Sunday, December 22, 2024
Uncategorized

ഫോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയ നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്

നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ച ഗുജറാത്തിലെ സനന്തിലുള്ള നിര്‍മാണ കേന്ദ്രം ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇതിൻറെ ഭാഗമായി ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിൻറെ ഉപസ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും, ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. ധാരണാപത്രം അനുസരിച്ച് ഭൂമി, കെട്ടിടങ്ങൾ, വാഹന നിർമ്മാണ പ്ലാൻറ്, യന്ത്രങ്ങൾ, ഉപകരണങ്ങൾ, ജീവനക്കാർ എന്നിവയെല്ലാം ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഏറ്റെടുക്കും. ഈ ധാരണാപത്രത്തെ തുടർ ന്ന് ടിപിഇഎംഎല്ലും എഫ്ഐപിഎല്ലും തമ്മിലുള്ള ഇടപാട് കരാറുകൾ അടുത്ത ഏതാനും ആഴ്ചകൾ ക്കുള്ളിൽ ഒപ്പിടും. എന്നിരുന്നാലും, ടിപിഇഎംഎൽ പവർട്രെയിൻ യൂണിറ്റിൻറെ ഭൂമിയും കെട്ടിടങ്ങളും പാട്ടത്തിനെടുത്ത് ഫോർഡ് ഇന്ത്യ അതിൻറെ പവർട്രെയിൻ നിർമ്മാണ സൗകര്യങ്ങൾ പ്രവർത്തിപ്പിക്കും. അതേസമയം, പ്ലാൻറ് ഏറ്റെടുക്കുന്നതോടെ ടാറ്റ പാസഞ്ചർ ഇലക്ട്രിക് വെഹിക്കിൾ പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാൻറിൻറെ ഉൽപാദന ശേഷി 300,000 യൂണിറ്റായി ഉയർത്താനും ഫോർഡ് പദ്ധതിയിടുന്നു. ഈ വർഷം ഏപ്രിൽ മുതൽ സാനന്ദിലെ പ്ലാൻറിൽ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. വൻകിട പദ്ധതികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും പരിഹരിക്കാൻ 2018 ൽ സർക്കാർ സംസ്ഥാനത്ത് ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിക്ക് മുമ്പാകെയാണ് ടാറ്റ മോട്ടോഴ്സും ഫോർഡും പ്ലാൻറ് കൈമാറാൻ അനുമതി തേടി അപേക്ഷ നൽകിയത്. ഗുജറാത്ത് സർക്കാരിൻറെ അനുമതി ആദ്യ ഘട്ടം മാത്രമാണ്. പ്ലാൻറ് മുന്നോട്ട് കൊണ്ടുപോകാൻ ഇരു കമ്പനികളും ഇപ്പോൾ വിശദമായ ചർച്ചകൾ നടത്തേണ്ടതുണ്ട്.