വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി
പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കെ എൽ രാഹുലിന്‍റെ അർധസെഞ്ചുറി ഉണ്ടായിട്ടും 36 റൺസിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് ഇന്ത്യ നേടിയത്. ഓസ്ട്രേലിയയ്ക്കായി മോറിസ്, മക്കെൻസി, കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ 13 റൺസിന് ജയിച്ചിരുന്നു.
മറുപടി ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ റിഷഭ് പന്ത് 11 പന്തിൽ 9 റൺസുമായി മടങ്ങി. ദീപക് ഹൂഡ (9 പന്തിൽ 6), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 17), അക്ഷർ പട്ടേൽ (7 പന്തിൽ 2) എന്നിവർ മടങ്ങുമ്പോൾ 79 റൺസ് ആയിരുന്നു ഇന്ത്യയുടെ സ്കോർ. ദിനേശ് കാർത്തിക് 14 പന്തിൽ 10 റൺസിനും കീഴടങ്ങി.
പ്രധാന ബാറ്റ്സ്മാൻമാർ പുറത്തായതോടെ അർധസെഞ്ചുറി നേടിയ കെ എൽ രാഹുലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 55 പന്തിൽ 74 റൺസ് എടുത്ത കെ എൽ രാഹുലിനെ ആൻഡ്രൂ ടൈ ആണ് പുറത്താക്കിയത്. ഹർഷൽ പട്ടേൽ 10 പന്തിൽ രണ്ടും ഭുവനേശ്വർ കുമാർ ഒന്നും നേടാതെയും പുറത്തായി.