Thursday, November 21, 2024
Novel

നവമി : ഭാഗം 2

എഴുത്തുകാരി: വാസുകി വസു


നവിയുടെ കണ്ണുകൾ ചെന്നു നിന്നത് വേറെ ഒരാളിലാണ്.അയാൾക്ക് നേരെ വിരൽ ചൂണ്ടി. ചേച്ചിയൊന്ന് ഞെട്ടുന്നത് കണ്ടു നവി ഉള്ളിലൊന്ന് ചിരിച്ചു..

‘ധനേഷ്.. ചേച്ചിയുടെ ലൈൻ.അവൾക്ക് മാത്രമേ ബുദ്ധിയുള്ളൂ തനിക്ക് അവളുടെ രഹസ്യങ്ങൾ അറിയില്ലെന്നാണു മണ്ടൂസിന്റെ വിചാരം.’

‘പക അത് വീട്ടാനുളളതാണ്.ആരായാലും’ ”

ചേച്ചി നീതി പല്ലുകൾ കൂട്ടി ഞെരിക്കുന്നത് കണ്ടിട്ടും നവിക്കൊരു കുലുക്കവും ഇല്ലായിരുന്നു.

‘ഇങ്ങോട്ടില്ലെങ്കിൽ അങ്ങോട്ടുമില്ല’ അതേ നയമാണ് സ്വീകരിച്ചത്.

അമ്മ രാധക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.രണ്ടുമക്കളും ഒരുപോലെയാണ് അമ്മമാർക്ക്.പക്ഷേ എന്തെന്ന് അറിയില്ല കടിഞ്ഞൂൽ കണ്മണിയോട് കുറച്ചു ഇഷ്ടം കൂടുതലാണ്. അതാണ് അവളുടെ താളത്തിന് തുള്ളുന്നതും.

എന്നാൽ ഇതൊട്ടും ക്ഷമിക്കാൻ കഴിയില്ല.കൈ നിവർത്തി മൂത്തമകളുടെ കരണത്തൊന്ന് തീർത്തു കൊടുത്തു.

അടി കിട്ടിയ ഭാഗത്ത് അറിയാതെ നീതി കൈവെച്ചു.കണ്ണുകൾ നിറഞ്ഞു. കവിൾത്തടമാകെ നീറി.

വിവാഹം കൂടാനെത്തിയവർ പരസ്പരം പിറുപിറുത്ത് തുടങ്ങി. നവിയുടെ ചുണ്ടുകളിലൊരു മന്ദഹാസം പൂവിട്ടു.

ധനേഷിന് അരികിലേക്ക് നീങ്ങുന്ന അച്ഛനു മുമ്പിലേക്ക് കയറി നിന്നു.അവളുടെ ലക്ഷ്യം എന്താണെന്ന് അച്ഛൻ രമണന് മനസ്സിലായില്ല.

‘വേണ്ടച്ഛാ..ചിലപ്പോൾ അയാൾക്ക് സമ്മതമല്ലെങ്കിൽ ഇപ്പോൾ ഉണ്ടായതിലും ഇരട്ടി നാണക്കേട് ഉണ്ടാകും.കല്യാണം മുടങ്ങിയത് നന്നായെന്ന് കരുതിയാൽ മതി.

വിവാഹം കഴിഞ്ഞാണ് സത്യം അറിയുന്നതെങ്കിൽ അച്ഛനൊന്ന് ആലോചിച്ചു നോക്കൂ ഇതിലും കൂടുതൽ സങ്കടമായേനേ’

മകളുടെ മനസ്സിലിരുപ്പ് എന്താണെന്ന് ആ പിതാവിന് മനസിലായില്ലെങ്കിലും അവൾ പറഞ്ഞതിലെ പൊരുൾ അദ്ദേഹത്തിന് പിടികിട്ടി.

‘വിവാഹം മുടങ്ങിയതിൽ അച്ഛന് സങ്കടമില്ല.മോൾക്ക് ഇതിലും നല്ലൊരു പയ്യനെ കിട്ടും.എനിക്ക് വലിയ നാണക്കേടായിട്ട് തോന്നുന്നില്ല. കല്യാണസദ്യക്ക് ഒരുക്കിയ വിഭവങ്ങൾ നഷ്ടപ്പെടുന്നത് വേദനയാണ്’

കൃഷിക്കാരനായ രമണന് ആഹാരം പാഴാക്കി കളയുന്നത് ഇഷ്ടമല്ല.വീട്ടിലാ കാര്യത്തിൽ കണിശക്കാരനാണ്.

ഏതെങ്കിലും രീതിയിൽ ആഹാരസാധനങ്ങൾ മിച്ചം വന്നാൽ പരന്ന പാത്രങ്ങളിലാക്കി മുറ്റത്ത് വെച്ചേക്കും.

പട്ടിയോ പൂച്ചയോ പക്ഷികളോ അതൊക്കെ കഴിച്ചോളും.കൂടുതൽ വന്നാൽ പൊതികളാക്കി രാത്രിയിൽ തെരുവുകളിലേക്ക് ഇറങ്ങും.വിശന്ന് വലഞ്ഞ് ഇരിക്കുന്നവരെ കണ്ടെത്തി അർഹതപ്പെട്ടവരെ ഏൽപ്പിക്കും.

ഇളയമകൾ ബോൾഡാണ്.എല്ലാത്തിനും സ്വന്തം അഭിപ്രായം ഉണ്ട്. വീട്ടുകാരുടെ കണ്ണുനീരിനു മുമ്പിൽ മാത്രമേ നവി തോൽക്കാറുള്ളൂ.

അങ്ങനെയാണ് അമ്മയുടെയും ചേച്ചിയുടെയും മിഴിനീരിനു മുമ്പിൽ സ്വമേധയാ കീഴടങ്ങിയത്.അച്ഛൻ ഇതെല്ലാം അറിഞ്ഞാൽ രണ്ടു പേരെയും ശരിയാക്കുമെന്ന് അറിയാം.

‘എന്നാലും തിരിച്ച് ഇങ്ങോട്ട് തരുന്നതിന്റെ നൂറ് ഇരട്ടിയായി അങ്ങോട്ട് കൊടുക്കുന്ന തി ന്റെ സുഖമൊന്ന് വേറെയാണ്’

‘നമ്മളിതൊക്കെ എന്ത് ചെയ്യുമെന്നാണ് നീ പറയുന്നത്’ പിതാവിന്റെ സങ്കടം നവിക്ക് മനസിലായി.

‘അച്ഛൻ സങ്കടപ്പെടാതെ വഴിയുണ്ട്’ മെല്ലെ അവൾ പുഞ്ചിരിച്ചു. അനിയത്തിയുടെ അടുത്ത നീക്കം എന്തെന്ന് അറിയാതെ അമ്പരന്ന് നിൽക്കുകയാണ് നീതിയും അമ്മ രാധയും.

എല്ലാം രമണൻ മനസിലാക്കിയാലുളളത് ഓർത്ത് അവരൊന്ന് നടുങ്ങി.

അച്ഛനോട് നവി ചെവിയിലെന്തക്കയോ മന്ത്രിച്ചു.അയാളുടെ മുഖമൊന്ന് തെളിഞ്ഞു.സദസ്സിനു മുമ്പിലേക്ക് നീങ്ങി നിന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു.

“എന്തായാലും അരുതാത്തത് സംഭവിച്ചു. എന്റെ മകളുടെ വിവാഹം മുടങ്ങി.നല്ല വിഷമം ഉണ്ട്. എങ്കിലും മറ്റൊരു പെൺകുട്ടിയെ കണ്ണീരിലാഴ്ത്തി നവിക്ക് ഈ വിവാഹം വേണ്ടാ.

ഈ പെൺകുട്ടിയെ നവവരൻ തന്നെ വിവാഹം കഴിക്കട്ടെ.ചെയ്ത തെറ്റിനു പ്രായ്ശ്ചിത്തം കൂടിയാകട്ടെ”

എല്ലാവരും പരസ്പരം നോക്കി പിറുപിറുത്തു. പിന്നെയൊന്നടങ്കം അവർ കയ്യടിച്ചു.

“അതേ..ഇതാണ്‌ ശരിയായ തീരുമാനം”

പക്ഷേ വരനും വീട്ടുകാർക്കും എതിർപ്പായിരുന്നു.അവരൊന്നിനും സമ്മതിച്ചില്ല.

“എന്റെ മകന്റെ ജീവിതം നിങ്ങളല്ല തീരുമാനിക്കുന്നത്.ഞങ്ങളാണ് അവന്റെ അച്ഛനും അമ്മയും” അയാളുടെ മാതാപിതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു.

“ശരി നിങ്ങളുടെ തീരുമാനം അങ്ങനെയാണെങ്കിൽ പോലീസും മീഡിയയും വരട്ടെ.അവർ തീരുമാനിക്കും കാര്യങ്ങൾ. നിങ്ങളുടെ മകൻ സെൻസേഷണലുമാകും” ഉറച്ച സ്വരമായിരുന്നു നവിയുടേത്.

അന്തരീക്ഷം വീണ്ടും കലുഷിതമായി.എന്ത് വേണമെങ്കിലും സംഭവിക്കാം.ശ്വാസം അടക്കിപ്പിടിച്ചാണ് എല്ലാവരുടെയും നിൽപ്പ്.

പോലീസും മീഡിയയയും എത്തുന്നതും ഹോട്ട് ന്യൂസ് ആയിട്ട് മകൻ മാറുന്നതും അവരുടെ മനസിലൂടെ കടന്നുപോയി.ഗത്യന്തരമില്ലാതെ ഒടുവിൽ സമ്മതിക്കേണ്ടി വന്നു.

“തന്നെ സ്നേഹിച്ചവൾ നിനക്ക് മുമ്പിൽ കീഴടങ്ങിയത് അവളുടെ കഴിവ് കേടായി കാണരുത്.നിന്നിൽ അർപ്പിച്ച വിശ്വാസമാകാം‌.അല്ലെങ്കിൽ നീ നഷ്ടപ്പെടുമെന്ന ഭയത്തിലാകും വഴങ്ങി തരുന്നത്.ഇവൾ ചെയ്തത് തെറ്റാണ്.

ന്യായീകരിക്കുകയല്ല.എന്നു കരുതി എല്ലാവരും ഒരുപോലെ അല്ല.എത്രയൊക്കെ പറഞ്ഞാലും കണ്ടാലും ചിലരുണ്ട് ആത്മാർത്ഥമായി സ്നേഹിക്കുന്നവർ.

വിദ്യാഭ്യാസമുണ്ടായാലും തന്റെ പ്രിയപ്പെട്ടവൻ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കുന്ന കാമുകിമാർ.അവരെ മനസിലാക്കാതെ പോകരുത്”

(ന്യായീകരണമല്ല തെറ്റ് തെറ്റ് തന്നെയാണ്.ഇപ്പോഴും ചിലർ ഇങ്ങനെയാണ് പ്രണയമെന്നാൽ വഴങ്ങി കൊടുത്താൽ മാത്രം കിട്ടുന്നതാണെന്ന്.അവരെയൊന്ന് ഓർമിപ്പിച്ചൂന്ന് മാത്രം)

നവിയുടെ വാക്കുകൾക്ക് മുമ്പിൽ വരന്റെയും വീട്ടുകാരുടെയും തല കുനിഞ്ഞു.

“അച്ഛാ ഞാനിനി ഈ വേഷത്തിൽ നിൽക്കുന്നതിൽ അർത്ഥമില്ല. വേഷം മാറിയട്ട് ഉടനെ വരാം. അച്ഛൻ ഇവരുടെ വിവാഹത്തിനുളള ഏർപ്പാടുകൾ ചെയ്യൂ’

ഇത്രയും പറഞ്ഞിട്ട് നവി നടന്നു നീങ്ങി.ഒളികണ്ണിട്ട് അമ്മയെയും ചേച്ചിയെയും നോക്കാനും അവൾ മറന്നില്ല.എല്ലാവർക്കും മുമ്പിൽ അമ്മ ചേച്ചിയെ തല്ലിയത് വെറുമൊരു പ്രഹസനം മാത്രമാണ്. ഒരുപക്ഷേ അച്ഛനോട് താനെല്ലാം അറിയിച്ചാൽ നീതിയെ സംരക്ഷിക്കാനുളള അമ്മയുടെ അടവ് മനസിലാകാതിരുന്നില്ല.

” കുറെ വർഷം ആയി അമ്മയെ കാണാൻ തുടങ്ങിയട്ട്.ഇന്നും ഇന്നലെയും അല്ലെന്നൊരു ധ്വനി നവിയുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അത് രാധക്ക് മനസിലായതോടെ അവർ തലകുനിച്ചു.

മുറിയിലേക്ക് ഓടിക്കയറിയ നവി ദീർഘമായി ശ്വാസം വലിച്ചു വിട്ടു.മുറിയുടെ കതക് ലോക്ക് ചെയ്തിട്ടുണ്ട് പൊട്ടിച്ചിരിച്ചു.

ഇത്രയും നേരം ശ്വാസം കഴിക്കാൻ പോലും മറന്നിരുന്നു.കൂട്ടുകാരി സിദ്ധ സമയത്ത് എത്തിയില്ലായിരുന്നു എങ്കിൽ വരൻ ജിത്തിന്റെ താലി ഇപ്പോൾ എന്റെ കഴുത്തിൽ വീണേനെ.ഒടുവിൽ പൊട്ടിച്ചെറിയാൻ കഴിയാത്ത വിധത്തിൽ ആ കുരുക്ക് മുറുകിയേനേ.

ഡിഗ്രി ക്ലാസുകളിൽ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു സിദ്ധ.എന്തിനും ഏതിനും കൂടെ നിൽക്കുന്ന കട്ട ചങ്ക്.പിജിക്ക് രണ്ടിടത്താണ് അഡ്മിഷൻ ലഭിച്ചതെങ്കിലും സൗഹൃദത്തിന് അതൊന്നും തടസമായിരുന്നില്ല.

വിവാഹ ആലോചന വന്നതും അമ്മയുടെയും ചേച്ചിയുടെയും ചതിയെപ്പറ്റി സൂചിപ്പിച്ചപ്പോഴും സിദ്ധക്ക് ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളു.

“അവരെങ്ങനെയൊക്കെ പെരുമാറിയാലും രക്തബന്ധം അല്ലാതാകില്ലല്ലോ” സിദ്ധക്ക് തന്റെ മനസ്സ് അറിയാം..നവി നെടുവീർപ്പെട്ടു.

പിന്നീട് വിവാഹം ക്ഷണിക്കാനായി വീട്ടിൽ ചെല്ലുമ്പോൾ സിദ്ധ ഗ്ലൂമി ആയിട്ട് ഇരിക്കുന്നത് ശ്രദ്ധിച്ചത്.സാധാരണ അങ്ങനെയല്ല വാതോരാതെ സംസാരിക്കുന്ന ആളാണ്.

“എന്ത് പറ്റിയെ ഡാ” നവി സിദ്ധയോട് ചോദിച്ചു. അപ്പോഴാണ് കൂട്ടുകാരി മിഴിക്ക് പറ്റിയ അബദ്ധം അറിയുന്നത്.

ആൾക്കൊരു ലൈൻ ഉണ്ട്. ഇരുവരും കട്ട പ്രണയത്തിലാണ്.ഇടക്കൊന്ന് രണ്ടും കൂടി ടൂറിനു പോയി.അവിടെ ഒരു റൂം എടുത്ത് താമസിച്ചു.

ഒടുക്കം സംഭവിക്കാൻ പാടില്ലാത്തത് നടന്നു.ഇപ്പോൾ ഫോൺ വിളിച്ചട്ടു കൂടി ആളെടുക്കുന്നില്ല.അവളാണെങ്കിൽ ആത്മഹത്യാ വക്കിലും ആണ്.

കേട്ടപ്പോൾ നവിക്ക് സങ്കടം തോന്നി.ഒരിക്കൽ സിദ്ധ നവിക്ക് മിഴിയെ പരിചയപ്പെടുത്തിയിരുന്നു.നല്ല സ്മാർട്ടാണ് ആൾ.

“എന്റെ ടെൻഷൻ പറഞ്ഞു നിന്നെ ബോറാക്കി.സാരമില്ല നിന്റെ വിശേഷങ്ങൾ പറയ്”

“ഓ..ഞാനാ കൊലക്കത്തി വാങ്ങി കഴുത്തിൽ വെച്ചു” ചിരിയോടെ നവി പറഞ്ഞു.

“സാരമില്ലെ ഡാ .നിന്റെ മനസ്സിന്റെ നന്മ അവരൊക്കെ മനസ്സിലാക്കുന്ന സമയം വരും.അതൊക്കെ പോട്ടേ ചെക്കന്റെ പോട്ടം കാണിക്ക്.പൊളിയാണോന്ന് അറിയട്ടെ”

മൊബൈലിൽ സേവ് ചെയ്ത പിക് സിദ്ധയെ കാണിച്ചു. അവളുടെ മുഖത്തിന്റെ ഭാവം മാറുന്നത് നവി ശ്രദ്ധിച്ചു.

“എന്ത് പറ്റി സിദ്ധാ”

“ഡീ ഇതവാനാണ് മിഴിയെ കബളിപ്പിച്ച് മുങ്ങിയ കളളക്കാമുകൻ”

“ഓ..അങ്ങനെ വരട്ടെ.പണിയുണ്ട്”

നവി ഞെട്ടൽ പുറത്ത് കാണിച്ചില്ല.രണ്ടു പേരും കൂടി ആലോചിച്ചു തീരുമാനം എടുത്തു. വിവാഹദിവസം മിഴിയെ അവിടെ എത്തിക്കുക.

ശേഷം എന്തുകൂടി വേണമെന്ന് അവർക്ക് അറിയാമായിരുന്നു. ഇരുവരും പദ്ധതികൾ രഹസ്യമായി സൂക്ഷിച്ചു. പറഞ്ഞതുപോലെ കല്യാണ ദിവസം മിഴിയെ സിദ്ധ എത്തിച്ചു.

ചിരി അവസാനിച്ചതും ശരീരത്തിൽ ഭാരമായി കിടന്നതൊക്കെ അഴിച്ചു മാറ്റി ഭ്രദ്രമായി വെച്ചു.എന്നിട്ട് ഒരുബ്ലൂ കളർ ജീൻസും വൈറ്റ് കൂർത്തയും അണിഞ്ഞ് അവൾ മണ്ഡപത്തിൽ എത്തി.

തന്റെ നവവരൻ മനസ്സില്ലാ മനസോടെ മിഴിയെ വിവാഹം കഴിക്കുന്നത് ആസ്വദിച്ച് കണ്ടു.അരികിൽ നിന്ന സിദ്ധ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു. മിഴികൾ അറിയാതെ നിറഞ്ഞു.ആനന്ദക്കണ്ണുനീർ രണ്ടു തുള്ളി മിഴിത്തടത്തിലൂടെ ഒഴുകി താഴേക്കിറ്റു വീണു.

വിവാഹസദ്യയൊക്കെ കഴിഞ്ഞു ചെറുക്കൻ കൂട്ടർ യാത്രയായി.അവരൊന്നും സദ്യ കഴിച്ചിരുന്നില്ല.

തങ്ങളെ നോക്കി പകയോടെ പല്ല് ഞെരിച്ച അഭിയെ പുഞ്ചിരിയോടെ നവിയും സിദ്ധയും നേരിട്ടു.

മിച്ചം വന്ന സദ്യ പാഴ്സലാക്കി അനാഥാലയത്തിലും തെരുവോരങ്ങളിലും എത്തിക്കാൻ രമണൻ ഏർപ്പാടുകൾ ചെയ്തു. എല്ലാം നവിയുടെ ബുദ്ധി ആയിരുന്നു.

എല്ലാവരും പിരിഞ്ഞു കഴിഞ്ഞതോടെ ചിലർ സഹതാപത്തിന്റെ കണ്ണുകളുമായെത്തി.അവരെയൊക്കെ നല്ല മറുപടിയും കൊടുത്തു രമണൻ യാത്രയാക്കി.

“എന്റെ മക്കൾ വിവാഹപ്രായം കഴിഞ്ഞു നിൽക്കുവല്ലാ” അങ്ങനെ ഒറ്റയൊരു മറുപടി മാത്രം മതിയായിരുന്നു സഹതിപിക്കാൻ വന്നവർ സ്ഥലം വിടാനായിട്ട്”

അച്ഛൻ മകളെ ചേർത്തു നിർത്തി അനുഗ്രഹിച്ചു.

“നിന്നെപ്പോലൊരു മകൾ ഏതൊരു അച്ഛനും അഭിമാനമാണ്”

“അച്ഛൻ തന്നെയാണ് എന്റെ അഭിമാനം” നവിയത് തിരുത്തി.എല്ലാം കണ്ടും കേട്ടും അമ്മയും ചേച്ചിയും നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു.മെല്ലെ അവരുടെ അടുത്തേക്ക് നടന്നെത്തി ശബ്ദം പതിയെ താഴ്ത്തി.

“ധനേഷ് നെ നിനക്കൊരിക്കലും കിട്ടില്ല ചേച്ചി.ഇപ്പോൾ തുടങ്ങിയതൊരു സ്റ്റാർട്ടിംഗ് മാത്രം. ചേച്ചി മനസിലാക്കാതെ പോയയൊരു കാര്യമുണ്ട്”

എന്തെന്ന ഭാവത്തിൽ നീതി പകച്ചു നോക്കി നിന്നു.

“ഞാനും ചേച്ചിയുടെ അനിയത്തി ആണെന്ന്. വാശിയുടെ കാര്യത്തിൽ നവിയും ഒട്ടും പിന്നിലല്ലെന്ന്”

ചേച്ചിയുടെ കണ്ണുകളിൽ ഭയം ഓളം വെട്ടുന്നത് കണ്ടു നവിയുടെ ചുണ്ടിലൊരു പുഞ്ചിരിയൂറി…

തുടരും….

നവമി : ഭാഗം 1