Monday, April 29, 2024
Novel

ഹരിബാല : ഭാഗം 1

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

ഇന്നെന്റെ വിവാഹമാണ്…യാതൊരു ആർഭാടങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ നടത്തുന്ന എന്റെ രണ്ടാം വിവാഹം…

എന്റെ പേര് ഇന്ദുബാല…എല്ലാവരുടെയും കുഞ്ഞി..അച്ഛൻ രാധാകൃഷ്ണ മേനോൻ ഒരു വ്യവസായി ആണ്..അമ്മ മാലതി മേനോൻ..വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നു..പിന്നെ ഏട്ടനും ഏടത്തിയമ്മയും 2 അനിയത്തിമാരും അടങ്ങുന്ന ഒരു ചെറിയ വലിയ കുടുംബം ആണ് എന്റേത്…

ഞങ്ങളുടെ തന്നെ കുടുംബ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്..മനസ്സിൽ എന്റെ വിഷ്ണുവേട്ടനോടും എന്റെ ഉദരത്തിൽ ഉരുത്തിരിഞ്ഞു നാലാം മാസത്തിൽ എനിക്ക് നഷ്ടമായ എന്റെ വിഷ്ണുവേട്ടന്റെ കുഞ്ഞിനോടും ഒരായിരം വട്ടം മാപ്പ് പറഞ്ഞാണ് ഞാൻ ക്ഷേത്രത്തിലേക്ക് കയറിയത്..

ഇങ്ങനെയൊരു വിവാഹം ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല…വിഷ്ണുവേട്ടൻ എന്ന എന്റെ വിച്ചുവേട്ടന്റെ വിധവയായി കഴിയാനായിരുന്നു എനിക്ക് ഇഷ്ടം..പക്ഷെ എന്റെ അമ്മയുടെ കണ്ണുനീരിനു മുന്നിൽ ഞാൻ തോറ്റുപോയി…

ഭാവിയിൽ അവരുടെ കാലശേഷം ഏട്ടനും ഏടത്തിയമ്മയ്ക്കും ഞാൻ ഒരു ഭാരമായിക്കൂടാ എന്ന് ചിന്തിച്ചിട്ടായിരിക്കും അവർ എന്നെ വീണ്ടും വിവാഹം കഴിപ്പിക്കുന്നത്..പിന്നെ എന്റെ അനിയത്തിമാരുടെ ഭാവിയെ മുന്നിൽ കണ്ടും..

അങ്ങനെ ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ വച്ച് ഹരി എന്ന ശ്രീഹരി സുധാകർ എന്റെ കഴുത്തിൽ താലികെട്ടി..അദ്ദേഹം പേരുകേട്ട തറവാടായ മനയ്ക്കപ്പിള്ളിയിലെ സുധാകരകുറുപ്പിന്റെയും ശ്രീദേവിയുടെയും രണ്ടാമത്തെ ആൺതരിയാണ്…

ഏട്ടൻ ശ്രീജിത്ത്..ഭാര്യ വേദിക..പിന്നെ ഒരു മകൾ വൈഷ്ണവി എന്ന വീണ…3 വയസ്സേയുള്ളു..
ഹരിയേട്ടൻ കോളേജിൽ എന്റെ സീനിയർ ആയിരുന്നു..കൂടാതെ അച്ഛന്റെ സുഹൃത്തിന്റെ ചേട്ടന്റെ മകനും..അദ്ദേഹത്തിന്റെയും രണ്ടാം വിവാഹം ആയിരുന്നു ഇത്…

താലികെട്ട് കഴിഞ്ഞു…ചെറിയൊരു സദ്യ അടുത്തുള്ള അഗതിമന്ദിരത്തിൽ കൊടുത്തിനുശേഷം ഞാൻ ഹരിയേട്ടന്റെ വീട്ടിലേക്ക് തിരിച്ചു…

ഞാനും ഹരിയേട്ടനും മാത്രമേ ആ വണ്ടിയിൽ ഉണ്ടായിരുന്നുള്ളു..രണ്ടുപേരുടെയും മാനസികാവസ്ഥ കണക്കിലെടുത്താവണം വീട്ടുകാർ ഞങ്ങളെ മാത്രമായിട്ട് പറഞ്ഞയച്ചത്..

മനസ്സിൽ വീട്ടുകാരെ വിട്ടുപിരിയുന്നതിൽ ഒരു സങ്കടവും ഉണ്ടായിരുന്നില്ല കാരണം ഇപ്പോൾ ഉള്ള ഈ വേർപാടിനെക്കാളും എന്നെ ഇപ്പോഴും അലട്ടുന്നത് എന്റെ വിച്ചുവേട്ടന്റെയും ഞങ്ങളുടെ കുഞ്ഞിന്റെയും അകാല മരണമാണ്…

ഇതൊക്കെ ചിന്തിച്ചുകൊണ്ട് എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുവാൻ തുടങ്ങി..

പെട്ടന്നൊരു ചൂട് എന്റെ ഉള്ളം കൈയിൽ പതിച്ചപ്പോഴാണ് ഞാൻ ഹരിയേട്ടന്റെ കൂടെയാണുള്ളതെന്നും വണ്ടി വീട്ടുമുറ്റത്തെത്തിയതും അറിഞ്ഞത്..

“ബാലേ…എനിക്കറിയാം തനിക്കു ഈ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കുമെന്ന്.. എന്നാലും ഞാൻ പറയുന്നു..തന്റെ സങ്കടങ്ങളൊന്നും താൻ നമ്മുടെ വീട്ടുകാരുടെ മുന്നിൽ കാണിക്കരുത്..താലികെട്ടിയെന്നു കരുതി മറ്റൊരവകാശങ്ങളും സ്ഥാപിക്കാൻ ഞാൻ വരില്ല…തനിക്കു എന്നെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയി കാണാം..എല്ലാ വിഷമങ്ങളും എന്നോട് പങ്കുവയ്ക്കാം..എല്ലാത്തിനും താങ്ങായി തണലായി ഞാൻ എപ്പോഴും കൂടെ കാണും…ഇത് ഈ ശ്രീഹരി തനിക്ക് നൽകുന്ന വാക്കാണ്…
അതുകൊണ്ട് ഇയാൾ കണ്ണ് തുടച്ചു വേഗം വണ്ടിയിൽ നിന്ന് ഇറങ്ങു…അവിടെ എല്ലാവരും നമ്മളെ കാത്തുനിൽക്കുകയാണ്..”

ഞാൻ വേഗം തന്നെ വണ്ടിയിൽ നിന്നിറങ്ങി..അവിടെ ഞങ്ങളെ മാത്രം ശ്രദ്ധിച്ചുകൊണ്ട് നിൽക്കുന്ന ഹരിയേട്ടന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നനുത്ത ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് വിളക്കുവാങ്ങി വലതുകാൽ വച്ച് ഞാൻ അവിടുത്തെ മരുമകളായി..

വിച്ചുവേട്ടന്റെ വീട്ടിലേക്ക് ഞാൻ ഇങ്ങനെ ചെന്ന ആ ദിവസം പെട്ടന്ന് ഓർമ്മ വന്നതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..ഇത് മനസ്സിലാക്കിയെന്നവണ്ണം ഹരിയേട്ടൻ എന്നെ ചേർത്തുപിടിച്ചു…

ചടങ്ങുകളൊക്കെ കഴിഞ്ഞു..അധികം ആരും ഉണ്ടായിരുന്നില്ല..ഞാൻ കൂടുതൽ സമയവും വീണമോളുടേയും ഏടത്തിയുടെയും അമ്മയുടേം കൂടെത്തന്നെ ആയിരുന്നു..അവരും എന്റെ മാനസ്സീകവസ്ഥ മനസ്സിലാക്കിയെന്നോണം തന്നെ എന്നോട് പെരുമാറിക്കൊണ്ടിരുന്നു…

എന്നാലും ഇടയ്ക്കിടെ വീണമോളുടെ ചിരിയും ഏട്ടനും ഏടത്തിയും തമ്മിലുള്ള സംസാരമൊക്കെ കാണുമ്പോൾ ഞാൻ അറിയാതെ വിച്ചുവേട്ടനേയും ഞങ്ങളുടെ കുഞ്ഞിനെയും പറ്റി ആലോചിച്ചിരിക്കും..എത്ര ശ്രമിച്ചിട്ടും ആ ഓർമ്മകൾ എന്നിൽ നിന്നും വിട്ടുമാറുന്നില്ലല്ലോ എന്ന് ഞാൻ വേദനയോടെ ചിന്തിച്ചു..തനിക്ക് ഹരിയേട്ടന്റെ ഭാര്യ ആകാൻ കഴിയുമോ എന്ന് ഒരുവേള ശങ്കിച്ച് നിന്നു..

എന്റെ മനസ്സറിഞ്ഞതുപോലെ ദേവിയമ്മ എന്നെ ചേർത്തുപിടിച്ചു..എന്നിട്ട് പറഞ്ഞു

” മോളെ നിങ്ങൾ രണ്ടുപേർക്കും തമ്മിൽ പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും..അതമ്മയ്ക്ക് നന്നായിട്ടറിയാം..മോള് വിഷമിക്കണ്ട..എല്ലാത്തിനും അതിന്റെതായ സമയമുണ്ട്..എല്ലാം അപ്പോഴേ ശെരിയാകു.. .

പിന്നെ എന്റെ കുട്ടി ആയതുകൊണ്ട് പറയുവല്ല..അവനൊരു പാവമാ..സ്നേഹിക്കാൻ മാത്രേ അവനറിയു…പിന്നെ പെട്ടന്ന് ദേഷ്യം വരും എന്നതൊഴിച്ചാൽ വേറെ കുഴപ്പം ഒന്നുമില്ല..

പക്ഷെ അവനിഷ്ടപ്പെടുന്ന ഒരാൾ അവന്റെ കൂടെ ഉണ്ടെങ്കിൽ അവന് ആ ദേഷ്യത്തെ പെട്ടന്ന് വരുതിയിലാക്കുവാൻ കഴിയും…മോള് ഒന്നുംകൊണ്ടും വിഷമിക്കണ്ട…എല്ലാത്തിനും ഈ അമ്മയും അച്ഛനും ഏട്ടനും ഏടത്തിയും ഹരിമോനും മോൾടെ ഒപ്പം ഉണ്ടാകും…
ഇപ്പൊ മോള് ഈ പാല് കൊണ്ടുപോകു.. ഓരോരോ ചടങ്ങുകളല്ലേ…അത് തെറ്റിക്കേണ്ടല്ലോ….”

ഞാൻ എല്ലാത്തിനും തലയാട്ടിയിട്ട് മുകളിലേക്ക് ചെന്നു… വാതിലിനടുത്തെത്തിയപ്പോൾ എന്റെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി..
പെട്ടന്ന് വിച്ചുവേട്ടന്റെ കൂടെയുള്ള എന്റെ ആദ്യരാത്രി ഓർമ വന്നു..

ഓർമകളുടെ ഒരു വേലിയേറ്റം എന്റെ മനസ്സിനെ പിടിച്ചുലച്ചപ്പോൾ എന്റെ കയ്യിൽ നിന്നും ആ പാൽഗ്ലാസ് നിലത്തുവീണ് ചിന്നിച്ചിതറി…മുൻപിലുള്ള കാഴ്ചകൾ മങ്ങി..കണ്ണുകൾ അടയുമ്പോഴേക്കും ബാലേ എന്ന് വിളിച്ചുകൊണ്ട് ഓടി വരുന്ന ഹരിയേട്ടനെ ഞാൻ അവ്യക്തമായി കണ്ടിരുന്നു…

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

മുഖത്തേക്ക് വെള്ളം വീണപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്..എന്റെ ചുറ്റും അമ്മയും അച്ഛനും ഏട്ടനും ഏടത്തിയും ഉണ്ടായിരുന്നു…അപ്പോഴും എന്റെ കണ്ണുകൾ തിരഞ്ഞുകൊണ്ടിരുന്നത് ഹരിയേട്ടനെയായിരുന്നു…

“ബാലേ..are you alright?…എന്താ പറ്റിയെ.. ഹോസ്പിറ്റലിൽ പോണോ”..

അപ്പോഴാണ് ഞാൻ ഹരിയേട്ടന്റെ മടിയിൽ ആണ് കിടക്കുന്നതെന്ന് മനസ്സിലായെ…

“വേ..വേണ്ട ഹരിയേട്ടാ…എനിക്ക് ഇപ്പൊ ഒരു കുഴപ്പവുമില്ല…”

എന്ന് പറഞ്ഞുകൊണ്ട് ഞെട്ടിപിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഹരിയേട്ടൻ എന്നെ അവിടെ പിടിച്ചു മടിയിൽ തന്നെ കിടത്തി…
പതുക്കെ എന്റെ തലയിൽ തലോടുവാൻ തുടങ്ങി..

ഇതെല്ലാംകണ്ട് ചിരിച്ചുകൊണ്ട് ബാക്കിയുള്ളവർ മുറി അടച്ചു പുറത്തേക്ക് പോയി…ഏട്ടന്റെ ആ സ്പർശനത്തിൽ തന്നെ എനിക്ക് മനസ്സിലായിരുന്നു എന്നെ അദ്ദേഹം എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്… പക്ഷെ അപ്പോഴും എനിക്ക് അദ്ദേഹത്തിന്റെ നല്ലൊരു ഭാര്യ ആകാൻ കഴിയുമോ എന്നോർത്തുകൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു…

“എന്താടോ പറ്റിയെ??…എന്തിനാ കരയുന്നത്??..തല വേദനിക്കുന്നുണ്ടോ?..ബാം വല്ലതും വേണോ?”

ഇതുകൂടെ ആയപ്പോൾ എന്റെ കരച്ചിൽ മുഴുവനായി പുറത്തേക്ക് വന്നു…

“ഏട്ടാ..എനിക്ക് ..എനിക്ക്… വിച്ചുവേട്ടനെയും കുഞ്ഞിനേയും മറക്കാൻ കഴിയുന്നില്ല…പക്ഷെ അതിനേക്കാളുപരി എനിക്ക് ഏട്ടന്റെ നല്ലൊരു ഭാര്യയായി തീരാൻ പറ്റുമോ എന്ന് പോലും അറിയില്ല ഏട്ടാ…എന്നെ എന്തിനാ ഇങ്ങനെ സ്നേഹിക്കണേ… മറ്റൊരാളെ മനസ്സിൽ വച്ചോണ്ട്…എനിക്ക് കഴിയില്ല ഏട്ടാ…എനിക്ക് കഴിയില്ല…”…

അതും പുലമ്പിക്കൊണ്ടവൾ.പതിയെ ഉറക്കത്തിലേക്ക് തെന്നി നീങ്ങി…

അവളുടെ അവസ്ഥ മനസ്സിലാക്കിയെന്നോണം അവൻ അവളെ ചേർത്തുപിടിച്ചു…ഇനി ആർക്കും ഇവളെ താൻ വിട്ടുകൊടുക്കില്ല എന്നപോലെ…..

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

രാവിലെ അലാറമാണ് ബാലയെ ഉറക്കത്തിൽനിന്നും ഉണർത്തിയത്..താൻ അപ്പോഴും ഹരിയുടെ കൈയിൽ ഭദ്രമായിരുന്നു…

ഞാൻ ഏട്ടനെ ഉണർത്താതെ തന്നെ എഴുന്നേറ്റ് പോയി കുളിച്ചു ഫ്രഷ് ആയി..കുറച്ചു സമയം എടുത്തിട്ടാണെങ്കിലും ഹരിയേട്ടന്റെ നല്ല ഭാര്യയാകുവാനും വിച്ചുവേട്ടനേം കുഞ്ഞിനേയും മറക്കാനുള്ള ശക്തിയും തന്റെ മനസ്സിന് നൽകണേ എന്നും പ്രാർഥിച്ചുകൊണ്ട്‌ ആ ദിവസം തുടങ്ങി…അപ്പോഴേക്കും എന്റെ കണ്ണിൽ നിന്നും 2 തുള്ളി കണ്ണുനീർ നിലത്ത് വീണു ചിന്നിചിതറിയിരുന്നു…

ഞാൻ വേഗം തന്നെ അടുക്കളയിലേക്ക് ചെന്നു.. അവിടെ അമ്മയും ഏടത്തിയും ഉണ്ടായിരുന്നു..

“ആ മോളെ നേരത്തെ എഴുന്നേറ്റോ…തലവേദന ഒക്കെ മാറിയോ?..”..
അമ്മ ചോദിച്ചു..

“കുഴപ്പമില്ലമ്മേ……”

“എന്താ ഇന്ദു…എന്തോ ചോദിക്കാൻ ഉണ്ടല്ലോ..ചോദിച്ചോളൂട്ടോ..”
ഏടത്തിയാണ്..

“അത് ഏടത്തി….ഹരിയേട്ടൻ എപ്പോഴാ എഴുന്നേൽക്കാ??..എഴുന്നേറ്റാൽ ചായ കൊടുക്കണോ?…”

“ആഹാ..അതായിരുന്നോ.. കുട്ടൻ എഴുന്നേറ്റാൽ ഉടനെ തന്നെ ഒരു കട്ടൻ കിട്ടണം..അത്രേ ഉള്ളു..ഇനി ഇതൊക്കെ ഇന്ദുവിന്റെ ഡ്യൂട്ടി ആട്ടോ…
ഇപ്പൊ സമയം 6.30 അല്ലെ…അവൻ 7 ആകുമ്പോഴേ എഴുന്നേൽക്കൂ…”

കുട്ടൻ എന്ന പേര് കേട്ടപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു…അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി പെട്ടന്ന് തന്നെ പുറത്തുള്ള ഗാർഡനിലേക്ക് ചെന്ന് അവിടെയുള്ള ഒരു കസേരയിൽ ഇരുന്നു..
അവളുടെ ചിന്തകൾ പുറകോട്ട് പോയി..

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

“കുട്ടേട്ടാ”

“മ്മ്മ്”

“കുട്ടേട്ടാ….”

“പറഞ്ഞോ അമ്മൂസേ”

“അതേ… അതേ…..”

“ഹാ പറ പൊന്നുമോളെ..എന്താ കാര്യം..സാധാരണ സ്നേഹം കൂടുമ്പോഴും എന്തേലും കാര്യം സാധിക്കാൻ ഉള്ളപ്പോഴുമാണെല്ലോ ഈ വിച്ചുവേട്ടനെ നീ കുട്ടേട്ടൻ ആക്കുന്നത്…ധൈര്യായിട്ട് പറഞ്ഞോ..ഞാൻ നിന്നെ ഒന്നും ചെയ്യില്ല കേട്ടോടി ഇന്ദുബാല എന്ന എന്റെ മാത്രം അമ്മുക്കുട്ടി..”

“അതേ….. കാര്യം കേട്ടു കഴിഞ്ഞാൽ എന്നെ കളിയാക്കരുത്…”

“എടി പെണ്ണെ എന്നെ ദേഷ്യം പിടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ നീ..എനിക്ക് ഓഫീസിൽ പോകാനുള്ളതാ…ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്…വേഗം പറ അമ്മൂസേ…”

“അത് വേറെ ഒന്നുമല്ല…എനിക്ക്…….എനിക്ക്….ഒരു……കുഞ്ഞാവയെ വേണം…”

“സത്യമാണോ..എന്ത് പറ്റി പെട്ടന്നൊരാഗ്രഹം…”

“അറിയില്ല കുട്ടേട്ടാ..ഒരു സ്ത്രീ പരിപൂർണ്ണയാകുന്നത് അവൾ ഒരു അമ്മയാകുമ്പോഴല്ലേ…അപ്പൊ എനിക്കും ഒരു അമ്മയാകാൻ ആഗ്രഹം…”💞

“ശെരി…വരവ് വെച്ചിരിക്കുന്നു…ഇത് പറയാനാണോ കുട്ടേട്ടന്റെ അമ്മൂസ് മസിലു പിടിച്ച് വിക്കി നിന്നെ…എനിക്കും ഒരു അച്ഛനാകാൻ കിട്ടുന്ന സ്കോപ്പ് അല്ലെ…ഞാൻ ആയിട്ടെന്തിനാ അത് കളയുന്നെ… ഞാൻ റെഡിയാ… പക്ഷെ ഇപ്പൊ പറ്റില്ലാട്ടോ…..ഇന്ന് ആ ക്ലയന്റ് മീറ്റിങ് ഇല്ലായിരുന്നെൽ നമുക്ക് ഇപ്പോൾ തന്നെ ജോലി തുടങ്ങായിരുന്നു..”

“അയ്യേ..ഈ മനുഷ്യന് ഒരു നാണവും ഇല്ല…ഛെ…”
അതും പറഞ്ഞ് ഓടാൻ തുടങ്ങിയ അവളെ വിഷ്ണു പിടിച്ചു അവന്റെ നെഞ്ചിലേക്കിട്ടു…

“എന്താ അമ്മൂസേ ഒരു നാണം…ഞാൻ അതിനുമാത്രം ഒന്നും പറഞ്ഞില്ലല്ലോ..എഹ്…”

അവൾ അവന്റെ നെഞ്ചിൽ നിന്നും കുതറിമാറാൻ ശ്രമിച്ചുകൊണ്ടിരുന്നു…അവൻ വീണ്ടും അവളെ അവനിലേക്ക് അടുപ്പിച്ചു ..അവളുടെ കവിളിൽ ഒരു കടിയും അതിനു മേലെ ഒരു ചുംബനവും നൽകി…..

അവൾ നാണം കൊണ്ട് പൂത്തുലഞ്ഞു..

“ഇപ്പൊ ഇത്രേം മതി..ബാക്കി പിന്നെ…അപ്പൊ ഞാൻ പോട്ടെ…വൈകുന്നേരം നേരത്തെ വരാം…”
എന്നും പറഞ്ഞു വിഷ്ണു ഓഫീസിലേക്ക് പോയി…

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

“ചെർമ്മേ….ചെർമ്മേ”

വീണമോളുടെ വിളി കേട്ടിട്ടാണ് ബാല തന്റെ ചിന്തകളിൽ നിന്നുണർണത്…തന്റെ വലതുകൈ അപ്പോഴും തന്റെ വലത്തുകവിളിലായിരുന്നു… അന്ന് അവളുടെ കുട്ടേട്ടൻ കടിച്ച സ്ഥലത്തു..

“ചെർമ്മേ”…
വീണമോൾ വീണ്ടും വിളിച്ചു..

അവളുടെ കൺകോണിൽ ഉറഞ്ഞുകൂടിയ കണ്ണുനീരിന്റെ സമർത്ഥമായി മറച്ചുകൊണ്ട് അവൾ വിളി കേട്ടു

“ആ പറയെടാ വീണമോളെ…എന്താ ചെർമ്മേനെ വിളിച്ചേ?”

“അറ്റാ.. ചെർമ്മേനെ അമ്മേം അച്ഛമ്മേം വിളിക്കന്റ്…”

ആണോ.. എന്നാ ബാ…നമുക്കു അടുക്കളേലോട്ട് പോകവെ…

വീണമോളെയും എടുത്തുകൊണ്ട് ഇന്ദുബാല അടുക്കള ലക്ഷ്യമാക്കി നടന്നു…

💞💞💞💞💞💞💞💞💞💞💞💞💞💞

അടുക്കളയിൽ ചെന്ന് ഞാൻ വീണമോളെ താഴെ നിർത്തി..അവിടെ അമ്മ ഒരു കപ്പ് കട്ടൻ ചായയുമായി നിൽപ്പുണ്ടായിരുന്നു..

“മോളെ മണി 7 ആയി..നീ പോയി അവനെ വിളിച്ച് ഈ ചായ അവനു കൊടുക്കൂട്ടോ.. എന്നിട്ട് 2 പേരും കുളിച്ചിട്ട് വാ..ഭക്ഷണം കഴിച്ചിട്ട് അമ്പലത്തിൽ പോയിട്ടും വാ..പിന്നെ നിങ്ങൾ 2 പേരുംകൂടെ വീട്ടിലൊക്കെ പോയിട്ട് വന്നാൽ മതി”

“ഇല്ലമ്മേ…കുറച്ച് ദിവസം കഴിഞ്ഞിട്ട് ഞാൻ വീട്ടിൽ പൊയ്‌ക്കൊള്ളാം…ഇപ്പൊ അമ്പലത്തിൽ പൊട്ടേട്ടോ..”

അതും പറഞ്ഞ് അവൾ ഹരിയുടെ വിളിക്കാൻ ചെന്നു…അവിടെ ചെന്നപ്പോൾ അവൻ നല്ല ഉറക്കമായിരുന്നു..എങ്ങനെ അവനെ വിളിക്കും എന്നോർത്തു അവൾ ആകെ കൺഫ്യൂഷനിൽ ആയി..അവസാനം രണ്ടും കല്പിച്ച അവനെ കുലുക്കി വിളിച്ചു..

“ഹരിയേട്ടാ..സമയം 7 കഴിഞ്ഞു..എഴുന്നേൽക്കേ..”

ഹരി ഒന്ന് എഴുന്നേറ്റ് അവളെ സ്വപ്നത്തിലെന്നപോലെ ചിരിച്ചിട്ട് വീണ്ടും കിടന്നുറങ്ങി….

അവൾ അത് കണ്ടിട്ട് അറിയാതെ തന്നെ ഉച്ചത്തിൽ ചിരിച്ചു പോയി..

പെട്ടന്ന് ഹരി ഞെട്ടി ഉണർന്നു..അവൾ ചായയുമായി നിന്ന് ചിരിക്കുന്നത് കണ്ടപ്പോൾ അവന്റെ ചുണ്ടിലും ഒരു ചിരി തത്തിക്കളിച്ചു..

അവൾ വേഗം തന്നെ ചായ അവനു കൊടുത്തിട്ട് അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞു..അവൻ അതിനു സമ്മതം മൂളിയിട്ട് പല്ലു തേയ്ക്കാനായി പോയി ..ഇന്ദു അടുക്കളയിലേക്കും..

എല്ലാവരും പ്രാതൽ കഴിക്കുവാനായി ഒത്തുകൂടി…ഹരിയേട്ടന് തന്നോടുള്ള സ്നേഹവും കരുതലുമെല്ലാം ഇന്നലെ ഒറ്റ രാത്രികൊണ്ട് തനിക്കു മനസ്സിലായതാണ്..അങ്ങനെയുള്ള ആ മനുഷ്യനെ താൻ ആയിട്ട് വേദനിപ്പിക്കരുത് എന്ന അവൾക്ക് തോന്നി..

കുറച്ച് സമയം എടുത്തിട്ടാണെങ്കിലും തന്റെ വിച്ചുവേട്ടനെ മറന്നേ പറ്റു.. പക്ഷെ അത് ആലോചിക്കുമ്പോൾ തന്നെ പ്രാണൻ പോകുന്ന വേദനയാണ്…എന്ത് ചെയ്യണം ചെയ്യേണ്ട എന്നറിയാതെ അവളുടെ മനസ്സുഴറി..

അവൾ എന്തോ തീരുമാനിച്ചുറപ്പിച്ചവണ്ണം കഴിക്കാനായി ഹരിയുടെ അടുത്തു തന്നെയിരുന്നു..അവൾതന്നെ അവനു വിളമ്പിയും കൊടുത്തു…ദോശയും ചമ്മന്തിയും സമ്പാറുമായിരുന്നു..അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും ആയിരുന്നു അത്..

കഴിക്കാനിരുന്നപ്പോഴേക്കും അവളുടെ മനസ്സ് വീണ്ടും പിന്നിലേക്ക് സഞ്ചരിച്ചു..

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

തനിക്കു ഒട്ടും ഇഷ്ടമല്ലാത്ത ഭക്ഷണമായിരുന്നു ദോശ..കല്യാണം കഴിഞ്ഞു വീട്ടിലേക്ക് വിരുന്നിനു ചെന്നപ്പോൾ അവിടെ എന്റെ അമ്മ വിച്ചുവേട്ടന് ദോശയും എനിക്ക് ഉപ്പ്മാവും വച്ചിരിക്കുന്നത് കണ്ട് അമ്പരന്നു..

“അമ്മെ ഇതെന്നാ അമ്മുവിന് ഉപ്പ്മാവും എനിക്ക് ദോശയും..”

“അത് മോനെ അവൾക്ക് ദോശ ഇഷ്ടമല്ല..അതാ ”

“ആണോ അമ്മു..”

“അതെ ഏട്ടാ” ഞാൻ തലയാട്ടിക്കൊണ്ട മറുപടി കൊടുത്തു..

“കാരണം”

“അത് പണ്ട് ..എന്ന് പറഞ്ഞാൽ ഒരു 7 വയസൊക്കെയുള്ള സമയത്തു ഞാൻ പനിയുള്ളപ്പോൾ ഈ ദോശയും സമ്പാറുംകൂടെ കഴിച്ചു..അവസാനം ഛർദിലായി.. അതിൽപിന്നെ എനിക്ക് വല്ലാത്തൊരു ദേഷ്യമാണ് ഈ ദോശയോട്…”

“അത്രേയുള്ളോ.. അത് നിനക്കു 7 വയസ്സുള്ളപ്പോൾ..ഇപ്പൊ നിനക്കു 21..അടിപൊളി..പത്തു പതിനാലു വര്ഷം മുന്നേ നടന്ന ഒരു സംഭവത്തിന്റെ പേരിൽ കല്യാണം കഴിപ്പിച്ചിട്ടും നീ അമ്മയെ ബുദ്ധിമുട്ടിക്കുന്നത് കഷ്ടമല്ലേ അമ്മുവേ..
അപ്പൊ ഈ കുട്ടേട്ടൻ ഒരു കാര്യം അങ് തീരുമാനിച്ചു..ഇന്ന് നീ ദോശ തന്നെ കഴിക്കും..വാളു വച്ചാൽ ഞാൻ ഉടനെ ആശുപത്രിയിലേക്ക് ഓടിയേക്കാം…”

എന്നും പറഞ്ഞു പെട്ടന്ന് തന്നെ എട്ടന്റെ കൈയിൽ ഇരുന്ന ദോശ എന്റെ വായിലേക്ക് കുത്തിക്കയറ്റി…ആദ്യം എന്തോ പോലെ തോന്നിയെങ്കിലും പിന്നെ ഞാൻ അത് ആസ്വദിച്ച് കഴിക്കുവാൻ തുടങ്ങി…അങ്ങനെ 2 ദോശയോളം എന്റെ കുട്ടേട്ടൻ വാരിതന്നു…

സന്തോഷംകൊണ്ട് അമ്മയുള്ളതുപോലും വക വയ്ക്കാതെ ഞാൻ കുട്ടേട്ടനോട് ഒരു താങ്ക്യൂവും പറഞ്ഞു കവിളിൽ ഒരു ഉമ്മയും കൊടുത്തോടി….

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

“ബാലേ…”…

ഹരിയേട്ടൻ വിളിച്ചത് കേട്ടിട്ടാണ് ഞാൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നത്…ഞാൻ നോക്കിയപ്പോൾ വീണമോളുൾപ്പടെ എല്ലാവരും കഴിച്ചു കഴിയാറായി..ഞാൻ മാത്രം ആ ദോശ പിച്ചി കീറി ഇട്ടിട്ടുണ്ട്..ഒന്നും ഇതുവരെ കഴിച്ചിട്ടില്ല…

പിന്നെ എല്ലാം പെട്ടന്നായിരുന്നു..ഞാൻ വേഗം തന്നെ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അമ്പലത്തിലേക്കു പോകാനായി വേഷം മാറാനായി പോയി..അപ്പോഴേക്കും ഹരിയേട്ടൻ റെഡിയായി താഴേക്ക് വന്നിരുന്നു..

ഞാനും വേഗം പോയി റെഡി ആയി..ഒരു സാരീ ഉടുത്തു…ഒരു പൊട്ടും തൊട്ടു. സിന്ദൂരം ഇടാൻ നേരം എന്റെ കൈ വിറച്ചു..കണ്ണ് നിറഞ്ഞുവോ..ഒരു സംശയം മാത്രം…പെട്ടന്നാണ് ഹരിയേട്ടൻ മുറിയിലേക്ക് കയറി വന്നത്..ആളുടെ ഫോൺ എടുക്കാനാണ്…ഞാൻ അപ്പോൾ ആ സിന്ദൂരച്ചെപ്പില്നിന്നും സിന്ദൂരം എടുക്കാൻ തുടങ്ങുകയായിരുന്നു..

ഉടനെ തന്നെ ഏട്ടൻ അതിൽനിന്നും ഒരു നുള്ളു സിന്ദൂരം എടുത്തെന്റെ നെറുകയിൽ തൊട്ടു…അറിയാതെ എന്റെ കണ്ണ് വീണ്ടും നിറഞ്ഞു…കുറ്റബോധത്താലുള്ള നീർക്കണങ്ങൾ കൂടെ വീണ്ടും ചില ഓർമ്മകൾ എന്നിലേക്ക് കടന്നുവന്നു..

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

കല്യാണം കഴിഞ്ഞു കുറച്ചുനാൾ കഴിഞ്ഞു..അതായത് ഞങ്ങൾ തമ്മിൽ ഒന്ന് കൂട്ടായ ആ സമയം… ഒരു ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് വസ്ത്രം മാറി കുട്ടേട്ടന് കാപ്പി ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് പെട്ടന്ന് ഏട്ടൻ ദേഷ്യത്തിൽ അമ്മൂ എന്ന് വിളിച്ചത്..

ഞാൻ പേടിയുടെ ചോദിച്ചു..

“എന്താ ഏട്ടാ…”

ഏട്ടൻ സ്വൽപ്പം ഗൗരവത്തിൽ തന്നെ പറഞ്ഞു…

“കുറച്ചുനാൾ മുന്നേ വരെ നീ ഇന്ദുബാല മേനോൻ ആയിരുന്നു..പക്ഷെ ഇപ്പോൾ നീ ഇന്ദുബാല വിഷ്ണുദത്തൻ ആണ്..”

“അതെ..അതെനിക്കറിയാലോ ഏട്ടാ..എന്താ കാര്യം?”

“എന്താ ഞാൻ പറഞ്ഞതെന്ന് നിനക്ക് മനസ്സിലായില്ലേ”

“എനിക്കൊന്നും അങ് പിടികിട്ടുന്നില്ല ഇതെന്നതാ ഈ പറയുന്നതെന്ന്..ചുമ്മാ വട്ട്കളിപ്പിക്കാതെ കാര്യം പറ.. അമ്മ അടുക്കളേൽ എന്നെ അന്വേഷിക്കും..”

“ഓ പിന്നെ..കല്യാണം കഴിഞ്ഞു പുതുമോടി നഷ്ടപ്പെടാത്ത പെണ്ണിനെ അടുക്കളേൽ കേറ്റാനുള്ള ദുഷ്ട്ടത്തരം ഒന്നും എന്റെ അമ്മക്കില്ല..അതൊക്കെ പോട്ടെ..നിനക്ക് ഞാൻ പറഞ്ഞതെന്താണെന്ന് മനസ്സിലായെ ഇല്ലേ..”

“ഹ..ഇല്ലന്നെ..”

“ഇല്ലേ..” എന്നും ചോദിച്ചോണ്ട് കുട്ടേട്ടൻ എന്റെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി..ഞാൻ അതിനനുസരിച്ച് പുറകിലേക്കും..അവസാനം അലമാരിയിൽ തട്ടി നിന്നു.. ഏട്ടന്റെ കൈ എൻറെ അടുക്കലേക്ക് നീങ്ങി വന്നു..ഞാൻ കണ്ണടച്ച് നിന്നു.. കുറച്ചു കഴിഞ്ഞ് എന്റെ നെറുകയിൽ ഒരു തണുപ്പ് പടരുന്നത് ഞാൻ അറിഞ്ഞു..കൂടെ ഏട്ടന്റെ ചുണ്ടുകളും അവിടെ ചേർന്നു..
ഞാൻ നോക്കിയപ്പോൾ എന്റെ സിന്ദൂരരേഖ ചുമന്നു കിടക്കുന്നത് ഞാൻ കണ്ടു..എന്റെ മുഖത്തു ഒരു നറുപുഞ്ചിരി വിടർന്നു..

“ഇതാണ് ഞാൻ പറഞ്ഞത്..മനസ്സിലായോടി അമ്മൂസേ എന്നും പറഞ്ഞ് എന്റെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് ചിരിച്ചു ഏട്ടൻ കുളിക്കാനായി കയറി…

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

താഴെനിന്നും ഹോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചുറ്റും നോക്കിയത്..ഹരിയേട്ടൻ താഴെ എത്തി എന്നെനിക്ക് മനസ്സിലായി..

ഹരിയേട്ടന്റെ എന്നോടുള്ള ഓരോ സമീപനത്തിലൂടെയും ഞാൻ മാറണം എന്ന എന്റെ തീരുമാനത്തെ ഞാൻ തന്നെ ഊട്ടിയുറപ്പിക്കുകയായിരുന്നു…പഴയ ഓർമ്മകൾ ഇതുപോലെ ഇടയ്ക്ക് വരുമെങ്കിലും അതിനെയൊക്കെ എങ്ങനെയെങ്കിലും ചെറുത് തോല്പിക്കണമെന്നെനിക്കു തോന്നി..

ഈ സ്നേഹത്തിനു മുന്നിൽ എന്റെ മനസ്സ് തുറന്നിലെങ്കിൽ ഈശ്വരൻ വരെ എന്നോട് കോപിക്കും എന്നെനിക്ക് തോന്നി..
ഒന്നെനിക്കറിയാം..ഞാനും ഹരിയേട്ടനുമായി എന്തോ ഒരു ബന്ധം ഉണ്ട്..അല്ലെങ്കിൽ എനിക്ക് ഇങ്ങനെയൊന്നും ചിന്തിക്കാൻകൂടി കഴിയില്ലായിരുന്നു…

അപ്പോഴേക്കും വീണ്ടും താഴെ നിന്നുള്ള വിളി വന്നു..ഞാൻ വേഗം തന്നെ താഴെ ചെന്ന് കാറിൽ കയറി…

അമ്പലം എത്തുന്നതുവരെ ഒന്നും മിണ്ടിയില്ല…അവിടെ എത്തി പ്രാർത്ഥിച്ച് പ്രസാദവും വാങ്ങി…ആ ഇലച്ചീന്തിൽ നിന്നും ഒരുന്നുള്ള് ചന്ദനം ഏട്ടന്റെ നെറ്റിയിൽ ഇട്ടുകൊടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എന്തോ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല.
അത് അറിഞ്ഞതുപോലെ ഏട്ടൻ എന്റെ അടുക്കൽ വന്നു കുനിഞ്ഞു നിന്നു…

ചന്ദനം തൊട്ടുകൊടുക്കാനാണെന്ന് മനസ്സിലായി..അൽപ്പം മടിച്ചിട്ടാണെങ്കിലും എന്റെ മനസ്സ് ആദ്യമേ കൈക്കൊണ്ട തീരുമാനം.അതായതിനാൽ ഒരു പുഞ്ചിരിയോടെ ഞാൻ അത് ചെയ്‌തു..

പെട്ടന്നാണ് ഞാൻ സാരിയിൽ തട്ടി വീഴാൻ പോയത്…ഏട്ടൻ എന്നെ പിടിച്ചു..എന്റെ മുഖം അദ്ദേഹത്തിന്റെ നെഞ്ചോട് ചേർന്നു….

ആ ഹൃദയമിടിപ്പിനു ഞാൻ കാതോർത്തു..അത് എന്നോട് എന്തൊക്കെയോ പറയാതെ പറയുന്നപോലെ..
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു സംഗീതം പോലെ തോന്നി…

ആൾക്കാരൊക്കെ നോക്കുന്നത് കണ്ടിട്ടാണ് പെട്ടന്ന് ഏട്ടൻ എന്നെ വിട്ടത്..അപ്പോഴാണ് ഞാനും മനസ്സിലാക്കിയെ ഞാൻ ഇത്രയും നേരം ആ കരവലയത്തിനുള്ളിൽ ആയിരുന്നു എന്ന്…

ഞങ്ങൾക്ക് 2 പേർക്കും മുഖത്തേക്ക് നോക്കാൻ ഒരു ചടപ്പ് തോന്നി…
ഏട്ടൻ വേഗം കാറിന്റെ അടുക്കലേക്ക് നടന്നു..പിറകെ ഞാനും…

കയറിയപ്പോഴേക്കും തന്നെ എന്തോ എന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ട് ഏട്ടൻ വണ്ടി നേരെ ബീച്ചിലേക്ക് വിട്ടു…

(തുടരും…)