളിച്ചശേഷം കുളിപ്പിന്നൽ കെട്ടിയിരുന്നു..മുടിയിൽ ഒരു തുളസിക്കതിർ പിന്നെ നെറ്റിയിൽ ഒരു കുഞ്ഞു വട്ടപൊട്ടും കാതിൽ ചെറിയൊരു മൊട്ടുകമ്മലും..അതോടെ തീർന്നു ഒരുക്കം..

ഏടത്തി..വേഗം വാ..അമ്പലത്തിൽ പോയി വേഗം വരണ്ടേ..

വരുവാ ഇന്ദൂസേ..എന്നും പറഞ്ഞോണ്ട് ഏടത്തി ഓടിയെത്തി..ഏടത്തിയും സെറ്റും മുണ്ടും തന്നെ ആയിരുന്നു വേഷം.

അമ്പലത്തിൽ ചെന്നു ഞങ്ങൾ പ്രാർത്ഥിച്ചു..ഇലച്ചീന്തിൽ പ്രസാദവും വാങ്ങി വേഗം തിരികെപോന്നു..

വീട്ടിൽ എത്തിയപ്പോഴേക്കും എന്നെ ഒരുക്കാനായി എന്റെ ചേച്ചി വന്നിരുന്നു.. ചേച്ചി എന്ന് പറഞ്ഞാൽ അമ്മയുടെ ചേട്ടന്റെ ഭാര്യെടെ ചേച്ചീടെ മോൾ..എന്റെ ശിൽപ്പേച്ചി… ആള് നാട്ടിലെ പേരുകേട്ട ബുട്ടീഷ്യനാണ്…കല്യാണം ഒക്കെ കഴിഞ്ഞ് 2 ഇരട്ട കുട്ടികുറുമ്പന്മാരുടെ അമ്മയാണ്..

അങ്ങനെ ചേച്ചി ചേച്ചിയുടെ കലാവിരുതുകൾ എല്ലാം എന്റെ മേൽ ചൊരിഞ്ഞു..

വിവാഹത്തിനായി ഞാൻ ചില്ലി റെഡ് കളറുള്ള കാഞ്ചീപുരം പട്ടു സാരിയാണ് സെലക്ട് ചെയ്തത്..മുന്താണി ഭാഗം മാത്രം കടും നീല നിറവും അതിൽ തന്നെ ഗോൾഡൻ നിറത്തിൽ വലിയൊരു പൂവും ഉണ്ടായിരുന്നു..

പക്ഷെ സാരി ഞൊറിഞ്ഞുടുത്തതിനാൽ അത് കാണാൻ സാധിക്കില്ലയിരുന്നു..ബാക്കി ഭാഗം മുഴുവനും ചില്ലി റെഡ്-ഗോൾഡൻ കോമ്പിനേഷൻ ആയിരുന്നു..ഡബിൾ ഷേഡ് പോലെ..അതിലും ചെറിയ ഗോൾഡൻ നിറത്തിലുള്ള പൂവുകൾ ഉണ്ടായിരുന്നു..

സാരി ഉടുത്തുകഴിഞ്ഞാണ് മുടി ശെരിയാക്കിയത്.. മുടിയിൽ ഹെയർസ്പ്രേ അടിച്ചും ഡ്രയെറും അയണറും ഒക്കെ കൊണ്ട് സെറ്റ് ചെയ്തു വച്ചിരുന്നതിനാൽ മുടി സെറ്റ് ചെയ്യൽ എളുപ്പമായിരുന്നു..

അരയ്ക്കു താഴെവരെ നല്ല ഉള്ളുള്ള മുടി ഉണ്ടായിരുന്നതിനാൽ തന്നെ വെപ്പുമുടി വയ്‌ക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല..ആ മുടി ശിൽപ്പേച്ചി കുറച്ച് കഷ്ടപെട്ടിട്ടാണ് ഗജ്റ സ്റ്റൈലിൽ ആക്കിയത്…എന്നിട്ട് മുടിക്ക് ചുറ്റും മുല്ലപ്പൂവ് വച്ചു…

മുമ്പിൽ കുറച്ചു മുടി അഴിച്ചിട്ടിരുന്നു…അത് പ്രത്യേക രീതിയിൽ പിന്നിയെടുത്ത് പുറകിലത്തെ മുടിയിലേക്ക് ഒരു ചെറിയ ക്ലിപ്പ് വച്ച് യോജിപ്പിച്ചു..

എനിക്ക് എന്നെ കണ്ടിട്ട് ഭയങ്കര സന്തോഷമായിരുന്നു..കാരണം ഞാൻ ആഗ്രഹിച്ച എന്റെ ജീവിതമാണ്…എന്റെ ജീവനാണ് എനിക്കിന്ന് സ്വന്തമാകുന്നത്..പരസ്പരം കാണാതെ മൂന്നു വർഷത്തോളം കത്തുകളിലൂടെ സംസാരിച്ച് പ്രണയിച്ച ഞങ്ങൾ ഒന്നാകുന്ന സുദിനം..

ഒരിക്കൽപോലും വിച്ചുവെട്ടന്റെ പേരുപോലും ഞാൻ ചോദിച്ചിട്ടില്ലായിരുന്നല്ലോ എന്ന് ഞാൻ ഓർത്തു…

തന്റെ പ്രാണന്റെ പാതിയാവൻ ഇനി അധികനേരമില്ല എന്നോർത്തുകൊണ്ട് അവളുടെ മനം തുടിച്ചുകൊണ്ടിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളിൽ പേരറിയാത്തൊരു വിഷമം അവളെ ചുറ്റിവരിഞ്ഞിരുന്നു.. അത് വീട്ടുകാരെ വിട്ടു പിരിയണമെന്നുള്ള സങ്കടം ആയിരിക്കും എന്നോർത്ത് അവൾ സമാധാനിച്ചു….

അനിയത്തിമാർ വന്നെന്നെ മുറിയിൽനിന്നും പുറത്തിറക്കി..വീട്ടിൽ നിന്നും ഇറങ്ങാനായുള്ള സമയം ആയി എന്ന് പറഞ്ഞു.പിന്നെ ദക്ഷിണകൊടുപ്പായിരുന്നു…എനിക്ക് ഇത്രമാത്രം ബന്ധുക്കളുണ്ടെന്നു തന്നെ അപ്പോഴാണെനിക്ക് മനസ്സിലായത്…

ദക്ഷിണകൊടുപ്പും ഫോട്ടോയെടുപ്പും ഒക്കെ കഴിഞ്ഞ് ഞങ്ങൾ കല്യാണ മണ്ഡപത്തിലേക്ക് ചെന്നു..അവിടെയുള്ളൊരു മുറിയിൽ ആക്കി…മുഹൂർത്തത്തിന് ഇനിയും അരമണിക്കൂർ കൂടെ ഉണ്ടെന്ന് പറഞ്ഞു..അതുവരെ ആ മുറിയിൽതന്നെ ഇരിക്കണമായിരുന്നു..

ഞാൻ പിന്നെയും പഴയതൊക്കെ ആലോചിച്ചുപോയി…ആദ്യമൊക്കെ കത്തുകൾ കിട്ടുമ്പോൾ എനിക്ക് പേടിയായിരുന്നു കാരണം അച്ഛന്റെ ബിസിനെസ്സ് തകർക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ശത്രുക്കൾ എന്നിലൂടെ അച്ഛനായി ഒരുക്കുന്ന കെണി ആണോ എന്നുപോലും ചിന്തിച്ചിരുന്നു…

പേരും നാളും ഒന്നുമില്ലാതെ അയയ്ക്കുന്ന ഊമ പ്രണയ ലേഖനങ്ങൾ…അതുകൊണ്ട് തന്നെ ഇതിനെപ്പറ്റി പുറത്തു പറയാനും എനിക്ക് ഭയമായിരുന്നു…

എന്നാലും എന്തോ ഒരിഷ്ട്ടം ആ കത്തുകളോട് തോന്നി തുടങ്ങി എന്നുള്ളതിന്റെ തെളിവായിരുന്നു ഒരിക്കൽ രണ്ടാഴ്ചയോളം കത്തുകൾ കാണാതിരുന്നപ്പോഴുള്ള എന്റെ വെപ്രാളം..രണ്ടാഴ്ചകൾക്ക് ശേഷം വീണ്ടും ഒരു കത്ത് എനിക്കായികിട്ടിയപ്പോൾ അതിൽ ഇപ്രകാരം എഴുതിയിരുന്നു..

“ഇന്ദൂട്ടി….
നീയില്ലായെങ്കിൽ ഞാൻ ഏതുമില്ല..
ഞാൻ ഇല്ലായെങ്കിൽ നീയുമില്ല…

ദൈവം എനിക്കായ് വച്ചിരിക്കുന്ന പാതി നീയാണെന്ന് എന്റെ മനസെന്നോട് മന്ത്രിക്കുന്നു…
അതിനാൽ എന്നെയോർത്ത് നിനക്ക് ശങ്ക വേണ്ട…ഭയം വേണ്ട….ദൈവം എനിക്കായി കരുതിയത് നിന്നെയാണെങ്കിൽ അത് അവസാനം ചേരേണ്ടയിടത്ത് തന്നെ ചേരും….

ഞാൻ ഇത്രയും പറഞ്ഞത് എന്തുകൊണ്ടാണെന്ന് വച്ചാൽ എന്റെ കത്ത് കാണാതിരുന്നപ്പോഴുള്ള നിന്റെ ഭാവങ്ങളും മനസ്സിലെ ചിന്തകളുമെല്ലാം ഒപ്പിയെടുക്കാൻ എനിക്ക് കഴിയും എന്ന് എന്റെ ഇന്ദൂട്ടിക്ക് മനസ്സിലായിക്കോട്ടെ എന്നോർത്തിട്ടാണ്..

അപ്പൊ മോള് വിഷമിക്കണ്ടാട്ടോ…നിന്റെ കൂടെ ഈ ഞാൻ എന്നുമുണ്ടാകും…അത്രമേൽ സ്നേഹിക്കുന്നു ഈ നീലക്കൽമുക്കൂത്തിക്കാരിയെ..

എന്ന് നിന്റെ സ്വന്തം ഞാൻ💞”

ചെറുക്കൻ എത്തി എന്നുള്ള അറിയിപ്പ് കേട്ടാണ് ഞാൻ എന്റെ ചിന്തയിൽനിന്ന് ഉണർന്നത്..അപ്പോഴുംഎന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായൊരുന്നു..എന്നാലും ഉള്ളിന്റെ ഉള്ളിൽ എന്തൊക്കെയോ ഒരു ടെൻഷനും ഉണ്ടായിരുന്നു..

വിച്ചുവേട്ടനെ ഏട്ടൻ മണ്ഡപത്തിലേക്ക് ആനയിച്ചു…സ്റ്റേജിൽ കയറി എല്ലാവരെയും വണങ്ങി വിച്ചുവേട്ടൻ അവിടെ ഇരുന്നു…

പുറകെ തന്നെ താലപ്പൊലിക്കരുടെ അകമ്പടിയോടെ ഞാൻ മണ്ഡപത്തിലേക്ക് കയറി…ഞാൻ കയറിയപ്പോഴേക്കും വിച്ചുവേട്ടൻ എനിക്കൊരു നനുത്ത പുഞ്ചിരി സമ്മാനിച്ചു..ഞാൻ തിരിച്ചും ഒരു പുഞ്ചിരി നൽകി..

ഞാൻ ചെന്ന് ഏട്ടന്റെ വലതുഭാഗത്തായി ഇരുന്നു..പൂജാരി മഞ്ഞ ചരടിൽ കോർത്ത സ്വർണത്തിന്റെ താലി പൂജിച്ച് വിച്ചുവേട്ടന്റെ കയ്യിലേക്ക് കൊടുത്തു..അത് ഏട്ടൻ എന്റെ കഴുത്തിൽ കെട്ടി..

മൂന്നു കെട്ടും മുറുക്കെ കെട്ടി..നെറുകയിൽ ഏട്ടന്റെ കൈയ്യാൽ സിന്ദൂരം ചാർത്തി..ആ സമയം എല്ലാം കൂപ്പുകൈകളോടെ എനിക്ക് ഞാൻ ആശിച്ച ജീവിതം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു…

ഈ താലിയും കഴുത്തിലണിഞ്ഞ് വിച്ചുവെട്ടന്റെ നെഞ്ചിലെ ചൂടും ഏറ്റുവാങ്ങി നല്ലൊരു കുടുംബജീവിതം നയിക്കാൻ സഹായിക്കണമേ എന്ന് ഞാൻ പ്രാര്ഥിച്ചുകൊണ്ടിരുന്നു..

അപ്പോഴേക്കും അച്ഛൻ എൻ്റെ കൈ വിച്ചുവേട്ടന്റെ കൈകളിലേക്ക് വച്ചു കൊടുത്തു..ഞങ്ങൾ അഗ്നിക്ക് ചുറ്റും വലം വച്ചു..അതിനു ശേഷം ഞാൻ ഏട്ടന്റെ വാമഭാഗത്തായി വന്നിരുന്നു..

ചടങ്ങുകളൊക്കെ കഴിഞ്ഞു..ഫോട്ടോയെടുപ്പും ഭക്ഷണം കഴിപ്പും കഴിഞ്ഞ ശേഷം ഞാൻ ഏട്ടന്റെ വീട്ടിലേക്ക് തിരിച്ചു.. വീട്ടുകാരെ വിട്ട് പോരാൻ നേരം എന്റെ കണ്ണുനീരിനെ ശാസിച്ചു നിർത്തിയെങ്കിലും അവസാനം അത് നീർമുത്തുകളായി പുറത്തേക്ക് വന്നുകൊണ്ടിരുന്നു..

അപ്പോഴേക്കും വിച്ചുവേട്ടൻ വന്ന് എന്നെ ആ കൈകളിൽ പൊതിഞ്ഞുപിടിച്ചിരുന്നു..ഇനി ഈ ആയുഷ്കാലം മുഴുവനും ഞാൻ ആ കൈകൾക്കുള്ളിൽ സുരക്ഷിതയാണെന്ന് പറയാതെ പറയുന്നപോലെ..

കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ വീട്ടിലെത്തി..പഴമയുടെ പ്രൗഢി വിളിച്ചോതുന്നോരു പുതിയ മോഡേൺ വീടായിരുന്നു അത്..പഴയ നാലുകെട്ട് തറവാടിനെ പുതുക്കിപണിതതായിരുന്നു അത്..

അമ്മയും ഏട്ടന്റെ അനിയത്തിയും കൂടെ നിലവിളക്കും തന്നെന്നെ സ്വീകരിച്ചു..വിളക്ക് പൂജാമുറിയിൽ വച്ചതിനു ശേഷം മധുരം തന്ന് ഞങ്ങളെ സ്വീകരിച്ചു..

പിന്നീട് വിശേഷം ചോദിക്കലും പറച്ചിലുകളും ഒക്കെ ആയി ഞാൻ ശെരിക്കും വല്ലാതായി..

എന്റെ അവസ്ഥ കണ്ടിട്ട് പെട്ടന്ന് തന്നെ എന്നെ വൈഷ്ണവി എന്ന വൈശു അതായത് ഏട്ടന്റെ അനിയത്തി വിളിച്ചുകൊണ്ട് ഏട്ടന്റെ മുറിയിൽ കയറ്റി..

എന്നിട്ട് എനിക്ക് വൈകിട്ട് റീസെപ്‌ഷനിലേക്ക് ഇടാനായി കാഞ്ചിപുരം സോഫ്ട് സിൽകിലുള്ള നീലയും പച്ചയും കോമ്പിനേഷൻ വരുന്നൊരു സാരീ എടുത്തു തന്നു..

എന്നോട് കുളിച്ചിട്ട് വരാൻ പറഞ്ഞു..വൈശു പുറത്ത് എനിക്കായി കാത്തിരിക്കാമെന്നും പറഞ്ഞു..

കുളിച്ചു കഴിഞ്ഞു വേഗം എന്നെ വൈശു തന്നെ സാരി ഉടുപ്പിച്ചു…നല്ല ഭംഗിയുണ്ടായിരുന്നു ആ സാരി കാണാനായി..ബോർഡറിൽ എല്ലാം മയില്പീലിയുടെ ആകൃതിയിൽ മുത്തുകൾകൊണ്ട് അലങ്കരിച്ചിരുന്നു…

അതിനു ചേരുന്ന ഒരു മാലയും ജിമിക്കിയും ഇരു കൈകളിലും ഓരോ വളകളും ലൈറ്റ് ആയി മേക്ക് അപ്പും ഇട്ട് ഞാൻ താഴേക്ക് ചെന്നു..ഏട്ടൻ അതേ കളർ കോമ്പിനേഷനിലുള്ളൊരു ഷെർവാണി ആയിരുന്നു വേഷം…എന്നെ ഒന്ന് ചിരിച്ചു കാണിച്ചു..

വീട്ടിൽ വന്നിട്ട് നേരെ ചൊവ്വേ ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല..പാവം നല്ല തിരക്കിലായിരുന്നു..

അങ്ങനെ റീസെപ്‌ഷൻ നന്നായി നടന്നു..വീട്ടിൽ നിന്നും എല്ലാവരും വന്നിട്ടുണ്ടായിരുന്നു…അവർ കഴിഞ്ഞ ഉടൻ തന്നെ തിരികെ പോയി..

ഞാൻ പരിപാടി കഴിഞ്ഞതിനു ശേഷം കുളിച്ചു ഫ്രഷ് ആയി..വൈശു എന്നെ ഒരു സെറ്റും മുണ്ടും ഉടുപ്പിച്ചു മുല്ലപ്പൂവ് ചൂടിച്ചു എന്നെ ഒരുക്കി…അമ്മി എനിക്ക് ഇരു ഗ്ലാസ് പാല് കയ്യിൽ വച്ചു തന്നു..

വൈശു എന്നെ മുറിയുടെ മുൻപിൽ വരെ കൊണ്ടുപോയി ആക്കി ഒരു ഓൾ ദി ബെസ്റ്റും പറഞ്ഞ് വൈശുവിന്റെ നല്ലപാതി ജിത്തേട്ടന്റെ കൂടെ പോയി..

വിറയ്ക്കുന്ന കാലടികളോടെ എന്നാൽ ഒരു നറു പുഞ്ചിരിയുടെ അകമ്പടിയോടെ കൂടെ ഞാൻ പുതു സ്വപ്നങ്ങൾ നെയ്ത്..

ഞാൻ കാത്തിരുന്ന എന്റെ പ്രാണന്റെ പാതിയുടെ നെഞ്ചിലെ ചൂടേറ്റുവാങ്ങി ഉറങ്ങുവാൻ തുടിക്കുന്ന ഉള്ളത്തോടെ ആ മുറിയിലേക്ക് പ്രവേശിച്ചു..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഞാൻ ചെന്നപ്പോൾ മുറിയിൽ ഏട്ടൻ ഉണ്ടായിരുന്നില്ല. ബാത്‌റൂമിൽ നിന്നും ശബ്ദം കേട്ടപ്പോൾ മനസ്സിലായി ആള് കുളിക്കുകയാണെന്ന്…

ഞാൻ പുറത്തു കാത്തിരുന്നു…ഏട്ടൻ കുളിയും കഴിഞ്ഞ് ഒരു ത്രീ ഫോർത്തും ടി ഷർട്ടും ഇട്ട് എന്റെ അടുക്കൽ വന്നു..എന്റെ കത്തിവേഷം കണ്ടിട്ടാണെന്ന് തോന്നുന്നു ആള് ഭയങ്കര ചിരി ആയിരുന്നു..

“ഇതെന്താടോ ഈ വേഷത്തിൽ..അമ്മയും എന്റെ അനിയത്തിയും ആയിരിക്കും അല്ലെ ഇതിന് പിന്നിൽ…ഹും.. ഇതൊക്കെ മാറ്റി വാടോ…ഇല്ലേൽ കിടക്കാൻ ബുദ്ധിമുട്ടായിരിക്കും..അതാ..”

ഞാൻ ഒന്ന് പുഞ്ചിരിച്ചും കൊണ്ട് വസ്ത്രം മാറാൻ പോയി…
.ബാത്‌റൂമിൽ കയറി ഒന്നു ഫ്രഷ് ആയശേഷം ഒരു കോട്ടൻ ചുരിദാറും അണിഞ്ഞ് ഞാൻ പുറത്തിറങ്ങി…അവിടെ എന്നെ കാത്തെന്നപോലെ ഏട്ടൻ ഇരിപ്പുണ്ടായിരുന്നു…

എനിക്കെന്തോ ഒരു നാണമായിരുന്നു അങ്ങോട്ടേക്ക് ചെല്ലാനായി…അപ്പോഴേക്കും ഏട്ടൻ എന്നെ വിളിച്ചു…

“എഡോ..താൻ എന്താ അവിടെ നിൽക്കുന്നെ…ഇങ്ങോട്ട് വരു…ഞാൻ തന്നെ ഒന്നും ചെയ്യാത്തൊന്നുമില്ലാട്ടോ…വാടോ”

ഏട്ടൻ ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞപ്പോൾ ഞാനും ഒന്നു പുഞ്ചിരിച്ചുംകൊണ്ട് ഏട്ടന്റെ അടുക്കൽ ചെന്നു..

“തനിക്ക് ക്ഷീണം വല്ലതും ഉണ്ടോ..ഉണ്ടെങ്കിൽ പറയുട്ടോ.. എങ്കിൽ നമുക്ക് കിടക്കാം..”

“ഇ..ഇല്ലെട്ടാ..പ..പറഞ്ഞോളൂ..”
ഞാൻ അറിയാതെ വിക്കി പോയി..

“ഹാ..ഇതെന്താ പെട്ടന്നൊരു വിക്ക്”..എന്നും പറഞ്ഞോണ്ട് ഏട്ടൻ ചിരിച്ചു..

ദോഷം പറയരുതല്ലോ..ആ ചിരി കാണാൻ നല്ല ഭംഗിയായിരുന്നു..

“ഹാ..അതൊക്കെ പോട്ടെ..എനിക്ക് നമ്മുടെ ജീവിതം തുടങ്ങുന്നതിനു മുന്നേ കുറച്ച് കാര്യങ്ങൾ ഇയാളോട് സംസാരിക്കാനുണ്ട്.. അതുകൊണ്ടാണ് ഇയാൾക്ക് ക്ഷീണം ഉണ്ടോ എന്ന് ചോദിച്ചത്… സംഭവം എന്റെ ഭൂതകാലമാണ്…”

ഇതൊക്കെ പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്താണ് ഏട്ടൻ ഉദ്ദേശിക്കുന്നതെന്ന്…അതോർത്തപ്പോൾ തന്നെ എന്റെ ചുണ്ടിൽ വിരിയാൻ തുടങ്ങിയ പുഞ്ചിരിയെ കഷ്ടപ്പെട്ടുകൊണ്ടാണ് മറച്ചത്…

“പറഞ്ഞോളൂ ഏട്ടാ”..

“ഹ്മ്മ… ഞാൻ ഈ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ ഇയാൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും…പക്ഷെ ഒന്ന് ഞാൻ പറയാം…നമ്മൾ ജീവിച്ചു തുടങ്ങുമ്പോൾ ഈ ഭൂതകാലം നമ്മുടെ ഇടയിൽ ഒരു വില്ലനായി വരില്ല… ”

എന്നും പറഞ്ഞ് നിർത്തി എന്നെയൊന്നു നോക്കി…

അത്രയും നേരം പുഞ്ചിരിച്ചുകൊണ്ടിരുന്ന എന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു..എന്തോ അകാരണമായ ഭയം എന്നെ പൊതിഞ്ഞു…

പിന്നീട് ഏട്ടൻ പറഞ്ഞ ഓരോ വാക്കുകളും ഞാൻ അതീവ ശ്രദ്ധയോടെയാണ് കേട്ടത്..മനസ്സിൽ തോന്നിയ ഭയം യാഥാർഥ്യമാകുന്നത് ഞാൻ അറിഞ്ഞു..

(തുടരും…)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5