Sunday, April 28, 2024
Novel

പ്രിയനുരാഗം – ഭാഗം 2

Spread the love

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്

Thank you for reading this post, don't forget to subscribe!

‘ സാധാരണ പലയിടത്തും നിർത്തി ഫോട്ടോസ് ഒക്കെ എടുത്ത് പതുക്കെയാണ് പോകാറ് . ഒരുതരത്തിലുള്ള പ്ലാനിങ്ങും ഇല്ലാത്ത യാത്രകളോടാണ് പ്രിയം . പോകണം എന്ന് വിചാരിച്ചു ഇറങ്ങുന്ന സ്ഥലങ്ങളിലായിരിക്കില്ല്യ ചിലപ്പോഴൊക്കെ എത്തിപ്പെടാറു .

ആ ഒരു ഒഴുക്കിൽ യാത്ര ചെയ്യാനാണ് തനിക്കു ഇഷ്ട്ടം . ഇന്നെന്തോ ഒന്നും തോന്നിയില്ല്യ .

ആ മുഖം മനസ്സിൽ നിറയുന്ന പോലെ . അത് തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു . ഏതോ ഒരു പെണ്ണ് .

പേരും നാടും ഒന്നും അറിയാത്ത ഒരു പെണ്ണ് . ഇനി കാണാൻ പോലും സാധ്യതയില്ല .

ഇനി അവളെ കുറിച്ച് ചിന്തിക്കില്ല . ‘ എന്തൊക്കെയോ ആലോചിച്ചു ഗൗതം വീട്ടിൽ എത്തി .

വലിയൊരു ഗേറ്റ് തുറന്നു അകത്തേക്ക് കയറി കല്ലുപതിച്ച വഴിയിലൂടെ ചെന്നാൽ കാണുന്ന മോഡേൺ രീതിയിൽ പണികഴിപ്പിച്ച ഒരു ഇരുനില വീടാണ് . വഴിക്ക് ഇരുവശത്തും വിശാലമായ പൂന്തോട്ടം .

ബൈക്ക് പാർക്ക് ചെയ്ത് ഗൗതം കാളിങ് ബെൽ അടിക്കുമ്പോഴേക്കും സാവിത്രി വന്നു വാതിൽ തുറന്നു .

“നീ നേരത്തെ ആണല്ലോ കണ്ണാ . അച്ഛൻ ഇന്ന് രാവിലെ ചോദിച്ചതേ ഉള്ളു .നീ ഇന്ന് വരുമോ എന്ന് .” സാവിത്രി പറഞ്ഞു .

ഗൗതം ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല്യ . അമ്മക്കു ഒരു ഉമ്മയും കൊടുത്തു അവൻ മുകളിലെ അവന്റെ മുറിയിലേക്ക് നടന്നു .
“വിശക്കുന്നില്ലേ കണ്ണാ ?” സാവിത്രി ചോദിച്ചു .

” ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം അമ്മേ .എന്നിട്ട് ലഞ്ച് കഴിക്കാം .” അതും പറഞ്ഞു അവൻ നടന്നു പോയി .

അത്യാവശ്യം വലിപ്പമുള്ള ഒരു മുറിയാണ് ഗൗതമിന്റേത് .നല്ല ഭംഗിയിൽ ഇന്റീരിയർ ചെയിതിട്ടുണ്ട് .ബാഗ് അഴിച്ചു ടേബിളിൽ വെച്ചു അവൻ കുളിക്കാൻ കയറി .

കുളികഴിഞ്ഞു വന്നു ചുമ്മാ ബെഡിൽ കണ്ണടച്ചു കിടക്കുകയാണ് ഗൗതം .

മനസ്സിലേക്ക് ആ പെൺകുട്ടിയുടെ മുഖം ഓർമ വന്നപ്പോൾ ദേഷ്യപ്പെട്ടു ഗൗതം ബെഡിൽ നിന്നും എഴുന്നേറ്റു .

ടേബിളിൽ ഇരുന്ന മൊബൈൽ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങാൻ തിരിഞ്ഞപ്പോഴാണ് വാതിലും തള്ളിത്തുറന്ന് കിച്ചു അകത്തേക്ക് വന്നത് .

കിച്ചു എന്ന ഗോകുൽ കൃഷ്ണ ഗൗതമിന്റെ അനിയൻ ആണ് . ഇപ്പൊ ബിബിഎ ഫൈനൽ ഇയർ ആണ് . കിച്ചു ഗൗതമിന്റെ നേരെ എതിർ സ്വഭാവക്കാരനാണ് .

ഗൗതമിനെ പോലെ ഗൗരവക്കാരനൊന്നും അല്ല വായിനോട്ടമാണ് സാറേ ഇവന്റെ മെയിൻ കൂടെ കുറെ പൊട്ടത്തരങ്ങളും .നല്ല ഒന്നാന്തരം മടിയനും .

“കിണ്ണാ എപ്പോൾ ലാൻഡ് ചെയിതു . ഞാൻ ഇപ്പൊ എഴുന്നേറ്റേ ഉള്ളു .” എന്നും ചോദിച്ചു കിച്ചു ഗൗതമിന്റെ വയറ്റിലേക്ക് ഒരു കുത്തു വെച്ച് കൊടുത്തു .

ഗൗതമിന്റെ ഒരു തള്ളലിൽ അവൻ തെറിച്ചു ബെഡിൽ പോയി വീഴുകയും ചെയിതു .
“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് മേലുതൊട്ടു കളിക്കരുതെന്ന് .” ഗൗതം ദേഷ്യത്തോടെ പറഞ്ഞു .
കിച്ചു ഒന്ന് ഇളിച്ചു കൊടുത്തു .

“നല്ല ചൂടിലാണല്ലോ ” കിച്ചു ചോദിച്ചു .
“അതെ ..നിനക്കു എന്താ ..ഒന്ന് പോവുന്നുണ്ടോ ..” ഗൗതം പിന്നെയും ദേഷ്യപ്പെട്ടു .

“ഇവനിതെന്തോന്ന് …ഇങ്ങനെ ദേഷ്യപ്പെടാൻ ഇവടെ ഇപ്പൊ എന്താ ഉണ്ടായേ ..!” കിച്ചു ചോദിച്ചു .
ഗൗതം ഒന്നും മിണ്ടാതെ അവന്റെ റൂമിന്റെ ബാൽക്കണിയിലേക്ക് നടന്നു .

‘അവനു വേറെ എന്തോ ടെൻഷൻ ഉണ്ട് .’ കിച്ചു മനസ്സിൽ ചിന്തിച്ചു .
ഗൗതമിന്റെ ക്യാമറ കയ്യിലെടുത്തു അവനും ബാൽക്കണിയിലേക്ക് നടന്നു .

“നീ അച്ഛന്റെയും അമ്മേന്റെയും നാട്ടിൽ പോവുമെന്ന് പറഞ്ഞില്ലേ .ഞാൻ ആ ഫോട്ടോസ് നോക്കാൻ വന്നതാ .” അതും പറഞ്ഞു കിച്ചു ക്യാമെറ ഓൺ ചെയ്തതും ഗൗതം അത് തട്ടിപ്പറിച്ചു വാങ്ങിച്ചു .

കിച്ചു അവനെ തറപ്പിച്ചൊന്നു നോക്കി .
” നിനക്കിതെന്താ കണ്ണാ ..അതിലെന്താ വല്ല പെണ്ണിന്റെയും ഫോട്ടോ എടുത്ത് വെച്ചിട്ടുണ്ടോ ?!” കിച്ചു ദേഷ്യപ്പെട്ടു .

കിച്ചുവിന്റെ ചോദ്യം കേട്ടതും ഗൗതം ഒന്ന് ഞെട്ടി .പക്ഷെ അത് മറച്ചുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു ” നീ ഇപ്പൊ ഇത് കാണണ്ട .അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുക്കുമ്പോൾ നീ കണ്ടാൽ മതി .എനിക്ക് വിശക്കുന്നു നീ വാ താഴേക്ക് പോവാം .”

“വല്യ ഡിമാൻഡ് കാണിക്കയല്ലേ ..ഒന്ന് പോടാ ” അതും പറഞ്ഞു വീണ്ടും ഗൗതമിന്റെ വയറ്റിൽ ഒരു കുത്തു കുത്തിയിട്ടു കിച്ചു താഴേക്ക് ഓടി .

‘എത്രയും പെട്ടന്ന് ആ വിശ്വാൽസ് ഒക്കെ ക്യാമെറയിൽ നിന്ന് മാറ്റണം .

ഇല്ല്യെങ്കിൽ താൻ ഇവിടെ നാണം കെടും .’ അതും ചിന്തിച്ചു ഗൗതം വേഗം ക്യാമറ തന്റെ ഷെൽഫിൽ വെച്ച് ലോക്ക് ചെയ്ത് താഴേക്ക് പോയി . ഡൈനിങ്ങ് ടേബിളിൽ ബ്രേക്ഫാസ്റ്റും ലഞ്ചും ഒരുമിച്ചു കഴിക്കുന്ന തന്ത്രപ്പാടിലാണ് കിച്ചു . ഗൗതം കിച്ചുവിന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു .

അവനെ കണ്ടതും കിച്ചു ഒന്ന് നീങ്ങി ഇരുന്നു .സാവിത്രി അവന് ഭക്ഷണം വിളമ്പുകയായിരുന്നു.

“എന്താ കണ്ണാ നിനക്കൊരു ആലോചന ?” സാവിത്രി ചോദിച്ചു .
ആ ചോദ്യമാണ് അവനെ ചിന്തയിൽ നിന്ന് ഉണർത്തിയത് .

“ഒന്നൂല്ല്യ അമ്മാ .. ഞാൻ ഓഫീസിൽ പോയാലോന്ന് ആലോചിക്കുവായിരുന്നു . ഒന്നരമാസത്തിന്റെ അടുത്തു വെക്കേഷൻ ഉണ്ട് .” ഗൗതം പറഞ്ഞു .

” അതൊക്കെ പിന്നെ ആലോചിക്കാം നീ ഭക്ഷണം കഴിക്ക് ” സാവിത്രി പറഞ്ഞു .

“കിണ്ണന് എന്തോ പറ്റിയിട്ടുണ്ട് .അല്ലെ അമ്മേ .അല്ലെങ്കിൽ ഭക്ഷണം കണ്ടാൽ ഭൂമി കുലുങ്ങിയാലും അവൻ അറിയാറില്ല്യ .” കിച്ചു ഗൗതമിനെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു .

ഗൗതം അവനെ കൂർപ്പിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല്യ .
“‘അമ്മ ഇരിക്കുന്നില്ല്യേ ? ” ഗൗതം ചോദിച്ചു .

“അച്ഛൻ ഇന്ന് ലഞ്ച് കഴിക്കാൻ വരാമെന്നു പറഞ്ഞിട്ടുണ്ട് . അപ്പോൾ കഴിക്കാം .” സാവിത്രി പറഞ്ഞു .

“ഓഓഓ … അങ്ങനെ പറ .. അപ്പോൾ ലവ് ബേർഡ്സിനു ഒരുമിച്ചു കഴിക്കാനാണ് പ്ലാൻ .” കിച്ചു പറഞ്ഞു .

” ഒന്ന് പോടാ അവിടന്ന് ” സാവിത്രി ചിരിച്ചുകൊണ്ട് പറഞ്ഞു .
അവർ രണ്ടുപേരും കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു പോയി . ഗൗതം തലവേദനിക്കുന്നു എന്ന് പറഞ്ഞു വേഗം റൂമിലേക്ക് പോയി .

റൂമിൽ ചെന്ന് ക്യാമെറയിൽ നിന്ന് ആ വിശ്വാൽസ് ഒക്കെ ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്ത് ആ പെണ്കുട്ടിയുടെ വിശ്വാൽസ് മാത്രം ക്രോപ് ചെയ്ത് ഒരു പ്രൈവറ്റ് ഫോൾഡറിൽ സേവ് ചെയിതു വെച്ച് .

‘ഇത് പോലെ ഒരു മുഖം ഞാൻ ഇതിനു മുൻപ് എവിടെയോ കണ്ടിട്ടുണ്ട് പക്ഷെ എത്ര ആലോചിച്ചിട്ടും ഓർമ വരുന്നില്യ . വേണ്ട കൂടുതൽ ചിന്തിക്കണ്ട .’

അവൻ മനസ്സിൽ പറഞ്ഞു .അമ്പലത്തിന്റെ വിശ്വാൽസ് ഒക്കെ എഡിറ്റ് ചെയ്ത് ഒരു പെൻഡ്രൈവിൽ കോപ്പി ചെയിതു . അവൻ താഴേക്ക് ചെല്ലുമ്പോൾ കിച്ചു ടീവി കാണുകയാണ് .

അവനും അവിടെ ഇരുന്നു . അപ്പോഴാണ് കൃഷ്ണ പ്രസാദ് അങ്ങോട്ട് വന്നത് .
“അച്ഛൻ എപ്പോ വന്നു ?” ഗൗതം ചോദിച്ചു .

“കുറച്ചു നേരമായി . ലഞ്ച് കഴിക്കായിരുന്നു .അത് കഴിഞ്ഞു നിന്നെ വന്നു കാണണം എന്ന് വിചാരിച്ചതായിരുന്നു . തലവേദന കുറവുണ്ടോ കണ്ണാ ?” കൃഷ്ണൻ ചോദിച്ചു .

” ആ … അത് മാറി അച്ഛാ . അച്ഛൻ ഇനി ഓഫീസിലേക്ക് പോവുന്നുണ്ടോ ?” ഗൗതം ചോദിച്ചു .
” നീ എന്താ കണ്ണാ ചോദിക്കുന്നെ ഭാര്യയെ കാണാൻ ഓടി വന്നതാ പാവം . രണ്ടാളും കൂടെ ഇരുന്നു ഇപ്പൊ ലഞ്ച് ഒക്കെ കഴിഞ്ഞേ ഉള്ളു .

അവർക്ക് ഒറ്റക്ക് കഴിക്കാൻ വേണ്ടിയാ നമ്മൾക്ക് രണ്ടാൾക്കും നേരത്തെ തന്നത് .. ഇന്നിനി ഭാര്യയെ ഒറ്റക്കിട്ടു കൃഷ്ണൻ പോവും തോന്നുന്നില്യ ..” കിച്ചു പറഞ്ഞു .

” നിന്റെ നാക്ക് ഇത്തിരി കൂടുന്നുണ്ട് .” അതും പറഞ്ഞു കൊണ്ട് സാവിത്രി വന്നു കൃഷ്‌ണന്റെ അടുത്തിരുന്നു .

“ആ സഹധർമിണി എത്തിയല്ലോ .. ഇനി ഞങ്ങൾ ഇവിടന്നു ഒഴിഞ്ഞു തരണോ ആവോ …” കിച്ചു കളിയാക്കികൊണ്ട് ചോദിച്ചു .

“ഓ … വേണ്ടായേ .. ഞങ്ങൾക്ക് വേണ്ടപ്പോൾ ഞങ്ങൾ ഇവിടന്നു എണ്ണീറ്റു പോയിക്കോളാം . അല്ലേടി ഭാര്യേ ..” കൃഷ്ണൻ പറഞ്ഞു . സാവിത്രി അത് കേട്ട് ചിരിച്ചു .

“ഇവർക്കിതുവരെ പ്രേമിച്ചു മതിയായിട്ടില്യ കണ്ണാ . കെട്ടുപ്രായം ആയ രണ്ടു ആൺകുട്ട്യോളുള്ള വീടാണ് . ഇവരെ കണ്ടു പ്രേമിക്കാൻ കൊതിമൂത്തിട്ടാ ഒന്നിനെയെങ്കിലും വളക്കാൻ പോയത് ..

പറഞ്ഞിട്ടെന്താ കാര്യം ഞാൻ നോക്കുന്നിതിനെ ഒക്കെ വേറെ ആരേലും എനിക്ക് മുൻപ് കേറി വളക്കും .

തോൽവികൾ ഏറ്റു വാങ്ങാൻ ചന്തുവിന്റെ അല്ല കിച്ചുവിന്റെ ജീവിതം ഇനിയും ബാക്കി .” കിച്ചു പറയുന്നത് കേട്ട് ചിരിക്കുകയായിരുന്നു ബാക്കി മൂന്നുപേരും .

” അല്ല ഞാൻ ഇത് ആരോടാ പറയുന്നത് അല്ലെ .. അങ്ങേയ്ക്കു പിന്നെ പ്രേമവും വിവാഹവും ഒന്നും ഇല്ല്യാലോ . മുരടൻ . ഇവന്റെ ലുക്ക് ഒക്കെ എനിക്ക് തന്നിരുന്നേൽ ഞാൻ ഇപ്പൊ ഒന്നിനെ പ്രേമിച്ചു കെട്ടി .

അച്ഛനും അമ്മയ്ക്കും കളിപ്പിക്കാൻ ഒരു കുഞ്ഞിനെ കൊടുത്തേനെ . എന്ത് ചെയ്യാനാ അമ്മെ നിങ്ങൾ ഭാഗ്യം ചെയ്യാതെ പോയി .

സന്യാസം ആണോ കണ്ണാ നിന്റെ പ്ലാൻ ?!” കിച്ചു പറഞ്ഞതും ഗൗതം അവനെ തറപ്പിച്ചു ഒന്ന് നോക്കി . കിച്ചുവിന്റെ സംസാരം കേട്ട് ചിരിക്കുകയായിരുന്നു കൃഷ്ണനും സാവിത്രിയും .

“അല്ല കണ്ണാ നിനക്കു ഇപ്പഴും ഇതേ ചിന്താഗതി ആണോ . നിനക്കു ആരോടും അങനെ ഒന്നും തോന്നീട്ടില്ല്യേ . ഇനി ഞങ്ങളറിയാത്ത എന്തെങ്കിലും പ്രശ്നം ഉണ്ടോ ?” കൃഷ്ണൻ ചോദിച്ചു .

“അങ്ങനൊന്നും ഇല്ല അച്ഛാ . ഇതുവരെ അങ്ങിനെ തോന്നിയിട്ടില്യാ . തോന്നും എന്നും തോന്നുന്നില്യ . ജീവിതത്തിൽ കല്യാണം കഴിക്കണം എന്ന് എന്താ ഇത്ര നിർബന്ധം .

എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ആണ് ഇഷ്ട്ടം . എന്റെ യാത്രകളോടാണ് എനിക്ക് പ്രണയം .

കല്യാണം ഒക്കെ കഴിഞ്ഞാൽ പിന്നെ ഈ ഫ്രീഡം കിട്ടില്ല്യ .” ഇതൊക്കെ പറയുമ്പോഴും മനസിലേക്ക് വരുന്ന ആ പെണ്കുട്ടിയുടെ മുഖം അവൻ അവഗണിച്ചു .

“അങ്ങിനെ അല്ല മോനെ ജീവിതത്തിൽ ഒരു കൂട്ട് വേണം .എന്നാലേ …… ” സാവിത്രി എന്തോ പറയാൻ തുടങ്ങിയതും കൃഷ്ണൻ അവരെ തടഞ്ഞു .

“നീ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ട ഒന്നല്ല ഇത് . അവനു സ്വയം തോന്നണം . അല്ലാതെ നമ്മൾക്കു അടിച്ചേൽപ്പിക്കാൻ പറ്റുന്ന ഒരു കാര്യം അല്ല ഇത് .

അവന്റെ ജീവിതത്തിൽ അങ്ങിനെ കടന്നു വരേണ്ട ആൾ ഉണ്ടെങ്കിൽ അത് തീർച്ചയായും സംഭവിക്കും .”

കൃഷ്ണൻ പറഞ്ഞു നിർത്തിയതും ഗൗതം അച്ഛനെ നോക്കി പുഞ്ചിരിച്ചു . അപ്പോഴും അവന്റെ കണ്ണിൽ ആ മുഖം തെളിഞ്ഞു നിന്നു .

” ‘അമ്മ എന്തിനാ അവനെ ഉപദേശിച്ചു ടൈം കളയുന്നെ അമ്മക്കു നല്ലൊരു മരുമകളെ ഞാൻ കൊണ്ട് തരില്ലേ .

ഞാൻ നോക്കുന്ന ഏതേലും ഒന്ന് വളഞ്ഞു കിട്ടാൻ അമ്മയൊന്നു പ്രാർത്ഥിച്ചാൽ മതി .”

കിച്ചു പറഞ്ഞതും സാവിത്രി ചിരിച്ചുകൊണ്ട് അവന്റെ കയ്യിൽ കളിയായി അടിച്ചു .
“അമ്മയ്ക്കും അച്ഛനും ഒരു സർപ്രൈസ് ഉണ്ട് ”

ഗൗതം വേഗം വിഷയം മാറ്റാനായി പറഞ്ഞുകൊണ്ട് കയ്യിൽ ഇരുന്ന പെൻഡ്രൈവ് ടീവിയിൽ കണക്ട് ചെയിതു . അതിലെ വീഡിയോ പ്ലേ ചെയിതു .

കൃഷ്ണനും സാവിത്രിയും മുഖത്തോട് മുഖം നോക്കി .

രണ്ടുപേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ആ അമ്പലമുറ്റവും ചുറ്റുപാടും കാണുമ്പോൾ . അവർ രണ്ടുപേരും തങ്ങളുടെ പഴയ ഓർമകളിലേക്ക് പോയി .


“എന്ത് ചെയ്യാനാ കിച്ചു അച്ഛൻ ഒരുപാട് അന്വേക്ഷിച്ചതല്ലേ .കണ്ടുപിടിക്കാൻ പറ്റിയില്ല്യാലോ .വിധി അങ്ങിനെ ആണ് .നമ്മള് വിചാരിക്കുന്നതല്ലലോ നടക്കുന്നത് .” ഗൗതം പറഞ്ഞു .

ദിവസങ്ങളും ആഴ്ചകളും കടന്നു പോയി . ഇടക്കിടക്ക് മനസിലേക്ക് വരുന്ന ആ മുഖം മറക്കാൻ ഗൗതം സ്വയം ശ്രമിച്ചു കൊണ്ടിരുന്നു .മിക്കവാറും സമയം അവൻ ഓഫീസ് കാര്യങ്ങളിൽ മുഴുകി .

കൃഷ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസ് നു ഒരുപാട് ബിസിനസ് ഉണ്ടായിരുന്നു കോഴിക്കോട് . ടെക്‌സ്‌റ്റൈൽസ് ,ജ്വല്ലറി ,കൺസ്ട്രക്ഷൻ കമ്പനി അങ്ങിനെ ചിലത് .കൃഷ്ണൻ ഒരുപാട് അധ്വാനിച്ചു കെട്ടിപ്പടുത്തതാണ് ഇതൊക്കെ .

അവരുടെ ടെക്‌സ്‌റ്റൈൽസ് ഷോപ്പിൽ കൃഷ്ണ പ്രസാദിന്റെ ക്യാബിനിൽ ഇരിക്കുകയായിരുന്നു സാവിത്രി .

കൃഷ്ണൻ എന്തോ ഫയൽ നോക്കുന്ന തിരക്കിൽ ആയിരുന്നു . ചുമ്മാ സിസിടിവി സ്ക്രീനിലേക്ക് നോക്കി ഇരുന്നപ്പോൾ ആണ് രണ്ടാം നിലയിൽ നിൽക്കുന്ന ഒരു പെണ്കുട്ടിയെ സാവിത്രി ശ്രദ്ധിച്ചത് .

എന്തോ ഒരു ഉൾപ്രേരണയിൽ സാവിത്രി ഇറങ്ങി അങ്ങോട്ട് പോയി .

അവിടെ സൽവാർ കമ്മീസ് സെക്ഷനിൽ നിൽക്കുന്ന ആ പെണ്കുട്ടിയെ ഒന്ന് ദൂരെ നിന്നു നോക്കി .

ബ്ലൂ ജീനും ബ്ലാക്ക് ഷർട്ടും ആണ് വേഷം .ഷർട്ട് ഇൻ ചെയിതിട്ടുണ്ട് .മുടി പോണീ ടൈൽ കെട്ടി വെച്ചിരിക്കുന്നു .

‘ജാനകി ..ജാനകിയെ പോലെ തന്നെ .. വേഷത്തിൽ മാത്രമാണ് മാറ്റം . ജാനകി അല്ലെന്ന് ആരും പറയില്ല്യ .’ സാവിത്രി മനസ്സിൽ ഓർത്തു .

“ഗുഡ് ഈവെനിംഗ് മാഡം ” സെയിൽസ് ഗേൾ പറയുന്നത് കേട്ടാണ് ആ പെണ്കുട്ടി സാവിത്രിയെ നോക്കിയത് .സാവിത്രിയും സെയിൽസ് ഗേൾ നെ തിരിച്ചു വിഷ് ചെയിതു .

ആ പെൺക്കുട്ടി സാവിത്രിയെ നോക്കി ഒന്ന് ചിരിച്ചു . സാവിത്രി അവളുടെ അടുത്തേക്ക് ചെന്ന് .

“മോൾക്ക് ജാനകി എന്ന ഒരാളെ അറിയാമോ ?” സാവിത്രി ചോദിച്ചു .

“എന്റെ അമ്മയുടെ പേര് ജാനകി എന്നാണ് .ജാനകി രാമചന്ദ്രൻ ” അവൾ അവരെ ഒന്ന് സംശയത്തോടെ നോക്കികൊണ്ട് പറഞ്ഞു .

“പാലക്കാടാണോ സ്വദേശം അച്ഛന്റെയും അമ്മയുടെയും ” സാവിത്രി ആകാംഷയോടെ ചോദിച്ചു .
“അതെ . കിഴക്കേടത്തു തറവാടുന്നു കേട്ടിട്ടുണ്ടോ അച്ഛന്റെ തറവാടാണ് . ” അവൾ പറഞ്ഞു .
സാവിത്രി ചിരിക്കുകയായാണോ കരയുകയാണോന്ന് അറിയാത്ത ഒരു ഭാവത്തിലായിരുന്നു .

“മോളെന്റെ കൂടെ ഒന്ന് വരൂ ” അതും പറഞ്ഞു അവളുടെ കയ്യും പിടിച്ചു സാവിത്രി കൃഷ്ണന്റെ ക്യാബിനിലേക്ക് നടന്നു .

ക്യാബിനിലേക്ക് കയറി വരുന്ന സാവിത്രിയേയും ആ പെൺകുട്ടിയെയും കണ്ടതും കൃഷ്ണനും ഒന്ന് ഞെട്ടി .
“കൃഷ്ണേട്ടാ ..എന്റെ ജാനകിയുടെ മോളാണ് ”

കൃഷ്ണന്റെ മുന്നിൽ കൊണ്ട് വന്നു അവളെ നിർത്തിക്കൊണ്ട് സാവിത്രി പറഞ്ഞു .
കൃഷ്ണന്റെ കണ്ണ് നിറഞ്ഞു അദ്ദഹത്തിനു ഒന്നും കാണാൻ പറ്റുന്നില്ലായിരുന്നു .

അവൾ അയാളുടെ ടേബിളിന്റെ മുന്നിലുള്ള നെയിം ബോർഡിലേക്ക് ഒന്ന് നോക്കി ‘സ്.ആർ .കൃഷ്ണ പ്രസാദ് . ‘ .

പെട്ടന്ന് അവളിലും അതൊരു ഞെട്ടൽ ഉണ്ടാക്കി .
“കൃഷ്ണനച്ചനും സാവിത്രിയമ്മയും ???!!” അവൾ ചോദിച്ചു .

സാവിത്രിക്ക് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്യ .അവര് കരഞ്ഞുകൊണ്ട് അവളെ കെട്ടിപിടിച്ചു .

അവളും കരഞ്ഞു പോയിരുന്നു ആ സ്നേഹത്തിനു മുന്നിൽ . കുറച്ചു സമയത്തിന് ശേഷം ആണ് സാവിത്രി കരച്ചിൽ നിർത്തിയത് . കൃഷ്ണനും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു .

“മോളുടെ പേരെന്താ ” കൃഷ്ണൻ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു .

“പ്രിയദർശിനി രാമചന്ദ്രൻ . ദേവു എന്നാ വിളിക്ക്യാ ” അവള് പറഞ്ഞു .

“മോള് വരാവോ ഞങ്ങളുടെ വീട്ടിലേക്ക് .ബാക്കി ഒക്കെ അവിടെ ചെന്ന് സംസാരിക്കാം സാവിത്രി .”

സാവിത്രി എന്തോ പറയാൻ തുടങ്ങിയതും കൃഷ്ണൻ ഇടയ്ക്കുകയറി പറഞ്ഞു .
സാവിത്രിയുടെ കൈകൾ പ്രിയയെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു .

പാർക്കിംഗിൽ നിന്നു കൃഷ്ണൻ കാർ എടുക്കാൻ പോയപ്പോൾ ആണ് പ്രിയ അവളുടെ വണ്ടി ഇവടെ ഉണ്ട് അതെടുത്തു പിറകെ വരാമെന്നു പറഞ്ഞത് . അവൾ പോയി അവളുടെ വണ്ടിയെടുത്തു വന്നു . അവര് വീട്ടിലേക്ക് പോയി .

വീട്ടിൽ എത്തിയതും പ്രിയയുടെ കൈ പിടിച്ചു സാവിത്രി അകത്തേക്ക് കയറി . കിച്ചുവും കണ്ണനും പുറത്തു പോയി വന്നപ്പോൾ ആണ് .

ഒരു റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്ക് അവിടെ കിടക്കുന്നത് കണ്ടത് .

ഗൗതം ആ ബൈക്ക് കണ്ട് തരിച്ചു നിന്ന് പോയി .അകത്തേക്ക് ഗൗതം തിടുക്കത്തിൽ കയറി ചെന്നതും .

ലിവിങ് റൂമിൽ അമ്മയുടെ കയ്യിൽ പിടിച്ചിരിക്കുന്ന പ്രിയയെ കണ്ടതും ഞെട്ടി നിന്നു ..

തുടരും

പ്രിയനുരാഗം – ഭാഗം 1