ഹാൻ നീമാന് എതിരെ ഇനി കളിക്കില്ല: മാഗ്നസ് കാൾസൺ
ഓസ്ലോ: അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസൺ അമേരിക്കയുടെ ഹാൻ നീമാന് എതിരെ പരസ്യമായി വഞ്ചനാ കുറ്റം ആരോപിച്ചിരുന്നു. സ്വിങ്ക്ഫീൽഡിൽ നീമാനോട് തോറ്റതിനെ തുടർന്ന് കാൾസൺ ടൂർണമെന്റിൽ നിന്ന് പിൻമാറി. ഇതിന് പിന്നാലെയാണ് ചെസ്സ് ലോകത്തെ പിടിച്ചുകുലുക്കിയ കാൾസൺ-നീമാൻ വിവാദം ഉടലെടുത്തത്. നീമാനെതിരേ ഇനി കളിക്കില്ലെന്ന് കാൾസൺ വ്യക്തമാക്കിയിട്ടുണ്ട്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിലാണ് കാൾസൺ നീമാനെതിരേ ആഞ്ഞടിച്ചത്. ഇപ്പോൾ വെളിച്ചത്ത് വന്നതിനേക്കാൾ കൂടുതൽ തവണ നീമാൻ ഗെയിമിൽ കൃത്രിമം കാണിച്ചുവെന്ന് കാൾസൺ കത്തിൽ ആരോപിക്കുന്നു. എന്നിരുന്നാലും, വഞ്ചന എങ്ങനെയാണെന്ന് കാൾസൺ വ്യക്തമാക്കിയില്ല.
“ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നീമാന്റെ അനുവാദമില്ലാതെ കൂടുതല്‍ തുറന്ന് സംസാരിക്കാന്‍ എനിക്കാവില്ല. എന്റെ പ്രവര്‍ത്തിയെ കുറിച്ചാണ് എനിക്ക് സംസാരിക്കാനാവുക. അതുവെച്ച് ഞാന്‍ പറയുന്നു ഇനി നീമാന് എതിരെ ഞാന്‍ കളിക്കില്ല.” കാൾസൺ കത്തില്‍ കുറിച്ചു.
“സിൻക്വിഫീൽഡ് കപ്പിൽ, കളിയിലെ ഒരു നിർണായക ഘട്ടത്തിൽ പോലും നീമാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയോ പിരിമുറുക്കം അനുഭവപ്പെടുകയോ ചെയ്തതായി തോന്നിയില്ല. എന്നിട്ടും അയാൾക്ക് എന്നെ തോൽപ്പിക്കാൻ കഴിഞ്ഞു. എന്നാൽ കുറച്ച് കളിക്കാർക്ക് മാത്രമേ എന്നെ ഇങ്ങനെ തോൽപ്പിക്കാൻ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു. നിരന്തരം വഞ്ചിക്കുന്നവർക്കെതിരെ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” കാൾസൺ പറഞ്ഞു.