Wednesday, December 25, 2024
GULFLATEST NEWS

ദുബായ് വിമാനത്താവളത്തിൽ ഇനി വിശാലമായി കിടന്നുറങ്ങാം

ദുബായ്: ദുബായ് വിമാനത്താവളത്തിൽ ഉറങ്ങാനും വിശ്രമിക്കാനും പുതിയ ലോഞ്ച്. വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്ലീപ്പ് ലോഞ്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. 600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ലോഞ്ചിൽ 46 പേർക്ക് കിടന്നുറങ്ങാനാവും. ടെർമിനൽ നമ്പർ മൂന്നിൽ സ്ഥാപിച്ച ലോഞ്ച് പണം നൽകി ഉപയോഗിക്കാം. ഉറങ്ങിപ്പോകുമെന്ന് പേടിക്കണ്ട, വിമാനത്തിന്‍റെ സമയമാകുമ്പോൾ ജീവനക്കാർ വിളിച്ചുണർത്തും.

‘സ്ലീപ് എൻ ഫ്ലൈ’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലൂടെ, വിശ്രമിക്കാൻ മാത്രമല്ല, മീറ്റിംഗുകളിലും ജോലികളിലും പങ്കെടുക്കാനും സാധിക്കും. ഡബിൾ ബെഡ്, ബങ്ക് ബെഡ്, ഫാമിലി ക്യാബിൻ, ഫ്ലെക്സി സ്യൂട്ട് പോഡ് എന്നിവ ഇവിടെയുണ്ട്. ഫ്ലെക്സി സ്യൂട്ട് പോഡ് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് സൗകര്യങ്ങൾക്ക് സമാനമാണ്. കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ഫാമിലി ക്യാബിനിൽ വിശ്രമിക്കാം. രണ്ട് മണിക്കൂർ വിശ്രമത്തിന് 180 ദിർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. കുളിക്കുന്നതിന് 20 ദിർഹം അധികം നൽകണം. ദുബായിൽ നിന്ന് പുറപ്പെടുന്നതിന്റെ ബോർഡിംഗ് പാസും കൈയിൽ ഉണ്ടായിരിക്കണം.