Saturday, December 21, 2024
LATEST NEWSPOSITIVE STORIES

ഓണവെയിലിൽ ഒത്തുകൂടും, ഉണ്ണിമായയ്ക്ക് സ്നേഹത്തണൽ ഒരുക്കിയവർ

മട്ടാഞ്ചേരി: അപകടസമയത്ത് പിന്തുണച്ച പൂർവവിദ്യാർഥി അസോസിയേഷനുമായുള്ള ഓണാഘോഷം ഇത്തവണ ഉണ്ണിമായയ്ക്ക് വിവാഹസമ്മാനം കൂടിയാണ്. രാവിലെ 10ന് കുണ്ടന്നൂർ ബി.ടി.എച്ച് സരോവരത്തിൽ കൊച്ചിൻ കോളേജ് അലൂംനെ അസോസിയേഷൻ പ്രവർത്തകർ ഉണ്ണിമായയ്ക്കൊപ്പം ഉച്ചഭക്ഷണത്തിന് ഒത്തുകൂടും. അവർ ഉണ്ണിമായയ്ക്ക് ഓണക്കോടി നൽകും. പിറന്നാൾ കേക്ക് മുറിക്കും. എഴുപുന്ന ചിറയിൽപറമ്പിൽ പരേതനായ സി.ആർ.ബാബുവിന്‍റെയും രശ്മിയുടെയും മകളാണ് ഉണ്ണിമായ.

2016ൽ കൊച്ചിൻ കോളേജിൽ അവസാന വർഷ b.com പഠിക്കുമ്പോഴാണ് അമ്മ രശ്മിക്കും ഉണ്ണിമായയ്ക്കും എഴുപുന്ന റെയിൽവേ സ്റ്റേഷന് സമീപം പാമ്പ് കടിയേറ്റത്. അമ്മ രശ്മി അതേ ദിവസം തന്നെ മരിച്ചു. സഹോദരൻ വിഷ്ണു അന്ന് ഐ.ടി.ഐ വിദ്യാർത്ഥിയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉണ്ണിമായയുടെ ചികിത്സയ്ക്കും തുടർ പഠനത്തിനും പിന്തുണ നൽകിയത് പൂർവവിദ്യാർത്ഥി സംഘടനയാണ്.

ഉണ്ണിമായയുടെ വിവാഹം വരെ സംരക്ഷണം അസോസിയേഷൻ ഉറപ്പുനൽകി. അത് പാലിക്കാനായ ചാരിതാർഥ്യത്തോടെയാണ് ഇത്തവണ ഓണത്തിന് ഒത്തുചേരുന്നതെന്ന് മു‍ൻ ജനറൽ സെക്രട്ടറി ടി.പി.സലിംകുമാർ പറയുന്നു. M.Com പാസായ ഉണ്ണിമായ ഇപ്പോൾ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയാണ്. ഓണത്തിനും വിഷുവിനും അസോസിയേഷൻ പ്രവർത്തകർ ഓണക്കോടിയും വിഷുക്കൈനീട്ടവും മുടങ്ങാതെ നൽകാറുണ്ടായിരുന്നു.