Tuesday, January 28, 2025
HEALTHLATEST NEWS

യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചെന്ന് സമ്മതിക്കുന്ന ഡോക്ടര്‍മാരുടെ സംഭാഷണം പുറത്ത്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക മറന്ന് വെച്ച കേസിൽ ആശുപത്രിയുടെ വാദങ്ങൾ പൊളിഞ്ഞു. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നു. ഹർഷീനയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജിലേതാണെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതായും ഇതിൽ പറയുന്നു. യുവതിയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ലെന്നും യുവതി മറ്റ് ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട് എന്നുമായിരുന്നു തുടക്കത്തിൽ ഡോക്ടർമാരുടെ വാദം.

പന്തീരാങ്കാവ് മലയിൽകുളങ്ങര അഷ്റഫിന്‍റെ ഭാര്യ ഹർഷീനയെ 2017 നവംബർ 30നാണ് മെഡിക്കൽ കോളേജിലെ മദർ ആൻഡ് ചൈൽഡ് കെയർ സെന്‍ററിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇതിനുശേഷം ഹർഷീനയ്ക്ക് അവശതയും വേദനയും അനുഭവപ്പെട്ടിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാനിൽ കത്രിക കണ്ടെത്തിയത്.

തുടർന്ന് സെപ്റ്റംബർ 14ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. കത്രിക 17-ന് പുറത്തെടുത്തു. 12 സെന്‍റീമീറ്റർ നീളവും 6 സെന്‍റീമീറ്റർ വീതിയുമുള്ള കത്രികകൾ (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് ട്യൂമർ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.