Sunday, November 24, 2024
Novel

ജീവാംശമായ് : ഭാഗം 12

നോവൽ
എഴുത്തുകാരി: അഗ്നി


അവൻ അവളെയും ചേർത്ത് പിടിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു….അവളെ കട്ടിലിൽ ഇരുത്തി ജ്യൂസിന്റെ പകുതി കുടിച്ചിട്ട് ബാക്കി അവൾക്ക് നൽകി….അവൾ സന്തോഷപൂർവ്വം അത് കുടിച്ചു…

അവൻ ആ ഗ്ലാസ് ഒന്ന് കഴുകി മേശമേൽ വച്ചു….എന്നിട്ട് ഏ.സിയുടെ തണുപ്പ് അഡ്ജസ്റ്റ് ചെയ്തിട്ട് അവൻ ഇട്ടിരുന്ന ടി.ഷർട്ട് ഊരിമാറ്റി കിടന്നു…അവളും അവനോട് ചേർന്ന് തന്നെ കിടന്നു….

നല്ലൊരു നാളെയെ സ്വപ്നം കണ്ട് അവർ ഒന്നിച്ചൊരു ജീവിതം അവിടെ ആരംഭിച്ചു….കാലം അവർക്ക് കാത്തുവച്ചിരിക്കുന്നത് എന്തെന്ന് അറിയാതെ….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ മനുവാണ് ആദ്യം ഉണർന്നത്…സമയം ആറാകുന്നതെയുള്ളൂ…

തന്റെ കയ്യിൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ചുരുണ്ടുകൂടി ഉറങ്ങുന്ന നിലായെ കണ്ടപ്പോൾ അവന് അതിയായ വാത്സല്യം തോന്നി….

അവൻ പതുക്കെ അവളുടെ നെറുകയിൽ ചുംബിച്ചു….അവന്റെ ചുംബനത്തിന്റെ തണുപ്പ് നെറ്റിയിൽ പടർന്നത് അറിഞ്ഞെന്നോണം അവൾ ഒന്ന് കുറുകി വീണ്ടും അവന്റെ ചൂടുപറ്റി കിടന്നു….അവനും അവളെ ചേർത്ത് പിടിച്ചുകൊണ്ട് പതിയെ ഉറക്കത്തിലേക്ക് ചേക്കേറി….

കുറച്ചുനേരം കഴിഞ്ഞപ്പോൾ നിലാ കണ്ണ് തുറന്നു…അവൾ അപ്പോഴും മനുവിന്റെ നെഞ്ചോട് ചേർന്നു തന്നെയായിരുന്നു കിടന്നിരുന്നത്…

അവൾ പതിയെ അവനെ ഉണർത്താതെ എഴുന്നേറ്റു….സമയം ആറേമുക്കാൽ കഴിഞ്ഞതെയുള്ളൂ….വീട്ടിലാണെങ്കിൽ എട്ട് മണിയെങ്കിലും കഴിയണം…അല്ലാ എട്ട് മണിക്ക് ‘അമ്മ വിളിച്ചു തുടങ്ങിയാൽ പത്ത് മണിയാകും എഴുന്നേൽക്കുമ്പം…കോളേജ് ഉള്ളപ്പോൾ രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് പ്രാർത്ഥന കഴിഞ്ഞാൽ വീണ്ടും ഏഴ് മണിവരെ ഉറക്കം…

ഇപ്പോൾ ഒരു ഭാര്യ ആയപ്പോൾ തനിക്ക് ഉത്തരവാദിത്വങ്ങളും വന്നോ എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു…

അവൾ മനുവിനെ ഒന്ന് നോക്കി….അവന്റെ മുടി മാടിയൊതുക്കി നെറ്റിയിൽ മൃദുവായി ചുംബിച്ചു…എന്നിട്ട് അവനെ ഒന്ന് പുതപ്പിച്ചു കൊടുത്തിട്ട് അവൾ കുളിക്കുവാനായി പോയി….

**************************************************************************************

അവൾ കുളിച്ചിറങ്ങിയിട്ടും മനു ഉറക്കം വിട്ടുണർന്നിരുന്നില്ല….. അവൾ ഒന്ന് ചിരിച്ചിട്ട് താഴേക്ക് പോയി….

അവൾ അടുക്കളയിലേക്കാണ് ചെന്നത്…അവിടെ അപ്പോഴേക്ക് എലിസബത്ത് സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു….

നിലാ വന്നത് കണ്ട എലിസബത്ത് ഒരു കപ്പ് ചായ അവളുടെ നേരെ നീട്ടി…കൂടെ അവരും ഒന്ന് എടുത്തു..എന്നിട്ട് അടുക്കളയിൽ തന്നെയുള്ള ചെറിയ മേശയിലേക്ക് വച്ചിട്ട് കസേരയിൽ ഇരുന്നു…

“ഇമ്മു എഴുന്നേറ്റു കാണുകേല അല്ലെ നീലുവേ……

അല്ലെങ്കിലും അവന് രാവിലെ എഴുന്നേൽക്കാൻ നല്ല മടിയാ….ഡ്യൂട്ടി ഉണ്ടെങ്കിൽ ആളെ വിളിക്കാതെ തന്നെ ഉണരും…ഇല്ലങ്കിൽ പറയേണ്ട…..എന്റെ പിള്ളേരാണ് അവനെ രാവിലെ എഴുന്നേല്പിക്കുന്നെ…..അതും നല്ല പിച്ചും കുത്തും മാന്തും ഒക്കെ കൊടുത്തിട്ട്…..”
ഇച്ചേചി ചായ ഒന്ന് ഊതിക്കൊണ്ട് പറഞ്ഞു……..

“ഹാ…..പാവം ഇന്നലെ നല്ല ക്ഷീണം ഉണ്ടായിരുന്നു..എന്തായാലും ഉറങ്ങിക്കോട്ടെ എന്ന് ഞാൻ വിചാരിച്ചു….”

അത്രയും നേരം അവൾ ചായയിൽ വീണ ഒരു കരട് എടുത്തുകൊണ്ടാണ് സംസാരിച്ചത്…അതുകൊണ്ട് എലിസബത്തിന്റെ മുഖഭാവം ഒന്നും അവൾ കണ്ടിരുന്നില്ല…

അവൾ ചായ ഒരിറക്ക് കുടിച്ച് എലിസബത്തിന്റെ മുഖത്തേയ്ക്ക് നോക്കിയതും അവർ അവളെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു…അപ്പോഴാണ് താൻ പറഞ്ഞത് എന്താണെന്നും അത് ഏത് രീതിയിലാണ് ഇച്ചേച്ചി എടുത്തതെന്നും നിലാ ഓർത്തത്…

“അയ്യോ ഇച്ചേച്ചി…ദേ നോക്കിയേ…ഇച്ചേച്ചി വിചാരിക്കുന്നത് പോലെ ഒന്നും അല്ല…….”

“ഉവ്വ ഉവ്വെ…നമ്മളും ഇതൊക്കെ കഴിഞ്ഞല്ലേ വന്നേക്കുന്നെ…പിന്നെ നീലുവേ നിന്റെ ചുണ്ട് കണ്ടാൽ അറിയത്തില്യോ…ഇനി ഇതൊക്കെ സൂക്ഷിക്കണം കേട്ടോ….”
.അവളുടെ പൊട്ടിയ ചുണ്ട് ഒന്ന് തുടച്ചു കൊടുത്തുകൊണ്ട് അവർ പറഞ്ഞു…..

നിലാ എന്തോ പറയുവാൻ തുടങ്ങിയപ്പോഴേക്കും എലിസബത്ത് അവളുടെ കയ്യിലേക്ക് മനുവിനുള്ള ചായ ഒരു കപ്പിലേക്ക് പകർന്ന് കൊടുത്തിരുന്നു…അവളൂടെ തന്റെ കൈ കൊണ്ട് മുകളിലേക്ക് പൊയ്ക്കോ എന്നുള്ള രീതിയിൽ ആംഗ്യം കാണിച്ചു…

നിലാ എലിസബത്തിനെ നോക്കി ഒന്ന് ചിരിച്ചിട്ട് മുകളിലേക്ക് കയറിപ്പോയി….

**************************************************************************************

ചായക്കപ്പും പിടിച്ചുകൊണ്ട് കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് ചുണ്ട് തുടയ്ക്കുന്ന നിലായെ കണ്ടുകൊണ്ടാണ് മനു ഉണർന്നത് തന്നെ…

“എന്നതാ നിലാക്കോച്ചേ..നീ എന്തെടുക്കുവാ….”
മനു ചോദിച്ചു……

അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു….എന്നിട്ട് കട്ടിലിൽ വന്നിരുന്ന് അവന്റെ കയ്യിലേക്ക് ചായ കൊടുത്തു…

അവൻ ആ ചായ മേശയിലേക്ക് വച്ചു…കിടക്കാൻ നേരം ഊരിയിട്ട ടി
ഷർട്ട് എടുത്തിട്ടു…..എന്നിട്ട് വായ കഴുകുവാനായി ബാത്രൂമിലേക്ക് പോയി….

അവൻ തിരികെ വരുമ്പോഴേക്കും കണ്ണാടിയുടെ മുന്നിൽ നിന്ന് തലയിൽ കൈവയ്ക്കുന്ന നിലായെയാണ് കണ്ടത്…

അവൻ അവളുടെ പിന്നിലായി നിന്നു….കണ്ണാടിയിൽക്കൂടെ അവളോട് എന്താ കാര്യമെന്ന് കണ്ണുകൊണ്ട് ചോദിച്ചു…

നിലാ പതിയെ തിരിഞ്ഞു നിന്ന് അവൻ ഇട്ടിരുന്ന ടി.ഷർട്ടിന്റെ ബട്ടണിൽ പിടിച്ചു തിരിക്കുവാൻ തുടങ്ങി…

“നിലാ…എന്നതാ കാര്യം എന്ന് പറ കൊച്ചേ….” മനു അവസാനം സഹികെട്ട് ചോദിച്ചു….

“അതോ…..അത്….ഞാൻ ഇല്ലേ…അച്ചാച്ചന് ഒരു ചീത്തപ്പെരുണ്ടാക്കിയോ എന്നൊരു സംശയം….”
അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു….

“അതെന്നാ എന്റെ കൊച്ചിന് അങ്ങനെയൊരു സംശയം…”
അവൻ അവളുടെ താടി പിടിച്ചുയർത്തിക്കൊണ്ട് ചോദിച്ചു….

“അത്…എന്റെ ചുണ്ട് കണ്ടോ….അത് ഞാൻ തൊലി പൊളിച്ചു കളഞ്ഞപ്പം ചുണ്ട് പൊട്ടി…പക്ഷെ ഇച്ചേച്ചി തെറ്റിദ്ധരിച്ചു….പിന്നെ ഞാൻ രാവിലെ അറിയാതെ അച്ചാച്ചന് ക്ഷീണം ഉണ്ടാകും അതുകൊണ്ടാണ് എഴുന്നേല്പിക്കാഞ്ഞത് എന്നും പറഞ്ഞു….

അതുകൊണ്ട്…..ഇച്ചേച്ചി ശെരിക്കും തെറ്റിദ്ധരിച്ചുന്നെ….”
അവൾ കുഞ്ഞുകുട്ടികൾ പറയുന്നതുപോലെ പറയുന്നത് കണ്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു….

“അത് സാരമില്ലെടാ…അവര് എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ…കാര്യമാക്കണ്ട….അവരുടെ ചിന്താഗതി അങ്ങനെ തന്നെ ഇരുന്നോട്ടെ…മാറ്റാൻ നിൽക്കേണ്ട….
കേട്ടോ കൊച്ചേ…ഇനി കൂടിപ്പോയാൽ എന്നെ ഒന്ന് കളിയാക്കുമായിരിക്കും…അത്രേ അല്ലെ ഉള്ളു…

നമുക്ക് നോക്കാന്നെ….”
മനു അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു….എന്നിട്ട് പതിയെ ചായ എടുത്ത് കുടിച്ചു….

നിലാ ആ സമയം കൊണ്ട് കിടക്കയൊക്കെ നേരെയാക്കി വിരിച്ചിട്ടു….ആ മുറി അടുക്കി പെറുക്കി വെച്ചതിന് ശേഷം മനുവിന് കുളിച്ചുകഴിഞ്ഞു ധരിക്കുവാനുള്ള വസ്‌ത്രം എല്ലാം എടുത്തുവച്ചതിന് ശേഷം പുറത്തേക്ക് നടന്നു…

“നിലാ….”
അവൾ നടക്കുന്നത് കണ്ട മനു അവളെ പിന്നിൽ നിന്ന് വിളിച്ചു….

”എന്നതാ അച്ചാച്ചാ…..”
അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു…

“നീ ഒന്ന് ഇങ് വന്നേ….എന്നിട്ട് ആ കണ്ണുകൾ ഒന്നടച്ചേ…..”
മനു അവളോട് പറഞ്ഞതനുസരിച്ച് അവൾ അവന്റെയടുക്കൽ വന്ന് കണ്ണുകളടച്ചു നിന്നു…

ആ നിമിഷം തന്നെ തന്റെ നെറുകയിൽ ഒരു തണുപ്പ് പടരുന്നതായി അവൾ അറിഞ്ഞു…

അവൾ തന്റെ കൈകൾ നെറുകയിലേക്ക് കൊണ്ടുപോയപ്പോൾ അവൻ അവളുടെ കൈകളെ തടഞ്ഞു….എന്നിട്ട് അവളെ കണ്ണാടിയുടെ മുൻപിൽ കൊണ്ടുചെന്ന് നിറുത്തി…

കണ്ണാടിയിൽ തന്റെ രൂപം കണ്ട നിലാ അമ്പരന്നു…നെറുകയിൽ പറ്റിച്ചേർന്നു കിടക്കുന്ന സിന്ദൂരം…കൂടാതെ തന്റെ മിന്നുമാലയിലും….

അവൾ അത്ഭുതത്തോടെ നോക്കി…കാരണം തന്റെ അറിവിൽ അങ്ങനെ ക്രിസ്ത്യാനികൾ സിന്ദൂരം തൊടുന്നത് കണ്ടിട്ടില്ല..എങ്കിലും അവൾക്ക് അത് ഇഷ്ടമായിരുന്നു….

അവൾ കണ്ണാടിയിൽക്കൂടെ തന്നെ മനുവിനെ നോക്കി….

“എന്നതാഡോ ഇങ്ങനെ നോക്കുന്നെ…ഇഷ്ടം ആയില്ലേ….”

അവൾ ഇഷ്ടമായെന്നുള്ള രീതിയിൽ അവനെ നോക്കി ഒന്ന് കണ്ണ് ചിമ്മി….അവൻ അവളെ തിരിച്ചു നിറുത്തി തന്റെ അധരങ്ങൾ അവളുടെ നെറുകയിൽ പതിപ്പിച്ചു…

അവൾ കണ്ണടച്ചു നിർവൃതിയോടെ അവയെ ഏറ്റുവാങ്ങി…

“നിലാ…എനിക്ക് എന്തോ സിന്ദൂരത്തോട് വല്ലാത്തൊരു മുഹബ്ബത്താണ്….. സുമംഗലികളായ സ്ത്രീകൾ സിന്ദൂരം നെറുകയിൽ അണിഞ്ഞിരിക്കുന്നത് കാണുവാൻ തന്നെ എന്തൊരു ചേലാണ്….

അതുകൊണ്ട് എന്റെ ഭാര്യയും സിന്ദൂരം അണിയുന്നതാണ് എനിക്കിഷ്ടം…ഒത്തിരി വലുതാക്കി ഒന്നും വേണ്ട…ഇതുപോലെ ഒരുവിധം കാണുവാൻ പറ്റുന്ന രീതിയിൽ….

എനിക്ക് എപ്പോഴും അവിടെ ചുംബിക്കണം നിലാ….പ്രണയപൂർവം…. എന്റെ പ്രണയത്തെ അടക്കാനാകാൻ കഴിയില്ലാത്ത നിമിഷങ്ങളിൽ ഞാൻ അവിടെ ചുംബിച്ചുകൊണ്ടേയിരിക്കും…ഒരുപക്ഷേ നീ എതിർത്താൽ പോലും….

നിന്നെ ഞാൻ അത്രമേൽ സ്നേഹിക്കുന്നു നിലാ….”
അവൻ വീണ്ടും അവളുടെ സിന്ദൂരച്ചുവപ്പിനെ തന്റെ ചുണ്ടുകളാൽ പൊതിഞ്ഞു….

അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….ആ ഹൃദയതാളം ശ്രവിച്ചവൾ കുറച്ചുനേരം നിന്നു……..

അൽപസമയം കഴിഞ്ഞ് നിലാ പതിയെ അവന്റെ നെഞ്ചിൽ നിന്നും അടർന്ന് മാറി..അവൾ ഏങ്ങി നിന്ന് അവന്റെ കവിളുകളിൽ തന്റെ ചുണ്ടുകളെ ചേർത്തു………

അപ്പോഴാണ് മനു പകുതി കുടിച്ചു വച്ച ചായ അവൾ കാണുന്നത്….

അവൾ അത് മനുവിന് കൊടുക്കുവാനായി എടുത്തു…

“അയ്യോ..അച്ചാച്ചാ…ഇത് തണുത്തു പോയല്ലോ…ഞാൻ ചൂടാക്കിയിട്ട് വേഗം വരാം…”

അവൾ അതുമായി താഴേക്ക് പോകുവാൻ ഒരുങ്ങിയതും അവൻ പതിയെ അവളുടെ കൈകളിൽ പിടിച്ചു വലിച്ചു…. ചായ ചെറുതായി തുളുമ്പി തറയിൽ വീണു….

അവൻ.അവളുടെ കണ്ണുകളിലേക്ക് ആ ചായയുടെ പകുതി കുടിച്ചു….ബാക്കി പകുതി അവൻ അവളുടെ ചുണ്ടുകളോട് ചേർത്തു…അവൾ അത് മുഴുവനായി കുടിച്ചു തീർത്തു…..

“ഇനി പൊയ്ക്കോ താഴേക്ക്….”
അവൻ ഒന്ന് ചിരിച്ചുകൊണ്ട് ആ കപ്പ് അവളുടെ കൈകളിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു…

അവൾ ഒന്ന് ചിരിച്ചുകൊണ്ട് താഴേക്ക് പോയി….

**************************************************************************************

താഴേക്ക് ചെന്നയവൾ എലിസബത്തിനെ അടുക്കളയിൽ കുറച്ച് സഹായിച്ചു….എലിസബത്ത് അവളെ വിലക്കിയെങ്കിലും അവൾ അവളുടെ ജോലി തുടർന്നു…

അതുകൊണ്ട് തന്നെ അടുക്കളയിലെ ജോലികൾ എല്ലാം വേഗം കഴിഞ്ഞിരുന്നു…

അവർ എല്ലാവരും അതിന് ശേഷം പ്രഭാത ഭക്ഷണം കഴിക്കുവാനായി ഇരുന്നു…

“മോനെ…ഞങ്ങൾ രണ്ട് ദിവസം കഴിഞ്ഞാൽ മടങ്ങിപ്പോകും….ഞങ്ങൾ പോകുമ്പോഴേക്കും നിങ്ങൾ മോളുടെ വീട്ടിലേക്ക് പോയാൽ മതി….

അത് പോരെ മോളെ?….”
തോമസ് അവരോടായി ചോദിച്ചു…

നിലാ തലയാട്ടി…

“ആഹ്…അത് മതി പപ്പേ…ഞങ്ങൾ ആ രണ്ട് ദിവസം കൊണ്ട് ഇവിടെയുള്ള അല്ലറ ചില്ലറ ബന്ധുക്കളുടെ ഒക്കെയടുത്ത് ചെന്ന് തല കാണിക്കാം….”
മനു പറഞ്ഞു…

“ആ..അതായിരിക്കും ഇമ്മു നല്ലത്…എന്തായാലും പപ്പയുടെ കൂടെ ഞങ്ങളും പോകും കേട്ടോ….ഇവൾക്ക് അവധി കുറവാ….

അമ്മി അവധി എടുത്തുകൊള്ളാൻ പറഞ്ഞുവെങ്കിലും ആൾക്ക് അവധിയെടുക്കാൻ മടി…”
മാത്യൂസ് അളിയൻ തന്റെ ഭാര്യ എലിസബത്തിനെ നോക്കി പറഞ്ഞു…

“ഓ ഇച്ചായന് അത് പറഞ്ഞാൽ മനസ്സിലാവില്ല….എന്നെ കൺസൾട്ട് ചെയ്യുന്ന ആർക്കെങ്കിലും പെട്ടന്നൊരു പെയിൻ വന്നാൽ വേറെ ഡോക്ടർമാർ ഉണ്ടെങ്കിൽ പോലും അവർ ആദ്യം അന്വേഷിക്കുന്നത് എന്നെയായിരിക്കും…അതാണ് ഒരു ഗൈനക്കോളജിസ്റ്റിന്റെ പവർ….”
എലിസബത്ത് പറഞ്ഞു നിറുത്തി…

“എന്റെ പൊന്ന് എലിക്കൊച്ചേ.. ഞാൻ അറിയാതെ പറഞ്ഞതാ…മാപ്പാക്കണം…”
മാത്യൂസ് ചിരിയോടെ പറഞ്ഞു…ഇത് കേട്ട് എലിസബത്ത് ഒന്ന് ചിരിച്ചു…..

“ഈ അമ്മി ആരാ….”
നിലാ മാത്യൂസിനോട് ചോദിച്ചു..

“എടാ ഇമ്മു…നീ അവളോട് അമ്മിയുടെ കാര്യം പറഞ്ഞിട്ടില്ലേ……”
മാത്യൂസ് മനുവിനോട് ചോദിച്ചു…

“അത് ഞാൻ അവൾക്കൊരു സർപ്രൈസ് ആക്കി വച്ചേക്കുവാ…ആളെ കാണുമ്പോൾ അറിഞ്ഞാൽ മതി അമ്മി നമ്മുടെ ആരാണെന്ന്….അല്ലെ ഇച്ചേച്ചി….”
അവൻ എല്ലാവരയും നോക്കിക്കൊണ്ട് എലിസബത്തിനോടായി ചോദിച്ചു…

അവർ ചിരിച്ചുകൊണ്ട് തലയാട്ടി…അത് കണ്ടതും മനു നിലായുടെ നേരെ തിരിഞ്ഞു…
“ഞാൻ പറഞ്ഞില്ലേ ചെന്നൈയിൽ ഒരു സർപ്രൈസ് ഉണ്ടെന്ന്…അതാണ് അമ്മി…ബാക്കി അവിടെ ചെല്ലുമ്പോൾ പറയാം കേട്ടോ…”
അവൻ അതും.പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കുവാനായി തുടങ്ങി…

**************************************************************************************

പ്രഭാത ഭക്ഷണശേഷം അവൾ വീണ്ടും അടുക്കളയിലേക്ക് ചെല്ലുവാൻ തുനിഞ്ഞെങ്കിലും എലിസബത്ത് അവളെ മുകളിലേക്ക് പറഞ്ഞയച്ചു….

അവൾ മുറിയിൽ ചെന്നെങ്കിലും മനുവിനെ കണ്ടില്ല….അപ്പോഴാണ് അവൾ ഇന്ന് വീട്ടിലേക്ക് വിളിച്ചില്ലല്ലോ എന്നോർത്തത്….

അവൾ വേഗം അവളുടെ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു…

ആന്റണിയായിരുന്നു ഫോൺ എടുത്തത്…

പിന്നീട് കുറച്ചധികം നേരം അവൾ എല്ലാവരുമായി വർത്തമാനം പറഞ്ഞിരുന്നു…ഇതിനിടയിൽ മനുവും അങ്ങോട്ടേക്ക് വന്നിരുന്നു…അവസാനം ഫോൺ സ്പീക്കറിൽ ഇട്ടതിന് ശേഷം ഇരുവരും ഒന്നിച്ച് ബാൽക്കണിയിലെ ആട്ടുകട്ടിലിൽ ഇരുന്ന് സംസാരിച്ചു…

അവർ സംസാരിച്ചതിന് ശേഷം മനു വീണ്ടും നിലായുടെ മടിയിലേക്ക് കിടന്നു…അവർ ഒന്നും സംസാരിക്കാതെ പുറത്ത് പക്ഷികൾക്കായി വച്ചിരിക്കുന്ന ജലത്തിന്റെ പാത്രത്തിൽ നിന്നും വെള്ളം കുടിക്കുന്ന കുരുവിയെ നോക്കിക്കൊണ്ടിരുന്നു…..

“എസ്ക്യൂസ്‌ അസ്…”
ആ ശബ്ദം കേട്ടിട്ടാണ് ഇരുവരും തിരഞ്ഞു നോക്കിയത്….

മാത്യൂസും എലിസബത്തും ആയിരുന്നു അത്….

അവർ വേഗം ആട്ടുകട്ടിലിൽ നിന്നും എഴുനേറ്റ് നിന്നു……

“എന്താ മക്കളെ ഞങ്ങൾ ശല്യപ്പെടുത്തിയോ….”…
എലിസബത്ത് ഒന്ന് കളിയായി ചോദിച്ചു….

“ഇല്ലാലോ ടി ഇച്ചേച്ചി…..”
മനു എലിസബത്തിനെ ഇറുകെ കെട്ടിപ്പിടിച്ചുകൊണ്ട്.പറഞ്ഞു…

“ടാ… എന്നെ ഞെക്കി പൊട്ടിക്കാതെ….
ഈ ചെറുക്കൻ പണ്ടേ ഇങ്ങനെയാ…. ചുമ്മാ വന്ന് ഇറുക്കി കെട്ടിപ്പിടിക്കും….

നീലുവേ…സൂക്ഷിക്കണേ….നിന്റെ എല്ലും ഇവൻ ഓടിക്കും മിക്കവാറും….”
എലിസബത്ത് അവനെ കളിയാക്കി….

“അല്ല…രാവിലെ തന്നെ വന്നത് എന്നെ കളിയാക്കാനാണോ….”
മനു എലിസബത്തിനോട് കുറുമ്പോടെ ചോദിച്ചു….

“അല്ലെന്റെ പൊന്നേ….വേറൊരു സാധനം തരാനാ… അല്ലെ ഇച്ചായാ….”

“അത് തന്നെ……”…മാത്യൂസ് പറഞ്ഞു….

നിലായും.മനുവും എന്താണെന്നനുള്ള രീതിയിൽ അവരെ നോക്കി…….

മാത്യൂസ് ഇരുവരെയും ചേർത്ത് നിറുത്തി….

“രണ്ടുപേരും ഒന്നിച്ച് കൈ നീട്ടിക്കെ….”
അദ്ദേഹം പറഞ്ഞു….

മനു എന്തിനാണ് എന്നുള്ള രീതിയിൽ അവന്റെ ഇച്ചേച്ചിയെ നോക്കി….

അവർ ഒന്നുമില്ല എന്നുള്ള രീതിയിൽ അവനെ കണ്ണടച്ചു കാണിച്ചു….

അപ്പോഴേക്കും അവന്റെ കൈകളിൽ എന്തോ ഇരിക്കുന്നതായി അവന് തോന്നി…നോക്കിയപ്പോൾ ഫ്‌ളൈറ്റ് ടിക്കറ്റ്…

കൊച്ചി ടു ഗോവാ…ഗോവാ ടു ചെന്നൈ…ഇൻഡിഗോ എയർലൈൻസിൽ…..

നിലായും മനുവും അത്ഭുതത്തോടെ അവരെ നോക്കി….

“നോക്കേണ്ട മക്കളെ..നിങ്ങളുടെ ഹണിമൂൺ ആഘോഷിക്കുവാനായി തിരഞ്ഞെടുത്ത സ്ഥലം ആണിത്….”

അവരുടെ അമ്പരപ്പ് കണ്ട മാത്യൂസ് പറഞ്ഞു….

“ദേ..മര്യാദയ്ക്ക് നിങ്ങൾ പോയി ആഘോഷിച്ചിട്ട് വാ മക്കളെ….ഇന്ത്യക്ക് വെളിയിലേക്ക് നോക്കണം എന്നുണ്ടായിരുന്നു..പക്ഷെ അത് ചിലപ്പോൾ ഇമ്മുവിന്റെ റീജോയിനിംഗ് ഡേറ്റിന് പ്രശ്നമാകും…അപ്പോൾ ഇതല്ലേ നല്ലത്…

അപ്പൊൾ ഞങ്ങൾ താഴേക്ക് പോകട്ടെ…നിങ്ങൾ ഇവിടെ കൊച്ചുവർത്തമാനം പറഞ്ഞിരിക്ക്….എല്ലാ കാര്യങ്ങളും അതിൽ വൃത്തിയായി എഴുതിയിട്ടുണ്ട്…വായിച്ചു നോക്കൂട്ടോ രണ്ടുപേരുംകൂടെ….”
നിലായെ തോളോട് ചേർത്തുപിടിച്ചുകൊണ്ട് ഇച്ചേച്ചി പറഞ്ഞുനിറുത്തി…

അവർ നിലായെയും മനുവിനെയും നോക്കി ചിരിച്ചിട്ട് താഴേക്ക് പോയി….

നിലായും മനുവും ടിക്കറ്റിലേക്ക് ഒന്ന് നോക്കിയിട്ട് മുഖത്തോട് മുഖം നോക്കി നിന്നു….

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9

ജീവാംശമായ് : ഭാഗം 10

ജീവാംശമായ് : ഭാഗം 11