Saturday, January 18, 2025
LATEST NEWSSPORTS

വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്കു രണ്ടാം ജയം

ധാംബുള്ള: ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് അഞ്ച് വിക്കറ്റിന്റെ ജയം. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ബാറ്റിങ്ങിൽ പുറത്താകാതെ 31 റൺസും ബൗളിംഗിൽ 12 റൺസും മാത്രം വഴങ്ങി ഒരു വിക്കറ്റും നേടിയ ഹർമനെ പ്ലെയർ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുത്തു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. മൂന്നാം ടി20 മത്സരം നാളെ നടക്കും.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ഓപ്പണർമാരായ വിഷ്മി ഗുണരത്നെയും (45) ചമാരി അത്തപതുവും (43) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ വിക്കറ്റ് നഷ്ടമില്ലാതെ 87 റൺസിൽ നിന്ന ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ 7 വിക്കറ്റിന് 125 റൺസെന്ന നിലയിലേക്ക് ചുരുക്കി. ഹർമൻപ്രീതാണ് വിശ്മിയുടെ നിർണായക വിക്കറ്റ് വീഴ്ത്തിയത്. ദീപ്തി ശർമ്മ 2 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്മൃതി മന്ദാന (34 പന്തിൽ 39) മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്.