റെക്കോഡ് തിരുത്തി തോബി അമുസന്‍; വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം
യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ നൈജീരിയൻ അത്ലറ്റായി തോബി അമുസൻ. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ 12.06 സെക്കൻഡിൽ ഓടിയെത്തിയാണ് അമുസൻ സ്വർണം നേടിയത്.
സെമിഫൈനലിൽ 12.12 സെക്കൻഡിൽ ഫിനിഷ് ചെയ്ത് താരം ലോകറെക്കോർഡ് സ്ഥാപിച്ചിരുന്നു. 2016ലെ കെന്‍ഡ്ര ഹാരിസണിന്‍റെ 12.20 സെക്കൻഡ് എന്ന റെക്കോർഡാണ് അമുസൻ മറികടന്നത്. ഫൈനലിൽ 12.06 സെക്കൻഡിൽ ഫിനിഷ് ചെയ്തെങ്കിലും ഇത് റെക്കോർഡിനായി കണക്കാക്കപ്പെട്ടില്ല. മത്സരസമയത്ത് അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ കാറ്റിന്‍റെ ആനുകൂല്യം ലഭിച്ചതിനാലാണിത്. സെക്കൻഡിൽ 2.5 മീറ്ററായിരുന്നു കാറ്റിന്‍റെ വേഗത. അനുവദനീയമായതിനെക്കാൾ .5 മീറ്റർ വർദ്ധനവായിരുന്നു ഇത്.
ജമൈക്കയുടെ ബ്രിട്നി ആൻഡേഴ്സൺ 12.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. 12.23 സെക്കൻഡിൽ തന്നെ ഫിനിഷ് ചെയ്ത പോർട്ടോ റിക്കോയുടെ ജാസ്മിൻ കാമാച്ചോ ക്വിൻ 229 മില്ലിസെക്കൻഡ് വ്യത്യാസത്തിൽ വെങ്കലം നേടി.