Tuesday, January 21, 2025
LATEST NEWSPOSITIVE STORIES

പോലീസ്‌ സ്റ്റേഷനിൽ കയറി പാട്ടുപാടി വൈറലായി യാദവ്

മണ്ണാർക്കാട്: പോലീസ് സ്റ്റേഷനിൽ പോയി ഒരു പാട്ട് പാടാൻ ധൈര്യമുണ്ടോ. പക്ഷേ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ യാദവ് കൃഷ്ണൻ ‘അതെ എനിക്ക് കഴിയും’ എന്ന് പറഞ്ഞു. ഈ ബാലഗായകൻ ‘എലോലോം എലോലം’ എന്ന നാടൻപാട്ട് ഈണത്തിൽ പാടുകയും ചെയ്തു.

നാട്ടുകൽ പൊലീസ് സ്റ്റേഷനിലെ പൂന്തോട്ടത്തിൽ വളർത്തുന്ന മത്സ്യക്കുഞ്ഞുങ്ങളെ കാണാൻ എത്തുന്ന സ്ഥിരം സന്ദർശകനാണ് യാദവ് കൃഷ്ണൻ. മത്സ്യക്കുഞ്ഞുങ്ങളെ തരാമോ എന്ന് ചോദിച്ചപ്പോൾ പാട്ട് പാടിയാൽ കൊടുക്കാമെന്നായിരുന്നു പൊലീസ് ‘മാമൻ’ പറഞ്ഞത്. യാദവ് ഒന്നും നോക്കിയില്ല. പോലീസ് സ്റ്റേഷനിലെ ഒരു കസേരയിൽ കൊട്ടി പാടാൻ തുടങ്ങി. സിപിഒ റഷീദ് പാട്ട് തന്‍റെ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്. ഇത് പിന്നീട് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ ഷെയർ ചെയ്യുകയും നിരവധി പേർ ലൈക്കുകളും ഷെയറുകളും അഭിനന്ദനങ്ങളുമായി എത്തുകയും ചെയ്തു.

കൂളാകുറിശ്ശി വീട്ടിൽ സിജിലേഷിന്‍റെയും ഷീബയുടെയും മൂത്ത മകനാണ് 12 കാരനായ യാദവ് കൃഷ്ണൻ. ചെർപ്പുളശ്ശേരി ജിയുപിഎസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. തച്ചനാട്ടുകര തത്തച്ചിറയിൽ വീടിന്‍റെ നിർമ്മാണം നടക്കുന്നതിനാൽ ചെർപ്പുളശ്ശേരി നെല്ലായയിലെ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. പെയിന്റിങ്ങ് തൊഴിലാളിയായ യാദവിന്റെ അച്ഛൻ സിജിലേഷ് ചെർപ്പുളശ്ശേരിയാണ് ജോലി ചെയ്യുന്നത്.