Thursday, January 23, 2025
LATEST NEWS

സൊമാറ്റോ ഏജന്‍റുമാരുടെ സമരം വിജയം ; ഇന്‍സെന്റീവും കമ്മീഷനും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വെട്ടിക്കുറച്ച ഇൻസെന്‍റീവുകളും ദൈനംദിന വരുമാനവും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സൊമാറ്റോ ഡെലിവറി ഏജന്‍റുമാർ നടത്തിയ സമരം പിൻവലിച്ചു. ലേബർ കമ്മിഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സൊമാറ്റോ ഉദ്യോഗസ്ഥരും ഏജന്‍റുമാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സൊമാറ്റോ തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചത്.

ദൈനംദിന വരുമാനം ഗണ്യമായി വെട്ടിക്കുറച്ച് ഇൻസെന്‍റീവ് പേയ്മെന്‍റുകളിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പെടെ മാനേജ്മെന്‍റ് നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരെയും വിശദീകരണമില്ലാതെ ഏത് സമയത്തും തൊഴിലാളികളെ പിരിച്ചുവിടാമെന്ന നിബന്ധന മുന്നോട്ടുവച്ചതിനെതിരെയുമാണ് സമരം നടത്തിയത്. ചൊവ്വാഴ്ചയാണ് സമരം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ മാനേജ്മെന്‍റ് ചർച്ചയ്ക്ക് തയ്യാറാവാതിരുന്നതാണ് നീണ്ട സമരത്തിലേക്ക് നയിച്ചത്.

സമരത്തിൽ പങ്കെടുത്ത ഏജന്‍റുമാരുടെ അക്കൗണ്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ സൊമാറ്റോ സസ്പെൻഡ് ചെയ്തതായും പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ ചിത്രങ്ങൾ എടുക്കാനും വിവരങ്ങൾ ശേഖരിക്കാനും ബൗൺസർമാരെയും വിന്യസിച്ചിരുന്നു. ഇത് പ്രതിഷേധക്കാരെ കൂടുതൽ പ്രകോപിപ്പിച്ചു. പ്രതിഷേധക്കാർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. അതേസമയം, ചില സ്വിഗ്ഗി ഏജന്‍റുമാരും പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് സൊമാറ്റോ മാനേജ്മെന്‍റ് ചർച്ചയ്ക്ക് തയ്യാറായത്.