599 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് നഷ്ടമായത് 1.36 ലക്ഷം രൂപ
ബംഗളൂരു: യൂട്യൂബ് ചാനലിലെ പരസ്യത്തിൽ കണ്ട വസ്ത്രം വാങ്ങി ഇഷ്ടമാകാതെ തിരികെ നൽകാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 1.36 ലക്ഷം രൂപ. 599 രൂപ വിലവരുന്ന വസ്ത്രമാണ് മമത കുമാർ വാങ്ങിയത്. ഇവരിൽ നിന്നുമാണ് സൈബർ തട്ടിപ്പ് സംഘം 1.36 ലക്ഷം കൊള്ളയടിച്ചത്.
ബെംഗളൂരു നഗരത്തിലെ നാഗരഭവി സ്വദേശിയാണ് മംമ്ത കുമാർ. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർ സിഇഎൻ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്‍റെ യൂട്യൂബ് ചാനലിലെ പരസ്യത്തിൽ കണ്ട വസ്ത്രം മമതയ്ക്ക് ഇഷ്ടപ്പെടുകയും 599 രൂപയ്ക്ക് അത് വാങ്ങുകയും ചെയ്തു. ക്യാഷ്-ഓൺ-ഡെലിവറി സംവിധാനത്തിലൂടെ അവർ വസ്ത്രങ്ങൾ വാങ്ങാറുണ്ടായിരുന്നു.
എന്നിരുന്നാലും, വസ്ത്രത്തിന് പരസ്യത്തിൽ പറയുന്ന ഗുണനിലവാരം ഇല്ലാത്തതിനാൽ ഇത് തിരികെ നൽകാൻ അവർ തീരുമാനിച്ചു. അത് എങ്ങനെ തിരികെ നൽകാമെന്ന് അറിയാൻ ഗൂഗിൾ തിരഞ്ഞപ്പോഴാണ് തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽ വീണത്. ഇതേതുടർന്ന് അജ്ഞാതനായ ഒരാൾ മമതയെ വിളിച്ച് കമ്പനിയുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞു. വിളിച്ചയാൾ ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു. തൊട്ടുപിന്നാലെ മമതയുടെ അക്കൗണ്ടിൽ നിന്ന് 1,36,082 രൂപ അജ്ഞാതന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയതായി സന്ദേശം ലഭിച്ചു. പരാതിയിൽ സൈബർ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.