ബിഎസ്എൻഎല്ലില്‍ 3.5 വർഷത്തിൽ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി
ന്യൂ ഡൽഹി: ബി.എസ്.എന്‍.എല്ലില്‍ മൂന്നരവര്‍ഷത്തില്‍ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങളെന്ന് കേന്ദ്രം. സി.പി.ഐ.എം എം.പി വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്ര വിവരവിനിമയ സഹമന്ത്രി ദേവു സിംഗ് ചൗഹാനാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാർ ജീവനക്കാരും ഉൾപ്പെടെ 2,15,088 ജീവനക്കാരാണ് 2019 ൽ ബിഎസ്എൻഎല്ലിൽ ഉണ്ടായിരുന്നത്. 2019ൽ മാത്രം 1,15,614 ജീവനക്കാരെ പിരിച്ചുവിട്ടു.
തുടർന്നുള്ള വർഷങ്ങളിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങി. 2017 മുതൽ ബിഎസ്എൻഎല്ലിൽ ആരെയും നിയമിച്ചിട്ടില്ല. ആയിരക്കണക്കിന് എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ലഭിക്കാമായിരുന്ന തൊഴിലുകളാണ് ഇതിലൂടെ ഇല്ലാതായത്.
സ്പെക്ട്രം അനുവദിക്കാതെയും സമയബന്ധിതമായ സാങ്കേതിക വികസനം തടയുന്നതിലൂടെയും പൊതുമേഖലാ സ്ഥാപനത്തിന്‍റെ നാശത്തിന്‍റെ ദയനീയമായ ചിത്രങ്ങളാണ് ഈ കണക്കുകൾ വെളിപ്പെടുത്തുന്നതെന്നും വി ശിവദാസൻ പ്രതികരിച്ചു.