ഇടമലക്കുടിയിലെ കുട്ടികൾ ഇനി തെളിമയോടെ മലയാളം എഴുതും, സംസാരിക്കും
ഇടുക്കി: ഇനി മുതൽ ഇടുക്കി ജില്ലയിലെ ഇടമലക്കുടി പ്രദേശത്ത് താമസിക്കുന്ന ആദിവാസി ഗോത്ര ജനവിഭാഗത്തിലെ എല്ലാ കുട്ടികളും മലയാളം നന്നായി എഴുതും, സംസാരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളം ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിൽ നടത്തി വരുന്ന പ്രത്യേക ഭാഷാ പരിശീലന പരിപാടിയിലൂടെയാണ് ഇത് സാധ്യമാകുന്നത്. സ്വന്തമായി ലിപിയില്ലാത്ത മുതുവൻ വാമൊഴി ഭാഷയെ തനി മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തി തെരഞ്ഞെടുത്ത കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഇവിടെ.
ഗതാഗത സൗകര്യം തീരെ ഇല്ലാത്ത ഇടമലക്കുടി, കുരുതിക്കുടി പ്രദേശങ്ങളിൽ താമസിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുതുവൻ വിഭാഗക്കാർക്കും മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതിനാൽ, ഇവരുടെ കുട്ടികൾക്ക് ഭാഷാ വൈദഗ്ധ്യം നഷ്ടപ്പെടുന്നു. പഠന പ്രക്രിയയോട് മുഖം തിരിഞ്ഞു നിൽക്കുന്ന കുട്ടികളുടെ എണ്ണം ഈ മേഖലയിൽ ഗണ്യമായി വർദ്ധിച്ചു. സമഗ്ര ശിക്ഷാ കേരളം നടത്തിയ പഠനത്തിൽ സ്കൂളുകളിൽ എത്താൻ വിമുഖത കാണിക്കുന്ന കുട്ടികളുടെ എണ്ണം എത്തുന്ന കുട്ടികളുടെ എണ്ണത്തേക്കാൾ മൂന്നിരട്ടി വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു.