Monday, November 25, 2024
Covid-19HEALTHKeralaLATEST NEWS

ന്യൂമോണിയ ലക്ഷണങ്ങളുള്ള എല്ലാവരിലും കോവിഡ് സ്രവ പരിശോധന നടത്തും

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ന്യൂമോണിയ ലക്ഷണങ്ങളുള്ള എല്ലാവരിലും കോവിഡ് സ്രവ പരിശോധന നടത്തും. പനിയും ജലദോഷവും ബാധിച്ചവരിൽ രണ്ടുമുതല്‍ അഞ്ചുശതമാനംവരെ പേർക്ക് കോവിഡ്-19 പരിശോധന നടത്തണം. അതത് ജില്ലകളിലെ സാഹചര്യം അനുസരിച്ച് പരിശോധന നടത്തേണ്ട ആളുകളുടെ ശതമാനം തീരുമാനിക്കാം. എന്നിരുന്നാലും, ഇത് 2 ശതമാനത്തിൽ കുറയാൻ പാടില്ല.

സ്വാബ് ടെസ്റ്റിൽ കോവിഡ്-19 പോസിറ്റീവ് ആയവർ, കടുത്ത രോഗലക്ഷണങ്ങളുള്ളവർ, വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർ എന്നിവരുടെ സാമ്പിളുകൾ ജനിതക സീക്വൻസിംഗ് പരിശോധനയ്ക്ക് അയയ്ക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വാക്സിനേഷൻ ഊർജ്ജിതമാക്കിയതായും അറിയിച്ചിട്ടുണ്ട്. 60 വയസിന് മുകളിലുള്ള എല്ലാവർക്കും ഉടൻ ബൂസ്റ്റർ ഡോസ് നൽകും.

ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം സ്കൂളുകൾ സന്ദർശിക്കുകയും 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുകയും ചെയ്യും. സ്കൂളിന് സമീപം വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് കുട്ടികളെ അവിടെ എത്തിക്കാനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ഇത് സ്ഥാപിക്കുക. ജില്ലകളിൽ ഇത് ആസൂത്രണം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.