വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം
ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ് സ്ലാമായ വിംബിൾഡണിൻറെ 135-ാമത് പതിപ്പിന് ഇന്ന് തുടക്കമാകും. പ്രൊഫഷണൽ ടെന്നീസിലെ മുന്നിര താരങ്ങൾ ഗ്രാൻഡ് സ്ലാമിനായി ഇതിനകം ലണ്ടനിൽ എത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ആദ്യദിനം ദക്ഷിണ കൊറിയയുടെ ക്വാൺ സൂൺ-വൂവിനെ നേരിടും, രണ്ട് തവണ ചാമ്പ്യനായ ആൻഡി മുറെ ജെയിംസ് ഡക്ക്വർത്തിനെ നേരിടും.
ലോക്കൽ ഫേവറിറ്റായ എമ്മ റഡുകാനുവും ഇന്ന് സെന്റർ കോർട്ടിൽ മത്സരിക്കും. ബെൽജിയത്തിന്റെ അലിസൺ വാൻ ഉയ്‌റ്റ്‌വാങ്കിനെ എമ്മ നേരിടും. വിംബിൾഡൺ 2022-ന്റെ ഒന്നാം ദിനം ആദ്യ റൗണ്ട് മത്സരങ്ങൾ കളിക്കുന്ന മറ്റ് ടോപ്പ്-10 സീഡുകളിൽ കാർലോസ് അൽകാരാസ്, കാസ്‌പർ റൂഡ്, ഹ്യൂബർട്ട് ഹർകാസ്, ഓൻസ് ജബേർ, അനെറ്റ് കോന്റവീറ്റ് എന്നിവരുമുണ്ട്. അതേസമയം റോജർ ഫെഡറർ, അലക്സിസ് സ്വരേവ്, നവോമി ഒസാക്ക തുടങ്ങിയവർ ഇത്തവണ പരുക്കുമൂലം കളിക്കുന്നില്ല.
കൊവിഡിൻറെ വെല്ലുവിളികൾക്കിടയിലും നടക്കുന്ന ടൂർണമെൻറ് ഇത്തവണ രാഷ്ട്രീയ നിലപാടുകൾ കാരണം വിവാദമാകുകയാണ്. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ, ബെലാറസ് കളിക്കാരെ ടൂർണമെൻറിൽ നിന്ന് അധികൃതർ വിലക്കിയിരുന്നു. പുരുഷ വിഭാഗത്തിൽ ഒന്നാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വദേവിൻ കളിക്കാൻ സാധിക്കില്ല. മെദ്വദേവിനെ കൂടാതെ വിക്ടോറിയ അസരെങ്ക, ആര്യന സബാലറ്റ, ആന്ദ്രേ റുബ്ലേവ് എന്നിവർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ടൂർണമെൻറിൽ നിന്നുള്ള റാങ്കിംഗ് പോയിൻറുകൾ വെട്ടിക്കുറച്ചു.