Thursday, December 19, 2024
Novel

നിഴൽ പോലെ : ഭാഗം 8

എഴുത്തുകാരി: അമ്മു അമ്മൂസ്‌


മാളുവിനെ നഷ്ടപ്പെടാൻ പോകുകകയാണ് എന്നുള്ള തോന്നൽ അവനിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ സൃഷ്ടിച്ചു.

കുറച്ചു സമയത്തേക്ക് പരിസരം പോലും അവൻ മറന്നു. ബീന അവനെ തട്ടി വിളിച്ചപ്പോൾ മാത്രമാണ് ബോധത്തിലേക്ക് വന്നത്.

പെട്ടന്ന് തന്നെ വേറൊന്നും കേൾക്കാൻ നിൽക്കാതെ അവൻ റൂമിലേക്ക് നടന്നു..

അഭി മുറിയുടെ വാതിൽ വലിച്ചടച്ചതും ബീന ചിരിക്കാൻ തുടങ്ങി.

“അല്ല പിന്നേ. എന്റടുത്താ അവന്റെ അടവ്. അവന്റെ അപ്പനെ വിറ്റ കാശുണ്ട് എന്റെ കൈയിൽ”. ആവേശത്തോടെ പറഞ്ഞു കഴിഞ്ഞിട്ടാണ് രൂക്ഷമായി നോക്കുന്ന വാസുദേവനെ കണ്ടത്.

ചമ്മിയ ഒരു ചിരിയും ചിരിച്ചു മെല്ലെ അടുക്കളയിലേക്ക് നടന്നു.

റൂമിൽ എത്തിയിട്ടും ഗൗതം വല്ലാതെ അസ്വസ്ഥനായിരുന്നു . മാളുവിന്റെ മുഖം മാത്രം ആയിരുന്നു അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നത്.

“അവളുടെ കല്യാണം നടന്നാൽ എനിക്കെന്താ. ഞാനെന്തിനാ അവളെ കുറിച്ചു ആലോചിക്കുന്നത്”. അവൻ അവനെ തന്നെ വിശ്വസിപ്പിക്കാൻ ശ്രെമിച്ചു.

പക്ഷേ എത്രയൊക്കെ ശ്രെമിച്ചിട്ടും മനസ്സിന്റെ നീറ്റൽ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

നഷ്ടപ്പെടുമ്പോൾ ആണല്ലോ അവ നമുക്ക് എത്രമേൽ പ്രിയപ്പെട്ടതാണെന്ന് തിരിച്ചറിയുന്നത്.

കുറച്ചു നേരം ഷവർ ഓൺ ചെയ്തു അതിന്റെ കീഴിൽ നിന്നു. എന്നിട്ടും മനസ്സ് ശെരിയാകുന്നില്ല . ശരീരമാകെ ചൂട് പിടിക്കുന്ന ഒരവസ്ഥ.

അമ്മ വന്നു വിളിച്ചപ്പോളാണ് സമയം കടന്നു പോയത് വരെ അറിഞ്ഞത്.

ഊണുമേശയിലും ഗൗതം നിശബ്ദൻ ആയിരുന്നു. നാളത്തെ മോഹൻ അങ്കിളുമായി ഉള്ള കൂടിക്കാഴ്ച്ച അവന്റെ സമാധാനം കെടുത്തി.

“താൻ എന്ത് മറുപടിയാണ് പറയുക. തനിക്കവളെ ഇഷ്ടമാണോ അറിയില്ല. അവളെ മറ്റൊരാളുടെ ഒപ്പം കാണാൻ സാധിക്കുമോ. അതും അറിയില്ല.” എല്ലാം കൂടി ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി അവന്.

എന്തൊക്കെയോ കഴിച്ചെന്നു വരുത്തി റൂമിലേക്ക് പോകുന്ന അവനെ ബീനയും വാസുദേവനും ഒരു ചിരിയോടെ നോക്കി നിന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ ഓഫീസിൽ പോകാൻ തോന്നുന്നതേ ഇല്ലായിരുന്നു അവന്. രാത്രി ഒരു പോള കണ്ണടച്ചിട്ടുണ്ടായിരുന്നില്ല . അതുകൊണ്ടാ തന്നെ വരുന്നില്ല എന്ന് വിളിച്ചറിയിച്ചു നന്ദനെ .

ഫോൺ വെച്ചു കഴിഞ്ഞിട്ടാണ് മാളുവിനോട് പറയുന്ന കാര്യം ഓർത്തത്. ആദ്യം അവൾ പോയി പ്രിയയെ സഹായിക്കട്ടെ എന്ന് വിചാരിച്ചെങ്കിലും ജീവന്റെ കാര്യം ആലോചിച്ചപ്പോൾ അത് വേണ്ട എന്ന് തോന്നി.

താൻ വിളിച്ചു പറഞ്ഞാൽ അവളുടെ വക നൂറ് ചോദ്യങ്ങൾ ഉണ്ടാകും എന്ന് ഉറപ്പായത് കൊണ്ട് നന്ദനെ ഏൽപ്പിച്ചു.

എന്തൊക്കെ ചെയ്തിട്ടും സമാധാനം കിട്ടാത്തത് പോലെ. അവൻ ഗാർഡനിൽ ചെന്നിരുന്നു. സമയം കടന്നു പോകുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. മാളുവിനെ സ്നേഹിക്കാൻ കഴിയുമോ എന്നുള്ള ചിന്തയിൽ ആയിരുന്നു അവൻ.

“മോനു ദാ മോഹനേട്ടൻ വന്നിട്ടുണ്ട്. നിന്നോട് എന്തോ സംസാരിക്കണമെന്ന് പറഞ്ഞു”. ബീന വന്നു പറഞ്ഞപ്പോളാണ് ഇത്രയും നേരം താനിവിടെ ഇരിക്കുകയായിരുന്നു എന്ന് അറിഞ്ഞത്.

അവൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോളെക്കും മോഹനും വാസുദേവനും കൂടി അവിടേക്ക് വന്നു.
മോഹൻ അവന്റെ അടുത്തേക്ക് ചെന്നു തോളിൽ കൈ ഇട്ട് ഇരുന്നു.

“ഞാൻ വന്നതെന്തിനാ എന്ന് മോന് മനസ്സിലായല്ലോ അല്ലേ. മാളുവിന് ഒരാലോചന വന്നിട്ടുണ്ട്. നടത്തിയേ പറ്റു എന്ന് മനീഷിന് വാശിയ.

പക്ഷേ അവളുടെ മനസ്സിൽ ആരാണെന്ന് ഞാൻ പറയാതെ തന്നെ അറിയാല്ലോ.

ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം അവളോട്‌ പറഞ്ഞിട്ടില്ല. നിന്റെ തീരുമാനം ആണ് എനിക്ക് അറിയേണ്ടത്.

മോന്റെ സ്ഥാനത്തു മറ്റാരായിരുന്നു എങ്കിലും ഞാൻ വരില്ലായിരുന്നു. പക്ഷേ ഇവിടെ നിങ്ങൾ രണ്ടു പേരും ഞങ്ങളുടെ കുട്ടികളാ”. മോഹൻ പറഞ്ഞു നിർത്തി.

ഗൗതം ഒന്നും മിണ്ടാതെ കേട്ടിരിക്കുകയായിരുന്നു. അവൻ സംസാരിക്കുന്നില്ല എന്ന് കണ്ടിട്ട് മോഹൻ വീണ്ടും പറഞ്ഞു തുടങ്ങി.

“മാളുവിന്റെ മനസ്സിൽ ഗൗതത്തിന്റെ മുഖം എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് എനിക്കറിയാം.

പക്ഷേ നിനക്കിഷ്ടമല്ലാത്ത ഒരു ജീവിതത്തിന് ആരും നിന്നെ നിർബന്ധിക്കില്ല ഗൗതം.

മാളുവിനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം അതോർത്തു മോൻ വിഷമിക്കണ്ട. ഞാൻ ചെല്ലട്ടെ എന്നാൽ.”മോഹൻ അവന്റെ തോളിൽ ഒന്ന് കൂടി ചേർത്തു പിടിച്ച ശേഷം എണീക്കാൻ തുടങ്ങി.

ഗൗതം പെട്ടന്ന് തന്നെ കൂടെ എണീറ്റു മോഹനന്റെ കൈയിൽ പിടിച്ചു. കുറച്ചു സമയം കൂടി ഒന്നും മിണ്ടാതെ നിന്ന ശേഷം അവൻ പറഞ്ഞു തുടങ്ങി.

“അങ്കിൾ എനിക്ക് മാളുവിനോട് ഇഷ്ടക്കേട്‌ ഒന്നും ഇല്ല. എനിക്കറിയില്ല ഇതെങ്ങനാ പറയുന്നതെന്ന്. അങ്കിളിനു അറിയാമല്ലോ ശ….ശാലിനിയുടെ കാര്യം.

ആ ഓർമകളിൽ നിന്നും ഒരു പരിധി വരെ എന്നേ മാറ്റി എടുത്തത് മാളുവാണ്. അവൾക്കെന്നോടുള്ള അതേ സ്നേഹം എനിക്ക് അവളോടുണ്ടോ എന്നറിയില്ല.

വിവാഹത്തിനെനിക്ക് സമ്മതമാണ്. പക്ഷേ എനിക്ക് കുറച്ചു സമയം വേണം എല്ലാം കൂടി ഒന്ന് പൊരുത്തപ്പെടാൻ”. മനസ്സിൽ ഉള്ളതെല്ലാം പറഞ്ഞു തീർത്ത ആശ്വാസത്തിൽ അവൻ നിന്നു.

കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു ബാക്കി എല്ലാവരും. അവൻ ഇത്ര വേഗം എല്ലാം തുറന്നു സമ്മതിക്കും എന്ന് ആരും തന്നെ വിചാരിച്ചിരുന്നില്ല.

മാളുവിനെ നഷ്ടപ്പെടുമോ എന്നുള്ള പേടിയാണ് അവനെക്കൊണ്ട് എല്ലാം പറയിച്ചതെന്ന് ബീനക്ക് മനസ്സിലായി. “ഭാഗ്യം ഇന്നലത്തെ പ്ലാൻ സക്സസ് ആയി”. അവർ ആശ്വാസത്തോടെ മനസ്സിൽ പറഞ്ഞു.

ഗൗതമിന് വല്ലാത്ത ചമ്മൽ തോന്നി. ആദ്യമായിട്ടാണ് അവളോടുള്ള ഇഷ്ട്ടം തുറന്നു സമ്മതിക്കുന്നത്.

“അങ്കിൾ ഞാൻ ഈ പറഞ്ഞതൊന്നും മാളുവിനോട് പറയല്ലേ”. അവൻ ചമ്മലോടെ പറഞ്ഞു.

മോഹൻ അവനെ സംശയത്തോടെ നോക്കി.

“അത് …ഞ… ഞാൻ തന്നെ പറഞ്ഞോളാം അവളോട്‌ ബാംഗ്ലൂർ എത്തിയിട്ട് “. അവൻ വിക്കി വിക്കി പറഞ്ഞു.

മോഹൻ ചിരിയോടെ തലയാട്ടി.

രാത്രിയിൽ പതിവിലും നേരത്തെ ഉറങ്ങാൻ കിടന്നു ഗൗതം. ദിവസങ്ങൾക്കു ശേഷം സമാധാനത്തോടെ ഒന്നുറങ്ങി.

മറുവശത്തു പക്ഷേ മാളു ഉറക്കം വരാതെ കിടക്കുവായിരുന്നു. ഗൗതമിന് എന്ത് പറ്റിയോ ആവോ ഓഫീസിൽ വരാതിരിക്കാൻ.

അങ്ങനെ ലീവ് എടുക്കാറേ ഇല്ല. വിളിച്ചു ചോദിച്ചാൽ ഒരിക്കലും സത്യം പറയില്ല വഴക്കും കേൾക്കും.

അത്കൊണ്ടാണ് ബീനാമ്മയെ വിളിച്ചു ചോദിച്ചത്. അവിടെയും കാര്യം അറിയില്ല. ഏട്ടൻ ഉള്ളത് കൊണ്ട് പോയി തിരക്കാനും വയ്യ.

ബാംഗ്ലൂർ പോകുന്നതിനു തന്നെ ഒരു വഴക്ക് കഴിഞ്ഞതേ ഉള്ളൂ. ഗൗതമിനെ വിശ്വാസം ആണെന്ന് അച്ഛൻ തറപ്പിച്ചു പറഞ്ഞതിൽ പിന്നെയാണ് ഒന്നടങ്ങിയത്.

“എന്റെ ദൈവമേ നാളെ മുതൽ ആ പുട്ടി എപ്പോഴും കൂടെ തന്നെ കാണുമല്ലോ. എല്ലാം നിന്റെ കൈയിൽ ഏൽപ്പിക്കുവാ.

പുട്ടിയേം കൂടെയുള്ള കോഴിയേം ഞങ്ങളുടെ വഴിയിൽ നിന്നും എത്രയും പെട്ടെന്ന് ഓടിച്ചു വിടേണമേ.” അവൾ പ്രാർത്ഥിച്ചു കിടന്നു…

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വേഗത്തിൽ ചെക്ക് ഇൻ ഏരിയയിലേക്ക് നടക്കുകയായിരുന്നു മാളു. “ഇന്നും ലേറ്റ് ആയി. നേരത്തെ എത്തി കാത്തിരിക്കണം എന്ന് വിചാരിച്ചതാ.

ഏട്ടന്റെ ഒടുക്കത്തെ ഒരുപദേശം. ദൈവമേ ആ പുട്ടി വന്നു കാണല്ലേ.” ഗൗതം എത്തിയ ശേഷം അവളെ വിളിച്ചിരുന്നു.

എന്നാൽ മാളുവിന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് പ്രിയ ഏറ്റവും ആദ്യം തന്നെ എത്തിയിരുന്നു.

ഗൗതത്തിനോട് ഓരോന്ന് പറഞ്ഞു ചിരിക്കുന്ന പ്രിയയെ അവൾ ദൂരെ നിന്നേ കണ്ടു. അവൾ പിറുപിറുത്തു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു.

എന്തോ പറഞ്ഞു തിരിഞ്ഞപ്പോളാണ് ഒറ്റക്ക് സംസാരിച്ചുകൊണ്ട് നടന്നു വരുന്ന മാളുവിനെ ഗൗതം കാണുന്നത്. കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു അവൻ.

ഇതുവരെയും തോന്നാത്ത ഒരു ആകർഷണീയത അവൾക്കുണ്ടെന്ന് തോന്നി അവന്. കണ്ണുകൾ അവളിൽ നിന്നും മാറ്റാൻ സാധിക്കാത്തത് പോലെ.

ചിലപ്പോൾ തന്റെ പെണ്ണാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം. അവൻ ചിരിയോടെ ഓർത്തു.

തുടരും….

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7