Sunday, May 5, 2024
LATEST NEWSTECHNOLOGY

ആകാശത്ത് പ്രത്യക്ഷപ്പെട്ടത് കറങ്ങുന്ന വിചിത്ര മേഘം; കാരണം തേടി ആളുകൾ

Spread the love

ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘത്തിന്റെ ദൃശ്യം കൗതുകമാകുന്നു. ഹാവായിയിലെ മൗനാകിയ മേഖലയിലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതുപൊലൊരു വിചിത്ര മേഘം രൂപപ്പെട്ടിരുന്നു. വെളുത്ത നിറത്തില്‍ തളിക പോലെ കാണപ്പെട്ട ഈ മേഘം വൈകാതെ തന്നെ ചിലര്‍ക്കെങ്കിലും പറക്കും തളികയാണ് ആകാശത്തുള്ളതെന്ന് അഭ്യൂഹം പരത്താന്‍ ഒരു കാരണമായി. എന്നാൽ പറക്കും തളിക പോലുള്ള പ്രതിഭാസമൊന്നും ഈ മേഘത്തിന് പിന്നിലില്ലെന്നും സ്വാഭാവിക രൂപം മാത്രമാണ് ഈ മേഘത്തിന്‍റേതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Thank you for reading this post, don't forget to subscribe!

ലന്‍റിക്യുലാര്‍ വിഭാഗത്തില്‍ പെടുന്ന മേഘമാണ് വിചിത്ര രൂപത്തില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ലന്‍റിക്കുലാര്‍ എന്നാല്‍ ലെന്‍സിന്‍റെ രൂപത്തിലുള്ള വസ്തു എന്നര്‍ത്ഥം. നേരിയ കുഴി പോലുള്ള രൂപത്തില്‍ വട്ടത്തിലാണ് ലെന്‍റിക്യുലാര്‍ വസ്തുക്കള്‍ കാണപ്പെടുക. ഇതേ രൂപമാണ് ലെന്‍റിക്യുലാര്‍ മേഘത്തിനുമുള്ളത്. മലനിരകളുള്ള മേഖലകളില്‍ ശക്തമായ കാറ്റുള്ള സമയത്താണ് ഏറെ ഉയരത്തില്‍ സമാന രൂപത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടാറുള്ളത്.

ഈര്‍പ്പമുള്ള കാറ്റ് മലനിരകളുടെ മുകളിലേക്കെത്തുമ്പോഴാണ് ഇത്തരത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടുന്നത്. ഉയരം കൂടും തോറും കാറ്റിന് കൂടുതല്‍ തണുപ്പേറുകയും മർദം കുറയുകയും ചെയ്യും. കുറഞ്ഞ മര്‍ദവും തണുപ്പും ചേര്‍ന്നാണ് മേഘങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യം രൂപപ്പെടുന്നത്. ഉയര്‍ന്ന മേഖലയിലുള്ള കാറ്റും മലനിരകളില്‍ നിന്നുള്ള തണുത്ത മര്‍ദം കുറഞ്ഞ കാറ്റും ചേര്‍ന്നാണ് മേഘങ്ങളുണ്ടാകുന്നത്. ഈ മലനിരകളില്‍ നിന്ന് കുത്തനെ ഉയര്‍ന്ന് മുകളിലേക്കെത്തുന്ന കാറ്റാണ് മേഘത്തിന് ലെന്‍സിന്റെ രൂപം നല്‍കുന്നത്. ഇത്തരം മേഘങ്ങളുടെ സ്വഭാവത്തിന് മറ്റ് മേഘങ്ങളുടേതില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നുമില്ല. സാധാരണ ഇത്തരം മേഘങ്ങള്‍ രൂപപ്പെട്ടാലും മറ്റ് മേഘങ്ങളുടെ സാന്നിധ്യം കൊണ്ട് ഇവയുടെ വ്യത്യസ്ത രൂപം ശ്രദ്ധിക്കപ്പെടാറില്ല.